പാലും പാല്പായസവുമില്ലാതെ എന്ത് ഓണാഘോഷം? ഓണം കെങ്കേമമാക്കാന്‍ ഇക്കുറി അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നത് 500 ഓളം പാല്‍ ടാങ്കറുകള്‍. പാല്‍ ക്ഷാമംമൂലം ഓണസദ്യക്ക് മങ്ങലേല്‍ക്കാതിരിക്കാന്‍ മില്‍മ തികഞ്ഞ ജാഗ്രതയിലാണെന്ന് ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ്. കര്‍ണാടകത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമായി ഈ ദിവസങ്ങളില്‍ കേരളത്തിലേക്ക് കൊണ്ടുവരിക പ്രതിദിനം ആറുലക്ഷം ലിറ്റര്‍ പാലാണ്. ഒരു ടാങ്കര്‍ 15,000 ലിറ്റര്‍ പാലാണ് വഹിക്കുക.
10 ദിവസത്തിനകം 65-70 ലക്ഷം ലിറ്റര്‍ പാല്‍ കേരളത്തിലേക്ക് ഒഴുകും. ഇതിന് ഏതാണ്ട് 15 കോടി രൂപ വിലവരും.
ഇപ്പോള്‍ ശരാശരി 10.4 ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തിന്റെ പ്രതിദിന ഉപഭോഗം. ഒപ്പം 70,000 കിലോഗ്രാം തൈരും. ആഭ്യന്തര പാല്‍ ഉല്പാദനമാവട്ടെ 7.2 ലക്ഷം ലിറ്ററും. ഇതുമൂലം പ്രതിദിനം കര്‍ണാടകത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമായി 2.5 ലക്ഷംലിറ്റര്‍ പാല്‍ കൊണ്ടുവരുന്നുണ്ട്. എന്നാല്‍ ഓണക്കാലമാവുന്നതോടെ ആഭ്യന്തര ലഭ്യത കുറയുകയും ഉപഭോഗം വര്‍ധിക്കുകയും ചെയ്യുന്ന പ്രവണതയാണ്.
ചിങ്ങം പിറന്നാല്‍ പ്രതിദിന ഉപഭോഗം 11-12 ലക്ഷം ലിറ്റര്‍ പാലാവും. കല്യാണങ്ങള്‍ വര്‍ധിക്കുന്നതും നഗരത്തിലുള്ളവര്‍ ഗ്രാമങ്ങളിലേക്ക് പോവുന്നതും നഗരങ്ങളിലെ പാല്‍ ഉപഭോഗം വര്‍ധിക്കുന്നതുമാണ് ഇതിന് കാരണം. അതേസമയം നാട്ടിന്‍പുറത്ത് വില്പന വര്‍ധിക്കുന്നതിനാല്‍ സൊസൈറ്റികളില്‍ പാല്‍ സംഭരണം കുറയും. ഇതുമൂലം മില്‍മയുടെ സംഭരണം നാലുലക്ഷം ലിറ്ററിലേക്ക് താഴും.
കഴിഞ്ഞ ഉത്രാട നാളില്‍ 12.5 ലക്ഷം ലിറ്റര്‍ പാല്‍ ചെലവായ സ്ഥാനത്ത് ഇത്തവണ 13-14 ലക്ഷം ലിറ്റര്‍ പാല്‍ വേണ്ടിവരുമെന്നാണ് മില്‍മ കണക്കാക്കിയിരിക്കുന്നത്. തിരുവോണനാളില്‍ ഇത് 18 ലക്ഷം ലിറ്ററില്‍ നിന്ന് 20 ലക്ഷം ലിറ്ററാവുമെന്നാണ് പ്രതീക്ഷ.
ഓണക്കാലത്ത് കര്‍ണാടകത്തില്‍നിന്ന് പ്രതിദിനം 4.5 ലക്ഷം ലിറ്റര്‍ മുതല്‍ അഞ്ചുലക്ഷം ലിറ്റര്‍ വരെ പാല്‍ കൊണ്ടുവരും. മൈസൂര്‍, മണ്ഡ്യ, തുംകൂര്‍, ഹസ്സന്‍, കോളാര്‍ ഡയറികളില്‍നിന്നാണ് പാല്‍ കൊണ്ടുവരുന്നത്.
ഇതിനുപുറമെ തമിഴ്‌നാട്ടില്‍നിന്ന് ദിവസേന രണ്ടുലക്ഷം ലിറ്റര്‍ പാല്‍ കൊണ്ടുവരാനും ധാരണയായിട്ടുണ്ട്. ഇക്കാലത്ത് തൈരിന്റെ ഉപയോഗവും ഉയരും. ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ ഏതാണ്ട് 3-3.5 ലക്ഷം കിലോഗ്രാം തൈര് ആവശ്യമായി വരും. ഫലത്തില്‍ പാലിനും തൈരിനുമായി ഓണക്കാലത്ത് പ്രതിദിനം ശരാശരി 8-9 ലക്ഷം ലിറ്റര്‍ പാല്‍ അധികമായി വേണ്ടിവരും.
ഇക്കാലത്ത് നെയ്യ് വില്പനയും വര്‍ധിക്കും. പ്രതിമാസം 250 ടണ്‍ നെയ്യ് വില്പനയാവുന്നത് 400 ടണ്ണിലേക്ക് ഉയരും. 300 ടണ്ണാണ് നമ്മുടെ ആഭ്യന്തര ഉല്പാദനം. 100 ടണ്‍ മൈസൂരിലെ നന്ദിനിയില്‍നിന്ന് വാങ്ങി മില്‍മ ബ്രാന്‍ഡില്‍ വിതരണം ചെയ്യാനാണ് പദ്ധതി.
അടിയന്തര ആവശ്യം മുന്‍നിര്‍ത്തി 400-450 ടണ്‍ പാല്‍പ്പൊടിയും കര്‍ണാടകത്തില്‍നിന്ന് ശേഖരിക്കുന്നുണ്ട്. പാല്‍ വണ്ടി വരാതിരിക്കുകയോ വൈകുകയോ ചെയ്താല്‍ ഇത് പാലാക്കി മാറ്റും.
2009-10ല്‍ 1144 കോടി രൂപയായിരുന്നു മില്‍മയുടെ വരുമാനം. എങ്കിലും ലാഭം 3.42 കോടി രൂപ മാത്രമാണ്. ഇത്തവണവരുമാനം 1300 കോടി കടക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗോപാലക്കുറുപ്പ് പറഞ്ഞു. പാല്‍ വില വര്‍ധിപ്പിച്ചതാണ് മുഖ്യകാരണം. കാലിത്തീറ്റ, മാംഗോഡ്രിങ്ക്, പാക്ക് ചെയ്ത കുടിവെള്ളം എന്നിവയും മില്‍മ വിറ്റഴിക്കുന്നുണ്ട്. പ്രതിദിനം 2000 ലിറ്റര്‍ കുടിവെള്ളമാണ്് വില്പനയാവുന്നത്.
No comments:
Post a Comment