"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Tuesday 31 August 2010

ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി ഇനി വെബ്ബില്‍ മാത്രം

ലണ്ടന്‍: ഇംഗ്ലീഷ് ഭാഷാ പ്രേമികളുടെ ബൈബിള്‍ എന്നറിയപ്പെടുന്ന ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയുടെ പുസ്തകരൂപത്തിന് മരണമണി. അടുത്ത പതിപ്പ് മുതല്‍ ഇന്റര്‍നെറ്റ് പതിപ്പ് മാത്രം ഇറക്കാനാണ് ഓക്‌സ്‌ഫോര്‍ഡ് പ്രസാധകരുടെ ആലോചന.

1928 ലാണ് നിരവധി വോള്യങ്ങളിലായി ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിയുടെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്. 1989 ല്‍ രണ്ടാമത്തെ പതിപ്പും പുറത്തിറങ്ങി.

കഴിഞ്ഞ പത്തുവര്‍ഷമായി മൂന്നാമത്തെ പതിപ്പിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. പുതിയ പതിപ്പിനായി 80 നിഘണ്ടുസമാഹര്‍ത്താക്കളെയും ഭാഷാവിദഗ്ധരെയുമാണ് പ്രസാധകര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെയാണ് ഇനി വെബ് പതിപ്പ് മാത്രം മതിയെന്ന് പ്രസാധകര്‍ ആലോചിക്കുന്നത്.

ലോകത്താകമാനം അച്ചടിച്ച പുസ്തകങ്ങളെക്കാള്‍ ഡിജിറ്റര്‍ പുസ്തകങ്ങളുടെ പ്രചാരവും വില്‍പ്പനയും കൂടിക്കൊണ്ടിരിക്കുകയാണ്. അച്ചടിപുസ്തകങ്ങളെക്കാള്‍ ഇ ബുക്കുകള്‍ക്കാണ് വില്‍പനയെന്ന് അടുത്തിടെ ആമസോണ്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ എതിര്‍പ്പുകള്‍ മൂലം പ്രസാധകര്‍ ഈ തീരുമാനം പുനപ്പരിശോധിക്കുമെന്നാണ് ഇംഗ്ലീഷ് ഭാഷാ പ്രേമികള്‍ കരുതുന്നത്. ഇ ബുക്കുകളുടെ പ്രചാരണത്തിനിടെയിലും റെഫറന്‍സ് ഗ്രന്ഥങ്ങളുടെ അച്ചടി പതിപ്പുകളുടെ പ്രചാരം കുറയില്ലെന്നും ഓക്‌സ്‌ഫോര്‍ഡ് പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ വായ്പ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ഉപരിപഠനത്തിന് ഉയര്‍ന്ന ഫീസും മറ്റു പഠനചെലവുകളും താങ്ങാനാവില്ല എന്നു വിചാരിച്ച് മകനെ/മകളെ മികച്ച കോഴ്‌സിന് വിടാതിരിക്കേണ്ട. ഇത്തരം ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമേകുന്നതാണ് വിദ്യാഭ്യാസ വായ്പ. പക്ഷെ, ഇത്തരം വായ്പകള്‍ എടുക്കും മുമ്പ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അവയെപ്പറ്റി വിശദീകരിക്കുകയാണ് ഇവിടെ.

എന്തിനൊക്കെ വായ്പ ലഭിക്കും?

സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ നിന്നുള്ള ബിരുദ, ബിരുദാനന്തര പഠനത്തിനും തൊഴിലധിഷ്ഠിത പഠനത്തിനും വിദ്യാഭ്യാസ വായ്പ ലഭ്യമാണ്. ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്, പുസ്തകം വാങ്ങാനുള്ള ചെലവ്, ലൈബ്രറി ചെലവ്, കമ്പ്യൂട്ടര്‍ വാങ്ങാനുള്ള ചെലവ് എന്നിവയെല്ലാം വായ്പയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിദേശ പഠനമാണെങ്കില്‍ യാത്രാചെലവുകളും വായ്പയുടെ പരിധിയില്‍ വരും.

എന്നാല്‍, വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് പഠന പദ്ധതിക്കായി എത്ര തുക ചെലവ് വരും എന്ന് കണക്കാകുകയാണ് പ്രധാനം.

എത്ര തുക ലഭിക്കും?

രാജ്യത്തിനകത്തുള്ള വിദ്യാഭ്യാസത്തിന് 10 ലക്ഷം മുതല്‍ 15 ലക്ഷം രൂപവരെ ലഭിക്കും. വിദേശ സര്‍വകലാശാലകളിലാണ് പഠനമെങ്കില്‍ 20 ലക്ഷം രൂപ വരെ ലഭിക്കും. കോഴ്‌സിന്റെയും വാര്‍ഷിക കുടുംബ വരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ബാങ്കുകള്‍ വായ്പ അനുവദിക്കുന്നത്.

16 മുതല്‍ 35 വയസുവരെയാണ് വായ്പാ ലഭ്യതക്കുള്ള പ്രായപരിധി.

തിരിച്ചടവ്

വായ്പ തിരിച്ചടയ്ക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സമയം ലഭിക്കുമെന്നതാണ് വിദ്യാഭ്യാസ വായ്പയുടെ ഏറ്റവും വലിയ സവിശേഷത.
കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഇഎംഐ ആരംഭിക്കേണ്ടതുള്ളൂ.
കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷം 5 തൊട്ട് 7 വര്‍ഷത്തിനുള്ളില്‍ വായ്പ അടച്ചു തീര്‍ത്താല്‍ മതി. പഠനം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായ സാഹചര്യമുണ്ടായാല്‍ (തോല്‍ക്കുകയോ പരീക്ഷ എഴുതാന്‍ കഴിയാതിരിക്കുകയോ ചെയ്താല്‍) വായ്പ തിരിച്ചടയ്ക്കുന്നതിന് 2 വര്‍ഷം വരെ അധികം ലഭിക്കും.

പലിശ

സാധാരണ ഗതിയില്‍ 8 മുതല്‍ 15 ശതമാനം വരെ പലിശയാണ് വിദ്യാഭ്യാസ വായ്പകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്നത്. 0.5 മുതല്‍ 2.5 ശതമാനം വരെ പ്രോസസിങ് ഫീസും നല്‍കേണ്ടി വരും. വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിനായി ആള്‍ ജാമ്യവും ആവശ്യമാണ്. അല്ലെങ്കില്‍ രക്ഷിതാക്കളുമായി ചേര്‍ന്ന് വായ്പ തേടാവുന്നതാണ്. നാല് ലക്ഷം രൂപയില്‍ താഴെയാണ് വായ്പാ തുകയെങ്കില്‍ ഈടിന്റെയോ ജാമ്യത്തിന്റെയോ ആവശ്യമില്ല.

വിദ്യാര്‍ഥിനികള്‍ക്ക് ഇളവ്

വിദ്യാര്‍ഥിനികള്‍ക്ക് മിക്ക ബാങ്കുകളും കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നുണ്ട്.

എന്തൊക്കെ രേഖകള്‍ വേണം?

വായ്പ ലഭിക്കുന്നതിനായി വിദ്യാര്‍ഥിയുടെ പേരും അഡ്രസ്സും വയസ്സും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും കുടുംബ വരുമാന സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്. അഡ്മിഷന്‍ ലെറ്റര്‍, ഫീസ് ഘടനയുടെ കോപ്പി എന്നിവയും നല്‍കണം. വിദേശത്തു പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ വിസയുടെ പകര്‍പ്പും മറ്റ് രേഖകളും വായ്പയെടുക്കുന്ന ബാങ്കില്‍ സമര്‍പ്പിക്കണം.

Monday 30 August 2010

വീണ്ടും വില്യംസ് യുഗം


വനിതാ ടെന്നീസില്‍ മാറ്റത്തിന്റെ കാറ്റ് ആഞ്ഞടിക്കുമ്പോഴും കടപുഴകാത്ത വന്‍മരങ്ങള്‍ പോലെ നില്‍ക്കുകയാണ് വില്യംസ് സഹോദരിമാരായ സെറീനയും വീനസും. ആദ്യ കാലത്ത് വീനസായിരുന്നു മുന്നണിപ്പോരാളിയെങ്കില്‍ പ്രതിഭയുടെയും കരുത്തിന്റെയും ആള്‍രൂപമായി മാറിയ സെറീനയ്ക്കായി പിന്നീട് വനിതാടെന്നീസിലെ കുത്തക.
ഒരിടവേളയില്‍ യുവതാരങ്ങളുടെ കുതിച്ചുകയറ്റത്തില്‍ രണ്ടാളും അല്പം പിന്നോട്ടു പോയെന്നുള്ളത് വാസ്തവമാണ്. പരിക്കും വില്യംസ് സഹോദരിമാരുടെ മുന്നേറ്റത്തിന് തടയിട്ടിരുന്നു.

ഇതിനെയൊക്കെ വിജയകരമായി അതിജീവിച്ചാണ് സഹോദരിമാരില്‍ ഇളയവളായ സെറീന കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഒന്നാം നമ്പര്‍ പദവിയില്‍ തുടരുന്നത്. എന്നാല്‍ ചേച്ചി വീനസിന് സെറീനയുടെ മികവ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. യുവതാരം കരോളിന്‍ വൊസ്‌നിയാക്കിയും പരിചയ സമ്പന്നരായ യെലേന യാങ്കോവിച്ചും യെലേന ഡെമന്റിയേവയും സ്വെറ്റ്‌ലാന കുസ്‌നട്‌സോവയുമൊക്കെ ഉയര്‍ത്തിയ വെല്ലുവിളികളില്‍ വീനസ് ഇടറിവീഴുകയായിരുന്നു.

പുതിയ സീസണിലെ മിന്നുന്ന പ്രകടനങ്ങളോടെ ഇക്കുറി റാങ്കിങ്ങില്‍ അനുജത്തിക്കു പിന്നില്‍ രണ്ടാമതെത്തിയിരിക്കുകയാണ് വീനസ്.മാഡ്രിഡില്‍ നടന്ന ഡബ്ല്യു.ടി.എ. ടൂര്‍ണമെന്റില്‍ ഇറ്റലിയുടെ ഫ്രാന്‍സിസ്‌കാ ഷിയാവോണിനെ തോല്‍പ്പിച്ചതോടെയാണ് കരോളിന്‍ വൊസ്‌നിയാക്കിയെ മറികടന്ന് വീനസ് രണ്ടാം റാങ്കിലേക്ക് കുതിച്ചു കയറിയത്.

റാങ്കിങ്ങിലെ നേട്ടം പക്ഷേ, മാഡ്രിഡില്‍ കിരീടവുമായി ആഘോഷിക്കാന്‍ വീനസിനു സാധിച്ചില്ല. ടൂര്‍ണമെന്റില്‍ ഫൈനല്‍വരെയെത്തിയെങ്കിലും കലാശക്കളിയില്‍ ഫ്രഞ്ച് താരം അരവനെ റസായി നേരിട്ടുള്ള സെറ്റുകളില്‍ വീനസിനെ കെട്ടു കെട്ടിച്ചു.
ഏഴുവര്‍ഷത്തിനു ശേഷമാണ് വില്യംസ് സഹോദരിമാര്‍ ആദ്യ രണ്ടു റാങ്കുകളില്‍ തിരിച്ചെത്തുന്നത്.

2002 ജൂണ്‍ പത്തിലാണ് ഇവര്‍ ആദ്യമായി ഒന്നും രണ്ടും റാങ്കിലെത്തുന്നത്. അന്ന് വീനസ് ഒന്നാം റാങ്കും സെറീന രണ്ടാം റാങ്കുമായിരുന്നു. ജൂലായ് ഏഴുവരെ ഇതു തുടര്‍ന്നു. അടുത്ത ദിവസം ചേച്ചിയെ മറികടന്ന് സെറീന ഒന്നാമതെത്തി . അടുത്ത വര്‍ഷം ഏപ്രില്‍ 13 വരെ ഇരുവരും ആദ്യ രണ്ടു റാങ്കില്‍ തുടര്‍ന്നു. തുടര്‍ന്ന് ആവര്‍ഷം മെയ് 5 മുതല്‍ 11 വരെയുള്ള ആഴ്ചയിലും സെറീന ഒന്നാം റാങ്കും വീനസ് രണ്ടാം റാങ്കുമായി.

അതിനുശേഷം ഇക്കുറിയാണ് ഇരുവരും ആദ്യ റാങ്കുകളില്‍ ഒരുമിച്ചെത്തുന്നത്.

റാങ്കിങ്ങില്‍ മുന്നിട്ടു നില്‍ക്കുമ്പോഴും അടുത്തയിടെ കളിച്ച രണ്ടു ടൂര്‍ണമെന്റിലും സഹോദരിമാര്‍ക്കു തോല്‍വിയായിരുന്നു ഫലം. ഇറ്റാലിയന്‍ ഓപ്പണില്‍ യെലേന യാങ്കോവിച്ചിനു മുന്നിലായിരുന്നു സഹോദരിമാരുടെ കീഴടങ്ങല്‍. ക്വാര്‍ട്ടറില്‍ വീനസും സെമിയില്‍ സെറീനയും യാങ്കോവിച്ചിനു മുന്നില്‍ കീഴടങ്ങി.

മാഡ്രിഡ് ഓപ്പണില്‍ സെറീനയ്ക്ക് മൂന്നാം റൗണ്ടില്‍ത്തന്നെ ചുവടു പിഴച്ചു. വീനസിന് ഫൈനലിലും.
ഫ്രഞ്ച് ഓപ്പണില്‍ മുന്നേറാന്‍ ഇരുവരും പ്രകടനം മെച്ചപ്പെടുത്തിയേ തീരൂ എന്ന മുന്നറിയിപ്പാണ് എതിരാളികള്‍ നല്‍കുന്നത്.

Sunday 29 August 2010

അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം

സിഡ്‌നി: ഡോക്ടര്‍മാര്‍ മരിച്ചതായി വിധിയെഴുതിയ കുഞ്ഞ് അമ്മയുടെ നെഞ്ചിന്റെ ചൂടേറ്റ് ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് 'ദിവ്യാത്ഭുതം' എന്ന് ഏവരും വിശേഷിപ്പിക്കുന്ന സംഭവം നടന്നത്.

പ്രസവവേളയില്‍ തന്നെ മരിച്ചെന്ന് പറഞ്ഞാണ് 27 ആഴ്ച മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെ അമ്മ കെയ്റ്റ് ഓഗിന് ഡോക്ടര്‍ കൈമാറിയത്. പൊന്നോമനയ്ക്ക് യാത്രാമൊഴിയെന്നോണം അമ്മ കാണിച്ച സ്‌നേഹപ്രകടനങ്ങളാണ് അവര്‍ക്ക് മകനെ തിരിച്ചുനല്കിയത്. മാറോട് ചേര്‍ത്തു തലോടിയും കൈകളില്‍ താലോലിച്ചും അമ്മ ചൂട് പകര്‍ന്നപ്പോള്‍ രണ്ടു മണിക്കൂറിനു ശേഷം കുഞ്ഞ് പതുക്കെ കണ്ണു തുറക്കുകയായിരുന്നു. കെയ്റ്റ് ചുണ്ടില്‍ മുലപ്പാല്‍ തൊട്ടുനല്കിയപ്പോള്‍ കുഞ്ഞിന്റെ ശ്വാസഗതിയും സാധാരണനിലയിലായി.

എന്നാല്‍ കുഞ്ഞ് ജീവിച്ചിരിക്കുന്നതായി അറിയിച്ചിട്ടും ഡോക്ടര്‍ ആദ്യം വിശ്വസിക്കാന്‍ കൂട്ടാക്കിയില്ലെന്ന് കെയ്റ്റ് പറയുന്നു. കുഞ്ഞിന്റെ അനക്കം വീഡിയോയില്‍ പകര്‍ത്തിക്കാണിച്ചപ്പോള്‍ മാത്രമാണ് ഡോക്ടര്‍ മടങ്ങിയെത്തി ശുശ്രൂഷ നല്കാന്‍ തയ്യാറായത്.

അഞ്ചു മാസം മുമ്പ് നടന്ന സംഭവം ശനിയാഴ്ചയാണ് കെയ്റ്റും ഭര്‍ത്താവ് ഡേവിഡ് ഓഗും ഒരു ടി.വി. പരിപാടിയില്‍ വെളിപ്പെടുത്തിയത്. ജാമി ഓഗ് എന്ന് പേരിട്ടിരിക്കുന്ന 'അത്ഭുതശിശു'വും ഇരട്ട സഹോദരിയായ എമിലിയും അച്ഛനമ്മമാര്‍ക്കൊപ്പം പരിപാടിക്കെത്തിയിരുന്നു.

ജനിക്കുമ്പോള്‍ 900 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന ജാമിക്ക് ഇപ്പോള്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. എങ്കിലും ഡോക്ടര്‍മാരുടെ അനാസ്ഥയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കെയ്റ്റും ഭര്‍ത്താവും.

Saturday 28 August 2010

മദര്‍ തെരേസയുടെ സ്മരണയ്ക്ക് നാണയം പുറത്തിറക്കി


ന്യൂഡല്‍ഹി: കരുണയുടെയും സ്‌നേഹത്തിന്റെയും ദീപം തെളിയിച്ച് ലോകത്തിന് പ്രകാശമായി മാറിയ മദര്‍ തെരേസയ്ക്ക് ജന്മശതാബ്ദി വേളയില്‍ രാജ്യത്തിന്റെ ആദരം. മദറിന്റെ സ്മരണയ്ക്കായി പുതിയ അഞ്ച് രൂപ നാണയം ശനിയാഴ്ച പ്രകാശനം ചെയ്തു. രാഷ്ട്രപതി പ്രതിഭാപാട്ടീലാണ് നാണയവും സ്മരണികയും ധനമന്ത്രി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ഏറ്റുവാങ്ങിയത്. ലോകമെങ്ങുമുള്ള അഗതികള്‍ക്ക് അത്താണിയായി മാറിയ 'മിഷനറീസ് ഓഫ് ചാരിറ്റി' എന്ന കാരുണ്യസംരംഭത്തിന് 'പാവങ്ങളുടെ അമ്മ' തുടക്കം കുറിക്കുമ്പോള്‍ അഞ്ച് രൂപ മാത്രമായിരുന്നു മൂലധനം.

'അമ്മ' എന്ന വാക്കിന്റെ പരിപൂര്‍ണമായ അര്‍ഥമായിരുന്നു മദര്‍ തെരേസയെന്ന് നാണയത്തിന്റെ പ്രകാശനവേളയില്‍ രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ''ലോകത്തെങ്ങും ഒരേ സമയം ഉണ്ടാകാന്‍ ദൈവത്തിന് കഴിയാത്തതുകൊണ്ടാണ് ദൈവം തന്റെ പ്രതിനിധിയായി അമ്മയെ സൃഷ്ടിച്ചത്. പ്രായമായവരും ഒറ്റപ്പെട്ടവരും തൊഴിലില്ലാത്തവരും മാറാവ്യാധികളുടെ പിടിയിലമര്‍ന്നവരും കുടുംബങ്ങളില്‍ നിന്ന് നിഷ്‌കാസിതരായവരുമായ ഒട്ടേറെപ്പേര്‍ക്ക് നീലക്കരയോട് കൂടിയ വെള്ളസാരി ധരിച്ച അമ്മയുടെയും മിഷനറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളുടെയും രൂപം തന്നെ പ്രത്യാശയുടെ പ്രതീകമാണ്''- രാഷ്ട്രപതികൂട്ടിച്ചേര്‍ത്തു.

