"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Thursday 30 June 2011

20,000 കോടിയുടെ നിധിശേഖരം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ വിസ്മയമായി


കണ്ടെത്തിയതില്‍ ഒരു മാലയ്ക്ക് പത്തര കിലോ ഭാരം, 18 അടി നീളം
നിധി സൂക്ഷിച്ചിരുന്നത് കരിങ്കല്‍ച്ചുമരിലെ രഹസ്യ അറയില്‍
കുലശേഖരപ്പെരുമാള്‍കിരീടവും ലഭിച്ചു
പരിശോധിക്കാന്‍ ഇനിയും അറ ബാക്കി

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ നിന്ന് പുറത്തുവന്നത് പൊന്‍കിരീടവും മാലകളും രത്‌നങ്ങളും ഉള്‍പ്പെടെ ഏകദേശം ഇരുപതിനായിരം കോടി വില മതിക്കുന്ന നിധിശേഖരം. മുത്തശ്ശിക്കഥകളെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളാണ് ക്ഷേത്രത്തിലെ രഹസ്യഅറകളിലൊന്ന് വ്യാഴാഴ്ച തുറന്നപ്പോള്‍ ഉണ്ടായത്. പതിറ്റാണ്ടുകളായി തുറന്നിട്ടില്ലെന്നു കരുതുന്ന നിലവറയാണിത്. സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ജൂണ്‍ 27 ന് നിലവറകള്‍ തുറന്നുപരിശോധിച്ച് കണക്കെടുക്കാന്‍ തുടങ്ങിയത്. ഇതുവരെ അഞ്ച് അറകള്‍ തുറന്നു. ഇനി ഒന്നുകൂടി തുറക്കാനുണ്ട്. സമയക്കുറവു കാരണം വ്യാഴാഴ്ച കണ്ടെത്തിയ നിധിശേഖരത്തിന്റെ വില ഏകദേശമായാണ് കണക്കുകൂട്ടിയിരിക്കുന്നത്. പൈതൃകമൂല്യം കണക്കാക്കാതെയുള്ള വിലയാണിത്.

തിരുവിതാംകൂര്‍ മഹാരാജാവിന്റെ കിരീടധാരണത്തിന് ഉപയോഗിക്കുന്നു എന്ന് കരുതപ്പെടുന്ന കുലശേഖരപ്പെരുമാള്‍കിരീടവും ടണ്‍കണക്കിന് സ്വര്‍ണവും രത്‌നങ്ങളും കണ്ടെടുത്തു. ഒരു ടണ്ണോളം സ്വര്‍ണക്കതിര്‍, നൂറുകണക്കിന് സ്വര്‍ണമാലകള്‍, സ്വര്‍ണദണ്ഡുകള്‍, രത്‌നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതില്‍ ഒരു മാലയ്ക്ക് മാത്രം 18 അടി നീളവും പത്തര കിലോ ഭാരവുമുണ്ട്. മാലകള്‍ മാത്രം നൂറ് കിലോയുണ്ട്.കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ ആയിരം കോടിയോളം രൂപയുടെ സ്വര്‍ണവും വെള്ളിയും കണ്ടെടുത്തിരുന്നു. മറ്റ് അറകളിലൊന്നും കാണാത്ത നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്വര്‍ണവും രത്‌നങ്ങളുമാണ് ഇവിടെ നിന്നും കണ്ടെടുത്തത്.

നരസിംഹമൂര്‍ത്തിക്ഷേത്രത്തിന്റെ തെക്കേമൂലയിലെ ശ്രീ പണ്ടാരവക നിലവറയിലെ ഭൂഗര്‍ഭ അറയില്‍നിന്നാണ് അമൂല്യനിധികള്‍ കണ്ടെടുത്തത്. ബുധനാഴ്ച നടത്തിയ പരിശോധനയില്‍ ഈ നിലവറ പൂര്‍ണമായും തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. നിലവറയുടെ ഉരുക്ക് അഴിയും അതിനുള്ളില്‍ ഈട്ടിത്തടികൊണ്ടുള്ള രണ്ട് വാതിലുകളും കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഇതിനകത്ത് താഴേയ്ക്ക് പടിക്കെട്ടുകളോടുകൂടിയ ഒരു ഇടനാഴിയുണ്ട്. ഇതിലൂടെ കഷ്ടിച്ച് ഒരാള്‍ക്കുമാത്രമേ കടക്കാന്‍ കഴിയൂ. പടിക്കെട്ടുകളിറങ്ങി എട്ടടി വീതിയും നീളവുമുള്ള ഭൂഗര്‍ഭമുറിയിലെത്താം. ഈ മുറിയിലുള്ള കരിങ്കല്‍ഭിത്തിയിലെ രഹസ്യ അറകളിലാണ് നിധി സൂക്ഷിച്ചിരുന്നത്. കരിങ്കല്‍പാളികളില്‍ ചില അടയാളങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഇത് പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കമ്മീഷന്‍ പരിശോധിച്ചു. ഭിത്തികളില്‍ പാമ്പിന്റെ ചിത്രവും മൂന്ന് വരകളും അതിന് മുകളിലായി 'എസ്' ആകൃതിയിലുള്ള അടയാളവും ഉണ്ടായിരുന്നു. പാമ്പിന്റെ ചിത്രമുള്ള പാളികള്‍ അപകടത്തിന്റെ സൂചനയും 'എസ്' അടയാളമുള്ള പാളികള്‍ തള്ളിയാല്‍ തുറക്കാവുന്നവയുമാണെന്ന് അവര്‍ കമ്മീഷനെ ധരിപ്പിച്ചു. കമ്മീഷന്റെ നിര്‍ദേശ പ്രകാരം അഗ്‌നിശമനസേനയുടെ സഹായത്തോടെ ഭിത്തികള്‍ മാറ്റിയപ്പോഴാണ് നിധിശേഖരം കണ്ടെത്തിയത്.

