"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Tuesday, 3 August 2010

ഫയര്‍ഫോക്‌സ് ഇനി മലയാളത്തിലും




കോഴിക്കോട്: ലോകത്തെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച സ്വതന്ത്ര വെബ്ബ് ബ്രൗസറായ മോസില്ല ഫയര്‍ഫോക്‌സ് മലയാളത്തിലും ലഭ്യമാകുന്നു. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് കൂട്ടായ്മയുടെ ഭാഗമായ 'ഫയര്‍ഫോക്‌സ് മലയാളം സംഘ'മാണ് ഈ നേട്ടത്തിന് പിന്നില്‍. മലയാളം കമ്പ്യൂട്ടിങിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട നാഴികക്കാല്ലുകളില്‍ ഒന്നായി ഇത് വിലയിരുത്തപ്പെടുന്നു.


ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതലാളുകളുപയോഗിക്കുന്ന വെബ്ബ്ബ്രൗസറാണ് ഫയര്‍ഫോക്‌സ്. ലോകത്ത് 30 ശതമാനം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഫയര്‍ഫോക്‌സ് ഉപയോഗിക്കുന്നു. ആ നിലയ്ക്ക് ഫയര്‍ഫോക്‌സ് മലയാളത്തില്‍ ലഭ്യമാകുന്നത്, മലയാളം കമ്പ്യൂട്ടിങ് രംഗത്തിന് വലിയ അനുഗ്രഹമാകും.


മോസില്ല ഫയര്‍ഫോക്‌സിന്റെ ഏറ്റവും പുതിയ 3.6.8 പതിപ്പ് പുറത്തിറങ്ങിയത് കഴിഞ്ഞ ജൂലായ് 23 നാണ്. ഫയര്‍ഫോക്‌സ് 3.1 പതിപ്പ് മുതല്‍ പരീക്ഷണാടിസ്ഥാനത്തിലായിരുന്ന മലയാളം ഫയര്‍ഫോക്‌സിന്, 3.6.8 പതിപ്പോടെ ഔദ്യോഗിക പിന്തുണ ലഭിച്ചതായി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് (എസ്.എം.സി) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


'എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ' എന്ന മുദ്രാവാക്യത്തോടെ 2001 ല്‍ സ്ഥാപിതമായ സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് എസ്.എം.സി. സ്വതന്ത്ര സോഫ്ട്‌വേറുകള്‍ അടിസ്ഥാനമാക്കി മലയാളം കമ്പ്യൂട്ടിങ് ജനങ്ങളിലെത്തിക്കാനാണ് ഈ കൂട്ടായ്മ ശ്രമിക്കുന്നത്. ഫയര്‍ഫോക്‌സ് മലയാളം സംഘത്തിലെ അനി പീറ്റര്‍, അനൂപന്‍, ഹരി വിഷ്ണു, ആഷിക് സലാഹുദ്ദീന്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പാണ് ഫയര്‍ഫോക്‌സ് മലയാളത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

No comments:

Post a Comment