യുണൈറ്റഡ്-കോണ്ടിനെന്റല്‍ ലയനത്തിന് പച്ചക്കൊടി

ന്യൂയോര്‍ക്ക് : .യുണൈറ്റഡ് എയര്‍ലൈന്‍സില്‍ കോണ്ടിനെന്റ്ല്‍ എയര്‍ലൈന്‍സ് ലയിക്കുന്നതിന് അമേരിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതോടെ ലോകത്തെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനിയായി പുതിയ കമ്പനി മാറും. 2900 കോടി ഡോളറായി വരുമാനം ഉയരുമെന്നും നിരീക്ഷിക്കപ്പെടുന്നു. 320 കോടി ഡോളറിനാണ് കോണ്ടിനെന്റലിനെ യുണൈറ്റഡ് ഏറ്റെടുക്കുന്നത്. അടുത്ത മാസം ഇരു കമ്പനികളുടെയും ഓഹരിയുടമകളുടെ അംഗീകാരം ലഭിക്കുന്നതോടെ ലയനം പൂര്‍ത്തിയാവുമെന്ന് കരുതുന്നു.

നെര്‍വാക്ക് വിമാനത്താവളത്തിലെ ചില ഹബുകള്‍ ചിലവു കുറഞ്ഞ വിമാന സര്‍വീസ് നടത്തുന്ന കമ്പനിയായ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന് നല്‍കാമെന്ന് ഇരു കമ്പനികളും സമ്മതിച്ചതോടെയാണ് ലയനത്തിന് അംഗീകാരം ലഭിച്ചത്.

വ്യോമഗതാഗത രംഗത്തെ ശക്തമായ മത്സരത്തിന്റെ ഭാഗമായി ഹബുകള്‍ നല്‍കാന്‍ ഇരു കമ്പനികളും നേരത്തെ തെയ്യാറായിരുന്നില്ല. എന്നാല്‍, മത്സരം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇരു കമ്പനികളും ഹബുകള്‍ വിട്ടു കൊടുക്കാന്‍ തീരുമാനിച്ചത്. കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ് മേധാവി ജെഫ് മിസ്‌ക്ക് പുതിയ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാവുമെന്നാണ് സൂചന. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഗ്ലെന്‍ ടില്‍ടണ്‍ കമ്പനിയുടെ നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍മാനാകുമെന്നും പ്രതീക്ഷിക്കുന്നു.

പുതിയ കമ്പനിയില്‍ യൂണൈറ്റഡ് എയര്‍ലൈന്‍സ് ഓഹരി ഉടമകള്‍ക്ക് 55 ശതമാനം പങ്കാളിത്തമുണ്ടാവും. 675 കോടി ഡോളറായിരിക്കും പുതിയ കമ്പനിയുടെ വിപണി മൂല്യം. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ലയനം യൂണൈറ്റഡിന് സഹായകമാവും. പുതിയ കമ്പനിയില്‍ 693 വിമാനങ്ങളായിരിക്കും ഉണ്ടാവുക. 59 രാജ്യങ്ങളിലായി 370 കേന്ദ്രങ്ങളിലേക്ക കമ്പനി സര്‍വീസ് നടത്തും

Thursday 26 August 2010

മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍


മൊബൈല്‍ഫോണ്‍ ഇന്ന് ഒരാവശ്യമെന്നല്ല, ഒഴിവാക്കാനാവാത്ത ഒന്നായിത്തന്നെ മാറിക്കഴിഞ്ഞു. ഏതു വിദൂരതയിലേക്കു പോകുമ്പോഴും അടുപ്പവും ആശ്വാസവും ആത്മവിശ്വാസവും പകരുന്ന ഒരുപകരണമായി അത് മാറിക്കഴിഞ്ഞു. അതേസമയം തന്നെ ഏതൊരുപകരണത്തിന്റെയും കാര്യത്തിലെന്ന പോലെ മൊബൈല്‍ഫോണിന്റെ കാര്യത്തിലും പല തരത്തിലുള്ള ദുരുപയോഗങ്ങള്‍ നടക്കുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികളുടെയും യുവാക്കളുടെയും കാര്യത്തില്‍. മൊബൈല്‍ഫോണ്‍മൂലമുള്ള സാംസ്‌കാരിക, സാമൂഹിക പ്രശ്‌നങ്ങള്‍ പോലെ തന്നെ പ്രധാനമാണ് അതു കൊണ്ടുണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങളും.

മൊബൈല്‍ഫോണുകളും മൊബൈല്‍ ടവറുകളും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റി വിവിധ രാജ്യങ്ങളിലായി ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇവ അനാരോഗ്യകരമാണെന്നും അല്ലെന്നുമൊക്കെ പല നിഗമനങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും സമര്‍ഥിക്കാന്‍ വേണ്ട മികച്ച തെളിവുകള്‍ ലഭിച്ചിട്ടില്ലാത്തതിനാല്‍ അവയില്‍നിന്നുള്ള പഠനങ്ങള്‍ ആധികാരികമായി പുറത്തുവന്നിട്ടില്ല. മൊബൈല്‍ഫോണ്‍ ടവറുകള്‍ വീടുകളുടെ മുറ്റത്തും കെട്ടിടങ്ങളുടെ മുകളിലുമൊക്കെ സ്ഥാപിക്കുമ്പോള്‍ അവയില്‍ നിന്നുണ്ടാകാവുന്ന വികിരണങ്ങള്‍ എന്തൊക്കെ പ്രശ്‌നങ്ങളാണുണ്ടാക്കുക എന്നതിനെക്കുറിച്ചും ഇപ്പോള്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പരിധിയിലധികം വികിരണങ്ങളുണ്ടാകുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുമെന്നും അതിനാല്‍ മൊബൈല്‍ഫോണ്‍ കമ്പനികള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത് അടുത്തിടെയാണല്ലോ! വളരെ ചെറിയ തോതിലുള്ള പ്രസരണങ്ങള്‍ പോലും ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. കെ.ആര്‍. രാമന്‍, രാജേഷ് ചോപ്ര എന്നിവര്‍ നടത്തിയ ഒരു പഠനത്തില്‍ വെളിപ്പെട്ട പല വിവരങ്ങളും ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

മൊബൈല്‍ ടവറിന്റെ റേഡിയേഷന്‍ 600 മൈക്രോവാട്ട്/മീറ്റര്‍ സ്‌ക്വയറില്‍ കൂടുതലായിരിക്കരുതെന്ന് ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് നോണ്‍ അയഡൈസ്ഡ് റേഡിയേഷന്റെ ശുപാര്‍ശയില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഇത് പലപ്പോഴും 7620 മൈക്രോവാട്ടില്‍ കൂടുതലായിരിക്കാറുണ്ടെന്നതാണ് വസ്തുത. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ കവറേജും നല്ല തോതില്‍ സിഗ്‌നല്‍ റിസപ്ഷനും നല്‍കണമെങ്കില്‍ ഇത്തരത്തില്‍ വളരെ കൂടുതല്‍ റേഡിയേഷനുള്ള ടവറുകള്‍ വേണ്ടിവരുമെന്നാണ് മൊബൈല്‍ കമ്പനികള്‍ പറയുന്നത്.

പൊതുജനത്തിന്റെ ആരോഗ്യകാര്യങ്ങള്‍ പരിഗണിക്കുന്നതിനേക്കാള്‍, ഉപയോക്താക്കള്‍ക്ക് നല്ല കവറേജ് നല്‍കാനാണ് മൊബൈല്‍ കമ്പനികള്‍ ശ്രദ്ധിക്കുന്നത്. മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള നിലയിലേക്ക് റേഡിയേഷന്‍ ഒതുക്കിനിര്‍ത്തണമെങ്കില്‍ മൊബൈല്‍ കമ്പനികള്‍ വളരെയധികം ടവറുകള്‍ സ്ഥാപിക്കേണ്ടി വരും. കൂടുതല്‍ പ്രസരണമുള്ള ഒരു ടവര്‍ സ്ഥാപിച്ച് നാലു ടവറില്‍ നിന്നു ലഭിക്കുന്ന കവറേജ് ഉറപ്പാക്കുമ്പോള്‍ കമ്പനി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ കവറേജ് നല്‍കുകയും സ്വയം കൂടുതല്‍ ലാഭമുണ്ടാക്കുകയുമാണ് ചെയ്യുന്നത്.

അടുത്തിടെ പുറത്തുവന്ന ചില കണക്കുകളനുസരിച്ച് ആറു മുതല്‍ ഒന്‍പതു വയസ്സു വരെയുള്ള കുട്ടികളില്‍ 22 ശതമാനത്തോളം പേരും 10-14 പ്രായത്തിലുള്ളവരില്‍ 60 ശതമാനത്തോളം പേരും 15-18 പ്രായത്തിലുള്ള 84 ശതമാനം പേരും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരാണ്; സ്വന്തമായി ഫോണ്‍ ഉണ്ടായാലും ഇല്ലെങ്കിലും. മൊബൈല്‍ഫോണുകളും മൊബൈല്‍ ടവറുകളും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ ഇപ്പോഴും ഗവേഷണങ്ങള്‍ നടന്നുവരികയാണ്. ലോകമെമ്പാടും മൊബൈല്‍ഫോണ്‍ ഇത്രകണ്ട് വ്യാപകമായിട്ട് ഏതാനും വര്‍ഷങ്ങള്‍ ആയിട്ടേ ഉള്ളൂ എന്നതിനാല്‍ അതുകൊണ്ടുള്ള ദോഷങ്ങള്‍ പുറത്തുവരാന്‍ കാലമാകുന്നതേയുള്ളൂ.

എട്ടോ പത്തോ വര്‍ഷം ഈ റേഡിയേഷനുകള്‍ ഏല്‍ക്കുമ്പോള്‍ ശരീരാവയവങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാണുണ്ടായത് എന്നറിയണമെങ്കില്‍ അത്തരം മാരക റേഡിയേഷനുകള്‍ ഏല്‍ക്കേണ്ടി വന്ന ഒരാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് പരിശോധിക്കുക തന്നെ വേണം. എലികളില്‍ ഇത്തരം റേഡിയേഷനുകള്‍ ഏല്പിച്ചു നടത്തിയ പല പഠനങ്ങളും ഗുരുതരമായ പ്രത്യാഘാതങ്ങളും കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ഫോണുകളുടെ ഇലനേക്ട്രാമാഗ്‌നറ്റിക് ഫീല്‍ഡ് മൈക്രോവേവ് പരിധിയിലായിരിക്കണം എന്നാണ് വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ റെഗുലേറ്റിങ് ഏജന്‍സികള്‍ നിഷ്‌കര്‍ഷിക്കുന്നത്. മൊബൈല്‍ഫോണിന്റെ ഔട്ട്പുട്ട് 1.6 വാട്ടിലധികമാകരുതെന്നാണ് ഇപ്പോഴുള്ള നിര്‍ദേശം.

തലച്ചോറിലെ ട്യൂമര്‍, തലവേദന, കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, വന്ധ്യത, ഇടുപ്പെല്ലിന്റെ തേയ്മാനം തുടങ്ങി ഒട്ടേറെ രോഗങ്ങളിലേക്കു നയിക്കാന്‍ ശേഷിയുള്ളതാണ് ഈ റേഡിയേഷനുകള്‍ എന്നാണ് വലിയൊരു വിഭാഗം ഗവേഷകരും വിശ്വസിക്കുന്നത്. മുതിര്‍ന്നവരേക്കാള്‍ ചെറിയ കുട്ടികളെയും വരുംതലമുറയെയുമാണ് ഇത്തരം അപകടങ്ങള്‍ കാത്തിരിക്കുന്നത്. അല്‍ഷൈമേഴ്‌സ് പോലുള്ള രോഗങ്ങളില്‍ മൊബൈല്‍ റേഡിയേഷനുകള്‍ ഒരാശ്വാസ തരംഗമായേക്കാം എന്നും വാര്‍ത്തകളുണ്ട്.

അല്‍ഷൈമേഴ്‌സ് രോഗികള്‍ക്ക് ആശ്വാസം ലഭിക്കണമെങ്കിലും ഈ തരംഗങ്ങള്‍ ശരീരത്തെ കാര്യമായി ബാധിക്കണമല്ലോ! മൊബൈല്‍ഫോണുകളില്‍നിന്നുള്ള തരംഗങ്ങള്‍ തലച്ചോറിലെ നിഷ്‌ക്രിയ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുമെന്നും അത് അല്‍ഷൈമേഴ്‌സ് പോലുള്ള രോഗങ്ങളില്‍നിന്ന് ആശ്വാസമേകുമെന്നുമാണ് നിഗമനം.

മൊബൈല്‍ഫോണുകള്‍ നല്‍കുന്ന വലിയ സൗകര്യങ്ങളും സേവനവും വിസ്മരിക്കാനോ അവ ഒഴിവാക്കാനോ നമുക്കു സാധ്യമല്ല. അതിന്റെ ആവശ്യവുമില്ല. എന്നാല്‍ അത് അനാരോഗ്യകരമായി മാറാതിരിക്കാന്‍ ചില കാര്യങ്ങളിലെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. നമുക്ക് പ്രത്യേകം ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങള്‍ ഇവയാണ്:

1. അത്യാവശ്യങ്ങള്‍ക്കു മാത്രം മൊബൈല്‍ഫോണ്‍ ഉപയോഗിക്കുക
2. കൂടുതല്‍ സമയം സംസാരിക്കണമെന്നുണ്ടെങ്കില്‍ ലാന്‍ഡ് ഫോണ്‍
ഉപയോഗിക്കുക
3. മൊബൈല്‍ഫോണ്‍ ഷര്‍ട്ടിന്റെയോ പാന്റ്‌സിന്റെയോ പോക്കറ്റില്‍ ഇടുന്നതിനു പകരം ഹാന്‍ഡ് ബാഗിലോ മറ്റോ സൂക്ഷിക്കുക
4. ഗര്‍ഭകാലത്ത് മൊബൈല്‍ഫോണിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക
5. ദുര്‍ബലമായ സിഗ്‌നല്‍ ഉള്ളിടങ്ങളില്‍നിന്ന് സംസാരിക്കരുത്
6. വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ സംസാരം കഴിവതും ഒഴിവാക്കുക. വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ സിഗ്‌നല്‍ കിട്ടണമെങ്കില്‍ വളരെക്കൂടുതല്‍ റേഡിയേഷന്‍ ആവശ്യമായി വരും
7. ഉറങ്ങുമ്പോള്‍ കിടക്കയുടെയോ തലയിണയുടെയോ അടിയില്‍ മൊബൈല്‍ഫോണ്‍ സൂക്ഷിക്കരുത്. വീട്ടില്‍ അലാം വെക്കാനായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക
8. കുട്ടികള്‍ ഉറങ്ങുന്ന മുറിയില്‍ മൊബൈല്‍ഫോണ്‍ വെക്കരുത്
9. സ്‌കൂള്‍ കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ നല്‍കരുത്.
                                                                     ഡോ. എം.എന്‍.വെങ്കിടേശ്വരന്‍

Tuesday 24 August 2010

കേരളം ഇനി ദേശീയ വിജ്ഞാന ശൃംഖലയില്‍




തിരുവനന്തപുരം: രാജ്യത്തെ എല്ലാ വിജ്ഞാന സ്ഥാപനങ്ങളെയും അതിവേഗ ഇന്‍റര്‍നെറ്റ് സംവിധാനത്തിലൂടെ ബന്ധിപ്പിക്കുന്ന ദേശീയ വിജ്ഞാന ശൃംഖലയുടെ ഭാഗമായി കേരളം മാറി. വിജ്ഞാനവും അത് ലഭിക്കുന്ന സവിശേഷ സ്രോതസ്സുകളും പങ്കിടാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ പരസ്​പര സഹകരണത്തിലൂടെ ഗവേഷണങ്ങളിലേര്‍പ്പെടാനും അവസരമൊരുക്കുന്ന വിപുലമായ പദ്ധതിയാണിത്.

കഴിഞ്ഞ മാര്‍ച്ച് 25ന് ചേര്‍ന്ന അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള കേന്ദ്ര മന്ത്രിസഭാ ഉപസമിതി 5990 കോടി രൂപ ചെലവില്‍ 10 വര്‍ഷം കൊണ്ട് ദേശീയ വിജ്ഞാന ശൃംഖല രൂപപ്പെടുത്താനുള്ള പദ്ധതിക്ക്അംഗീകാരം നല്‍കിയിരുന്നു. ഇത് നടപ്പാക്കാനുള്ള ചെലവിന്റെ 75 ശതമാനം കേന്ദ്ര സര്‍ക്കാരും ബാക്കി 25 ശതമാനം സംസ്ഥാന സര്‍ക്കാരുകളും വഹിക്കണമെന്നായിരുന്നു വ്യവസ്ഥ. ഓരോ സര്‍വകലാശാലയ്ക്കും ശൃംഖലയുടെ ഭാഗമാകുന്നതിന് 10 വര്‍ഷത്തേക്ക് നികുതിയടക്കം 55 ലക്ഷത്തോളം രൂപ ചെലവു വരും. ഇത് പ്രയോജനപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യമായി 400 നോഡുകള്‍ ഉള്‍പ്പെടുന്ന ലോക്കല്‍ ഏരിയ നെറ്റ്‌വര്‍ക്ക് ഏര്‍പ്പെടുത്താന്‍ 11 ലക്ഷത്തോളം രൂപ വേറെയും വേണം.

കേരളത്തില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ പദ്ധതിയിലേക്ക് സര്‍ക്കാര്‍ -എയ്ഡഡ് മേഖലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് 172 കോളേജുകളാണ്. ഇതില്‍ 170 കോളേജുകളിലും അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തിയായിട്ടുണ്ട്. ഇനി സര്‍വകലാശാലകളില്‍ റൗട്ടര്‍ സങ്കേതം കൂടി സ്ഥാപിച്ചുകഴിഞ്ഞാല്‍ കേരളത്തില്‍ ശൃംഖല പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്ര വിപുലമായ രീതിയില്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നത്.

രാജ്യത്തെ ഓരോ മേഖലയിലും പ്രമുഖരായ വ്യക്തികള്‍ക്ക് കേരളത്തില്‍ വരാതെ തന്നെ ഏപ്പോള്‍ വേണമെങ്കിലും ഇവിടത്തെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനാവുമെന്നതാണ് വിജ്ഞാന ശൃംഖലയുടെ നേട്ടങ്ങളിലൊന്ന്. വിജ്ഞാനശൃംഖലയില്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ഉള്ളടക്കം പ്രദാനം ചെയ്യുന്ന പ്രധാന കേന്ദ്രമായും ഇപ്പോള്‍ കേരളം മാറിയിട്ടുണ്ട്. പഴയകാല അദ്ധ്യാപകരുടെ ക്ലാസ് നോട്ടുകളും അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതുമായ 'ഗുരുസ്മരണ' എന്ന പോര്‍ട്ടല്‍ ഇതിന്റെ ഭാഗമാണ്. പ്രമുഖരായ അദ്ധ്യാപകര്‍ നേരിട്ടു തയ്യാറാക്കിയ കുറിപ്പുകളും അവരില്‍ നിന്നു വിദ്യാര്‍ത്ഥികള്‍ കേട്ടെഴുതിയ നോട്ടുകളും ഇതില്‍ ലഭ്യമാക്കിയിട്ടുണ്ട്. എന്‍ജിനീയറിങ് മേഖലയിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി 'കെ-ബേസ്' എന്ന മറ്റൊരു പോര്‍ട്ടലും ആവിഷ്‌കരിച്ചിട്ടുണ്ട്.

