"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Thursday, 23 December 2010

ചരിത്രമായി ലീഡര്‍ - മാതൃഭൂമി



             തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന്‍ (93) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ വൈകീട്ട് 5.30 ഓടെയായിരുന്നു അന്ത്യം

കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 10നാണ് അദ്ദേഹത്തെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യനില വഷളായെങ്കിലും പതിവുപോലെ കരുണാകരന്‍ ആരോഗ്യനില വീണ്ടെടുത്തു. എന്നാല്‍ ബുധനാഴ്ചയോടെ സ്ഥിതി വീണ്ടും ഗുരുതരമായി. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തെ സി.ടി സ്‌കാനിന് വിധേയനാക്കി. ബ്രെയിന്‍ സ്‌റ്റെമ്മിന് തകരാറുള്ളതായും തലച്ചോറില്‍ രക്തം കട്ട പിടിച്ചതായും സ്‌കാനിങ്ങില്‍ കണ്ടെത്തിയിരുന്നു. വൈകിട്ട് അഞ്ചരയോടെ ഡോക്ടര്‍മാര്‍ മരണവിവരം സ്ഥിരീകരിച്ചു. മരണസമയത്ത് മക്കളായ കെ.മുരളീധരനും പത്മജ വേണുഗോപാലും സമീപത്തുണ്ടായിരുന്നു.


ആറു പതിറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന കരുണാകരന്‍ 1977 മുതല്‍ വിവിധ കാലങ്ങളിലായി നാലു തവണ മുഖ്യമന്ത്രിയും ഒരു തവണ കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രിയുമായി. 1965ല്‍ മാളയില്‍ നിന്നാണ് ആദ്യമായി കേരള നിയമസഭയിലെത്തിയത്. അതിന് മുന്‍പ് 1948ല്‍ ഒല്ലൂക്കരയില്‍ നിന്ന് പ്രജാ മണ്ഡലത്തിലേയ്ക്കും 1954ല്‍ മണലൂരില്‍ നിന്ന് തിരുകൊച്ചി നിയമസഭയിലുമെത്തി. 1996ല്‍ തൃശൂരില്‍ സി.പി.ഐ.യിലെ വി.വി. രാഘവനോട് തോറ്റതാണ് കരുണാകരന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ പ്രധാന തോല്‍വി.


കണ്ണൂര്‍ ചിറക്കല്‍ തെക്കേടത്ത് രാമുണ്ണി മാരാരുടെയും കണ്ണോത്ത് കല്ല്യാണി മാരസ്യാരുടെയും മകനായി 1918 ജൂലായ് അഞ്ചിനായിരുന്നു കരുണാകരന്റെ ജനനം. കണ്ണില്‍ വെള്ളം നിറയുന്ന രോഗംമൂലം എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്നു. പിന്നീട് പത്താം ക്ലാസ് വരെ പഠിച്ചെങ്കിലും പരീക്ഷയെഴുതാനായില്ല. അതിനുശേഷമാണ് ചിത്രകല പഠിക്കാനായി രാഷ്ട്രീയ തട്ടകമായ തൃശൂരിലേയ്ക്ക് പോയത്. തൃശൂര്‍ മഹാരാജ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സ്വര്‍ണമെഡലോടെ പെയിന്റിങ്ങും ഡ്രോയിങ്ങും പാസ്സായി.


1936ല്‍ കോണ്‍ഗ്രസ് അംഗമായ കരുണാകരന്റെ പ്രവര്‍ത്തനരംഗം തൊഴിലാളി പ്രസ്ഥാനമായിരുന്നു. 1942 ല്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. 1945 ല്‍ തൃശൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറായി. ഐ. എന്‍.ടി.യു.സി.യുടെ പ്രഥമ ജനറല്‍ സെക്രട്ടറിയായ കരുണാകരന്‍ 1960ല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായി. കേരളപ്പിറവിക്ക് ശേഷം നിയമസഭയിലേക്ക് മത്സരിച്ച കരുണാകരന്‍ എ.ആര്‍ മേനോനോട് തോറ്റു. 1969ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായി.


1971ല്‍ അച്യുതമേനോന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി. അടിയന്തരാവസ്ഥക്കാലത്ത് കരുണാകരനായിരുന്നു ആഭ്യന്തരവകുപ്പിന്റെ കടിഞ്ഞാണ്‍. 1977 മാര്‍ച്ച് 25നാണ് ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഒരു മാസത്തിന് ശേഷം ഏപ്രില്‍ 25ന് മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്നു. പിന്നീട് 81 ഡിസംബര്‍ 28ന് മുഖ്യമന്ത്രി പദത്തില്‍ തിരിച്ചെത്തി. മന്ത്രിസഭ നിലംപതിച്ചതിനെ തുടര്‍ന്ന് 1982 മെയ് 24ന് മൂന്നാം തവണയും മുഖ്യമന്ത്രി പദവിയിലെത്തി.


1991 ല്‍ യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ ജൂണ്‍ 24ന് നാലാം തവണയും മുഖ്യമന്ത്രി കസേരയില്‍ അവരോധിതനായി. 1992 ലാണ് കരുണാകരന്റെ രാഷ്ട്രീയ ജീവിതം ഏറ്റവും പരീക്ഷണങ്ങള്‍ നേരിട്ടത്. വ്യക്തിപരമായും സംഘടനാപരമായും ലീഡര്‍ അഗ്നിപരീക്ഷകളെ നേരിട്ടു. 1992 ജൂണ്‍ മൂന്നിന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കരുണാകരന്‍ വിദഗ്ധ ചികിത്സാര്‍ഥം വിദേശത്തേക്ക് പോയി. ആ സമയത്താണ് ഐ ഗ്രൂപ്പില്‍ നടന്ന വിപ്ലവത്തില്‍ കരുണാകരന് രാഷ്ട്രീയ രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നത്. മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തിയതിന്റെ മുറിവുണങ്ങും മുമ്പ് തന്നെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ സംഭവവുമുണ്ടായി. 1993 മാര്‍ച്ച് 25ന് ഭാര്യ കല്യാണിക്കുട്ടിയുടെ വേര്‍പാട് കരുണാകരന് താങ്ങാവുന്നതിലധികമായി. ഗ്രഹപ്പിഴകള്‍ അവസാനിച്ചില്ല.


1995 മാര്‍ച്ച് 16ന് ഐ.എസ്ആര്‍.ഒ ചാരക്കേസിനെ തുടര്‍ന്ന് മുഖ്യമന്ത്രിപദം ഒഴിഞ്ഞതിനുശേഷം രാജ്യസഭയിലെത്തി. ജൂണ്‍ 10ന് അദ്ദേഹം കേന്ദ്ര വ്യവസായ വകുപ്പില്‍ കാബിനറ്റ് മന്ത്രിയായി. രാജ്യസഭാ കാലാവധി തീരുന്നതിന് മുമ്പ് തന്നെ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ കരുണാകരന്‍ തീരുമാനിച്ചു. തന്റെ രാഷ് ട്രീയം തട്ടകമായ തൃശൂരിലാണ് കരുണാകരന്‍ വിശ്വാസം അര്‍പ്പിച്ചത്. പക്ഷേ കടുത്ത പരീക്ഷണം നേരിട്ട തിരഞ്ഞെടുപ്പില്‍ സി.പി.ഐ.യിലെ വി.വി. രാഘവനോട് 1480 വോട്ടുകള്‍ക്ക് തോറ്റു. കരുണാകരന്റെ പരാജയം രാഷ്ട്രീയകേരളം ഞെട്ടിയ സംഭവമായിരുന്നു. കരുണാകരന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ പ്രധാന തോല്‍വിയായിരുന്നു ഇത്.


1998ല്‍ തട്ടകം തിരുവനന്തപുരത്തേക്ക് മാറ്റി. സിറ്റിങ് എം.പി കെ.വി സുരേന്ദ്രനാഥിനെ 15,398 വോട്ടുകള്‍ പരാജയപ്പെടുത്തി കരുണാകരന്‍ തിരിച്ചെത്തി. 1999ല്‍ പിന്നെയും മണ്ഡലം മാറി. യു.ഡി.എഫിന്റെ സുരക്ഷിത മണ്ഡലമായി കരുതപ്പെട്ട മുകുന്ദപുരമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. 50,000 ത്തിലധികം വോട്ടുകളുടെ വ്യത്യാസത്തില്‍ സാക്ഷാല്‍ ഇ.എം.എസിന്റെ മകന്‍ ഇ.എം ശ്രീധരനെയാണ് പരാജയപ്പെടുത്തിയത്.


ഇന്ദിരാഗാന്ധിയുടെ വത്സലശിഷ്യനായി നിലകൊണ്ട കരുണാകരന്‍ പാര്‍ട്ടിയുടെ നിയന്ത്രണം സോണിയ ഗാന്ധിയിലെത്തിയപ്പോള്‍ ഇടക്കാലത്ത് പാര്‍ട്ടിയുമായി തെറ്റി മകന്‍ കെ.മുരളീധരനോടൊപ്പം ഡി.ഐ.സി. രൂപീകരിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കൊപ്പം മത്സരിച്ച് ഡി.ഐ.സി.സാന്നിധ്യമറിയിച്ചെങ്കിലും ഉറച്ച കോണ്‍ഗ്രസുകാരനായ കരുണാകരന് ഇടതുമുന്നണിയുമായുള്ള ചങ്ങാത്തം അധികകാലം തുടരാനായില്ല. ഡി.ഐ.സി ഒരു രാഷ്ട്രീയ പരാജയമാണെന്ന് തിരിച്ചറിഞ്ഞ കരുണാകരന്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. അതുവരെ കരുണാകരനൊപ്പം ഉറച്ചുനിന്ന മകന്‍ കെ മുരളീധരന്‍ കരുണാകരനെ രാഷ്ട്രീയത്തില്‍ ആദ്യമായി തള്ളിപ്പറഞ്ഞു.


കരുണാകരനെ ഉപേക്ഷിച്ച് മുരളീധരന്‍ എന്‍.സി.പിക്കൊപ്പം നിലകൊണ്ടു. മുരളിയുടെ മടങ്ങിവരവായിരുന്നു അവസാനകാലത്തും കരുണാകരന്റെ ആഗ്രഹിച്ചിരുന്നത്. മുരളീധരന്റെ കോണ്‍ഗ്രസ് പുന:പ്രവേശത്തിനുള്ള സാഹചര്യങ്ങള്‍ അനുകൂലമാകുകയും പ്രഖ്യാപനം മാത്രം ശേഷിക്കെയാണ് മരണത്തിന്റെ വിളി കരുണാകരനെ തേടിയെത്തിയത്. മരിക്കുമ്പോള്‍ എ.ഐ.സി.സി നിര്‍വാഹക സമിതി അംഗമായിരുന്നു കരുണാകരന്‍.


അന്തരിച്ച കല്ല്യാണിക്കുട്ടി അമ്മയാണ് ഭാര്യ. കെ. മുരളീധരനും കെ.പത്മജയുമാണ് മക്കള്‍. മരുമക്കള്‍: ഡോ. വേണുഗോപാല്‍, ജ്യോതി.

ലീഡര്‍ അന്തരിച്ചു... ജന്മഭൂമി

തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ. കരുണാകരന്‍ അന്തരിച്ചു . 92 വയസ്സായിരുന്നു. ഇന്ന്‌ വൈകീട്ട്‌ 5.30 തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

തഹസില്‍ദാറായിരുന്ന കണ്ണൂര്‍ ചിറക്കല്‍ കണ്ണോത്ത് രാമുണ്ണി മാരാരുടെയും കല്യാണിയമ്മയുടെയും മകനായി 1918 ജുലൈ അഞ്ചിന് ജനിച്ച കരുണാകരന്‍ ചിറക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പഠനം കഴിഞ്ഞ് തൃശൂരില്‍ എത്തിയത് ചിത്ര രചന പഠിക്കാനാണ്. എന്നാല്‍ പഠിച്ചത് രാഷ്ട്രീയം. അങ്ങനെയാണ് ഇരുപത്തിയേഴം വയസ്സില്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായത്. ചെമ്പുക്കാവ് വാര്‍ഡില്‍ നിന്നാണ് അന്ന് വിജയിച്ചത്. പിന്നീട് നിയമനിര്‍മാണ സഭകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ നഗരസഭയിലേക്ക് മല്‍സരിച്ചില്ല. മൂന്ന് വര്‍ഷമാണ് നഗരസഭാ കൗണ്‍സിലര്‍ എന്ന നിലയില്‍ കരുണാകരന്‍ സജീവമായത്. 1945 മുതല്‍ 1947 വരെ.

1948ല്‍ കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ഒല്ലൂക്കര മണ്ഡലത്തില്‍ മല്‍സരിച്ച് കരുണാകരന്‍ നിയമസഭയിലെത്തി. 1951ല്‍ തിരു-കൊച്ചി നിയമസഭയിലേക്ക് വിയ്യൂരില്‍ നിന്ന്‌തെരഞ്ഞെടുക്കപ്പെട്ടു. 1954ലെ തെരഞ്ഞെടുപ്പില്‍ മണലൂര്‍ മണ്ഡലത്തില്‍ നിന്ന് മന്ത്രി കെ. പി. രാജേന്ദ്രന്റെ പിതാവ് കെ. പി. പ്രഭാകരനെ പരാജയപ്പെടുത്തിയും വിജയിച്ചു. പക്ഷേ, ഐക്യ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകമായ തൃശൂരില്‍ സ്വതന്ത്രനായ ഡോ. എ. ആര്‍. മേനോനോട് പരാജയമറിഞ്ഞു. മേനോന്‍ ആദ്യ ഇ.എം.എസ് മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായിരുന്നു.

1965 ല്‍ മാള നിയോജക മണ്ഡലം രൂപവത്കരിക്കപ്പെട്ടതോടെയാണ് വീണ്ടും മല്‍സരത്തിനിറങ്ങിയത്. മാളയില്‍ കരുണാകരന് വീടില്ലെങ്കിലും 1996 ലെ തെരഞ്ഞെടുപ്പ് വരെ മാളയുടെ പ്രതിനിധിയായിരുന്നു. പിന്നീട് ലോകസഭയിലേക്കും രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1969 മുതല്‍ 1995 വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമതി അംഗമായിരുന്നു. 1995-ല്‍ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട കരുണാകരന്‍ ഒരു വര്‍ഷത്തോളം കേന്ദ്ര വ്യവസായ മന്ത്രിയായിരുന്നു. കേരള നിയമസഭയിലേക്ക് ഏഴ് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഐ.എന്‍..ടി.യു.സിയുടെ സ്ഥാപക അംഗമായിരുന്നു.

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വിവാദപുരുഷനും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതുമായ വ്യക്തിയാണ് കരുണാകരന്‍. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്നു. നാലു തവണ കേരള മുഖ്യമന്ത്രിയായ കരുണാകരന്‌ രാജന്‍ കൊലക്കേസ് തീരാക്കളങ്കം ഉണ്ടാക്കി. അടിയന്തരാവസ്ഥക്കാ‍ലത്ത് കരുണാകരന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട രാജനെ കോടതിയില്‍ 24 മണിക്കൂറിനകം ഹാജരാക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. രാജന്റെ പിതാവ് ഈച്ചരവാര്യര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജ്ജിയിര്‍ വാദം കേള്‍ക്കവേയാണ് ഹൈക്കോടതി ഈ ഉത്തരവു പുറപ്പെടുവിച്ചത്. വിധി വന്ന സമയത്ത് മുഖ്യമന്ത്രിയായിരുന്ന കരുണാകരന് രാജി വയ്ക്കേണ്ടി വന്നു.

ഒരേ ഒരു ലീഡര്‍ - മാധ്യമം

ഒരേ ഒരു ലീഡര്‍
കൊച്ചി, തിരുകൊച്ചി, കേരള നിയമസഭകളിലും പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗമാകാന്‍ കഴിഞ്ഞ ഏക വ്യക്തി കരുണാകരന്‍ മാത്രമാണ്. 1945ല്‍ തൃശൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട കരുണാകരന്‍ 1948ല്‍ ഒല്ലൂര്‍ക്കരയില്‍നിന്ന് കൊച്ചി പ്രജാരാജ്യ നിയമസഭാ മണ്ഡലത്തിലേക്ക് കൊളങ്ങാട് നാരായണമേനോനെതിരെ വിജയിച്ചു. ഇതേ മണ്ഡലത്തില്‍ 1951, 1954 വര്‍ഷങ്ങളിലും വിജയം ആവര്‍ത്തിച്ചു. 1957ല്‍ തൃശൂര്‍ മണ്ഡലത്തില്‍ ഡോ. എ.ആര്‍. മേനോനോട്  പരാജയപ്പെട്ടു.
1960ലെ തെരഞ്ഞെടുപ്പില്‍ സീറ്റിനുവേണ്ടി ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 60ല്‍ കെ.പി.സി.സി പ്രസിഡന്റായ സി.കെ. ഗോവിന്ദന്‍ നായരുടെ ആജ്ഞാനുവര്‍ത്തിയായി മാറി. 1962ല്‍ തൃശൂര്‍ മണ്ഡലത്തില്‍നിന്ന് പാര്‍ലമെന്റിലേക്ക് മല്‍സരിക്കാന്‍ ശ്രമിച്ചെങ്കിലും  ഫലം കണ്ടില്ല. 1963ല്‍ രാജ്യസഭാ സീറ്റും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയില്ല. ഈ സമയത്തെല്ലാം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്നു ലീഡര്‍.
1964ല്‍ കോണ്‍ഗ്രസ് പിളര്‍ന്ന് കേരള കോണ്‍ഗ്രസ് ഉണ്ടായി. തുടര്‍ന്ന് 1965ല്‍ മാളയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കരുണാകരന്‍ വിജയിച്ചു. എന്നാല്‍, ആര്‍ക്കും നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാഞ്ഞതിനാല്‍ നിയമസഭ ചേരാതെ പിരിഞ്ഞു. 1967ല്‍ വീണ്ടും നടന്ന തെരഞ്ഞെടുപ്പില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം പരാജയപ്പെട്ടുവെങ്കിലും കരുണാകരനെ മാള തുണച്ചു. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് ആകെ ഒമ്പതു സീറ്റാണ്. മുതിര്‍ന്ന നേതാവ് അലക്‌സാണ്ടര്‍ പറമ്പിത്തറ നിയമസഭാ കക്ഷി നേതാവാകാന്‍ വിസമ്മതിച്ചതിനാല്‍ കരുണാകരന്‍ നേതൃത്വം ഏറ്റെടുത്തു. കരുണാകരന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ വളര്‍ച്ചയും പ്രശസ്തിയും ആരംഭിച്ചത് ഇവിടെനിന്നാണ്്. സ്വന്തം പാര്‍ട്ടിയില്‍ എ.കെ. ആന്റണിയുമായുള്ള ഏറ്റുമുട്ടല്‍ ആരംഭിക്കുന്നതും ഇവിടെവെച്ചുതന്നെ.

K. കരുണാകരന്‍ അന്തരിച്ചു‍‍- മംഗളം


തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍മുഖ്യമന്ത്രിയുമായ കെ.കരുണാകരന്‍ അന്തരിച്ചു. ഇന്ന്‌ അഞ്ചരയോടു കൂടിയാണ്‌ 92 കാരനായ അദ്ദേഹം അന്തപുരി ആശുപത്രിയില്‍ അന്തരിച്ചത്‌ . ഈ മാസം ആദ്യമാണ്‌ അദ്ദേഹത്തെ അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌ . അസുഖങ്ങളോട്‌ തന്റെ പതിവു ശൈലിയില്‍ പൊരുതിയെങ്കിലും വിധിക്കു വഴങ്ങി അദ്ദേഹം ചരിത്രത്തിന്റെ ഭാഗമാകുകയാണ്‌. പരേതയായ കല്യാണിക്കുട്ടിയമ്മയാണ്‌ ഭാര്യ. കെ.പി.സി.സി. അധ്യക്ഷനായിരുന്ന കെ. മുരളീധരന്‍, പദ്‌മജാ വേണുഗോപാല്‍ എന്നിവരാണ്‌ മക്കള്‍.

കണ്ണൂര്‍ ജില്ലയിലെ ചിറക്ക്‌കല്‍ കണ്ണോത്തു കല്യാണി വാരസ്യാരുടെ മകനായി 1918 ജൂലൈ അഞ്ചിന്‌ കാര്‍ത്തിക നണക്ഷത്രത്തിലായിരുന്നു കരുണാകരന്റെ ജനനം. മുത്തച്‌ഛന്‍ കൃഷ്‌ണന്‍ നമ്പൂതിരി കുഞ്ഞിന്റെ ഗ്രഹനില ഗണിച്ച്‌ അച്‌ഛന്‍ രാമുണ്ണി മാരാരോട്‌ പറഞ്ഞു. ഇവന്‌ രാജയോഗമുണ്ട്‌. മുത്തച്‌ഛന്റെ നാവ്‌ പൊന്നായി. രാജയോഗവുമായി ജനിച്ച കരുണാകരന്‍ അനുയായികളുടെ വികാരമായി ലീഡറായി വളര്‍ന്നു. 1931 -ല്‍ 13 -ാം വയസില്‍ ഗാന്ധിജിയെ കാണാന്‍ അവസരം ലഭിച്ചതാണ്‌ അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവ്‌ ഉണ്ടാക്കിയത്‌ . പിന്നീട്‌ ചിത്രകാരന്‍ എന്ന നിലയിലും ശ്രദ്ധേയനായി. എണ്ണച്ചായമായിരുന്നു കരുണാകരന്റെ പ്രിയപ്പെട്ട മീഡിയം. അന്നു കരുണാകരന്‍ വരച്ച പോര്‍ട്രേറ്റുകളില്‍ ചിലതു ഇന്നും തൃശൂരിലെ മ്യൂസിയത്തിലുണ്ട്‌. ചില പോര്‍ട്രേറ്റുകള്‍ക്കാണ്‌ അഞ്ഞൂറുരൂപവരെ ലഭിച്ചിരുന്നുവത്രേ. എന്നാല്‍ 1942 ല്‍ രാഷ്‌ട്രീയത്തില്‍ കേന്ദ്രീകരിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. 1942 ല്‍ പ്രജാമണ്ഡലം യോഗത്തില്‍ അദ്ദേഹം സജീവ സാന്നിധ്യമായി. അന്ന്‌ അദ്ദേഹം മുഴക്കിയ മുദ്രാവാക്യങ്ങള്‍ പിന്നീട്‌ ജനലക്ഷങ്ങള്‍ ഏറ്റുവാങ്ങി. 1947 ആയപ്പോള്‍ കേരളത്തിലെ മുതിര്‍ന്ന തൊഴിലാളി നേതാവായി അദ്ദേഹം ഉയര്‍ന്നിരുന്നു.