സ്വര്‍ണക്കിരീടം, സ്വര്‍ണവിഗ്രങ്ങള്‍, സ്വര്‍ണ ദണ്ഡുകള്‍, സ്വര്‍ണപ്പതക്കങ്ങള്‍, കോടികള്‍ വിലമതിക്കുന്ന അപൂര്‍വരത്‌നങ്ങള്‍ എന്നിവയുണ്ട്. ഇതില്‍ ബല്‍ജിയം വജ്രവും ഉള്‍പ്പെടുന്നു. ആയിരത്തില്‍പ്പരം ശരപ്പൊളിമാലകളില്‍ ഒരെണ്ണമാണ് പത്തര കിലോയുടേത്. പന്ത്രണ്ടു പാളികളുള്ള മാലകളില്‍ മരതകവും മാണിക്യവും പതിച്ചിരുന്നു. ഒരു ലക്ഷത്തോളം സ്വര്‍ണം,വെള്ളി രാശികള്‍,വജ്രങ്ങള്‍ പതിച്ച വീരശൃംഖലകള്‍,രണ്ട് കിലോ ഭാരമുള്ള സ്വര്‍ണ അരപ്പട്ടകള്‍,ഡച്ച് കാശിമാല എന്നിവയും ഉണ്ടായിരുന്നു. കണ്ടെടുത്ത നിധി സൂക്ഷിക്കാന്‍ അറുപത്തഞ്ചു ചാക്കുകളും മൂന്ന് വലിയ ഇരുമ്പുപെട്ടികളും വാങ്ങേണ്ടി വന്നു.
വായുസഞ്ചാരമില്ലെന്ന് കരുതി ബുധനാഴ്ച ആരും അറയ്ക്കുള്ളില്‍ ഇറങ്ങിയിരുന്നില്ല. വ്യാഴാഴ്ച അഗ്‌നിശമന സേന, പൊതുമരാമത്ത്-പുരാവസ്തു വിദഗ്ധര്‍ എന്നിവരുടെ സഹായത്തോടെയാണ് അറയ്ക്കുള്ളില്‍ ആളിറങ്ങിയത്. എന്നാല്‍ അറകള്‍ ആവശ്യത്തിന് വായുസഞ്ചാരമുള്ളതായിരുന്നു. അടിയന്തരഘട്ടം വന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള സര്‍വ സന്നാഹങ്ങളുമായാണ് കമ്മീഷന്‍ കണക്കെടുപ്പിനെത്തിയത്.

ഇന്ന് കണ്ടെടുത്ത നിധിയില്‍ കുലശേഖരപ്പെരുമാള്‍ കിരീടം തിരുവിതാംകൂറിലെ രാജാവിന്റെ കിരീടധാരണത്തിനുപയോഗിക്കുന്നതാണ്. കിരീട ധാരണത്തിന് മുമ്പായി രാജാവ് ഹിരണ്യഗര്‍ഭത്തില്‍ (സ്വര്‍ണം കൊണ്ടുള്ള വലിയ വീപ്പ) മുങ്ങിയശേഷമാണ് ഈ കിരീടം ധരിക്കുന്നത്. തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ ഹിരണ്യഗര്‍ഭച്ചടങ്ങിനുമാത്രമേ കിരീടം ഉപയോഗിക്കാറുള്ളൂ. ചടങ്ങിനുശേഷമാണ് രാജാക്കന്‍മാര്‍ക്ക് പൊന്നുതമ്പുരാന്‍ എന്ന പേര് ലഭിക്കുന്നത്. ശ്രീമൂലം തിരുനാള്‍ വരെ ഹിരണ്യ ഗര്‍ഭച്ചടങ്ങ് ചെയ്തിരുന്നതായി ചരിത്രകാരന്‍മാര്‍ പറയുന്നു. ഹിരണ്യഗര്‍ഭച്ചടങ്ങിനുപയോഗിക്കുന്ന സ്വര്‍ണവീപ്പ കഷണങ്ങളായി മുറിച്ച് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തിരുന്നു. ഇനി രണ്ടറകള്‍ കൂടി തുറന്ന് പരിശോധിക്കാനുണ്ട്. നരസിംഹമൂര്‍ത്തിയുടെ തെക്കുപടിഞ്ഞാറേ മൂലയിലുള്ള ഭരതക്കോണ്‍ നിലവറയായ 'ബി' നിലവറയും നിത്യോപയോഗസാധനങ്ങള്‍ സൂക്ഷിക്കുന്ന 'എഫ്' നിലവറയും ഇനി തുറക്കാനുണ്ട്.