പ്രമുഖരായ അദ്ധ്യാപകരുടെ ക്ലാസ്സുകള്‍ റെക്കോഡ് ചെയ്യാനും അതു സൗജന്യമായി ഓണ്‍ലൈനിലൂടെ ലഭ്യമാക്കാനുമുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. എജുസാറ്റ് മുഖേന കോളേജുകളില്‍ ഇത് എത്തിച്ചുകൊടുക്കുകയും ചെയ്യും. തിരുവനന്തപുരത്തുള്ള അദ്ധ്യാപകന്റെ ക്ലാസ് കാസര്‍കോട്ടെ കോളേജിലുള്ള വിദ്യാര്‍ത്ഥിക്കും ലഭ്യമാകുന്ന രീതിയിലാണിത് വിഭാവനം ചെയ്തിട്ടുള്ളത്. കേരളത്തില്‍ ഇപ്പോള്‍ കോളേജുകളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ വിവരങ്ങള്‍, അവരുടെ പഠന മേഖലകള്‍, ഗവേഷണ പ്രബന്ധങ്ങള്‍, ക്ലാസ് നോട്ടുകള്‍ ഉള്‍പ്പെടെയുള്ള സൃഷ്ടികള്‍ എന്നിവ ലഭ്യമാക്കുന്നതിനായി 'ദ സ്‌കോളര്‍' എന്ന പോര്‍ട്ടലും അണിയറയില്‍ ഒരുങ്ങുന്നു. ദേശീയ വിജ്ഞാന ശൃംഖല കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ പേരില്‍ കൂടുതല്‍ കേന്ദ്ര സഹായം നേടിയെടുക്കാനുള്ള ശ്രമങ്ങളും കേരളം ശക്തമാക്കിയിട്ടുണ്ട്.
Tags:   http://www.mathrubhumi.com/tech/article/121634

Monday 23 August 2010

പൂക്കളം തീര്‍ക്കാന്‍ 100 കോടി

കോയമ്പത്തൂര്‍: തൃശ്ശൂരിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വേള്‍പൂള്‍ ഒരുക്കിയ 14,400 ചതുരശ്രയടി വലിപ്പമുള്ള ഓണപ്പൂക്കളത്തിന് ചെലവായത് 12 ടണ്‍ പൂക്കള്‍. ചെലവ് 19 ലക്ഷത്തോളം രൂപയും. ഗിന്നസ് ബുക്ക് ലക്ഷ്യമിട്ട് കോഴിക്കോട്ട് ഒരുക്കിയ 17,662 ചതുരശ്ര അടി വലിപ്പമുള്ള സ്‌നേഹപ്പൂക്കളത്തിന് ചെലവ് 30 ലക്ഷം രൂപ. ഓണാഘോഷത്തിന്റെ ഭാഗമായി കേരളത്തില്‍ വിവിധ സംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന പൂക്കളമത്സരം 20,000-ത്തിലേറെ.

കേരളത്തിനുപുറത്ത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍മാത്രം ഓണാഘോഷത്തിന് 10,000-ത്തില്‍പ്പരം പൂക്കളമത്സരങ്ങള്‍. പൂക്കളമൊന്നിന് ശരാശരി ചെലവ് 1500 രൂപ. പൂക്കളത്തിനായി മലയാളി ഓണക്കാലത്ത് ചെലവിടുന്നത് ഏതാണ്ട് 100 കോടി രൂപ. ഓണക്കാലത്ത് കേരളത്തിലെ പൂകര്‍ഷകര്‍ നേടുന്നത് രണ്ടു ശതമാനം മാത്രം. ബാക്കി 98 കോടിയും തമിഴ്‌നാടും കര്‍ണാടകവും പങ്കിടുകയാണ്. ഇതില്‍ തമിഴ്‌നാടിന്റെ ഓഹരി 70 ശതമാനം. കോയമ്പത്തൂര്‍, തോവാള പൂമാര്‍ക്കറ്റുകളാണ് ഓണക്കാലത്ത് വന്‍ കൊയ്ത്ത് നടത്തുന്നത്. വലിപ്പംകൊണ്ട് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പൂമാര്‍ക്കറ്റായ ബാംഗ്ലൂര്‍ മാര്‍ക്കറ്റും ഓണം ശരിക്കും ആഘോഷിക്കുന്നു.

ഓണക്കാലത്ത് പൂവിനായി 100 രൂപ മുടക്കാന്‍ ആരും മടിക്കില്ല. ഈ മനഃശാസ്ത്രമറിഞ്ഞാണ് പൂവില്പനക്കാര്‍ ലാഭംകൊയ്യുന്നത്. മഞ്ഞയും ഓറഞ്ചും നിറമുള്ള ചെണ്ടുമല്ലി, വയലറ്റ് നിറമുള്ള വാടാമല്ലി, ചുവപ്പ് നിറമുള്ള ചീരപ്പൂ. വയലറ്റ് ഉള്‍പ്പെടെ വിവിധ നിറങ്ങളിലുള്ള ജമന്തി- ഒരു പൂക്കളം തീര്‍ക്കാന്‍ ഇവ ധാരാളം. എല്ലാം വാങ്ങുമ്പോഴേക്കും 100 രൂപയാകും. വില അങ്ങിനെയാണ്-അത്തം മുതല്‍ തിരുവോണംവരെ വില കുതിച്ചുയരുന്ന വസ്തുക്കളില്‍ ഒന്നാംസ്ഥാനം പൂവിനുതന്നെ.

നൂറ്റാണ്ടിന്റെ പാരമ്പര്യവും വില്പനയില്‍ ദക്ഷിണേന്ത്യയില്‍ ഒന്നാംസ്ഥാനവുമുള്ള കോയമ്പത്തൂര്‍ പൂമാര്‍ക്കറ്റില്‍ പൂവിന് തൊട്ടാല്‍പ്പൊള്ളുന്ന വില. വെള്ള ജമന്തിക്ക് കിലോഗ്രാമിന് 240 രൂപ. മഞ്ഞ ജമന്തിക്ക് 100 രൂപ. സുലഭമായ ചീരപ്പൂവിന് 70. മഞ്ഞ ചെണ്ടുമല്ലിക്കും ഓറഞ്ചിനും 60രൂപയും. ഈ ഇനങ്ങളാണ് ഓണവിപണിയിലേക്ക് ധാരാളമായി എത്തുന്നത്. ലോറിയില്‍ കയറ്റി ചെറുകിട പൂക്കച്ചവടക്കാരുടെ കൈയിലെത്തുമ്പോഴേക്കും 30 മുതല്‍ 40 ശതമാനംവരെ വില ഉയരും.

മൊത്ത വില്പനയില്‍ മുന്നില്‍ കോയമ്പത്തൂര്‍ പൂമാര്‍ക്കറ്റാണെങ്കിലും വിളവെടുക്കുന്നത് 150 കി.മീറ്റര്‍ അകലെ ഹൊസൂരിലാണ്.
കോയമ്പത്തൂര്‍ ജില്ലയില്‍ മേട്ടുപ്പാളയം, തുടിയല്ലൂര്‍, കാരമട, ഉദുമല്‍പേട്ട എന്നിവിടങ്ങളിലും പൂന്തോട്ടങ്ങളുണ്ട്. പക്ഷേ, ഇവിടെ ഉല്പാദിപ്പിക്കുന്നത് ചെണ്ടുമല്ലി ഇനങ്ങള്‍ മാത്രം.

അത്തംമുതല്‍ പ്രതിദിനം ശരാശരി 20 ലോറി പൂക്കളാണ് പൂക്കളത്തിന് മാത്രമായി കോയമ്പത്തൂരില്‍നിന്നും കേരളത്തിലെത്തിക്കുന്നത്. കൊച്ചി മുതല്‍ വടകരവരെയാണ് വിതരണം. കൊച്ചി മുതല്‍ തിരുവനന്തപുരംവരെയുള്ള മേഖല തോവാള മാര്‍ക്കറ്റിന് സ്വന്തം. പ്രതിദിനം 12 ലോറി പൂക്കളാണ് തോവാളയില്‍നിന്ന് കേരളത്തിലെത്തിക്കുന്നത്. തിരുവോണ നാളില്‍ വില്പന 50 ശതമാനംവരെ ഉയരും.
ബാംഗ്ലൂര്‍ പൂമാര്‍ക്കറ്റില്‍നിന്ന് മൈസൂര്‍വഴി എത്തിക്കുന്ന പൂക്കളാണ് വടക്കന്‍ കേരളത്തില്‍ പൂക്കളമൊരുക്കുന്നത്.

തമിഴകത്ത് പൂക്കളമൊരുക്കിയുള്ള ആഘോഷങ്ങളൊന്നുമില്ല. കോലപ്പൊടി ഉപയോഗിച്ചുള്ള കളങ്ങളാണ് തമിഴ്‌നാട്ടുകാര്‍ ആഘോഷങ്ങളില്‍ ഒരുക്കുക. പക്ഷേ, കേരളത്തിലെ എല്ലാ ആഘോഷങ്ങളും ആചാരങ്ങളും തമിഴ്ജനതയ്ക്ക് കാണാപാഠം. ഓണ വിപണിയിലേക്ക് മാത്രമായാണ് ചെണ്ടുമല്ലിയും ജമന്തിയും അധികമായി വിളവിറക്കുന്നത്. രണ്ടരമാസത്തെ അധ്വാനംകൊണ്ട് സ്വന്തമാക്കുന്നത് കോടികള്‍. പിന്നീട്, പൂപ്പാടങ്ങളില്‍ മറ്റു കൃഷികളാണ്.കോയമ്പത്തൂരിലെ മാര്‍ക്കറ്റ് ഗവേഷണവിഭാഗമാണ് കര്‍ഷകര്‍ ഏതുതരം കൃഷി എപ്പോള്‍ നടത്തണമെന്ന ഉപദേശംനല്‍കുന്നത്. ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായതിനാല്‍ നഷ്ടക്കച്ചവടം തമിഴ്‌നാട്ടിലെ കര്‍ഷകനില്ല.

651 കാരിക്കേച്ചറുകളില്‍ സജ്ജീവിന്റെ 'ഉത്രാടപ്പാച്ചില്‍



കൊച്ചി: ഓണത്തലേന്ന് നാടുമുഴുവന്‍ തിരക്കിലമര്‍ന്നപ്പോള്‍ തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രമുറ്റത്ത് ഒരു റെക്കോര്‍ഡിലേക്കുള്ള ഉത്രാടപ്പാച്ചിലിലായിരുന്നു കാര്‍ട്ടൂണിസ്റ്റ് സജ്ജീവ്കുമാര്‍. 12 മണിക്കൂര്‍ കൊണ്ട് ആയിരം കാരിക്കേച്ചറുകള്‍ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ മഷിയുണങ്ങാത്ത പേനയും തളരാത്ത ശരീരവുമായി സജ്ജീവ്, മുന്നിലെത്തുന്നവരെയെല്ലാം വരച്ചുകൊണ്ടേയിരുന്നു.

ഒടുവില്‍ ഉദ്ദേശിച്ച എണ്ണത്തിലെത്താനായില്ലെങ്കിലും 651-ാമത്തെ കാരിക്കേച്ചറായി ഗായിക കൂടിയായ ഭാര്യ ലേഖ ആര്‍.നായരുടെ കാരിക്കേച്ചര്‍ വരച്ച് നിര്‍ത്തുമ്പോള്‍ സജ്ജീവിന്റെ മുഖത്ത്ശരീരത്തേക്കാള്‍ വലിയ ചിരി. 120 കിലോഗ്രാം തൂക്കമുള്ള സജ്ജീവ്, 'ഫാറ്റ് കാര്‍ട്ടൂണിസ്റ്റെ'ന്ന വിളിപ്പേരിനൊപ്പം 'ഫാസ്റ്റ് കാര്‍ട്ടൂണിസ്റ്റു'കൂടിയാകാനുള്ള ശ്രമമാണ് നടത്തിയത്. 'ഉത്രാടപ്പാച്ചില്‍' എന്നുപേരിട്ട പരിപാടിയുടെ സംഘാടകര്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയായിരുന്നു. രാവിലെ 7.45നാണ് സജ്ജീവ് കാരിക്കേച്ചര്‍ യജ്ഞം ആരംഭിച്ചത്.

ഒമ്പതു വയസ്സുകാരനായ മകന്‍ സിദ്ധാര്‍ഥിന്റെ കാരിക്കേച്ചറാണ് ആദ്യം വരച്ചത്. പിന്നീടുള്ള മണിക്കൂറുകളില്‍ ഉത്രാടം നാളില്‍ വാമനമൂര്‍ത്തിയെ തൊഴാനെത്തിയ നൂറുകണക്കിനാളുകള്‍ക്കൊപ്പം രാഷ്ട്രീയ നേതാക്കളായ കെ.ബാബു എംഎല്‍എ, ബെന്നി ബഹ്‌നാന്‍, കാര്‍ട്ടൂണിസ്റ്റ്കൂടിയായ എം.എം.മോനായി എംഎല്‍എ, ചാള്‍സ് ഡയസ് എംപി, സിനിമാതാരങ്ങളായ ജനാര്‍ദനന്‍, വിനുമോഹന്‍, ഗോവിന്ദന്‍കുട്ടി തുടങ്ങിയവര്‍ കാരിക്കേച്ചറുകളിലെ കഥാപാത്രങ്ങളായി. രാത്രി 7.45നാണ് അവസാനത്തെ കാരിക്കേച്ചര്‍ വരച്ചത്. ഒരുദിവസത്തിന്റെ പകുതിയോളം നീണ്ട ഈ യജ്ഞം ഒറ്റയിരിപ്പിലാണ് സജ്ജീവ് പൂര്‍ത്തിയാക്കിയത്. ഇടയ്ക്ക് ഭക്ഷണം കഴിക്കാനോ മൂത്രമൊഴിക്കാനോ പോലും എഴുന്നേറ്റില്ല. ഇടയ്ക്കുള്ള നിമിഷങ്ങളുടെ ഇടവേളകളില്‍ കരിക്കിന്‍വെള്ളം മാത്രം കുടിച്ചു.

നിമിഷങ്ങള്‍ കൊണ്ടാണ് മുന്നിലിരുന്ന ഓരോരുത്തരുടേയും കാരിക്കേച്ചര്‍ സജ്ജീവ് പൂര്‍ത്തിയാക്കിയത്. സാധാരണ കാരിക്കേച്ചറുകളില്‍ നിന്ന് വ്യത്യസ്തമായ മുഖത്തിനൊപ്പം ഉടല്‍ കൂടി സജ്ജീവ് വരച്ചു.

തൃക്കാക്കര പകല്‍പ്പൂരം കാണാനെത്തിയവരുടെ കൈകളില്‍ സജ്ജീവ് വരച്ചുനല്‍കിയ, സ്വന്തം മുഖങ്ങളുണ്ടായിരുന്നു. ആയിരം കാരിക്കേച്ചറുകള്‍ പൂര്‍ത്തിയാക്കാനായില്ലെങ്കിലും സജ്ജീവിന്റെ നേട്ടം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്ന് കാര്‍ട്ടൂണ്‍ അക്കാദമി പ്രസിഡന്റ് പി.പ്രസന്നന്‍ ആനിക്കാട് അറിയിച്ചു.ഇങ്ങനെയൊരു ഉദ്യമത്തില്‍ ഇതുവരെ ലിംക റെക്കോഡ് ഉള്ളതായി അറിയില്ല. അതുകൊണ്ട് ആയിരമെണ്ണം തികച്ചില്ലെങ്കിലും അത് റെക്കോഡിന് പരിഗണിക്കപ്പെട്ടേക്കാം-അദ്ദേഹം പറഞ്ഞു.

Sunday 22 August 2010

ഷോയല്ല, അഹമ്മദാബാദില്‍ റിയല്‍ സ്വയംവരവിവാഹം

അഹമ്മദാബാദ്: സ്വയംവരത്തെക്കുറിച്ച് പുരാണകഥകളില്‍ വായിച്ചറിഞ്ഞും പിന്നീട് റിയാലിറ്റി ഷോയില്‍ കണ്ടും അറിഞ്ഞവര്‍ക്ക് അഹമ്മദാബാദിലെ ഒരു ഗ്രാമത്തില്‍ നിന്നൊരു സ്വയംവര വാര്‍ത്ത. ഇവിടെ നടന്നത് റിയാലിറ്റി ഷോയല്ല റിയല്‍ സ്വയംവരമാണെന്ന് മാത്രം. ഭാനുമതി റാവല്‍ എന്ന 55 വയസുകാരി വിധവയാണ് തന്റെ ഗ്രാമത്തിലെ സമപ്രായക്കാരായ 36 പേരില്‍ നിന്ന് തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയത്. രാജേന്ദ്ര റാവല്‍ ആണ് ഭാനുമതിയുടെ പുതിയ തോഴന്‍.

ഗാന്ധിനഗര്‍ ജില്ലയിലെ മാന്‍സ ഗ്രാമത്തിലാണ് സ്വയംവരം നടന്നത്. ഗ്രാമത്തിനും ഇത് പുതുമയുള്ള ഒരു സംഭവമായി എന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോകാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു രീതിയില്‍ വിവാഹം കഴിച്ചതെന്നും പങ്കാളിയെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഭാനുമതി റാവല്‍ പറഞ്ഞു. രാജേന്ദ്ര റാവലും ഏതാണ്ട് ഇതേ ജീവിതാവസ്ഥയുള്ള വ്യക്തിയാണ്. ജീവിതാന്ത്യം വരെ സന്തോഷം പകരാന്‍ ഭാനുമതിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി രാജേന്ദ്ര റാവല്‍ പറഞ്ഞു.

ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു എന്‍.ജി.ഒയുടെ നേതൃത്വത്തിലാണ് സ്വയംവരം നടത്തിയത്. 36 പേര്‍ പങ്കെടുത്ത ആദ്യ റൗണ്ടില്‍ നിന്ന് 10 പേരെയാണ് ഫൈനലിലേക്ക് തിരഞ്ഞെടുത്തത്. പിന്നീട് എലിമിനേഷന്‍ പ്രകാരം മൂന്ന് പേര്‍ മാത്രമായി ചുരുങ്ങി. ഇതില്‍ നിന്നാണ് ഒരു ജാതി വിഭാഗത്തില്‍ പെട്ട രാജേന്ദ്രയെ തിരഞ്ഞെടുത്തത്. രാഖി സാവന്തിന്റെ 'സ്വയംവരം' എന്ന റിയാലിറ്റി ഷോ ടിവിയിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഭാനുമതിയുടെ മൂന്നാം വിവാഹമാണിത്. ആദ്യത്തെ ബന്ധത്തില്‍ വിവാഹമോചനം നേടിയപ്പോള്‍ രണ്ടാം ഭര്‍ത്താവ് മരിച്ചുപോവുകയും ചെയ്തു. കുട്ടികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഒറ്റപ്പെട്ട് കുറച്ചുകാലമായി വൃദ്ധസദനത്തില്‍ കഴിയുകയായിരുന്നു ഭാനുമതി. രാജേന്ദ്ര റാവലിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യ പതിനാറ് വര്‍ഷം മുമ്പ് മരിച്ചു.