ഇടതുപക്ഷത്തെ നേരിടാന്‍ അദ്ദേഹം തുടങ്ങിയ ഐക്യജനാധിപത്യ മുന്നണി(യുഡിഎഫ്‌) അന്നു മുതല്‍ ഇന്നു വരെ കേരള രാഷ്‌ട്രീയത്തിലെ പ്രമുഖശക്‌തിയാണ്‌ . നെഹ്‌റു കുടുംബത്തോടുള്ള അടുപ്പമാണ്‌ അദ്ദേഹത്തെ കേന്ദ്രരാഷ്‌ട്രീയത്തില്‍ കരുത്തനാക്കിയത്‌ . ഇന്ദിരാഗാന്ധിയുമായുളള അടുപ്പം മൂലം കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കളില്‍ കരുത്തനായി മാറാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. അടിയന്താരാവസ്‌ഥ കാലത്ത്‌ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായി. സി.അച്യുമേനോന്‍ അന്ന്‌ മുഖ്യമന്ത്രിയായിരുന്നെങ്കിലും കരുണാകരനാണ്‌ ഏറെ ശ്രദ്ധേയനായത്‌ .1977 മാര്‍ച്ച്‌ മൂന്നിനാണ്‌ ആദ്യമായി അദ്ദേഹം കേരളാ മുഖ്യമന്ത്രിയായത്‌. 1981ലും , 1982-ലും 1991-ല്‍ അദ്ദേഹം അധികാരത്തില്‍ മടങ്ങിയെത്തി. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ്‌ ആധിപത്യം നേടിയതോടെ അധികാരം എ.കെ. ആന്റണിയെ അദ്ദേഹത്തിന്‌ ഏല്‍പ്പിക്കേണ്ടി വന്നു.

കരുണാകരന്റെ പിന്തുണയോടെ പ്രധാനമന്ത്രിയായ പി.പി. നരസിംഹ റാവു അദ്ദേഹത്തെ 1995ല്‍ കേന്ദ്രമന്ത്രിസഭയിലെടുത്തു. വ്യവസായമന്ത്രിയായെങ്കിലും മനസ്‌ കേരളത്തിലായിരുന്നു. മകന്‍ കെ. മുരളീധരന്‍ രാഷ്‌ട്രീയത്തില്‍ സജീവമായതോടെ അദ്ദേഹം നേതൃത്വം നല്‍കിയ ഐ ഗ്രൂപ്പില്‍ ശിഥിലീകരണം ആരംഭിച്ചു. എന്നാല്‍ രാജ്യസഭാ- ലോക്‌സഭാ അംഗമെന്ന നിലയില്‍ കേന്ദ്രരാഷ്‌ട്രീയത്തില്‍ തളയ്‌ക്കാനായിരുന്നു കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ തീരുമാനം.

ആന്റണി അധികാരത്തില്‍ മടങ്ങിയെത്തിയപ്പോള്‍ മകന്‍ കെ.മുരളീധരനെ കെപിസിസി അധ്യക്ഷനായി അവരോധിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. പിന്നീട്‌ നടത്തിയ വിമത നീക്കങ്ങള്‍ അദ്ദേഹത്തെ ഹൈക്കമാന്‍ഡുമായി അകറ്റി. മുരളിയെ മന്ത്രിയാക്കിയും കരുണാകരനും മകള്‍ പദ്‌മജയ്‌ക്കും സീറ്റുകള്‍ നല്‍കി ഒത്തുതീര്‍പ്പിന്‌ ഹൈക്കമാന്‍ഡ്‌ ശ്രമിച്ചു. എന്നാല്‍ മക്കളിരുവരും തെരഞ്ഞെടുപ്പുകളില്‍ തോറ്റു പുറത്തായതോടെ കരുണാകരന്റെ ഗ്രൂപ്പിന്റെ ശക്‌തിശോഷണം ആരംഭിച്ചു.

ആന്റണിയ്‌ക്കു പകരം ഉമ്മന്‍ ചാണ്ടി അധികാരത്തിലെത്തിയതോടെ മാറിയ ഗ്രൂപ്പ്‌ സമവാക്യങ്ങള്‍ അദ്ദേഹത്തിന്‌ തിരിച്ചടിയായി. 2005 മെയ്‌ ഒന്നിന്‌ മകനും കൂട്ടാളികള്‍ക്കുമൊപ്പം ഡമോക്രാറ്റിക്‌ ഇന്ദിരാ കോണ്‍ഗ്രസ്‌(കരുണാകരന്‍) എന്ന പാര്‍ട്ടി രൂപീകരിച്ചു. ഇടതു സഖ്യത്തിന്‌ ശ്രമിച്ചെങ്കിലും പരാജയമായി. യുഡിഎഫിനൊപ്പം ചേര്‍ന്ന്‌ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഒരു എംഎല്‍എയെ മാത്രമാണ്‌ വിജയിപ്പിക്കാനായത്‌ . കെ.മുരളീധരനും , ടി.എം. ജേക്കബും അടക്കമുള്ള പ്രമുഖര്‍ തോല്‍വിയുടെ രുചിയറിഞ്ഞു.

ഇടതു പ്രവേശനത്തിന്‌ ശരത്‌ പവാറിന്റെ എന്‍സിപിയില്‍ സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചെങ്കിലും നീക്കം പാളി. എന്‍സിപി ഇടതു മുന്നണിയില്‍ നിന്ന്‌ പുറത്തായി. അവസാനം മകള്‍ പദ്‌മജാ വേണുഗോപാലിനൊപ്പം അദ്ദേഹം മാതൃസംഘടനയിലേക്ക്‌ മടങ്ങി. അന്ന്‌ കൂടെകൂടാതിരുന്ന കെ. മുരളീധരന്‍ ഇപ്പോഴൂം പാര്‍ട്ടിയുടെ വിളികാത്തിരിക്കുകയാണ്‌. വര്‍ക്കിംഗ്‌ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ്‌ സ്‌ഥാനം നല്‍കി കോണ്‍ഗ്രസ്‌ അദ്ദേഹത്തെ ആദരിച്ചെങ്കിലും വിശ്വസ്‌ഥര്‍ക്ക്‌ വേണ്ടത്ര പരിഗണന കിട്ടിയില്ല. അവര്‍ പലഗ്രൂപ്പുകളിലായി ചേരി തിരിഞ്ഞു. കേരളത്തിലെ യുഡിഎഫ്‌ രാഷ്‌ട്രീയത്തിന്റെ ഭാവി നിര്‍ണയിച്ച അദ്ദേഹം അനാരോഗ്യത്തെ തുടര്‍ന്ന്‌ ചെറിയ വിഭാഗത്തിന്റെ നേതാവായി , ചെറിയ പരാതികളുമായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. അവസാനം പാര്‍ട്ടിയിലെ കാരണവര്‍ എന്ന ബഹുമാനം ഏറ്റുവാങ്ങി അദ്ദേഹം വിടപറഞ്ഞു.

പടര്‍ന്നു പന്തലിച്ചു, വടവൃക്ഷമായി - കേരളകൌമുദി


പൂങ്കുന്നത്തെ സീതാറാം മില്ളിന്‍െറ പടിവാതില്‍ക്കല്‍ ചേറ്റുപുഴക്കാരന്‍ പടിഞ്ഞാറേത്തല നാണു എഴുത്തച്ഛന്റെ ചായക്കടയിലെ മരബഞ്ച്. ഈ മരബഞ്ചിലിരുന്നാണ് കരുണാകരന്‍ തൊഴിലാളികളെ ചാക്കിട്ട് പിടിച്ച് കോണ്‍ഗ്രസിന് പൂങ്കുന്നത്തെ സീതാറാമില്‍ യൂണിയനുണ്ടാക്കിയത്. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളെ കുറിച്ച് പറയുമ്പോള്‍ ആ തൊഴിലാളി കൂട്ടായ്മയില്‍ നിന്നു തുടങ്ങണം. 1960. തൊഴിലാളികള്‍ കൈയില്‍ ചെങ്കൊടി പിടിച്ചപ്പോള്‍ 40 പേരെകൊണ്ട് കരുണാകരന്‍ മൂവര്‍ണ്ണക്കൊടി പിടിപ്പിച്ചു!കമ്മ്യൂണിസ്റ്റുകാര്‍ക്ക് അന്ന് മുതല്‍ക്ക് കരുണാകരന്‍ കണ്ണിലെ കരടായി. കേരള രാഷ്ട്രീയത്തില്‍ അന്നാദ്യം കരിങ്കാലി എന്ന പ്രയോഗം വന്നു. തൊഴിലാളി പ്രവര്‍ത്തനം നടത്തിവന്ന കരുണാകരന്‍ ബാരിസ്റ്റര്‍ മേനോന്റെ ഒഴിവിലേക്ക് മത്സരിച്ച് തൃശൂര്‍ നഗരസഭ കൌണ്‍സിലറായത് പൂങ്കുന്നം എന്ന 'പൊങ്ങണ'ത്തെ നെയ്ത്തു കമ്പനിയിലെ സമരാങ്കണത്തില്‍ നിന്നായിരുന്നു. കെ.കെ. വാര്യര്‍, അമ്പാടി ശങ്കരന്‍കുട്ടി, സി. അച്യുതമേനോന്‍, വി.ടി. ഇന്ദുചൂഢന്‍, സോളമന്‍, സി.എല്‍. വര്‍ക്കി, എ.എം. പരമന്‍, എ.മാധവന്‍ തുടങ്ങി നിരവധി പ്രമുഖര്‍ അന്ന് സീതാറാമിലെ തൊഴിലാളികളെ നയിച്ചു.
ഗാന്ധിജി പ്രസംഗിച്ച മണികണ്ഠനാല്‍ത്തറ
ആദ്യമായി മൂവര്‍ണ്ണക്കൊടി ഉയര്‍ത്തി കരുണാകരന്‍ യുവതുര്‍ക്കിയായത് ഈ തറയിലായിരുന്നു. 1942 ആഗസ്റ്റ് 12. പൊലീസിന്റെ ക്രൂരമായ ലാത്തിച്ചാര്‍ജ്. അടികൊണ്ട് വീഴുമ്പോഴും ആവേശത്തോടെ മുന്നോട്ട് കുതിച്ച് ആ തറയില്‍ മൂവര്‍ണ്ണക്കൊടി ചാര്‍ത്തി.
വിയ്യൂര്‍ജയില്‍.
സൂര്യകാന്തിപ്പൂവും ചെമ്പരത്തിപ്പൂവും കൂട്ടിത്തേച്ച് കുങ്കുമവര്‍ണ്ണമുണ്ടാക്കി ആര്യവേപ്പും മാവിലയും ചേര്‍ത്ത് പച്ചനിറം ചാലിച്ച്, നീലം കൊണ്ട് ചര്‍ക്ക വരച്ച് മൂവര്‍ണ്ണക്കൊടി ഉയര്‍ത്തിയതിവിടെയായിരുന്നു. നിറത്തിന് വലിയ ചന്തമുണ്ടായില്ലെങ്കിലും ആ പതാക കൈയിലേന്തിയപ്പോള്‍ കരുണാകരന്‍ എന്ന നേതാവിന്റെ ഉളളിലുണര്‍ത്തിയ വികാരത്തിന് ഒരുപാട് നിറങ്ങളായിരുന്നു. ജയില്‍ കെട്ടിടത്തിന്റെ മുകളില്‍ കൊടി ഉയര്‍ത്തിയപ്പോള്‍ ലോകം മുഴുവന്‍ കീഴടക്കിയതായും ഇന്ത്യ സ്വതന്ത്രയായതു പോലെയും തോന്നിയതായി അദ്ദേഹം എഴുതിയിട്ടുണ്ട്. ബ്രിട്ടീഷ് പൊലീസിന്റെ നിഷ്ഠൂരമായ ബലപ്രയോഗങ്ങളെ എതിരിടാനും ആ മൂവര്‍ണ്ണക്കൊടി ഉയര്‍ത്തിയ വികാരമായിരുന്നു അദ്ദേഹത്തിന് ശക്തിയായത്.
ഗുരുവായൂര്‍.
ഗുരുവായൂരപ്പന്‍ ലീഡറുടെ മനസ്സില്‍ പ്രതിഷ്ഠയാകുന്നത് വിവാഹജീവിതത്തിന്റെ തുടക്കകാലത്താണ്. പിന്നീട് നാളിതുവരെ എല്ലാ മലയാളമാസം ഒന്നാം തീയതിയും കണ്ണനെ കാണാന്‍ അദ്ദേഹമെത്തി. ചുരുക്കം ചിലപ്പോള്‍ പല കാരണങ്ങളാലും ആ സന്ദര്‍ശനം മുടങ്ങിയിട്ടുണ്ട്. ഗുരുവായൂരപ്പഭക്തിയെക്കുറിച്ച് അദ്ദേഹം എഴുതി: "ജീവിതത്തില്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അത് ഭഗവാന്റെ കൃപ കൊണ്ടാണ്. എന്റെ ശരണാലയം ഭഗവാനാണ്. ആ വിശ്വാസം ഇന്നുവരെ തെറ്റിയിട്ടില്ല. വിളക്ക് കണികണ്ടാണ് ഞാന്‍ ഉണരുക പതിവ്. ആ വിളക്കാണ് എന്റെ സത്യം. എന്നെ തളളിപ്പറഞ്ഞവര്‍ വീണ്ടും എന്റെ മുന്നില്‍ വന്നിട്ടുണ്ട്. അപ്പോള്‍ ഞാന്‍ അഹങ്കരിച്ചില്ല. എന്റെ ഗുരുവായൂര്‍ യാത്രയെ കുറിച്ച് കെ. ആര്‍. ഗൌരി അമ്മ നിയമസഭയിലും പുറത്തും എത്രയോ വിമര്‍ശിച്ചു. അവരുടെ കൈയില്‍ ഗുരുവായൂരപ്പന്റെ പ്രസാദം കൊടുക്കാന്‍ എനിക്ക് യോഗമുണ്ടായി. ഒരിക്കല്‍ ഗുരുവായൂരില്‍ ചെന്നപ്പോള്‍ ആഞ്ഞം കൃഷ്ണന്‍നമ്പൂതിരി പറഞ്ഞതും അതു തന്നെ: കാരുണ്യനിധിയായ ഗുരുവായൂരപ്പന്‍ ഒരിക്കലും നമ്മെ കൈവിടുകയില്ല...."
2009 ല്‍ അതീവ ഗുരുതരാവസ്ഥയില്‍ നിന്ന് മോചിതനായി ബോധം തെളിഞ്ഞപ്പോള്‍ കണ്ണന്റെ ചിത്രം ചോദിച്ച ലീഡര്‍.ആശുപത്രിക്കിടക്കയ്ക്കു സമീപം വച്ച ഭഗവാന്റെ ചിത്രം കണ്ട് നിര്‍വൃതിയിലാണ്ട ലീഡര്‍. മരണത്തെ മുഖാമുഖം കണ്ട് കിടക്കയില്‍ കിടന്ന് രാഷ്ട്രീയത്തിലെ ആ ഭീഷ്മാചാര്യന്‍ ഉളളുരുകിയപ്പോഴെല്ലാം കണ്ണന്‍ വിളികേട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരാണ് അദ്ദേഹത്തിന്റെ അനുയായികളും ആരാധകരുമെല്ലാം.
അഴീക്കോടന്‍ കുത്തേറ്റു വീണ ചെട്ടിയങ്ങാടി. കരുണാകരനെയും കോണ്‍ഗ്രസ്സിനെയുമൊക്കെ സംശയത്തിന്‍െറ മുള്‍മുനയിലേക്ക് കൊണ്ടു നിറുത്തിയ ആക്ഷേപങ്ങള്‍ ഇവിടെ നിന്നുയര്‍ന്നു. സി.പി.എം. നേതാവ് അഴീക്കോടന്‍ രാഘവന്റെ കൊലപാതകവുമായി ബന്ധപ്പെടുത്തി കരുണാകരനെതിരെ ആരോപണം ഉയര്‍ത്തിയത് ആദ്യം നവാബായിരുന്നു. തൃശൂരിന്റെ നവാബ് രാജേന്ദ്രന്‍.
; ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ സ്മൃതികൂടീരമുളള പൂങ്കുന്നം,
ചിത്രം വര പഠിച്ച ഫൈന്‍ ആര്‍ട്സ് കോളേജ്, എക്കാലവും വിജയക്കൊടി നാട്ടിയ വളക്കൂറുളള മാള മണ്ഡലം, പ്ളാന്റേഷന്‍ തൊഴിലാളികളെ കോര്‍ത്തിണക്കിയ വാണിയമ്പാറ-മലക്കപ്പാറ വനപ്രദേശം, ഓട്ടുകമ്പനിതൊഴിലാളികളെ സംഘടിപ്പിച്ച പുതുക്കാട്, റബര്‍തൊഴിലാളികളെ ഒന്നിച്ചു നിറുത്തിയ തട്ടില്‍ എസ്റ്റേറ്റ്.....അങ്ങനെ തൃശൂരിലെ പലതരം മണ്ണ്. ആ മണ്ണിലെ ചേറും ചെളിയും വിഷങ്ങളുമെല്ലാം വളമാക്കി വളര്‍ന്നു, പടര്‍ന്നു പന്തലിച്ചു, വടവൃക്ഷം കണക്കെ ആ പൂമരം!!!

കെ.കരുണാകരന്‍: തളര്‍ച്ചയറിയാത്ത പോരാളി- മലയാള മനോരമ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവും സ്വാതന്ത്യ്രസമര സേനാനിയും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രിയപ്പെട്ട ലീഡറുമായ കെ.കരുണാകരന്‍ (92) അന്തരിച്ചു. ഇന്ന് അഞ്ചരയോടെ അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം.  പനിയും ശ്വാസതടസവും മൂലം കഴിഞ്ഞ പത്തിനാണ് കരുണാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികില്‍സയിലായിരിക്കെ രക്തത്തിലെ പ്ളേറ്റ്ലെറ്റ് കൌണ്ട് കുറയുകയും വ്യക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുകയും ചെയ്തതോടെ 12ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. പിന്നീട് രോഗം നിയന്ത്രണവിധേയമാകുകയും നിലമെച്ചപ്പെടുകയും ചെയ്തു. വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കുകയും ചെയ്തു.

ഇന്നലെ രാവിലെ പത്തുമണിയോടെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും വെന്റിലേറ്ററിലേക്കു മാറ്റി. രക്തത്തിലെ ഒാക്സിജന്റെ അളവില്‍ കുറവുണ്ടായി. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞു. രണ്ടുതവണ പക്ഷാഘാതമുണ്ടായതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ജീവിതത്തിലെ പല പ്രതിസന്ധികളില്‍ നിന്നുമെന്നപോലെ അദ്ദേഹം അപകടനില തരണം ചെയ്തു ആരോഗ്യം വീണ്ടെടുക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്നു രാവിലെ പത്തുമണിയോടെ അപ്രതീക്ഷിതമായി നില വഷളാവുകയായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം കിണഞ്ഞു പരിശ്രമിച്ചെങ്കിലും ആറു പതിറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിന്റെ നിറസാന്നിധ്യമായിരുന്ന ലീഡര്‍ ചരിത്രത്തിലേക്കു വിടവാങ്ങി.

മരണസമയത്ത് മക്കളായ മുരളീധരനും പത്മജാ വേണുഗോപാലും അരികത്തുണ്ടായിരുന്നു. ഭാര്യ പരേതയായ കല്യാണിക്കുട്ടിയമ്മ.

ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുക്കുകയും ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്ത് രാഷ്ട്രീയത്തില്‍ ഹരിശ്രീ കുറിച്ച കെ.കരുണാകരന്റെ രാഷ്ട്രീയകളരിയില്‍ പഠിച്ചുവന്നവരാണ് ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ ഏറെയും. കരുണാകരന്റെ ശൈലിയെന്നു വിമര്‍ശിക്കുന്നവരും പ്രകീര്‍ത്തിക്കുന്നവരും അദ്ദേഹത്തെ കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളായി വിലയിരുത്തുന്നു. നാലു തവണ കേരള മുഖ്യമന്ത്രിയും ഒരു തവണ കേന്ദ്രമന്ത്രിയുമായിരുന്നു കെ.കരുണാകരന്‍ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനാണ്. നെടുമ്പാശേരി വിമാനത്താവളം, ഗോശ്രീ പദ്ധതി, ഗുരുവായൂര്‍ റയില്‍വേ ലൈന്‍, കൊച്ചി ജവഹര്‍ലാല്‍ നെഹൃു രാജ്യാന്തര സ്റ്റേഡിയം, കായംകുളം താപവൈദ്യുത നിലയം തുടങ്ങി എണ്ണമറ്റ വികസന പദ്ധതികള്‍ക്ക് കരുണാകരന്‍ ഭരണനേതൃത്വം നല്‍കി. തൃശൂര്‍ സീതാറാം മില്ലിലെ തൊഴിലാളികളെ സംഘടിപ്പിച്ചു സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ കരുണാകരന്‍ 1947ല്‍ അതിനായി രൂപീകരിച്ച ഐഎന്‍ടിയുസി ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമാണ്.