Friday 10 June 2011

നെറ്റില്‍ ഒരു അക്ഷരക്കൂട്ടായ്മ






സൗഹൃദക്കൂട്ടായ്മകളായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുടെ കാലമാണിത്. ഫെയ്‌സ്ബുക്ക്, ഓര്‍ക്കുട്ട്, ട്വിറ്റര്‍ തുടങ്ങിയ സൗഹൃദക്കൂട്ടായ്മകള്‍ രാജ്യങ്ങളുടെ ഭാവി പോലും നിര്‍ണയിക്കുന്ന മുഖ്യഘടകമാകുന്ന കാലം. എന്നാല്‍, ഇവയുടെ ഉപയോക്താക്കളില്‍ ഭൂരിപക്ഷത്തിനും സൗഹൃദക്കൂട്ടായ്മകളെന്നാല്‍ വെറുമൊരു സമയം കൊല്ലി ഏര്‍പ്പാടോ, അല്ലെങ്കില്‍ പരിചയങ്ങള്‍ നിലനിര്‍ത്താനുള്ള പുത്തന്‍ ഉപാധികളോ മാത്രമാണ്.

അതില്‍ നിന്ന് വ്യത്യസ്തമായി, വെറും സൗഹൃദക്കൂട്ടായ്മ എന്നതിലുപരി പ്രസാധനത്തിന്റെയും വായനയുടെയും കൂടി ലോകം തുറക്കുകയാണ് ഫീല്‍ഡ്‌ഐ ഡോട്ട് കോം എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റ്. ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളും ഇ-ബുക്ക് റീഡറുകളും വ്യാപകമാകുന്നതോടെ വലിയ പുസ്തകങ്ങള്‍ ചുമന്ന് നടക്കാതെ തന്നെ വായന അനായാസമാകുന്നു. നെറ്റില്‍ പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നതും ഇന്ന് അനായാസം സാധിക്കും. ഈ പുത്തന്‍ സാഹചര്യം മുതലെടുത്ത് പ്രസാധനകലയ്ക്ക് പുതിയൊരു വേദിയൊരുക്കുകയാണ് ഫീല്‍ഡ്‌ഐ.

ന്യൂസ് ലെറ്ററുകള്‍ മുതല്‍ അക്കാദമിക് പുസ്തകങ്ങള്‍ വരെ പ്രസിദ്ധീകരിക്കാന്‍ സൗകര്യവുമായാണ് ഫീല്‍ഡ്‌ഐ എത്തുന്നത്. പരിസ്ഥിതി സൗഹൃദമായ പ്രസിദ്ധീകരണ ശൈലിയാണ് ഫീല്‍ഡ് ഐ ലക്ഷ്യമിടുന്നതെന്ന് ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍ പറയുന്നു. എഴുത്തുകാര്‍ക്ക് വായനക്കാരുമായും തിരിച്ചും, വായനക്കാര്‍ക്ക് സഹവായനക്കാരുമായും സംവദിക്കാനുള്ള അവസരവും ഈ കൂട്ടായ്മ ഒരുക്കുന്നു.

അച്ചടി മാധ്യമങ്ങള്‍ ഒരര്‍ഥത്തില്‍ പരിസ്ഥിതിക്ക് വലിയ ഭീഷണിയാണ്. ന്യൂയോര്‍ക്ക് ടൈംസിന്റെ സണ്‍ഡെ എഡിഷന്‍ മാത്രം അച്ചടിക്കാനുള്ള കടലാസ് നിര്‍മിക്കാന്‍ 75000 വൃക്ഷങ്ങള്‍ നശിപ്പിക്കേണ്ടി വരുന്നു എന്നാണ് കണക്ക്. അപ്പോള്‍ ലോകമെങ്ങും പുസ്തകങ്ങളും പത്രങ്ങളും മാസികകളും അച്ചടിക്കുമ്പോള്‍ എത്ര വലിയ സമ്മര്‍ദം പ്രകൃതിക്ക് ഏല്‍ക്കേണ്ടി വരുന്നു എന്ന് ആലോചിക്കുക. മാത്രമല്ല, കടലാസ് നിര്‍മാണം വഴി പുറത്തു വരുന്ന രാസവസ്തുക്കളും പരിസ്ഥിതിക്ക് വലിയ ഭീഷണിയാണ്.


