തിരുവനന്തപുരം: മലയാളിയുടെ 'കുടിക്കമ്പം' ബിവറേജസ് കോര്‍പ്പറേഷന് സമ്മാനിച്ചത് 20,000 കോടിയോളം രൂപയുടെ വിറ്റുവരവ്. ജീവനക്കാരെ റൊട്ടേഷനില്‍ വിന്യസിച്ചും കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറന്നും കേരള ബിവറേജസ് കോര്‍പ്പറേഷന്‍ കൂടുതല്‍ പ്രൊഫഷണല്‍ ആയതോടെ നാല് വര്‍ഷവും നാല് മാസവുംകൊണ്ട് സര്‍ക്കാരിന് 81 ശതമാനം അധിക റവന്യൂവരുമാനം ഉണ്ടായി.
2006 മുതല്‍ 2010 ജൂലായ് വരെയുള്ള കാലയളവില്‍ മലയാളി അകത്താക്കിയത് 19,075.01 കോടി രൂപയുടെ മദ്യമാണ്. 14,874 കോടി രൂപയുടെ റവന്യൂവരുമാനമാണ് നാല് വര്‍ഷവും നാല് മാസവും കൊണ്ട് മദ്യപര്‍ സര്‍ക്കാരിന് സമ്മാനിച്ചത്. അതായത് 708.20 ലക്ഷം കെയ്‌സ് വിദേശമദ്യവും 291.43 ലക്ഷം കെയ്‌സ് ബിയറും കൂട്ടിച്ചേര്‍ത്ത് 10 കോടിയോളം കെയ്‌സ് മദ്യം കുടിച്ചുതീര്‍ത്തിരിക്കുന്നു.
യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തുള്ളതിനേക്കാള്‍ 6650 കോടി രൂപയുടെ അധികവരുമാനമാണ് മദ്യപരില്‍ നിന്ന് ഈ സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. അവശേഷിക്കുന്ന മാസങ്ങള്‍ കൂടി പിന്നിടുമ്പോള്‍ ഇത് പതിനായിരം കോടിയോളമെത്തും. യു.ഡി.എഫ്. സര്‍ക്കാരിനുള്ള മദ്യപാനികളുടെ 'വിഹിതം' ഇങ്ങനെയായിരുന്നു. അഞ്ചുവര്‍ഷം കൊണ്ട് 10,570.74 കോടി രൂപയുടെ വിറ്റുവരവാണ് ബിവറേജസ് കോര്‍പ്പറേഷന് അന്നുണ്ടായിരുന്നത്. ഇതില്‍ 8271.86 കോടി രൂപയുടെ റവന്യൂവരുമാനമാണ് യു.ഡി.എഫ്. സര്‍ക്കാരിന് ലഭിച്ചതും. 692.89 ലക്ഷം കെയ്‌സ് മദ്യമാണ് അന്ന് മലയാളികള്‍ കുടിച്ചുതീര്‍ത്തത്.
ഇടതുസര്‍ക്കാരിന്റെ കാലത്ത് മദ്യപാനികള്‍ക്ക് ഗുണവും അതോടൊപ്പം ചൂഷണവും നേരിടേണ്ടി വന്നു. വിദേശമദ്യക്കമ്പനികള്‍ക്ക് ഒരുതവണ മാത്രമാണ് വിലവര്‍ധനയ്ക്കുള്ള അനുവാദം നല്‍കിയതെന്നുള്ളതാണ് മദ്യപാനികള്‍ക്ക് ആശ്വാസം നല്‍കിയത്. അതേസമയം നടപ്പുസാമ്പത്തികവര്‍ഷത്തില്‍ അതായത് കഴിഞ്ഞ നാലുമാസമായി വിദേശമദ്യത്തിന് 10 ശതമാനം അധികം വില്‍പ്പന നികുതിയാണ് ചുമത്തിയിരിക്കുന്നത്. വിദേശമദ്യത്തെ ആശ്രയിക്കുന്നവരേറെയുള്ളതിനാല്‍ അധികവരുമാനം കിട്ടുകയും ചെയ്യും. അതേ സമയം ബിയറിന് 10 ശതമാനം തീരുവ കുറച്ച് മദ്യപരുടെ കണ്ണില്‍ പൊടിയിടുകയും ചെയ്തു.
ബിവറേജസ് കോര്‍പ്പറേഷന്‍ 52 പുതിയ ഔട്ട്‌ലെറ്റുകളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് തുറന്നത്.
No comments:
Post a Comment