കേരളത്തില്‍  ഏറ്റവും കൂടുതല്‍ പ്രാവശ്യം മുഖ്യമന്ത്രി, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി, ഒരു നിയമസഭയുടെ കാലാവധി തികച്ചു ഭരിച്ച ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി(1982-87) എന്നീ റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് കരുണാകരന്‍. ഏറ്റവും കുറച്ചുകാലം ഭരിച്ച മന്ത്രിസഭയ്ക്കു നേതൃത്വം നല്‍കിയതിന്റെ റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്; 1977 മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 27 വരെ 33 ദിവസം.

1969ലെ ഭിന്നിപ്പില്‍ ഇന്ദിരാഗാന്ധിയോടൊപ്പം നിന്ന കെ.കരുണാകരന്‍ 69 മുതല്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലും 70 മുതല്‍ പാര്‍ലമെന്ററി ബോര്‍ഡിലും അംഗമായിരുന്നു. പക്ഷേ, പാര്‍ട്ടിയിലെ ഒരു വിഭാഗവുമായി വര്‍ഷങ്ങള്‍ നീണ്ട അഭിപ്രായ വ്യത്യാസം 2005ല്‍ അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ ചെന്നെത്തി. എങ്കിലും, താമസിയാതെ തന്നെ പ്രവര്‍ത്തകരുടെ പ്രിയപ്പെട്ട ലീഡര്‍ തന്റെ മകനെ 'ഉപേക്ഷിച്ച് ജീവാത്മാവായ പാര്‍ട്ടിയിലേക്കു തന്നെ തിരികെചെന്നു.

നെഹ്റു കുടുംബത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ കൂറ് ഗുരുവായൂരപ്പനോടുള്ള അദ്ദേഹത്തിന്റെ ഭക്തിപോലെ പ്രസിദ്ധമാണ്. ഉള്‍പ്പാര്‍ട്ടി പോരില്‍ പതറാതെ പിടിച്ചുനിന്ന ലീഡര്‍ രാജന്‍ കേസും പാമോലിന്‍ കേസും ചാരക്കേസും സ്വതസിദ്ധമായ മന:സ്ഥൈര്യത്തോടെ നേരിട്ടു.

കണ്ണൂര്‍ ജില്ലയില്‍ തെക്കേടത്തു രാവുണ്ണി മാരാരുടെയും കന്നോത്ത് കല്യാണി അമ്മയുടെയും മകനായി 1918 ജൂലൈ അഞ്ചിനാണ് ജനനം. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ മാരാര്‍, ബാലന്‍, അപ്പുണ്ണി മാരാര്‍, അഞ്ചാം വയസ്സില്‍ പരേതയായ ദേവകി. മക്കള്‍ മുരളീധരനും പത്മജാ വേണുഗോപാലും.

സംഭവബഹുലമായ ആ ജീവിതത്തിലൂടെ...

. ജനനം: 1918 ജൂലൈ 5ന്, കണ്ണൂരിലെ ചിറയ്ക്കലില്‍
. മാതാപിതാക്കള്‍: തെക്കേടത്ത് രാവുണ്ണി മാരാരും കന്നോത്ത് കല്യാണി അമ്മയും
. വിവാഹം: 1954 ല്‍ അമ്മാവന്റെ മകളായ കല്യാണിക്കുട്ടി അമ്മയുമായി
. 1942: ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ പങ്കെടുത്ത് രാഷ്ട്രീയത്തില്‍
. 1945: തൃശൂര്‍ മുനിസിപ്പല്‍ കൌണ്‍സില്‍ അംഗം
. 1947 മേയ്: ഐന്‍ടിയുസി രൂപീകരിച്ചു
. 1948: കൊച്ചി നിയമസഭാംഗം
.1949, 52, 54: തിരു-കൊച്ചി നിയമസഭാംഗം
. 1969 മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം
. 1970 മുതല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡ് അംഗം
. 1970: യുഡിഎഫ് രൂപീകരിച്ചു
. 1971-77: അച്യുതമേനോന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രി
. 1977, 81-82, 82-87, 91-95: മുഖ്യമന്ത്രി
.1977: രാജന്‍ കേസിനെ തുടര്‍ന്നു മുഖ്യമന്ത്രി പദം ഒഴിഞ്ഞു
.1994: ചാരക്കേസിനെ തുടര്‍ന്നു മുഖ്യമന്ത്രി പദം ഒഴിഞ്ഞു
. 1967-69, 1980-81, 1987-91: പ്രതിപക്ഷ നേതാവ്
. 1993 മാര്‍ച്ച് 25: കല്യാണിക്കുട്ടി അമ്മയുടെ മരണം
. 1995-96: കേന്ദ വ്യവസായ മന്ത്രി
. 1995-97, 1997-98, 2004-2005: രാജ്യസഭാംഗം
. 1996: ലോക്സഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു
. 1998, 1999: ലോക്സഭാംഗം
. 2005 മേയ് ഒന്ന് : ഡിഐസി രൂപീകരിച്ചു
. 2006: ഡിഐസി എന്‍സിപിയില്‍ ലയിച്ചു
. 2008: കോണ്‍ഗ്രസിലേക്കു മടക്കം

Saturday, 18 December 2010

സംസ്ഥാന സ്ക്കൂള്‍ കായികമേള - ഈ മീറ്റ് അടിമുടി 'ഇ-മീറ്റ്'



തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് ഇത്തവണ ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതാണ്. സ്‌പോര്‍ട്‌സ് ഡിവിഷനെന്നോ ജനറലെന്നോ വ്യത്യാസമില്ലാതെ ഒന്നിച്ചു മത്സരിക്കുന്നുവെന്നതുമാത്രമല്ല, പ്രത്യേകത. ഇന്ത്യയില്‍ത്തന്നെ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തില്‍ നടത്തപ്പെടുന്ന ആദ്യ സ്‌കൂള്‍മീറ്റുകൂടിയാകും ഇത്. സംഘാടകര്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടന്നാല്‍, ശരിക്കും 'ഇ-മീറ്റ്'. ത്രോ ഇനങ്ങളും പോള്‍വോള്‍ട്ടും സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് മാറ്റേണ്ടിവന്നുവെന്നതുമാത്രമാണ് മീറ്റിലെ ഏക കല്ലുകടി.
രാജ്യത്തുതന്നെ രജിസ്‌ട്രേഷനും മത്സരഫലം പ്രഖ്യാപിക്കലുമുള്‍പ്പെടെ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ മേളയാണിത്. നന്രന്ര.്http://www.schoolsports.in/ എന്ന സൈറ്റിലൂടെ കായികമേളയുടെ ഓരോ നിമിഷാര്‍ധവും ഒരു മൗസ് ക്ലിക്കില്‍ ലഭ്യമാകും. സബ്ജില്ലാതലം മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെയാണ് ഗെയിംസ് സംഘടിപ്പിച്ചതെന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്.
സ്‌പോര്‍ട്‌സ് ഡിവിഷന്‍, ജനറല്‍ സ്‌കൂള്‍വിദ്യാര്‍ഥികള്‍ ജില്ലാതലംമുതല്‍ക്ക് ഒന്നിച്ചുമത്സരിച്ചാണ് സംസ്ഥാന മീറ്റിനെത്തിയിരിക്കുന്നത്. ഓരോയിനങ്ങളിലും ജില്ലാതലത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാരാണ് ഇവിടെ മത്സരിക്കുക. വെവ്വേറെ മത്സരമില്ലെന്നത് പങ്കാളിത്തം കുറയ്ക്കുകയും ആവേശമേറ്റുകയും ചെയ്യും. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 92 ഇനങ്ങളിലാണ് മെഡല്‍ നിര്‍ണയിക്കപ്പെടുക.
ഇ-നേട്ടം മാത്രമല്ല മീറ്റിനെ ശ്രദ്ധേയമാക്കുക. നിലവാരമുള്ള സിന്തറ്റിക് ട്രാക്കിലേക്ക് സ്‌കൂള്‍ അത്‌ലറ്റിക്‌സ് ഇടവേളയ്ക്കുശേഷം തിരിച്ചുവന്നിരിക്കുന്നുവെന്നതും പ്രതീക്ഷയുണര്‍ത്തുന്ന കാര്യമാണ്. ദേശീയ ഗെയിംസിനു മുന്നോടിയായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ സിന്തറ്റിക് ട്രാക്കിലാണ് ട്രാക്കിനങ്ങളും ജമ്പിനങ്ങളും നടക്കുക. ദേശീയ ഗെയിംസിനുവേണ്ടി ഫീല്‍ഡില്‍ പാകിയ പുല്ലിന് ക്ഷതം സംഭവിക്കാതിരിക്കാനാണ് ഫീല്‍ഡിനങ്ങളിലേറെയും സെന്‍ട്രല്‍സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. മത്സരഫലം പ്രഖ്യാപിക്കാന്‍ ഫോട്ടോ ഫിനിഷ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഉപയോഗിക്കുന്നുവെന്നത് മീറ്റിനെ കുറ്റമറ്റതാക്കും. സംസ്ഥാന മീറ്റ് സിന്തറ്റിക് ട്രാക്കില്‍ നടക്കുന്നുവെന്നത് ദേശീയകിരീടം നിലനിര്‍ത്താനൊരുങ്ങുന്ന കേരളത്തിന് ഏറെ സന്തോഷകരമായ കാര്യമാണ്. പുണെയിലെ ബാലെവാഡി സ്റ്റേഡിയത്തില്‍ ജനവരി ആദ്യവാരം നടക്കുന്ന ദേശീയമീറ്റും സമാനമായ പ്രതലത്തിലാണ്. അതിനുള്ള തയ്യാറെടുപ്പുകൂടിയാകും ജേതാക്കള്‍ക്ക് ഈ മീറ്റ്.
രണ്ട് വേദികളില്‍ സംഘടിപ്പിച്ചത് മീറ്റിന്റെ മോടി കുറയ്ക്കുമെന്ന് പരാതിയുള്ളവരുമുണ്ട്. ഫീല്‍ഡിനങ്ങള്‍ക്ക് കാണികള്‍ കുറയുമെന്നും ആ മത്സരങ്ങളുടെ ആവേശം ചോരുമെന്നും പരാതിപ്പെടുന്നവരേറെ. ദേശീയ ഗെയിംസ് ലക്ഷ്യമിട്ട് സ്റ്റേഡിയത്തിന്റെ നവീകരണപ്രവൃത്തികള്‍ നടക്കുന്നതിനാല്‍, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം സ്‌കൂള്‍ അത്‌ലറ്റിക്‌സിനായി സജ്ജീകരണങ്ങള്‍ വെള്ളിയാഴ്ച വൈകിയും തുടരുന്നുണ്ടായിരുന്നു.
ജില്ലാ, സംസ്ഥാന, ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റുകളുടെയും ജില്ലാ സ്‌കൂള്‍കായികമേളകളുടെയും തിരക്കുപിടിച്ച സീസണിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനമീറ്റും വരുന്നത്. കോതമംഗലം സ്‌കൂളുകളെപ്പോലെ, ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് ഉപേക്ഷിച്ചവര്‍ക്കുമാത്രമാണ് തിരുവനന്തപുരത്ത് പൂര്‍ണസജ്ജരാകാന്‍ പറ്റിയിട്ടുള്ളത്. എന്നാല്‍, കേരളത്തിനായി മൈസൂരില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ മെഡല്‍നേടിയ താരങ്ങളിലേറെപ്പേരും തിരുവനന്തപുരത്തും പ്രതീക്ഷയോടെ എത്തിയിട്ടുണ്ട്.

Thursday, 16 December 2010

ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡ് അടുത്ത വര്‍ഷം


           മുംബൈ: ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ വിപ്ലവമാകുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യാപേ അടുത്ത വര്‍ഷം പകുതിയോടെ പുറത്തിറങ്ങും. ക്രെഡിറ്റ് കാര്‍ഡ് രംഗത്തെ ആഗോള ഭീമന്മാരായ വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയോട് മത്സരിക്കാന്‍ പോന്നതായിരിക്കും ഇന്ത്യാപേ എന്ന പേരിലുള്ള ഈ ഇന്ത്യന്‍ പേയ്‌മെന്റ് ഗേറ്റ്‌വേ.

പൂര്‍ണമായും ഇന്ത്യന്‍ സാങ്കേതികതയില്‍ വികസിപ്പിക്കുന്ന ഇന്ത്യാപേ കാര്‍ഡ്, റിസര്‍വ് ബാങ്കാണ് പ്രൊമോട്ട് ചെയ്യുന്നത്. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യാണ് ഇത് വികസിപ്പിക്കുന്നത്. ആറ് പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെ മൊത്തം 10 ബാങ്കുകള്‍ 'ഇന്ത്യാപേ'യുടെ ഓഹരിയുടകളുമായിരിക്കും. രാജ്യത്തെ മുന്‍നിര ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ ഇതില്‍ പെടുന്നു.


ഇന്ത്യാപേയുടെ വരവ് ക്രെഡിറ്റ് കാര്‍ഡ് രംഗത്ത് വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയുടെ മേധാവിത്വം തകര്‍ക്കുമെന്നാണ് വിലയിരുത്തുന്നത്. നിലവില്‍ ഓരോ 100 രൂപയുടെ ഇടപാടിനും രണ്ട് രൂപയാണ് കാര്‍ഡ് കമ്പനികളും ഇടനിലക്കാരും ചേര്‍ന്ന് നിലവില്‍ ഈടാക്കുന്നത്. എന്നാല്‍ ഇന്ത്യാപേ ഒരു രൂപ മാത്രമേ ഈടാക്കൂവെന്നാണ് അറിയുന്നത്. ട്രാന്‍സാക്ഷന്‍ നിരക്കുകള്‍ കുറയ്ക്കുന്നതോടെ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ രാജ്യത്ത് വ്യാപകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ ബാങ്കുകള്‍ വന്‍തോതില്‍ ഇതിനെ പിന്തുണയ്ക്കും.


ഇന്ത്യാപേ കാര്‍ഡ് വ്യാപകമാക്കാന്‍ രാജ്യത്തൊട്ടാകെയുള്ള ഷോപ്പിങ് കേന്ദ്രങ്ങളില്‍ പോയന്റ് ഓഫ് സെയില്‍ ടെര്‍മിനലുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് വന്‍ തുക ചെലവാകുമെന്നാണ് കരുതുന്നത്. അതിനാല്‍ നിലവിലുള്ള ടെര്‍മിനലുകളും ഇന്ത്യാപേ ഉപയോഗിച്ചേക്കും. മറ്റു കാര്‍ഡ് കമ്പനികള്‍ക്ക് ഇതിന് താത്പര്യമുണ്ടാവില്ലെങ്കിലും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചാല്‍ അവര്‍ അതിന് വഴങ്ങേണ്ടിവരും.


രാജ്യത്ത് നാല് കോടി പ്ലാസ്റ്റിക് കാര്‍ഡുകളാണ് (ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും) നിലവിലുള്ളത്. ഇവയുടെ ബഹുഭൂരിപക്ഷവും വിസ, മാസ്റ്റര്‍കാര്‍ഡ് എന്നീ കമ്പനികളുടെ പേയ്‌മെന്റ് പ്രോസസിങ് പ്ലാറ്റ്‌ഫോം ആണ് ഉപയോഗിക്കുന്നത്.

Wednesday, 8 December 2010

ലോകത്തിലേറ്റവും വിലയുള്ള പുസ്തകം 'അമേരിക്കയിലെ പക്ഷികള്‍'

 
               ലണ്ടന്‍: ലോകത്തില്‍ ഏറ്റവും വിലയേറിയ പുസ്തകം എന്ന ബഹുമതി ബേര്‍ഡ്‌സ് ഓഫ് അമേരിക്ക എന്ന പക്ഷിനിരീക്ഷണ ഗ്രന്ഥം ഒരിക്കല്‍ കൂടി കരസ്ഥമാക്കി. ലണ്ടനില്‍ നടന്ന ലേലത്തില്‍ 70 ലക്ഷം പൗണ്ടിനാ (ഏതാണ്ട് 50 കോടി രൂപ) ജെയിംസ് ഓഡുബോണ്‍ 19-ാം നൂറ്റാണ്ടിലെഴുതിയ ഈ പുസ്തകത്തിന്റെ പ്രതി ബുധനാഴ്ച വിറ്റുപോയത്. ഇതേ പുസ്തകത്തിന്റെ വേറൊരു പ്രതി പത്തുവര്‍ഷം മുമ്പ് 60 ലക്ഷം പൗണ്ടിന് ലേലത്തില്‍ പോയിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച സചിത്ര ഗ്രന്ഥം എന്നു വിശേഷിപ്പിക്കപ്പെട്ട പുസ്തകത്തിന്റെ കേടുപാടുകളില്ലാത്ത 119 കോപ്പികളെ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. അതില്‍ 108ഉം വായനശാലകളുടെയും മ്യൂസിയങ്ങളുടെയും കൈവശമാണ്. ഹെസ്‌കെത് പ്രഭു എന്ന പുസ്തക പ്രേമിയുടെ കൈവശമുണ്ടായിരുന്ന കോപ്പിയാണ് ഇപ്പോള്‍ ലേലം ചെയ്തത്.


അമേരിക്കയിലെ പക്ഷികളുടെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ പുസ്തകത്തില്‍ ആയിരം മുഴുവലിപ്പ ജലച്ചായ ചിത്രങ്ങളുണ്ട്. 12 വര്‍ഷമെടുത്താണ് ഓഡുബോണ്‍ ഇവ വരച്ചുതീര്‍ത്തത്. മിഴിവ് ഒട്ടും ചോര്‍ന്നുപോകാതെയാണ് ഇവയുടെ പകര്‍പ്പ് പുസ്തകത്തില്‍ ചേര്‍ത്തത്. ഓഡുബോണ്‍ വരച്ച യഥാര്‍ഥ ചിത്രങ്ങള്‍ ന്യൂയോര്‍ക്കിലെ ഹിസ്റ്റോറിക്കല്‍ സൊസൈറ്റിയിലാണു സൂക്ഷിച്ചിരിക്കുന്നത്.

Monday, 6 December 2010

മഞ്ഞില്‍ കുടുങ്ങി ഒമ്പതു നാള്‍, മദ്യശാലയില്‍ അവര്‍ക്കു സുഖവാസം



ലണ്ടന്‍: മലയുടെ മുകളില്‍ മഞ്ഞുവീണു മൂടിയ കെട്ടിടത്തിനുള്ളില്‍ പുറത്തിറങ്ങാനാവാതെ ഒമ്പതു ദിവസം. നരകയാതനയെന്നു പറയാന്‍ വരട്ടെ, പരമസുഖമായിരുന്നു ആ ഏഴു പേര്‍ക്കും. കാരണം, ബ്രിട്ടനിലെ ഒരു ആഡംബര മദ്യശാലയിലാണ് അവര്‍ കുടുങ്ങിക്കിടന്നത്. തണുക്കുമ്പോള്‍ നുണഞ്ഞിറക്കാന്‍ ഇഷ്ടം പോലെ മദ്യം, ശരീരം ചൂടാക്കാന്‍ വിറകടുപ്പ്, അടുക്കളയില്‍ നൂറ്റമ്പതു പേര്‍ക്കുള്ള ഭക്ഷണം, കിടന്നുറങ്ങാന്‍ നല്ല മുറി. എവിടെയെങ്കിലും കുടുങ്ങിപ്പോവുകയാണെങ്കില്‍ ഇങ്ങനെ വേണമെന്നാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്ത മാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടത്.

നോര്‍ത്ത് യോര്‍ക്‌ഷെയറിലെ ബ്ലാക്കി മലയ്ക്കു മുകളിലുള്ള ലയണ്‍ ഇന്‍ മദ്യശാലയാണ് യൂറോപ്പിലെങ്ങും പടരുന്ന കൊടും തണുപ്പില്‍ മഞ്ഞിനുള്ളിലായിപ്പോയത്. ബ്രിട്ടനിലെ ഏറ്റവുമുയരെയുള്ള മദ്യശാലകളിലൊന്നാണ് ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് ഏറെയകന്നുള്ള ലയണ്‍ ഇന്‍. നവംബര്‍ 26-ഓടെ ഇരുപതടി ഉയരത്തിലാണിവിടെ മഞ്ഞുവീണത്. പുറത്തേക്കുള്ള പാതകളെല്ലാം മൂടിപ്പോയി. നിറുത്തിയിട്ട വാഹനങ്ങള്‍ പുറത്തുകാണാനാകാത്തവിധം മഞ്ഞില്‍പ്പുതഞ്ഞു. മദ്യശാലയുടെ താഴേ നിലയുടെ വാതിലും ജനലും തുറക്കാന്‍ പറ്റാതായി. പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥ.