പരിസ്ഥിതി നേരിടുന്ന ഈ ഭീഷണികളെ ഒരളവു വരെ ചെറുക്കാന്‍ ഡിജിറ്റല്‍ പബ്ലീഷിങിന് കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. ഫീല്‍ഡ്‌ഐ പോലുള്ള പബ്ലീഷിങ് പ്ലാറ്റ്‌ഫോമുകളുടെ പ്രസക്തി ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്.

ആര്‍ക്കു വേണമെങ്കിലും ഫീല്‍ഡ്‌ഐയില്‍ പുസ്തകങ്ങള്‍ അപ്‌ലോഡ് ചെയ്യാം. അതേ നിമിഷം ലോകത്തിന്റെ എല്ലാ ഭാഗത്തും പുസ്തകം ലഭ്യമാകും. ഒരു ന്യൂസ് ലെറ്ററിന്റെ 2000 കോപ്പി അച്ചടിച്ച് വിതരണം ചെയ്യാന്‍ ഏതാണ്ട് 50,000 രൂപ ചെലവു വരുമെങ്കില്‍, ഫീല്‍ഡ്‌ഐ വഴി അത് സൗജന്യമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാനാകുമെന്നതാണ് നേട്ടം.

ഫീല്‍ഡ്‌ഐ കൊണ്ട് ഏറ്റവുമധികം പ്രയോജനം ലഭിക്കുക ഗവേഷകര്‍ക്കായിരിക്കും. ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാന്‍ വേദി കിട്ടാതെ വിഷമിക്കുന്ന ഇത്തരക്കാര്‍ക്ക് സുവര്‍ണാവസരമാണ് ഫീല്‍ഡ് ഐ ഒരുക്കുന്നത്. തുടര്‍ നോവലുകളും മറ്റും അപ് ലോഡ് ചെയ്യുമ്പോള്‍ ആവശ്യമെങ്കില്‍ ക്ലൈമാക്‌സ് മാറ്റുന്നതിനും ഇതില്‍ സൗകര്യമുണ്ട്. വായനക്കാര്‍ക്ക് ഇഷ്ടമുള്ള പേജുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

സര്‍ക്കാര്‍, സര്‍ക്കാരിതര പ്രസിദ്ധീകരണങ്ങള്‍, വിവിധ വിഷയങ്ങളെക്കുറിച്ച് അറിവുകള്‍ പ്രദാനം ചെയ്യുന്ന പുസ്തകങ്ങള്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. രാമായണം, മഹാഭാരതം, ഖുര്‍ ആന്‍, ബൈബിള്‍ തുടങ്ങിയ പുസ്തകങ്ങളും വായനയ്ക്കായി ഫീല്‍ഡ്‌ഐയിലുണ്ട്.

വ്യക്തികളുടെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് മറ്റൊരു പ്രത്യേകത. എഴുത്തുകാരന്റെ ചിത്രവും വിവരങ്ങളും അടങ്ങുന്ന പേജും ഉള്‍പ്പെടുത്താം. പുസ്തകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിന് സൗജന്യ എസ്എംഎസ് സേവനവും പ്രയോജനപ്പെടുത്താം.

ജെബി മള്‍ട്ടിമീഡിയയുടെ സഹകരണത്തോടെ ഹെറിറ്റേജ് ഇന്ത്യ ഫൗണ്ടേഷനാണ് ഫീല്‍ഡ്‌ഐ പ്ലാറ്റ്‌ഫോം യാഥാര്‍ഥ്യമാക്കുന്നത്. യുണൈറ്റഡ് നേഷന്‍സ് എണ്‍വിരോണ്‍മെന്റ് പ്രോഗ്രാ (യുഎന്‍ഇപി) മിന് കീഴിലുള്ള 'ക്ലൈമറ്റ് ന്യൂട്രല്‍ നെറ്റ്‌വര്‍ക്കി'ന്റെ പങ്കാളിത്തം ലഭിക്കുന്ന ആദ്യസംരംഭം കൂടിയാണിത്.

ന്യൂഡല്‍ഹിയില്‍ 2011 ജൂണ്‍ അഞ്ചിന് യുഎന്‍ഇപിയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫീല്‍ഡ്‌ഐയുടെ ഉദ്ഘാടനം നടക്കും.
-കെ.വി.രാജേഷ്‌