"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Thursday, 12 August 2010

വികാരനിര്‍ഭരമായ ചടങ്ങില്‍ താജ്മഹല്‍ ഹോട്ടല്‍ തുറന്നു


മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ ഭീകരര്‍ തകര്‍ത്ത താജ്മഹല്‍ ഹോട്ടലിലെ ഹെറിറ്റേജ് വിഭാഗം വ്യാഴാഴ്ച തുറന്നു. മാനേജ്‌മെന്‍റും ജീവനക്കാരും ഒത്തുകൂടിയ വികാരനിര്‍ഭരമായ ചടങ്ങില്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ, വൈസ് ചെയര്‍മാന്‍ ആര്‍.കെ. കൃഷ്ണകുമാര്‍, മാനേജിങ് ഡയറക്ടര്‍ റെയ്മണ്ട് ബിക്‌സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹോട്ടലിലെ ടവര്‍ വിഭാഗം ഭീകരാക്രമണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഹെറിറ്റേജ് വിഭാഗത്തിലെ ബോള്‍ റൂം, ഗോള്‍ഡണ്‍ ഡ്രാഗണ്‍, ഹാര്‍ബര്‍ ബാര്‍, വസാബി റസ്റ്റോറന്‍റ് തുടങ്ങിയവയും തുറക്കുകയുണ്ടായി. താമസക്കാര്‍ക്കുള്ള മുറികളാണ് വ്യാഴാഴ്ച ഔദ്യോഗികമായി തുറന്നത്. എന്നാല്‍, ഇതില്‍ അതിഥികള്‍ക്ക് പ്രവേശനം ഞായറാഴ്ച മുതലേ ആരംഭിക്കുകയുള്ളൂ.

''ശക്തമായ ഒരു സന്ദേശമാണ് നമ്മള്‍ ഇതിലൂടെ നല്‍കുന്നത്. നമ്മെ വേദനിപ്പിക്കാം, പക്ഷേ, എന്നന്നേക്കുമായി വീഴ്ത്താന്‍ കഴിയില്ല'' -രത്തന്‍ ടാറ്റയുടെ വാക്കുകള്‍ ഹെറിറ്റേജ് വിഭാഗത്തിന്റെ അകത്തളത്തില്‍ മുഴങ്ങിയപ്പോള്‍ ചുറ്റുമുള്ള കോണിപ്പടികളില്‍ തിങ്ങിനിറഞ്ഞു നിന്ന ജീവനക്കാര്‍ പുഷ്പവൃഷ്ടി നടത്തി ചടങ്ങിനെ വികാര നിര്‍ഭരമാക്കി.

വെടിയുണ്ടകള്‍കൊണ്ടും ഗ്രനേഡുകള്‍കൊണ്ടും തകര്‍ത്ത ഹെറിറ്റേജ് കെട്ടിടത്തിലെ മുറികള്‍ പഴയ പ്രൗഢി വീണ്ടെടുത്ത് തിളങ്ങിനിന്നു.

മറാത്ത, കോറല്‍, ഡച്ച്, ഡോള്‍ഫിന്‍ തുടങ്ങി പുതിയ സ്യൂട്ടുകള്‍ അതിഥികളെ വരവേല്‍ക്കാന്‍ ഒരുങ്ങിനില്‍ക്കുകയാണ്. ക്ലബ് റൂമുകള്‍, ലക്ഷ്വറി ഗ്രാന്‍റ് റൂമുകള്‍, പാലസ് ലോഞ്ച്, ആര്‍ട്ട് വാക്ക്... എല്ലാം അത്യാഢംബരത്തോടുകൂടിത്തന്നെ അലങ്കരിച്ചിരിക്കുന്നു.

175 കോടി രൂപയാണ് ഈ പുതുക്കിപ്പണിയലിന് ചെലവായത്. ഇതിനുവേണ്ടി ഇന്‍ഷുറന്‍സ് കമ്പനികള്‍ 180 കോടി നല്കിക്കഴിഞ്ഞു.

നൂറുകണക്കിന് ആളുകള്‍ 21 മാസം രാപകലില്ലാതെ ജോലിചെയ്തതിന്റെ ഫലമാണ് ഈ കാണുന്നതെന്ന് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ റെയ്മണ്ട് ബിക്‌സണ്‍ പറഞ്ഞു. 59 മണിക്കൂര്‍കൊണ്ട് ഭീകരര്‍ നശിപ്പിച്ച പ്രൗഢിയെ അതിലും ഭംഗിയോടെ തിരിച്ചുകൊണ്ടുവരാന്‍ ഇന്ത്യയിലെയും വിദേശത്തെയും ഡിസൈനര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്തിയിരുന്നു. ഭീകരര്‍ താണ്ഡവമാടിയ ആറാം നില 5000 ചതുരശ്ര അടിയില്‍ മനോഹരമായ 'രവിശങ്കര്‍ ഡ്യൂപ്ലക്‌സ് സ്യൂട്ട്' ആയി രൂപാന്തരപ്പെട്ടു.

No comments:

Post a Comment