"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Thursday 30 September 2010

ഇന്‍റര്‍നെറ്റിലൂടെ തൊഴില്‍ തട്ടിപ്പ് രണ്ടു മലയാളി യുവാക്കള്‍ വഞ്ചിതരായി

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി ജോലിക്ക് അപേക്ഷിച്ച രണ്ടു മലയാളിയുവാക്കള്‍ തൊഴില്‍തട്ടിപ്പുസംഘത്തിന്റെ തട്ടിപ്പിനിരയായി.

എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ് എന്‍ജിനീയറിങ് പാസ്സായ കണ്ണൂര്‍ കല്യാശ്ശേരി സ്വദേശിയും പാലക്കാട് ഷൊറണൂര്‍ വാടാനാംകുറിശ്ശി സ്വദേശിയുമാണ് ഡല്‍ഹിയില്‍ ജോലി തേടിയെത്തി വഞ്ചിതരായത്. കോഴ്‌സ് പാസായശേഷം ആറു മാസത്തെ പരിശീലനത്തിനായി ഇന്‍റര്‍നെറ്റില്‍ ബയോഡാറ്റ നല്‍കിയതായിരുന്നു ഇരുവരും. ആഗസ്ത് ആദ്യവാരത്തില്‍ ഡല്‍ഹിയിലെ ഭാരത് ഏവിയേഷന്‍ പ്രതിനിധിയെന്നു പരിചയപ്പെടുത്തി അനില്‍ റാഥോഡ് എന്നൊരാള്‍ ഫോണില്‍ ബന്ധപ്പെട്ടു. ജെറ്റ് എയര്‍വെയ്‌സില്‍ തൊഴില്‍ പരിശീലനത്തിന് അവസരമുണ്ടെന്നും ഡല്‍ഹിയിലെത്താനും ആവശ്യപ്പെട്ടു. ആറു മാസത്തെ പരിശീലനത്തിനു ശേഷം ജോലി സ്ഥിരപ്പെടുമെന്ന് വാഗ്ദാനം ചെയ്ത് നിയമന ഉത്തരവും നല്‍കി. പരിശീലനവേളയില്‍ 7,266 രൂപയും പിന്നീട് 11,743 രൂപ മാസശമ്പളവും അവധിയടക്കമുള്ള ആനൂകൂല്യങ്ങളും ഉറപ്പു നല്‍കി. യുവാക്കള്‍ ഡല്‍ഹിയിലെത്തി 'കമ്പനി' പ്രതിനിധികള്‍ നേരത്തേ ആവശ്യപ്പെട്ടതുപ്രകാരമുള്ള ഓരോ ലക്ഷം രൂപയും കൈമാറി. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയശേഷം സപ്തംബര്‍ എട്ടിന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹാങ്ങറിന്റെ ചുമതലയുള്ള ഋഷഭ് രസ്‌തോഗിക്കു മുന്നില്‍ ഹാജരാവാന്‍ ഇരുവരോടും ആവശ്യപ്പെട്ടു.


ജോലിക്കു ഹാജരാവാനായി വിമാനത്താവളത്തിലെ ടെര്‍മിനല്‍-ത്രീക്കു മുന്നിലെത്തിയപ്പോള്‍ സുരക്ഷാസേന ഇരുവരെയും പിടികൂടി. തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്ന് മനസ്സിലായതിനെത്തുടര്‍ന്ന് യുവാക്കളെ അറസ്റ്റു ചെയ്തു. അപ്പോഴാണ് വഞ്ചിക്കപ്പെട്ടെന്ന് ഇരുവര്‍ക്കും ബോധ്യമായത്. പിന്നീട് പരിചയക്കാര്‍ സ്ഥലത്തെത്തിയാണ് പോലീസ് സ്റ്റേഷനില്‍നിന്നു മോചിപ്പിച്ചത്.


സംഭവത്തില്‍ ഇന്ദിരാഗാന്ധി വിമാനത്താവളം പോലീസ് കേസെടുത്തു. തൊഴില്‍ വാഗ്ദാനം ചെയ്തവര്‍ ബന്ധപ്പെട്ട മൊബൈല്‍ ഫോണുകളില്‍ പോലീസ് തിരിച്ചുവിളിപ്പോള്‍ ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹിയിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പേരിലുള്ള വ്യാജ കണക്ഷനാണിതെന്ന് വ്യക്തമായി.

Monday 27 September 2010

വൊഡാഫോണിന് 12,000 കോടി നികുതി

ന്യൂഡല്‍ഹി: 12,000 കോടി രൂപ നികുതി ചുമത്തിയ കേന്ദ്രസര്‍ക്കാറിന്റെ നടപടി ശരിവെച്ച ബോംബെ ഹൈക്കോടതി വിധി 'സ്റ്റേ' ചെയ്യണമെന്ന 'വൊഡാഫോണ്‍' കമ്പനിയുടെ അപേക്ഷ സുപ്രീംകോടതി സ്വീകരിച്ചില്ല. വിധി അസാധുവാക്കണമെന്ന് അഭ്യര്‍ഥിച്ചുള്ള അപ്പീല്‍ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയുടെ ബെഞ്ച് ഒക്ടോബര്‍ 25ന് വാദം കേള്‍ക്കും.

2007-ല്‍ 'ഹച്ച്' കമ്പനിയുമായുണ്ടാക്കിയ 55,000 കോടി രൂപയുടെ ഇടപാടിന്റെ പേരില്‍ 'വൊഡാഫോണ്‍' കമ്പനിയില്‍നിന്ന് 12,000 കോടി രൂപയാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടത്. ഇതിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി 'വൊഡാഫോണി'ന് അനുകൂലമായിരുന്നില്ല.

അപ്പീല്‍ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിച്ചപ്പോഴാണ് 'വൊഡാഫോണി'ന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹൈക്കോടതി വിധി 'സ്റ്റേ' ചെയ്യണമെന്ന് അഭ്യര്‍ഥിച്ചത്. എന്നാല്‍, സര്‍ക്കാര്‍ ആവശ്യപ്പെട്ട നികുതിത്തുകയില്‍ ഒരു പങ്ക് ഒടുക്കിയാല്‍ മാത്രമേ 'സ്റ്റേ' അനുവദിക്കാന്‍ പറ്റൂ എന്ന് ബെഞ്ച് വ്യക്തമാക്കി.

ആദായനികുതി വകുപ്പിന് നോട്ടീസയയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി. നാലാഴ്ചയ്ക്കകം 'വൊഡാഫോണി'ന്റെ നികുതി ബാധ്യത തിട്ടപ്പെടുത്തി അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 'ഹച്ചു'മായുണ്ടാക്കിയ ഇടപാടുവഴിയാണ് 'വൊഡാഫോണ്‍' ഇന്ത്യയിലെ ടെലികോം വിപണിയില്‍ ചുവടുറപ്പിച്ചത്.

Saturday 25 September 2010

വൈറസ് ആക്രമണം; ഓര്‍ക്കുട്ട് തുറക്കരുതെന്ന് മുന്നറിയിപ്പ്‌

'ബോം സബാഡോ!' എന്നു കേട്ടിട്ട് എന്തുതോന്നുന്നു. പോര്‍ട്ടുഗീസില്‍ ഇതിനര്‍ഥം 'ഒരു നല്ല ശനിയാഴ്ച'യെന്നാണ്. പക്ഷേ, ഗൂഗിളിന്റെ ഓര്‍ക്കുട്ട് ഉപഭോക്താക്കള്‍ക്ക് ഇതത്ര നല്ല ശനിയാഴ്ചയായിരുന്നില്ല. കാരണം, ലക്ഷക്കണക്കിന് ഓര്‍ക്കുട്ട് അക്കൗണ്ടുകളിലേക്ക് 'ബോം സബാഡോ!' എന്ന പേരില്‍ ശനിയാഴ്ച ഒരു വൈറസ് പടര്‍ന്നു.

ഓര്‍ക്കുട്ടിന് ഏറ്റവുമധികം പ്രചാരമുള്ള ഇന്ത്യയിലും ബ്രസീലിലുമാണ് 'ബോം സബാഡോ' വൈറസ് ഏറ്റവുമധികം പടര്‍ന്നത്.

ഓര്‍ക്കുട്ടിലൂടെ പടരുന്ന അനേകം വൈറസുകളിലൊന്നാണിത്. ഇതുവരെ ഓര്‍ക്കുട്ടിലുണ്ടായ ഏറ്റവും വ്യാപകമായ ആക്രമണമാണ് ബോം സബാഡോയെന്ന് വിലയിരുത്തപ്പെടുന്നു. ഇതിന്റെ ഏറ്റവും വലിയ സവിശേഷത, നിങ്ങള്‍ 'ആക്രമിക്കപ്പെടാന്‍' ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യേണ്ടതില്ല എന്നതാണ്.

ബോം സബാഡോ വൈറസ് ബാധിച്ച ഓര്‍ക്കുട്ട് പ്രൊഫൈലുകളില്‍ നിന്ന്, ഓട്ടോമാറ്റിക്കായി 'ബോം സബാഡോ' എന്ന് സ്‌ക്രാപ്പ് ചെയ്യപ്പെടുന്നു. സ്‌ക്രാപ്പ്ബുക്ക് തുറന്നു നോക്കിയാല്‍ മതി, നിങ്ങളുടെ അക്കൗണ്ടും ആക്രമിക്കപ്പെടാന്‍. അവിടെ നിന്ന് സുഹൃത്തുക്കള്‍ക്ക് നിങ്ങളുടെ പേരില്‍ ബോം സബാഡോ (Bom Sabado) എന്ന് നിങ്ങളറിയാതെ സ്‌ക്രാപ്പുകള്‍ പോസ്റ്റ് ചെയ്യപ്പെടും. മാത്രമല്ല, നിങ്ങള്‍ ഓട്ടോമാറ്റിക്കായി ചില ബ്രസീലിയന്‍ അശ്ലീല കമ്മ്യൂണിറ്റിയില്‍ അംഗമാക്കപ്പെടുകയും ചെയ്യും.

വൈറസ് പടരാന്‍ ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യണം എന്നതൊക്കെ പഴങ്കഥയായെന്ന് സാരം. ഓര്‍ക്കുട്ടിനെ ആക്രമിക്കാന്‍ ഭേദകര്‍ ഉപയോഗിച്ചിരിക്കുന്നത് എക്‌സ്.എസ്.എസ്.സങ്കേതമാണ്.

ഗൂഗിളിന്റെ ഓര്‍ക്കുട്ട് ടീം ഈ വൈറസ് ബാധ വരുതിയിലാക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏതായാലും, ആക്രമിക്കപ്പെടാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം തത്ക്കാലം ഓര്‍ക്കുട്ട് അക്കൗണ്ട് തുറക്കാതിരിക്കുക എന്നതാണ്. അഥവാ ആക്രമിക്കപ്പെട്ടു എന്ന് ബോധ്യമായാല്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യം നിങ്ങളുടെ ബ്രൗസറിലെ കുക്കീസ് (cookies) ഒഴിവാക്കുകയാണ്. ഒപ്പം പാസ്‌വേഡും മാറ്റുക.

Friday 24 September 2010

കവി ഒ.എന്‍.വി കുറുപ്പിന് ജ്ഞാനപീഠം


             മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി കുറുപ്പിന് ജ്ഞാനപീഠം. ഒറ്റപ്ലാവില്‍ നീലകണ്ഠന്‍ വേലു കുറുപ്പ് എന്നാണ് കവിയുടെ മുഴുവന്‍ പേര്. കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാവില്‍ കുടുംബത്തില്‍ ഒ.എന്‍.കൃഷ്ണകുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27നാണ് ഒ.എന്‍.വി ജനിച്ചത്. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ഒ.എന്‍.വി 1957 മുതല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായി. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കോഴിക്കോട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജിലും തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31ന് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു.

           1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും ഒ.എന്‍.വി വഹിച്ചിട്ടുണ്ട്.വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചന തുടങ്ങിയ ഒ.എന്‍.വി യുടെ ആദ്യത്തെ കവിതാ സമാഹാരം 1949ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, നീലക്കണ്ണുകള്‍, മയില്‍പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്‌നിശലഭങ്ങള്‍, ഭൂമിക്കൊരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാര്‍ങ്ഗക പക്ഷികള്‍, ഉജ്ജയിനി, മരുഭൂമി, തോന്ന്യാക്ഷരങ്ങള്‍ തുടങ്ങിയ കവിതാസമാഹാരങ്ങളും, കവിതയിലെ പ്രതിസന്ധികള്‍, കവിതയിലെ സമാന്തര രേഖകള്‍, എഴുത്തച്ഛന്‍ എന്നീ പഠനങ്ങളും ഒ.എന്‍.വി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. നാടക ഗാനങ്ങള്‍, ചലച്ചിത്ര ഗാനങ്ങള്‍ എന്നിവയ്ക്കും തന്റേതായ സംഭാവന അദ്ദേഹം നല്‍കിയിട്ടുണ്ട്.

               എഴുത്തച്ഛന്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, സോവിയറ്റ്‌ലാന്‍ഡ് നെഹ്രു പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, പന്തളം കേരളവര്‍മ്മ ജന്മശതാബ്ദി പുരസ്‌കാരം, വിശ്വദീപ പുരസ്‌കാരം, മഹാകവി ഉള്ളൂര്‍ പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം എന്നില നേടിയിട്ടുള്ള ഒ. എന്‍. വി ജ്ഞാനപീഠ പുരസ്ക്കാരം നേടുന്ന അഞ്ചാമത്തെ മലയാള സാഹിത്യകാരനാണ്.
 

           എം.ടി വാസുദേവന്‍ നായര്‍ (1995), തകഴി ശിവശങ്കരപ്പിള്ള (1984), എസ്.കെ പൊറ്റേക്കാട്(1980), ജി. ശങ്കരക്കുറുപ്പ് (1965) എന്നിവരാണ് ജ്ഞാനപീഠം പുരസ്‌ക്കാരം നേടിയ മറ്റ് മലയാളം എഴുത്തുകാര്‍.

Thursday 23 September 2010

കൂട്ടുകാര്‍ ഒത്തുചേര്‍ന്നു; സഹപാഠിക്ക് വീടുവെക്കാന്‍ സ്ഥലം




അത്തോളി: കൂര പണിയാന്‍ അഞ്ച് സെന്റ് സ്ഥലം പോലും സ്വന്തമായി ഇല്ലാത്ത കൂട്ടുകാരിയുടെ കുടുംബത്തിന് സഹപാഠികളുടെ പ്രയത്‌നഫലമായി അഞ്ച് സെന്റ് ഭൂമി സ്വന്തമായി. അത്തോളി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വേളൂര്‍ നമ്പുകുടിമീത്തല്‍ റീനയുടെ കുടുംബത്തിന്റെ സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്. സ്‌കൂള്‍ എന്‍.എസ്.എസ്.യൂണിറ്റിന്റെ സേവന പ്രവര്‍ത്തനങ്ങളുടെ തണലിലാണ് ഇത്.

