"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Tuesday, 24 August 2010

കേരളം ഇനി ദേശീയ വിജ്ഞാന ശൃംഖലയില്‍




തിരുവനന്തപുരം: രാജ്യത്തെ എല്ലാ വിജ്ഞാന സ്ഥാപനങ്ങളെയും അതിവേഗ ഇന്‍റര്‍നെറ്റ് സംവിധാനത്തിലൂടെ ബന്ധിപ്പിക്കുന്ന ദേശീയ വിജ്ഞാന ശൃംഖലയുടെ ഭാഗമായി കേരളം മാറി. വിജ്ഞാനവും അത് ലഭിക്കുന്ന സവിശേഷ സ്രോതസ്സുകളും പങ്കിടാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ പരസ്​പര സഹകരണത്തിലൂടെ ഗവേഷണങ്ങളിലേര്‍പ്പെടാനും അവസരമൊരുക്കുന്ന വിപുലമായ പദ്ധതിയാണിത്.

കഴിഞ്ഞ മാര്‍ച്ച് 25ന് ചേര്‍ന്ന അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള കേന്ദ്ര മന്ത്രിസഭാ ഉപസമിതി 5990 കോടി രൂപ ചെലവില്‍ 10 വര്‍ഷം കൊണ്ട് ദേശീയ വിജ്ഞാന ശൃംഖല രൂപപ്പെടുത്താനുള്ള പദ്ധതിക്ക്അംഗീകാരം നല്‍കിയിരുന്നു. ഇത് നടപ്പാക്കാനുള്ള ചെലവിന്റെ 75 ശതമാനം കേന്ദ്ര സര്‍ക്കാരും ബാക്കി 25 ശതമാനം സംസ്ഥാന സര്‍ക്കാരുകളും വഹിക്കണമെന്നായിരുന്നു വ്യവസ്ഥ. ഓരോ സര്‍വകലാശാലയ്ക്കും ശൃംഖലയുടെ ഭാഗമാകുന്നതിന് 10 വര്‍ഷത്തേക്ക് നികുതിയടക്കം 55 ലക്ഷത്തോളം രൂപ ചെലവു വരും. ഇത് പ്രയോജനപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യമായി 400 നോഡുകള്‍ ഉള്‍പ്പെടുന്ന ലോക്കല്‍ ഏരിയ നെറ്റ്‌വര്‍ക്ക് ഏര്‍പ്പെടുത്താന്‍ 11 ലക്ഷത്തോളം രൂപ വേറെയും വേണം.

കേരളത്തില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ പദ്ധതിയിലേക്ക് സര്‍ക്കാര്‍ -എയ്ഡഡ് മേഖലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് 172 കോളേജുകളാണ്. ഇതില്‍ 170 കോളേജുകളിലും അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തിയായിട്ടുണ്ട്. ഇനി സര്‍വകലാശാലകളില്‍ റൗട്ടര്‍ സങ്കേതം കൂടി സ്ഥാപിച്ചുകഴിഞ്ഞാല്‍ കേരളത്തില്‍ ശൃംഖല പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്ര വിപുലമായ രീതിയില്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നത്.

രാജ്യത്തെ ഓരോ മേഖലയിലും പ്രമുഖരായ വ്യക്തികള്‍ക്ക് കേരളത്തില്‍ വരാതെ തന്നെ ഏപ്പോള്‍ വേണമെങ്കിലും ഇവിടത്തെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനാവുമെന്നതാണ് വിജ്ഞാന ശൃംഖലയുടെ നേട്ടങ്ങളിലൊന്ന്. വിജ്ഞാനശൃംഖലയില്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ഉള്ളടക്കം പ്രദാനം ചെയ്യുന്ന പ്രധാന കേന്ദ്രമായും ഇപ്പോള്‍ കേരളം മാറിയിട്ടുണ്ട്. പഴയകാല അദ്ധ്യാപകരുടെ ക്ലാസ് നോട്ടുകളും അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതുമായ 'ഗുരുസ്മരണ' എന്ന പോര്‍ട്ടല്‍ ഇതിന്റെ ഭാഗമാണ്. പ്രമുഖരായ അദ്ധ്യാപകര്‍ നേരിട്ടു തയ്യാറാക്കിയ കുറിപ്പുകളും അവരില്‍ നിന്നു വിദ്യാര്‍ത്ഥികള്‍ കേട്ടെഴുതിയ നോട്ടുകളും ഇതില്‍ ലഭ്യമാക്കിയിട്ടുണ്ട്. എന്‍ജിനീയറിങ് മേഖലയിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി 'കെ-ബേസ്' എന്ന മറ്റൊരു പോര്‍ട്ടലും ആവിഷ്‌കരിച്ചിട്ടുണ്ട്.

പ്രമുഖരായ അദ്ധ്യാപകരുടെ ക്ലാസ്സുകള്‍ റെക്കോഡ് ചെയ്യാനും അതു സൗജന്യമായി ഓണ്‍ലൈനിലൂടെ ലഭ്യമാക്കാനുമുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. എജുസാറ്റ് മുഖേന കോളേജുകളില്‍ ഇത് എത്തിച്ചുകൊടുക്കുകയും ചെയ്യും. തിരുവനന്തപുരത്തുള്ള അദ്ധ്യാപകന്റെ ക്ലാസ് കാസര്‍കോട്ടെ കോളേജിലുള്ള വിദ്യാര്‍ത്ഥിക്കും ലഭ്യമാകുന്ന രീതിയിലാണിത് വിഭാവനം ചെയ്തിട്ടുള്ളത്. കേരളത്തില്‍ ഇപ്പോള്‍ കോളേജുകളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ വിവരങ്ങള്‍, അവരുടെ പഠന മേഖലകള്‍, ഗവേഷണ പ്രബന്ധങ്ങള്‍, ക്ലാസ് നോട്ടുകള്‍ ഉള്‍പ്പെടെയുള്ള സൃഷ്ടികള്‍ എന്നിവ ലഭ്യമാക്കുന്നതിനായി 'ദ സ്‌കോളര്‍' എന്ന പോര്‍ട്ടലും അണിയറയില്‍ ഒരുങ്ങുന്നു. ദേശീയ വിജ്ഞാന ശൃംഖല കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ പേരില്‍ കൂടുതല്‍ കേന്ദ്ര സഹായം നേടിയെടുക്കാനുള്ള ശ്രമങ്ങളും കേരളം ശക്തമാക്കിയിട്ടുണ്ട്.
Tags:   http://www.mathrubhumi.com/tech/article/121634

No comments:

Post a Comment