"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Tuesday 31 August 2010

വിദ്യാഭ്യാസ വായ്പ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ഉപരിപഠനത്തിന് ഉയര്‍ന്ന ഫീസും മറ്റു പഠനചെലവുകളും താങ്ങാനാവില്ല എന്നു വിചാരിച്ച് മകനെ/മകളെ മികച്ച കോഴ്‌സിന് വിടാതിരിക്കേണ്ട. ഇത്തരം ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമേകുന്നതാണ് വിദ്യാഭ്യാസ വായ്പ. പക്ഷെ, ഇത്തരം വായ്പകള്‍ എടുക്കും മുമ്പ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അവയെപ്പറ്റി വിശദീകരിക്കുകയാണ് ഇവിടെ.

എന്തിനൊക്കെ വായ്പ ലഭിക്കും?

സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ നിന്നുള്ള ബിരുദ, ബിരുദാനന്തര പഠനത്തിനും തൊഴിലധിഷ്ഠിത പഠനത്തിനും വിദ്യാഭ്യാസ വായ്പ ലഭ്യമാണ്. ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്, പുസ്തകം വാങ്ങാനുള്ള ചെലവ്, ലൈബ്രറി ചെലവ്, കമ്പ്യൂട്ടര്‍ വാങ്ങാനുള്ള ചെലവ് എന്നിവയെല്ലാം വായ്പയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിദേശ പഠനമാണെങ്കില്‍ യാത്രാചെലവുകളും വായ്പയുടെ പരിധിയില്‍ വരും.

എന്നാല്‍, വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് പഠന പദ്ധതിക്കായി എത്ര തുക ചെലവ് വരും എന്ന് കണക്കാകുകയാണ് പ്രധാനം.

എത്ര തുക ലഭിക്കും?

രാജ്യത്തിനകത്തുള്ള വിദ്യാഭ്യാസത്തിന് 10 ലക്ഷം മുതല്‍ 15 ലക്ഷം രൂപവരെ ലഭിക്കും. വിദേശ സര്‍വകലാശാലകളിലാണ് പഠനമെങ്കില്‍ 20 ലക്ഷം രൂപ വരെ ലഭിക്കും. കോഴ്‌സിന്റെയും വാര്‍ഷിക കുടുംബ വരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ബാങ്കുകള്‍ വായ്പ അനുവദിക്കുന്നത്.

16 മുതല്‍ 35 വയസുവരെയാണ് വായ്പാ ലഭ്യതക്കുള്ള പ്രായപരിധി.

തിരിച്ചടവ്

വായ്പ തിരിച്ചടയ്ക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സമയം ലഭിക്കുമെന്നതാണ് വിദ്യാഭ്യാസ വായ്പയുടെ ഏറ്റവും വലിയ സവിശേഷത.
കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഇഎംഐ ആരംഭിക്കേണ്ടതുള്ളൂ.
കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷം 5 തൊട്ട് 7 വര്‍ഷത്തിനുള്ളില്‍ വായ്പ അടച്ചു തീര്‍ത്താല്‍ മതി. പഠനം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായ സാഹചര്യമുണ്ടായാല്‍ (തോല്‍ക്കുകയോ പരീക്ഷ എഴുതാന്‍ കഴിയാതിരിക്കുകയോ ചെയ്താല്‍) വായ്പ തിരിച്ചടയ്ക്കുന്നതിന് 2 വര്‍ഷം വരെ അധികം ലഭിക്കും.

പലിശ

സാധാരണ ഗതിയില്‍ 8 മുതല്‍ 15 ശതമാനം വരെ പലിശയാണ് വിദ്യാഭ്യാസ വായ്പകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്നത്. 0.5 മുതല്‍ 2.5 ശതമാനം വരെ പ്രോസസിങ് ഫീസും നല്‍കേണ്ടി വരും. വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിനായി ആള്‍ ജാമ്യവും ആവശ്യമാണ്. അല്ലെങ്കില്‍ രക്ഷിതാക്കളുമായി ചേര്‍ന്ന് വായ്പ തേടാവുന്നതാണ്. നാല് ലക്ഷം രൂപയില്‍ താഴെയാണ് വായ്പാ തുകയെങ്കില്‍ ഈടിന്റെയോ ജാമ്യത്തിന്റെയോ ആവശ്യമില്ല.

വിദ്യാര്‍ഥിനികള്‍ക്ക് ഇളവ്

വിദ്യാര്‍ഥിനികള്‍ക്ക് മിക്ക ബാങ്കുകളും കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നുണ്ട്.

എന്തൊക്കെ രേഖകള്‍ വേണം?

വായ്പ ലഭിക്കുന്നതിനായി വിദ്യാര്‍ഥിയുടെ പേരും അഡ്രസ്സും വയസ്സും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും കുടുംബ വരുമാന സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്. അഡ്മിഷന്‍ ലെറ്റര്‍, ഫീസ് ഘടനയുടെ കോപ്പി എന്നിവയും നല്‍കണം. വിദേശത്തു പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ വിസയുടെ പകര്‍പ്പും മറ്റ് രേഖകളും വായ്പയെടുക്കുന്ന ബാങ്കില്‍ സമര്‍പ്പിക്കണം.

No comments:

Post a Comment