ലഹരി നുണയാനെത്തിയ ഒരു ഭാര്യയും ഭര്‍ത്താവും ഒരു യുവതിയടക്കം അഞ്ച് ജീവനക്കാരുമാണ് അപ്പോള്‍ അകത്തുണ്ടായിരുന്നത്. ദിവസം നൂറ്റമ്പതോളം ഉപഭോക്താക്കളെത്തുന്ന ലയണ്‍ ഇന്നില്‍ അത്രയും പേര്‍ക്കുള്ള ഭക്ഷണം കരുതിവെച്ചിരുന്നു. ഭക്ഷണം പാകം ചെയ്തു കഴിച്ചും ലഹരി നുണഞ്ഞ് കളിച്ചും സൊറ പറഞ്ഞും അവരേഴുപേരും അവിടെത്തന്നെ കഴിഞ്ഞു. ശ്വാസം മുട്ടുന്നതായി തോന്നുമ്പോള്‍ മുകളിലെ നിലയുടെ ജാലകങ്ങള്‍ അല്പനേരത്തേക്കു തുറന്നിടും. തണുപ്പ് അരിച്ചു കടക്കുമ്പോള്‍ വീണ്ടും അടച്ചിടും. കിടപ്പുമുറികള്‍കൂടിയുണ്ടായിരുന്നതുകൊണ്ട് വിശ്രമവും പ്രശ്‌നമായില്ല. ഇന്റര്‍നെറ്റ് കണക്ഷനും ടി.വിയും ഫോണുമെല്ലാമുണ്ടായിരുന്നതുകൊണ്ട് പുറംലോകവുമായുള്ള ബന്ധം അറ്റുപോയതുമില്ല.


ഫോണ്‍ ചെയ്തവരെല്ലാം തങ്ങളുടെ അവസ്ഥയില്‍ അസൂയ പ്രകടിപ്പിക്കുകയാണ് ചെയ്തതെന്ന് ലയണ്‍ ഇന്നിലെ പാചകക്കാരന്‍ ഡാനിയേല്‍ ബട്ടര്‍വര്‍ത്ത് പറയുന്നു. പക്ഷേ, അവസാനമായപ്പോഴേക്കും മടുത്തു. സ്വയം സംസാരിച്ചാണ് വിരസതയകറ്റിയത്-ഡാനിയേല്‍ പറയുന്നു. എട്ടാം ദിവസം മഞ്ഞു മാറ്റാനെത്തിയ വാഹനത്തിലേറിയാണ് ദമ്പതിമാര്‍ പുറത്തുകടന്നത്. അടുത്തദിവസം റോഡിലെ മഞ്ഞുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചതിനു ശേഷമാണ് ജീവനക്കാര്‍ വീട്ടില്‍പ്പോയത്.


ഐ.പി.എല്‍ - കൊച്ചിയും


          മുംബൈ: മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അറുതി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കൊച്ചി ടീം ഇനി യാഥാര്‍ഥ്യം. ഏപ്രിലില്‍ ആരംഭിക്കുന്ന നാലാം ഐ.പി.എല്‍. സീസണില്‍ കൊച്ചി ടീമും മത്സരരംഗത്തുണ്ടാവും. ഞായറാഴ്ച മുംബൈയില്‍ ചേര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡി (ബി.സി.സി.ഐ.) ന്റെ ഐ.പി.എല്‍. ഭരണ സമിതി യോഗം കൊച്ചി ടീമിന് അംഗീകാരം നല്‍കിയതോടെയാണിത്. ബി.സി.സി.ഐ. നല്‍കിയ നോട്ടീസിന് കൊച്ചി ടീം ഉടമകള്‍ നല്‍കിയ മറുപടി തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി. ടീം ഉടമകളുടെ ഓഹരി പങ്കാളിത്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സമിതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. റോന്ദേവൂ കണ്‍സോര്‍ഷ്യത്തിനു പകരം 'കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിലാണ് ടീം ഉടമകള്‍ പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള വിദേശകാര്യ സഹമന്ത്രി സ്ഥാനമൊഴിഞ്ഞതും ഐ.പി.എല്‍. മുന്‍ചെയര്‍മാന്‍ ലളിത് മോഡി അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് രാജ്യംവിടേണ്ടിവന്നതും കൊച്ചി ഐ.പി.എല്ലിന്റെ ബാക്കി പത്രമാണ്. ലേലം നടന്ന് ഏഴു മാസങ്ങള്‍ക്കുശേഷമാണ് കൊച്ചി ടീമിന്റെ ജാതകം കുറിക്കാനായത്.

ഞായറാഴ്ച കാലത്ത് രണ്ടുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ബി.സി.സി.ഐ.യുടെ പ്രഖ്യാപനം വന്നത്. എന്നാല്‍ ഞായറാഴ്ച നടക്കുന്ന ഐ.പി.എല്‍. ഭരണ സമിതി യോഗത്തിന് മുന്നോടിയായി ശനിയാഴ്ച ബറോഡയില്‍ ബി.സി.സി.ഐ. അംഗങ്ങള്‍ രഹസ്യയോഗം ചേര്‍ന്ന് ഈ പ്രശ്‌നത്തില്‍ കൈക്കൊള്ളേണ്ട തീരുമാനങ്ങളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഞായറാഴ്ച വീണ്ടും കൊച്ചി ടീം ഉടമകളുമായി ബി.സി.സി.ഐ. ചര്‍ച്ച നടത്തിയശേഷമാണ് അവസാന തീരുമാനം പുറത്തുവിട്ടത്.

ഐ.പി.എല്‍. ടീമുകളില്‍ ഏറ്റവും വിലകൂടിയ രണ്ടാമത്തെ (1533.33 കോടി) ടീമായ കൊച്ചി ഐ.പി.എല്ലിനെ ലേലത്തില്‍ എടുത്തത് ഗെയ്ക്‌വാദ് കുടുംബത്തിന്റെ റോന്ദേവൂ സ്‌പോര്‍ട്‌സ് വേള്‍ഡ് ആയിരുന്നു. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ തിരികെ നല്‍കിയ 10 ശതമാനം വിയര്‍പ്പ് ഓഹരിയടക്കം ഇവരുടെ പക്കല്‍ 26 ശതമാനം ഓഹരിയുണ്ടായിരുന്നു. ആങ്കര്‍ എര്‍ത്ത് (27 ശതമാനം), പരിണി ഡവലപ്പേഴ്‌സ് (26), ഫിലിം വേവ് (12), ആനന്ദ് ശ്യാം (8), വിവേക് വേണുഗോപാല്‍ (1) എന്നിവര്‍ക്കാകെ 74 ശതമാനം ഓഹരിയും. റോന്ദേവൂ ഗ്രൂപ്പിന് 25 ശതമാനം വിയര്‍പ്പ് ഓഹരികള്‍ നല്‍കാന്‍ കഴിയില്ല എന്ന് മറ്റ് ഓഹരിയുടമകള്‍ ശഠിച്ചതാണ് കൊച്ചി ടീമിന്റെ ഭാവി തുലാസിലാക്കിയത്. വിയര്‍പ്പോഹരി 10 ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന അവരുടെ ആവശ്യം അവസാനനിമിഷം അംഗീകരിക്കുവാന്‍ ഗെയ്ക്‌വാദ് കുടുംബം തയ്യാറായതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. ഈ മാറ്റത്തിന് ബി.സി.സി.ഐ.യുടെ ഇടപെടലും ഉണ്ടായിട്ടുണ്ടെന്നാണ് ക്രിക്കറ്റ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

പുതിയ കമ്പനിയുടെ അധികാരം പരിണി ഡവലപ്പേഴ്‌സിന്റെ നിയന്ത്രണത്തിലാവുമെന്നാണ് സൂചന. ഇനി കാര്യങ്ങള്‍ തീരുമാനിക്കുക കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ആയിരിക്കുമെന്ന് പരിണി ഡവലപ്പേഴ്‌സ് മേധാവി മുകേഷ് പട്ടേല്‍ വ്യക്തമാക്കി.

''ഇനി ഞങ്ങള്‍ എല്ലാവരും ഒന്നിച്ചു നീങ്ങും. പ്രശ്‌നങ്ങള്‍ മുഴുവന്‍ പരിഹരിക്കപ്പെട്ടു. അക്കാര്യത്തില്‍ എല്ലാവര്‍ക്കും സന്തോഷമുണ്ട്. കമ്പനി ഇനി ഒറ്റക്കെട്ടായി മുന്നോട്ടുപോകും. ഓരോ തീരുമാനവും ഡയറക്ടര്‍ ബോര്‍ഡ് ആയിരിക്കും എടുക്കുക'' -മുകേഷ് പട്ടേല്‍ പറഞ്ഞു. എന്നാല്‍ സുനില്‍ ഗാവസ്‌കര്‍ ടീമിന്റെ നിയന്ത്രണം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് അതൊക്കെ പിന്നീട് തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പുതിയ കമ്പനിയുടെ ബോര്‍ഡ് യോഗം ഉടന്‍തന്നെ കൂടുമെന്നും ഭാവിപരിപാടികള്‍ വൈകാതെ തന്നെ ആസൂത്രണം ചെയ്യുമെന്നും റോന്ദേവൂ സ്‌പോര്‍ട്‌സ് വേള്‍ഡ് വക്താവ് സത്യജിത് ഗെയ്ക്‌വാദ് അറിയിച്ചു. ഒരു മികച്ച ടീം ഉണ്ടാക്കുകയാണ് ആദ്യ ലക്ഷ്യം. ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കൊച്ചി ടീമിന് കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ - അദ്ദേഹം പറഞ്ഞു.

ഉടമകള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ മൂന്നുതവണ ബി.സി.സി.ഐ. കൊച്ചി ടീമിന് സമയം നീട്ടിക്കൊടുത്തിരുന്നു. സമയപരിധി അവസാനിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് പ്രശ്‌നങ്ങള്‍ തീര്‍ത്തുകൊണ്ട് ടീം ഉടമകള്‍ ബി.സി.സി.ഐ.യ്ക്ക് കത്തുനല്‍കിയത്.

Wednesday, 1 December 2010

മൊബൈല്‍ വരിക്കാരുടെ ഉറക്കം കെടുത്തിയാല്‍ വന്‍ പിഴ


ജനവരിയില്‍ പ്രാബല്യത്തില്‍


ന്യൂഡല്‍ഹി: അനാവശ്യ ഫോണ്‍കോളുകള്‍, വാണിജ്യവാഗ്ദാനങ്ങള്‍, മൊബൈല്‍ സന്ദേശങ്ങള്‍ എന്നിവയില്‍ നിന്ന് വരിക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ 'ട്രായ്' പ്രഖ്യാപിച്ചു. 2011 ജനവരി ഒന്നുമുതല്‍ ഇവ പ്രാബല്യത്തില്‍ വരും. വ്യവസ്ഥകള്‍ ലംഘിക്കുന്ന കമ്പനികള്‍ക്ക് രണ്ടരലക്ഷം രൂപവരെ പിഴ ചുമത്തും. അനാവശ്യകോളുകള്‍ വേണ്ടെന്ന് അറിയിക്കാത്ത വരിക്കാര്‍ക്കുപോലും രാത്രി ഒമ്പതുമുതല്‍ രാവിലെ ഒമ്പതുവരെ ഇത്തരം കോളുകളോ സന്ദേശങ്ങളോ അയക്കരുതെന്ന് വ്യവസ്ഥയുണ്ട്. തിരിച്ചറിയാനായി ഇവയ്ക്ക് 70 ല്‍ തുടങ്ങുന്ന നമ്പറുകളാവും നല്‍കുക.

അനാവശ്യകോളുകളും സന്ദേശങ്ങളും പൂര്‍ണമായി ഒഴിവാക്കുന്ന സൗകര്യം വിപുലപ്പെടുത്തിയതിനു പുറമെ വരിക്കാര്‍ക്ക് തിരഞ്ഞെടുത്ത സന്ദേശങ്ങള്‍മാത്രം ലഭിക്കാനുള്ള സൗകര്യവും ട്രായ് നല്‍കുന്നുണ്ട്. ബാങ്കിങ്ങ്, ധനകാര്യം, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ആരോഗ്യം, ഉപഭോക്തൃ സാധനങ്ങള്‍, വാഹനം, വിനോദം, ടൂറിസം എന്നിങ്ങനെയുള്ള വിഷയങ്ങളെ ഏഴു വിഭാഗങ്ങളിലായാണ് പെടുത്തിയത്.


പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വ്യവസ്ഥ ആദ്യംലംഘിക്കുന്ന കമ്പനികള്‍ക്ക് 25,000 രൂപ, രണ്ടാംതവണത്തെ ലംഘനത്തിന് 75,000, മൂന്നാം തവണ 80,000 എന്നിങ്ങനെയാണ് പിഴ നല്‍കേണ്ടിവരിക. നാലാം തവണ ഒന്നേകാല്‍ ലക്ഷവും അഞ്ചാംതവണ ഒന്നരലക്ഷവും നല്‍കണം. ആറാം തവണ രണ്ടരലക്ഷമാവും പിഴ. വീണ്ടും ലംഘനം തുടര്‍ന്നാല്‍ കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്താനും വ്യവസ്ഥയുണ്ട്.

Tuesday, 30 November 2010

പിക്കാസോയുടെ അപൂര്‍വചിത്രങ്ങള്‍ കണ്ടെത്തി



ലണ്ടന്‍: പ്രശസ്ത ചിത്രകാരന്‍ പാബ്ലോ പിക്കാസോയുടെ പുറംലോകം കാണാത്ത 271-ഓളം പെയിന്‍റിങ്ങുകള്‍ കണ്ടെടുത്തു. പിക്കാസോയുടെ വീടുകളില്‍ അലാറം സംവിധാനം ഒരുക്കിയ പിയറിലെ ശ്വെനെക് (71) എന്ന ഇലക്ട്രീഷ്യന്റെ തെക്കന്‍ ഫ്രാന്‍സിലെ വീട്ടില്‍ സ്‌പെഷലിസ്റ്റ് ആര്‍ട്ട് പോലീസ് നടത്തിയ പരിശോധനയിലാണ് ചിത്രങ്ങള്‍ കണ്ടെടുത്തത്. ലിതോഗ്രാഫുകളും ക്യുബിക് ചിത്രങ്ങളും ജലച്ചായാചിത്രങ്ങളും ചിത്രങ്ങളടങ്ങിയ നോട്ട്ബുക്കും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. ഒക്ടോബറില്‍ നടത്തിയ റെയ്ഡിന്റെ വിവരങ്ങള്‍ ഫ്രഞ്ച് മാധ്യമങ്ങളാണ് പുറത്തുകൊണ്ടുവന്നത്.

ആറുകോടി യൂറോ (360 കോടി രൂപ) വിലമതിക്കുന്ന ചിത്രങ്ങളാണ് പിയറിയില്‍നിന്ന് കണ്ടെടുത്തത്. ക്യുബിക് മാതൃകയിലുള്ള ഒമ്പത് ചിത്രങ്ങള്‍ക്കുമാത്രം നാലുകോടി യൂറോ വിലവരുമെന്ന് വിദഗ്ധര്‍ പറയുന്നു. പിക്കാസോയുടെ 'നീല കാലഘട്ട'ത്തിലെ ജലച്ചായാചിത്രവും പിയറിയുടെ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.


പിക്കാസോ സമ്മാനിച്ചതെന്നവകാശപ്പെട്ട് പിയറി ലെ ശ്വെനെക് തന്നെയാണ് ചിത്രങ്ങള്‍ കൈവശമുള്ള കാര്യം വെളിപ്പെടുത്തിയത്. ചിത്രങ്ങളുടെ കൈവശാവകാശത്തിനായി ഇയാള്‍ സപ്തംബറില്‍ പിക്കാസോയുടെ മകന്‍ ക്ലോഡ് പിക്കാസോയെ സമീപിക്കുകയായിരുന്നു. ചിത്രങ്ങള്‍ യഥാര്‍ഥമാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് ക്ലോഡ് ഫ്രാന്‍സ് സ്‌പെഷലിസ്റ്റ് ആര്‍ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ചിത്രങ്ങള്‍ അനധികൃതമായി സൂക്ഷിച്ചതിന് ഇയാള്‍ക്കെതിരെ കേസ് നല്‍കിയിരിക്കുകയാണ് ക്ലോഡ്. പിക്കാസോ ചിത്രങ്ങള്‍ സംബന്ധിച്ച പിയറിയുടെ വിശദീകരണം ക്ലോഡ് പിക്കാസോ അംഗീകരിച്ചില്ലെന്നും ഇത്രയധികം സൃഷ്ടികള്‍ ഒരാള്‍ക്കുമാത്രമായി പിക്കാസോ നല്‍കില്ലെന്ന് ക്ലോഡ് പറഞ്ഞതായും ഫ്രഞ്ച് പത്രമായ ലിബറേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇലക്ട്രീഷ്യനായ പിയറിക്ക് ചിത്രങ്ങള്‍ കിട്ടിയതിനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. ഇയാളെ അന്വേഷണോദ്യോഗസ്ഥര്‍ ചോദ്യംചെയ്തതായും അറിയുന്നു. പെയിന്‍റിങ്ങുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കോടിക്കണക്കിന് യൂറോയുടെ നിയമയുദ്ധത്തിനാണ് ചിത്രങ്ങളുടെ കണ്ടെത്തല്‍ തുടക്കമിട്ടിരിക്കുന്നത്.


1900നും 1932നും ഇടയ്ക്ക് രചിച്ച ചിത്രങ്ങളാണ് പിയറിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തതെന്ന് ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട്ടുചെയ്തു. സപ്തംബര്‍ ഒമ്പതിനാണ് ക്ലോഡ് പിക്കാസോ (63) യുടെ ഓഫീസില്‍ (പിക്കാസോ അഡ്മിനിസ്‌ട്രേഷന്‍) പിയറി ചിത്രങ്ങളുമായി എത്തിയത്. 175 ഓളം വ്യത്യസ്ത ചിത്രങ്ങള്‍ അന്നുതന്നെ ക്ലോഡിനെ കാണിച്ചതായി ഗാര്‍ഡിയന്‍ പറയുന്നു. പിക്കാസോയുടെ ആദ്യഭാര്യ ഓള്‍ഗ ഖോക്‌ലോവയുടെ ഛായാചിത്രങ്ങളും പിയറിയുടെ കൈവശമുണ്ടായിരുന്നു. പിക്കാസോയുടെ കാനിലെയും നോത്രെദാമിലെയും മറ്റു വീടുകളില്‍ അലാറം സംവിധാനം ഒരുക്കിയതിന് പിക്കാസോയാണ് തനിക്ക് പെയിന്‍റിങ്ങുകള്‍ നല്‍കിയതെന്നാണ് പിയറിയുടെ അവകാശവാദം.


ചിത്രങ്ങളില്‍ പലതിലും തീയതികളില്ലെന്നും അതിനാല്‍തന്നെ അവയെക്കുറിച്ച് പുറംലോകം അറിഞ്ഞിരിക്കാന്‍ സാധ്യതയില്ലെന്നും ക്ലോഡ് പിക്കാസോ പറഞ്ഞു. കലയിലെ വിപ്ലവകരമായ മുന്നേറ്റമാണ് പെയിന്‍റിങ്ങുകളുടെ കണ്ടെത്തലെന്നും ചിത്രശേഖരത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ടെന്നും ക്ലോഡ് അഭിപ്രായപ്പെട്ടു.

Thursday, 25 November 2010

ഇനിയെന്നും ഒരേ നമ്പര്‍


ന്യൂഡല്‍ഹി: നമ്പര്‍ മാറാനുള്ള ബുദ്ധിമുട്ട് കാരണം ഒരേ മൊബൈല്‍ കമ്പനിയുടെ സേവനം തുടരുന്നവര്‍ക്ക് ഒരു ശുഭവാര്‍ത്ത. നിലവിലെ കമ്പനിയുടെ സേവനം തൃപ്തികരമല്ലാത്ത സാഹചര്യത്തില്‍ നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ കമ്പനി മാറാം. ഒരേ നമ്പറില്‍ തുടരാന്‍ സഹായിക്കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി എന്ന സംവിധാനം ഹരിയാനയില്‍ ഇന്ന് നടപ്പാക്കും. ഈ സൗകര്യം ഡിസംബര്‍ അവസാനത്തോടെ മറ്റ് സംസ്ഥാനങ്ങളിലും ലഭ്യമാവുമെന്ന് കരുതുന്നു

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്കായി ഒരു മൊബൈല്‍ സന്ദേശം(എസ്.എം.എസ്) അയക്കേണ്ട ആവശ്യമേ ഉള്ളു. പോര്‍ട്ട്(PORT) എന്ന് ടൈപ്പ് ചെയ്തതിന് ശേഷം ഒരു സ്‌പേസ് ഇട്ട്, മൈബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് സന്ദേശം 1900 എന്ന നമ്പറിലേക്ക് അയക്കുകയാണ് ചെയ്യേണ്ടത്. ഉടന്‍ തന്നെ നിലവിലെ കമ്പനിയില്‍ നിന്ന് പുതിയ കമ്പനിയിലേക്ക് നമ്പര്‍ മാറ്റുന്നതിനായുള്ള കോഡ് അഥവാ യുണീക്ക് പോര്‍ട്ടിങ് കോഡ് (യു.പി.സി) ഉപഭോക്താവിന് ലഭിക്കും. പിന്നീട് ഈ കോഡ് ഉള്‍പ്പെടുത്തി പുതിയ കമ്പനിയില്‍ അപേക്ഷ നല്‍കുകയാണ് വേണ്ടത്. അപേക്ഷ ലഭിച്ചാലുടന്‍ സേവനം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ പുതിയ കമ്പനി കൈക്കൊള്ളും. ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ നമ്പര്‍ നിലനിര്‍ത്തികൊണ്ടുള്ള സേവനവും ലഭ്യമാകും. ഈ സേവനത്തിനായി പുതിയ കമ്പനിയ്ക്ക് 19 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാവുന്നതാണ്.


എന്നാല്‍, പോസ്റ്റ് പെയ്ഡ് സേവനങ്ങളില്‍ ഈ സൗകര്യത്തിനായി അപേക്ഷിക്കും മുന്‍പ് അവസാന മാസത്തെ ബില്‍ തുക അടച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. അടച്ചില്ലെങ്കില്‍ അപേക്ഷ നിരാകരിക്കപ്പെടും. എന്നാല്‍ പ്രീപെയ്ഡ് ഉപഭോക്താവിനെ സംബന്ധിച്ച് പഴയ അക്കൗണ്ടിലെ ബാക്കി തുക പുതിയതില്‍ ലഭ്യമാവുകയില്ല.