അത്തോളി ഗ്രാമപ്പഞ്ചായത്തിന്റെ സമൂഹ ഭവന നിര്‍മാണപദ്ധതി ലിസ്റ്റില്‍ റീനയുടെ കുടുംബം മൂന്നുതവണ ഉള്‍പ്പെട്ടിരുന്നുവെങ്കിലും സ്വന്തമായി സ്ഥലമില്ലെന്ന കാരണത്താല്‍ നഷ്ടമാവുകയായിരുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട റീനയുടെ അച്ഛന്‍ അരിയന്‍ മൂന്നു വര്‍ഷം മുമ്പ് പുഴയില്‍ മുങ്ങി മരിച്ചിരുന്നു. അമ്മ ദേവകിയും വികലാംഗയായ അനുജത്തി ബീനയ്ക്കും റീനയാണ് അത്താണി. അത്തോളി വി.എച്ച്.എസ്സിലെ എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ എം.ലീനയുടെ നേതൃത്വത്തില്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് 5,75,000 രൂപയാണ് സ്വരൂപിച്ചത്. മാധ്യമങ്ങളുടെ പിന്തുണയോടെ വിദേശ മലയാളികളില്‍നിന്നാണ് ഇതില്‍ നല്ലൊരു തുക സമാഹരിക്കാനായത്.


ഒന്നരലക്ഷം രൂപയ്ക്ക് അത്തോളി പഞ്ചായത്ത് ഓഫീസിനടുത്ത് വാങ്ങിയ അഞ്ചുസെന്റ് സ്ഥലത്തിന്റെ രേഖകള്‍ കൈരളി ചാനല്‍ കോഴിക്കോട് ബ്യൂറോ ചീഫ് ഇ.രാജേഷ് റീനയുടെ അമ്മയ്ക്ക് കൈമാറി. സമാഹരിച്ച തുകയില്‍ മൂന്നുലക്ഷം രൂപ റീനയുടെയും അനുജിത്തയുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപിക്കും. സ്ഥലം ലഭ്യമായതോടെ റീനയുടെ വീടിന് ഇ.എം.എസ്.ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുലക്ഷം രൂപ അത്തോളി ഗ്രാമപ്പഞ്ചായത്തും അനുവദിക്കും.


എന്‍.എസ്.എസ്.യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ.പ്രസിഡന്റ് ടി.പുഷ്പരാജ് അധ്യക്ഷതവഹിച്ചു. വി.എച്ച്.എസ്.സീനിയര്‍ അധ്യാപിക എം.ശെല്‍വമണി, സ്റ്റാഫ് സെക്രട്ടറി എസ്.അനില്‍കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ ബി.കെ.ഗോകുല്‍ദാസ്, എം.മൂസ, ഇ.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ എം.ലീന സ്വാഗതവും ഭവനനിര്‍മാണ കമ്മിറ്റി ട്രഷറര്‍ എം.ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

സ്വാശ്രയം: പുതിയ പരീക്ഷയ്ക്ക് സുപ്രീംകോടതിയുടെ അനുമതി




ന്യൂഡല്‍ഹി: സര്‍ക്കാറുമായി കരാറൊപ്പിട്ട സ്വാശ്രയ മെഡിക്കല്‍കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പുതിയ പ്രവേശനപ്പരീക്ഷ നടത്തണമെന്ന ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റിയുടെ നിര്‍ദ്ദേശത്തിന് സുപ്രീംകോടതിയുടെ അനുമതി. ഒഴിഞ്ഞുകിടക്കുന്ന 97 സീറ്റുകളിലേക്കാണ് പരീക്ഷ നടത്തുന്നത്.

ഒക്ടോബര്‍-25 നകം പുതിയ പ്രവേശനപ്പരീക്ഷയ്ക്കുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കണമെന്നും കോടതി. പരീക്ഷയുടെ മേല്‍നോട്ടം ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റിക്കായിരിക്കും. ഒഴിവു വരുന്ന എല്ലാ മാനേജ്‌മെന്റ് സീറ്റുകളിലേക്കും പരീക്ഷ നടത്തണം. പരിക്ഷയെഴുതാന്‍ യോഗ്യതയുള്ള എല്ലാവര്‍ക്കും അപേക്ഷിക്കാം. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ സുതാര്യമായ രീതിയിലായിരിക്കും പുതിയ പരീക്ഷ നടത്തുന്നത്. പുതിയ പ്രവേശനപ്പരീക്ഷ നടന്നാല്‍, ഹൈക്കോടതിവിധിമൂലം സീറ്റ് നഷ്ടപ്പെടുന്നവര്‍ക്കും ഒരവസരംകൂടി ലഭിക്കും.

ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യമാണ് കോടതിമുമ്പാകെ ഈ നിര്‍ദേശം തിങ്കളാഴ്ച വെച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാറും മാനേജ്‌മെന്റുകളും മുഹമ്മദ് കമ്മിറ്റിയും ചര്‍ച്ച നടത്തി വ്യാഴാഴ്ച തീരുമാനമറിയിക്കാന്‍ ജസ്റ്റിസുമാരായ ബി. സുദര്‍ശന്‍ റെഡ്ഡി, എസ്.എസ്. നിജ്ജര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. എത്ര സീറ്റുകളാണ് ഒഴിവുള്ളതെന്ന് വ്യക്തമാക്കാന്‍ കോടതി മാനേജ്‌മെന്റുകളോടും ആവശ്യപ്പെട്ടിരുന്നു.

മുഹമ്മദ് കമ്മിറ്റിയുടെ നിര്‍ദേശത്തോട് മാനേജ്‌മെന്റുകള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയും സര്‍ക്കാറിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതിയും യോജിച്ചു.

അതേസമയം, സ്വാശ്രയ മാനേജ്‌മെന്റുകള്‍ നാലു കൊല്ലത്തെ ഫീസിന് ബാങ്ക് ഗാരന്റി വാങ്ങുന്ന വിഷയം പരിഗണിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതിവിധിമൂലം സീറ്റ് നഷ്ടപ്പെട്ട കുട്ടികള്‍ കേസില്‍ കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയും കോടതി നേരത്തെ പരിഗണിച്ചില്ല. സര്‍ക്കാര്‍പട്ടികയില്‍നിന്ന് പ്രവേശനം നടത്തിയശേഷം എത്ര സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നതെന്ന് അപേക്ഷയില്‍ വ്യക്തമാക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Monday 20 September 2010

ഇന്‍റര്‍നെറ്റ് വഴി ഒന്നരക്കോടി തട്ടിയ ആള്‍ അറസ്റ്റില്‍

തൃപ്പൂണിത്തുറ: ഇന്‍റര്‍നെറ്റിലൂടെ തട്ടിപ്പ് നടത്തി ഒന്നരക്കോടിയോളം രൂപ പലരില്‍ നിന്നായി അപഹരിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു.

തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജില്‍ യുഡി ക്ലാര്‍ക്കായി ജോലിനോക്കവെ സ്വയം വിരമിച്ച ആലപ്പുഴ നെടുമുടി ചക്കാലക്കല്‍ ബിനു (48) വിനെയാണ് തൃപ്പൂണിത്തുറ സി.ഐ ബിജു കെ. സ്റ്റീഫന്‍, എസ്‌ഐ എസ്. ജയകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.

2001-ല്‍ സര്‍ക്കാര്‍ ജോലി രാജിവച്ച ശേഷമാണ് ബിനു സൈബര്‍ കുറ്റകൃത്യം ചെയ്തുവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ആധ്യാത്മിക രംഗത്ത് പ്രവര്‍ത്തിക്കുന്നതിനായിട്ടാണ് ജോലി രാജിവച്ചതെന്ന് പറഞ്ഞിരുന്ന ഇയാള്‍ ചന്ദനക്കുറി തൊട്ട് തികഞ്ഞ ഈശ്വര ഭക്തനെപ്പോലെയാണ് കഴിഞ്ഞിരുന്നത്. ബഹുരാഷ്ട്ര കമ്പനികളുടെ കൂട്ടായ്മയുടെ ഡാറ്റാ പ്രോസസര്‍ ആണെന്നു പറഞ്ഞ് ആളുകളെ വിശ്വസിപ്പിച്ച് കമ്പനികളിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരായി ക്ഷണിച്ചായിരുന്നു തട്ടിപ്പിന് തുടക്കം.

വന്‍കിട കമ്പനികള്‍ സാധാരണ ചെയ്തുവരുന്ന ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സി (ബിപിഒ) ന്റെ ചുവടുപിടിച്ചായിരുന്നു ബിനു ഇന്‍റര്‍നെറ്റ് തട്ടിപ്പ് നടത്തിയിരുന്നത്. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് പതിനായിരം രൂപ പ്രതിമാസം പ്രതിഫലം നല്‍കാമെന്നു പറഞ്ഞ് ഇയാള്‍ കോഷന്‍ ഡിപ്പോസിറ്റായി രണ്ടുലക്ഷം രൂപ വീതം വാങ്ങിയിരുന്നു.

പണം കൊടുത്ത് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരായവര്‍ക്ക് ആറുമാസക്കാലത്തോളം കൃത്യം ഒന്നാം തീയതിതന്നെ അവരുടെ ബാങ്ക് അക്കൗണ്ടില്‍ പതിനായിരം രൂപ അയച്ചിരുന്നു. വിശ്വാസം ആര്‍ജിച്ച ശേഷം അമ്പതിനായിരം രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പത്തുലക്ഷം രൂപ വരെ കോഷന്‍ ഡിപ്പോസിറ്റ് ബിനു വാങ്ങി.

പ്രമുഖ ബഹുരാഷ്ട്ര കമ്പനികളുടെ ഡാറ്റാ പ്രോസസറാണെന്നു പറഞ്ഞാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഇതിനായി ഈ കമ്പനികളുടെ വ്യാജ ഇ-മെയില്‍ വിലാസം ഉണ്ടാക്കി ഇടപാടുകാരോട് നിരന്തരം ബന്ധപ്പെടുകയും ചെയ്തു.

കോഷന്‍ ഡിപ്പോസിറ്റായി നല്‍കുന്ന തുക, അവരെക്കൊണ്ടുതന്നെ കമ്പനിയുടേതെന്നു പറഞ്ഞുനല്‍കിയ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് ഡിപ്പോസിറ്റ് ചെയ്യിപ്പിച്ചു. പ്രതിമാസം ലഭിച്ചിരുന്ന പ്രതിഫലം കിട്ടാതെ വന്നപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി ഇവര്‍ അറിയുന്നത്. ഇങ്ങനെ കബളിപ്പിക്കപ്പെട്ട തൃപ്പൂണിത്തുറ തേവരക്കാവ് 'ആര്‍ദ്ര'യില്‍ ശ്യാംസുന്ദര്‍, തേവരക്കാവ് വൈഷ്ണവത്തില്‍ ജയശ്രീ എന്നിവരുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇവരില്‍ നിന്നു മാത്രമായി 60 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് തൃപ്പൂണിത്തുറ പോലീസും സൈബര്‍ സെല്ലും സംയുക്തമായിട്ടായിരുന്നു അന്വേഷണം. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പി.എച്ച്. അഷറഫിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച അന്വേഷണസംഘം അമ്പലപ്പുഴ ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള സത്രത്തില്‍ നിന്നാണ് ബിനുവിനെ പിടികൂടിയത്.

പ്രൊബേഷന്‍ എസ്‌ഐ ഹണി കെ. ദാസ്, ഹെഡ് കോണ്‍സ്റ്റബിള്‍ ജോയി, പോലീസുകാരായ ജോസി, മനോജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Sunday 19 September 2010

ഖനിക്കുള്ളില്‍ ചിലിയുടെ സ്വാതന്ത്ര്യദിന ആഘോഷം

സാന്‍ഡിയാഗോ: അഭയകേന്ദ്രമായ ഇരുട്ടറ പൂമാലകള്‍ കൊണ്ട് അലങ്കരിക്കുകയും ദേശീയപതാക പാറിച്ചും ദേശീയഗാനം ആലപിച്ചും ഭൂമിയുടെ എഴുന്നൂറ് മീറ്റര്‍ താഴെ കോപ്പിയാപ്രോ ഖനിക്കുള്ളില്‍ കുടുങ്ങിയ 33 തൊഴിലാളികള്‍ ചിലിയുടെ ഇരുനൂറാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രക്ഷാതുരങ്ക നിര്‍മാണം പുരോഗമിക്കുന്നതിലെ സന്തോഷവും ഇവര്‍ അയച്ചുകൊടുത്ത വീഡിയോയില്‍ പ്രതിഫലിച്ചിരുന്നു.

''ഞങ്ങള്‍ നന്നായിരിക്കുന്നുവെന്ന് എല്ലാവരുമറിയട്ടെ, ചിലിക്ക് നന്ദി, ചിലി നീണാള്‍ വാഴട്ടെ'' എന്ന് ആര്‍ത്തുവിളിച്ച് തുള്ളിച്ചാടുന്ന വെള്ള ഹെല്‍മെറ്റും ചുവന്ന ഷര്‍ട്ടും ധരിച്ച തൊഴിലാളികളുടെ ദൃശ്യങ്ങളാണ് രാജ്യം മുഴുവന്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്തത്.
ആഗസ്ത് അഞ്ച് മുതല്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുന്ന ഇവര്‍ക്ക് ചെറിയ ട്യൂബിലൂടെ നല്കുന്ന ജലവും ഭക്ഷണവുമാണ് ആശ്രയം. ആഘോഷത്തിന്റെ ഭാഗമായി പരമ്പരാഗത ഭക്ഷണവും മറ്റും ഇവര്‍ക്ക് എത്തിച്ചുകൊടുത്തിരുന്നു.

കഴിഞ്ഞ ദിവസം നിര്‍മിച്ച 30 സെന്‍റി മീറ്റര്‍ വ്യാസമുള്ള തുരങ്കം ഖനിയിലെത്തിയത് ഇവര്‍ക്ക് പ്രതീക്ഷ പകര്‍ന്നിട്ടുണ്ട്. ഡിസംബറോടെ ഇവരെ രക്ഷപ്പെടുത്തുമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ഒക്ടോബറോടെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തത്. അതിനിടെ, ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസമായ പെലെ, തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താന്‍ ഒപ്പുവെച്ച ജേഴ്‌സിയും സന്ദേശവും അയച്ചുകൊടുത്തു.

ഡേവിസ് കപ്പ്: ഇന്ത്യ വീണ്ടും ലോകഗ്രൂപ്പില്‍

ചെന്നൈ: ഇന്ത്യ വീണ്ടും ഡേവിസ് കപ്പിന്റെ ലോകഗ്രൂപ്പില്‍. പ്ലേഓഫ് മത്സരത്തില്‍ ആവേശകരമായി തിരിച്ചുവന്ന് ബ്രസീലിനെ രണ്ടിനെതിരെ മൂന്ന് മത്സരങ്ങള്‍ക്ക് തോല്‍പിച്ചാണ് ഇന്ത്യ ഒരുവര്‍ഷത്തിനുശേഷം വീണ്ടും ലോകഗ്രൂപ്പിലെ അവസാന പതിനാലു ടീമുകളില്‍ ഇടം നേടിയത്.

