"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Monday, 20 September 2010

ഇന്‍റര്‍നെറ്റ് വഴി ഒന്നരക്കോടി തട്ടിയ ആള്‍ അറസ്റ്റില്‍

തൃപ്പൂണിത്തുറ: ഇന്‍റര്‍നെറ്റിലൂടെ തട്ടിപ്പ് നടത്തി ഒന്നരക്കോടിയോളം രൂപ പലരില്‍ നിന്നായി അപഹരിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു.

തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജില്‍ യുഡി ക്ലാര്‍ക്കായി ജോലിനോക്കവെ സ്വയം വിരമിച്ച ആലപ്പുഴ നെടുമുടി ചക്കാലക്കല്‍ ബിനു (48) വിനെയാണ് തൃപ്പൂണിത്തുറ സി.ഐ ബിജു കെ. സ്റ്റീഫന്‍, എസ്‌ഐ എസ്. ജയകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.

2001-ല്‍ സര്‍ക്കാര്‍ ജോലി രാജിവച്ച ശേഷമാണ് ബിനു സൈബര്‍ കുറ്റകൃത്യം ചെയ്തുവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ആധ്യാത്മിക രംഗത്ത് പ്രവര്‍ത്തിക്കുന്നതിനായിട്ടാണ് ജോലി രാജിവച്ചതെന്ന് പറഞ്ഞിരുന്ന ഇയാള്‍ ചന്ദനക്കുറി തൊട്ട് തികഞ്ഞ ഈശ്വര ഭക്തനെപ്പോലെയാണ് കഴിഞ്ഞിരുന്നത്. ബഹുരാഷ്ട്ര കമ്പനികളുടെ കൂട്ടായ്മയുടെ ഡാറ്റാ പ്രോസസര്‍ ആണെന്നു പറഞ്ഞ് ആളുകളെ വിശ്വസിപ്പിച്ച് കമ്പനികളിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരായി ക്ഷണിച്ചായിരുന്നു തട്ടിപ്പിന് തുടക്കം.

വന്‍കിട കമ്പനികള്‍ സാധാരണ ചെയ്തുവരുന്ന ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സി (ബിപിഒ) ന്റെ ചുവടുപിടിച്ചായിരുന്നു ബിനു ഇന്‍റര്‍നെറ്റ് തട്ടിപ്പ് നടത്തിയിരുന്നത്. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് പതിനായിരം രൂപ പ്രതിമാസം പ്രതിഫലം നല്‍കാമെന്നു പറഞ്ഞ് ഇയാള്‍ കോഷന്‍ ഡിപ്പോസിറ്റായി രണ്ടുലക്ഷം രൂപ വീതം വാങ്ങിയിരുന്നു.

പണം കൊടുത്ത് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരായവര്‍ക്ക് ആറുമാസക്കാലത്തോളം കൃത്യം ഒന്നാം തീയതിതന്നെ അവരുടെ ബാങ്ക് അക്കൗണ്ടില്‍ പതിനായിരം രൂപ അയച്ചിരുന്നു. വിശ്വാസം ആര്‍ജിച്ച ശേഷം അമ്പതിനായിരം രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പത്തുലക്ഷം രൂപ വരെ കോഷന്‍ ഡിപ്പോസിറ്റ് ബിനു വാങ്ങി.

പ്രമുഖ ബഹുരാഷ്ട്ര കമ്പനികളുടെ ഡാറ്റാ പ്രോസസറാണെന്നു പറഞ്ഞാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഇതിനായി ഈ കമ്പനികളുടെ വ്യാജ ഇ-മെയില്‍ വിലാസം ഉണ്ടാക്കി ഇടപാടുകാരോട് നിരന്തരം ബന്ധപ്പെടുകയും ചെയ്തു.

കോഷന്‍ ഡിപ്പോസിറ്റായി നല്‍കുന്ന തുക, അവരെക്കൊണ്ടുതന്നെ കമ്പനിയുടേതെന്നു പറഞ്ഞുനല്‍കിയ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് ഡിപ്പോസിറ്റ് ചെയ്യിപ്പിച്ചു. പ്രതിമാസം ലഭിച്ചിരുന്ന പ്രതിഫലം കിട്ടാതെ വന്നപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി ഇവര്‍ അറിയുന്നത്. ഇങ്ങനെ കബളിപ്പിക്കപ്പെട്ട തൃപ്പൂണിത്തുറ തേവരക്കാവ് 'ആര്‍ദ്ര'യില്‍ ശ്യാംസുന്ദര്‍, തേവരക്കാവ് വൈഷ്ണവത്തില്‍ ജയശ്രീ എന്നിവരുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇവരില്‍ നിന്നു മാത്രമായി 60 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് തൃപ്പൂണിത്തുറ പോലീസും സൈബര്‍ സെല്ലും സംയുക്തമായിട്ടായിരുന്നു അന്വേഷണം. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പി.എച്ച്. അഷറഫിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച അന്വേഷണസംഘം അമ്പലപ്പുഴ ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള സത്രത്തില്‍ നിന്നാണ് ബിനുവിനെ പിടികൂടിയത്.

പ്രൊബേഷന്‍ എസ്‌ഐ ഹണി കെ. ദാസ്, ഹെഡ് കോണ്‍സ്റ്റബിള്‍ ജോയി, പോലീസുകാരായ ജോസി, മനോജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

No comments:

Post a Comment