ഒരു തവണ കമ്പനി മാറിയാല്‍ 90 ദിവസം കഴിഞ്ഞ് മാത്രമേ വീണ്ടുമൊരു മാറ്റം സാധ്യമാവൂ. പുതിയ സേവനം ലഭ്യമാകുന്നതോടെ മൊബൈല്‍ കമ്പനികള്‍ സേവനം മെച്ചപ്പെടുത്താന്‍ നിര്‍ബന്ധിതരാവുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) വ്യക്തമാക്കി. പുതിയ സംവിധാനം സി.ഡി.എം.എ വിഭാഗത്തെയായിരിക്കും ബാധിക്കുക. സി.ഡി.എം.എ വിഭാഗത്തില്‍ നിന്നും ജി.എസ്.എം വിഭാഗത്തിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്കുണ്ടാവുമെന്നാണ് നിരീക്ഷിക്കുന്നത്. 
മുംബൈ: മൊബൈല്‍ പോര്‍ട്ടബിലിറ്റി സംവിധാനം എത്തുന്നതോടുകൂടി ഉപഭോക്താക്കള്‍ ചോരുന്നത് തടയാന്‍ മൊബൈല്‍ കമ്പനികള്‍ പുതിയ ഓഫറുകളുമായി രംഗത്തെത്തി. കുറഞ്ഞ താരിഫ് നിരക്കുകളും അവതരിപ്പിച്ചതോടെ കമ്പനികള്‍ക്കിടയിലുള്ള താരിഫ് യുദ്ധം പരകോടിയിലെത്തും. പ്രീപെയ്ഡിനെ അപേക്ഷിച്ച് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ ചോരുന്നതാണ് കമ്പനികള്‍ക്ക് തലവേദന സൃഷ്ടിക്കുക.

രാജ്യത്തെ പോസ്റ്റ്‌പെയ്ഡ് ഉപോഭോക്തള്‍ മൊത്തം വരിക്കാരുടെ ഏഴു ശതമാനം മാത്രമാണ്. എന്നാല്‍, ഇവര്‍ അടിക്കടി കമ്പനി മാറാത്തതിനാല്‍ ഈ വിഭാഗത്തില്‍ സേവന ദാതാക്കള്‍ക്ക് അധികം ഓഫറുകള്‍ നല്‍കേണ്ടി വന്നിട്ടില്ല.

അതേസമയം, 40 ശതമാനത്തോളം പ്രീപെയ്ഡ് ഉപഭോക്താക്കള്‍ വര്‍ഷാ വര്‍ഷം കമ്പനി മാറുന്നവരാണ്. എങ്കിലും ഇൗ മേഖലയിലുള്ള മത്സരവും ശക്തമാകുമെന്നാണ് കരുതുന്നത്.

പത്ത് ശതമാനത്തോളം ഉപഭോക്താക്കള്‍ ആദ്യ വര്‍ഷം തന്നെ പുതിയ സംവിധാനം ഉപയോഗിക്കുമെന്നാണ് ട്രായുടെ വിലയിരുത്തല്‍. എന്നാല്‍, മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് അഞ്ച് ശതമാനമായി ചുരുങ്ങുമെന്നും ട്രോയ് പറയുന്നു. അതേസമയം, 10-15 ശതമാനം ഉപഭോക്താക്കള്‍ പുതിയ സൗകര്യം ഉപയോഗപ്പെടുത്തുമെന്ന് നിരീക്ഷകരുടെ അഭിപ്രായം.

സ്വര്‍ണമണിഞ്ഞ് ജോസഫും അശ്വിനിയും


            ഗ്വാങ്ഷു: അത്‌ലറ്റിക് ട്രാക്കിലിതാ ഇന്ത്യയ്ക്ക് അതിരുകളില്ലാത്ത ആഘോഷം. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അത്ഭുതമായി രണ്ട് സ്വര്‍ണം. ആദ്യം ഉഡുപ്പിക്കാരി അശ്വനി ചിദാനന്ദ ഷെട്ടി അകുഞ്ജി. പിന്നെ കോട്ടയം കോരുത്തോടുകാരന്‍ ജോസഫ് എബ്രഹാമും. ടിന്റു ലൂക്കയില്‍ മെഡല്‍ സാധ്യത കല്‍പ്പിച്ചുകെട്ടിയ കളി വിദഗ്ദ്ധരെയാകെ ഞെട്ടിച്ചുകൊണ്ടാണ് ഇരുവരും സ്വര്‍ണമണിഞ്ഞത്. ഇവരുടെ കരുത്തില്‍ ഇതോടെ ഇന്ത്യയുടെ സ്വര്‍ണ സമ്പാദ്യം ഒന്‍പതായി. അത്‌ലറ്റിക്‌സില്‍ നിന്നു മാത്രം ഇന്ത്യ ഇക്കുറി ഇതുവരെ നാലു സ്വര്‍ണമാണ് നേടിയത്. അത്‌ലറ്റിക്‌സിന്റെ ആദ്യദിനം പ്രീജ ശ്രീധരനും സുധാസിങ്ങും നടത്തിയ സ്വര്‍ണപ്രകടനത്തിന്റെ തനിയാവര്‍ത്തനമായി അശ്വിനിയുടെയും ജോസഫിന്റെയും പ്രകടനം.

56.16 സെക്കന്‍ഡ് എന്ന കരിയറിലെ ഏറ്റവും മികച്ച സമയത്ത് വന്‍ ലീഡോടെയാണ് അശ്വനി ഫിനിഷ് ചെയ്തതെങ്കില്‍ അവസാനം കുതിച്ചെത്തിയ ജാപ്പനീസ് അത്‌ലറ്റിനെ ഫോട്ടോഫിനിഷ് പിന്തള്ളിയാണ് ജോസഫ് എബ്രഹാം 49.96 സെക്കന്‍ഡില്‍ സ്വര്‍ണമണിഞ്ഞത്.


ഹീറ്റ്‌സില്‍ ഏറ്റവും മികച്ച സമയത്ത് ഓടിയെത്തിയ അശ്വിനി ഫൈനലിലും ഈ പ്രകടനം ആവര്‍ത്തിക്കുമെന്നൊരു പ്രതീക്ഷ പൊതുവേ ഉണ്ടായിരുന്നു. എന്നാല്‍, പുരുഷന്മാരുടെ മത്സരത്തില്‍ ജോസഫ് വെങ്കലം നേടിയാല്‍ ഭാഗ്യം എന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍, ഈ ധാരണകളെയത്രയും ഉജ്വലമായ കുതിപ്പിലൂടെ തകര്‍ത്തു തരിപ്പണമാക്കുകയായിരുന്നു ജോസഫ്. അവസാന വളവിന് തൊട്ടു മുന്‍പ് കാലുകളിലേയ്ക്ക് കരുത്ത് ആവാഹിച്ച് കുതിച്ച ജോസഫ് 75 മീറ്ററായപ്പൊഴേയ്ക്കും വ്യക്തമായ ലീഡ് സ്വന്തമാക്കിയിരുന്നു. എന്നാല്‍, പൊടുന്നനെ അവസാന അമ്പതു മീറ്ററില്‍ ജാപ്പനീസ് താരം അത്ഭുതകരമായി കുതിച്ചെത്തുകയായിരുന്നു. രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുപോകുമെന്ന ആശങ്ക നിലനില്‍ക്കെയാണ് അവസാനത്തെ തള്ളലില്‍ ജോസഫ് തലനാരിഴയ്ക്ക് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. എന്നാല്‍, 49.51 മീറ്ററാണ് ജോസഫിന്റെ പേരിലുള്ള ദേശീയ റെക്കോഡ്.


അത്ഭുതകരമായിരുന്നു അശ്വിനിയുടെ നേട്ടം. പി.ടി. ഉഷയ്ക്കുശേഷം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒരു ഇന്ത്യന്‍ വനിതാ അത്‌ലറ്റ് ഓടുന്ന ഏറ്റവും മികച്ച സമയമാണിത്. 55.42 സെക്കന്‍ഡാണ് ഉഷയുടെ പേരിലുള്ള ദേശീയ റെക്കോഡ്. പതിഞ്ഞ സ്റ്റാര്‍ട്ടിനുശേഷം മികച്ച വേഗം കൈവരിച്ച അശ്വിനി സെമിയിലേത്‌പോലം അവസാന നൂറു മീറ്ററിലാണ് തന്റെ നീളമേറിയ കാലിന്റെ ആനുകൂല്യം മുതലാക്കി മുന്നോട്ടു കുതിച്ചത്. അവസാന അമ്പത് മീറ്ററില്‍ തന്നെ രണ്ട് മീറ്ററിന്റെ ലീഡ് നേടി അശ്വിനി സ്വര്‍ണം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരമായ ജൗന മുര്‍മുവിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

Thursday, 18 November 2010

'മാതൃഭൂമി' സാഹിത്യ പുരസ്‌കാരം വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക്‌

 
 
കോഴിക്കോട്: ഈ വര്‍ഷത്തെ 'മാതൃഭൂമി' സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ത കവി പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരി അര്‍ഹനായി. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

കെ.സച്ചിദാനന്ദന്‍ അധ്യക്ഷനും ഡോ. കെ.എസ്. രവികുമാര്‍, വി.കെ. ശ്രീരാമന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറും മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രനും അറിയിച്ചു.

മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ സത്തകളുടെ സൂക്ഷ്മതലങ്ങളിലേക്കുള്ള വാങ്മയ പര്യടനമാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകളെന്ന് വിധി നിര്‍ണയ സമിതി വിലയിരുത്തി. മനുഷ്യന്‍ തന്നെയാണ് ആ കവിതകളുടെ കേന്ദ്ര ബിന്ദു. വിധ്വംസക ശക്തികളുടെ ഇരയായിത്തീരുന്ന സാധാരണ മനുഷ്യരുടെ അന്തഃക്ഷോഭങ്ങള്‍ ആ കവിതകളില്‍ മുഴങ്ങുന്നു. അദ്ദേഹത്തിന്റെ കവി സ്വത്വത്തില്‍ ഋഷിയും പോരാളിയും സമന്വയിക്കുന്നതായി സമിതി നിരീക്ഷിച്ചു.

ആധുനിക മലയാള കവിതയില്‍ പാരമ്പര്യത്തിന്റെ ശക്തിധാരകള്‍ ഇത്ര ഗാഢമായി ഉള്‍ക്കൊണ്ടവര്‍ വേറെയില്ല. വേദങ്ങളുടെയും സംസ്‌കൃത സാഹിത്യത്തിന്റെയും മലയാള കവിതയുടെയും യൂറോപ്യന്‍ സാഹിത്യത്തിന്റെയും സമന്വയം അതില്‍ കാണാം-സമിതി വിലയിരുത്തി.

1939 ജൂണ്‍ രണ്ടിന് തിരുവല്ലയിലാണ് വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ ജനനം. 'ഇന്ത്യയെന്ന വികാരം', 'ആരണ്യകം', 'അതിര്‍ത്തിയിലേക്ക് ഒരു യാത്ര', 'ഉജ്ജയിനിയിലെ രാപ്പകലുകള്‍', 'മുഖമെവിടെ', 'ഭൂമി ഗീതങ്ങള്‍', 'പ്രണയ ഗീതങ്ങള്‍', 'സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം', 'ചാരുലത' എന്നിവയാണ് പ്രധാന കവിതാ സമാഹാരങ്ങള്‍. 'അസാഹിതീയം', 'കവിതയുടെ ഡി.എന്‍.എ' എന്നിവ ലേഖന സമാഹാരങ്ങളാണ്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

തിക്കോടിയന്‍, എം.വി.ദേവന്‍, പാലാ നാരായണന്‍ നായര്‍, ഒ.വി. വിജയന്‍, എം.ടി. വാസുദേവന്‍ നായര്‍, എം. മുകുന്ദന്‍, അക്കിത്തം, കോവിലന്‍ എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ 'മാതൃഭൂമി' പുരസ്‌കാരം ലഭിച്ചത്.

Tuesday, 16 November 2010

ഹജ്ജ് അനുഷ്ഠിച്ചവര്‍ 28 ലക്ഷം




       മിനാ: ഹജ്ജില്‍ പങ്കെടുത്തവരെ കുറിച്ചുള്ള കൂടുതല്‍ കൃത്യമായ കണക്ക് സൗദി ഹജ്ജ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം പുറത്തു വിട്ടു. ഇതനുസരിച്ച് 28 ലക്ഷത്തോളം തീര്‍ഥാടകരാണ് ഈ വര്‍ഷം വിശുദ്ധ ഹജ്ജ് അനുഷ്ഠിച്ചത് (2789399 ഹാജിമാര്‍). ഇതില്‍ 1799601 ഹാജിമാര്‍ 181 രാജ്യങ്ങളില്‍ നിന്നായി എത്തിയവരാണ്. 989798 ഹാജിമാര്‍ സൗദിയ്ക്കകത്തു നിന്ന് പ്രവാസികളും സ്വദേശികളുുമായ ആഭ്യന്തര തീര്‍ഥാടകരാണെന്നും പുറത്തു വിട്ട കണക്ക് വെളിപ്പെടുത്തി.

ചരിത്രത്തിലാദ്യമായി ഈ വര്‍ഷം നടപ്പിലാക്കിയ ഹജ്ജ് ട്രെയിന്‍ ഹജ്ജ് കാഴ്ചകള്‍ക്ക് മനോഹാരിതവും ഒപ്പം ഗാംഭീര്യവും പകര്‍ന്ന ചിത്രം സമ്മാനിച്ചു. തീര്‍ഥാടക സാഗരത്തിന് മീതേ ഭൂനിരപ്പില്‍ നിന്നുയരുന്ന തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞ ഹജ്ജ് ട്രെയിനുകള്‍ ഈ വര്‍ഷത്തെ ഹജ്ജിന്റെ അവിസ്മരണീയ മുദ്രയായി.

Saturday, 13 November 2010

കൊച്ചി-ബാംഗ്ലൂര്‍-മംഗലാപുരം വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്ക് ഈ മാസം തുടക്കം

കൊച്ചി: ഗെയില്‍ ഇന്ത്യ 3032 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന കൊച്ചി-ബാംഗ്ലൂര്‍-മംഗലാപുരം വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്ക് ഈ മാസം തുടക്കമിടും. പുതുവൈപ്പിനിലെ ഗെയിലിന്റെ നിര്‍ദിഷ്ട ഡെസ്​പാച്ച് ടെര്‍മിനലില്‍ കേന്ദ്ര പെട്രോളിയം വകുപ്പുമന്ത്രി മുരളി ദേവ്‌റ പൈപ്പ് വെല്‍ഡുചെയ്തുകൊണ്ട് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രിയുടെ സൗകര്യാര്‍ത്ഥം നവംബര്‍ 24 ,25, 28 തീയതികളാണ് പരിഗണിക്കുന്നത്.

മൊത്തം 1021 കിലോമീറ്റര്‍ വരുന്ന പദ്ധതിയുടെ മൂന്നാം ഘട്ടമായ പുതുവൈപ്പിന്‍-ഉദ്യോഗമണ്ഡല്‍-അമ്പലമുകള്‍ ലൈനിന്റെ നിര്‍മാണത്തിനാണ് മന്ത്രി തുടക്കം കുറിക്കുകയെന്ന് ഗെയില്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 40 കിലോമീറ്റര്‍ വരുന്ന ആദ്യ ഘട്ടത്തിന് 348 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ പൈപ്പ്‌ലൈന്‍ നിര്‍മാണം തുടങ്ങാനാണ് പദ്ധതി. ഇതിനാവശ്യമായ കാര്‍ബണ്‍ സ്റ്റീല്‍ പൈപ്പുകള്‍ ഈയാഴ്ചയോടെ കൊച്ചിയിലെത്തിത്തുടങ്ങും. ഗുജറാത്തിലെ ഭുജിലുള്ള പിഎസ്എല്‍ കമ്പനിയുടെ റോളിങ് മില്ലിലാണ് പൈപ്പുകള്‍ നിര്‍മിച്ചുവരുന്നത്. ആദ്യ ഘട്ടത്തില്‍ നാല് വില്ലേജുകളിലൂടെയാണ് പൈപ്പ്‌ലൈന്‍ കടന്നുപോകുക.


45 കിലോമീറ്ററുള്ള പുതുവൈപ്പിന്‍-ഉദ്യോഗമണ്ഡല്‍ പൈപ്പ്‌ലൈനിടാനുള്ള 67 കോടിയുടെ കരാര്‍ ലഭിച്ചത് അഹമ്മദാബാദിലെ കോര്‍ടെക്കിനാണെങ്കില്‍ ഉദ്യോഗമണ്ഡല്‍-അമ്പലമുകള്‍ 16 കിലോമീറ്റര്‍ ലൈനിന്റെ കരാര്‍ അഹമ്മദാബാദിലെ തന്നെ ജയ്ഹിന്ദിനാണ്.


പുതുവൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്ന് റീ ഗ്യാസിഫൈ ചെയ്ത് ലഭിക്കുന്ന വാതകം ഗെയിലിന്റെ ഡെസ്​പാച്ച് ടെര്‍മിനലില്‍ എത്തിയ ശേഷമായിരിക്കും പൈപ്പുകളിലൂടെ പ്രവഹിക്കുക. പ്രത്യേക സാമ്പത്തിക മേഖലയില്‍ ഗെയിലിന് അനുവദിച്ച ഒരു ഹെക്ടര്‍ സ്ഥലത്ത് വാതകം അളക്കാനായി മീറ്റര്‍ ഏര്‍പ്പെടുത്തും. വാതകത്തിന്റെ ഗുണനിലവാര പരിശോധന, ഫില്‍റ്ററിങ്, വാതക സമ്മര്‍ദം കൂട്ടാനും കുറയ്ക്കാനുമുള്ള സംവിധാനം തുടങ്ങിയവയും ഇവിടെ ഒരുക്കും.


2011 ഡിസംബറില്‍ സാങ്കേതികമായി കമ്മീഷന്‍ ചെയ്യുന്ന ആദ്യഘട്ടം 2012 മാര്‍ച്ചില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ത്വരിതവേഗത്തില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ഗെയിലിന്റെ തീരുമാനം.


വ്യവസായങ്ങള്‍ക്ക് വാതകമെടുക്കാനായി ആദ്യ ഘട്ടത്തില്‍ ഏഴ് ടെര്‍മിനല്‍ പോയിന്റുകളാണ് സ്ഥാപിക്കുക. പാതാളത്തെ റിലയന്‍സ് എനര്‍ജി, ഫാക്ട് 1, ഫാക്ട് 2, കൊച്ചി റിഫൈനറി, നിറ്റാ ജെലാറ്റിന്‍, ബ്രഹ്മപുരം വൈദ്യുതി നിലയം, അപ്പോളോ ടയേഴ്‌സ് എന്നിവയായിരിക്കും ഇവ.


രണ്ടാം ഘട്ടത്തില്‍ ആലുവ വഴിയാണ് പൈപ്പ്‌ലൈന്‍ കടന്നുപോവുക. പാലക്കാട് ജില്ലയിലെ കൂറ്റനാട് നിന്ന് വേര്‍പിരിഞ്ഞാണ് ഒരു ലൈന്‍ മംഗലാപുരത്തേക്കും മറ്റേത് ബാംഗ്ലൂരിലേക്കും നീളുക. പെട്രോനെറ്റ് എല്‍എന്‍ജിയുടെ ടെര്‍മിനലില്‍ നിന്ന് 2012 മാര്‍ച്ചില്‍ വാതകം പ്രവഹിച്ചു തുടങ്ങുമ്പോള്‍ ആദ്യഘട്ട പൈപ്പ്‌ലൈനും ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.


പുതുവൈപ്പിനില്‍ നിന്ന് കായംകുളം എന്‍ടിപിസി നിലയത്തിലേക്ക് കടലിലൂടെ നിര്‍മിക്കുന്ന വാതക പൈപ്പ്‌ലൈനിന് 906.44 കോടി രൂപയുടെ നിക്ഷേപമാണ് കണക്കാക്കുന്നത്. 2013 ഡിസംബറിനു മുമ്പ് ഈ ലൈനും സജ്ജമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Sunday, 7 November 2010

എല്‍.എച്ച്.സി.യില്‍ 'മിനി ബിഗ്ബാങി'ന് തുടക്കം



           ജനീവയില്‍ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ 'മിനി ബിഗ്ബാങ്' ആരംഭിച്ചു. ലെഡ് അയണ്‍ധാരകള്‍ കൂട്ടിയിടിപ്പിച്ചുകൊണ്ടുള്ള കണികാപരീക്ഷണത്തിന്റെ രണ്ടാംഘട്ടം തുടങ്ങിയ കാര്യം, യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണ്‍' ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ശനിയാഴ്ച രാത്രിയാണ് അയണ്‍ധാരകളുടെ കൂട്ടിയിടി തുടങ്ങിയതെന്ന് ട്വിറ്റര്‍ സന്ദേശം പറയുന്നു.

മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം രൂപപ്പെട്ട ആദ്യനിമിഷങ്ങളിലെ അവസ്ഥ പരിമിതമായ തോതില്‍ പരീക്ഷണശാലയില്‍ പുനസൃഷ്ടിക്കാനുദ്ദേശിച്ചാണ്, ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (എല്‍.എച്ച്.സി) ലെഡ് അയണ്‍ധാരകളെ കൂട്ടിയിടിപ്പിക്കുന്നത്. 'മിനി ബിഗ്ബാങ്' എന്ന് ആ കൂട്ടിയിടികളെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നു. പ്രപഞ്ചത്തെ സംബന്ധിച്ച ഒട്ടേറെ രഹസ്യങ്ങളുടെ താക്കോലാകും മിനി ബിഗ്ബാങുകളെന്നാണ് പ്രതീക്ഷ.

ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി.മനുഷ്യനിര്‍മിതമായ ഏറ്റവും വലിയ യന്ത്രമാണ്. ഇന്നുവരെ ലോകത്ത് നടന്നിട്ടുള്ളതില്‍ വെച്ചേറ്റവും ശക്തിയേറിയ കണികാപരീക്ഷണത്തിനാണ് എല്‍.എച്ച്.സി.വേദിയാകുന്നത്. എല്‍.എച്ച്.സിയില്‍ ഏഴു മാസക്കാലം ഉന്നതോര്‍ജനിലയില്‍ പ്രോട്ടോണുകളെ തമ്മില്‍ കൂട്ടിയിടിപ്പിച്ച ശേഷമാണ്, ലെഡ് അയണുകളുടെ (ചാര്‍ജുള്ള ആറ്റങ്ങളാണ് അയണുകള്‍) കൂട്ടിയിടി ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്.



ദ്രവ്യത്തെ അതിന്റെ സൃഷ്ടിയുടെ ആദ്യനിമിഷങ്ങളില്‍ തന്നെ മനസിലാക്കാന്‍ ലെഡ് അയണുകള്‍ കൂട്ടിയിടിപ്പിച്ചുള്ള പരീക്ഷണം സഹായിക്കും. അത്യുന്നത ഊര്‍ജനിലയിലാണ് ലെഡ് അയണുകള്‍ കൂട്ടിയിടിക്കുന്നത്. കൂട്ടിയിടിയുടെ വേളയില്‍ ഇതുവരെ സാധ്യമാകാത്തത്ര ഊര്‍ജനിലയും സാന്ദ്രതയും രൂപപ്പെടുമെന്ന്, പരീക്ഷണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ബിര്‍മിങ്ഹാം സര്‍വകലാശാലയിലെ ഡോ.ഡേവിഡ് ഇവാന്‍സ് അറിയിച്ചു. താപനില ഏതാണ്ട് പത്ത് ലക്ഷം കോടി ഡിഗ്രിയാകും. അത് സൂര്യന്റെ അകക്കാമ്പിലെ ഊര്‍ജനിലയിലും പത്തുലക്ഷം മടങ്ങ് അധികമാണ്.

ഇത്രയും ഉയര്‍ന്ന ഊര്‍ജനിലയില്‍ ആറ്റമിക ന്യൂക്ലിയസിലെ ഗ്ലുവോണ്‍ ബന്ധനം ഉരുകിയഴിയുകയും, ബലകണങ്ങളായ ഗ്ലുവോണുകളും ദ്രവ്യകണങ്ങളായ ക്വാര്‍ക്കുകളും കൂടിക്കുഴഞ്ഞ് 'ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മ' എന്ന ദ്രവ്യാവസ്ഥ രൂപപ്പെടുകയും ചെയ്യും. പ്രപഞ്ചാരംഭത്തില്‍ വളരെ ചെറിയ സമയത്തേക്ക് മാത്രം നിലനിന്നിരുന്നതെന്ന് കരുതുന്ന അവസ്ഥയാണിത്. ബലങ്ങളും ദ്രവ്യവും പ്രപഞ്ചത്തില്‍ രൂപപ്പെട്ടതെങ്ങനെയെന്ന് മനസിലാക്കാനും, പ്രപഞ്ചത്തെ ഭരിക്കുന്ന നാലുതരം ബലങ്ങളില്‍ അതിബലത്തിന്റെ (സ്‌ട്രോങ് ഫോഴ്‌സ്) രഹസ്യം മനസിലാക്കാനും ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മയുടെ സൃഷ്ടി സഹായിക്കും.

എല്‍.എച്ച്.സിയിലെ നാല് മുഖ്യ പരീക്ഷണങ്ങളിലൊന്നായ 'ആലീസി'ന്റെ ലക്ഷ്യം തന്നെ, ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മയുടെ പ്രത്യേകതകള്‍ പഠിക്കുകയെന്നതാണ്. ആലീസ് പരീക്ഷണത്തില്‍ പങ്കെടുക്കുന്ന ഗവേഷകനാണ് ഡോ.ഇവാന്‍സ്. ആലീസില്‍ മാത്രമല്ല, 'അറ്റ്‌ലസ്', 'സി.എം.എസ്' പരീക്ഷണങ്ങളിലും ലെഡ് അയണ്‍ കൂട്ടിയിടി രേഖപ്പെടുത്തിയതായി സേണിന്റെ സന്ദേശം പറയുന്നു. പരീക്ഷണം നടന്നാലും, അതിന്റെ ഫലങ്ങള്‍ വിശകലനം ചെയ്ത് മനസിലാക്കാന്‍ വര്‍ഷങ്ങളെടുക്കും.

പിഡിഎഫ് ഫയലുകള്‍ക്ക് ഇനി ക്രോം മാത്രം മതി


          സാധാരണ വെബ്‌പേജുകളോളം എളുപ്പത്തില്‍ തുറന്നു കാണാനാവില്ല വെബ്ബിലെ പിഡിഎഫ് പേജുകള്‍. ഫോണ്ടു പ്രശ്‌നമില്ല, ലേഔട്ടില്‍ കടുകിട മാറ്റം പോലുമുണ്ടാകില്ല തുടങ്ങി നിരവധി ഗുണങ്ങളുണ്ടെങ്കിലും ചില ബ്രൗസറുകളില്‍ പലപ്പോഴും എടുത്താല്‍ പൊങ്ങാത്തവയാണ് പിഡി എഫ് എന്ന് നമുക്ക് തോന്നിയിട്ടുണ്ടാകും. പ്രത്യേകിച്ച് അല്പം ഭാരക്കൂടുതലുള്ള ഫയലുകളാണെങ്കില്‍. ഇവയ്‌ക്കെല്ലാം പരിഹാരം ഒടുവില്‍ ഗൂഗിളിന്റെ ക്രോം അവതരിപ്പിച്ചിരിക്കുന്നു. ക്രോമിന്റെ ബീറ്റാപതിപ്പിലാണ് പി ഡി എഫിനു വേണ്ടി പുതിയ പ്ലഗ്ഇന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഉള്‍പ്പടെയുള്ള മറ്റെല്ലാ ബ്രൗസറുകളിലും പിഡിഎഫ് ഫയല്‍ തുറന്നു കാണാന്‍ അക്രോബാറ്റോ സമാനമായ ഏതെങ്കിലും റീഡറുകളുടെയോ സഹായം വേണം. റീഡറുകളുടെ ഗുണനിലവാരം പോലിരിക്കും വെബ്ബിലെ പി ഡി എഫ് തുറന്നു വരാനെടുക്കുന്ന സമയവും കാര്യക്ഷമതയും. ക്രോം ബ്രൗസറില്‍ പുതിയതായി ഉള്‍പ്പെടുത്തിയ പി ഡി എഫ് വ്യൂവറാണ് പുറത്തുനിന്നു മറ്റാരുടേയും സഹായമില്ലാതെ പിഡിഎഫ് ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നത്. ഇത് ബീറ്റാ പതിപ്പില്‍ നിന്നു മാത്രമേ ലഭിക്കുകയുള്ളൂ. സാധാരണ വെബ്‌പേജുകള്‍ തുറന്നു കാണുമ്പോലെ തന്നെ ഇതിലൂടെ പിഡിഎഫ് പേജുകളും കൈകാര്യം ചെയ്യാം.

ഒപ്പം മറ്റൊന്നുകൂടിയുണ്ട്. പിഡിഎഫ് ഫയലുകളിലൂടെ മാല്‍വേറുകളായും (ദുഷ്ടപ്രോഗ്രാമുകളായും) മറ്റുമുള്ള ആക്രമണങ്ങളെ ചെറുക്കാനേര്‍പ്പെടുത്തിയ 'സാന്റ്‌ബോക്‌സ്' എന്ന സുരക്ഷാ സംവിധാനം കൂടി ഉള്‍പ്പെടുത്തിയതായി ഗൂഗിള്‍ സോഫ്റ്റവേര്‍ എന്‍ജിനീയര്‍ ജോണ്‍ അബ്ദ് എസ് മാലിക് ബ്ലോഗിലൂടെ വെളിപ്പെടുത്തി.

ആഗോളതലത്തില്‍ വളരെ വേഗം വളര്‍ന്നു വരുന്ന ബ്രൗസറായ ക്രോം ഈ പദ്ധതിയുമായി രംഗത്തെത്തിയതോടെ ശരിക്കും ബുദ്ധിമുട്ടുക അഡോബിയുടെ അക്രോബാറ്റ് പ്രസ്ഥാനമായിരിക്കും. അതുകൊണ്ടു തന്നെ അഡോബിക്കിട്ട് പണി കൊടുക്കാനല്ല, വെബ് നാവിഗേഷന്‍ കുടുതല്‍ മെച്ചപ്പെടുത്തുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. 

-ബി എസ് ബിമിനിത്
 

Friday, 5 November 2010

വീട്ടിലേക്ക് സൗജന്യ കോള്‍; ദീപാവലി സമ്മാനവുമായി ബി.എസ്.എന്‍.എല്‍.


ന്യൂഡല്‍ഹി: ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്ക് ദീപാവലി സമ്മാനമായി സൗജന്യ സിം കാര്‍ഡ് ലഭിക്കും. 'പ്യാരി ജോഡി' എന്ന സ്‌കീം പ്രകാരം ഉപഭോക്താവിന് ഈ സിം കാര്‍ഡ് ഉപയോഗിച്ച് തന്റെ ലാന്‍ഡ് നമ്പറിലേക്ക് എത്രവേണമെങ്കിലും (അണ്‍ലിമിറ്റഡ്) സൗജന്യമായി വിളിക്കാം. കൂടാതെ ഇതില്‍ നിന്ന് രണ്ട് ലോക്കല്‍ ബി.എസ്.എന്‍.എല്‍. നമ്പറുകളിലേക്ക് മിനിറ്റിന് ഇരുപതു പൈസയ്ക്കും ഒരു ബി.എസ്.എന്‍.എല്‍. നമ്പറിലേക്ക് ഇന്ത്യയിലെവിടെയും 30 പൈസയ്ക്കും വിളിക്കാം. ഇതിന് പ്രതിമാസ ചാര്‍ജ് നല്‍കേണ്ടതുമില്ല. മഹാരാഷ്ട്ര സര്‍ക്കിളില്‍ നടപ്പാക്കിക്കഴിഞ്ഞ പദ്ധതി ദീപാവലി സമ്മാനമായാണ് രാജ്യവ്യാപകമായി കൊണ്ടുവരുന്നത്.

നിലവിലെ ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്കും പുതുതായി ലാന്‍ഡ് ഫോണെടുക്കുന്നവര്‍ക്കും മേല്‍പ്പറഞ്ഞ സൗജന്യ സിം കാര്‍ഡ് ലഭിക്കും. മുപ്പത്തിമൂന്ന് രൂപയ്ക്ക് ഇത് ആക്ടിവേറ്റ് ചെയ്താല്‍ പതിനഞ്ചു രൂപയുടെ സംസാര സമയവും ആയിരം എസ്.എം.എസും. ലഭിക്കും. ആയിരം എം.ബി. ഡാറ്റ ഡൗണ്‍ലോഡും ചെയ്യാം.

താഴേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന ബി.എസ്.എന്‍.എല്ലിന്റെ ലാന്‍ഡ് ലൈന്‍ ബിസിനസ്സിനെ പച്ചപിടിപ്പിക്കുകയാണ് 'പ്യാരി ജോഡി'യുടെ ലക്ഷ്യമെന്ന് സ്‌കീം പുറത്തിറക്കിക്കൊണ്ട് കേന്ദ്ര വാര്‍ത്താവിനിമയ, ഐ.ടി. സഹമന്ത്രി സച്ചിന്‍ പൈലറ്റ് പറഞ്ഞു. ബി.എസ്.എന്‍.എല്ലിന്റെ മൊബൈല്‍ ബിസിനസ് പോഷിപ്പിക്കാനും ഇതുവഴി സാധിക്കും. രാജ്യത്തിന്റെ എല്ലാ ഭാഗത്തും സേവനമെത്തിക്കുന്ന ബി.എസ്.എന്‍.എല്‍. ശരിക്കും 'നാഷണല്‍ പ്ലെയര്‍' ആണെന്നും മന്ത്രി പറഞ്ഞു. ബി.എസ്.എന്‍.എല്‍. മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം സെപ്തംബറില്‍ മാത്രം 25 ലക്ഷം കൂടിയിട്ടുണ്ട്.

Sunday, 31 October 2010

ഡോ.എം.ലീലാവതിയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം


                       കൊച്ചി: ഇത്തവണത്തെ എഴുത്തച്ഛന്‍പുരസ്‌കാരം ഡോ.എം.ലീലാവതിയ്ക്ക്. സാംസ്‌കാരിക മന്ത്രി എം.എ.ബേബി ലീലാവതി ടീച്ചറുടെ വീട്ടിലെത്തി പുരസ്‌കാര വിവരം അറിയിച്ചു. ഒ.എന്‍.വികുറുപ്പ് അധ്യക്ഷനും സുഗതകുമാരി, പി.വത്സല, എം.എന്‍.കാരശേരി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരം ലീലാവതിയ്ക്ക് നല്‍കാന്‍ തീരുമാനിച്ചത്.

മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. സാഹിത്യവിമര്‍ശക, എഴുത്തുകാരി, പ്രഭാഷക, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തമായ വ്യക്തിത്വമാണ് എം.ലീലാവതി.


1927 സപ്തംബര്‍ 16 ന് ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയില്‍ ജനിച്ചു. കുന്നംകുളം ഹൈസ്‌ക്കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് സര്‍വകലാശാല, കേരള സര്‍വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1949 മുതല്‍ പാലക്കട് ഗവ.വിക്ടോറിയ കോളേജ്, മഹാരാജാസ് കോളജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് തുടങ്ങിയ കലാലയങ്ങളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചു.


തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് 1983 ല്‍ വിരമിച്ചു. കുറച്ചുകാലം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ്ങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. പത്മശ്രീ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.


ലീലാവതിയ്ക്ക് ലഭിച്ച മറ്റ് പുരസ്‌കാരങ്ങള്‍

ഓടക്കുഴല്‍ അവാര്‍ഡ്
സോവിയറ്റ്‌ലാന്റ് നെഹ്‌റു അവാര്‍ഡ്
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

പ്രധാന കൃതികള്‍

കവിതയും ശാസ്ത്രവും
കണ്ണീരും മഴവില്ലും
നവരംഗം
വിശ്വോത്തരമായ വിപ്ലവേതിഹാസം
ജിയുടെ കാവ്യജീവിതം
മലയാള കവിതാസാഹിത്യ ചരിത്രം
അമൃതമശ്‌നുതേ
കവിതാധ്വനി
സത്യം ശിവം സുന്ദരം
ശൃഗാരാവിഷ്‌കരണം സി വി കൃതികളില്‍
ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍ - ഒരു പഠനം
ഉണ്ണിക്കുട്ടന്റെ ലോകം

Thursday, 28 October 2010

മേളകളുടെ മേളയാകാന്‍ ഗ്വാങ്ഷു

         പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണംകൊണ്ട് മാത്രമേ ഒളിമ്പിക്‌സ് ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ കായിക മേളയാവുന്നുള്ളൂ. കായിക ഇനങ്ങളുടെയും നടക്കുന്ന മല്‍സരങ്ങളുടെയും സമ്മാനിക്കപ്പെടുന്ന മെഡലുകളുടെയും പങ്കെടുക്കുന്ന കായിക താരങ്ങളുടെയും എണ്ണം പരിഗണിക്കുമ്പോള്‍ ഒളിമ്പിക്‌സിനെക്കാള്‍ വലിയ മേളയാണ് ഏഷ്യന്‍ ഗെയിംസ് . നവംബര്‍ 12 മുതല്‍ 27 വരെ ചൈനയിലെ ഗ്വാങ്ഷുവില്‍ നടക്കുന്ന പതിനാറാമത് ഏഷ്യന്‍ ഗെയിംസ് ഈ വസ്തുതയ്ക്ക് അടിവരയിടുന്ന മേളയാവും.

2008-ലെ ബെയ്ജിങ് ഒളിമ്പിക്‌സില്‍ 28 കായിക ഇനങ്ങളിലായി 302 സ്വര്‍ണമെഡലുകള്‍ക്ക് വേണ്ടി 11,028 കായികതാരങ്ങളാണ് മല്‍സരിച്ചത്. അതിനും രണ്ടുവര്‍ഷം മുമ്പ് ദോഹയില്‍ നടന്ന പതിനഞ്ചാമത് ഏഷ്യന്‍ ഗെയിംസില്‍ 39 ഇനങ്ങളിലായി 428 സ്വര്‍ണ മെഡലുകള്‍ക്കുവേണ്ടി 13,000 കായികതാരങ്ങള്‍ കളത്തിലിറങ്ങി. ഗ്വാങ്ഷുവില്‍ 42 ഇനങ്ങളിലായി 476 സ്വര്‍ണ മെഡലുകള്‍ക്കായാണ് മത്സരം. പങ്കെടുക്കുന്ന കായികതാരങ്ങളുടെ എണ്ണം 15,000 കടക്കുമെന്നാണ് കരുതുന്നത്. ക്രിക്കറ്റും ചെസ്സും ബില്യാര്‍ഡ്‌സും ബൗളിങ്ങും സോഫ്റ്റ് ടെന്നീസും സോഫ്റ്റ്‌ബോളും കരാട്ടെയും വള്ളംകളിയും ഡാന്‍സും ഉള്‍പ്പെടെ കേട്ടുകേള്‍വിയുള്ള സകല സ്‌പോര്‍ട്‌സും ഗ്വാങ്ഷുവില്‍ മല്‍സര ഇനമാണ്. വാട്ടര്‍ പോളോയെ സ്വിമ്മിങ്ങില്‍ നിന്നും സ്‌നൂക്കറിനെയും കാരംബോളിനെയും ബില്യാര്‍ഡ് സ്‌പോര്‍ട്‌സില്‍ നിന്നും സോഫ്റ്റ് ടെന്നീസിനെ ടെന്നീസില്‍ നിന്നും ബീച്ച് വോളിയെ വോളിബോളില്‍ നിന്നും മാറ്റി വേറെ ഇനങ്ങളായി പരിഗണിച്ചാല്‍ കായിക ഇനങ്ങളുടെ എണ്ണം അമ്പത് കടക്കും.

ചെസ്സ് തന്നെ മൂന്നു വിധമാണ്.- നമ്മുടെ സാദാ ചെസ്സും പിന്നെ വെയ്ക്വി, ഷാന്‍ക്വി എന്നീ ഇനങ്ങളും. ഒന്നായി പരിഗണിക്കപ്പെട്ടിരിക്കുന്ന മൂന്നിനങ്ങളിലും കൂടി ഒന്‍പത് സ്വര്‍ണ മെഡലുകള്‍. ചൈനയുടെ പരമ്പരാഗതയിനമായ ഡ്രാഗണ്‍ ബോട്ട് റെയ്‌സാണ് ഗെയിംസില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്ന ഇനങ്ങളിലൊന്ന്. ഇതിലുമുണ്ട് ആറ് സ്വര്‍ണ മെഡലുകള്‍. ഡാന്‍സും മല്‍സര ഇനമാണ്. ഡാന്‍സ് സ്‌പോര്‍ട്‌സ് എന്നാണ് പേര്. ഇതില്‍ 10 സ്വര്‍ണമെഡല്‍. ഇത്രയധികം സ്‌പോര്‍ട്‌സിനങ്ങള്‍ക്ക് ആവശ്യമായ വേദികളും സ്റ്റേഡിയങ്ങളും ഒരുക്കുക എന്നത് തന്നെ കഠിന ദൗത്യമായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ ഈസ്റ്റേഡിയങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ചൈനയിലെ മൂന്നാമത്തെ വലിയ നഗരമായ ഗ്വാങ്ഷുവിലെ മിക്ക സ്റ്റേഡിയങ്ങളും പുതുതായി പണിതതാണ്.

ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്‌പോര്‍ട്‌സ് ഇനങ്ങളുടെ പട്ടിക വായിച്ച് ആ ഇനങ്ങള്‍ എന്താണെന്ന് പഠിച്ചുവരുമ്പോഴേക്ക് ഗെയിംസ് അവസാനിച്ചിരിക്കും, തീര്‍ച്ച. എല്ലായിനങ്ങളിലും മല്‍സരിക്കുന്ന ഒരേയൊരു രാജ്യമേയുള്ളൂ. ചൈന. തങ്ങള്‍ക്ക് പരിചിതമല്ലാത്ത ഗെയ്മുകളില്‍ പോലും യോജിച്ച കായികതാരങ്ങളെ കണ്ടെത്തി മികച്ച പരിശീലകരെ വിദേശത്തുനിന്ന് കൊണ്ടുവന്ന് വിദഗ്ധ പരിശീലനം നല്‍കുകയാണ് അവര്‍ ചെയ്തത്. 2008-ലെ ബെയ്ജിങ് ഒളിമ്പിക്‌സില്‍ അമേരിക്കയെ പിന്തള്ളി ചാമ്പ്യന്‍മാരായ ചൈന തങ്ങളുടെ കായിക മേധാവിത്വം ഒരിക്കല്‍ കൂടി ലോകത്തിന് മുമ്പാകെ തെളിയിക്കാനുള്ള അവസരമായാണ് ഗ്വാങ്ഷു ഗെയിംസിനെ കാണുന്നത്. ലോകത്തെ ഏറ്റവും വലിയ വന്‍കരയുടെ കായിക മേളയില്‍ മൊത്തം സമ്മാനിക്കപ്പെടുന്ന 476 സ്വര്‍ണമെഡലുകളില്‍ 200 എണ്ണമെങ്കിലും സ്വന്തമാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഇപ്പോഴത്തെ നിലയില്‍ അതിനപ്പുറത്തേക്ക് അവര്‍ പോയാലും അദ്ഭുതപ്പെടാനില്ല.