ദുരഭിമാന കൊലകള്‍ തുടര്‍ക്കഥയായി കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇങ്ങനെയൊരു വിവാഹം കഴിച്ചതില്‍ രാജേന്ദ്രയ്ക്ക് ചെറിയൊരു പേടിയില്ലാതില്ല. അദ്ദേഹം അത് മറച്ചുവെയ്ക്കുന്നുമില്ല. ബന്ധുക്കളും മക്കളും വിവാഹത്തെ എതിര്‍ത്തിരുന്നതായി അദ്ദേഹം പറഞ്ഞു. വിധവകളും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായവര്‍ക്ക് ഈ മാതൃകയില്‍ വിവാഹം സംഘടിപ്പിക്കുമെന്ന് എന്‍.ജി.ഒ. സംഘാടകന്‍ നഥുഭായ് പട്ടേല്‍ വ്യക്തമാക്കി.

Saturday 21 August 2010

ഇറാന്റെ ആദ്യ ആണവനിലയം പ്രവര്‍ത്തനം തുടങ്ങി



ടെഹ്‌റാന്‍: മൂന്ന് ദശകം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇറാന്റെ ആദ്യത്തെ ആണവ നിലയത്തില്‍ ഇന്ധനം നിറയ്ക്കുന്ന പ്രവര്‍ത്തനം തുടങ്ങി. ഇന്ധനം നിറയ്ക്കാന്‍ തുടങ്ങിയാല്‍ നിലയം പ്രവര്‍ത്തനം തുടങ്ങിയെന്നാണര്‍ഥം. ഇറാന്‍ അണുബോംബ് നിര്‍മാണത്തിനുവേണ്ടി ശ്രമിക്കുകയാണെന്ന അന്താരാഷ്ട്ര ആശങ്കകള്‍ക്കും ഒട്ടേറെ യു.എന്‍. ഉപരോധങ്ങള്‍ക്കുമിടയിലാണ് റഷ്യന്‍ സഹകരണത്തോടെ നിലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.

ഇറാന്‍ ആണവോര്‍ജ ഏജന്‍സി തലവന്‍ അലി അക്ബര്‍ സലേഷിയും റഷ്യന്‍ ആണവോര്‍ജ തലവന്‍ സെര്‍ജികിരിയങ്കോവും നിലയത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നത് ഔദ്യോഗിക ടെലിവിഷന്‍ തത്‌സമയം സംപ്രേഷണം ചെയ്തു. പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം തുടങ്ങിക്കഴിഞ്ഞതായി റഷ്യന്‍ വക്താവ് അറിയിച്ചു.

ബുഷുര്‍ നിലയത്തിനുവേണ്ടി ഇന്ധനം സംസ്‌കരിച്ചു നല്‍കുന്നത് റഷ്യയാണ്. ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിനു മുമ്പ് ഷാ ഭരണകൂടം ആരംഭിച്ചതാണ് ആണവനിലയത്തിന്റെ പണി. ജര്‍മന്‍ കമ്പനിയായ സീമെന്‍സ് ഫ്രഞ്ച് ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് പണി തുടങ്ങിയത്. എന്നാല്‍ ഷാ ഭരണകൂടം നിലംപതിച്ചതോടെ പ്രവര്‍ത്തനം നിലച്ചു. എണ്‍പതുകളുടെ ഒടുവില്‍ നടന്ന ഇറാന്‍ - ഇറാഖ് യുദ്ധത്തില്‍ നിലയം പാടേ തകര്‍ന്നു. ഉപകരണങ്ങള്‍ കൊള്ളയടിക്കപ്പെട്ടു.

റഷ്യന്‍ സഹായത്തോടെ നിര്‍മാണം പുനഃരാരംഭിച്ചെങ്കിലും വീണ്ടും പണി തടസ്സപ്പെട്ടു. ഇറാന്റെ ഭാഗത്തുനിന്നും പണം ലഭിക്കുന്നതിലുണ്ടായ തടസ്സങ്ങളാണ് ഇതിനുകാരണം. നിലയത്തിലെ ഒരു റിയാക്ടറാണ് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായിരിക്കുന്നത്. വൈദ്യുതോദ്പാദനം തുടങ്ങാന്‍ രണ്ടോ മൂന്നോ മാസമെടുത്തേക്കുമെന്ന് ഇറാന്‍ അധികൃതര്‍ അറിയിച്ചു.

1,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് 100 കോടി ഡോളര്‍ ചെലവില്‍ നിര്‍മിച്ച നിലയത്തിനുള്ളത്. 2020 ഓടെ 20,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തക്കവിധം രാജ്യത്ത് ആണവനിലയങ്ങളുടെ ശൃംഖല സ്ഥാപിക്കുകയാണ് ഇറാന്റെ ലക്ഷ്യം. പ്രകൃതിവാതകത്തിന്റെയും പെട്രോളിന്റെയും ആഭ്യന്തര ഉപഭോഗം കുറച്ച് കയറ്റുമതി വര്‍ധിപ്പിക്കാനാണ് പദ്ധതി. തെക്കു പടിഞ്ഞാറന്‍ തീരദേശത്തെ ബുഷുര്‍ നഗരവുമായി ബന്ധപ്പെട്ടാണ് ആണവനിലയം.

ബുഷുറില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള ഹാലിലേയിലാണ് യഥാര്‍ഥത്തില്‍ നിലയം സ്ഥിതി ചെയ്യുന്നത്. ഇറാന്റെ ആണവോര്‍ജ കേന്ദ്രവും ഇവിടെത്തന്നെയാണ്. ആണവായുധ നിര്‍മാണം തങ്ങളുടെ ലക്ഷ്യമല്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അമേരിക്കയടക്കമുള്ള പാശ്ചാത്യശക്തികള്‍ അത് മുഖവിലയ്‌ക്കെടുക്കുന്നില്ല.

സമ്പുഷ്ടീകരിച്ച യുറേനിയം വിതരണം ചെയ്യുന്ന റഷ്യ, ഉപയോഗിച്ച ഇന്ധനം റിയാക്ടറില്‍ നിന്ന് തിരിച്ചെടുക്കുന്നതിനാല്‍ അണുബോംബ് നിര്‍മിക്കാന്‍ ഇറാന് എളുപ്പമല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്താന്‍ ഇറാനുമേല്‍ കനത്ത സമ്മര്‍ദം നിലനില്‍ക്കുന്നുണ്ട്. ആണവ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ പരമാധികാര രാഷ്ട്രമായ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് ഇറാന്റെ നിലപാട്.

ഫോണ്‍ നമ്പര്‍ പത്തക്കമാകും

ന്യൂഡല്‍ഹി: 2012 ജനവരിയോടെ രാജ്യത്തെ ലാന്‍ഡ് ഫോണ്‍ നമ്പരുകള്‍ പത്തക്കമാകും. ടെലിഫോണ്‍ വരിക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ഇങ്ങനെയൊരു നീക്കത്തിന് ഒരുങ്ങുന്നത്. പത്തക്കമാകുന്നതോടെ കൂടുതല്‍ നമ്പരുകള്‍ അനുവദിക്കാനാകും.

2011 ഡിസംബര്‍ 31ഓടെ നിലവിലുള്ള നമ്പരുകള്‍ പത്തക്കത്തിലേക്ക് മാറ്റുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ട്രായുടെ പദ്ധതി.

നിലവില്‍ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ പത്തക്കമാണ്. ഇത് 11 അക്കമാക്കാന്‍ നേരത്തെ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ വരിക്കാര്‍ക്കും സേവനദാതാക്കള്‍ക്കും ഒട്ടേറെ ബുദ്ധിമുട്ടുണ്ടാകുമെന്നതിനെത്തുടര്‍ന്ന് പദ്ധതി തത്ക്കാലം ഉപേക്ഷിച്ചു.

ഫിക്‌സഡ് ലൈന്‍ കൂടി പത്തക്കമാകുന്നതോടെ രാജ്യത്തെ ഫോണ്‍ നമ്പരുകള്‍ മൊത്തം പത്തക്കത്തിലേക്ക് നീങ്ങും. 45 കോടി മൊബൈല്‍ കണക്ഷനുകള്‍ ഉള്‍പ്പെടെ 75 കോടി കണക്ഷനുകള്‍ക്കായാണ് നിലവിലെ നമ്പറിങ് സംവിധാനം രൂപകല്‍പന ചെയ്തത്. ഇത് 2030 വരെ തുടരാമെന്നായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ 2009ല്‍ തന്നെ മൊബൈല്‍ ഫോണ്‍ കണക്ഷനുകളുടെ എണ്ണം ലക്ഷ്യം കവിഞ്ഞതായി ട്രായ് വ്യക്തമാക്കി.

2014 ഓടെ രാജ്യത്തെ ടെലികോം വരിക്കാരുടെ എണ്ണം 100 കോടിയിലെത്തുമെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്.

Friday 20 August 2010

ചന്ദ്രന്‍ ചെറുതാവുന്നു



വാഷിങ്ടണ്‍: ചന്ദ്രന്‍ ചുരുങ്ങി ചെറുതാവുകയാണെന്ന് ജ്യോതിശ്ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ചന്ദ്രോപരിതലത്തില്‍ രൂപപ്പെട്ട ചുളിവുകളില്‍ നിന്നാണിക്കാര്യം മനസ്സിലാക്കിയത്. എന്നുവെച്ച് ചന്ദ്രന്‍ ചുരുങ്ങി ഇല്ലാതായിപ്പോകുമെന്നു പേടിക്കേണ്ട. അത്ര പതുക്കെയാണീ മാറ്റം.
ചാന്ദ്രപര്യവേക്ഷണ പേടകങ്ങള്‍ പല കാലങ്ങളിലായെടുത്ത നൂറുകണക്കിനു ചിത്രങ്ങള്‍ സൂക്ഷ്മ വിശകലനത്തിനു വിധേയമാക്കിയാണ് ചന്ദ്രന്‍ ചെറുതായി വരുന്ന കാര്യം അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചത്.

ചന്ദ്രന്റെ ഉപരിതലം ചുളിവുകള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണെന്ന് പഠനത്തില്‍ വ്യക്തമായി. ആകാശഗോളങ്ങള്‍ ചെറുതാവുമ്പോള്‍ ഉപരിതലത്തില്‍ വിള്ളലും ചുളിവുകളും രൂപപ്പെടും. ചൂടുപിടിച്ച കേന്ദ്രഭാഗം ചൂടാറുമ്പോള്‍ ചുരുങ്ങും. അതിനനുസരിച്ച് പുറംപാളി അകത്തേക്കു വലിയും. അപ്പോഴാണ് ഉപരിതലത്തില്‍ ചുളിവുകള്‍ വരിക- സ്മിത് സോണിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ മുഖ്യശാസ്ത്രജ്ഞന്‍ ഡോ. തോമസ് വാട്ടേഴ്‌സ് പറയുന്നു. ഇങ്ങനെ ചന്ദ്രന്റെ വ്യാസം 200 മീറ്റര്‍ കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

ചാന്ദ്രപര്യവേക്ഷണ വാഹനങ്ങള്‍ ചന്ദ്രോപരിതല ഫലകങ്ങളിലെ വിള്ളലിന്റെ ചിത്രമെടുത്തതോടെയാണ് ഈ പ്രതിഭാസത്തെപ്പറ്റി ശാസ്ത്രജ്ഞര്‍ പഠിക്കാന്‍ തുടങ്ങിയത്. 1970കളുടെ തുടക്കത്തില്‍ അപ്പോളോ പര്യവേക്ഷണവും ഇത്തരം വിള്ളലുകള്‍ കണ്ടെത്തിയിരുന്നു. 'ലൊബേറ്റ് സ്‌കാര്‍പ്‌സ്' എന്നറിയപ്പെടുന്ന ഇത്തരം 14 വിള്ളലുകളാണ് ചന്ദ്രനിലുള്ളത്. ഇവ ചന്ദ്രോപരിതലത്തിലെമ്പാടുമായി വ്യാപിച്ചു കിടക്കുകയാണെന്ന് വ്യക്തമായി. കാറ്റുപോവുമ്പോള്‍ ബലൂണില്‍ രൂപപ്പെടുന്ന ചുളിവുകള്‍ക്കു സമാനമാണിവ.

ചന്ദ്രോപരിതലത്തിലെ ഈ ചുളിവുകള്‍ക്ക് വലിയ കാലപ്പഴക്കമില്ലെന്നാണ് നിഗമനം. നൂറുകോടി വര്‍ഷത്തിനപ്പുറം രൂപപ്പെട്ടവയാണിവ. തണുത്തുറഞ്ഞു മരിച്ചു കിടക്കുകയല്ല ചന്ദ്രനെന്നും ഇപ്പോഴുമതിനു മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നുണ്ടെന്നും ഇതില്‍ നിന്നു വ്യക്തമാകുന്നു.അതുകൊണ്ടുതന്നെ ചന്ദ്രന്‍ ഇപ്പോഴും ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ചന്ദ്രന്‍ ചുരുങ്ങുന്നത് ഭൂമിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്. സയന്‍സ് ജേണലിന്റെ പുതിയ ലക്കത്തിലാണീ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ആണവ ബാധ്യതാ ബില്ലിന് അംഗീകാരം നല്‍കി

ന്യൂഡല്‍ഹി: ബി.ജെ.പി നിര്‍ദേശിച്ച മാറ്റത്തോടെ ആണവ ബാധ്യതാ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. സ്റ്റാന്‍ഡിങ് കമ്മിറ്റി സമര്‍പ്പിച്ച കരടിലെ ഒരു പദപ്രയോഗം ഒഴിവാക്കിയാണ് ബില്ലിന് അംഗീകാരം നല്‍കിയത്. എം.പിമാരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള ബില്ലിനും ഇതോടൊപ്പം അംഗീകാരം നല്‍കിയിട്ടുണ്ട്. ആണവ ബാധ്യതാ ബില്ല് അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും.

ബില്ലിലെ വിവാദ പദപ്രയോഗം വിതരണക്കാരുടെ ബാധ്യത ദുര്‍ബലപ്പെടുത്തുമെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. ആണവ വിതരണക്കാരായ വിദേശകമ്പനികളുടെ ബാധ്യതയെക്കുറിച്ച് ബില്ലില്‍ പറയാതെ അമേരിക്കന്‍ താത്പര്യത്തിനു വഴങ്ങുകയാണെന്ന് ആരോപിച്ച് ഇടതുപക്ഷവും രംഗത്തുവന്നിരുന്നു.

കരടുബില്ലില്‍ 'ആന്‍ഡ്' എന്ന വാക്ക് പുതുതായി കൂട്ടിച്ചേര്‍ത്തതുകൊണ്ട് അര്‍ഥ വ്യത്യാസം വന്നുവെന്നായിരുന്നു പ്രധാന ആരോപണം. ബില്ലിലെ 17(എ) വകുപ്പിലാണിത്. ആണവ നിലയത്തിന്റെ നടത്തിപ്പു സ്ഥാപനവും വിതരണക്കാരുമായി രേഖാമൂലം കരാറുണ്ടെങ്കില്‍, നടത്തിപ്പുകാര്‍ക്ക് നഷ്ടപരിഹാരത്തിന് അവകാശമുണ്ട് എന്ന് ഇതില്‍ പറയുന്നു.

ഉപകരണത്തിന്റെ പിഴവ്, നിലവാരം കുറഞ്ഞ സാമഗ്രികള്‍, മോശം സര്‍വീസ് എന്നിവയുടെ ഫലമായോ വിതരണക്കാരുടെ കടുത്ത അനാസ്ഥമൂലമോ ആണവാപകടം ഉണ്ടാവുമ്പോള്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട് എന്ന് രണ്ടാമതായും പറയുന്നു. എന്നാല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശുപാര്‍ശയില്‍, ഈ രണ്ടുവാചകങ്ങളും ഒന്നിച്ചു ചേര്‍ത്തു. ഇതോടെ രേഖാമൂലം കരാറുണ്ടെങ്കിലേ ഉപകരണത്തിന്റെ പിഴവു കൊണ്ടോ മറ്റോ ഉണ്ടാവുന്ന അപകടത്തിന് വിതരണക്കാരായ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണ്ടേതുള്ളൂ എന്ന അര്‍ഥം വന്നു. ബില്ലിലെ ഈ ഭാഗത്താണ് മാറ്റംവരുത്തിയത്.

Thursday 19 August 2010

യോഗ്യതയുള്ള ഇംഗ്ലീഷ് അധ്യാപകരെ തേടി കോളേജുകള്‍ രംഗത്തിറങ്ങുന്നു

തിരുവനന്തപുരം: ഇംഗ്ലീഷ് പഠിച്ച് അധ്യാപക യോഗ്യത നേടിയവരെ തേടി കോളേജ് മാനേജ്‌മെന്റുകള്‍ രംഗത്തിറങ്ങുന്നു. എയ്ഡഡ് കോളേജുകളില്‍ 1599 അധ്യാപക തസ്തികകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് യോഗ്യതയുള്ളവരെത്തേടി ജോലി വീട്ടുപടിക്കലെത്തുന്ന സാഹചര്യമുണ്ടായത്. ഏറ്റവും കൂടുതല്‍ ഒഴിവുള്ള ഇംഗ്ലീഷിനും ഫിസിക്‌സിനുമാണ് അധ്യാപരെ കിട്ടാന്‍ ക്ഷാമം. കമ്പ്യൂട്ടര്‍സയന്‍സ്, കൊമേഴ്‌സ്, കെമസ്ട്രി വിഷയങ്ങളിലും യോഗ്യതയുള്ളവരുടെ എണ്ണം കുറവാണ്.

1599 തസ്തികകള്‍ക്ക് അനുമതിയായെങ്കിലും നിലവിലുള്ള 596 പേര്‍കൂടി സര്‍വീസില്‍നിന്ന് വിരമിക്കുമ്പോഴേ ഇത്രയും ഒഴിവുകള്‍ ഉണ്ടാകൂ. എന്നാല്‍, 1012 ഒഴിവുകള്‍ പൊടുന്നനെ വരികയാണ്. ഇംഗ്ലീഷിന് 200-ഉം ഫിസിക്‌സിന് 143-ഉം ഒഴിവുകളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കൊമേഴ്‌സ് - 107, കെമിസ്ട്രി-98, കമ്പ്യൂട്ടര്‍ സയന്‍സ്-94, മലയാളവും ഹിസ്റ്ററിയും - 46 വീതം, കണക്ക്-43, ബോട്ടണി-41, ഇക്കണോമിക്‌സ്-27, സുവോളജി-24, മൈക്രോബയോളജി-21, ബയോകെമിസ്ട്രി-16, സ്റ്റാറ്റിസ്റ്റിക്‌സ്-15, ബയോടെക്‌നോളജി-12 എന്നിങ്ങനെയാണ് വിവിധ വിഷയങ്ങളുടെ ഒഴിവുകള്‍. മറ്റു വിഷയങ്ങള്‍ക്ക് പത്തില്‍ താഴെയാണ് ഒഴിവുകള്‍.

ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാര്‍ക്കും നെറ്റ് യോഗ്യതയുമാണ് കോളേജ് അധ്യാപകരാകാനുള്ള വിദ്യാഭ്യാസയോഗ്യത. പിഎച്ച്.ഡി.യുണ്ടെങ്കില്‍ നെറ്റ് യോഗ്യത വേണമെന്നില്ല. ഇംഗ്ലീഷിനും ഫിസിക്‌സിനും പുറമേ കമ്പ്യൂട്ടര്‍ സയന്‍സിലും കൊമേഴ്‌സിലും നെറ്റ് യോഗ്യതയോ ഗവേഷണബിരുദമോ നേടിയവര്‍ കുറവാണ്. ഒഴിവുകള്‍ ഒറ്റയടിക്ക് വന്നതാണ് അധ്യാപകരെ ലഭിക്കാന്‍ ബുദ്ധിമുട്ടിന് കാരണമാകുന്നത്.

സര്‍ക്കാര്‍ കോളേജുകളിലേക്ക് കഴിഞ്ഞവര്‍ഷം പി.എസ്.സി. നടത്തിയ പരീക്ഷയില്‍ ഇംഗ്ലീഷിന് പരീക്ഷയെഴുതിയ ഏതാണ്ട് എല്ലാവരെയും ഇന്റര്‍വ്യൂവിന് വിളിച്ചിരുന്നു. സാധാരണ പരീക്ഷയെഴുതുന്നവരുടെ എണ്ണം കൂടുന്നതിനാല്‍ നിശ്ചിത മാര്‍ക്കിന് മുകളിലുള്ളവരെയാണ് ഷോര്‍ട്ട്‌ലിസ്റ്റില്‍പ്പെടുത്തുന്നത്. 224 പേര്‍ പരീക്ഷയെഴുതിയതില്‍ 201 പേരും ലിസ്റ്റില്‍ വന്നു. ഇതില്‍നിന്ന് നെറ്റ് യോഗ്യത നേടാത്തവരെ ഒഴിവാക്കേണ്ടിവന്നു.

എയ്ഡഡ് കോളേജുകളില്‍ നിയമനത്തിന് 10-15 ലക്ഷമാണ് പല മാനേജ്‌മെന്റുകളും കോഴ ചോദിക്കുന്നത്. പണമൊന്നും വാങ്ങാതെ മെറിറ്റ് അടിസ്ഥാനമാക്കി നിയമനം നല്‍കുന്നവരുമുണ്ട്. യോഗ്യതയുള്ളവര്‍ക്ക് ക്ഷാമം നേരിടുന്ന വിഷയങ്ങളില്‍ കാര്യമായ കോഴ നല്‍കാതെതന്നെ നിയമനം തരപ്പെടും.

ഇത്രയധികം അധ്യാപക തസ്തികകള്‍ ഒരുമിച്ചു വന്നത് 30-35 കോളേജുകള്‍ തുടങ്ങുന്നതിന് തുല്യമാണെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 16 വര്‍ഷമായി കോളേജധ്യാപക നിയമനം സ്തംഭിച്ചിരുന്ന അവസ്ഥയും ഇതോടെ ഒഴിവാകുകയാണ്.

വരുന്നൂ ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡ്


മുംബൈ: ക്രെഡിറ്റ് കാര്‍ഡ് രംഗത്തെ ആഗോള ഭീമന്മാരായ വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയോട് മത്സരിക്കാന്‍ ഇന്ത്യന്‍ പേയ്‌മെന്റ് പ്രോസസിങ് പ്ലാറ്റ്‌ഫോം വരുന്നു. ഇന്ത്യാപേ എന്ന പേരിലുള്ള ഇത് രണ്ട് വര്‍ഷത്തിനുള്ളില്‍ രംഗത്തെത്തും. പൂര്‍ണമായും ഇന്ത്യന്‍ സാങ്കേതികതയില്‍ വികസിപ്പിക്കുന്ന ഇന്ത്യാപേ കാര്‍ഡിന് റിസര്‍വ് ബാങ്കിന്റെ പിന്തുണയുമുണ്ടാവും. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യാണ് ഇത് വികസിപ്പിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ മുന്‍നിര ബാങ്കുകള്‍ ചേര്‍ന്നാണ് എന്‍പിസിഐ പ്രൊമോട്ട് ചെയ്യുന്നത്. വിദേശ ബാങ്കുകളായ സിറ്റിബാങ്ക്, എച്ച്എസ്ബിസി എന്നിവയും ഈ കൂട്ടായ്മയിലുണ്ട്.

ഇന്ത്യാപേയുടെ വരവ് ക്രെഡിറ്റ് കാര്‍ഡ് രംഗത്ത് വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയുടെ മേധാവിത്വം തകര്‍ക്കുമെന്ന് മാത്രമല്ല ബാങ്കുകളുടെ ട്രാന്‍സാക്ഷന്‍ നിരക്കുകള്‍ കുറയ്ക്കുകയും ചെയ്യും.

രാജ്യത്ത് നാല് കോടി പ്ലാസ്റ്റിക് കാര്‍ഡുകളാണ് (ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും) നിലവിലുള്ളത്. ഇവയുടെ ബഹുഭൂരിപക്ഷവും വിസ, മാസ്റ്റര്‍കാര്‍ഡ് എന്നീ കമ്പനികളുടെ പേയ്‌മെന്റ് പ്രോസസിങ് പ്ലാറ്റ്‌ഫോം ആണ് ഉപയോഗിക്കുന്നത്. ഇത്തരം കാര്‍ഡുകള്‍ ഓരോ തവണ എടിഎം കേന്ദ്രങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും ഉപയോഗിക്കുമ്പോള്‍ ബാങ്കുകള്‍ ഈ കമ്പനികള്‍ക്ക് പ്രോസസിങ് ഫീസ് നല്‍കണം. ഇത് കോടികള്‍ വരും. വലിയൊരളവോളം ഇത് കുറയ്ക്കാന്‍ ഇന്ത്യാപേ സഹായിക്കും.

ഓരോ ദിവസവും കഴിയുംതോറും കാര്‍ഡ് വഴിയുള്ള പണമിടപാട് നടത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ സ്വന്തം പേയ്‌മെന്റ് സംവിധാനം വരേണ്ടത് അത്യാവശ്യമാണെന്ന് ബാങ്കിങ് രംഗത്ത് ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു. ഇന്ത്യയിലെ ബാങ്കിങ് മേഖല ഒന്നടങ്കം ഇന്ത്യാപേ സംവിധാനത്തെ സ്വാഗതം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.

മലേഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ ഇതിനോടകം സ്വന്തം പേയ്‌മെന്റ് പ്രോസസിങ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചിട്ടുണ്ട്.

 
Tags: India, Credit Cards, Payment Processing Platform, Visa, Mastercard, Banks

Wednesday 18 August 2010

സെഞ്ച്വറി നിഷേധം: രണ്ടീവിന് നിര്‍ദ്ദേശം നല്‍കിയത് ദില്‍ഷനെന്ന് വെളിപ്പെടുത്തല്‍



ദാംബുള്ള: വീരേന്ദര്‍ സെവാഗിന് സെഞ്ച്വറി നിഷേധിക്കുന്നതിനുവേണ്ടി മനപ്പൂര്‍വം നോബോള്‍ എറിഞ്ഞ സംഭവത്തില്‍ സുരാജ് രണ്ടീവിന് നിര്‍ദ്ദേശം നല്‍കിയത് ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ തിലകരത്‌നെ ദില്‍ഷനെന്ന് വെളിപ്പെടുത്തല്‍. കവര്‍ പോയിന്റില്‍ ഫീല്‍ഡു ചെയ്ത ദില്‍ഷനാണ് സിംഹള ഭാഷയില്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ശ്രീലങ്കന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. വേണമെങ്കില്‍ ഒരു നോബോള്‍ എറിഞ്ഞുകൊള്ളൂ എന്നായിരുന്നു നിര്‍ദ്ദേശം. ക്യാപ്ടന്‍ സംഗക്കാരയ്ക്ക് ഇതില്‍ പങ്കില്ലെന്നും പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

തിങ്കളാഴ്ച ദാംബുള്ളയില്‍ നടന്ന ഏകദിന മത്സരത്തിനിടെയാണ് വിവാദ സംഭവമുണ്ടായത്. ഇന്ത്യയ്ക്ക് ജയിക്കാന്‍ വെറും ഒരുറണ്‍സ് മാത്രം വേണ്ട ഘട്ടത്തില്‍ വിജയശില്പിയായ വീരേന്ദര്‍ സെവാഗ് 99 റണ്‍സില്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍, രണ്ടീവ് മനപ്പൂര്‍വം ഫ്രണ്ട് ഫുട്ട് നോബോള്‍ എറിഞ്ഞതോടെ, ആ പന്തില്‍ സെവാഗടിച്ച സിക്‌സര്‍ പരിഗണിക്കപ്പെട്ടില്ല. നോബോളില്‍ ഇന്ത്യ കളി വിജയിക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉത്തരവിട്ടിട്ടുണ്ട്. നോബോള്‍ എറിഞ്ഞതില്‍ രണ്ടീവ് വ്യക്തിപരമായും സെവാഗിനോട് മാപ്പുചോദിച്ചു. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര ഇന്ത്യന്‍ കോച്ച് ഗാരി കേസ്റ്റനെ നേരില്‍ക്കണ്ടും സംഭവത്തില്‍ മാപ്പുചോദിച്ചിരുന്നു. ആ നിമിഷത്തിന്റെ ആവേശത്തില്‍ രണ്ടീവ് അങ്ങനെ പെരുമാറിയതാണെന്നും ആ തെറ്റ് മനസ്സിലാക്കുന്നുവെന്നും സംഗക്കാര കേസ്റ്റനോട് പറഞ്ഞു. ലങ്കന്‍ ടീം മാനേജര്‍ അനുര ടെനെക്കൂണിനോട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍, ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

മത്സരത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍, രണ്ടീവിന്റെ നടപടിയെ സെവാഗ് വിമര്‍ശിച്ചു. ഇത്തരം ചെയ്തികള്‍ ക്രിക്കറ്റിന്റെ നന്മയ്ക്ക് ചേര്‍ന്നതല്ലെന്നും ശ്രീലങ്ക ഇതേ തന്ത്രം നേരത്തേയും പരീക്ഷിച്ചിട്ടുണ്ടെന്നും സെവാഗ് പറഞ്ഞു. ടെസ്റ്റ് പരമ്പരയിലോ, ത്രിരാഷ്ട്ര പരമ്പരയിലോ ഇതേവരെ നോബോള്‍ എറിഞ്ഞിട്ടില്ലാത്ത രണ്ടീവ്, മനപ്പൂര്‍വമാണ് തനിക്കെതിരെ നേബോള്‍ എറിഞ്ഞതെന്നും സെവാഗ് പറഞ്ഞു. ജയിക്കാന്‍ ഒരു റണ്‍സ് മാത്രം വേണ്ട സന്ദര്‍ഭത്തില്‍, ബാറ്റ്‌സ്മാന്‍ 99-ല്‍ നില്‍ക്കുകയാണെങ്കില്‍, സെഞ്ച്വറി നേടാതിരിക്കാനുള്ള വഴികള്‍ ബൗളര്‍മാര്‍ ആലോചിക്കുക സ്വാഭാവികമാണ്. പക്ഷേ, അത് മാന്യതയല്ലെന്നും സെവാഗ് പറഞ്ഞു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കെതിരെ കട്ടക്കിലും ഇതേ തന്ത്രം ലങ്ക പയറ്റിയിട്ടുണ്ടെന്നും ഇന്ത്യയുടെ വിജയശില്പി അഭിപ്രായപ്പെട്ടിരുന്നു.

Tuesday 17 August 2010

സെക്കന്‍ഡ് ബില്ലിങ് സൗകര്യവുമായി ബി.എസ്.എന്‍.എല്‍

‌‌‌


കോഴിക്കോട്: മലയാളികള്‍ക്ക് ഓണസമ്മാനമായി സെക്കന്‍ഡ് ബില്ലിങ് സൗകര്യത്തോടെ ആഗോള ഐ.ടി. കാര്‍ഡ് വിപണിയിലെത്തിച്ചതായി ബി.എസ്.എന്‍.എല്‍. ജനറല്‍ മാനേജര്‍ സി. സുനിത പത്രസമ്മേളനത്തില്‍ അറിയിച്ചു.

വീട്ടിലുള്ള ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈന്‍ നമ്പറിനോട് സാമ്യമുള്ള മൊബൈല്‍ കണക്ഷന്‍ നല്കുന്ന പദ്ധതിയും ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്നും ജനറല്‍ മാനേജര്‍ അറിയിച്ചു.

ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ഫോണില്‍നിന്നും മൊബൈല്‍ ഫോണില്‍നിന്നും ഒരുപോലെ ഉപയോഗിക്കാവുന്ന തരത്തിലാണ് കാര്‍ഡ് തയ്യാറാക്കിയിട്ടുള്ളത്. ഇതുപയോഗിച്ച് ഗള്‍ഫും അമേരിക്കയും ഉള്‍പ്പെടെയുള്ള എല്ലാ വിദേശരാജ്യങ്ങളിലേക്കും ഇന്ത്യയ്ക്കകത്തും സെക്കന്‍ഡ് ബില്ലിങ് നിരക്കില്‍ സംസാരിക്കാം. അമേരിക്ക, കാനഡ, സിംഗപ്പുര്‍, മലേഷ്യ, ഹോങ്കോങ് എന്നീ രാജ്യങ്ങളിലേക്ക് സെക്കന്‍ഡിന് ആറു പൈസയും സൗദിഅറേബ്യ, കുവൈത്ത്, ബഹറിന്‍ എന്നീ രാജ്യങ്ങളിലേക്ക് സെക്കന്‍ഡിന് 11 പൈസയുമാണ് നിരക്ക്. മറ്റു വിദേശ രാജ്യങ്ങളിലേക്ക് ആറുപൈസ മുതല്‍ പതിനെട്ട് പൈസ വരെയായിരിക്കും നിരക്ക്. ഇന്ത്യയ്ക്കകത്തുള്ള എല്ലാ എസ്.ടി.ഡി., ലോക്കല്‍ കോളുകള്‍ക്കും സെക്കന്‍ഡിന് ഒരു പൈസയാണ് നിരക്ക്.

മൂന്നു വര്‍ഷത്തിലേറെയായി ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കാണ് ലോയല്‍ട്ടി സ്‌കീം പ്രകാരം മൊബൈല്‍ കണക്ഷന്‍ സൗജന്യമായി നല്കുന്നത്. ഈ മൊബൈല്‍ കണക്ഷനില്‍നിന്ന് ലാന്‍ഡ് ലൈന്‍ കണക്ഷനിലേക്ക് കോളുകള്‍ സൗജ്യമായിരിക്കും. ലാന്‍ഡ് ലൈന്‍ നമ്പറിന്റെ അവസാന അഞ്ചുനമ്പര്‍ വരെ ഇതുപ്രകാരം മൊബൈല്‍ നമ്പറിന്റെ അവസാന നമ്പറാകാം. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും സമാന അക്കങ്ങള്‍ ലഭിക്കുന്നത് കുറയും.

സ്വാതന്ത്ര്യദിനം പ്രമാണിച്ച് ആഗസ്ത് 31 വരെ 'ഫ്രീഡം ഓഫറും' പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം 110 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 100 രൂപ ടോക്ക് ടൈമും 365 ദിവസം കാലാവധിയും ലഭിക്കും.

ഓണം ഓഫറായി 50,100,200 തുകകളുടെ റീച്ചാര്‍ജുകളില്‍ മുഴുവന്‍ തുക ലഭിക്കുകയും 300 ന് മുകളിലുള്ള തുകയുടെ റീചാര്‍ജുകള്‍ക്ക് കൂടുതല്‍ ടോക്ക് ടൈം ലഭിക്കുകയും ചെയ്യും. 280 രൂപയുടെ സ്‌പെഷ്യല്‍ റീചാര്‍ജ് കൂപ്പണില്‍ 250 രൂപ ടോക്ക് ടൈമും ഒരു വര്‍ഷം കാലാവധിയും ലഭിക്കും.

2250 രൂപയുടെ ഐ.പി.ടി.വി.കണക്ഷനും സെറ്റ്‌ടോപ്പ് ബോക്‌സും 1250 രൂപയ്ക്ക് ലഭിക്കും. എല്ലാ മേഖലകളിലും വരും ദിവസങ്ങളില്‍ പ്രത്യേക മേളകളും ബി.എസ്.എന്‍.എല്‍. നടത്തും.- ജനറല്‍ മാനേജര്‍ വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ എ.കെ.പത്മനാഭന്‍, വി.വേണുഗോപാലന്‍ എന്നിവരും പങ്കെടുത്തു.

Monday 16 August 2010

ഓണത്തിന് പാലുമായി 500 ടാങ്കറുകളെത്തും


പാലും പാല്പായസവുമില്ലാതെ എന്ത് ഓണാഘോഷം? ഓണം കെങ്കേമമാക്കാന്‍ ഇക്കുറി അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നത് 500 ഓളം പാല്‍ ടാങ്കറുകള്‍. പാല്‍ ക്ഷാമംമൂലം ഓണസദ്യക്ക് മങ്ങലേല്‍ക്കാതിരിക്കാന്‍ മില്‍മ തികഞ്ഞ ജാഗ്രതയിലാണെന്ന് ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ്. കര്‍ണാടകത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമായി ഈ ദിവസങ്ങളില്‍ കേരളത്തിലേക്ക് കൊണ്ടുവരിക പ്രതിദിനം ആറുലക്ഷം ലിറ്റര്‍ പാലാണ്. ഒരു ടാങ്കര്‍ 15,000 ലിറ്റര്‍ പാലാണ് വഹിക്കുക.

10 ദിവസത്തിനകം 65-70 ലക്ഷം ലിറ്റര്‍ പാല്‍ കേരളത്തിലേക്ക് ഒഴുകും. ഇതിന് ഏതാണ്ട് 15 കോടി രൂപ വിലവരും.

ഇപ്പോള്‍ ശരാശരി 10.4 ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തിന്റെ പ്രതിദിന ഉപഭോഗം. ഒപ്പം 70,000 കിലോഗ്രാം തൈരും. ആഭ്യന്തര പാല്‍ ഉല്പാദനമാവട്ടെ 7.2 ലക്ഷം ലിറ്ററും. ഇതുമൂലം പ്രതിദിനം കര്‍ണാടകത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമായി 2.5 ലക്ഷംലിറ്റര്‍ പാല്‍ കൊണ്ടുവരുന്നുണ്ട്. എന്നാല്‍ ഓണക്കാലമാവുന്നതോടെ ആഭ്യന്തര ലഭ്യത കുറയുകയും ഉപഭോഗം വര്‍ധിക്കുകയും ചെയ്യുന്ന പ്രവണതയാണ്.

