"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Friday 20 August 2010

ചന്ദ്രന്‍ ചെറുതാവുന്നു



വാഷിങ്ടണ്‍: ചന്ദ്രന്‍ ചുരുങ്ങി ചെറുതാവുകയാണെന്ന് ജ്യോതിശ്ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ചന്ദ്രോപരിതലത്തില്‍ രൂപപ്പെട്ട ചുളിവുകളില്‍ നിന്നാണിക്കാര്യം മനസ്സിലാക്കിയത്. എന്നുവെച്ച് ചന്ദ്രന്‍ ചുരുങ്ങി ഇല്ലാതായിപ്പോകുമെന്നു പേടിക്കേണ്ട. അത്ര പതുക്കെയാണീ മാറ്റം.
ചാന്ദ്രപര്യവേക്ഷണ പേടകങ്ങള്‍ പല കാലങ്ങളിലായെടുത്ത നൂറുകണക്കിനു ചിത്രങ്ങള്‍ സൂക്ഷ്മ വിശകലനത്തിനു വിധേയമാക്കിയാണ് ചന്ദ്രന്‍ ചെറുതായി വരുന്ന കാര്യം അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചത്.

ചന്ദ്രന്റെ ഉപരിതലം ചുളിവുകള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണെന്ന് പഠനത്തില്‍ വ്യക്തമായി. ആകാശഗോളങ്ങള്‍ ചെറുതാവുമ്പോള്‍ ഉപരിതലത്തില്‍ വിള്ളലും ചുളിവുകളും രൂപപ്പെടും. ചൂടുപിടിച്ച കേന്ദ്രഭാഗം ചൂടാറുമ്പോള്‍ ചുരുങ്ങും. അതിനനുസരിച്ച് പുറംപാളി അകത്തേക്കു വലിയും. അപ്പോഴാണ് ഉപരിതലത്തില്‍ ചുളിവുകള്‍ വരിക- സ്മിത് സോണിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ മുഖ്യശാസ്ത്രജ്ഞന്‍ ഡോ. തോമസ് വാട്ടേഴ്‌സ് പറയുന്നു. ഇങ്ങനെ ചന്ദ്രന്റെ വ്യാസം 200 മീറ്റര്‍ കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

ചാന്ദ്രപര്യവേക്ഷണ വാഹനങ്ങള്‍ ചന്ദ്രോപരിതല ഫലകങ്ങളിലെ വിള്ളലിന്റെ ചിത്രമെടുത്തതോടെയാണ് ഈ പ്രതിഭാസത്തെപ്പറ്റി ശാസ്ത്രജ്ഞര്‍ പഠിക്കാന്‍ തുടങ്ങിയത്. 1970കളുടെ തുടക്കത്തില്‍ അപ്പോളോ പര്യവേക്ഷണവും ഇത്തരം വിള്ളലുകള്‍ കണ്ടെത്തിയിരുന്നു. 'ലൊബേറ്റ് സ്‌കാര്‍പ്‌സ്' എന്നറിയപ്പെടുന്ന ഇത്തരം 14 വിള്ളലുകളാണ് ചന്ദ്രനിലുള്ളത്. ഇവ ചന്ദ്രോപരിതലത്തിലെമ്പാടുമായി വ്യാപിച്ചു കിടക്കുകയാണെന്ന് വ്യക്തമായി. കാറ്റുപോവുമ്പോള്‍ ബലൂണില്‍ രൂപപ്പെടുന്ന ചുളിവുകള്‍ക്കു സമാനമാണിവ.

ചന്ദ്രോപരിതലത്തിലെ ഈ ചുളിവുകള്‍ക്ക് വലിയ കാലപ്പഴക്കമില്ലെന്നാണ് നിഗമനം. നൂറുകോടി വര്‍ഷത്തിനപ്പുറം രൂപപ്പെട്ടവയാണിവ. തണുത്തുറഞ്ഞു മരിച്ചു കിടക്കുകയല്ല ചന്ദ്രനെന്നും ഇപ്പോഴുമതിനു മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നുണ്ടെന്നും ഇതില്‍ നിന്നു വ്യക്തമാകുന്നു.അതുകൊണ്ടുതന്നെ ചന്ദ്രന്‍ ഇപ്പോഴും ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ചന്ദ്രന്‍ ചുരുങ്ങുന്നത് ഭൂമിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്. സയന്‍സ് ജേണലിന്റെ പുതിയ ലക്കത്തിലാണീ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

No comments:

Post a Comment