Sunday, 24 October 2010

ശമ്പളം 7.34 കോടി





             കൊച്ചി: രാജ്യത്തെ മുന്‍നിര എഫ്എംസിജി കമ്പനികളില്‍ ഏറ്റവുമധികം ശമ്പളം പറ്റുന്ന മേധാവി വൈ.സി.ദേവേശ്വര്‍. ഐടിസിയുടെ ചെയര്‍മാനായ ഇദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം 7.34 കോടി രൂപയാണ്. അതായത് പ്രതിമാസം 61.17 ലക്ഷം രൂപ.

63കാരനായ ദേവേശ്വര്‍ 1996 മുതല്‍ ഐടിസിയുടെ ചെയര്‍മാനാണ്. 1968ല്‍ ഐടിസിയില്‍ ചേര്‍ന്ന ഇദ്ദേഹം 1984 മുതല്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. 2012 ഫിബ്രവരിയില്‍ വിരമിക്കും.


എഫ്എംസിജി മേഖലയില്‍ മാത്രമല്ല വൈവിദ്യമാര്‍ന്ന മറ്റു പല മേഖലകളിലും സാന്നിധ്യമുള്ള കമ്പനിയാണ് ഇപ്പോള്‍ ഐടിസി. 4168 കോടി രൂപയാണ് കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റാദായം. വിപണി മൂല്യം 1,23,388 കോടി രൂപയും.


ശമ്പളത്തിന്റെ കാര്യത്തില്‍ തൊട്ടുപിന്നില്‍ നില്‍ക്കുന്നത് ഡാബര്‍ ഇന്ത്യയുടെ സിഇഒ സുനില്‍ ദുഗ്ഗാളാണ്. 5.72 കോടി രൂപയാണ് അദ്ദേഹത്തിന്റെ ശമ്പളം.


ഇവര്‍ക്ക് രണ്ടു പേര്‍ക്കും പിന്നാലെ, ബ്രിട്ടാനിയയുടെ മാനേജിങ് ഡയറക്ടര്‍ വിനീത ബാലി, ജിഎസ്‌കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയര്‍ മാനേജിങ് ഡയറക്ടര്‍ സുബൈര്‍ അഹമ്മദ് എന്നിവരാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ യൂണീലിവറിന്റെ മാനേജിങ് ഡയറക്ടര്‍ നിതിന്‍ പരാഞ്ച്‌പേ ശമ്പളത്തിന്റെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്താണ്.


ബ്രിട്ടാനിയ മേധാവി വിനീത ബാലിയുടെ ശമ്പളം 4.42 കോടി രൂപയാണ്. ജിഎസ്‌കെ (ഗ്ലോക്‌സോ സ്മിത്ത്‌ക്ലെയിന്‍) മേധാവി സുബൈര്‍ അഹമ്മദിന്റേത് 4.13 കോടിയും. സമ്പൂര്‍ണ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ മാനേജിങ് ഡയറക്ടര്‍ നിതിന്‍ പ്രതിവര്‍ഷം 3.19 കോടി രൂപയാണ് സ്വന്തമാക്കുന്നത്.

 

Friday, 22 October 2010

കവി എ അയ്യപ്പന്‍ അന്തരിച്ചു


              തിരുവനന്തപുരം: ബിംബങ്ങളിലൂടെ മലയാള കവിതയെ പ്രശോഭിപ്പിച്ച കവി എ അയ്യപ്പന്‍(61) അന്തരിച്ചു. തിരുവനന്തപുരത്ത് ജനറല്‍ ആസ്​പത്രിയിലായിരുന്നു അന്ത്യം. അനാഥനെങ്കിലും സനാഥനായി അലഞ്ഞുതീര്‍ത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. കറുപ്പ്, മാളമില്ലാത്ത പാമ്പ്, ബുദ്ധനും ആട്ടിന്‍കുട്ടിയും, ബലിക്കുറുപ്പുകള്‍, വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, കറുപ്പ്, ചിത്തരോഗ ആസ്​പത്രിയിലെ ദിനങ്ങള്‍, തെറ്റിയോടുന്ന സെക്കന്റ് സൂചി എന്നിവയാണ് പ്രധാന കൃതികള്‍.

1949 ഒക്‌ടോബര്‍ 27ന് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തായിരുന്നു ജനനം. ചെറുപ്പകാലത്ത് തന്നെ അച്ഛനും അമ്മയും മരിച്ചു. സഹോദരിയുടെ സംരക്ഷണയിലായിരുന്നു വളര്‍ന്നത്. 18 ാം വയസ്സില്‍ കവിത എഴുതിത്തുടങ്ങി. വിദ്യാഭ്യാസത്തിന് ശേഷം അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി.

2010 ലെ ആശാന്‍ പുരസ്‌കാരമാണ് ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന് ലഭിച്ച അംഗീകാരം. ആശാന്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന് വെള്ളിയാഴ്ച ചെന്നൈയിലേക്ക് പുറപ്പെടാനിരിക്കെയാണ് മരണം സംഭവിച്ചത്. അയ്യപ്പേട്ടന് അവാര്‍ഡുണ്ട് എന്നാരെങ്കിലും അറിയിച്ചാല്‍ എത്രകാശ് കിട്ടും എന്നാകും അയ്യപ്പന്റെ പതിവ് മറുപടി.

കവിതയെഴുത്ത് പോലെ തന്നെ അയ്യപ്പന്റെ ശീലമായിരുന്നു മദ്യപാനവും. പലപ്പോഴും ആരോഗ്യസ്ഥിതി മോശമായി ആസ്​പത്രിയില്‍ കഴിയേണ്ടി വന്നു. ഒന്നു രണ്ട് തവണ ഡോക്ടര്‍മാര്‍ പോലും ഇനി എഴുതാന്‍ അയ്യപ്പനുണ്ടാവില്ല എന്ന് വിധിയെഴുതി. അപ്പോഴെല്ലാം സകലരേയും അമ്പരപ്പിച്ചുകൊണ്ട് അയ്യപ്പന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ ഇത്തവണ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. മരണം അയ്യപ്പനെ വിളിച്ചു. അയ്യപ്പന്‍ കേട്ടു.

ബിംബങ്ങളുടെ ആഘോഷമാണ് അയ്യപ്പന്റെ കവിതകള്‍. അക്ഷരങ്ങളെ നക്ഷത്രങ്ങളാക്കി മാറ്റി നവീനമായ കാവ്യഭാഷ. ജീവിതാനുഭവങ്ങളുടെ വിഷം കവിതയാക്കി മാറ്റി. അതുകൊണ്ടാണ് കവിത ഒരു കോപ്പ വിഷമാണെന്ന് അയ്യന്‍ എഴുതിയത്. അലഞ്ഞെഴുതുന്നവന്റെ ജീവിത രചനകളാണ് ആ കവിതകള്‍.

'കാറപകടത്തില്‍ പെട്ടുമരിച്ച
വഴിയാത്രക്കാരന്റെ ചോരയില്‍ ചവുട്ടി
ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്റെ പോക്കറ്റില്‍ നിന്നും പിറന്ന
അഞ്ചുരൂപയിലായിരുന്നു എന്റെ കണ്‍
ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍
എന്റെ കുട്ടികള്‍; വിശപ്പ് എന്ന നോക്കുകുത്തികള്‍
ഇന്നത്താഴം ഇതുകൊണ്ടാവാം'

ഇങ്ങനെ എഴുതാന്‍ ഒരേയൊരു അയ്യപ്പന്‍ മാത്രമേ നമുക്കുണ്ടായിരുന്നുള്ളൂ.

തിരസ്‌കൃതനായ ജീവിച്ച അയ്യപ്പന്റെ മരണത്തിലും ആ വ്യത്യസ്തത നിലനിന്നു. മരണം കൂട്ടിക്കൊണ്ടുപോയിട്ടും ഒടുവില്‍ ആരാലും തിരിച്ചറിയപ്പെടാതെ ആസപത്രിയില്‍ മുറിയില്‍ ഏറെനേരം. വ്യാഴാഴ്ച രാത്രിയില്‍ തിരുവനന്തപുരത്ത് വഴിയരികില്‍ വീണുകിടക്കുകയായിരുന്ന അയ്യപ്പനെ രാത്രി വൈകിയാണ് ആസ്​പത്രിയിലെത്തിച്ചത്. അവിടെയെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അത്താഴമൂട്ടുമായ് അലയുന്ന ഞാന്‍ സ്വയം
ചുമക്കുന്ന ചുമടുമായി ഈവഴിയോരങ്ങള്‍ താണ്ടട്ടെ
മരിക്കാന്‍ മനസ്സില്ലാത്തവനായി...

എങ്കിലും പലപ്പോഴും തെന്നിമാറിയ മരണം ഒടുവില്‍ അയപ്പനെ വിളിച്ചു. അയ്യപ്പന്‍ യാത്രയായി. മരണത്തെപ്പേടിച്ച് മരുന്നും മദ്യവും ഒന്നിച്ച് അകത്താക്കി ഒടുവില്‍ മരണത്തിലേക്ക്. തെറ്റിയോടിയ ഒരു സെക്കന്റ് സൂചി അങ്ങനെ നിലച്ചു.

Wednesday, 20 October 2010

ലോകത്തെ ഏറ്റവും വലിയ കടല്‍പ്പാലം കുവൈത്തില്‍



35 കി.മീ. ദൈര്‍ഘ്യം.
100 കോടി ദിനാര്‍.
നിര്‍മാണം അഞ്ചു വര്‍ഷംകൊണ്ട്.

                          കുവൈത്ത്: ലോകത്തെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലത്തിന് കുവൈത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ഒരു ബില്യന്‍ കുവൈത്ത് ദിനാര്‍ ചെലവ് വരുന്ന പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം അഞ്ചു വര്‍ഷംകൊണ്ട് പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി. അണ്ടര്‍ സെക്രട്ടറി ഹുസൈന്‍ അല്‍-മന്‍സൂര്‍ അറിയിച്ചു. 35 കി.മീ. ദൈര്‍ഘ്യമുള്ള പാലത്തിന്റെ 30 കി.മീ. ദൂരവും കടലിന് മുകളിലൂടെയാണ്.

മുന്‍ അമീര്‍ ശൈഖ് ജാബിര്‍ അല്‍-അഹ്മദ് അല്‍-ജാബിര്‍ അല്‍-സബയുടെ നാമധേയത്തില്‍ നിര്‍മിക്കുന്ന കടല്‍പ്പാലം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ കടല്‍പ്പാലമായി മാറുമെന്നും അദ്ദേഹം അറിയിച്ചു.കുവൈത്തില്‍ നിര്‍മിക്കുന്ന വിസ്മയങ്ങളായ കുവൈത്ത് സിറ്റിയെയും സുബിയ്യ സില്‍ക് സിറ്റിയെയും ബന്ധിപ്പിക്കുന്നതാണ് ജാബിര്‍ കടല്‍പ്പാലം. മേഖലയിലെ ഏറ്റവും വലിയ സാമ്പത്തികകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന കുവൈത്തിന്റെ വികസനോന്മുഖമായ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിക്കുന്ന വിസ്മയ സിറ്റിയാണ് സുബിയ്യ സില്‍ക് സിറ്റി.


ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമുള്‍പ്പെടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങളുടെ പറുദീസയായി മാറുന്ന സില്‍ക് സിറ്റിയുമായി കുവൈത്ത് സിറ്റിയെ ബന്ധിപ്പിക്കുന്ന 'ജാബിര്‍' കടല്‍പ്പാലത്തിന്റെ രൂപകല്പന ഒരു വര്‍ഷത്തിനകം തയ്യാറാകും. തുടര്‍ന്നുള്ള നാലു വര്‍ഷങ്ങള്‍കൊണ്ട് കടല്‍പ്പാലം പൂര്‍ത്തിയാകും. 2016 ജൂണ്‍ മാസത്തോടെ കടല്‍പ്പാലം സഞ്ചാരയോഗ്യമാകുന്നതാണ്.


അതേസമയം ജാബിര്‍ കടല്‍പ്പാലത്തിന്റെ നിര്‍മാണ കരാറിനായി സൗദിഅറേബ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിന്‍ലാദന്‍ ഗ്രൂപ്പും കൊറിയന്‍ കമ്പനിയായ ഹുണ്ടായിയും മത്സരിക്കുന്നു. കുവൈത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ നിര്‍മിക്കുന്ന സില്‍ക് സിറ്റി, മേഖലയിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരകേന്ദ്രമായി മാറും.


ഇതുകൂടാതെ ബുബ്‌യാനില്‍ ആരംഭിച്ച വന്‍കിട കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ നിര്‍മാണവും ഇതോടൊപ്പം പുരോഗമിക്കുകയാണ്. സില്‍ക് സിറ്റിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സാമ്പത്തികകേന്ദ്രമായി കുവൈത്ത് മാറുന്നതോടൊപ്പം ഏകദേശം നാലരലക്ഷം പുതിയ തൊഴിലവസരങ്ങളും സംജാതമാകുമെന്നാണ് കണക്കുകൂട്ടല്‍.

Saturday, 16 October 2010

ലോകത്തെ ഏറ്റവും വലിയ തുരങ്കം സ്വിറ്റ്‌സര്‍ലന്‍ഡില്‍




                 സെഡ്രണ്‍: ലോകത്തിലെ ഏറ്റവും നീളമുള്ള തുരങ്കത്തിന്റെ നിര്‍മാണം സ്വിറ്റ്‌സര്‍ലന്‍ഡില്‍ പൂര്‍ത്തിയായി. ആല്‍പ്‌സ് പര്‍വതനിരയ്ക്ക് അപ്പുറവുമിപ്പുറവുമുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഗോഥാര്‍ഡ് തുരങ്കത്തിന് 57 കിലോമീറ്ററാണ് ദൈര്‍ഘ്യം.

യൂറോപ്പിലെ ചരക്കുഗതാഗതത്തിന്റെ മുഖച്ഛായ മാറ്റുന്ന തുരങ്കത്തിന്റെ നിര്‍മാണം പതിനഞ്ചു വര്‍ഷംകൊണ്ടാണ് പൂര്‍ത്തിയായത്. ഇരുപുറത്തുനിന്നും ആരംഭിച്ച ഖനനം വെള്ളിയാഴ്ച സെഡ്രണില്‍ കൂട്ടിമുട്ടി. യൂറോപ്പിന്റെ ഭരണനേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങ് ടെലിവിഷനുകള്‍ തത്സമയം സംപ്രേഷണം ചെയ്തു.

ആല്‍പ്‌സ് പര്‍വതത്തിന്റെ മുകള്‍ഭാഗത്തു നിന്ന് 2,000 മീറ്റര്‍ താഴേക്കൂടിയാണ് തുരങ്കം കടന്നുപോകുന്നത്. ഒമ്പതര മീറ്റര്‍ വീതിയുള്ള ഇതില്‍ പാളങ്ങള്‍ ഘടിപ്പിച്ച് 2017-ഓടെ തീവണ്ടി സര്‍വീസ് ആരംഭിക്കും. ഇറ്റലിയിലെ മിലാനില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലേക്ക് മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ പ്രതിദിനം 300 തീവണ്ടികള്‍ ഇതുവഴി കടന്നുപോകും. യാത്രാസമയത്തില്‍ അതോടെ വലിയ കുറവ് വരും.

ആല്‍പ്‌സ് പര്‍വതനിരകളെ കീറിമുറിച്ചുപോകുന്ന റോഡുകളിലൂടെയുള്ള ചരക്കുകടത്ത് ഈ മേഖലയുടെ പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്നുവെന്ന തിരിച്ചറിവാണ് റെയില്‍വേ തുരങ്ക നിര്‍മാണത്തിനു പിന്നില്‍. ചരക്കു കടത്ത് റെയില്‍ വഴിയാകുന്നതോടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വലിയൊരളവോളം പരിഹരിക്കപ്പെടുമെന്ന് കരുതുന്നു. 2,500 ജോലിക്കാരാണ് തുരങ്ക നിര്‍മാണത്തില്‍ പങ്കെടുത്തത്. 980 കോടി സ്വിസ് ഫ്രാങ്കാണ് (45,000 കോടി രൂപ) നിര്‍മാണച്ചെലവ്.

ജപ്പാനിലെ സെയ്ക്കാം റെയില്‍ തുരങ്കത്തെ പിന്തള്ളിയാണ് ഗോഥാര്‍ഡ് തുരങ്കം ദൈര്‍ഘ്യത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. 53.8 കിലോമീറ്ററാണ് സെയ്ക്കാമിന്റെ നീളം. ഇംഗ്ലണ്ടിനെയും ഫ്രാന്‍സിനെയും കടല്‍ വഴി ബന്ധിപ്പിക്കുന്ന ചാനല്‍ തുരങ്കത്തിന് 50 കിലോമീറ്ററാണ് ദൈര്‍ഘ്യം. സ്വിറ്റ്‌സര്‍ലന്‍ഡിലെ പുതിയ തുരങ്കത്തിനടുത്തുതന്നെ 37 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മറ്റൊരു തുരങ്കമുണ്ട്.

Thursday, 14 October 2010

കോപ്പിയാപ്പോ: തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്ത് ഒരു ചീളുപോലെ നീണ്ടു കിടക്കുന്ന കൊച്ചു രാജ്യം ലോകത്തിനു മാതൃകയായി വളര്‍ന്നു. അറ്റക്കാമ മരുഭൂമിയില്‍ തകര്‍ന്നടിഞ്ഞ ഖനിക്കുള്ളില്‍ 2,041 അടി താഴെ എഴുപതു ദിവസം മരണത്തെ മുന്നില്‍ക്കണ്ടു കിടന്ന 33 തൊഴിലാളികളും പുറത്തു കടന്നു. പറഞ്ഞതിലും നേരത്തേ, പ്രതീക്ഷിച്ചതിലും ഭംഗിയായി. ''ചിലി ഇനി ഒരിക്കലും പഴയതുപോലെയാകില്ല, ലോകത്തിനു മുഴുവന്‍ പ്രചോദനമാണു നമ്മള്‍''- അവസാന തൊഴിലാളി ലൂയിസ് ഉര്‍സുവയും ഫീനിക്‌സ് എന്ന രക്ഷാപേടകമേറി പുറത്തിറങ്ങിയപ്പോള്‍ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പിനേറ പറഞ്ഞു.

രണ്ടു ദിവസം പിന്നിടുമെന്നു കരുതിയിരുന്ന രക്ഷാ ദൗത്യം 22 മണിക്കൂറുകൊണ്ടാണ് പൂര്‍ണവിജയമായത്. വ്യാഴാഴ്ച രാവിലെ 9.05ന് അവസാനത്തെ തൊഴിലാളി ലൂയിസ് ഉര്‍സുവയും ഫീനിക്‌സ് എന്ന രക്ഷാപേടകമേറി പുറത്തു വന്നതോടെ, ടെലിവിഷന്‍ സ്‌ക്രീനിനുമുന്നില്‍ ശ്വാസം പിടിച്ചിരിക്കുകയായിരുന്ന നാട്ടുകാര്‍ ആഹ്ലാദനൃത്തം ചവിട്ടി. നിശ്ശബ്ദത ഭേദിച്ച് വാഹനങ്ങള്‍ ഹോണ്‍ മുഴക്കി തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞു. ഷാംപെയ്ന്‍ കുപ്പികള്‍ ചീറിത്തുറന്നു, ചിലി പതാകയുടെ നിറം പൂശിയ 33 ബലൂണുകള്‍ വാനിലുയര്‍ന്നു. അസാധാരണ രക്ഷാദൗത്യം വിജയത്തിലെത്തിച്ച ചിലിയെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും യു.എസ്. പ്രസിഡന്‍റ് ബരാക് ഒബാമയും ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ അനുമോദിച്ചു.


ബുധനാഴ്ച രാവിലെ ആദ്യതൊഴിലാളിയെ പുറത്തെത്തിക്കും മുമ്പു തന്നെ പ്രസിഡന്‍റ് പിനേറ രക്ഷാതുരങ്കത്തിനു മുകളിലെത്തിയിരുന്നു. രാവിലെ ഏഴേമുക്കാലിന് ഖനി വിദഗ്ധന്‍ മാനുവല്‍ ഗൊണ്‍സാലേസ് ഖനിക്കുള്ളിലേക്കിറങ്ങിയതോടെയാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ അന്തിമഘട്ടം തുടങ്ങിയത്. ഖനിയിലിറങ്ങിയ മാനുവല്‍ സ്ഥിതിഗതികള്‍ പഠിച്ച് പുറത്തു വന്ന് റിപ്പോര്‍ട്ടു ചെയ്യണമെന്നായിരുന്നു ധാരണ. പിന്നെ രണ്ടു നഴ്‌സുമാര്‍ ഇറങ്ങും. അവരാണ് ഓരോരുത്തരെയായി പുറത്തെത്തിക്കുക. പക്ഷേ, അതൊന്നും വേണ്ടിവന്നില്ല. മാനുവല്‍ ഇറങ്ങിയപ്പോള്‍ തന്നെ ഫ്‌ളോറന്‍ഷ്യോ അവാലോസ് എന്ന തൊഴിലാളി പേടകത്തില്‍ കയറാന്‍ തയ്യാറായി. ഒരാളെ പുറത്തെത്തിക്കാന്‍ ഒരു മണിക്കൂറിലേറെ വേണ്ടി വരുമെന്നായിരുന്നു ആദ്യ നിഗമനം, പക്ഷേ അതിന് 25 മിനിറ്റുപോലും വേണ്ടിവന്നില്ല. എല്ലാവരെയും കയറ്റി ടെലിവിഷന്‍ ക്യാമറയ്ക്കു മുന്നില്‍ വിജയ ചിഹ്നം കാണിച്ച് ഏറ്റവുമൊടുവിലാണ് മാനുവല്‍ തിരിച്ചു കയറിയത്. പ്രസിഡന്‍റ് പിനേറയും ഉന്നത നേതാക്കളും അതുവരെ അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.