ചിങ്ങം പിറന്നാല്‍ പ്രതിദിന ഉപഭോഗം 11-12 ലക്ഷം ലിറ്റര്‍ പാലാവും. കല്യാണങ്ങള്‍ വര്‍ധിക്കുന്നതും നഗരത്തിലുള്ളവര്‍ ഗ്രാമങ്ങളിലേക്ക് പോവുന്നതും നഗരങ്ങളിലെ പാല്‍ ഉപഭോഗം വര്‍ധിക്കുന്നതുമാണ് ഇതിന് കാരണം. അതേസമയം നാട്ടിന്‍പുറത്ത് വില്പന വര്‍ധിക്കുന്നതിനാല്‍ സൊസൈറ്റികളില്‍ പാല്‍ സംഭരണം കുറയും. ഇതുമൂലം മില്‍മയുടെ സംഭരണം നാലുലക്ഷം ലിറ്ററിലേക്ക് താഴും.

കഴിഞ്ഞ ഉത്രാട നാളില്‍ 12.5 ലക്ഷം ലിറ്റര്‍ പാല്‍ ചെലവായ സ്ഥാനത്ത് ഇത്തവണ 13-14 ലക്ഷം ലിറ്റര്‍ പാല്‍ വേണ്ടിവരുമെന്നാണ് മില്‍മ കണക്കാക്കിയിരിക്കുന്നത്. തിരുവോണനാളില്‍ ഇത് 18 ലക്ഷം ലിറ്ററില്‍ നിന്ന് 20 ലക്ഷം ലിറ്ററാവുമെന്നാണ് പ്രതീക്ഷ.

ഓണക്കാലത്ത് കര്‍ണാടകത്തില്‍നിന്ന് പ്രതിദിനം 4.5 ലക്ഷം ലിറ്റര്‍ മുതല്‍ അഞ്ചുലക്ഷം ലിറ്റര്‍ വരെ പാല്‍ കൊണ്ടുവരും. മൈസൂര്‍, മണ്ഡ്യ, തുംകൂര്‍, ഹസ്സന്‍, കോളാര്‍ ഡയറികളില്‍നിന്നാണ് പാല്‍ കൊണ്ടുവരുന്നത്.

ഇതിനുപുറമെ തമിഴ്‌നാട്ടില്‍നിന്ന് ദിവസേന രണ്ടുലക്ഷം ലിറ്റര്‍ പാല്‍ കൊണ്ടുവരാനും ധാരണയായിട്ടുണ്ട്. ഇക്കാലത്ത് തൈരിന്റെ ഉപയോഗവും ഉയരും. ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ ഏതാണ്ട് 3-3.5 ലക്ഷം കിലോഗ്രാം തൈര് ആവശ്യമായി വരും. ഫലത്തില്‍ പാലിനും തൈരിനുമായി ഓണക്കാലത്ത് പ്രതിദിനം ശരാശരി 8-9 ലക്ഷം ലിറ്റര്‍ പാല്‍ അധികമായി വേണ്ടിവരും.

ഇക്കാലത്ത് നെയ്യ് വില്പനയും വര്‍ധിക്കും. പ്രതിമാസം 250 ടണ്‍ നെയ്യ് വില്പനയാവുന്നത് 400 ടണ്ണിലേക്ക് ഉയരും. 300 ടണ്ണാണ് നമ്മുടെ ആഭ്യന്തര ഉല്പാദനം. 100 ടണ്‍ മൈസൂരിലെ നന്ദിനിയില്‍നിന്ന് വാങ്ങി മില്‍മ ബ്രാന്‍ഡില്‍ വിതരണം ചെയ്യാനാണ് പദ്ധതി.

അടിയന്തര ആവശ്യം മുന്‍നിര്‍ത്തി 400-450 ടണ്‍ പാല്‍പ്പൊടിയും കര്‍ണാടകത്തില്‍നിന്ന് ശേഖരിക്കുന്നുണ്ട്. പാല്‍ വണ്ടി വരാതിരിക്കുകയോ വൈകുകയോ ചെയ്താല്‍ ഇത് പാലാക്കി മാറ്റും.

2009-10ല്‍ 1144 കോടി രൂപയായിരുന്നു മില്‍മയുടെ വരുമാനം. എങ്കിലും ലാഭം 3.42 കോടി രൂപ മാത്രമാണ്. ഇത്തവണവരുമാനം 1300 കോടി കടക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗോപാലക്കുറുപ്പ് പറഞ്ഞു. പാല്‍ വില വര്‍ധിപ്പിച്ചതാണ് മുഖ്യകാരണം. കാലിത്തീറ്റ, മാംഗോഡ്രിങ്ക്, പാക്ക് ചെയ്ത കുടിവെള്ളം എന്നിവയും മില്‍മ വിറ്റഴിക്കുന്നുണ്ട്. പ്രതിദിനം 2000 ലിറ്റര്‍ കുടിവെള്ളമാണ്് വില്പനയാവുന്നത്.

Saturday 14 August 2010

യുവമേളയ്ക്ക് തിരിതെളിഞ്ഞു






സിംഗപ്പൂര്‍: അന്താരാഷ്ട്ര ഒളിമ്പിക് പ്രസ്ഥാനത്തിലെ പുതിയ അധ്യായമെന്ന പ്രഖ്യാപനത്തോടെ, ആദ്യ യൂത്ത് ഒളിമ്പിക്‌സിന് സിംഗപ്പൂരില്‍ തുടക്കമായി. മറീന ബേയിലെ ഒഴുകുംവേദിയില്‍, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഷാക്ക് റോഗ്ഗെ ഗെയിംസ് തുടങ്ങിയതായി പ്രഖ്യാപിച്ചു. ഏഴായിരത്തോളം നര്‍ത്തകരും ഗായകരുമണിനിരന്ന വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങും കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗവും ഉദ്ഘാടനച്ചടങ്ങിന് മിഴിവേകി. ഇന്ത്യയുടെ ത്രിവര്‍ണ പതാകയേന്തിയത് ലോകജൂനിയര്‍ രണ്ടാം നമ്പര്‍ ടെന്നീസ് താരമായ യൂക്കി ഭാംബ്രിയാണ്. 12 ദിവസം നീളുന്ന മേളയില്‍ 3600-ഓളം താരങ്ങള്‍ പങ്കെടുത്ത മാര്‍ച്ച് പാസ്റ്റും ഉദ്ഘാടനച്ചടങ്ങിനെ പ്രൗഢഗംഭീരമാക്കി.

''ഇതൊരു പുതിയ അധ്യായമാണ്. ഇനിമുതല്‍, ലോകമെമ്പാടുമുള്ള യുവാക്കള്‍ക്ക് കളിയും പഠനവും സംസ്‌കാരവും സമ്മേളിക്കുന്ന ഒളിമ്പിക്‌സിന്റെ മഹത്ത്വമറിയാന്‍ അവസരം ലഭിക്കും''- മറീന ബേയില്‍ തിങ്ങിനിറഞ്ഞ കാണികളോട് റോഗ്ഗെ പറഞ്ഞു. ഒളിമ്പിക്‌സില്‍ എങ്ങനെ മത്സരിക്കണമെന്നും അതിന്റെ വിലയെന്തെന്ന് അറിയാനും യുവാക്കളെ പ്രാപ്തരാക്കുന്ന ഗെയിംസ് റോഗ്ഗെയുടെ മനസ്സിലുദിച്ച ആശയമാണ്.

''വിജയിക്കണമെങ്കില്‍, നിങ്ങള്‍ക്ക് ആദ്യം ഫിനിഷിങ്‌ലൈന്‍ കടന്നാല്‍ മതി. പക്ഷേ, ഒരു ചാമ്പ്യനാകണമെങ്കില്‍, നിങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകണം. ഒപ്പം നിങ്ങളെത്തന്നെ ഉത്തേജിപ്പിക്കാന്‍ നിങ്ങള്‍ പ്രാപ്തരാകണം''- താരങ്ങളോട് ഐ.ഒ.സി. പ്രസിഡന്റ് പറഞ്ഞു. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയെന്‍ ലൂങ്, യൂത്ത് ഒളിമ്പിക്‌സ് അംബാസഡറും പോള്‍വോള്‍ട്ടിലെ ലോകറെക്കോഡുകാരിയുമായ യെലേന ഇസിന്‍ ബയേവ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

26 ഇനങ്ങളിലായി നടക്കുന്ന യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യയുള്‍പ്പെടെ 205 രാജ്യങ്ങളില്‍നിന്നുള്ള കായിക താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ആഗസ്ത് 26-ന് മേള സമാപിക്കും.


സ്ലൈഡ് ഡോട്ട് കോം ഇനി ഗൂഗിളിന് സ്വന്തം




ഫെയ്‌സ്ബുക്കും ഗൂഗിളും തമ്മിലുള്ള യുദ്ധത്തിന് നെറ്റിലൊരു ഓമനപ്പേരുണ്ട്. ഡബ്ല്യു. ഡബ്ല്യു. എഫ് അഥവാ വാര്‍ വിത്ത് ഫെയ്‌സ്ബുക്ക്. ബുദ്ധിയും തന്ത്രവുമുപയോഗിച്ചുള്ള യുദ്ധത്തില്‍ ഗൂഗിള്‍ ഇക്കഴിഞ്ഞ ആഗസ്ത് ആറിന് ഒരു ചുവടുകൂടെ മുന്നോട്ടുവച്ചു. ഓര്‍ക്കുട്ട്, ഫെയ്‌സ്ബുക്ക്, മൈസ്‌പേസ് തുടങ്ങിയ സൗഹൃദക്കൂട്ടങ്ങളില്‍ വമ്പന്‍ ഹിറ്റായ സേവനങ്ങള്‍ നല്‍കുന്ന സ്ലൈഡ് (www.slide.com) എന്ന കമ്പനിയെ ഏറ്റെടുത്തുകൊണ്ടായിരുന്നു അത്. 18.2 കോടി ഡോളര്‍ പ്രതിഫലവും ഒപ്പം 460 ലക്ഷം ഡോളറിന്റെ എംപ്ലോയി റിലേഷന്‍ ബോണസും നല്‍കിയാണ് കമ്പനിയെ ഗൂഗിള്‍ ഏറ്റെടുത്തത്.

പേപാല്‍ സ്ഥാപരിലൊരാളായ മാക്‌സ് ലെവ്ചിന്‍ അഞ്ചുവര്‍ഷം മുമ്പ് ഈ കമ്പനി സ്ഥാപിക്കുമ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഇത്ര ഹിറ്റാകുമെന്ന് കരുതിയിരുന്നില്ല. ഓര്‍ക്കുട്ടില്‍ ഇപയോഗിക്കുന്ന ഫോട്ടോ സ്ലൈഡ് ഷോ, ചിത്രങ്ങളെ അലങ്കരിക്കാനും തമാശകളൊപ്പിക്കാനും സഹായിക്കുന്ന ഫണ്‍ഫിക്‌സ്, യുട്യൂബ് വീഡിയോകള്‍ പ്രത്യേക സ്‌കിനിലൂടെ അവതരിപ്പിക്കുന്ന സ്‌കിന്‍ പിക്‌സ് തുടങ്ങിയ നേരത്തെ തന്നെ ഹിറ്റായിരുന്നു.

ഹൈഫൈവ്, മൈസ്‌പേസ്, ബീബോ, ഫ്രണ്ട്സ്റ്റര്‍ തുടങ്ങിയ സൗഹൃദക്കൂട്ടങ്ങളിലേക്കും നിരവധി ആപ്ലിക്കേഷനുകള്‍ സ്ലൈഡ്.കോം നല്‍കിയിരുന്നു. എന്നാല്‍ സ്ലൈഡിന് വളര്‍ന്നു പന്തലിക്കാന്‍ അവസരമൊരുക്കിയത് തേഡ്പാര്‍ട്ടി ആപ്ലിക്കേഷനുകളെ അനുവദിക്കാനുള്ള ഫെയ്‌സ്ബുക്കിന്റെ തീരുമാനമാണ്. പാണ്ട മുതല്‍ പൂച്ചക്കുട്ടിവരെയുള്ള വളര്‍ത്തുമൃഗങ്ങളെയുള്ളവയെ അവതരിപ്പിച്ച സൂപ്പര്‍ പോക്, ഫണ്‍സ്‌പേസ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഇന്ന് ഫെയ്‌സ്ബുക്കില്‍ ഹിറ്റാണ്. ഇതുതന്നെയാണ് ഗൂഗിളിനെ സ്ലൈഡ് ഡോട്ട് കോം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചതും.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്രേമികളുടെ പ്രതീതിയാഥാര്‍ഥ്യലോകത്ത് (virtual life) പുത്തന്‍ സംവിധാനങ്ങളുമായി ഗൂഗിള്‍ ടീം രംഗത്തെത്തുമെന്നാണ് ഗൂഗിള്‍ വാഗ്ദാനം ചെയതത്. പിക്കാസയും യൂടൂബൂമുള്‍പ്പടെയുള്ള സേവനങ്ങളും സ്ലൈഡും കൂടിച്ചേര്‍ന്ന് ഈ മേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍ ഇനി പ്രതീക്ഷിക്കാം.

ബ്ലാക്‌ബെറി ഇന്ത്യയോട് കീഴടങ്ങി

ന്യൂഡല്‍ഹി: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ മെസഞ്ചര്‍ സേവനങ്ങളിലേക്ക് പ്രവേശനം സാധ്യമാക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തോട് ബ്ലാക്‌ബെറി നിര്‍മാണ കമ്പനിയായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) വഴങ്ങി. ബ്ലാക്‌ബെറി വഴി കൈമാറുന്ന ഇ-മെയിലടക്കമുള്ള സന്ദേശങ്ങള്‍ നിരീക്ഷിക്കാനുള്ള സങ്കേതം സര്‍ക്കാരിന് നല്‍കുമെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.

ബ്ലാക്‌ബെറിയിലൂടെ കൈമാറ്റം ചെയ്യുന്ന സന്ദേശങ്ങള്‍ വായിക്കാവുന്ന തരത്തില്‍ ലഭ്യമാക്കണമെന്ന് സര്‍ക്കാര്‍ റിസര്‍ച്ച് ഇന്‍ മോഷനോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ആഗസ്ത് 31 മുതല്‍ സേവനങ്ങള്‍ നിരോധിക്കുമെന്ന് സര്‍ക്കാര്‍ ബ്ലാക്‌ബെറിക്ക് മുന്നറിയിപ്പും നല്‍കി. വളരെ വേഗത്തില്‍ വളരുന്ന ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ ഇത് ബ്ലാക്‌ബെറിയുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരുന്നു.

എന്നാല്‍ കമ്പനി പ്രശ്‌ന പരിഹരത്തിനായുള്ള സങ്കേതം അടുത്ത ആഴ്ച നല്‍കുമെന്ന് ധാരണയായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതിന്റെ പ്രവര്‍ത്തനം പരിശോധിച്ചതിന് ശേഷം സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമെന്നാണ് അറിയുന്നത്.

ബ്ലാക്‌ബെറിയ്ക്ക് പിന്നാലെ, ഗൂഗിള്‍, സ്‌കൈപ്പ് തുടങ്ങിയ കമ്പനികളോടും പിടിമുറുക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇത്തരം സേവനങ്ങളിലൂടെ രാജ്യസുരക്ഷക്ക് ഭീഷണിയായേക്കാവുന്ന സന്ദേശങ്ങള്‍ പ്രവഹിക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ക്കശ നിലപാടെടുത്തത്.

സൗദി അറേബ്യ, യു.എ.ഇ, ലബനണ്‍ തുടങ്ങിയ രാജ്യങ്ങളും ബ്ലാക്‌ബെറിയ്‌ക്കെതിരെ സുരക്ഷാപ്രശ്‌നം ഉന്നയിച്ച് രംഗത്തുണ്ട്.

റിം വൈസ് പ്രസിഡന്റ് റോബര്‍ട്ട് ക്രോ ഉള്‍പ്പെടെ കമ്പനിയുടെ ഉന്നതതല സംഘം ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ളയുമായി ചര്‍ച്ച നടത്തിയിരുന്നു. ബ്ലാക്‌ബെറി ഫോണുകള്‍ നല്‍കുന്ന സുരക്ഷിതമായ ആശയവിനിമയ സങ്കേതം ബിസിനസ് രംഗത്തുള്ളവരാണ് ഏറെ ആശ്രയിക്കുന്നത്. ഗൂഗിള്‍, ആപ്പിള്‍, സാംസങ് പോലുളള കമ്പനികളുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ രംഗത്തെതിയതോടെ വന്‍ വെല്ലുവിളിയാണ് ബ്ലാക്‌ബെറി നേരിടുന്നത്. ഇതിനോടൊപ്പമാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള നിരോധനഭീഷണി.

മെസേജിങ് സര്‍വീസുകള്‍ സുതാര്യമാക്കുന്നതോടു കൂടി ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞേക്കാമെന്നു കമ്പനി ഭയപ്പെടുന്നുണ്ട്. ഇന്ത്യയുടെ ആവശ്യത്തിന് കമ്പനി വഴങ്ങിയതായുളള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ന്യൂയോര്‍ക്ക്, ടൊറന്റോ ഓഹരി വിപണികളില്‍ റിമ്മിന്റെ ഓഹരി വില രണ്ട് ശതമാനത്തോളം താഴ്ന്നു.

അതിനിടെ, ഇന്ത്യന്‍ സര്‍ക്കാരും ബ്ലാക്‌ബെറിയും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ മധ്യസ്ഥം വഹിക്കാന്‍ താത്പര്യമില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ബ്ലാക്‌ബെറി ഫോണ്‍ സംബന്ധിച്ചുളള പ്രശ്‌നങ്ങള്‍ കമ്പനി നേരിട്ടു തീര്‍ക്കട്ടെ എന്നതാണ് അമേരിക്കയുടെ നിലപാട്.

Friday 13 August 2010

കുടുംബ-ആശ്രിതവിസകള്‍ തൊഴില്‍വിസയാക്കാന്‍ അനുമതി


കുവൈത്ത്: രാജ്യത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ, കുടുംബ-ആശ്രിത വിസ കൈവശമുള്ളവര്‍ക്ക് തൊഴില്‍ ലഭിച്ചാല്‍ വിസ മാറ്റിനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ആര്‍ട്ടിക്കിള്‍ 22-ല്‍ ഉള്‍പ്പെടുന്ന കുടുംബവിസക്കാര്‍ക്കും ആശ്രിതവിസക്കാര്‍ക്കുമാണ് ഈ സൗകര്യം അനുവദിച്ചിട്ടുള്ളതെന്ന് തൊഴില്‍ സാമൂഹ്യമന്ത്രാലയം സ്വകാര്യമേഖല വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മന്‍സൂര്‍ അല്‍ മന്‍സൂര്‍ വെളിപ്പെടുത്തി.

സ്വകാര്യമേഖലയില്‍ തൊഴില്‍ ലഭിച്ചവര്‍ സാമൂഹ്യ തൊഴില്‍മന്ത്രാലയത്തില്‍ നിന്നുള്ള അപേക്ഷ പൂരിപ്പിച്ച് അനുമതി ലഭിക്കുന്നതിനായി സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷ തൊഴില്‍ ലഭിച്ച സ്വകാര്യ കമ്പനിയിലാണ് നല്‍കേണ്ടതെന്നും അല്‍ മന്‍സൂര്‍ ആവശ്യപ്പെട്ടു.

