"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Monday, 30 August 2010

വീണ്ടും വില്യംസ് യുഗം


വനിതാ ടെന്നീസില്‍ മാറ്റത്തിന്റെ കാറ്റ് ആഞ്ഞടിക്കുമ്പോഴും കടപുഴകാത്ത വന്‍മരങ്ങള്‍ പോലെ നില്‍ക്കുകയാണ് വില്യംസ് സഹോദരിമാരായ സെറീനയും വീനസും. ആദ്യ കാലത്ത് വീനസായിരുന്നു മുന്നണിപ്പോരാളിയെങ്കില്‍ പ്രതിഭയുടെയും കരുത്തിന്റെയും ആള്‍രൂപമായി മാറിയ സെറീനയ്ക്കായി പിന്നീട് വനിതാടെന്നീസിലെ കുത്തക.
ഒരിടവേളയില്‍ യുവതാരങ്ങളുടെ കുതിച്ചുകയറ്റത്തില്‍ രണ്ടാളും അല്പം പിന്നോട്ടു പോയെന്നുള്ളത് വാസ്തവമാണ്. പരിക്കും വില്യംസ് സഹോദരിമാരുടെ മുന്നേറ്റത്തിന് തടയിട്ടിരുന്നു.

ഇതിനെയൊക്കെ വിജയകരമായി അതിജീവിച്ചാണ് സഹോദരിമാരില്‍ ഇളയവളായ സെറീന കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഒന്നാം നമ്പര്‍ പദവിയില്‍ തുടരുന്നത്. എന്നാല്‍ ചേച്ചി വീനസിന് സെറീനയുടെ മികവ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. യുവതാരം കരോളിന്‍ വൊസ്‌നിയാക്കിയും പരിചയ സമ്പന്നരായ യെലേന യാങ്കോവിച്ചും യെലേന ഡെമന്റിയേവയും സ്വെറ്റ്‌ലാന കുസ്‌നട്‌സോവയുമൊക്കെ ഉയര്‍ത്തിയ വെല്ലുവിളികളില്‍ വീനസ് ഇടറിവീഴുകയായിരുന്നു.

പുതിയ സീസണിലെ മിന്നുന്ന പ്രകടനങ്ങളോടെ ഇക്കുറി റാങ്കിങ്ങില്‍ അനുജത്തിക്കു പിന്നില്‍ രണ്ടാമതെത്തിയിരിക്കുകയാണ് വീനസ്.മാഡ്രിഡില്‍ നടന്ന ഡബ്ല്യു.ടി.എ. ടൂര്‍ണമെന്റില്‍ ഇറ്റലിയുടെ ഫ്രാന്‍സിസ്‌കാ ഷിയാവോണിനെ തോല്‍പ്പിച്ചതോടെയാണ് കരോളിന്‍ വൊസ്‌നിയാക്കിയെ മറികടന്ന് വീനസ് രണ്ടാം റാങ്കിലേക്ക് കുതിച്ചു കയറിയത്.

റാങ്കിങ്ങിലെ നേട്ടം പക്ഷേ, മാഡ്രിഡില്‍ കിരീടവുമായി ആഘോഷിക്കാന്‍ വീനസിനു സാധിച്ചില്ല. ടൂര്‍ണമെന്റില്‍ ഫൈനല്‍വരെയെത്തിയെങ്കിലും കലാശക്കളിയില്‍ ഫ്രഞ്ച് താരം അരവനെ റസായി നേരിട്ടുള്ള സെറ്റുകളില്‍ വീനസിനെ കെട്ടു കെട്ടിച്ചു.
ഏഴുവര്‍ഷത്തിനു ശേഷമാണ് വില്യംസ് സഹോദരിമാര്‍ ആദ്യ രണ്ടു റാങ്കുകളില്‍ തിരിച്ചെത്തുന്നത്.

2002 ജൂണ്‍ പത്തിലാണ് ഇവര്‍ ആദ്യമായി ഒന്നും രണ്ടും റാങ്കിലെത്തുന്നത്. അന്ന് വീനസ് ഒന്നാം റാങ്കും സെറീന രണ്ടാം റാങ്കുമായിരുന്നു. ജൂലായ് ഏഴുവരെ ഇതു തുടര്‍ന്നു. അടുത്ത ദിവസം ചേച്ചിയെ മറികടന്ന് സെറീന ഒന്നാമതെത്തി . അടുത്ത വര്‍ഷം ഏപ്രില്‍ 13 വരെ ഇരുവരും ആദ്യ രണ്ടു റാങ്കില്‍ തുടര്‍ന്നു. തുടര്‍ന്ന് ആവര്‍ഷം മെയ് 5 മുതല്‍ 11 വരെയുള്ള ആഴ്ചയിലും സെറീന ഒന്നാം റാങ്കും വീനസ് രണ്ടാം റാങ്കുമായി.

അതിനുശേഷം ഇക്കുറിയാണ് ഇരുവരും ആദ്യ റാങ്കുകളില്‍ ഒരുമിച്ചെത്തുന്നത്.

റാങ്കിങ്ങില്‍ മുന്നിട്ടു നില്‍ക്കുമ്പോഴും അടുത്തയിടെ കളിച്ച രണ്ടു ടൂര്‍ണമെന്റിലും സഹോദരിമാര്‍ക്കു തോല്‍വിയായിരുന്നു ഫലം. ഇറ്റാലിയന്‍ ഓപ്പണില്‍ യെലേന യാങ്കോവിച്ചിനു മുന്നിലായിരുന്നു സഹോദരിമാരുടെ കീഴടങ്ങല്‍. ക്വാര്‍ട്ടറില്‍ വീനസും സെമിയില്‍ സെറീനയും യാങ്കോവിച്ചിനു മുന്നില്‍ കീഴടങ്ങി.

മാഡ്രിഡ് ഓപ്പണില്‍ സെറീനയ്ക്ക് മൂന്നാം റൗണ്ടില്‍ത്തന്നെ ചുവടു പിഴച്ചു. വീനസിന് ഫൈനലിലും.
ഫ്രഞ്ച് ഓപ്പണില്‍ മുന്നേറാന്‍ ഇരുവരും പ്രകടനം മെച്ചപ്പെടുത്തിയേ തീരൂ എന്ന മുന്നറിയിപ്പാണ് എതിരാളികള്‍ നല്‍കുന്നത്.

No comments:

Post a Comment