ബ്രസീലിനെതിരായ പ്ലേഓഫില്‍ ആദ്യ രണ്ട് സിംഗിള്‍സുകളും അടിയറവച്ച ഇന്ത്യ ഞായറാഴ്ച നടന്ന രണ്ട് റിവേഴ്‌സ് സിംഗിള്‍സും ഡബിള്‍സും സ്വന്തമാക്കിയാണ് ലോകഗ്രൂപ്പിലേക്ക് വീണ്ടും ടിക്കറ്റെടുത്തത്. 2-0 എന്ന സ്‌കോറില്‍ പിന്നിട്ടുനിന്നശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു ഡേവിസ് കപ്പ് മത്സരം ജയിക്കുന്നത്.

ആദ്യ റിവേഴ്‌സ് സിംഗിള്‍സില്‍ സോംദേവ് ദേവ്‌വര്‍മനെതിരായ മത്സരത്തില്‍ നിന്ന് തോമസ് ബെല്ലൂച്ചി പിന്മാറിയതോടെയാണ് ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് ജീവന്‍വച്ചത്. 6-7 (3), 0-4 എന്ന സ്‌കോറില്‍ പിന്നിട്ടുനില്‍ക്കുമ്പോഴാണ് ലോക ഇരുപത്തിയേഴാം റാങ്കുകാരനായ ബെല്ലൂച്ചി ശ്വാസതടസ്സംമൂലം പിന്മാറിയത്. ഇതോടെ അഞ്ചു റബ്ബറുള്ള മത്സരം 2-2 എന്ന സ്‌കോറില്‍ സമനിലയിലായി.

ലോക 479-ാം റാങ്കുകാരനായ രോഹന്‍ ബൊപ്പണ്ണയും 75-ാം റാങ്കുകാരനായ റിക്കാര്‍ഡൊ മെല്ലോയും തമ്മിലുള്ള മത്സരം അങ്ങനെ ജീവന്‍മരണപോരാട്ടമായി. യു.എസ്. ഓപ്പണ്‍ ഡബിള്‍സില്‍ റണ്ണറപ്പായ ബൊപ്പണ്ണ മെല്ലോയ്‌ക്കെതിരായ മത്സരം അനായാസമായി സ്വന്തമാക്കി ഇന്ത്യയ്ക്ക് ലോകഗ്രൂപ്പില്‍ ഇടം നേടിത്തരികയും ചെയ്തു. സ്‌കോര്‍: (6-3, 7-6, 6-2). നിര്‍ണായകമായ മത്സരത്തിന്റെ രണ്ടാം സെറ്റില്‍ മാത്രമാണ് മെല്ലോയ്ക്ക് പേരിനെങ്കിലും ചെറുത്തുനില്‍ക്കാനായത്. കരുത്തുറ്റ സര്‍വുകളും അനായാസമായി ഒഴുകിയ ഫോര്‍ഹാന്‍ഡ് വോളികളും കണിശതയാര്‍ന്ന ക്രോസ്‌കോര്‍ട്ട് റിട്ടേണുകളും കൊണ്ട് ബൊപ്പണ്ണ മെല്ലോയെ മുക്കിക്കളയുകയായിരുന്നു. മൂന്നാം സെറ്റില്‍ ഏഴും സെറ്റില്‍ ആറും എയ്‌സുകളാണ് ബൊപ്പണ്ണ ഉതിര്‍ത്തത്.

നേരത്തെ നടന്ന ആദ്യ സിംഗിള്‍സ് ബൊപ്പണ്ണ ബെല്ലൂച്ചിയോടും സോംദേവ് ദേവ്‌വര്‍മന്‍ മെല്ലോയോടും തോറ്റിരുന്നു. ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി-ലിയാണ്ടര്‍ പേസ് സഖ്യമാണ് മികവുറ്റ ജയത്തോടെ ഇന്ത്യയുടെ പ്രതീക്ഷ കെടാതെ കാത്തത്. ഡേവിസ് കപ്പിലെ പേസ്-ഭൂപതി സഖ്യത്തിന്റെ തുടര്‍ച്ചയായ 24-ാം ജയമാതയിരുന്നു ഇത്. മാര്‍സെലൊ മെല്ലോ ബ്രൂണോ സോറസ് സഖ്യത്തെയാണ് റെക്കോഡ് ജയത്തോടെ ലീ-ഹെഷ് കൂട്ടുകെട്ട് തറപറ്റിച്ചത്.

ഈ വര്‍ഷം മാര്‍ച്ചില്‍ മോസ്‌കോയില്‍ നടന്ന ലോകഗ്രൂപ്പിലെ ആദ്യ റൗണ്ട് മത്സരത്തില്‍ റഷ്യയോട് തോറ്റതോടെയാണ് ഇന്ത്യയ്ക്ക് പ്ലേഓഫ് കളിക്കേണ്ടിവന്നത്. നേരത്തെ കഴിഞ്ഞ വര്‍ഷം ഏഷ്യയ/ഓഷ്യാന്യ ഗ്രൂപ്പില്‍ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയെയും സെമിയില്‍ ഓസ്‌ട്രേലിയയെയം ലോകഗ്രൂപ്പ് പ്ലേഓഫില്‍ ദക്ഷിണാഫ്രിക്കയെയും തോല്‍പിച്ചാണ് ഇന്ത്യ റഷ്യക്കെതിരായ ഒന്നാം റൗണ്ട് കളിച്ചത്. 2-3 എന്ന സ്‌കോറിലാണ് ഇന്ത്യ റഷ്യയോട് തോറ്റത്. 1966, 1974, 1987 വര്‍ഷങ്ങളില്‍ ഇന്ത്യ ഡേവിസ് കപ്പില്‍ റണ്ണറപ്പുകളായിട്ടുണ്ട്.

ലിയോണില്‍ നടന്ന സെമിയില്‍ അര്‍ജന്റീനയെ തോല്‍പിച്ച് ഫ്രാന്‍സ് ഡേവിസ് കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. സ്‌കോര്‍ 3-0. 2002നുശേഷം ഇതാദ്യമായാണ് ഫ്രാന്‍സ് ഫൈനല്‍ കളിക്കുന്നത്. സെര്‍ബിയയും ചെക് റിപ്പബ്ലിക്കും തമ്മിലാണ് രണ്ടാം സെമി.

മൊബൈല്‍ കണക്ഷനുകള്‍ 500 കോടി

ന്യൂയോര്‍ക്ക്: പ്രധാനമായും മൊബൈല്‍ ഫോണുകള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന വയര്‍ലസ് കണക്ഷനുകളുടെ എണ്ണം ലോകത്ത് ഈ മാസത്തോടെ അഞ്ഞൂറു കോടിയാകുമെന്ന് റിപ്പോര്‍ട്ട്. 687 കോടി വരുന്ന ലോക ജനസംഖ്യയുടെ 73.4 ശതമാനം വരുമിത്. ഈ വര്‍ഷം അവസാനത്തോടെ പത്തുലക്ഷം കണക്ഷനുകള്‍ കൂടി വരുമെന്ന് വിപണി ഗവേഷണ സ്ഥാപനമായ ഐസപ്ലി പ്ലസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്മാര്‍ട്ട് ഫോണുകളും സാധാരണ മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകള്‍ തമ്മിലുള്ള ആശയവിനിമയ സംവിധാനങ്ങളും ഉള്‍പ്പെടുന്നതാണ് വയര്‍ലെസ് കണക്ഷന്‍. എന്നാല്‍ പലരും ഒന്നില്‍ കൂടുതല്‍ വയര്‍ലസ് കണക്ഷനുകള്‍ ഉപയോഗിക്കുന്നതിനാല്‍ ലോകത്തെ അഞ്ഞൂറുകോടി പേര്‍ വയര്‍ലസ് കണക്ഷന്‍ ഉപയോഗിക്കുന്നുവെന്ന് പറയാനാവില്ല. ആഫ്രിക്കയിലും പശ്ചിമേഷ്യയിലും 50 ശതമാനം പേര്‍ക്കാണ് വയര്‍ലസ് കണക്ഷനുള്ളതെങ്കില്‍ പടിഞ്ഞാറന്‍ യൂറോപ്പില്‍ ഇത് 157.6 ശതമാനമാണ്. ഉപയോക്താക്കള്‍ ഒന്നില്‍ കൂടുതല്‍ കണക്ഷനുകള്‍ ഉപയോഗിക്കുന്നതു കൊണ്ടാണിത് -റിപ്പോര്‍ട്ടില്‍ പറയുന്നു.

Friday 17 September 2010

ജോര്‍ജ് റീമാന്‍


വായിക്കാന്‍ ചിത്രത്തില്‍ ക്ലിക്കുക

റിവേഴ്‌സ് റിപോവില്‍ അരശതമാനവും റിപോവില്‍ കാല്‍ ശതമാനവും വര്‍ധന

മുംബൈ: റിസര്‍വ് ബാങ്ക് ഇദംപ്രഥമമായി ആരംഭിച്ച അര്‍ധപാദ പണവായ്പാനയ അവലോകനത്തില്‍ റിപോ നിരക്ക് 0.25 ശതമാനവും റിവേഴ്‌സ് റിപോ നിരക്ക് 0.50 ശതമാനവും ഉയര്‍ത്തി. ഇതോടെ ഇവ യഥാക്രമം ആറുശതമാനവും അഞ്ചുശതമാനവുമായി ഉയര്‍ത്തി. പണപ്പെരുപ്പം 8.5 ശതമാനത്തില്‍ തുടരുന്ന സാഹചര്യത്തില്‍ പണമൊഴുക്ക് നിയന്ത്രിക്കാനാണ് റിസര്‍വ് ബാങ്കിന്റെ നടപടിയെന്ന് ഗവര്‍ണര്‍ ഡോ. ഡി.സുബ്ബറാവു വിശദീകരിച്ചു.

ജൂലായിലെ പാദവാര്‍ഷിക പണവായ്പാനയ അവലോകനത്തില്‍ റിപോനിരക്ക് 0.25 ശതമാനവും റിവേഴ്‌സ് റിപോ നിരക്ക് 0.50 ശതമാനവും ഉയര്‍ത്തിയതിന് തുടര്‍ച്ചയായാണ് ഈ നടപടി. റിസര്‍വ് ബാങ്കില്‍ നിന്ന് ബാങ്കുകള്‍ കടമെടുക്കുമ്പോഴാണ് റിപോ നിരക്ക് ബാധകമാവുക. ബാങ്കുകളിലെ അധികധനം റിസര്‍വ്ബാങ്ക് സ്വീകരിക്കുമ്പോള്‍ റിവേഴ്‌സ് റിപോ നിരക്കില്‍ പലിശനല്‍കും. റിപോ-റിവേഴ്‌സ് റിപോ നിരക്കുകളിലെ വര്‍ധന ഉടന്‍ പ്രാബല്യത്തിലായി.

രാജ്യത്തെ പണപ്പെരുപ്പ നില ഇപ്പോഴും ആശങ്കയുയര്‍ത്തുന്നതാണെന്ന് റിസര്‍വ് ബാങ്ക് അഭിപ്രായപ്പെട്ടു. നടപ്പുവര്‍ഷം ആദ്യപാദത്തിലെ ശരാശരി പണപ്പെരുപ്പം പഴയ ഫോര്‍മുലയനുസരിച്ചും പുതിയ ഫോര്‍മുല വച്ച് കണക്കാക്കിയാലും ഇരട്ട അക്കത്തിലാണ്. പണപ്പെരുപ്പം ഏതാനും മാസങ്ങള്‍ കൂടി ഉയര്‍ന്നതലത്തില്‍ തുടരുമെന്ന് റിസര്‍വ് ബാങ്ക് വിലയിരുത്തി. ഭക്ഷ്യവില സുരക്ഷയാവട്ടെ പുതിയ ഫോര്‍മുലയില്‍ ആഗസ്തില്‍ 14 ശതമാനത്തിലേറെ വര്‍ധന കാണിച്ചു. ആഗസ്തിലെ പണപ്പെരുപ്പത്തില്‍ മൂന്നില്‍ രണ്ടുഭാഗവും സംഭാവന ചെയ്തത് ഭക്ഷ്യോല്പന്നങ്ങള്‍ അല്ലാത്തവയായിരുന്നു.

ഉയര്‍ന്ന പണപ്പെരുപ്പം മൂലം രാജ്യത്തെ യഥാര്‍ത്ഥ നിക്ഷേപ പലിശ നെഗറ്റീവ് ആയി തുടരുകയാണ്. നിക്ഷേപകര്‍ ലാഭകരമായ മറ്റു മേഖലകള്‍ തേടിപ്പോകുന്നതിനാല്‍ ബാങ്കുകളില്‍ നിക്ഷേപവര്‍ധന കുറയുന്നു. ബാങ്കുകളിലേക്ക് നിക്ഷേപം ആകര്‍ഷിക്കണമെങ്കില്‍ നിക്ഷേപ പലിശ ഉയര്‍ന്നുനില്‍ക്കണം. ബാങ്ക് വായ്പ ലഭ്യത വളര്‍ച്ചയ്ക്ക് വിഘാതമാവാതിരിക്കാന്‍ ഇതനുസരിച്ചുള്ള നടപടി വേണം.

ധനക്കമ്മി നിശ്ചിതലക്ഷ്യമായ 5.5 ശതമാനത്തിനപ്പുറം പോവാന്‍ ഇടയില്ലെന്ന് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടി. 3ജി, ബ്രോഡ്ബാന്‍ഡ് വയര്‍ലെസ് ലേലത്തില്‍ നിന്ന് ലഭിച്ച പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന വരുമാനവും മെച്ചപ്പെട്ട നികുതിയടവുമാണ് ഇതിന് കാരണങ്ങള്‍.

ആഗോള സമ്പദ്‌വ്യവസ്ഥയില്‍ തുടരുന്ന മാന്ദ്യം മൂലം കയറ്റുമതി വളര്‍ച്ചയ്ക്ക് പരിമിതികളുണ്ട്. അതേസമയം ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിലെ കുതിപ്പുമൂലം ഇറക്കുമതി വര്‍ധിക്കുകയാണ്. ഇതുമൂലം വ്യാപാരക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും ഉയരുന്നു.

ഇത്തവണ നല്ല മഴ ലഭിച്ചതുമൂലം റാബി വിളവെടുപ്പ് വര്‍ധിക്കും. ഏപ്രില്‍-ജൂലായ് കാലയളവില്‍ വ്യാവസായിക വളര്‍ച്ചാനിരക്ക് 11.4 ശതമാനമാണ്.

വികസിത രാജ്യങ്ങളില്‍ സാമ്പത്തികമാന്ദ്യത്തില്‍ നിന്നുള്ള തിരിച്ചുവരവിന് വേഗം കുറഞ്ഞിരിക്കുകയാണ്. 2010 ന്റെ രണ്ടാം പകുതിയില്‍ ഒന്നാംപകുതിയേക്കാള്‍ വളര്‍ച്ച കുറയുമെന്നാണ് സൂചനയെന്നും റിസര്‍വ് ബാങ്ക് വിലയിരുത്തി.

