"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Sunday, 22 August 2010

ഷോയല്ല, അഹമ്മദാബാദില്‍ റിയല്‍ സ്വയംവരവിവാഹം

അഹമ്മദാബാദ്: സ്വയംവരത്തെക്കുറിച്ച് പുരാണകഥകളില്‍ വായിച്ചറിഞ്ഞും പിന്നീട് റിയാലിറ്റി ഷോയില്‍ കണ്ടും അറിഞ്ഞവര്‍ക്ക് അഹമ്മദാബാദിലെ ഒരു ഗ്രാമത്തില്‍ നിന്നൊരു സ്വയംവര വാര്‍ത്ത. ഇവിടെ നടന്നത് റിയാലിറ്റി ഷോയല്ല റിയല്‍ സ്വയംവരമാണെന്ന് മാത്രം. ഭാനുമതി റാവല്‍ എന്ന 55 വയസുകാരി വിധവയാണ് തന്റെ ഗ്രാമത്തിലെ സമപ്രായക്കാരായ 36 പേരില്‍ നിന്ന് തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയത്. രാജേന്ദ്ര റാവല്‍ ആണ് ഭാനുമതിയുടെ പുതിയ തോഴന്‍.

ഗാന്ധിനഗര്‍ ജില്ലയിലെ മാന്‍സ ഗ്രാമത്തിലാണ് സ്വയംവരം നടന്നത്. ഗ്രാമത്തിനും ഇത് പുതുമയുള്ള ഒരു സംഭവമായി എന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോകാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു രീതിയില്‍ വിവാഹം കഴിച്ചതെന്നും പങ്കാളിയെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഭാനുമതി റാവല്‍ പറഞ്ഞു. രാജേന്ദ്ര റാവലും ഏതാണ്ട് ഇതേ ജീവിതാവസ്ഥയുള്ള വ്യക്തിയാണ്. ജീവിതാന്ത്യം വരെ സന്തോഷം പകരാന്‍ ഭാനുമതിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി രാജേന്ദ്ര റാവല്‍ പറഞ്ഞു.

ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു എന്‍.ജി.ഒയുടെ നേതൃത്വത്തിലാണ് സ്വയംവരം നടത്തിയത്. 36 പേര്‍ പങ്കെടുത്ത ആദ്യ റൗണ്ടില്‍ നിന്ന് 10 പേരെയാണ് ഫൈനലിലേക്ക് തിരഞ്ഞെടുത്തത്. പിന്നീട് എലിമിനേഷന്‍ പ്രകാരം മൂന്ന് പേര്‍ മാത്രമായി ചുരുങ്ങി. ഇതില്‍ നിന്നാണ് ഒരു ജാതി വിഭാഗത്തില്‍ പെട്ട രാജേന്ദ്രയെ തിരഞ്ഞെടുത്തത്. രാഖി സാവന്തിന്റെ 'സ്വയംവരം' എന്ന റിയാലിറ്റി ഷോ ടിവിയിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഭാനുമതിയുടെ മൂന്നാം വിവാഹമാണിത്. ആദ്യത്തെ ബന്ധത്തില്‍ വിവാഹമോചനം നേടിയപ്പോള്‍ രണ്ടാം ഭര്‍ത്താവ് മരിച്ചുപോവുകയും ചെയ്തു. കുട്ടികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഒറ്റപ്പെട്ട് കുറച്ചുകാലമായി വൃദ്ധസദനത്തില്‍ കഴിയുകയായിരുന്നു ഭാനുമതി. രാജേന്ദ്ര റാവലിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യ പതിനാറ് വര്‍ഷം മുമ്പ് മരിച്ചു.

ദുരഭിമാന കൊലകള്‍ തുടര്‍ക്കഥയായി കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇങ്ങനെയൊരു വിവാഹം കഴിച്ചതില്‍ രാജേന്ദ്രയ്ക്ക് ചെറിയൊരു പേടിയില്ലാതില്ല. അദ്ദേഹം അത് മറച്ചുവെയ്ക്കുന്നുമില്ല. ബന്ധുക്കളും മക്കളും വിവാഹത്തെ എതിര്‍ത്തിരുന്നതായി അദ്ദേഹം പറഞ്ഞു. വിധവകളും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായവര്‍ക്ക് ഈ മാതൃകയില്‍ വിവാഹം സംഘടിപ്പിക്കുമെന്ന് എന്‍.ജി.ഒ. സംഘാടകന്‍ നഥുഭായ് പട്ടേല്‍ വ്യക്തമാക്കി.

No comments:

Post a Comment