സ്വകാര്യ കമ്പനിയിലെ തൊഴില്‍യോഗ്യത, പരിചയം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകള്‍ പരിഗണിക്കുക.
കൂടാതെ തൊഴില്‍ നല്‍കുന്ന സ്ഥാപനത്തിന് അനുവദിച്ചിട്ടുള്ള ലൈസന്‍സ് പ്രകാരം പുതിയതായി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള അംഗീകാരം ഉണ്ടായിരിക്കണം.

ഈ സൗകര്യം കുവൈത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമായിരിക്കുമെന്നും അല്‍ മന്‍സൂര്‍ വ്യക്തമാക്കി.

സ്വകാര്യ തൊഴില്‍മേഖലയില്‍ യോഗ്യതയും പരിചയസമ്പരുമായ തൊഴിലാളികളുടെ കൂടുതല്‍ ആവശ്യം കണക്കിലെടുത്തിട്ടാണ് കുടുംബവിസയിലോ ആശ്രിതവിസയിലോ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴില്‍ ലഭിച്ചാല്‍ സര്‍ക്കാറിന്റെ തീരുമാനപ്രകാരം തൊഴില്‍വിസയിലേക്ക് മാറ്റുന്നതിനുള്ള നടപടികളാരംഭിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് നിവസിക്കുന്ന വിദേശികളുടെ ഇഖാമയുടെ കാലാവധി അവസാനിക്കുന്നതിന് 90 ദിവസം കാലാവധി ശേഷിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതാണ്.

എന്നാല്‍ ഇതില്‍ കൂടുതല്‍ കാലാവധിയുള്ള ഇഖാമ പുതുക്കാന്‍ അനുവദിക്കില്ല. കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുകയോ മറ്റൊരു കമ്പനിയിലേക്ക് വിസ മാറ്റുകയോ ചെയ്യേണ്ട സാഹചര്യത്തില്‍ 90 ദിവസത്തില്‍ കൂടുതല്‍ കാലാവധി ശേഷിക്കുന്ന ഇഖാമ മറ്റൊരു സ്‌പോണ്‍സറിലേക്ക് മാറ്റുകയോ പുതുക്കി നല്‍കുകയോ ചെയ്യാം.

ഇത്തരത്തില്‍ 90 ദിവസത്തില്‍ കൂടുതല്‍ കാലാവധിയുള്ള നിരവധി അപേക്ഷകള്‍ ലഭിച്ച സാഹചര്യത്തിലാണ് കുടിയേറ്റവിഭാഗം കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Thursday 12 August 2010

വികാരനിര്‍ഭരമായ ചടങ്ങില്‍ താജ്മഹല്‍ ഹോട്ടല്‍ തുറന്നു


മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ ഭീകരര്‍ തകര്‍ത്ത താജ്മഹല്‍ ഹോട്ടലിലെ ഹെറിറ്റേജ് വിഭാഗം വ്യാഴാഴ്ച തുറന്നു. മാനേജ്‌മെന്‍റും ജീവനക്കാരും ഒത്തുകൂടിയ വികാരനിര്‍ഭരമായ ചടങ്ങില്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ, വൈസ് ചെയര്‍മാന്‍ ആര്‍.കെ. കൃഷ്ണകുമാര്‍, മാനേജിങ് ഡയറക്ടര്‍ റെയ്മണ്ട് ബിക്‌സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹോട്ടലിലെ ടവര്‍ വിഭാഗം ഭീകരാക്രമണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഹെറിറ്റേജ് വിഭാഗത്തിലെ ബോള്‍ റൂം, ഗോള്‍ഡണ്‍ ഡ്രാഗണ്‍, ഹാര്‍ബര്‍ ബാര്‍, വസാബി റസ്റ്റോറന്‍റ് തുടങ്ങിയവയും തുറക്കുകയുണ്ടായി. താമസക്കാര്‍ക്കുള്ള മുറികളാണ് വ്യാഴാഴ്ച ഔദ്യോഗികമായി തുറന്നത്. എന്നാല്‍, ഇതില്‍ അതിഥികള്‍ക്ക് പ്രവേശനം ഞായറാഴ്ച മുതലേ ആരംഭിക്കുകയുള്ളൂ.

''ശക്തമായ ഒരു സന്ദേശമാണ് നമ്മള്‍ ഇതിലൂടെ നല്‍കുന്നത്. നമ്മെ വേദനിപ്പിക്കാം, പക്ഷേ, എന്നന്നേക്കുമായി വീഴ്ത്താന്‍ കഴിയില്ല'' -രത്തന്‍ ടാറ്റയുടെ വാക്കുകള്‍ ഹെറിറ്റേജ് വിഭാഗത്തിന്റെ അകത്തളത്തില്‍ മുഴങ്ങിയപ്പോള്‍ ചുറ്റുമുള്ള കോണിപ്പടികളില്‍ തിങ്ങിനിറഞ്ഞു നിന്ന ജീവനക്കാര്‍ പുഷ്പവൃഷ്ടി നടത്തി ചടങ്ങിനെ വികാര നിര്‍ഭരമാക്കി.

വെടിയുണ്ടകള്‍കൊണ്ടും ഗ്രനേഡുകള്‍കൊണ്ടും തകര്‍ത്ത ഹെറിറ്റേജ് കെട്ടിടത്തിലെ മുറികള്‍ പഴയ പ്രൗഢി വീണ്ടെടുത്ത് തിളങ്ങിനിന്നു.

മറാത്ത, കോറല്‍, ഡച്ച്, ഡോള്‍ഫിന്‍ തുടങ്ങി പുതിയ സ്യൂട്ടുകള്‍ അതിഥികളെ വരവേല്‍ക്കാന്‍ ഒരുങ്ങിനില്‍ക്കുകയാണ്. ക്ലബ് റൂമുകള്‍, ലക്ഷ്വറി ഗ്രാന്‍റ് റൂമുകള്‍, പാലസ് ലോഞ്ച്, ആര്‍ട്ട് വാക്ക്... എല്ലാം അത്യാഢംബരത്തോടുകൂടിത്തന്നെ അലങ്കരിച്ചിരിക്കുന്നു.

175 കോടി രൂപയാണ് ഈ പുതുക്കിപ്പണിയലിന് ചെലവായത്. ഇതിനുവേണ്ടി ഇന്‍ഷുറന്‍സ് കമ്പനികള്‍ 180 കോടി നല്കിക്കഴിഞ്ഞു.

നൂറുകണക്കിന് ആളുകള്‍ 21 മാസം രാപകലില്ലാതെ ജോലിചെയ്തതിന്റെ ഫലമാണ് ഈ കാണുന്നതെന്ന് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ റെയ്മണ്ട് ബിക്‌സണ്‍ പറഞ്ഞു. 59 മണിക്കൂര്‍കൊണ്ട് ഭീകരര്‍ നശിപ്പിച്ച പ്രൗഢിയെ അതിലും ഭംഗിയോടെ തിരിച്ചുകൊണ്ടുവരാന്‍ ഇന്ത്യയിലെയും വിദേശത്തെയും ഡിസൈനര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്തിയിരുന്നു. ഭീകരര്‍ താണ്ഡവമാടിയ ആറാം നില 5000 ചതുരശ്ര അടിയില്‍ മനോഹരമായ 'രവിശങ്കര്‍ ഡ്യൂപ്ലക്‌സ് സ്യൂട്ട്' ആയി രൂപാന്തരപ്പെട്ടു.

ലണ്ടനില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഇ-മോഷണം


ലണ്ടന്‍: ലോകത്ത് ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ശക്തമായ വൈറസ് ഉപയോഗിച്ച് ബ്രിട്ടനില്‍ വന്‍ കവര്‍ച്ച. കമ്പ്യൂട്ടര്‍ ഹാക്കര്‍മാര്‍ ഏതാണ്ട് 3000 ബാങ്ക് അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറി 6.75 ലക്ഷം പൗണ്ടാണ് കൊള്ളയടിച്ചത്.

വൈറസ് ബാധിത അക്കൗണ്ടുകള്‍ യഥാര്‍ഥ ബാങ്കിങ് സ്റ്റേറ്റ്‌മെന്റ് നല്‍കാത്തതിനാല്‍ കവര്‍ച്ച നടന്നതറിയാനും കഴിയില്ല. ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭീകരനായ ട്രോജന്‍ വൈറസെന്നാണ് ഇതിനെ ബ്രിട്ടണിലെ പ്രമുഖ പത്രമായ ഡെയിലി മെയില്‍ വിശേഷിപ്പിക്കുന്നത്.

ജൂലായ് അഞ്ച് മുതല്‍ ആഗസ്ത് നാല് വരെയുള്ള കാലയളവിലാണ് കവര്‍ച്ച നടന്നിട്ടുള്ളത്. എന്നാല്‍, ഇനിയും ഇത്തരത്തില്‍ കവര്‍ച്ച നടക്കാന്‍ സാധ്യതയുളളതായി സൈബര്‍ സുരക്ഷാ രംഗത്ത് വിദഗ്ധരായ എം86 മുന്നറിയിപ്പു നല്‍കുന്നു.

മൂന്ന് വര്‍ഷം മുമ്പ് രംഗപ്രവേശം ചെയ്ത സിയുസ് വി ത്രി എന്ന ട്രോജന്‍ വൈറസിന്റെ പരിഷ്‌കൃത രൂപമാണ് പുതിയ വൈറസ്. ബാങ്ക് അക്കൗണ്ടിലെ ബാലന്‍സ് ഇടയ്ക്കിടെ പരിശോധിക്കുക മാത്രമാണ് ഇതിനെ നേരിടാനുള്ള ഏക പോംവഴി. വൈറസ്, അക്കൗണ്ടുകളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പാസ്‌വേര്‍ഡ് അടക്കമുളള സ്വകാര്യ വിവരങ്ങള്‍ ഞൊടിയിടയില്‍ ചോര്‍ത്തിയെടുക്കും. പിന്നീട് ഉടമപോലുമറിയതെ പണം ട്രാന്‍സഫര്‍ ചെയ്യും. അതേസമയം, 800 പൗണ്ട് ബാക്കിവെക്കാനും വൈറസ് ശ്രദ്ധിയ്ക്കും.

വൈറസിനെ കണ്ടെത്തുന്നതില്‍ പരമ്പരാഗതമായ രീതി തുടരുന്ന നിലവിലെ ആന്റി വൈറസ് പ്രോഗ്രാമുകള്‍ക്ക് ഈ വിരുതനെ കണ്ടെത്താന്‍ കഴിയില്ലെന്ന് എം.86 വൈസ് പ്രസിഡന്റ് ബ്രാഡ്‌ലി അന്‍സ്റ്റിസ് പറഞ്ഞു.

എന്നാല്‍, ബ്രിട്ടനിലെ മുന്‍നിര ബാങ്കുകള്‍ ഇത്തരം വൈറസ് ആക്രമണം സ്ഥിരീകരിച്ചിട്ടില്ല. ഏതെങ്കിലും ഉപഭോക്താവിന് ഇത്തരത്തില്‍ പണം നഷ്ടമായാല്‍ തുക തിരിച്ചു നല്‍കുമെന്ന് എച്ച്.എസ്.ബി.സി ബാങ്ക് വ്യക്തമാക്കി.

ബ്രിട്ടനില്‍ ഒരു ലക്ഷത്തോളം കമ്പ്യൂട്ടറുകളില്‍ മറ്റ് ട്രോജനുകള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് എം86ന്റെ വിലയിരുത്തല്‍.

Wednesday 11 August 2010

ഭാരതി എയര്‍ടെല്‍ വീണ്ടും വിദേശ കമ്പനിയെ ഏറ്റെടുക്കുന്നു


മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ വീണ്ടും വിദേശ ഏറ്റെടുക്കലിന്. ഇത്തവണ സീഷെല്‍സിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ടെലികോം സീഷെല്‍സിനെയാണ് ഭാരതി സ്വന്തമാക്കുന്നത്. ഇതോടെ കമ്പനിയുടെ ആഫ്രിക്കയിലെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടും.

ഏതാണ്ട് 280 കോടി രൂപയ്ക്കാണ് (6.2 കോടി ഡോളര്‍) ടെലികോം സീഷെല്‍സിന്റെ മുഴുവന്‍ ഓഹരിയും ഭാരതി സ്വന്തമാക്കുന്നത്. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഏറ്റെടുക്കലിന് അനുമതി നല്‍കി.

ഭാരതി ഈയിടെ കുവൈത്തിലെ സെയിന്‍ ഗ്രൂപ്പിന്റെ ആഫ്രിക്കയിലെ ആസ്തികള്‍ സ്വന്തമാക്കിയിരുന്നു. ഇതോടെ 15 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭാരതിക്ക് സാന്നിധ്യമുണ്ടായിരുന്നു. ടെലികോം സീഷെല്‍സ് കൂടി ഭാരതിയുടെ ഭാഗമാകുമ്പോള്‍ 16 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സാന്നിധ്യമാകും. ലോകമൊട്ടാകെ 19 രാജ്യങ്ങളിലും.

അതിനിടെ നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഭാരതി എയര്‍ടെല്ലിന്റെ അറ്റാദായത്തില്‍ വന്‍ ഇടിവുണ്ടായി. ഗ്രൂപ്പിന്റെ മൊത്തത്തിലെ അറ്റാദായം 2,474.50 കോടി രൂപയില്‍ നിന്ന് 1,681.60 കോടി രൂപയായാണ് താഴ്ന്നത്. അതേസമയം വരുമാനം 17.4 ശതമാനം ഉയര്‍ന്ന് 12,231 കോടി രൂപയായി.

ഇന്ത്യയില്‍ 3ജി, വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ലൈസന്‍സുകള്‍ ലഭിച്ച എയര്‍ടെല്‍ ഒരു സമ്പൂര്‍ണ ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡായി മാറുമെന്ന് ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു. ഇന്ത്യയില്‍ 21 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്.

Tuesday 10 August 2010

നാലര വര്‍ഷംകൊണ്ട് മലയാളി 20,000 കോടിക്ക് കുടിച്ചു

തിരുവനന്തപുരം: മലയാളിയുടെ 'കുടിക്കമ്പം' ബിവറേജസ് കോര്‍പ്പറേഷന് സമ്മാനിച്ചത് 20,000 കോടിയോളം രൂപയുടെ വിറ്റുവരവ്. ജീവനക്കാരെ റൊട്ടേഷനില്‍ വിന്യസിച്ചും കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറന്നും കേരള ബിവറേജസ് കോര്‍പ്പറേഷന്‍ കൂടുതല്‍ പ്രൊഫഷണല്‍ ആയതോടെ നാല് വര്‍ഷവും നാല് മാസവുംകൊണ്ട് സര്‍ക്കാരിന് 81 ശതമാനം അധിക റവന്യൂവരുമാനം ഉണ്ടായി.

2006 മുതല്‍ 2010 ജൂലായ് വരെയുള്ള കാലയളവില്‍ മലയാളി അകത്താക്കിയത് 19,075.01 കോടി രൂപയുടെ മദ്യമാണ്. 14,874 കോടി രൂപയുടെ റവന്യൂവരുമാനമാണ് നാല് വര്‍ഷവും നാല് മാസവും കൊണ്ട് മദ്യപര്‍ സര്‍ക്കാരിന് സമ്മാനിച്ചത്. അതായത് 708.20 ലക്ഷം കെയ്‌സ് വിദേശമദ്യവും 291.43 ലക്ഷം കെയ്‌സ് ബിയറും കൂട്ടിച്ചേര്‍ത്ത് 10 കോടിയോളം കെയ്‌സ് മദ്യം കുടിച്ചുതീര്‍ത്തിരിക്കുന്നു.

യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തുള്ളതിനേക്കാള്‍ 6650 കോടി രൂപയുടെ അധികവരുമാനമാണ് മദ്യപരില്‍ നിന്ന് ഈ സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. അവശേഷിക്കുന്ന മാസങ്ങള്‍ കൂടി പിന്നിടുമ്പോള്‍ ഇത് പതിനായിരം കോടിയോളമെത്തും. യു.ഡി.എഫ്. സര്‍ക്കാരിനുള്ള മദ്യപാനികളുടെ 'വിഹിതം' ഇങ്ങനെയായിരുന്നു. അഞ്ചുവര്‍ഷം കൊണ്ട് 10,570.74 കോടി രൂപയുടെ വിറ്റുവരവാണ് ബിവറേജസ് കോര്‍പ്പറേഷന് അന്നുണ്ടായിരുന്നത്. ഇതില്‍ 8271.86 കോടി രൂപയുടെ റവന്യൂവരുമാനമാണ് യു.ഡി.എഫ്. സര്‍ക്കാരിന് ലഭിച്ചതും. 692.89 ലക്ഷം കെയ്‌സ് മദ്യമാണ് അന്ന് മലയാളികള്‍ കുടിച്ചുതീര്‍ത്തത്.

ഇടതുസര്‍ക്കാരിന്റെ കാലത്ത് മദ്യപാനികള്‍ക്ക് ഗുണവും അതോടൊപ്പം ചൂഷണവും നേരിടേണ്ടി വന്നു. വിദേശമദ്യക്കമ്പനികള്‍ക്ക് ഒരുതവണ മാത്രമാണ് വിലവര്‍ധനയ്ക്കുള്ള അനുവാദം നല്‍കിയതെന്നുള്ളതാണ് മദ്യപാനികള്‍ക്ക് ആശ്വാസം നല്‍കിയത്. അതേസമയം നടപ്പുസാമ്പത്തികവര്‍ഷത്തില്‍ അതായത് കഴിഞ്ഞ നാലുമാസമായി വിദേശമദ്യത്തിന് 10 ശതമാനം അധികം വില്‍പ്പന നികുതിയാണ് ചുമത്തിയിരിക്കുന്നത്. വിദേശമദ്യത്തെ ആശ്രയിക്കുന്നവരേറെയുള്ളതിനാല്‍ അധികവരുമാനം കിട്ടുകയും ചെയ്യും. അതേ സമയം ബിയറിന് 10 ശതമാനം തീരുവ കുറച്ച് മദ്യപരുടെ കണ്ണില്‍ പൊടിയിടുകയും ചെയ്തു.

ബിവറേജസ് കോര്‍പ്പറേഷന്‍ 52 പുതിയ ഔട്ട്‌ലെറ്റുകളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് തുറന്നത്.

Sunday 8 August 2010

'ആദിത്യ'യുമായി ഐ.എസ്.ആര്‍.ഒ.



ബാംഗ്ലൂര്‍: ചാന്ദ്രപര്യവേക്ഷണം വിജയമായതിനു പിന്നാലെ ഇന്ത്യ സൂര്യനെ നിരീക്ഷിക്കാനും പഠിക്കാനുമൊരുങ്ങുന്നു. ബഹിരാകാശത്തുനിന്ന് സൂര്യനെ വിശദമായി നോക്കിക്കാണുവാന്‍ സൂര്യപര്യവേക്ഷണ ഉപഗ്രഹമായ 'ആദിത്യ' ഐ.എസ്.ആര്‍.ഒ. വിക്ഷേപിക്കും.