Wednesday 15 September 2010

ദേശീയ അവാര്‍ഡ്- കുട്ടിസ്രാങ്ക് മികച്ച ചിത്രം



ന്യൂഡല്‍ഹി: ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത 'കുട്ടിസ്രാങ്ക്' മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം കരസ്ഥമാക്കി. മൊത്തം നാല് അവര്‍ഡുകളാണ് കുട്ടിസ്രാങ്കിന് ലഭിച്ചത്. മികച്ച ഛായാഗ്രഹണം (അഞ്ജലി ശുക്ല), മികച്ച തിരക്കഥ (പി.എഫ്. മാത്യൂസ്, ഹരികൃഷ്ണന്‍). വസ്ത്രാലങ്കാരം (ജയകുമാര്‍).

ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജയാണ് മികച്ച മലയാളചിത്രം. പഴശ്ശിരാജയ്ക്കും നാല് അവാര്‍ഡുകളുണ്ട്. മികച്ച ശബ്ദമിശ്രണം (റസൂല്‍ പൂക്കുട്ടി), മികച്ച പശ്ചാത്തല സംഗീതം (ഇളയരാജ), മികച്ച എഡിറ്റിങ്ങിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം (ശ്രീകര്‍ പ്രസാദ്) എന്നിവയാണ് മറ്റ് അവാര്‍ഡുകള്‍.



മൊത്തം പതിനൊന്ന് അവാര്‍ഡുകളാണ് ഇക്കുറി മലയാളത്തിന് ലഭിച്ചത്. കേശു (മികച്ച കുട്ടികളുടെ ചിത്രം-സംവിധാനം ശിവന്‍), ഹസ്‌ന (ബാലനടിക്കുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം-ചിത്രം കേള്‍ക്കുന്നുണ്ടോ. സംവിധാനം-ഗീതു മോഹന്‍ദാസ്). സി.എസ്. വെങ്കിടേശ്വരന്‍ (ചലച്ചിത്രഗ്രന്്ഥത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം) എന്നിവയാണ് മലയാളത്തെ തേടിയെത്തിയ മറ്റ് അവാര്‍ഡുകള്‍.

'പാ' എന്ന ചിത്രത്തിലെ അഭിനയത്തിന് അമിതാഭ് ബച്ചന്‍ മികച്ച നടനായി. അദ്ദേഹത്തിന്റെ മൂന്നാം അവര്‍ഡാണിത് (91-ല്‍ അഗ്നിപഥ്, 2006-ല്‍ ബ്ലാക്ക്). അനന്യ ചാറ്റര്‍ജിയാണ് മികച്ച നടി (ബംഗാളി ചിത്രം- അബൊഹൊമാന്‍). ഇതേ ചിത്രം സംവിധാനം ചെയ്ത ഋതുപര്‍ണ ഘോഷാണ് മികച്ച സംവിധായകന്‍.



ഫാറൂഖ് ഷേയ്ക്കാണ് (ലാഹോര്‍) മികച്ച സഹനടന്‍. അരുന്ധതി നാഗാണ് (പാ) മികച്ച സഹനടി. ത്രീ ഇഡിയറ്റ്‌സാണ് ജനപ്രീതി നേടിയ ചിത്രം. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള അവാര്‍ഡ് മലയാള ചിത്രമായ കേശുവിനൊപ്പം കന്നഡചിത്രമായ ബുട്ടാനിപ്പാര്‍ട്ടിയും പങ്കുവച്ചു.

മറ്റ് അവാര്‍ഡുകള്‍


പിന്നണി ഗായകന്‍: രൂപം ഇസ്‌ലാം
പിന്നണി ഗായിക: നിലഞ്ജന സര്‍ക്കാര്‍
സംഗീതസംവിധാനം: അമിത് ത്രിവേദി
ഗാനരചന: സ്വാനന്ദ് കിര്‍ക്കറെ
സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം: വെല്‍ഡണ്‍ അബ്ബാ
മികച്ച ബാലതാരങ്ങള്‍: ജീവ, അന്‍പുക്കരശ് (ചിത്രം: പശങ്ക)
നര്‍ഗീസ് ദത്ത് അവര്‍ഡ്: ഡല്‍ഹി 6
ഇന്ദിരാഗാന്ധി അവാര്‍ഡ്: ലാഹോര്‍

Tuesday 14 September 2010

ക്യൂബയില്‍ 10 ലക്ഷം പൊതുമേഖലാ ജീവനക്കാരെ പിരിച്ചുവിടുന്നു

ഹവാന: സമ്പദ്‌വ്യവസ്ഥയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാനായി പത്തുലക്ഷം പൊതുമേഖലാ ജീവനക്കാരെ പിരിച്ചുവിടാന്‍ ക്യൂബ തീരുമാനിച്ചു. ഇവര്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴില്‍ കണ്ടെത്തുകയോ സ്വയം തൊഴിലില്‍ ഏര്‍പ്പെടുകയോ ചെയ്യാമെന്നാണ് വിപ്ലവസര്‍ക്കാറിന്റെ നിലപാട്. ഇതിനായി സ്വകാര്യ-സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കുമേല്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കും.

ക്യൂബന്‍ കമ്യൂണിസ്റ്റ് മാതൃക വിജയകരമല്ലെന്ന് രാജ്യത്തിന്റെ വിപ്ലവനേതാവ് ഫിദല്‍ കാസ്‌ട്രോ അഭിപ്രായപ്പെട്ടതായി ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് ദിവസങ്ങള്‍ക്കകമാണ് പുതിയ സംഭവവികാസം. റിപ്പോര്‍ട്ട് ഫിദല്‍ കഴിഞ്ഞദിവസം നിഷേധിക്കുകയുണ്ടായി. സമ്പദ്‌വ്യവസ്ഥയില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം കുറയ്ക്കാതെ പറ്റില്ലെന്ന് ഇപ്പോഴത്തെ ക്യൂബന്‍ പ്രസിഡന്‍റും ഫിദല്‍ കാസ്‌ട്രോയുടെ അനുജനുമായ റൗള്‍ കാസ്‌ട്രോ കഴിഞ്ഞമാസം പ്രസ്താവിച്ചിരുന്നു.

നിലവില്‍ രാജ്യത്തെ സമ്പദ്ഘടന ഏറെക്കുറെ പൂര്‍ണമായി സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. പത്തുലക്ഷം ജീവനക്കാരെ പിരിച്ചുവിടുന്നതോടെ രാജ്യത്തെ തൊഴിലാളികളില്‍ അഞ്ചിലൊരു ഭാഗത്തിനാണ് പുതിയ ജീവനോപാധി തേടേണ്ടിവരുന്നത്. ഇതിനായി സര്‍ക്കാരിതര മേഖലകളിലെ തൊഴില്‍സാധ്യതകള്‍ വിപുലപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നിലവിലെ രീതിയനുസരിച്ച് രാജ്യത്തെ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ജീവനക്കാരെ നിയമിക്കാന്‍ അവകാശമില്ല. ഇത്തരം ചട്ടങ്ങള്‍ ഉദാരീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

''ശമ്പള ഇനത്തില്‍ സര്‍ക്കാരിന് ഭീമമായ തുക ചെലവിടേണ്ടിവരുന്നത് സമ്പദ്ഘടനയെ തളര്‍ത്തുന്നു. ഈ രീതിയില്‍ സ്ഥാപനങ്ങളും സേവനങ്ങളും നടത്തിക്കൊണ്ടുപോവാന്‍ ഭരണകൂടത്തിനാവില്ല''-ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ക്യൂബന്‍ കമ്യൂണിസ്റ്റ് മാതൃക പരാജയമാണെന്ന് ഫിദല്‍ കാസ്‌ട്രോ അഭിമുഖത്തില്‍ പറഞ്ഞതായി അമേരിക്കയിലെ അറ്റ്‌ലാന്‍റിക് മാസികയാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്. ലോകമാധ്യമങ്ങള്‍ ഇത് ഏറ്റുപിടിച്ചു. അനുജന്‍ റൗളിന്റെ സാമ്പത്തിക ഉദാരീകരണപരിപാടികളെ ന്യായീകരിക്കാനാണ് ഫിദല്‍ ഇത് പറഞ്ഞതെന്നും വ്യാഖ്യാനമുണ്ടായി. എന്നാല്‍, ഫിദല്‍ റിപ്പോര്‍ട്ട് നിഷേധിക്കുകയാണുണ്ടായത്.

തദ്ദേശ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 23, 25 തിയ്യതികളില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 23, 25 തിയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പി. കമാല്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഒക്ടോബര്‍ നാലുവരെ പത്രിക സമര്‍പ്പിക്കാം. സുക്ഷ്മ പരിശോധന അഞ്ചിന് നടത്തും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 7 ആണ്. വോട്ടെണ്ണല്‍ ഒക്ടോബര്‍ 27നും നടത്തും. നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി ചുമതലയേല്‍ക്കുകയും ചെയ്യും.


ആദ്യഘട്ടമായ ഒക്ടോബര്‍ 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, വയനാട്, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും 25ന് കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും തിരഞ്ഞെടുപ്പ് നടത്തും.


സംസ്ഥാനത്തെ 1208 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ 21,612 വാര്‍ഡുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇതില്‍ 978 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാപഞ്ചായത്തുകളും 59 നഗരസഭകളും ഉള്‍പ്പെടും. കാലാവധി തീരാത്തതിനാല്‍ മട്ടന്നൂര്‍ നഗരസഭയിലെ തിരഞ്ഞെടുപ്പ് പിന്നീട് നടത്തും.


കോഴിക്കോട് ജില്ലയിലെ വേളം പഞ്ചായത്തിലെ വാര്‍ഡ് വിഭജനം സംബന്ധിച്ച് കേസ് നിലനില്‍ക്കുന്നതിനാല്‍ കോടതിയുടെ അന്തിമവിധിക്കുശേഷം മാത്രമെ തിരഞ്ഞെടുപ്പ് നടത്തുകയൂള്ളൂയെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. വേളം പഞ്ചായത്തിലെ 17 വാര്‍ഡുകളിലും ഈ പ്രദേശത്തുതന്നെ ഉള്‍പ്പെടുന്ന കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിലെ ഒന്നും രണ്ടും ഡിവിഷനുകളിലും കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ ഒരു ഡിവിഷനിലും ഇതുപ്രകാരം തിരഞ്ഞെടുപ്പ് നടക്കില്ല.


കോര്‍പ്പറേഷനുകളിലും നഗരസഭകളിലും വോട്ടിങ് യന്ത്രവും ത്രിതല പഞ്ചായത്തുകളില്‍ ബാലറ്റ് പേപ്പറും ഉപയോഗിച്ചായിരിക്കും വോട്ടെടുപ്പ്.

Monday 13 September 2010

വിദ്യാഭ്യാസ വായ്പ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഉപരിപഠനത്തിന് ഉയര്‍ന്ന ഫീസും മറ്റു പഠനചെലവുകളും താങ്ങാനാവില്ല എന്നു വിചാരിച്ച് മകനെ/മകളെ മികച്ച കോഴ്‌സിന് വിടാതിരിക്കേണ്ട. ഇത്തരം ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമേകുന്നതാണ് വിദ്യാഭ്യാസ വായ്പ. പക്ഷെ, ഇത്തരം വായ്പകള്‍ എടുക്കും മുമ്പ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അവയെപ്പറ്റി വിശദീകരിക്കുകയാണ് ഇവിടെ.

എന്തിനൊക്കെ വായ്പ ലഭിക്കും?

സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ നിന്നുള്ള ബിരുദ, ബിരുദാനന്തര പഠനത്തിനും തൊഴിലധിഷ്ഠിത പഠനത്തിനും വിദ്യാഭ്യാസ വായ്പ ലഭ്യമാണ്. ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്, പുസ്തകം വാങ്ങാനുള്ള ചെലവ്, ലൈബ്രറി ചെലവ്, കമ്പ്യൂട്ടര്‍ വാങ്ങാനുള്ള ചെലവ് എന്നിവയെല്ലാം വായ്പയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിദേശ പഠനമാണെങ്കില്‍ യാത്രാചെലവുകളും വായ്പയുടെ പരിധിയില്‍ വരും.


എന്നാല്‍, വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് പഠന പദ്ധതിക്കായി എത്ര തുക ചെലവ് വരും എന്ന് കണക്കാകുകയാണ് പ്രധാനം.

എത്ര തുക ലഭിക്കും?

രാജ്യത്തിനകത്തുള്ള വിദ്യാഭ്യാസത്തിന് 10 ലക്ഷം മുതല്‍ 15 ലക്ഷം രൂപവരെ ലഭിക്കും. വിദേശ സര്‍വകലാശാലകളിലാണ് പഠനമെങ്കില്‍ 20 ലക്ഷം രൂപ വരെ ലഭിക്കും. കോഴ്‌സിന്റെയും വാര്‍ഷിക കുടുംബ വരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ബാങ്കുകള്‍ വായ്പ അനുവദിക്കുന്നത്.


16 മുതല്‍ 35 വയസുവരെയാണ് വായ്പാ ലഭ്യതക്കുള്ള പ്രായപരിധി.

തിരിച്ചടവ്

വായ്പ തിരിച്ചടയ്ക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സമയം ലഭിക്കുമെന്നതാണ് വിദ്യാഭ്യാസ വായ്പയുടെ ഏറ്റവും വലിയ സവിശേഷത.
കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഇഎംഐ ആരംഭിക്കേണ്ടതുള്ളൂ.
കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷം 5 തൊട്ട് 7 വര്‍ഷത്തിനുള്ളില്‍ വായ്പ അടച്ചു തീര്‍ത്താല്‍ മതി. പഠനം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായ സാഹചര്യമുണ്ടായാല്‍ (തോല്‍ക്കുകയോ പരീക്ഷ എഴുതാന്‍ കഴിയാതിരിക്കുകയോ ചെയ്താല്‍) വായ്പ തിരിച്ചടയ്ക്കുന്നതിന് 2 വര്‍ഷം വരെ അധികം ലഭിക്കും.

പലിശ

സാധാരണ ഗതിയില്‍ 8 മുതല്‍ 15 ശതമാനം വരെ പലിശയാണ് വിദ്യാഭ്യാസ വായ്പകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്നത്. 0.5 മുതല്‍ 2.5 ശതമാനം വരെ പ്രോസസിങ് ഫീസും നല്‍കേണ്ടി വരും. വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിനായി ആള്‍ ജാമ്യവും ആവശ്യമാണ്. അല്ലെങ്കില്‍ രക്ഷിതാക്കളുമായി ചേര്‍ന്ന് വായ്പ തേടാവുന്നതാണ്. നാല് ലക്ഷം രൂപയില്‍ താഴെയാണ് വായ്പാ തുകയെങ്കില്‍ ഈടിന്റെയോ ജാമ്യത്തിന്റെയോ ആവശ്യമില്ല.

