തിരുവനന്തപുരം: ഇംഗ്ലീഷ് പഠിച്ച് അധ്യാപക യോഗ്യത നേടിയവരെ തേടി കോളേജ് മാനേജ്‌മെന്റുകള്‍ രംഗത്തിറങ്ങുന്നു. എയ്ഡഡ് കോളേജുകളില്‍ 1599 അധ്യാപക തസ്തികകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് യോഗ്യതയുള്ളവരെത്തേടി ജോലി വീട്ടുപടിക്കലെത്തുന്ന സാഹചര്യമുണ്ടായത്. ഏറ്റവും കൂടുതല്‍ ഒഴിവുള്ള ഇംഗ്ലീഷിനും ഫിസിക്‌സിനുമാണ് അധ്യാപരെ കിട്ടാന്‍ ക്ഷാമം. കമ്പ്യൂട്ടര്‍സയന്‍സ്, കൊമേഴ്‌സ്, കെമസ്ട്രി വിഷയങ്ങളിലും യോഗ്യതയുള്ളവരുടെ എണ്ണം കുറവാണ്.
1599 തസ്തികകള്‍ക്ക് അനുമതിയായെങ്കിലും നിലവിലുള്ള 596 പേര്‍കൂടി സര്‍വീസില്‍നിന്ന് വിരമിക്കുമ്പോഴേ ഇത്രയും ഒഴിവുകള്‍ ഉണ്ടാകൂ. എന്നാല്‍, 1012 ഒഴിവുകള്‍ പൊടുന്നനെ വരികയാണ്. ഇംഗ്ലീഷിന് 200-ഉം ഫിസിക്‌സിന് 143-ഉം ഒഴിവുകളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കൊമേഴ്‌സ് - 107, കെമിസ്ട്രി-98, കമ്പ്യൂട്ടര്‍ സയന്‍സ്-94, മലയാളവും ഹിസ്റ്ററിയും - 46 വീതം, കണക്ക്-43, ബോട്ടണി-41, ഇക്കണോമിക്‌സ്-27, സുവോളജി-24, മൈക്രോബയോളജി-21, ബയോകെമിസ്ട്രി-16, സ്റ്റാറ്റിസ്റ്റിക്‌സ്-15, ബയോടെക്‌നോളജി-12 എന്നിങ്ങനെയാണ് വിവിധ വിഷയങ്ങളുടെ ഒഴിവുകള്‍. മറ്റു വിഷയങ്ങള്‍ക്ക് പത്തില്‍ താഴെയാണ് ഒഴിവുകള്‍.
ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാര്‍ക്കും നെറ്റ് യോഗ്യതയുമാണ് കോളേജ് അധ്യാപകരാകാനുള്ള വിദ്യാഭ്യാസയോഗ്യത. പിഎച്ച്.ഡി.യുണ്ടെങ്കില്‍ നെറ്റ് യോഗ്യത വേണമെന്നില്ല. ഇംഗ്ലീഷിനും ഫിസിക്‌സിനും പുറമേ കമ്പ്യൂട്ടര്‍ സയന്‍സിലും കൊമേഴ്‌സിലും നെറ്റ് യോഗ്യതയോ ഗവേഷണബിരുദമോ നേടിയവര്‍ കുറവാണ്. ഒഴിവുകള്‍ ഒറ്റയടിക്ക് വന്നതാണ് അധ്യാപകരെ ലഭിക്കാന്‍ ബുദ്ധിമുട്ടിന് കാരണമാകുന്നത്.
സര്‍ക്കാര്‍ കോളേജുകളിലേക്ക് കഴിഞ്ഞവര്‍ഷം പി.എസ്.സി. നടത്തിയ പരീക്ഷയില്‍ ഇംഗ്ലീഷിന് പരീക്ഷയെഴുതിയ ഏതാണ്ട് എല്ലാവരെയും ഇന്റര്‍വ്യൂവിന് വിളിച്ചിരുന്നു. സാധാരണ പരീക്ഷയെഴുതുന്നവരുടെ എണ്ണം കൂടുന്നതിനാല്‍ നിശ്ചിത മാര്‍ക്കിന് മുകളിലുള്ളവരെയാണ് ഷോര്‍ട്ട്‌ലിസ്റ്റില്‍പ്പെടുത്തുന്നത്. 224 പേര്‍ പരീക്ഷയെഴുതിയതില്‍ 201 പേരും ലിസ്റ്റില്‍ വന്നു. ഇതില്‍നിന്ന് നെറ്റ് യോഗ്യത നേടാത്തവരെ ഒഴിവാക്കേണ്ടിവന്നു.
എയ്ഡഡ് കോളേജുകളില്‍ നിയമനത്തിന് 10-15 ലക്ഷമാണ് പല മാനേജ്‌മെന്റുകളും കോഴ ചോദിക്കുന്നത്. പണമൊന്നും വാങ്ങാതെ മെറിറ്റ് അടിസ്ഥാനമാക്കി നിയമനം നല്‍കുന്നവരുമുണ്ട്. യോഗ്യതയുള്ളവര്‍ക്ക് ക്ഷാമം നേരിടുന്ന വിഷയങ്ങളില്‍ കാര്യമായ കോഴ നല്‍കാതെതന്നെ നിയമനം തരപ്പെടും.
ഇത്രയധികം അധ്യാപക തസ്തികകള്‍ ഒരുമിച്ചു വന്നത് 30-35 കോളേജുകള്‍ തുടങ്ങുന്നതിന് തുല്യമാണെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 16 വര്‍ഷമായി കോളേജധ്യാപക നിയമനം സ്തംഭിച്ചിരുന്ന അവസ്ഥയും ഇതോടെ ഒഴിവാകുകയാണ്.
No comments:
Post a Comment