"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Thursday 19 August 2010

വരുന്നൂ ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡ്


മുംബൈ: ക്രെഡിറ്റ് കാര്‍ഡ് രംഗത്തെ ആഗോള ഭീമന്മാരായ വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയോട് മത്സരിക്കാന്‍ ഇന്ത്യന്‍ പേയ്‌മെന്റ് പ്രോസസിങ് പ്ലാറ്റ്‌ഫോം വരുന്നു. ഇന്ത്യാപേ എന്ന പേരിലുള്ള ഇത് രണ്ട് വര്‍ഷത്തിനുള്ളില്‍ രംഗത്തെത്തും. പൂര്‍ണമായും ഇന്ത്യന്‍ സാങ്കേതികതയില്‍ വികസിപ്പിക്കുന്ന ഇന്ത്യാപേ കാര്‍ഡിന് റിസര്‍വ് ബാങ്കിന്റെ പിന്തുണയുമുണ്ടാവും. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യാണ് ഇത് വികസിപ്പിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ മുന്‍നിര ബാങ്കുകള്‍ ചേര്‍ന്നാണ് എന്‍പിസിഐ പ്രൊമോട്ട് ചെയ്യുന്നത്. വിദേശ ബാങ്കുകളായ സിറ്റിബാങ്ക്, എച്ച്എസ്ബിസി എന്നിവയും ഈ കൂട്ടായ്മയിലുണ്ട്.

ഇന്ത്യാപേയുടെ വരവ് ക്രെഡിറ്റ് കാര്‍ഡ് രംഗത്ത് വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയുടെ മേധാവിത്വം തകര്‍ക്കുമെന്ന് മാത്രമല്ല ബാങ്കുകളുടെ ട്രാന്‍സാക്ഷന്‍ നിരക്കുകള്‍ കുറയ്ക്കുകയും ചെയ്യും.

രാജ്യത്ത് നാല് കോടി പ്ലാസ്റ്റിക് കാര്‍ഡുകളാണ് (ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും) നിലവിലുള്ളത്. ഇവയുടെ ബഹുഭൂരിപക്ഷവും വിസ, മാസ്റ്റര്‍കാര്‍ഡ് എന്നീ കമ്പനികളുടെ പേയ്‌മെന്റ് പ്രോസസിങ് പ്ലാറ്റ്‌ഫോം ആണ് ഉപയോഗിക്കുന്നത്. ഇത്തരം കാര്‍ഡുകള്‍ ഓരോ തവണ എടിഎം കേന്ദ്രങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും ഉപയോഗിക്കുമ്പോള്‍ ബാങ്കുകള്‍ ഈ കമ്പനികള്‍ക്ക് പ്രോസസിങ് ഫീസ് നല്‍കണം. ഇത് കോടികള്‍ വരും. വലിയൊരളവോളം ഇത് കുറയ്ക്കാന്‍ ഇന്ത്യാപേ സഹായിക്കും.

ഓരോ ദിവസവും കഴിയുംതോറും കാര്‍ഡ് വഴിയുള്ള പണമിടപാട് നടത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ സ്വന്തം പേയ്‌മെന്റ് സംവിധാനം വരേണ്ടത് അത്യാവശ്യമാണെന്ന് ബാങ്കിങ് രംഗത്ത് ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു. ഇന്ത്യയിലെ ബാങ്കിങ് മേഖല ഒന്നടങ്കം ഇന്ത്യാപേ സംവിധാനത്തെ സ്വാഗതം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.

മലേഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ ഇതിനോടകം സ്വന്തം പേയ്‌മെന്റ് പ്രോസസിങ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചിട്ടുണ്ട്.

 
Tags: India, Credit Cards, Payment Processing Platform, Visa, Mastercard, Banks

No comments:

Post a Comment