വിദ്യാര്‍ഥിനികള്‍ക്ക് ഇളവ്

വിദ്യാര്‍ഥിനികള്‍ക്ക് മിക്ക ബാങ്കുകളും കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നുണ്ട്.

എന്തൊക്കെ രേഖകള്‍ വേണം?

വായ്പ ലഭിക്കുന്നതിനായി വിദ്യാര്‍ഥിയുടെ പേരും അഡ്രസ്സും വയസ്സും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും കുടുംബ വരുമാന സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്. അഡ്മിഷന്‍ ലെറ്റര്‍, ഫീസ് ഘടനയുടെ കോപ്പി എന്നിവയും നല്‍കണം. വിദേശത്തു പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ വിസയുടെ പകര്‍പ്പും മറ്റ് രേഖകളും വായ്പയെടുക്കുന്ന ബാങ്കില്‍ സമര്‍പ്പിക്കണം.

Sunday 12 September 2010

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരുമ്പോള്‍

പെട്ടെന്നുണ്ടാകുന്ന അസുഖങ്ങള്‍ മൂലമോ അപകടങ്ങള്‍ മൂലമോ ഉണ്ടാവുന്ന ചെലവുകള്‍ പലപ്പോഴും നമുക്ക് താങ്ങാവുന്നതിനും അപ്പുറമായിരിക്കും. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് (ആരോഗ്യ ഇന്‍ഷുറന്‍സ്) പരിരക്ഷ എടുത്തിട്ടുണ്ടെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങളിലെ റിസ്‌ക് ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും.

അനുയോജ്യമായ പദ്ധതി തിരഞ്ഞെടുക്കാന്‍
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികള്‍ തിരഞ്ഞെടുക്കേണ്ടത് എങ്ങനെ എന്ന കാര്യത്തില്‍ പലരും അജ്ഞരാണ്. പദ്ധതികള്‍ തിരഞ്ഞെടുക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുകയാണിവിടെ:

1. കുടുംബത്തിലെ എത്ര അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കവര്‍ ആവശ്യമാണ് എന്ന് തീരുമാനിക്കുകയാണ് മുഖ്യം.

2. പദ്ധതിയില്‍ ചേരുന്നതിന് മുമ്പ് എത്ര തുകയുടെ കവറേജ് ആവശ്യമായി വരും എന്നും നിശ്ചയിക്കുക. നിങ്ങളുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി വരാവുന്ന ചെലവ് മുന്‍കൂട്ടി കണ്ട് കണക്കാക്കുകയാണ് വേണ്ടത്. നിങ്ങളുടെ തൊഴിലുടമയില്‍ നിന്ന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നുണ്ടെങ്കില്‍ അത് കൂടി കണക്കിലെടുക്കണം.

3. അത്യാഹിത ചെലവ് കവര്‍ ചെയ്യുന്നതടക്കം നിരവധി പോളിസികള്‍ നിലവിലുണ്ട്. നിങ്ങളുടെ ആവശ്യകത അനുസരിച്ച് വ്യക്തിഗത പോളിസിയാണോ ഫ്‌ളോട്ടര്‍ പോളിസിയാണോ ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസിയാണോ സ്‌പെഷ്യലൈസ്ഡ് പോളിസിയാണോ നല്ലതെന്ന് താരതമ്യം ചെയ്ത് തിരഞ്ഞെടുക്കുക.

4. പദ്ധതിയില്‍ ചേരുന്നതിന് മുമ്പ് ഏജന്റില്‍ നിന്ന് / ബ്രോക്കറില്‍ നിന്ന് പോളിസിയെക്കുറിച്ച് വ്യക്തമായി ചോദിച്ചു മനസ്സിലാക്കുക.


ചേരുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരാന്‍ പ്രീമിയം തുകയുടെ ചെക്ക് അല്ലെങ്കില്‍ ബാങ്ക് ഡ്രാഫ്റ്റ് എന്നീ രേഖകള്‍ മാത്രം മതി. 45 വയസിന് മുകളിലുള്ളവര്‍ക്ക് മെഡിക്കല്‍ ചെക്ക്-അപ്പ് ആവശ്യമായി വരും. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി തുക ക്ലെയിം ചെയ്യുന്ന അവസരങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡ്, മെഡിക്കല്‍ രേഖകള്‍, മരുന്നിനും പരിശോധനകള്‍ക്കും ചെലവായ തുകയുടെ ബില്ല് എന്നിവ സമര്‍പ്പിക്കേണ്ടി വരും.

എവിടെ നിന്നു വാങ്ങാം?
പോളിസി തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ഇന്‍ഷുറന്‍സ് ബ്രോക്കര്‍മാരെയോ ഏജന്റുമാരെയോ സമീപിക്കാം. ഏജന്റുമാര്‍ക്കും ബ്രോക്കര്‍മാര്‍ക്കും ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി(ഐ.ആര്‍.ഡി.എ)യുടെ അംഗീകാരമുണ്ടെന്ന് ഉറപ്പുവരുത്തുക. ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് നേരിട്ടും പോളിസി ലഭിക്കും.

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
അടയ്‌ക്കേണ്ട പ്രീമിയം തുക മാത്രം വിലയിരുത്തി ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നത് ഒട്ടും അഭികാമ്യമല്ല. മറ്റനേകം കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. നിങ്ങള്‍ ചികിത്സ തേടാന്‍ ആഗ്രഹിക്കുന്ന ആസ്​പത്രി, കാഷ്‌ലെസ് ചികിത്സയ്ക്കായുള്ള ഇന്‍ഷുറന്‍സ് കമ്പനിയുടെ പട്ടികയില്‍ വരുന്നുണ്ടോയെന്ന് പരിശോധിക്കണം. ഏതൊക്കെ അസുഖങ്ങള്‍ക്കും സര്‍ജറികള്‍ക്കും ഇന്‍ഷുറന്‍സ് കവര്‍ ലഭിക്കില്ല എന്ന കാര്യവും വ്യക്തമായി മനസ്സിലാക്കണം.

ചികിത്സയുമായി ബന്ധപ്പെട്ട ഏന്തൊക്കെ ചെലവുകള്‍ക്ക് കവറേജ് ലഭിക്കുമെന്നതും പ്രധാനമാണ്. ചില പോളിസികള്‍ ലാബ് ചെലവുകളും മരുന്നിനായുള്ള ചെലവുകളും പോളിസിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവില്ല. ആരോഗ്യ ചെലവുകള്‍ വളരെ കൂടാമെന്നതിനാല്‍ പല കമ്പനികളും ചെലവുകള്‍ക്ക് ഉയര്‍ന്ന പരിധിയും നിശ്ചയിച്ചിട്ടുണ്ടാവും. അതുപോലെ, തീവ്രവാദി ആക്രമണം, യുദ്ധം എന്നീ സാഹചര്യങ്ങളില്‍ വരുന്ന അപകടങ്ങള്‍ക്ക് മിക്ക കമ്പനികളും കവറേജ് നല്‍കാറില്ല.

പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ആസ്​പത്രികളില്‍ സൗജന്യ അഡ്മിഷന്‍, പോളിസിയില്‍ അനുവദിച്ചിട്ടുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. മാതാപിതാക്കള്‍ക്കായുള്ള ഇന്‍ഷുറന്‍സില്‍ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. പ്രമേഹം പോലുള്ള രോഗങ്ങള്‍ക്ക് കവറേജ് ലഭിക്കുമോ എന്നും ഉറപ്പാക്കണം.

Saturday 11 September 2010

പുതിയ ആശയങ്ങള്‍ക്കും കണ്ടുപിടിത്തങ്ങള്‍ക്കും 1000 കോടിയുടെ ദേശീയനിധി

ന്യൂഡല്‍ഹി: പുതിയ ആശയങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കാന്‍ ആയിരം കോടി രൂപയുടെ നിധി രൂപവത്കരിക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന ദേശീയ നൂതനാവിഷ്‌കാര സമിതി (നാഷണല്‍ ഇന്നൊവേഷന്‍ കൗണ്‍സില്‍) തീരുമാനിച്ചു. പുതുതായി ഉണ്ടാക്കിയ സമിതിയുടെ ആദ്യ യോഗത്തിനുശേഷം അധ്യക്ഷന്‍ സാം പിട്രോഡയാണ് ഇക്കാര്യം അറിയിച്ചത്.ഈ നിധി പിന്നീട് 5000 കോടിയാക്കി ഉയര്‍ത്താനും ആലോചനയുണ്ട്. കൂടുതലും സ്വകാര്യ മേഖലയില്‍നിന്നാണ് ദേശീയ നിധിയിലേക്ക് പണം വരികയെന്ന് പിട്രോഡ പറഞ്ഞു.

ജീവിതനിലവാരം മെച്ചപ്പെടുത്താനുതകുന്ന കണ്ടുപിടിത്തങ്ങള്‍ ഉള്‍പ്പെടുത്തി സമിതി പുതിയ വെബ്‌സൈറ്റ് തുടങ്ങി. ഗുണകരമെന്ന് തോന്നുന്ന പുത്തന്‍ ആശയങ്ങള്‍ ഈ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താം. 2020 വരെയുള്ള കാലത്തേക്ക് നൂതനാശയങ്ങള്‍ക്കും കണ്ടുപിടിത്തങ്ങള്‍ക്കുമായി സമിതി രൂപരേഖ തയ്യാറാക്കും. ആസൂത്രണക്കമ്മീഷന്‍ അംഗങ്ങളായ അരുണ്‍മൊയ്‌റ, കസ്തൂരിരംഗന്‍, നാസ്‌കോം ചീഫ് കിരണ്‍ കാര്‍ണിക്, ടാറ്റാ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സമിതിയില്‍ അംഗങ്ങളാണ്.

പുത്തന്‍ ആശയങ്ങള്‍ക്കുടമകളെ കണ്ടെത്താന്‍ ടെലിവിഷന്‍ റിയാലിറ്റി ഷോ തുടങ്ങണമെന്ന നിര്‍ദേശം സമിതിയുടെ ആദ്യയോഗത്തില്‍ ഉയര്‍ന്നെങ്കിലും അതുസംബന്ധിച്ച് അവസാന തീരുമാനമായിട്ടില്ല. പ്രമുഖ സിനിമാനിര്‍മാതാവും സമിതിയംഗവുമായ ശേഖര്‍ കപൂറാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.

യു.എസ് ഓപ്പണ്‍: ബൊപ്പണ്ണ-ഖുറേഷി സഖ്യത്തിന് രണ്ടാം സ്ഥാനം


ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ ടെന്നീസില്‍ പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്തോ-പാക് സഖ്യത്തിന് ഫൈനലില്‍ പരാജയം. ഇന്ത്യന്‍ താരം രോഹന്‍ ബോപ്പണ്ണയും പാകിസ്താന്‍കാരനായ അയ്‌സാം ഉള്‍ഹഖ് ഖുറേഷിയും ചേര്‍ന്ന കൂട്ടുകെട്ടിനെ അമേരിക്കയുടെ ബ്രയാന്‍ സഹോദരങ്ങളാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ :7-6(5), 7-6(4) ആദ്യമായാണു ബൊപ്പണ്ണ- ഖുറേഷി സഖ്യം ഒരു ഗ്രാന്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കളിക്കുന്നത്.

അര്‍ജന്റീനാ ജോഡി എഡ്യുറാഡൊ ഷാവെങ്കും ഹൊരാസിയൊ സെബല്ലോസും ചേര്‍ന്ന കൂട്ടുകെട്ടിനെയാണ് സെമിയില്‍ 16-ാം സീഡായ ബോപ്പണ്ണയും ഖുറേഷിയും കീഴടക്കിയത് (7-6, 6-4).

കഴിഞ്ഞ മാസം വാഷിങ്ടണ്‍ ലെഗ്മാസന്‍ ടെന്നീസ് ക്ലാസിക്ക് ക്വാര്‍ട്ടറില്‍ ബ്രയാന്‍ ജോഡിയെ ഇവര്‍ കീഴടക്കിയിരുന്നു. വിംബിള്‍ഡണിലും ഇരുവരും ഇത്തവണ ക്വാര്‍ട്ടറില്‍ കടന്നിരുന്നു.

ഖുറേഷി ചെക് താരം വേത പെസ്‌ചെക്കിനൊപ്പം മിക്‌സഡ് ഡബിള്‍സിലും ഫൈനലില്‍ കടന്നിട്ടുണ്ട്. ഗ്രാന്‍ഡ്‌സ്‌ലാം ടൂര്‍ണമെന്റുകളില്‍ ഇതിനുമുമ്പ് പാക് താരങ്ങള്‍ ഫൈനല്‍ കളിച്ചിട്ടില്ല.

Thursday 9 September 2010

ഇന്ത്യയുടെ ഭീമന്‍റോക്കറ്റിലെ ദ്രവഇന്ധന എന്‍ജിന്‍ പരീക്ഷണം വിജയം

ബാംഗ്ലൂര്‍: ഇന്ത്യ നിര്‍മിച്ചു കൊണ്ടിരിക്കുന്ന ഭീമന്‍ റോക്കറ്റായ ജി.എസ്.എല്‍.വി. മാര്‍ക്ക്-3 ല്‍ ഉപയോഗിക്കാനുള്ള ദ്രവഇന്ധന എന്‍ജിന്‍ എല്‍-110 വിജയകരമായി പരീക്ഷിച്ചു. ഐ.എസ്.ആര്‍.ഒ.യുടെ നാഗര്‍കോവിലിനടുത്തുള്ള മഹേന്ദ്രഗിരിയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്‍ററില്‍ ബുധനാഴ്ച വൈകിട്ടോടെയാണ് പരീക്ഷണം നടന്നത്.

ഈ റോക്കറ്റില്‍ ഉപയോഗിക്കുന്ന ഖര ഇന്ധന എന്‍ജിനായ എസ്-200 കഴിഞ്ഞവര്‍ഷം ശ്രീഹരിക്കോട്ടയിലെ പ്രത്യേകകേന്ദ്രത്തില്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ലോകത്തെതന്നെ ഏറ്റവും ശക്തിയേറിയ മൗണ്ട്‌റോക്കറ്റ് എന്‍ജിനുകളിലൊന്നാണ് ബൂസ്റ്റര്‍ വിഭാഗത്തില്‍പ്പെട്ട എസ്-200.

എല്‍-110 ഈ വര്‍ഷം മാര്‍ച്ചില്‍ പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഇന്ധനപമ്പിലെ തകരാറുമൂലം പരാജയപ്പെട്ടിരുന്നു. കേടുപാടുകള്‍ മാറ്റി വീണ്ടും നടത്തിയ ശ്രമമാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. അന്തരീക്ഷ ഊഷ്മാവില്‍ത്തന്നെ ദ്രവഇന്ധനം നിറച്ച് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഐ.എസ്.ആര്‍.ഒ.യുടെ ഏറ്റവും വലിയ റോക്കറ്റ് എന്‍ജിനാണിതെന്ന് ഐ.എസ്.ആര്‍.ഒ. ഡയറക്ടര്‍ ഡോ. ടി.കെ.അലക്‌സ് പറഞ്ഞു.

