സിംഗപ്പൂര്‍: അന്താരാഷ്ട്ര ഒളിമ്പിക് പ്രസ്ഥാനത്തിലെ പുതിയ അധ്യായമെന്ന പ്രഖ്യാപനത്തോടെ, ആദ്യ യൂത്ത് ഒളിമ്പിക്‌സിന് സിംഗപ്പൂരില്‍ തുടക്കമായി. മറീന ബേയിലെ ഒഴുകുംവേദിയില്‍, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഷാക്ക് റോഗ്ഗെ ഗെയിംസ് തുടങ്ങിയതായി പ്രഖ്യാപിച്ചു. ഏഴായിരത്തോളം നര്‍ത്തകരും ഗായകരുമണിനിരന്ന വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങും കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗവും ഉദ്ഘാടനച്ചടങ്ങിന് മിഴിവേകി. ഇന്ത്യയുടെ ത്രിവര്‍ണ പതാകയേന്തിയത് ലോകജൂനിയര്‍ രണ്ടാം നമ്പര്‍ ടെന്നീസ് താരമായ യൂക്കി ഭാംബ്രിയാണ്. 12 ദിവസം നീളുന്ന മേളയില്‍ 3600-ഓളം താരങ്ങള്‍ പങ്കെടുത്ത മാര്‍ച്ച് പാസ്റ്റും ഉദ്ഘാടനച്ചടങ്ങിനെ പ്രൗഢഗംഭീരമാക്കി.
''ഇതൊരു പുതിയ അധ്യായമാണ്. ഇനിമുതല്‍, ലോകമെമ്പാടുമുള്ള യുവാക്കള്‍ക്ക് കളിയും പഠനവും സംസ്‌കാരവും സമ്മേളിക്കുന്ന ഒളിമ്പിക്‌സിന്റെ മഹത്ത്വമറിയാന്‍ അവസരം ലഭിക്കും''- മറീന ബേയില്‍ തിങ്ങിനിറഞ്ഞ കാണികളോട് റോഗ്ഗെ പറഞ്ഞു. ഒളിമ്പിക്‌സില്‍ എങ്ങനെ മത്സരിക്കണമെന്നും അതിന്റെ വിലയെന്തെന്ന് അറിയാനും യുവാക്കളെ പ്രാപ്തരാക്കുന്ന ഗെയിംസ് റോഗ്ഗെയുടെ മനസ്സിലുദിച്ച ആശയമാണ്.
''വിജയിക്കണമെങ്കില്‍, നിങ്ങള്‍ക്ക് ആദ്യം ഫിനിഷിങ്‌ലൈന്‍ കടന്നാല്‍ മതി. പക്ഷേ, ഒരു ചാമ്പ്യനാകണമെങ്കില്‍, നിങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകണം. ഒപ്പം നിങ്ങളെത്തന്നെ ഉത്തേജിപ്പിക്കാന്‍ നിങ്ങള്‍ പ്രാപ്തരാകണം''- താരങ്ങളോട് ഐ.ഒ.സി. പ്രസിഡന്റ് പറഞ്ഞു. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയെന്‍ ലൂങ്, യൂത്ത് ഒളിമ്പിക്‌സ് അംബാസഡറും പോള്‍വോള്‍ട്ടിലെ ലോകറെക്കോഡുകാരിയുമായ യെലേന ഇസിന്‍ ബയേവ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
26 ഇനങ്ങളിലായി നടക്കുന്ന യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യയുള്‍പ്പെടെ 205 രാജ്യങ്ങളില്‍നിന്നുള്ള കായിക താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ആഗസ്ത് 26-ന് മേള സമാപിക്കും.
No comments:
Post a Comment