കോയമ്പത്തൂര്‍: തൃശ്ശൂരിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വേള്‍പൂള്‍ ഒരുക്കിയ 14,400 ചതുരശ്രയടി വലിപ്പമുള്ള ഓണപ്പൂക്കളത്തിന് ചെലവായത് 12 ടണ്‍ പൂക്കള്‍. ചെലവ് 19 ലക്ഷത്തോളം രൂപയും. ഗിന്നസ് ബുക്ക് ലക്ഷ്യമിട്ട് കോഴിക്കോട്ട് ഒരുക്കിയ 17,662 ചതുരശ്ര അടി വലിപ്പമുള്ള സ്‌നേഹപ്പൂക്കളത്തിന് ചെലവ് 30 ലക്ഷം രൂപ. ഓണാഘോഷത്തിന്റെ ഭാഗമായി കേരളത്തില്‍ വിവിധ സംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന പൂക്കളമത്സരം 20,000-ത്തിലേറെ.
കേരളത്തിനുപുറത്ത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍മാത്രം ഓണാഘോഷത്തിന് 10,000-ത്തില്‍പ്പരം പൂക്കളമത്സരങ്ങള്‍. പൂക്കളമൊന്നിന് ശരാശരി ചെലവ് 1500 രൂപ. പൂക്കളത്തിനായി മലയാളി ഓണക്കാലത്ത് ചെലവിടുന്നത് ഏതാണ്ട് 100 കോടി രൂപ. ഓണക്കാലത്ത് കേരളത്തിലെ പൂകര്‍ഷകര്‍ നേടുന്നത് രണ്ടു ശതമാനം മാത്രം. ബാക്കി 98 കോടിയും തമിഴ്‌നാടും കര്‍ണാടകവും പങ്കിടുകയാണ്. ഇതില്‍ തമിഴ്‌നാടിന്റെ ഓഹരി 70 ശതമാനം. കോയമ്പത്തൂര്‍, തോവാള പൂമാര്‍ക്കറ്റുകളാണ് ഓണക്കാലത്ത് വന്‍ കൊയ്ത്ത് നടത്തുന്നത്. വലിപ്പംകൊണ്ട് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പൂമാര്‍ക്കറ്റായ ബാംഗ്ലൂര്‍ മാര്‍ക്കറ്റും ഓണം ശരിക്കും ആഘോഷിക്കുന്നു.
ഓണക്കാലത്ത് പൂവിനായി 100 രൂപ മുടക്കാന്‍ ആരും മടിക്കില്ല. ഈ മനഃശാസ്ത്രമറിഞ്ഞാണ് പൂവില്പനക്കാര്‍ ലാഭംകൊയ്യുന്നത്. മഞ്ഞയും ഓറഞ്ചും നിറമുള്ള ചെണ്ടുമല്ലി, വയലറ്റ് നിറമുള്ള വാടാമല്ലി, ചുവപ്പ് നിറമുള്ള ചീരപ്പൂ. വയലറ്റ് ഉള്‍പ്പെടെ വിവിധ നിറങ്ങളിലുള്ള ജമന്തി- ഒരു പൂക്കളം തീര്‍ക്കാന്‍ ഇവ ധാരാളം. എല്ലാം വാങ്ങുമ്പോഴേക്കും 100 രൂപയാകും. വില അങ്ങിനെയാണ്-അത്തം മുതല്‍ തിരുവോണംവരെ വില കുതിച്ചുയരുന്ന വസ്തുക്കളില്‍ ഒന്നാംസ്ഥാനം പൂവിനുതന്നെ.