രണ്ട് വികാസ് എന്‍ജിനുകള്‍ ഒന്നിച്ചുഘടിപ്പിച്ച് പ്രവര്‍ത്തിപ്പിച്ച എല്‍-110, നിര്‍ദിഷ്ട ലക്ഷ്യമായിരുന്ന ഇരുനൂറ് സെക്കന്‍ഡ്‌നേരവും ജ്വലിച്ചതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു. അതിന്റെ അഞ്ഞൂറ് വിവിധ പ്രവര്‍ത്തന ലക്ഷ്യങ്ങളും പരീക്ഷണത്തില്‍ കൈവരിച്ചിട്ടുണ്ട്. 110 ടണ്‍ ദ്രവ ഇന്ധനമാണിതില്‍ ഉപയോഗിച്ചിട്ടുള്ളത്. 150 സെക്കന്‍ഡുനേരം ജ്വലിച്ച എന്‍ജിന്‍ പൊടുന്നനെ പ്രവര്‍ത്തനം നിലച്ചതാണ് ആദ്യപരീക്ഷണം പരാജയപ്പെടാന്‍ കാരണം.

പതിനേഴ് മീറ്റര്‍ നീളവും നാലുമീറ്റര്‍ വ്യാസവുമുള്ള ഈ എന്‍ജിന്‍ ജി.എസ്.എല്‍.വി.- മാര്‍ക്ക് 3 ന്റെ രണ്ടാം ഘട്ടത്തിലാണ് ഉപയോഗിക്കുക. ഒന്നാംഘട്ടത്തില്‍ ഖര ഇന്ധനമുള്ള എസ്-200 എന്‍ജിനും മൂന്നാംഘട്ടത്തില്‍ അതിശിതീകൃത ഇന്ധന (ക്രയോജനിക്) എന്‍ജിനായ സി-25 മായിരിക്കും. ജി.എസ്.എല്‍.വി.-മാര്‍ക്ക്-3 വിജയകരമായാല്‍ നാലു ടണ്ണിലേറെ ഭാരമുള്ള വന്‍കിട ഉപഗ്രഹങ്ങളും ബഹിരാകാശപേടകങ്ങളും വിക്ഷേപിക്കാനുള്ള ശേഷിയാകും ഇന്ത്യ നേടുക. 2012 ലാണ് വിക്ഷേപണം പ്രതീക്ഷിക്കുന്നത്

വേണു നാഗവള്ളി ഇനി ഓര്‍മ്മ


 


തിരുവനന്തപുരം: നടനും സംവിധായകനും തിരക്കഥാകൃത്തുമായ വേണുനാഗവള്ളി (61) അന്തരിച്ചു. ദീര്‍ഘകാലമായി കരള്‍സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന വേണു തിരുവനന്തപുരത്തെ കിംസ് ആസ്​പത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 1.30നാണ് അന്തരിച്ചത്. ഭാര്യ മീരയും മകന്‍ വിവേകും മരണസമയത്ത് സമീപത്തുണ്ടായിരുന്നു. മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ കവടിയാറിലെ വീട്ടിലെത്തിച്ചു.

സംസ്‌കാരം അഞ്ചുമണിയോടെ തൈക്കാട് വൈദ്യുത ശ്മശാനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടന്നു. എഴുത്തുകാരനും പ്രക്ഷേപണ കലയിലെ മുന്‍നിരക്കാരില്‍ ഒരാളുമായിരുന്ന നാഗവള്ളി ആര്‍.എസ്.കുറുപ്പിന്റെയും രാജമ്മയുടെയും മകനായാണ് 1949 ഏപ്രില്‍ 16ന് വേണുഗോപാല്‍ എന്ന വേണു നാഗവള്ളി ജനിച്ചത്. തിരുവനന്തപുരം മോഡല്‍ സ്‌കൂള്‍, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ആകാശവാണിയില്‍ അനൗണ്‍സറായി ഔദ്യോഗിക ജീവിതം തുടങ്ങി. തുടര്‍ന്ന് സിനിമയിലെത്തി ആദ്യം അഭിനേതാവും പിന്നീട് സംവിധായകനുമായി. ജോര്‍ജ് ഓണക്കൂറിന്റെ 'ഉള്‍ക്കടല്‍' സിനിമയാക്കിയപ്പോള്‍ വേണു നാഗവള്ളിയായിരുന്നു നായകന്‍. വിഷാദം തുളുമ്പുന്ന പ്രണയനായകനായി അക്കാലത്ത് നിരവധി ചിത്രങ്ങളില്‍ വേണു നായകനായി. ശാലിനി എന്റെ കൂട്ടുകാരിയില്‍ ഉര്‍വശി ശോഭയോടൊപ്പം നായകനായത് ഏറെ ശ്രദ്ധിക്കപ്പെട്ടു.

യവനിക, ചില്ല്, ഓമനത്തിങ്കള്‍, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, മീനമാസത്തിലെ സൂര്യന്‍, ആരാന്റെ മുല്ല കൊച്ചുമുല്ല, ആദാമിന്റെ വാരിയെല്ല്, ദേവദാസ്, വാര്‍ത്ത തുടങ്ങിയവ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ വേണുവിന്റെ ചിത്രങ്ങളാണ്. കഴിഞ്ഞ വര്‍ഷം സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവതയില്‍ വേഷമിട്ടു. 1980 മുതല്‍ 1998 വരെയാണ് നടന്‍ എന്ന നിലയില്‍ വേണു നാഗവള്ളി തിളങ്ങിയത്. സൂപ്പര്‍ഹിറ്റായ സുഖമോദേവി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് 1986ല്‍ സംവിധാനരംഗത്തെക്ക് വന്ന വേണു 12 സിനിമകള്‍ സംവിധാനം ചെയ്തു.

സര്‍വകലാശാല, അയിത്തം, ലാല്‍സലാം, ഏയ് ഓട്ടോ, ആയിരപ്പറ, അഗ്‌നിദേവന്‍, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങിയവ വേണു സംവിധാനം ചെയ്ത ചിത്രങ്ങളാണ്.'കിലുക്കം' എന്ന ജനപ്രീതി നേടിയ ചിത്രത്തിന്റെ തിരക്കഥാകൃത്ത് വേണു നാഗവള്ളിക്ക് ഹാസ്യവും നന്നായി വഴങ്ങുമെന്നതിന്റെ തെളിവായി. അര്‍ത്ഥം, അഹം, സുഖമോ ദേവി മുതല്‍ ഭാര്യ സ്വന്തം സുഹൃത്ത് വരെ (2009) തിരക്കഥയില്‍ വേണു തന്റെ കൈയൊപ്പ് ചാര്‍ത്തി.

മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാരായ എം.എ ബേബി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, സഹപ്രവര്‍ത്തകരായ മമ്മൂട്ടി, മോഹന്‍ലാല്‍, കെ.ജി ജോര്‍ജ്, ഇന്നസെന്റ്, ചെറിയാന്‍ കല്‍പ്പകവാടി തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള പ്രമുഖര്‍ വേണു നാഗവള്ളിയെ അവസാനമായി കാണാനെത്തി.

Tuesday 7 September 2010

ചന്ദ്രയാന്‍ രണ്ടില്‍ പരീക്ഷിക്കുന്നത് പുതിയ സാങ്കേതികത

ബാംഗ്ലൂര്‍: ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടില്‍ ഇന്ത്യ പരീക്ഷിക്കുന്നത് പുതിയ സാങ്കേതികതയും ആശയങ്ങളും. ചന്ദ്രയാന്‍ ഒന്നില്‍ വിദേശ പേ ലോഡുകള്‍ ഉള്‍പ്പെടുത്തിയതുപോലെ ഇത്തവണ അതുണ്ടാവില്ല. രണ്ട് ശാസ്ത്ര പരീക്ഷണ പേ ലോഡുകള്‍ ഉള്‍പ്പെടെ ഇന്ത്യയുടേതായ ഏഴ് പേ ലോഡുകളാണ് 2013-ല്‍ വിക്ഷേപിക്കുന്ന ചന്ദ്രയാന്‍ രണ്ടില്‍ ഉണ്ടാവുക. ചന്ദ്രയാന്‍ ഒന്നില്‍ നിന്നു ലഭിച്ച അനുഭവ സമ്പത്ത് മെച്ചപ്പെടുത്തി ഈ രംഗത്തെ പുതിയ സാങ്കേതികത തന്നെ പരീക്ഷിക്കുമെന്ന് ചന്ദ്രയാന്‍ രണ്ടിനായുള്ള വിദഗ്ധ കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. യു.ആര്‍. റാവു പറഞ്ഞു.

ഇത്തവണ ഇന്ത്യയുടെ പേ ലോഡുകള്‍ മതിയെന്നാണ് തീരുമാനം. എന്നാല്‍, ചന്ദ്രനെ വലംവെക്കുന്ന ഭ്രമണപഥത്തില്‍ നിന്ന് വിഘടിച്ച് ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങുന്ന ലാന്‍ഡര്‍ റഷ്യയുടെ സഹകരണത്തോടെയുള്ളതാണ്. ചന്ദ്രന്റെ ഉപരിതലത്തിലൂടെ സഞ്ചരിച്ച് പഠനം നടത്തുന്ന റോവര്‍ ഇന്ത്യ ആദ്യമായാണ് പരീക്ഷിക്കുന്നത്. എന്നാല്‍ അമേരിക്കയും റഷ്യയും ലാന്‍ഡറും റോവറും ഉപയോഗിച്ച് തുടക്കത്തില്‍ പരീക്ഷണം നടത്തിയ കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അതില്‍നിന്ന് ഏറെ മുന്നോട്ട് പോയുള്ള സാങ്കേതികതയാണ് ചന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡറിനും റോവറിനും ഉള്ളതെന്ന് പ്രൊഫ. റാവു ചൂണ്ടിക്കാട്ടി. ചൈനയ്ക്ക് ഇത്തരം പരീക്ഷണത്തിനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചന്ദ്രയാന്‍ രണ്ടിന്റെ ദൗത്യം വിജയമായാല്‍ ലാന്‍ഡര്‍, റോവര്‍ എന്നിവയുടെ കാര്യത്തില്‍ ഇന്ത്യ വാണിജ്യാടിസ്ഥാനത്തില്‍ മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. 15 വര്‍ഷത്തിനുള്ളില്‍ മനുഷ്യനെ

ചന്ദ്രനിലെത്തിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് മുതല്‍കൂട്ടായിരിക്കും ചന്ദ്രയാന്‍ രണ്ട്.
ചന്ദ്രയാന്‍ രണ്ടിന്റെ ഭാരം കുറയ്ക്കുകയെന്നതാണ് പ്രധാന വെല്ലുവിളിയെന്ന് പ്രൊഫ. ജി.ആര്‍ റാവു പറഞ്ഞു. ഇതിന്റെ ഭാഗമായാണ് വിദേശ പേ ലോഡുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

Monday 6 September 2010

പെരുച്ചാഴികള്‍ക്കായി ഒരുപാലം; ചെലവ് ഒന്നരക്കോടി



ലണ്ടന്‍: എലികളെ കുഴലൂതി ആകര്‍ഷിച്ച് മരണത്തിലേക്ക് നയിച്ച ഹാംലിനിലെ പൈഡ് പൈപ്പറുടേത് പഴയ നാടോടിക്കഥ. അങ്ങ് ബ്രിട്ടനില്‍ എലികള്‍ക്ക് സുരക്ഷിതമായ നടവഴി ഒരുക്കിയരിക്കുകയാണ് ഭരണാധികാരികള്‍. ഡോര്‍മൗസ് എന്ന ഒരിനം പെരുച്ചാഴിക്ക് സഞ്ചരിക്കാന്‍ നിര്‍മിച്ച പാലത്തിന്റെ ചെലവ് 1.9 ലക്ഷം പൗണ്ട് (ഒന്നരക്കോടി രൂപ). ചൊവ്വാഴ്ച പാലം തുറക്കാനിരിക്കെ, നികുതിദായകരുടെ പണം പാഴാക്കിയ വെല്‍ഷ് നിയമസഭക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന ഈ പെരുച്ചാഴികള്‍ യൂറോപ്യന്‍ യൂണിയന്‍ ആവാസവ്യവസ്ഥാ നിയന്ത്രണനിയമമനുസരിച്ച് സംരക്ഷിത ജീവികളാണ്. നിലത്തിറങ്ങാതെ മരത്തില്‍നിന്നു മരത്തിലേക്കാണ് ഇവയുടെ സഞ്ചാരം. ഉറങ്ങുക എന്നര്‍ഥമുള്ള ഡോര്‍മിര്‍ എന്ന ഫ്രഞ്ച് വാക്കില്‍നിന്നാണ് ഇവയ്ക്ക് ഡോര്‍മൗസ് എന്ന പേരുകിട്ടിയത്. ജീവിതത്തിന്റെ മൂന്നിലൊന്നു ഭാഗവും ഇവ ഉറങ്ങിത്തീര്‍ക്കുകയാണ്.

വെയ്ല്‍സില്‍ പൊതുവെ ഇവയുടെ എണ്ണം കുറവാണ്. ഈ സ്ഥിതി പരിഗണിച്ചാണ് ലാന്‍ട്രിസാന്‍റിനടുത്ത് പുതുതായി നിര്‍മിച്ച ചര്‍ച്ച് വില്ലേജ് ബൈപ്പാസിന് കുറുകെ ഇവയ്ക്ക് പാലം പണിതത്. കമ്പിവലകള്‍കൊണ്ട് പൊതിഞ്ഞാണ് പാലമുണ്ടാക്കിയിരിക്കുന്നത്. റോഡ് പണിയാന്‍ മരങ്ങള്‍ മുറിച്ചുനീക്കിയപ്പോള്‍ ഇവയുടെ സഞ്ചാരപാത തടസ്സപ്പെടുത്തിയതിനാലാണ് 20 അടി ഉയരമുള്ള തടിത്തൂണുകളില്‍ പാലം നിര്‍മിച്ചത്. ചര്‍ച്ച് വില്ലേജ് ബൈപ്പാസിലെ ഗതാഗതത്തിരക്കും ഇതിനു കാരണമായി. ഒന്‍പതു കോടി പൗണ്ടാണ് (647 കോടി രൂപ) റോഡ് പണിക്ക് ചെലവിട്ടത്. 4.6 മൈലാണ് റോഡിന്റെ നീളം.

'ബ്ലാക് ബെറിക്കു' പുറകെ ഗൂഗിളിനും സര്‍ക്കാറിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: 'ബ്ലാക് ബെറി' ഉപയോഗിച്ചുള്ള ആശയവിനിമയങ്ങള്‍ക്കുമേല്‍ കര്‍ശന വ്യവസ്ഥയ്ക്ക് നടപടി തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ 'ഗൂഗിള്‍' അടക്കമുള്ള മറ്റു വിവര സാങ്കേതിക സേവനദാതാക്കള്‍ക്കും നോട്ടീസയച്ചു. സന്ദേശങ്ങള്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. 'ഗൂഗിളി'നു പുറമെ സെ്‌കെപ്, വി.പി.എന്‍. തുടങ്ങിയ ദാതാക്കള്‍ക്കാണ് നോട്ടീസ് നല്‍കിയത്. സര്‍ക്കാറിന്റെ ആവശ്യം അംഗീകരിക്കാത്തപക്ഷം ഇന്ത്യയില്‍ ഇവരുടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുമെന്നാണ് കമ്പനികള്‍ക്കു നല്‍കിയ മുന്നറിയിപ്പ്.

