"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Saturday, 21 August 2010

ഇറാന്റെ ആദ്യ ആണവനിലയം പ്രവര്‍ത്തനം തുടങ്ങി



ടെഹ്‌റാന്‍: മൂന്ന് ദശകം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇറാന്റെ ആദ്യത്തെ ആണവ നിലയത്തില്‍ ഇന്ധനം നിറയ്ക്കുന്ന പ്രവര്‍ത്തനം തുടങ്ങി. ഇന്ധനം നിറയ്ക്കാന്‍ തുടങ്ങിയാല്‍ നിലയം പ്രവര്‍ത്തനം തുടങ്ങിയെന്നാണര്‍ഥം. ഇറാന്‍ അണുബോംബ് നിര്‍മാണത്തിനുവേണ്ടി ശ്രമിക്കുകയാണെന്ന അന്താരാഷ്ട്ര ആശങ്കകള്‍ക്കും ഒട്ടേറെ യു.എന്‍. ഉപരോധങ്ങള്‍ക്കുമിടയിലാണ് റഷ്യന്‍ സഹകരണത്തോടെ നിലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.

ഇറാന്‍ ആണവോര്‍ജ ഏജന്‍സി തലവന്‍ അലി അക്ബര്‍ സലേഷിയും റഷ്യന്‍ ആണവോര്‍ജ തലവന്‍ സെര്‍ജികിരിയങ്കോവും നിലയത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നത് ഔദ്യോഗിക ടെലിവിഷന്‍ തത്‌സമയം സംപ്രേഷണം ചെയ്തു. പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം തുടങ്ങിക്കഴിഞ്ഞതായി റഷ്യന്‍ വക്താവ് അറിയിച്ചു.

ബുഷുര്‍ നിലയത്തിനുവേണ്ടി ഇന്ധനം സംസ്‌കരിച്ചു നല്‍കുന്നത് റഷ്യയാണ്. ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിനു മുമ്പ് ഷാ ഭരണകൂടം ആരംഭിച്ചതാണ് ആണവനിലയത്തിന്റെ പണി. ജര്‍മന്‍ കമ്പനിയായ സീമെന്‍സ് ഫ്രഞ്ച് ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് പണി തുടങ്ങിയത്. എന്നാല്‍ ഷാ ഭരണകൂടം നിലംപതിച്ചതോടെ പ്രവര്‍ത്തനം നിലച്ചു. എണ്‍പതുകളുടെ ഒടുവില്‍ നടന്ന ഇറാന്‍ - ഇറാഖ് യുദ്ധത്തില്‍ നിലയം പാടേ തകര്‍ന്നു. ഉപകരണങ്ങള്‍ കൊള്ളയടിക്കപ്പെട്ടു.

റഷ്യന്‍ സഹായത്തോടെ നിര്‍മാണം പുനഃരാരംഭിച്ചെങ്കിലും വീണ്ടും പണി തടസ്സപ്പെട്ടു. ഇറാന്റെ ഭാഗത്തുനിന്നും പണം ലഭിക്കുന്നതിലുണ്ടായ തടസ്സങ്ങളാണ് ഇതിനുകാരണം. നിലയത്തിലെ ഒരു റിയാക്ടറാണ് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായിരിക്കുന്നത്. വൈദ്യുതോദ്പാദനം തുടങ്ങാന്‍ രണ്ടോ മൂന്നോ മാസമെടുത്തേക്കുമെന്ന് ഇറാന്‍ അധികൃതര്‍ അറിയിച്ചു.

1,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് 100 കോടി ഡോളര്‍ ചെലവില്‍ നിര്‍മിച്ച നിലയത്തിനുള്ളത്. 2020 ഓടെ 20,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തക്കവിധം രാജ്യത്ത് ആണവനിലയങ്ങളുടെ ശൃംഖല സ്ഥാപിക്കുകയാണ് ഇറാന്റെ ലക്ഷ്യം. പ്രകൃതിവാതകത്തിന്റെയും പെട്രോളിന്റെയും ആഭ്യന്തര ഉപഭോഗം കുറച്ച് കയറ്റുമതി വര്‍ധിപ്പിക്കാനാണ് പദ്ധതി. തെക്കു പടിഞ്ഞാറന്‍ തീരദേശത്തെ ബുഷുര്‍ നഗരവുമായി ബന്ധപ്പെട്ടാണ് ആണവനിലയം.

ബുഷുറില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള ഹാലിലേയിലാണ് യഥാര്‍ഥത്തില്‍ നിലയം സ്ഥിതി ചെയ്യുന്നത്. ഇറാന്റെ ആണവോര്‍ജ കേന്ദ്രവും ഇവിടെത്തന്നെയാണ്. ആണവായുധ നിര്‍മാണം തങ്ങളുടെ ലക്ഷ്യമല്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അമേരിക്കയടക്കമുള്ള പാശ്ചാത്യശക്തികള്‍ അത് മുഖവിലയ്‌ക്കെടുക്കുന്നില്ല.

സമ്പുഷ്ടീകരിച്ച യുറേനിയം വിതരണം ചെയ്യുന്ന റഷ്യ, ഉപയോഗിച്ച ഇന്ധനം റിയാക്ടറില്‍ നിന്ന് തിരിച്ചെടുക്കുന്നതിനാല്‍ അണുബോംബ് നിര്‍മിക്കാന്‍ ഇറാന് എളുപ്പമല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്താന്‍ ഇറാനുമേല്‍ കനത്ത സമ്മര്‍ദം നിലനില്‍ക്കുന്നുണ്ട്. ആണവ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ പരമാധികാര രാഷ്ട്രമായ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് ഇറാന്റെ നിലപാട്.

No comments:

Post a Comment