"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Wednesday, 1 September 2010

ആഗസ്തിലും കാര്‍ വിപണിയില്‍ കുതിപ്പ്‌

മുംബൈ : ആഗസ്ത് മാസത്തിലും കാര്‍ വിപണിയില്‍ മുന്നേറ്റം. പ്രമുഖ വാഹന നിര്‍മാണ കമ്പനികളായ മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റാ മോട്ടോഴ്‌സ് എന്നിവയുടെ വില്‍പ്പന വന്‍തോതില്‍ ഉയര്‍ന്നു.

മാരുതി വീണ്ടും ഒരു ലക്ഷത്തിലേറെ കാറുകള്‍ വിറ്റു

മാരുതി സുസുക്കിയുടെ ആഗസ്ത് മാസത്തിലെ വില്‍പ്പന മുന്‍വര്‍ഷം ഇതേ കാലയളവിലേതില്‍ നിന്നും 23.56 ശതമാനം വര്‍ധിച്ച് 1,04,791 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം 84,808 കാറുകളാണ് മാരുതി വിറ്റഴിച്ചത്.

ഒരു മാസം കൈവരിച്ച വില്‍പ്പന കണക്കിലെടുക്കുമ്പോള്‍ കമ്പനി ചരത്രത്തില്‍ നേടിയ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിതെന്ന് മാരുതി അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം ഇത് മൂന്നാം തവണയാണ് ഒരു മാസത്തെ വില്‍പ്പന ഒരു ലക്ഷം കവിയുന്നത്. ഇതിന് മുന്‍പ് മെയ് മാസത്തിലാണ് കമ്പനി ഏറ്റവും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തിയത്. മെയ് മാസത്തില്‍ മാരുതി 1,02,175 കാറുകളാണ് വിറ്റത്.

ആഭ്യന്തര വിപണിയിലെ വില്‍പ്പന 32.47 ശതമാനം ഉയര്‍ന്ന് 92,674 യൂണിറ്റായി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ വില്‍പ്പന 69,961 യൂണിറ്റായിരുന്നു.

അതേസമയം, കയറ്റുമതി 18.39 ശതമാനം ഇടിഞ്ഞ് 12,117 യൂണിറ്റായി. നേരത്തെ ഇത് 14,847 യൂണിറ്റായിരുന്നു. മുന്‍പ് ഏറ്റവും ഡിമാന്‍ഡുള്ള മോഡലായ മാരുതി 800ന്റെ വില്‍പ്പന 29.81 ശതമാനം ഇടിഞ്ഞ് 1,919 യൂണിറ്റായി. ചെറുകാര്‍ വിപണിയില്‍ ഏറ്റവും ഡിമാന്‍ഡുളള എ-2 വിഭാഗത്തില്‍പെടുന്ന കാറുകളുടെ വില്‍പ്പന ഉയര്‍ന്നു. വാഗണ്‍ ആര്‍, എസ്റ്റീലൊ, ആള്‍ട്ടൊ, എ-സ്റ്റാര്‍, റിറ്റ്‌സ് എന്നീ മോഡലുകളുടെ വില്‍പ്പന 25.69 ശതമാനം ഉയര്‍ന്ന് 65,953 യൂണിറ്റായി. 52,473 കാറുകളാണ് മുന്‍ വര്‍ഷം ഇതേമാസത്തില്‍ വിറ്റത്.

എസ്.എക്‌സ് ഫോര്‍, ഡിസയര്‍ എന്നീ മോഡലുകളുടെ വില്‍പ്പന 33.99 ശതമാനം വര്‍ധിച്ച് 10,479 യൂണിറ്റായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 7,821 കാറുകള്‍ വിറ്റഴിച്ച സ്ഥാനത്താണിത്.