ഗൂഗിള്‍, സ്‌കൈപ്, വി.പി.എന്‍. തുടങ്ങിയവയുടെ ശൃംഖലകളിലൂടെ കൈമാറുന്ന സന്ദേശങ്ങള്‍ ഇപ്പോള്‍ ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികള്‍ക്കു പരിശോധിക്കാനാവില്ല. ഇന്‍റര്‍നെറ്റ് അധിഷ്ഠിത ആശയവിനിമയത്തിനു സൗകര്യമൊരുക്കുന്ന കമ്പനികളാണിവ. മുംബൈ ആക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ ആശയവിനിമയത്തിന് ഉപയോഗിച്ചത് 'സെ്‌കെപ്' സര്‍വീസാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ സൂചിപ്പിക്കുന്നത്.

'ബ്ലാക്ക്‌ബെറി എന്‍റര്‍പ്രൈസ് സര്‍വീസ് (ബി.ഇ.എസ്.) എന്ന സംവിധാനത്തിലൂടെ കൈമാറുന്ന സന്ദേശങ്ങള്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കാനാവശ്യമായ സാങ്കേതിക വിവരങ്ങള്‍ നല്‍കാന്‍ 'ബ്ലാക്ക്‌ബെറി' നിര്‍മാതാക്കളായ കനേഡിയന്‍ കമ്പനി 'റിസര്‍ച്ച് ഇന്‍ മോഷ'നോട് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം ആവശ്യപ്പെട്ടു. ഒരുകൂട്ടം ഉപയോക്താക്കള്‍ക്കിടയില്‍ രഹസ്യ ആശയവിനിമയം സാധ്യമാക്കുന്ന സംവിധാനമാണ് ബി.ഇ.എസ്.

രണ്ടു 'ബ്ലാക്ക്‌ബെറി' ഉപയോക്താക്കള്‍ക്ക് പരസ്​പരം സന്ദേശങ്ങള്‍ കൈമാറാനുള്ള 'മെസഞ്ചര്‍' സേവനം സുരക്ഷാ പരിശോധനയ്ക്കു വിധേയമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം 'റിസര്‍ച്ച് ഇന്‍ മോഷന്‍' ഈയിടെ അംഗീകരിച്ചിരുന്നു. ഇതിനുള്ള സാങ്കേതിക വിവരങ്ങള്‍ കമ്പനി കേന്ദ്രത്തിന് കൈമാറിക്കഴിഞ്ഞു.

Sunday 5 September 2010

ഞാനും മണ്ണെണ്ണ വിളിക്കിന്റെ വെളിച്ചത്തില്‍ പഠിച്ചവന്‍- പ്രധാനമന്ത്രി



ന്യൂഡല്‍ഹി:സാധാരണ കുടുംബത്തില്‍ ജനിച്ച താന്‍ മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിലാണ് പഠിച്ചതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. ഏറെ ദൂരം നടന്നാണ് സ്‌കൂളില്‍ പോയത്. താനിന്നെന്താണോ അതാക്കിത്തീര്‍ത്തത് വിദ്യാഭ്യാസമാണെന്നും ഞായറാഴ്ചത്തെ ദേശീയ അധ്യാപക ദിനത്തലേന്ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു.

അധ്യാപകനായ കാലഘട്ടമാണ് തന്റെ ജീവിതത്തിലെ ഏറ്റവും സംതൃപ്തദിനങ്ങളെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ അവകാശനിയമം മഹത്തായ ദേശീയ മുന്നേറ്റമായി മാറണമെങ്കില്‍ വിദ്യാലയ അന്തരീക്ഷം ഭയരഹിതമായിരിക്കണം.
വിദ്യാഭ്യാസ അവകാശ നിയമം ശാരീരികവും മാനസികവുമായ പീഡനവും പുറത്താക്കലും മറ്റ് ശിക്ഷാരീതികളും നിരോധിച്ചിട്ടുണ്ട്.
ഓരോ കുട്ടിക്കും പൂര്‍ണ ശ്രദ്ധ നല്‍കാനും സഹായിക്കാനും അധ്യാപകന്‍ തയ്യാറായാല്‍ പിന്നെ നിര്‍ബന്ധത്തിന്റെയും അടിച്ചേല്‍പ്പിക്കലിന്റെയും അച്ചടക്കത്തിന്റെയും ആവശ്യമേ വരുന്നില്ലെന്ന പ്രശസ്ത തത്ത്വചിന്തകന്‍ ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ വാക്കുകള്‍ പ്രധാനമന്ത്രി ഉദ്ധരിച്ചു.

രാജ്യത്തിന്റെ ഏറ്റവും വിലപ്പെട്ട വിഭവമായ അധ്യാപകര്‍ നയപരമായ തീരുമാനങ്ങളെടുക്കേണ്ട വേദികളില്‍ നിന്ന് പുറം തള്ളപ്പെടുന്നത് ദുഃഖകരമാണ് -അദ്ദേഹം പറഞ്ഞു.

Saturday 4 September 2010

ഉത്തേജക പരിശോധനയ്ക്ക് സ്ഥിരം സംവിധാനം

ന്യൂഡല്‍ഹി: ഉത്തേജക മരുന്നു പരിശോധന നടത്താന്‍ ഇന്ത്യയില്‍ ആദ്യമായി അന്താരാഷ്ട്ര നിലവാരമുള്ള സ്ഥിരം സംവിധാനമൊരുക്കി. ഒക്ടോബര്‍ മൂന്ന് മുതല്‍ 14 വരെ ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് ഈ മാസം 23 മുതല്‍ ഉത്തേജക പരിശോധന തുടങ്ങും. ഗെയിംസ് അവസാനിക്കുന്നതുവരെ ഏത് സമയത്തും എവിടെവെച്ചും മുന്നറിയിപ്പില്ലാതെതന്നെ പരിശോധനയ്ക്ക് വിധേയരാവാന്‍ കായികതാരങ്ങള്‍ ബാധ്യസ്ഥരാണ്.

കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനുമായി ചേര്‍ന്ന് സംഘാടക സമിതിയാണ് ഉത്തേജക നിയന്ത്രണ സംവിധാനം ഒരുക്കിയത്. സാമ്പിളുകള്‍ എല്ലാ ദിവസവും ഡല്‍ഹിയിലെ ദേശീയ ഉത്തേജക പരിശോധനാ ലബോറട്ടറിയിലേക്ക് സുരക്ഷിതമായ രണ്ട് വാഹനങ്ങളിലായി അയയ്ക്കും. അന്താരാഷ്ട്ര ഉത്തേജകവിരുദ്ധ സമിതിയുടെ (വാഡ) അംഗീകാരമുള്ള ലോകത്തെ 34 പരിശോധനാകേന്ദ്രങ്ങളില്‍ ഒന്നാണിത്.

എല്ലാ മത്സരവേദികളിലും ഗെയിംസ് വില്ലേജിലും അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഡോപിങ് കണ്‍ട്രോള്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഗെയിംസിന് ശേഷം ഉത്തേജക നിയന്ത്രണത്തിന് മാത്രമായി ഇവ പ്രവര്‍ത്തിക്കും. മൂത്രപരിശോധനയുടെ ഫലം 24 മുതല്‍ 48 മണിക്കൂറിനകവും രക്തത്തിന്റേത് ഒന്ന് മുതല്‍ അഞ്ച് ദിവസത്തിനകവും ഇ.പി.ഒ. പരിശോധനാഫലം 72 മണിക്കൂര്‍ മുതല്‍ ആറ് ദിവസത്തിനകവും ലഭിക്കും.

ഗെയിംസ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഡോ. എം ജഗദീശന്റെ നേതൃത്വത്തില്‍ ഒമ്പതംഗ മെഡിക്കല്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്ക് കീഴില്‍ പരിശീലനം കിട്ടിയ 450 ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കും. വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെയാണ് പരിശീലനവും എഴുത്തുപരീക്ഷയും നടത്തി ഈ ആവശ്യത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇവര്‍ക്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റിന് രണ്ട് വര്‍ഷത്തെ മൂല്യമുണ്ടാകും. തുടരാനാഗ്രഹിക്കുന്നവര്‍ വീണ്ടും കോഴ്‌സ് ചെയ്യണം.

Friday 3 September 2010

സ്ഥലമെടുപ്പ്: പുറമ്പോക്കിലെ താമസക്കാര്‍ക്കും നഷ്ടപരിഹാരം

തിരുവനന്തപുരം: ദേശീയ പാതാ വികസനത്തിന് സ്ഥലമേറ്റെടുക്കുമ്പോള്‍ പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും അനധികൃത കുടിയേറ്റക്കാര്‍ക്കും നഷ്ടപരിഹാരത്തിന് ശുപാര്‍ശ. ആരാധനാലയങ്ങള്‍ നഷ്ടപ്പെട്ടാല്‍ സര്‍ക്കാര്‍ ചെലവില്‍ പണം കണ്ടെത്തി പുതിയ ആരാധനാലയം നിര്‍മിക്കുമെന്നും മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു.

പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും ചെറിയ കച്ചവടങ്ങള്‍ നടത്തുന്നവര്‍ക്കും ആറുമാസത്തെ മിനിമം വേതനം നല്‍കും. കെട്ടിടത്തിന്റെയോ കടയുടെയോ വിലയും പുനരധിവാസത്തിനായി ഒരുലക്ഷം രൂപയും നല്‍കും. വിവിധ വിഭാഗങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഇപ്രകാരം.

ഉടമസ്ഥരായ വ്യാപാരികള്‍ക്ക്: ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി തീരുമാനിക്കുന്ന ഭൂമിയുടെ വിപണി വില. ഏറ്റവും പുതിയ ഷെഡ്യൂള്‍ നിരക്കുപ്രകാരമുള്ള കെട്ടിടവില. പുനര്‍നിര്‍മാണത്തിന് ഇതിന്റെ 25 ശതമാനം അധികം തുക. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ ഉപയോഗപ്രദമായ സാധനങ്ങളും ഇവര്‍ക്ക് ഉപയോഗിക്കാം.

വാടകക്കാരായ വ്യാപാരികള്‍ക്ക്: ഭൂമിയുടെയും കെട്ടിടത്തിന്റെയും വിലയുടെ പത്തുശതമാനം. ഒന്നിലധികം വാടകക്കാരുണ്ടെങ്കില്‍ തുക തുല്യമായി വീതിക്കും. എന്നാലും ഒരുലക്ഷം രൂപയില്‍ കുറയില്ല. പ്രമാണങ്ങളും കരാറുകളും പരിശോധിച്ചായിരിക്കും വാടകക്കാരനാണോയെന്ന് തീരുമാനിക്കുക.

വ്യാപാര പങ്കാളികളായ തൊഴിലാളികള്‍ക്ക്: വ്യാപാരസ്ഥാപനങ്ങള്‍ ഇല്ലാതാകുന്നതുകൊണ്ട് തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് വ്യവസായ തര്‍ക്കപരിഹാര നിയമപ്രകാരമുള്ള നഷ്ടപരിഹാരം.

വീടുകള്‍ നഷ്ടപ്പെടുന്ന വസ്തു ഉടമകള്‍ക്ക്: വസ്തുവിന്റെ വിപണിവില. വീടുകള്‍ക്ക് ഏറ്റവും പുതിയ ഷെഡ്യൂള്‍ നിരക്ക് പ്രകാരമുള്ള നഷ്ടപരിഹാരം. പുനര്‍നിര്‍മാണത്തിനായി കെട്ടിടത്തിന്റെയും വസ്തുവിന്റെയും വിലയുടെ 25 ശതമാനം. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഉടമകള്‍ക്ക് എടുക്കാം. സ്ഥലംമാറ്റച്ചെലവായി 25,000 രൂപ.

മരങ്ങള്‍ക്കും കൃഷിക്കും: വനം, കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സമിതി തീരുമാനിക്കുന്ന നഷ്ടപരിഹാരം.

മറ്റ് നിര്‍ദേശങ്ങള്‍: സ്ഥലം ഏറ്റെടുക്കുമ്പോള്‍ റോഡിനോട് ചേര്‍ന്നുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം. ഇതിന് തൊട്ടുപിന്നിലുള്ള സ്ഥലം ഏറ്റെടുത്ത് പുനരധിവസിപ്പിക്കാനായാല്‍ വന്‍തോതിലുള്ള എതിര്‍പ്പ് ഒഴിവാക്കാം. പിന്നിലുള്ള വസ്തുക്കളില്‍ പുനരധിവാസത്തിനായി കെട്ടിടങ്ങള്‍ പണിയുമ്പോള്‍ അതേസ്ഥലത്തുനിന്ന പഴയ സ്ഥാപനങ്ങളും കൂടി അവിടെ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണം. സ്ഥാപനങ്ങള്‍ പിന്നിലേയ്ക്ക് മാറ്റാനും സ്ഥലമാറ്റച്ചെലവ് നല്‍കണം. ഇങ്ങനെ ചെയ്യാനായാല്‍ ഒട്ടേറെ പരാതികള്‍ പരിഹരിക്കാനാവും.

ദേശീയപാത വികസിപ്പിക്കുമ്പോള്‍ ഇപ്പോള്‍ പിന്‍നിരയിലുള്ള വസ്തുക്കളും കെട്ടിടങ്ങളും റോഡരികത്താകും. ഇവയുടെ വിപണിവില കൂടും. ഇങ്ങനെ കിട്ടുന്ന അധിക വിലയില്‍ ഒരു ഭാഗം വീടുംസ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കാന്‍ ബാദ്ധ്യതയുണ്ടെന്ന് കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച ഐക്യരാഷ്ട്രസംഘടനയുടെ ശുപാര്‍ശകളില്‍ പറയുന്നുണ്ട്.

Thursday 2 September 2010

യൂറോ 2012 യോഗ്യതാ മത്സരങ്ങള്‍ നാളെ തുടങ്ങും



പാരീസ്: ലോകകപ്പിന്റെ ആരവമടങ്ങുന്നതിന് മുന്നേ, മറ്റൊരു മഹാമേളയ്ക്കുള്ള തയ്യാറെടുപ്പുകള്‍ക്ക് ഒരുങ്ങുകയാണ് യൂറോപ്പ്. 2012-ലെ യൂറോ കപ്പ് ഫുട്‌ബോളിനുള്ള യോഗ്യതാ മത്സരങ്ങള്‍ വെള്ളിയാഴ്ച നടക്കും. ലോക ചാമ്പ്യന്മാരായ സ്‌പെയിനും റണ്ണറപ്പുകളായ ഹോളണ്ടും ലോകകപ്പിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇറ്റലിയും ഫ്രാന്‍സും ഇംഗ്ലണ്ടും പോര്‍ച്ചുഗലുമൊക്കെ അന്ന് ഗ്രൗണ്ടിലിറങ്ങും. ലോക ജേതാക്കളായ സ്‌പെയിനാണ് യൂറോകപ്പിലെയും നിലവിലെ ജേതാക്കള്‍.