കുടുസ്സുമുറിയിലെ ഈര്‍പ്പത്തിലും ഇരുട്ടിലും ഇത്രനാള്‍ കഴിഞ്ഞെങ്കിലും പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നും ആര്‍ക്കുമില്ല. ചിലര്‍ക്കു നിസ്സാര ചര്‍മരോഗമുണ്ട്. പലര്‍ക്കും പല്ലിനു കുഴപ്പം പറ്റിയിട്ടുണ്ട്, ഇരുട്ടില്‍ കഴിഞ്ഞതിനാല്‍ കണ്ണിനു കുഴപ്പമുണ്ട്. കൂട്ടത്തില്‍ പ്രായമേറിയ മറിയോ ഗോമസിന് ന്യൂമോണിയ വന്നതായി സ്ഥിരീകരിച്ചു. അതൊന്നും സാരമുള്ളതല്ല. പക്ഷേ, മരണത്തില്‍ നിന്നു ജീവിതത്തിലേക്കുള്ള പ്രയാണത്തിനിടെ അവരുടെ മനസ്സിനേറ്റ ആഘാതം മാറാന്‍ കാലമേറെയെടുക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കോപ്പിയാപ്പോ ആസ്​പത്രിയില്‍ പ്രവശേപ്പിച്ച തൊഴിലാളികള്‍ പലരും പരിശോധനയ്ക്കു ശേഷം ആസ്​പത്രി വിട്ടു. പക്ഷേ, പലരും ഉത്കണ്ഠയുടെ പിടിയിലാണ്. ഉറങ്ങാനേ പറ്റുന്നില്ല. ഖനിയുടെ ആഴങ്ങളിലേക്കിറങ്ങാന്‍ അവര്‍ക്കിനി പറ്റുമെന്നു തോന്നുന്നില്ല. വീര പരിവേഷത്തോടെ പുറത്തെത്തിയവരെക്കാത്തുനില്‍ക്കുന്ന മാധ്യമങ്ങളെ അവര്‍ക്കു നേരിടേണ്ടതുണ്ട്. അവിശ്വസനീയമായ ഈ കഥ കഥ സിനിമയാക്കാനും പുസ്തകമാക്കാനും മത്സരിക്കുന്ന വന്‍തോക്കുകളുമായി വിലപേശേണ്ടതുണ്ട്.


ആഗസ്ത് അഞ്ചിനാണ് സാന്‍ജോസ് ചെമ്പു- സ്വര്‍ണ ഖനിയിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് തൊഴിലാളികള്‍ അകത്തു കുടുങ്ങിപ്പോയത്. ഉള്ളിലെ സുരക്ഷാ അറയില്‍ അവരെല്ലാവരും ജീവനോടെയുണ്ടെന്നു മനസ്സിലായത് പതിനേഴു ദിവസത്തിനു ശേഷം. സമ്പത്തിലോ സാങ്കേതിക പുരോഗതിയിലോ എണ്ണംപറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലിടമില്ലെങ്കിലും എന്തു വിലകൊടുത്തും അവരെ രക്ഷിച്ചെടുക്കാന്‍ തന്നെ ചിലി ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ആ ഭഗീരഥ യത്‌നമാണിപ്പോള്‍ വിജയംവരിച്ചത്. ലോകമെങ്ങുമുള്ള ടെലിവിഷന്‍ ചാനലുകള്‍ ഈ ദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തു. പലരും പതിവു പരിപാടികള്‍ അതിനായി മാറ്റിവെച്ചു. ചിലിയുടെ സമ്പദ്‌വ്യവസ്ഥയുടെ 40 ശതമാനവും നല്‍കുന്നത് ഖനന മേഖലയാണ്. അതിന്റെ സുരക്ഷാ സ്ഥിതി പുനരവലോകനം ചെയ്യാന്‍ ഈ അപകടം വഴിയൊരുക്കും.

സ്വര്‍ണക്കൊടിയിറക്കം

 



ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് അസാധ്യമായി ഒന്നുമില്ല എന്ന് വിളംബരം ചെയ്തുകൊണ്ട് പത്തൊന്‍പതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശ്ശീല വീണു. ഇന്ത്യക്കാരന്റെ ആശയാഭിലാഷങ്ങളും സമ്പന്നമായ സാംസ്‌കാരിക വൈവിധ്യവും പ്രതിഫലിപ്പിച്ച പ്രൗഢഗംഭീരമായ സമാപനച്ചടങ്ങോടെയാണ് ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം ഗെയിംസിനോട് വിടചൊല്ലിയത്. 38 സ്വര്‍ണമടക്കം 101 മെഡലുകളോടെ ഗെയിംസില്‍ രണ്ടാംസ്ഥാനത്തെത്തി തികഞ്ഞ അഭിമാനത്തോടെയായിരുന്നു ഇന്ത്യയുടെ കായികതാരങ്ങള്‍ സമാപനച്ചടങ്ങിനെത്തിയത്. കുറ്റമറ്റരീതിയില്‍ ഗെയിംസ് സംഘടിപ്പിച്ച് ഒളിമ്പിക്‌സിന് ആതിഥ്യം വഹിക്കാനുള്ള ശേഷിയുണ്ടെന്ന ആത്മവിശ്വാസത്തോടെ സംഘാടകരും നിറഞ്ഞ മനസ്സോടെ അരലക്ഷത്തിലധികം കാണികളും അണിനിരന്നപ്പോള്‍ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ചിരിക്കുന്ന മുഖങ്ങളേ ഉണ്ടായിരുന്നുള്ളൂ. അവരെ സാക്ഷി നിര്‍ത്തി ഗെയിംസ് പതാക താഴെയിറക്കി. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അത് 2014-ല്‍ ഇരുപതാം കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥ്യം വഹിക്കുന്ന സ്‌കോട്ട്‌ലന്‍ഡ് നഗരമായ ഗ്ലാസ്‌ഗോയിലെ പ്രഭു റോബര്‍ട്ട് വിന്റര്‍ക്ക് കൈമാറി. അതിന് സാക്ഷികളായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിയും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു.

ഡല്‍ഹിയുടെ പ്രകടനം ഗംഭീരമെന്ന ഗെയിംസ് ഫെഡറേഷന്‍ അധ്യക്ഷന്‍ മൈക്ക് ഫെന്നലിന്റെ പ്രഖ്യാപനം ഇന്ത്യയുടെ സംഘാടന മികവിനുള്ള അംഗീകാരവുമായി. രാജ്യത്തെ വിവിധ സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന ആയോധന കലാപ്രകടനങ്ങളോടെയാണ് ചടങ്ങ് ആരംഭിച്ചത്. അതില്‍ കേരളത്തിലെ കളരി അഭ്യാസികളുടെ പ്രകടനം ദൃശ്യഭംഗി കൊണ്ട് വേറിട്ടു നിന്നു.

Wednesday, 13 October 2010

ഹൊവാര്‍ഡ് ജേക്കബ്‌സണ് ബുക്കര്‍ സമ്മാനം




       ലണ്ടന്‍: ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം ബ്രിട്ടീഷ് എഴുത്തുകാരന്‍ ഹൊവാര്‍ഡ് ജേക്കബ്‌സണ്. 'ഫിംഗ്ലര്‍ ക്വസ്റ്റ്യന്‍' എന്ന ഹാസ്യരസപ്രധാനമായ നോവലാണ് ജേക്കബ്‌സണെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 50,000 പൗണ്ട്(3,527,900 രൂപ) ആണ് സമ്മാനത്തുക. അവസാനഘട്ടത്തില്‍ ആറ് പേരടങ്ങുന്ന ലിസ്റ്റില്‍ നിന്നാണ് ജേക്കബ്‌സണെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. 1998 ലും 2001 ലും ബുക്കര്‍ സമ്മാനം നേടിയ പീറ്റര്‍ കാരിയുടെ പേര് ഈ വര്‍ഷവും അവസാന ഘട്ടം വരെ പരിഗണനയിലുയുണ്ടായിരുന്നു.

1942 ല്‍ മാഞ്ചസ്റ്ററിലാണ് ജേക്കബ്‌സണിന്റെ ജനനം. കോമിക് നോവലുകളുടെ കര്‍ത്താവ് എന്നനിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. 42 വര്‍ഷത്തിനിടെ ബുക്കര്‍ സമ്മാനം നേടുന്ന ആദ്യ കോമിക് നോവലാണ് ഫിംഗ്ലര്‍ ക്വസ്റ്റ്യന്‍.

കമിങ് ഫ്രം ബിഹൈന്‍ഡ്, പീപ്പിങ് ടോം, റെഡ്ബാക്ക്, ദി വേരി മോഡല്‍ ഓഫ് എ മാന്‍, നോമോര്‍ മിസ്റ്റര്‍ നൈസ് ഗൈ, ദി മൈറ്റി വാല്‍സര്‍, ഹൂസ് സ്‌റ്റോറി നൗ, ദി മേക്കിങ് ഓഫ് ഹെന്‍റി, ദി ആക്ട് ഓഫ് ലൗ, സീരിയസ്‌ലി ഫണ്ണി തുടങ്ങിയവയാണ് ജേക്കബ്‌സണിന്റെ പ്രധാന കൃതികള്‍.

ജേക്കബ്‌സണിന്റെ 11 ാമത്തെ നോവലാണ് ബുക്കര്‍ സമ്മാനം നേടിയ ഫിംഗ്ലര്‍ ക്വസ്റ്റ്യന്‍. വില്യം ഗോള്‍ഡിങ്ങിനുശേഷം ബുക്കര്‍ നേടുന്ന ഏറ്റവും പ്രായംചെന്ന എഴുത്തുകാരനാണ് 68 കാരനായ അദ്ദേഹം. ഏഴാംവയസില്‍ മാഞ്ചസ്റ്റര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപകനാണ് ജേക്കബ്‌സണിലെ എഴുത്തുകാരനെ കണ്ടെത്തിയത്. വോള്‍വര്‍ഹാംപ്ടണ്‍ പോളിടെക്‌നിക്കില്‍ അധ്യാപകനായി ജോലിചെയ്യവെ 40 ാം വയസില്‍ ആദ്യപുസ്തകം പ്രസിദ്ധീകരിച്ചു.

Monday, 11 October 2010

സാമ്പത്തികശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു



സ്‌റ്റോക്ക്‌ഹോം: ഇത്തവണത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ സാമ്പത്തിക വിദഗ്ദ്ധനും മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറുമായ പീറ്റര്‍ ആര്‍തര്‍ ഡയമണ്ട്, നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഡെയ്ല്‍ ടി. മോര്‍ട്ടെന്‍സെന്‍, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പ്രഫസര്‍ ക്രിസ്റ്റഫര്‍ എ. പിസാരിഡെസ് എന്നിവരാണ് നൊബേലിന് അര്‍ഹരായത്.

വിപണി മൂല്യങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കാണ് ഇവര്‍ക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് സ്വീഡിഷ് അക്കാദമി അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മൂന്ന് സാമ്പത്തിക ഉപദേഷ്ടാക്കളില്‍ ഒരാളായി നേരത്തെ നാമനിര്‍ദേശം ചെയ്യപ്പെട്ടയാളാണ് പീറ്റര്‍ ഡയമണ്ട്.

Saturday, 9 October 2010

വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് വയലാര്‍ അവാര്‍ഡ്‌

തിരുവനന്തപുരം: ഇത്തവണത്തെ വയലാര്‍ അവാര്‍ഡ് കവി പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക്. ചാരുലത എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. 25,000 രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്പവുമാണ് പുരസ്‌കാരം. എം. തോമസ് മാത്യു, കെ.എസ്. രവികുമാര്‍, എസ്.വി. വേണുഗോപാലന്‍ നായര്‍ എന്നിവരുടെ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ നിശ്ചയിച്ചത്.

1939-ല്‍ തിരുവല്ലയിലെ ഇരിങ്ങോലിലാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി ജനിച്ചത്. ഏറെക്കാലം കോളേജ് അദ്ധ്യാപകനായിരുന്നു. സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങള്‍ ,ഭൂമിഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, അപരാജിത, ആരണ്യകം, ഉജ്ജയിനിയിലെ രാപ്പകലുകള്‍ എന്നിവയാണ് പ്രധാനകൃതികള്‍. വള്ളത്തോള്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ്, പി സ്മാരക കവിതാ പുരസ്‌കാരം ,ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം നല്കി ആദരിച്ചിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളില്‍ ഒന്നായ വയലാര്‍ അവാര്‍ഡ് 1977 ലാണ് ഏര്‍പ്പെടുത്തിയത്.

ലളിതാംബിക അന്തര്‍ജനം, പി കെ ബാലകൃഷ്ണന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, തകഴി, വൈലോപ്പിള്ളി, ഒ.എന്‍.വി, വിലാസിനി, സുഗതകുമാരി, എം.ടി, എന്‍.എന്‍. കക്കാട്, എന്‍. കൃഷ്ണപിള്ള, തിരുനെല്ലൂര്‍ കരുണാകരന്‍, സുകുമാര്‍ അഴീക്കോട്, സി രാധാകൃഷ്ണന്‍, ഒ.വി. വിജയന്‍, പ്രൊഫ. എം.കെ. സാനു, ആനന്ദ്, കെ. സുരേന്ദ്രന്‍, തിക്കോടിയന്‍, പെരുമ്പടവം ശ്രീധരന്‍, മാധവിക്കുട്ടി, എസ്. ഗുപ്തന്‍നായര്‍, കോവിലന്‍, എം.വി ദേവന്‍, ടി പത്മനാഭന്‍, അയ്യപ്പപ്പണിക്കര്‍, എം. മുകുന്ദന്‍, സാറ ജോസഫ്, സച്ചിദാന്ദന്‍, സേതു, ഡോ. എം. ലീലാവതി, എം.പി വീരേന്ദ്രകുമാര്‍, എം. തോമസ് മാത്യു തുടങ്ങിയവര്‍ക്കാണ് ഇതുവരെ വയലാര്‍ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.

Thursday, 7 October 2010

മരിയോ വര്‍ഗാസ് യോസയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍


സ്‌റ്റോക്ക്‌ഹോം: സാഹിത്യത്തിനുള്ള ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരം ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ മരിയോ വര്‍ഗാസ് യോസയ്ക്ക്. പെറുവിയന്‍ എഴുത്തുകാരനായ യോസ ഏറ്റവും മികച്ച ലാറ്റിനമേരിക്കയിലെ എഴുത്തുകാരിലൊരാളാണ് അറിയപ്പെടുന്നത്. ദ ടൈം ഓഫ് ദ ഹീറോ, ദ ഗ്രീന്‍ ഹൗസ്, കോണ്‍വര്‍സേഷന്‍ ഇന്‍ ദ കത്തീഡ്രല്‍ തുടങ്ങി നിരവധി രചനകള്‍ അദ്ദേഹത്തിന്റേതായുണ്ട്.

എഴുത്തില്‍ പുലര്‍ത്തിയ ഭാവാത്മകതയും അദ്ദേഹത്തിന്റെ ശൈലി സാഹിത്യത്തിന് നല്‍കിയ പുതുമയും കണക്കിലെടുത്താണ് 74 കാരനായ യോസയ്ക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് സ്വീഡിഷ് അക്കാദമി അറിയിച്ചു. 30 ഓളം നോവലുകളും നിരവധി നാടകങ്ങളും ലേഖനങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. കൊളംബിയന്‍ നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസിന് നൊബേല്‍ പുരസ്‌കാരം ലഭിച്ചതിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തെക്കേ അമേരിക്കയെ പുരസ്‌കാരം തേടിയെത്തുന്നത്.

1982 ലാണ് മാര്‍കേസിന് പുരസ്‌കാരം ലഭിച്ചത്. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് കഴിഞ്ഞാല്‍ മലയാളികള്‍ക്ക് ഏറ്റവും അധികം ഇഷ്ടമുള്ള ലാറ്റിനമേരിക്കന്‍ എഴുത്തുകാരനായിരിക്കും യോസ. അധികാരം, ലൈംഗികത, ആത്മീയത എന്നിവയിലൂന്നിയ ആഖ്യാനശൈലിയാണ് മരിയോ വര്‍ഗാസ് യോസയുടെ രചനകളെ പ്രസക്തമാക്കുന്നത്.

ഭിന്ന സവിശേഷതകളുള്ള കഥാപാത്രങ്ങള്‍, വിചിത്രമായ ദേശങ്ങളും ഭൂപ്രകൃതിയും അടക്കം ലാറ്റിനമേരിക്കന്‍ മാജിക്കല്‍ റിയലിസത്തിന്റെ ശൈലീഭാവം തന്നെയാണ് മരിയോ വര്‍ഗാസ് യോസയ്ക്കുമുള്ളത്. അതേസമയം അദ്ദേഹം ആഖ്യാനത്തില്‍ പുതുമകള്‍ പരീക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മിക്കവാറും പുസ്തകങ്ങള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Tuesday, 5 October 2010

'അത്ഭുത ഗ്രാഫിനി'ന് ഭൗതിക നൊബേല്‍





                  സ്‌റ്റോക്‌ഹോം: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അത്ഭുത പദാര്‍ഥമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗ്രാഫിന്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞര്‍ക്ക് ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നൊബേല്‍. റഷ്യയില്‍ ജനിച്ച് ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ ജോലി നോക്കുന്ന ആന്ദ്രേ ഗെയിനി(51)ന്റെയും കോണ്‍സ്റ്റാന്‍റിന്‍ നൊവോസെലോവി(36)ന്റെയും കണ്ടെത്തല്‍ വിവരസാങ്കേതിക വിദ്യയുടെയും ഇലക്രേ്ടാണിക്‌സ് വ്യവസായത്തിന്റെയും മുഖഛായ മാറ്റുമെന്ന് നൊബേല്‍ സമിതി അഭിപ്രായപ്പെട്ടു.

ഒരു പരമാണുവിന്റെ കനം മാത്രമുള്ള കാര്‍ബണ്‍ പാളിയാണ് ഗ്രാഫിന്‍. ലോകത്തിതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കനം കുറഞ്ഞതും ഉറപ്പേറിയതുമായ പദാര്‍ഥം. വൈദ്യുതി കടത്തിവിടുന്ന, ചൂടിനെ ചെറുക്കുന്ന, സുതാര്യമായ ഈ നാനോ പാളി ഭാവിയില്‍ കമ്പ്യൂട്ടറിന്റെയും മൊബൈല്‍ഫോണിന്റെയും ടച്ച് സ്‌ക്രീന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാനാവുമെന്നാണ് കരുതുന്നു. അര്‍ധ ചാലക സിലിക്കണിനെ വൈകാതെ ഇതു പിന്തള്ളിയേക്കാം. സൗരവൈദ്യുത പാനലുകളുള്‍പ്പെടെ സമസ്ത മേഖലകളിലും ഗ്രാഫീന്‍ കടന്നുവരുമെന്നാണ് കരുതുന്നത്.

പരമാണുവിന്റെ കനം മാത്രമുള്ള സുതാര്യ കാര്‍ബണ്‍ പാളിയെന്ന ആശയം 1947ല്‍ത്തന്നെ സൈദ്ധാന്തികമായി അവതരിപ്പിക്കപ്പെട്ടിരുന്നു. അതു പ്രായോഗികമാണെന്ന ഗെയിനും നൊവോസെലോവും തെളിയിച്ചത് 2004ല്‍ ആണ്. പെന്‍സില്‍ മുനയിലുപയോഗിക്കുന്ന ഗ്രാഫൈറ്റില്‍ നിന്നെടുത്ത പരമാണുക്കളെ തേനീച്ചക്കൂടിന്റെ ആകൃതിയില്‍ നിരത്തിയാണവര്‍ ഗ്രാഫിന്‍ സൃഷ്ടിച്ചത്. ഇപ്പോഴും പരീക്ഷണശാലയിലൊതുങ്ങുന്ന ഗ്രാഫീന്‍ വന്‍തോതില്‍ രൂപപ്പെടുത്താനുള്ള സങ്കേതങ്ങള്‍ ഇനിയും ആവിഷ്‌കരിക്കേണ്ടതുണ്ട്.

ഡച്ച് പൗരത്വമുള്ള ഗെയിമും ബ്രിട്ടന്റെയും റഷ്യയുടെയും പൗരത്വമുള്ള നൊവോസെലോവും പ്രത്യക്ഷത്തില്‍ തമാശയായിത്തോന്നുന്ന പല കണ്ടുപിടിത്തങ്ങളും നടത്തി നൊബേലിന്റെ ഹാസ്യാനുകരണമായ ഇഗ് നൊബേല്‍ പുരസ്‌കാരം നേടിയവരാണ്. പല്ലിയുടെ കാലിന്റെ ഒട്ടിപ്പോ വിദ്യ പകര്‍ത്തുന്ന നാടയും കാന്തിക മണ്ഡലമുപയോഗിച്ച് തവളയെ വായുവില്‍ താങ്ങിനിര്‍ത്താനുള്ള വിദ്യയുമാവിഷ്‌കരിച്ചിട്ടുള്ള ഗവേഷകര്‍ നൊബേല്‍ സമ്മാന വാര്‍ത്തയെ ഞെട്ടലോടെയാണ് സ്വീകരിച്ചത്.