ഹ്യുണ്ടായ് : 17 ശതമാനം വര്‍ധന

രാജ്യത്തെ കാര്‍ വിപണിയില്‍ രണ്ടാം സ്ഥാനത്തുളള ഹ്യുണ്ടായ് മോട്ടോഴ്‌സിന്റെ ആഗസ്ത് മാസത്തിലെ വില്‍പ്പന മുന്‍ വര്‍ഷം ഇതേ മാസത്തേതില്‍ നിന്നും 17.2 ശതമാനം ഉയര്‍ന്നു.

ആഗസ്തില്‍ 50,636 കാറുകളാണ് കമ്പനി വിറ്റഴിച്ചത്. മുന്‍വര്‍ഷം ഇതേ മാസത്തില്‍ 49,521 കാറുകള്‍ വിറ്റഴിച്ച സ്ഥാനത്താണിത്. ഉത്സവ സീസണോടു കൂടി കാറുകള്‍ക്ക് ഡിമാന്‍ഡ് ഇനിയും വര്‍ധിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹ്യണ്ടായ് മാര്‍ക്കറ്റിങ്ങ് ആന്‍ഡ് സേല്‍സ് മാനേജര്‍ അരവിന്ദ് സക്‌സേന വ്യക്തമാക്കി.

ആഭ്യന്തര വിപണിയില്‍ കമ്പനിയുടെ വില്‍പ്പന മുന്‍ വര്‍ഷത്തേതില്‍ നിന്നും ഉയര്‍ന്ന് 28,601 യൂണിറ്റായി. മുന്‍ വര്‍ഷത്തില്‍ ഇത് 24,401 യൂണിറ്റായിരുന്നു. എന്നാല്‍ കയറ്റുമതി 12.3 ശതമാനം കുറഞ്ഞ് 25,120 യൂണിറ്റായി.

സാന്‍ട്രൊ, ഐ-10, ഐ-20 എന്നിവയടങ്ങുന്ന എ-2 വിഭാഗത്തില്‍ 45,804 കാറുകളും എ-3 വിഭാഗത്തില്‍പ്പെടുന്ന 4,806 കാറുകളും കമ്പനി വിറ്റഴിച്ചു. എ-5 വിഭാഗത്തില്‍ 26 സൊണാറ്റാ കാറുകളും കമ്പനി വിറ്റു.


ടാറ്റാ മോട്ടോഴ്‌സിനും മുന്നേറ്റം

പ്രമുഖ വാഹന നിര്‍മാണ കമ്പനിയായ ടാറ്റാ മോട്ടോഴ്‌സും അഗസ്ത് മാസത്തിലെ വില്‍പ്പനയില്‍ നേട്ടം കൈവരിച്ചു. കമ്പനിയുടെ മൊത്തം വില്‍പ്പന ഉയരുന്നതില്‍ കാറുകളുടെ വില്‍പ്പന നിര്‍ണായക പങ്ക് വഹിച്ചു.

ചെറുകാര്‍ വിപണിയില്‍ ടാറ്റയുടെ പ്രമുഖ മോഡലായ ഇന്‍ഡിക്കാ കാറുകളുടെ വില്‍പ്പന മുന്‍ മാസത്തേതില്‍ നിന്നും 22 ശതമാനം വര്‍ധിച്ച്് 7,531 യൂണിറ്റായി. അതേസമയം, ഇന്‍ഡിഗോ കാറുകളുടെ വില്‍പ്പന 151 ശതമാനം കുതിപ്പോടെ 6,678 യൂണിറ്റിലെത്തി. സുമോ, സഫാരി എന്നിവയുടെ വില്‍പ്പന 11 ശതമാനം വര്‍ധിച്ച് 2884 യൂണിറ്റായി.

ആഗസ്ത് മാസത്തില്‍ കമ്പനിയുടെ മൊത്തം വാഹന വില്‍പ്പന മുന്‍ വര്‍ഷം ഇതേ മാസത്തേതില്‍ നിന്നും 32.38 ശതമാനം വര്‍ധിച്ച് 65,938 യൂണിറ്റായി. നേരത്തെ ഇത് 49,810 യൂണിറ്റായിരുന്നു.

No comments:

Post a Comment