
ബാംഗ്ലൂര്‍: ചാന്ദ്രപര്യവേക്ഷണം വിജയമായതിനു പിന്നാലെ ഇന്ത്യ സൂര്യനെ നിരീക്ഷിക്കാനും പഠിക്കാനുമൊരുങ്ങുന്നു. ബഹിരാകാശത്തുനിന്ന് സൂര്യനെ വിശദമായി നോക്കിക്കാണുവാന്‍ സൂര്യപര്യവേക്ഷണ ഉപഗ്രഹമായ 'ആദിത്യ' ഐ.എസ്.ആര്‍.ഒ. വിക്ഷേപിക്കും.
സൂര്യന്റെ ഉപരിതലത്തിലുള്ള കൊറോണയുടെ വിശദാംശങ്ങള്‍ പഠിക്കുവാനായാണ് 'ആദിത്യ' വിക്ഷേപിക്കുന്നത്. പരമാവധി 100 കിലോഗ്രാം മാത്രം വരുന്ന ഈ ഉപഗ്രഹം ഭൂമിയില്‍നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് വിക്ഷേപിക്കുക. അവിടെ നിന്നുകൊണ്ട് സൂര്യനെ സസൂക്ഷ്മം നിരീക്ഷിച്ച് ഈ കൊച്ചുപഗ്രഹം ഭൂമിയിലേക്ക് വിവരങ്ങള്‍ കൈമാറും.
കൊറോണയിലെ ഉയര്‍ന്ന താപം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളും അതുമൂലം ഭൂമിയിലെ കാന്തികപ്രഭാവത്തിനുണ്ടാകുന്ന മാറ്റങ്ങളും പഠിക്കുകയാണ് 'ആദിത്യ' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐ.എസ്.ആര്‍.ഒ.യുടെ സ്‌പേസ് സയന്‍സസ് ഓഫീസ് പ്രോഗ്രാം ഡയറക്ടര്‍ ഡോ.ഇ. ശ്രീധരന്‍ വിശദീകരിക്കുന്നു. സൂര്യനെ നിരീക്ഷിക്കാനുള്ള 'സോളാര്‍ കൊറോണോഗ്രാഫ്' എന്ന ഉപകരണമായിരിക്കും ഈ ഉപഗ്രഹത്തിലെ പ്രധാന പേ ലോഡ്; കൂടാതെ വിവരങ്ങള്‍ ഭൂമിയിലേക്ക് കൈമാറുവാനുള്ള സംവിധാനങ്ങളും.
No comments:
Post a Comment