ലോകകപ്പ് റണ്ണറപ്പുകളായ ഹോളണ്ടാണ് യോഗ്യതാ റൗണ്ടില്‍ മരണ ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് ഇയില്‍, സ്വീഡനും ഹംഗറിയും ഹോളണ്ടിനെ വെല്ലുവിളിക്കുന്നു. ഗ്രീസും ക്രൊയേഷ്യയും ഇസ്രായേലും മത്സരിക്കുന്ന ഗ്രൂപ്പ് എഫിലും മരണപ്പോരാട്ടങ്ങളാണ്. ഗ്രൂപ്പ് എയില്‍ ജര്‍മനിക്ക് തുര്‍ക്കിയും ഗ്രൂപ്പ് സിയില്‍ ഇറ്റലിക്ക് സെര്‍ബിയയും ഗ്രൂപ്പ് ജിയില്‍ ഇംഗ്ലണ്ടിന് സ്വിറ്റ്‌സര്‍ലന്‍ഡും ഗ്രൂപ്പ് എച്ചില്‍ പോര്‍ച്ചുഗലിന് ഡെന്മാര്‍ക്കും ഗ്രൂപ്പ് ഐയില്‍, സ്‌പെയിനിന് ചെക്ക് റിപ്പബ്ലിക്കുമാണ് പ്രധാന എതിരാളികള്‍.

യഥാര്‍ഥത്തില്‍ യോഗ്യതാ റൗണ്ടിന് കഴിഞ്ഞ മാസംതന്നെ തുടക്കം കുറിച്ചിരുന്നു. ആഗസ്ത് 11-ന് നടന്ന ഗ്രൂപ്പ് സി മത്സരത്തില്‍, എസ്‌തോണിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫറോ ദ്വീപിനെ തോല്പിച്ചു. എന്നാല്‍, യോഗ്യതാ റൗണ്ട് അതിന്റെ പൂര്‍ണരൂപത്തില്‍ ആരംഭിക്കുന്നത് വെള്ളിയാഴ്ചയാണ്.

ഒമ്പത് ഗ്രൂപ്പുകളിലായി 51 ടീമുകളാണ് യോഗ്യതാ റൗണ്ടില്‍ മത്സരിക്കുന്നത്; ആറ് ഗ്രൂപ്പുകളില്‍ ആറ് ടീമുകള്‍ വീതവും മൂന്ന് ഗ്രൂപ്പുകളില്‍ അഞ്ച് ടീമുകള്‍ വീതവും. ഗ്രൂപ്പ് ജേതാക്കള്‍ നേരിട്ട് യോഗ്യത നേടും. രണ്ടാം സ്ഥാനത്തെത്തുന്ന ടീമുകളില്‍ മികച്ച അഞ്ച് ടീമുകള്‍ക്കും യോഗ്യത കിട്ടും. ശേഷിക്കുന്ന നാല് ടീമുകള്‍ പ്ലേ ഓഫ് കളിച്ച് അതില്‍നിന്ന് രണ്ടു ടീമുകള്‍ക്കും യോഗ്യത ലഭിക്കും. 16 ടീമുകളാണ് ഫൈനല്‍ റൗണ്ടിലുണ്ടാവുക.

ഗ്രൂപ്പ് എ: ജര്‍മനി, തുര്‍ക്കി, ഓസ്ട്രിയ, ബെല്‍ജിയം, കസാഖ്‌സ്താന്‍, അസര്‍ബെയ്ജാന്‍.
ഗ്രൂപ്പ് ബി: റഷ്യ, സ്ലോവാക്യ, അയര്‍ലന്‍ഡ് റിപ്പബ്ലിക്, മാസിഡോണിയ, അര്‍മീനിയ, അന്‍ഡോറ,
ഗ്രൂപ്പ് സി: ഇറ്റലി, സെര്‍ബിയ, എസ്‌തോണിയ, ഉത്തര അയര്‍ലന്‍ഡ്, സ്ലോവേനിയ, ഫറോ ദ്വീപ്.
ഗ്രൂപ്പ് ഡി: ഫ്രാന്‍സ്, റുമാനിയ, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന, ബെലാറസ്, അല്‍ബേനിയ, ലക്‌സംബര്‍ഗ്.
ഗ്രൂപ്പ് ഇ: ഹോളണ്ട്, സ്വീഡന്‍, ഫിന്‍ലന്‍ഡ്, ഹംഗറി, മോള്‍ഡോവ, സാന്‍ മാറിനോ.
ഗ്രൂപ്പ് എഫ്: ക്രൊയേഷ്യ, ഗ്രീസ്, ഇസ്രായേല്‍, ലാത്വിയ, ജോര്‍ജിയ, മാള്‍ട്ട.
ഗ്രൂപ്പ് ജി: ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ്, ബള്‍ഗേറിയ, വെയ്ല്‍സ്, മോണ്ടിനെഗ്രോ.
ഗ്രൂപ്പ് എച്ച്: പോര്‍ച്ചുഗല്‍, ഡെന്മാര്‍ക്ക്, നോര്‍വെ, സൈപ്രസ്, ഐസ്‌ലന്‍ഡ്.
ഗ്രൂപ്പ് ഐ: സ്‌പെയിന്‍, ചെക്ക് റിപ്പബ്ലിക്, സ്‌കോട്ട്‌ലന്‍ഡ്, ലിത്വാനിയ, ലിച്ചെന്‍സ്റ്റെയ്ന്‍.

വെള്ളിയാഴ്ചത്തെ പ്രധാന പോരാട്ടങ്ങളില്‍, ജര്‍മനി ബെല്‍ജിയത്തെയും ഇറ്റലി എസ്‌തോണിയയെയും ഫ്രാന്‍സ് ബലാറസിനെയും ഹോളണ്ട് സാന്‍മാറിനോയെയും സ്വീഡന്‍ ഹംഗറിയെയും ഇംഗ്ലണ്ട് ബള്‍ഗേറിയയെയും പോര്‍ച്ചുഗല്‍ സൈപ്രസിനെയും സ്‌പെയിന്‍ ലിച്ചന്‍സ്റ്റെയ്‌നെയും നേരിടും.

വുവുസെലയ്ക്ക് വിലക്ക്

ജനീവ: യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കിടെ ഗാലറിയില്‍ വുവുസെല ഉപയോഗിക്കുന്നത് യുവേഫ നിരോധിച്ചു. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിന്റെ മുഖമുദ്രകളിലൊന്നായി മാറിയ ഈ കുഴല്‍വാദ്യം കളിക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നതായി വ്യാപക പരാതിയുയര്‍ന്നിരുന്നു. യൂറോപ്പിന്റെ ഫുട്‌ബോള്‍ സംസ്‌കാരവും പവിത്രതയും നിലനിര്‍ത്തുന്നതിനാണ് വുവുസെല ഉപയോഗം നിരോധിച്ചതെന്ന് യുവേഫ വ്യക്തമാക്കി. യൂറോപ്പ ലീഗ്, ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്കും വിലക്ക് ബാധകമാണ്.

Wednesday 1 September 2010

ആഗസ്തിലും കാര്‍ വിപണിയില്‍ കുതിപ്പ്‌

മുംബൈ : ആഗസ്ത് മാസത്തിലും കാര്‍ വിപണിയില്‍ മുന്നേറ്റം. പ്രമുഖ വാഹന നിര്‍മാണ കമ്പനികളായ മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റാ മോട്ടോഴ്‌സ് എന്നിവയുടെ വില്‍പ്പന വന്‍തോതില്‍ ഉയര്‍ന്നു.

മാരുതി വീണ്ടും ഒരു ലക്ഷത്തിലേറെ കാറുകള്‍ വിറ്റു

മാരുതി സുസുക്കിയുടെ ആഗസ്ത് മാസത്തിലെ വില്‍പ്പന മുന്‍വര്‍ഷം ഇതേ കാലയളവിലേതില്‍ നിന്നും 23.56 ശതമാനം വര്‍ധിച്ച് 1,04,791 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം 84,808 കാറുകളാണ് മാരുതി വിറ്റഴിച്ചത്.

ഒരു മാസം കൈവരിച്ച വില്‍പ്പന കണക്കിലെടുക്കുമ്പോള്‍ കമ്പനി ചരത്രത്തില്‍ നേടിയ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിതെന്ന് മാരുതി അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം ഇത് മൂന്നാം തവണയാണ് ഒരു മാസത്തെ വില്‍പ്പന ഒരു ലക്ഷം കവിയുന്നത്. ഇതിന് മുന്‍പ് മെയ് മാസത്തിലാണ് കമ്പനി ഏറ്റവും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തിയത്. മെയ് മാസത്തില്‍ മാരുതി 1,02,175 കാറുകളാണ് വിറ്റത്.

ആഭ്യന്തര വിപണിയിലെ വില്‍പ്പന 32.47 ശതമാനം ഉയര്‍ന്ന് 92,674 യൂണിറ്റായി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ വില്‍പ്പന 69,961 യൂണിറ്റായിരുന്നു.

അതേസമയം, കയറ്റുമതി 18.39 ശതമാനം ഇടിഞ്ഞ് 12,117 യൂണിറ്റായി. നേരത്തെ ഇത് 14,847 യൂണിറ്റായിരുന്നു. മുന്‍പ് ഏറ്റവും ഡിമാന്‍ഡുള്ള മോഡലായ മാരുതി 800ന്റെ വില്‍പ്പന 29.81 ശതമാനം ഇടിഞ്ഞ് 1,919 യൂണിറ്റായി. ചെറുകാര്‍ വിപണിയില്‍ ഏറ്റവും ഡിമാന്‍ഡുളള എ-2 വിഭാഗത്തില്‍പെടുന്ന കാറുകളുടെ വില്‍പ്പന ഉയര്‍ന്നു. വാഗണ്‍ ആര്‍, എസ്റ്റീലൊ, ആള്‍ട്ടൊ, എ-സ്റ്റാര്‍, റിറ്റ്‌സ് എന്നീ മോഡലുകളുടെ വില്‍പ്പന 25.69 ശതമാനം ഉയര്‍ന്ന് 65,953 യൂണിറ്റായി. 52,473 കാറുകളാണ് മുന്‍ വര്‍ഷം ഇതേമാസത്തില്‍ വിറ്റത്.

എസ്.എക്‌സ് ഫോര്‍, ഡിസയര്‍ എന്നീ മോഡലുകളുടെ വില്‍പ്പന 33.99 ശതമാനം വര്‍ധിച്ച് 10,479 യൂണിറ്റായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 7,821 കാറുകള്‍ വിറ്റഴിച്ച സ്ഥാനത്താണിത്.

ഹ്യുണ്ടായ് : 17 ശതമാനം വര്‍ധന

രാജ്യത്തെ കാര്‍ വിപണിയില്‍ രണ്ടാം സ്ഥാനത്തുളള ഹ്യുണ്ടായ് മോട്ടോഴ്‌സിന്റെ ആഗസ്ത് മാസത്തിലെ വില്‍പ്പന മുന്‍ വര്‍ഷം ഇതേ മാസത്തേതില്‍ നിന്നും 17.2 ശതമാനം ഉയര്‍ന്നു.

ആഗസ്തില്‍ 50,636 കാറുകളാണ് കമ്പനി വിറ്റഴിച്ചത്. മുന്‍വര്‍ഷം ഇതേ മാസത്തില്‍ 49,521 കാറുകള്‍ വിറ്റഴിച്ച സ്ഥാനത്താണിത്. ഉത്സവ സീസണോടു കൂടി കാറുകള്‍ക്ക് ഡിമാന്‍ഡ് ഇനിയും വര്‍ധിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹ്യണ്ടായ് മാര്‍ക്കറ്റിങ്ങ് ആന്‍ഡ് സേല്‍സ് മാനേജര്‍ അരവിന്ദ് സക്‌സേന വ്യക്തമാക്കി.

ആഭ്യന്തര വിപണിയില്‍ കമ്പനിയുടെ വില്‍പ്പന മുന്‍ വര്‍ഷത്തേതില്‍ നിന്നും ഉയര്‍ന്ന് 28,601 യൂണിറ്റായി. മുന്‍ വര്‍ഷത്തില്‍ ഇത് 24,401 യൂണിറ്റായിരുന്നു. എന്നാല്‍ കയറ്റുമതി 12.3 ശതമാനം കുറഞ്ഞ് 25,120 യൂണിറ്റായി.

സാന്‍ട്രൊ, ഐ-10, ഐ-20 എന്നിവയടങ്ങുന്ന എ-2 വിഭാഗത്തില്‍ 45,804 കാറുകളും എ-3 വിഭാഗത്തില്‍പ്പെടുന്ന 4,806 കാറുകളും കമ്പനി വിറ്റഴിച്ചു. എ-5 വിഭാഗത്തില്‍ 26 സൊണാറ്റാ കാറുകളും കമ്പനി വിറ്റു.


ടാറ്റാ മോട്ടോഴ്‌സിനും മുന്നേറ്റം

പ്രമുഖ വാഹന നിര്‍മാണ കമ്പനിയായ ടാറ്റാ മോട്ടോഴ്‌സും അഗസ്ത് മാസത്തിലെ വില്‍പ്പനയില്‍ നേട്ടം കൈവരിച്ചു. കമ്പനിയുടെ മൊത്തം വില്‍പ്പന ഉയരുന്നതില്‍ കാറുകളുടെ വില്‍പ്പന നിര്‍ണായക പങ്ക് വഹിച്ചു.

ചെറുകാര്‍ വിപണിയില്‍ ടാറ്റയുടെ പ്രമുഖ മോഡലായ ഇന്‍ഡിക്കാ കാറുകളുടെ വില്‍പ്പന മുന്‍ മാസത്തേതില്‍ നിന്നും 22 ശതമാനം വര്‍ധിച്ച്് 7,531 യൂണിറ്റായി. അതേസമയം, ഇന്‍ഡിഗോ കാറുകളുടെ വില്‍പ്പന 151 ശതമാനം കുതിപ്പോടെ 6,678 യൂണിറ്റിലെത്തി. സുമോ, സഫാരി എന്നിവയുടെ വില്‍പ്പന 11 ശതമാനം വര്‍ധിച്ച് 2884 യൂണിറ്റായി.

ആഗസ്ത് മാസത്തില്‍ കമ്പനിയുടെ മൊത്തം വാഹന വില്‍പ്പന മുന്‍ വര്‍ഷം ഇതേ മാസത്തേതില്‍ നിന്നും 32.38 ശതമാനം വര്‍ധിച്ച് 65,938 യൂണിറ്റായി. നേരത്തെ ഇത് 49,810 യൂണിറ്റായിരുന്നു.