സൂര്യന്റെ ഉപരിതലത്തിലുള്ള കൊറോണയുടെ വിശദാംശങ്ങള്‍ പഠിക്കുവാനായാണ് 'ആദിത്യ' വിക്ഷേപിക്കുന്നത്. പരമാവധി 100 കിലോഗ്രാം മാത്രം വരുന്ന ഈ ഉപഗ്രഹം ഭൂമിയില്‍നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് വിക്ഷേപിക്കുക. അവിടെ നിന്നുകൊണ്ട് സൂര്യനെ സസൂക്ഷ്മം നിരീക്ഷിച്ച് ഈ കൊച്ചുപഗ്രഹം ഭൂമിയിലേക്ക് വിവരങ്ങള്‍ കൈമാറും.

കൊറോണയിലെ ഉയര്‍ന്ന താപം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളും അതുമൂലം ഭൂമിയിലെ കാന്തികപ്രഭാവത്തിനുണ്ടാകുന്ന മാറ്റങ്ങളും പഠിക്കുകയാണ് 'ആദിത്യ' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐ.എസ്.ആര്‍.ഒ.യുടെ സ്‌പേസ് സയന്‍സസ് ഓഫീസ് പ്രോഗ്രാം ഡയറക്ടര്‍ ഡോ.ഇ. ശ്രീധരന്‍ വിശദീകരിക്കുന്നു. സൂര്യനെ നിരീക്ഷിക്കാനുള്ള 'സോളാര്‍ കൊറോണോഗ്രാഫ്' എന്ന ഉപകരണമായിരിക്കും ഈ ഉപഗ്രഹത്തിലെ പ്രധാന പേ ലോഡ്; കൂടാതെ വിവരങ്ങള്‍ ഭൂമിയിലേക്ക് കൈമാറുവാനുള്ള സംവിധാനങ്ങളും.

സന്തോഷ് ട്രോഫി ബംഗാളിന്‌




      കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ബംഗാള്‍ ചാമ്പ്യന്മാരായി. പഞ്ചാബിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജപ്പെടുത്തിയാണ് 11 വര്‍ഷത്തിന് ശേഷം ബംഗാള്‍ വീണ്ടും ചാമ്പ്യന്മാരാകുന്നത്. 65 സന്തോഷ് ട്രോഫികളില്‍ ഇത് മുപ്പതാം തവണയാണ് ബംഗാള്‍ ചാമ്പ്യന്മാരാകുന്നത്. മലയാളി താരം ഡെന്‍സണ്‍ ദേവദാസാണ് ബംഗാളിന്റെ രണ്ട് ഗോളുകളും നേടിയത്.

മുപ്പതാം മിനിട്ടില്‍ ബല്‍വന്ത് സിങിലൂടെ പഞ്ചാബാണ് ആദ്യ ഗോള്‍ നേടിയത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ തന്നെ ബംഗാളിന് വേണ്ടി ഡെന്‍സണ്‍ ദേവദാസ് സമനില ഗോള്‍ നേടി. പിന്നീട് 78 ആം മിനിട്ടില്‍ ഡെന്‍സനിലൂടെ തന്നെ ബംഗാള്‍ വിജയഗോളും നേടി. 1996 തുടങ്ങി നാലുതവണ തുടര്‍ച്ചയായി ചാമ്പ്യന്മാരായ ബംഗാളിന് 1999 നുശേഷം ഇതേവരെ ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്മാരാകാന്‍ സാധിച്ചിരുന്നില്ല.

ഗോവയ്‌ക്കെതിരായ സെമി ഫൈനലിലും ഡെന്‍സനാണ് ബംഗാളിനെ രക്ഷിച്ചത്. കൊല്‍ക്കത്ത ലീഗില്‍ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച കളിക്കാരനുമായിരുന്നു ചിരാഗ് യുണൈറ്റഡിന്റെ ക്യാപ്റ്റന്‍ കൂടിയായ കണ്ണൂര്‍ ബര്‍ണശ്ശേരിക്കാരന്‍.

ഓരോകളിക്കാരനും രണ്ടുലക്ഷം രൂപ വീതം, മലേഷ്യയില്‍ വിജയാഘോഷം തുടങ്ങിയവയാണ് വിജയികളായ ബംഗാളി ടീമിനെ കാത്തിരിക്കുന്നത്.

Saturday 7 August 2010

ലക്ഷ്മണ് ഉജ്ജ്വല സെഞ്ചുറി: ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം



കൊളംബൊ: വി.വി.എസ് ലക്ഷ്മണ്‍ ഒരിക്കല്‍ കൂടി ഇന്ത്യയുടെ രക്ഷകനായി. പരാജയം തുറിച്ചുനോക്കിയ മത്സരത്തില്‍ ഉജ്ജ്വല സെഞ്ചുറിയുമായി ലക്ഷ്മണും അര്‍ധസെഞ്ചുറിയുമായി സച്ചിനും റെയ്‌നയും(41 നോട്ടൗട്ട്) ചേര്‍ന്ന് ടീമിനെ വിജയതീരത്തെത്തിക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് വിജയത്തോടെ ടെസ്റ്റ് പരമ്പര ഇന്ത്യ സമനിലയിലാക്കി. ശ്രീലങ്കന്‍ മണ്ണില്‍ ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് വിജയമാണിത്.


സമ്മര്‍ദഘട്ടത്തില്‍ ഉത്തരവാദിത്വത്തോടെ ബാറ്റ്‌ചെയ്യേണ്ടതെങ്ങനെയെന്ന് 103 റണ്‍സുമായി പുറത്താകാതെ നിന്ന ലക്ഷ്മണ്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. ശ്രീലങ്കന്‍ സ്​പിന്‍ ആക്രമണത്തെ ഫലപ്രദമായി ചെറുത്ത ലക്ഷ്മണ്‍ ടെസ്റ്റ് കരിയറിലെ പതിനാറാം സെഞ്ചുറിയാണ് പൂര്‍ത്തിയാക്കിയത്. സച്ചിനുമായി(54) ചേര്‍ന്ന് ലക്ഷ്മണ്‍ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ പടുത്തുയര്‍ത്തിയ 109 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. എന്നാല്‍ വിജയത്തിന് 81 റണ്‍സ് അകലെ സച്ചിനെ നഷ്ടമായിട്ടും റെയ്‌നയെ ഒപ്പം ചേര്‍ത്ത് ലക്ഷ്മണ്‍ ടീമിന് മികച്ച വിജയങ്ങളില്‍ ഒന്ന് സമ്മാനിച്ചു. ഒടുവില്‍ വെല്‍ഗേധരയെ സിക്‌സര്‍ പറത്തിയാണ് റെയ്‌ന വിജയം ആഘോഷിച്ചത്. 41 റണ്‍സുമായി പുറത്താകാതെ നിന്ന റെയ്‌ന തനിക്ക് ടെസ്റ്റും ഇണങ്ങുമെന്ന് തെളിയിച്ചു.


അഞ്ചാം ദിനം 202 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് രാത്രി കാവല്‍ക്കാരന്‍ ഇഷാന്ത് ശര്‍മ്മയുടെ വിക്കറ്റ് തുടക്കത്തിലെ നഷ്ടമായി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ സച്ചിനും ലക്ഷ്മണും ഉത്തരവാദിത്വത്തോടെ മുന്നോട്ട് നയിച്ചു. രണ്ടീവിനെ സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ സച്ചിന്‍ വിക്കറ്റ് കീപ്പര്‍ക്ക് പിടികൊടുക്കുകയായിരുന്നു. അലക്ഷ്യമായ ഷോട്ടോടെയാണ് തുടങ്ങിയതെങ്കിലും റെയ്‌ന ക്രമേണ നിലയുറപ്പിച്ചു. ആറാം വിക്കറ്റില്‍ ലക്ഷ്മണ്‍-റെയ്‌ന കൂട്ടുകെട്ടില്‍ 87 റണ്‍സ് പിറന്നു.
(ശ്രീലങ്ക 425, 267 ഇന്ത്യ 436, 258-5)

Tuesday 3 August 2010

ഫയര്‍ഫോക്‌സ് ഇനി മലയാളത്തിലും




കോഴിക്കോട്: ലോകത്തെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച സ്വതന്ത്ര വെബ്ബ് ബ്രൗസറായ മോസില്ല ഫയര്‍ഫോക്‌സ് മലയാളത്തിലും ലഭ്യമാകുന്നു. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് കൂട്ടായ്മയുടെ ഭാഗമായ 'ഫയര്‍ഫോക്‌സ് മലയാളം സംഘ'മാണ് ഈ നേട്ടത്തിന് പിന്നില്‍. മലയാളം കമ്പ്യൂട്ടിങിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട നാഴികക്കാല്ലുകളില്‍ ഒന്നായി ഇത് വിലയിരുത്തപ്പെടുന്നു.


ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതലാളുകളുപയോഗിക്കുന്ന വെബ്ബ്ബ്രൗസറാണ് ഫയര്‍ഫോക്‌സ്. ലോകത്ത് 30 ശതമാനം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഫയര്‍ഫോക്‌സ് ഉപയോഗിക്കുന്നു. ആ നിലയ്ക്ക് ഫയര്‍ഫോക്‌സ് മലയാളത്തില്‍ ലഭ്യമാകുന്നത്, മലയാളം കമ്പ്യൂട്ടിങ് രംഗത്തിന് വലിയ അനുഗ്രഹമാകും.


മോസില്ല ഫയര്‍ഫോക്‌സിന്റെ ഏറ്റവും പുതിയ 3.6.8 പതിപ്പ് പുറത്തിറങ്ങിയത് കഴിഞ്ഞ ജൂലായ് 23 നാണ്. ഫയര്‍ഫോക്‌സ് 3.1 പതിപ്പ് മുതല്‍ പരീക്ഷണാടിസ്ഥാനത്തിലായിരുന്ന മലയാളം ഫയര്‍ഫോക്‌സിന്, 3.6.8 പതിപ്പോടെ ഔദ്യോഗിക പിന്തുണ ലഭിച്ചതായി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് (എസ്.എം.സി) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


'എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ' എന്ന മുദ്രാവാക്യത്തോടെ 2001 ല്‍ സ്ഥാപിതമായ സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് എസ്.എം.സി. സ്വതന്ത്ര സോഫ്ട്‌വേറുകള്‍ അടിസ്ഥാനമാക്കി മലയാളം കമ്പ്യൂട്ടിങ് ജനങ്ങളിലെത്തിക്കാനാണ് ഈ കൂട്ടായ്മ ശ്രമിക്കുന്നത്. ഫയര്‍ഫോക്‌സ് മലയാളം സംഘത്തിലെ അനി പീറ്റര്‍, അനൂപന്‍, ഹരി വിഷ്ണു, ആഷിക് സലാഹുദ്ദീന്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പാണ് ഫയര്‍ഫോക്‌സ് മലയാളത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

Monday 2 August 2010

Joby John is the winner

Idea Star Singer Season-  4



Preethi Warrier second runner up
Joby John received villa worth Rs.1 crore sponsored by Travancore Builders ,first runner-up Sreenath received Rs.10 lakhs of Gold sponsored by Josco , Second runner up Preethi Warrier got Rs. 5 lakhs and fourth & firth runners-up Anju Joseph and Vidhya Shankar. received Rs.2 lakhs and 1 lakhs respectively.
Joby John from Kozhikode was declared winner of Idea Star Singer Season 4 , Sreenath from Palakkadu is the first runner-up, Preethi Warrier from Mumbai was declared second runner-up & last but not the least, Anju Joseph from Kottayam and Vidya Shankar from Chennai secured the third & fourth runners-up spot respectively in the grand finale.

The grand finale of Idea Star Singer Season 4 was held live at Chandrasekharan Nair stadium , Thiruvananthapuram on Sunday. Several prominent persons from the film industry and socio- cultural spheres were present on the occasion.

Joby John received villa worth Rs.1 crore sponsored by Travancore Builders ,first runner-up Sreenath received Rs.10 lakhs of Gold sponsored by Josco , Second runner up Preethi Warrier got Rs. 5 lakhs and fourth & firth runners-up Anju Joseph and Vidhya Shankar. received Rs.2 lakhs and 1 lakhs respectively.

The winners were selected by eminent jury comprised South India’s most Popular play back singer S.P.balasubramaniam ,Playback singers K.S.Chithra and M.G.Sreekumar and music director Sarath.

Film Stars Kavya Madhavan, Gazal singer Anoop Jalotta, , Asianet Managing Director K.Madhavan, Idea COO Sreeramakrishna , Magician Gopinath and other leading celebrities from the world of film and music added a dash of glamour to the show.

Sunday 1 August 2010

സംസ്ഥാനത്ത് പുതുതായി 140 സ്‌പെഷ്യലൈസ്ഡ് കമ്പ്യൂട്ടര്‍ സ്‌കൂളുകള്‍

തിരുവനന്തപുരം: ഐ.ടി. അറ്റ് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 140 സ്‌പെഷ്യലൈസ്ഡ് കമ്പ്യൂട്ടര്‍ സ്‌കൂളുകള്‍ തുടങ്ങുന്നു. സംസ്ഥാനത്തെ 140 അസംബ്ലി മണ്ഡലങ്ങളിലും ഓരോ സ്‌കൂള്‍ വീതമാണ് അനുവദിക്കുക. സെപ്തംബര്‍ മാസത്തോടെ പദ്ധതി നടപ്പക്കുമെന്ന് ഐ.ടി അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.


അഞ്ച് ക്ലാസ് റൂമുകളാണ് ഓരോ സ്‌കൂളിലും ഇതിനായി തയ്യാറാക്കുക. ലാപ് ടോപ്പുകളും മള്‍ട്ടിമീഡിയ പ്രൊജക്ടറുകളും അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളും ഈ തിരഞ്ഞെടുത്ത 140 സ്‌കൂളുകളില്‍ ഒരുക്കും. ഓരോ അസംബ്ലിമണ്ഡലത്തിലെയും സാധ്യതകള്‍ പരിശോധിച്ച് എം.എല്‍.എമാരോട് ഓരോ സ്‌കൂള്‍ വീതം ശുപാര്‍ശചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി എം.എ ബേബി ഇന്ന് നിര്‍ദേശം നല്‍കി. ആഗസ്ത് 15 നകം സ്‌കൂള്‍ ഏതാണെന്ന് തീരുമാനിച്ച് അറിയിക്കാനാണ് നിര്‍ദേശം.


ഓരോ സ്‌കൂളിലും ഒരു അധ്യാപകന് പ്രത്യേക സാങ്കേതിക പരിശീലനം നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായി ഡിജിറ്റര്‍ വിവരങ്ങള്‍ നിര്‍മ്മിച്ച് പൊതു ഡാറ്റാബേസുകളില്‍ അപ് ലോഡ് ചെയ്യാനുള്ള പരിശീലനവും നല്‍കും. വിവര വിനിമയ സാങ്കേതിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. സ്‌പെഷ്യലൈസ്ഡ് കമ്പ്യൂട്ടര്‍ സ്‌കൂളുകളെ പ്രത്യേക മാനേജ്‌മെന്റ് സോഫ്ട് വെയറിന്റെ സഹായത്തോടെ കൃത്യമായ ഇടവേളകളില്‍ വിലയിരുത്തുന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.

മലയാള മനോരമ പത്രാധിപര്‍ കെ.എം മാത്യു അന്തരിച്ചു



കോട്ടയം: മലയാള മനോരമ പത്രാധിപര്‍ കെ.എം മാത്യു (93) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കോട്ടയത്തുള്ള വസതിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയത്ത് മലയാള മനോരമ ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചതിരിഞ്ഞ് നാല് മണിക്ക് കോട്ടയം പുത്തന്‍പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.


പരേതയായ അന്നമ്മ മാത്യുവാണ് ഭാര്യ. മക്കള്‍: മാമ്മന്‍ മാത്യു (എഡിറ്റര്‍), ഫിലിപ്പ് മാത്യു (മാനേജിങ് എഡിറ്റര്‍), ജേക്കബ് മാത്യു (എക്‌സിക്യൂട്ടീവ് എഡിറ്റര്‍), തങ്കം മാമ്മന്‍. 1954 ല്‍ അദ്ദേഹം മലയാള മനോരമയുടെ മാനേജിങ് എഡിറ്ററായി. 1973 മെയ് 14ന് കെ.എം ചെറിയാന്റെ പിന്‍ഗാമിയായി മനോരമയുടെ ചീഫ് എഡിറ്ററായി. മരണം വരെ ആ സ്ഥാനത്ത് തുടര്‍ന്നു.


1917 ല്‍ കെ.സി മാമന്‍ മാപ്പിളയുടേയും കുഞ്ഞാണ്ടമ്മയുടേയും മകനായി ആലപ്പുഴയിലായിരുന്നു ജനനം. കുട്ടനാട്ടെ കുപ്പപ്പുറത്തുള്ള സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആലപ്പുഴ ലിയോ തേര്‍ട്ടീന്ത്, കോട്ടയം എം.ഡി സെമിനാരി സ്‌കൂളുകളില്‍ തുടര്‍പഠനം. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി.


പി.ടി.ഐ, ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി, എ.ബി.സി, പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, റിസേര്‍ച്ച് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ ന്യൂസ് പേപ്പര്‍ ഡെവലപ്‌മെന്റ് എന്നിവയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.1967 ല്‍ പ്രസ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ട്രെസ്റ്റിയായി. സെന്‍ട്രല്‍ പ്രസ് അഡൈ്വസറി കമ്മിറ്റി, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, പത്രജീവനക്കാര്‍ക്കായുള്ള രണ്ടാം വേജ് ബോര്‍ഡ്, ഓര്‍ത്തഡോക്‌സ് സഭാ വര്‍ക്കിങ് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു.


1998 ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു. 1996ല്‍ ബി.ഡി ഗോയങ്ക അവാര്‍ഡ്. 1997 ല്‍ പ്രസ് അക്കാദമി അവാര്‍ഡ് എന്നിവയ്ക്കും അര്‍ഹനായിട്ടുണ്ട്. എട്ടാമത്തെ മോതിരം എന്ന പേരില്‍ ആത്മകഥ എഴുതിയിട്ടുണ്ട്. ഭാര്യയെക്കുറിച്ച് അന്നമ്മ എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. 1991 ല്‍ ഫൗണ്ടേഷന്‍ ഓഫ് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ പുരസ്‌കാരം, 1992 ല്‍ നാഷണല്‍ സിറ്റിസണ്‍സ് പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു.


കേവലം മൂന്നു ശതമാനം ജനങ്ങള്‍ മാത്രം സംസാരിക്കുന്ന ഭാഷയില്‍ ഇത്രയധികം പ്രചാരമുള്ള പത്രമായി മലയാള മനോരമയെ വളര്‍ത്തിയത് ഏവരും സ്‌നേഹപൂര്‍വ്വം മാത്തുക്കുട്ടിച്ചായന്‍ എന്ന് വിളിക്കുന്ന കെ.എം മാത്യുവിന്റെ ദീര്‍ഘവീക്ഷണവും അശ്രാന്തപരിശ്രമവുമായിരുന്നു.