നൂറ്റാണ്ടിന്റെ പാരമ്പര്യവും വില്പനയില്‍ ദക്ഷിണേന്ത്യയില്‍ ഒന്നാംസ്ഥാനവുമുള്ള കോയമ്പത്തൂര്‍ പൂമാര്‍ക്കറ്റില്‍ പൂവിന് തൊട്ടാല്‍പ്പൊള്ളുന്ന വില. വെള്ള ജമന്തിക്ക് കിലോഗ്രാമിന് 240 രൂപ. മഞ്ഞ ജമന്തിക്ക് 100 രൂപ. സുലഭമായ ചീരപ്പൂവിന് 70. മഞ്ഞ ചെണ്ടുമല്ലിക്കും ഓറഞ്ചിനും 60രൂപയും. ഈ ഇനങ്ങളാണ് ഓണവിപണിയിലേക്ക് ധാരാളമായി എത്തുന്നത്. ലോറിയില്‍ കയറ്റി ചെറുകിട പൂക്കച്ചവടക്കാരുടെ കൈയിലെത്തുമ്പോഴേക്കും 30 മുതല്‍ 40 ശതമാനംവരെ വില ഉയരും.
മൊത്ത വില്പനയില്‍ മുന്നില്‍ കോയമ്പത്തൂര്‍ പൂമാര്‍ക്കറ്റാണെങ്കിലും വിളവെടുക്കുന്നത് 150 കി.മീറ്റര്‍ അകലെ ഹൊസൂരിലാണ്.
കോയമ്പത്തൂര്‍ ജില്ലയില്‍ മേട്ടുപ്പാളയം, തുടിയല്ലൂര്‍, കാരമട, ഉദുമല്‍പേട്ട എന്നിവിടങ്ങളിലും പൂന്തോട്ടങ്ങളുണ്ട്. പക്ഷേ, ഇവിടെ ഉല്പാദിപ്പിക്കുന്നത് ചെണ്ടുമല്ലി ഇനങ്ങള്‍ മാത്രം.
അത്തംമുതല്‍ പ്രതിദിനം ശരാശരി 20 ലോറി പൂക്കളാണ് പൂക്കളത്തിന് മാത്രമായി കോയമ്പത്തൂരില്‍നിന്നും കേരളത്തിലെത്തിക്കുന്നത്. കൊച്ചി മുതല്‍ വടകരവരെയാണ് വിതരണം. കൊച്ചി മുതല്‍ തിരുവനന്തപുരംവരെയുള്ള മേഖല തോവാള മാര്‍ക്കറ്റിന് സ്വന്തം. പ്രതിദിനം 12 ലോറി പൂക്കളാണ് തോവാളയില്‍നിന്ന് കേരളത്തിലെത്തിക്കുന്നത്. തിരുവോണ നാളില്‍ വില്പന 50 ശതമാനംവരെ ഉയരും.
ബാംഗ്ലൂര്‍ പൂമാര്‍ക്കറ്റില്‍നിന്ന് മൈസൂര്‍വഴി എത്തിക്കുന്ന പൂക്കളാണ് വടക്കന്‍ കേരളത്തില്‍ പൂക്കളമൊരുക്കുന്നത്.
തമിഴകത്ത് പൂക്കളമൊരുക്കിയുള്ള ആഘോഷങ്ങളൊന്നുമില്ല. കോലപ്പൊടി ഉപയോഗിച്ചുള്ള കളങ്ങളാണ് തമിഴ്‌നാട്ടുകാര്‍ ആഘോഷങ്ങളില്‍ ഒരുക്കുക. പക്ഷേ, കേരളത്തിലെ എല്ലാ ആഘോഷങ്ങളും ആചാരങ്ങളും തമിഴ്ജനതയ്ക്ക് കാണാപാഠം. ഓണ വിപണിയിലേക്ക് മാത്രമായാണ് ചെണ്ടുമല്ലിയും ജമന്തിയും അധികമായി വിളവിറക്കുന്നത്. രണ്ടരമാസത്തെ അധ്വാനംകൊണ്ട് സ്വന്തമാക്കുന്നത് കോടികള്‍. പിന്നീട്, പൂപ്പാടങ്ങളില്‍ മറ്റു കൃഷികളാണ്.കോയമ്പത്തൂരിലെ മാര്‍ക്കറ്റ് ഗവേഷണവിഭാഗമാണ് കര്‍ഷകര്‍ ഏതുതരം കൃഷി എപ്പോള്‍ നടത്തണമെന്ന ഉപദേശംനല്‍കുന്നത്. ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായതിനാല്‍ നഷ്ടക്കച്ചവടം തമിഴ്‌നാട്ടിലെ കര്‍ഷകനില്ല.
No comments:
Post a Comment