"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Friday, 3 September 2010

സ്ഥലമെടുപ്പ്: പുറമ്പോക്കിലെ താമസക്കാര്‍ക്കും നഷ്ടപരിഹാരം

തിരുവനന്തപുരം: ദേശീയ പാതാ വികസനത്തിന് സ്ഥലമേറ്റെടുക്കുമ്പോള്‍ പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും അനധികൃത കുടിയേറ്റക്കാര്‍ക്കും നഷ്ടപരിഹാരത്തിന് ശുപാര്‍ശ. ആരാധനാലയങ്ങള്‍ നഷ്ടപ്പെട്ടാല്‍ സര്‍ക്കാര്‍ ചെലവില്‍ പണം കണ്ടെത്തി പുതിയ ആരാധനാലയം നിര്‍മിക്കുമെന്നും മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു.

പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും ചെറിയ കച്ചവടങ്ങള്‍ നടത്തുന്നവര്‍ക്കും ആറുമാസത്തെ മിനിമം വേതനം നല്‍കും. കെട്ടിടത്തിന്റെയോ കടയുടെയോ വിലയും പുനരധിവാസത്തിനായി ഒരുലക്ഷം രൂപയും നല്‍കും. വിവിധ വിഭാഗങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഇപ്രകാരം.

ഉടമസ്ഥരായ വ്യാപാരികള്‍ക്ക്: ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി തീരുമാനിക്കുന്ന ഭൂമിയുടെ വിപണി വില. ഏറ്റവും പുതിയ ഷെഡ്യൂള്‍ നിരക്കുപ്രകാരമുള്ള കെട്ടിടവില. പുനര്‍നിര്‍മാണത്തിന് ഇതിന്റെ 25 ശതമാനം അധികം തുക. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ ഉപയോഗപ്രദമായ സാധനങ്ങളും ഇവര്‍ക്ക് ഉപയോഗിക്കാം.

വാടകക്കാരായ വ്യാപാരികള്‍ക്ക്: ഭൂമിയുടെയും കെട്ടിടത്തിന്റെയും വിലയുടെ പത്തുശതമാനം. ഒന്നിലധികം വാടകക്കാരുണ്ടെങ്കില്‍ തുക തുല്യമായി വീതിക്കും. എന്നാലും ഒരുലക്ഷം രൂപയില്‍ കുറയില്ല. പ്രമാണങ്ങളും കരാറുകളും പരിശോധിച്ചായിരിക്കും വാടകക്കാരനാണോയെന്ന് തീരുമാനിക്കുക.

വ്യാപാര പങ്കാളികളായ തൊഴിലാളികള്‍ക്ക്: വ്യാപാരസ്ഥാപനങ്ങള്‍ ഇല്ലാതാകുന്നതുകൊണ്ട് തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് വ്യവസായ തര്‍ക്കപരിഹാര നിയമപ്രകാരമുള്ള നഷ്ടപരിഹാരം.

വീടുകള്‍ നഷ്ടപ്പെടുന്ന വസ്തു ഉടമകള്‍ക്ക്: വസ്തുവിന്റെ വിപണിവില. വീടുകള്‍ക്ക് ഏറ്റവും പുതിയ ഷെഡ്യൂള്‍ നിരക്ക് പ്രകാരമുള്ള നഷ്ടപരിഹാരം. പുനര്‍നിര്‍മാണത്തിനായി കെട്ടിടത്തിന്റെയും വസ്തുവിന്റെയും വിലയുടെ 25 ശതമാനം. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഉടമകള്‍ക്ക് എടുക്കാം. സ്ഥലംമാറ്റച്ചെലവായി 25,000 രൂപ.

മരങ്ങള്‍ക്കും കൃഷിക്കും: വനം, കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സമിതി തീരുമാനിക്കുന്ന നഷ്ടപരിഹാരം.

മറ്റ് നിര്‍ദേശങ്ങള്‍: സ്ഥലം ഏറ്റെടുക്കുമ്പോള്‍ റോഡിനോട് ചേര്‍ന്നുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം. ഇതിന് തൊട്ടുപിന്നിലുള്ള സ്ഥലം ഏറ്റെടുത്ത് പുനരധിവസിപ്പിക്കാനായാല്‍ വന്‍തോതിലുള്ള എതിര്‍പ്പ് ഒഴിവാക്കാം. പിന്നിലുള്ള വസ്തുക്കളില്‍ പുനരധിവാസത്തിനായി കെട്ടിടങ്ങള്‍ പണിയുമ്പോള്‍ അതേസ്ഥലത്തുനിന്ന പഴയ സ്ഥാപനങ്ങളും കൂടി അവിടെ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണം. സ്ഥാപനങ്ങള്‍ പിന്നിലേയ്ക്ക് മാറ്റാനും സ്ഥലമാറ്റച്ചെലവ് നല്‍കണം. ഇങ്ങനെ ചെയ്യാനായാല്‍ ഒട്ടേറെ പരാതികള്‍ പരിഹരിക്കാനാവും.

ദേശീയപാത വികസിപ്പിക്കുമ്പോള്‍ ഇപ്പോള്‍ പിന്‍നിരയിലുള്ള വസ്തുക്കളും കെട്ടിടങ്ങളും റോഡരികത്താകും. ഇവയുടെ വിപണിവില കൂടും. ഇങ്ങനെ കിട്ടുന്ന അധിക വിലയില്‍ ഒരു ഭാഗം വീടുംസ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കാന്‍ ബാദ്ധ്യതയുണ്ടെന്ന് കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച ഐക്യരാഷ്ട്രസംഘടനയുടെ ശുപാര്‍ശകളില്‍ പറയുന്നുണ്ട്.

No comments:

Post a Comment