"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Thursday 9 September 2010

വേണു നാഗവള്ളി ഇനി ഓര്‍മ്മ


 


തിരുവനന്തപുരം: നടനും സംവിധായകനും തിരക്കഥാകൃത്തുമായ വേണുനാഗവള്ളി (61) അന്തരിച്ചു. ദീര്‍ഘകാലമായി കരള്‍സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന വേണു തിരുവനന്തപുരത്തെ കിംസ് ആസ്​പത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 1.30നാണ് അന്തരിച്ചത്. ഭാര്യ മീരയും മകന്‍ വിവേകും മരണസമയത്ത് സമീപത്തുണ്ടായിരുന്നു. മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ കവടിയാറിലെ വീട്ടിലെത്തിച്ചു.

സംസ്‌കാരം അഞ്ചുമണിയോടെ തൈക്കാട് വൈദ്യുത ശ്മശാനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടന്നു. എഴുത്തുകാരനും പ്രക്ഷേപണ കലയിലെ മുന്‍നിരക്കാരില്‍ ഒരാളുമായിരുന്ന നാഗവള്ളി ആര്‍.എസ്.കുറുപ്പിന്റെയും രാജമ്മയുടെയും മകനായാണ് 1949 ഏപ്രില്‍ 16ന് വേണുഗോപാല്‍ എന്ന വേണു നാഗവള്ളി ജനിച്ചത്. തിരുവനന്തപുരം മോഡല്‍ സ്‌കൂള്‍, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ആകാശവാണിയില്‍ അനൗണ്‍സറായി ഔദ്യോഗിക ജീവിതം തുടങ്ങി. തുടര്‍ന്ന് സിനിമയിലെത്തി ആദ്യം അഭിനേതാവും പിന്നീട് സംവിധായകനുമായി. ജോര്‍ജ് ഓണക്കൂറിന്റെ 'ഉള്‍ക്കടല്‍' സിനിമയാക്കിയപ്പോള്‍ വേണു നാഗവള്ളിയായിരുന്നു നായകന്‍. വിഷാദം തുളുമ്പുന്ന പ്രണയനായകനായി അക്കാലത്ത് നിരവധി ചിത്രങ്ങളില്‍ വേണു നായകനായി. ശാലിനി എന്റെ കൂട്ടുകാരിയില്‍ ഉര്‍വശി ശോഭയോടൊപ്പം നായകനായത് ഏറെ ശ്രദ്ധിക്കപ്പെട്ടു.

യവനിക, ചില്ല്, ഓമനത്തിങ്കള്‍, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, മീനമാസത്തിലെ സൂര്യന്‍, ആരാന്റെ മുല്ല കൊച്ചുമുല്ല, ആദാമിന്റെ വാരിയെല്ല്, ദേവദാസ്, വാര്‍ത്ത തുടങ്ങിയവ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ വേണുവിന്റെ ചിത്രങ്ങളാണ്. കഴിഞ്ഞ വര്‍ഷം സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവതയില്‍ വേഷമിട്ടു. 1980 മുതല്‍ 1998 വരെയാണ് നടന്‍ എന്ന നിലയില്‍ വേണു നാഗവള്ളി തിളങ്ങിയത്. സൂപ്പര്‍ഹിറ്റായ സുഖമോദേവി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് 1986ല്‍ സംവിധാനരംഗത്തെക്ക് വന്ന വേണു 12 സിനിമകള്‍ സംവിധാനം ചെയ്തു.

സര്‍വകലാശാല, അയിത്തം, ലാല്‍സലാം, ഏയ് ഓട്ടോ, ആയിരപ്പറ, അഗ്‌നിദേവന്‍, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങിയവ വേണു സംവിധാനം ചെയ്ത ചിത്രങ്ങളാണ്.'കിലുക്കം' എന്ന ജനപ്രീതി നേടിയ ചിത്രത്തിന്റെ തിരക്കഥാകൃത്ത് വേണു നാഗവള്ളിക്ക് ഹാസ്യവും നന്നായി വഴങ്ങുമെന്നതിന്റെ തെളിവായി. അര്‍ത്ഥം, അഹം, സുഖമോ ദേവി മുതല്‍ ഭാര്യ സ്വന്തം സുഹൃത്ത് വരെ (2009) തിരക്കഥയില്‍ വേണു തന്റെ കൈയൊപ്പ് ചാര്‍ത്തി.

മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാരായ എം.എ ബേബി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, സഹപ്രവര്‍ത്തകരായ മമ്മൂട്ടി, മോഹന്‍ലാല്‍, കെ.ജി ജോര്‍ജ്, ഇന്നസെന്റ്, ചെറിയാന്‍ കല്‍പ്പകവാടി തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള പ്രമുഖര്‍ വേണു നാഗവള്ളിയെ അവസാനമായി കാണാനെത്തി.

No comments:

Post a Comment