"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Thursday 2 September 2010

യൂറോ 2012 യോഗ്യതാ മത്സരങ്ങള്‍ നാളെ തുടങ്ങും



പാരീസ്: ലോകകപ്പിന്റെ ആരവമടങ്ങുന്നതിന് മുന്നേ, മറ്റൊരു മഹാമേളയ്ക്കുള്ള തയ്യാറെടുപ്പുകള്‍ക്ക് ഒരുങ്ങുകയാണ് യൂറോപ്പ്. 2012-ലെ യൂറോ കപ്പ് ഫുട്‌ബോളിനുള്ള യോഗ്യതാ മത്സരങ്ങള്‍ വെള്ളിയാഴ്ച നടക്കും. ലോക ചാമ്പ്യന്മാരായ സ്‌പെയിനും റണ്ണറപ്പുകളായ ഹോളണ്ടും ലോകകപ്പിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇറ്റലിയും ഫ്രാന്‍സും ഇംഗ്ലണ്ടും പോര്‍ച്ചുഗലുമൊക്കെ അന്ന് ഗ്രൗണ്ടിലിറങ്ങും. ലോക ജേതാക്കളായ സ്‌പെയിനാണ് യൂറോകപ്പിലെയും നിലവിലെ ജേതാക്കള്‍.

ലോകകപ്പ് റണ്ണറപ്പുകളായ ഹോളണ്ടാണ് യോഗ്യതാ റൗണ്ടില്‍ മരണ ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് ഇയില്‍, സ്വീഡനും ഹംഗറിയും ഹോളണ്ടിനെ വെല്ലുവിളിക്കുന്നു. ഗ്രീസും ക്രൊയേഷ്യയും ഇസ്രായേലും മത്സരിക്കുന്ന ഗ്രൂപ്പ് എഫിലും മരണപ്പോരാട്ടങ്ങളാണ്. ഗ്രൂപ്പ് എയില്‍ ജര്‍മനിക്ക് തുര്‍ക്കിയും ഗ്രൂപ്പ് സിയില്‍ ഇറ്റലിക്ക് സെര്‍ബിയയും ഗ്രൂപ്പ് ജിയില്‍ ഇംഗ്ലണ്ടിന് സ്വിറ്റ്‌സര്‍ലന്‍ഡും ഗ്രൂപ്പ് എച്ചില്‍ പോര്‍ച്ചുഗലിന് ഡെന്മാര്‍ക്കും ഗ്രൂപ്പ് ഐയില്‍, സ്‌പെയിനിന് ചെക്ക് റിപ്പബ്ലിക്കുമാണ് പ്രധാന എതിരാളികള്‍.

യഥാര്‍ഥത്തില്‍ യോഗ്യതാ റൗണ്ടിന് കഴിഞ്ഞ മാസംതന്നെ തുടക്കം കുറിച്ചിരുന്നു. ആഗസ്ത് 11-ന് നടന്ന ഗ്രൂപ്പ് സി മത്സരത്തില്‍, എസ്‌തോണിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫറോ ദ്വീപിനെ തോല്പിച്ചു. എന്നാല്‍, യോഗ്യതാ റൗണ്ട് അതിന്റെ പൂര്‍ണരൂപത്തില്‍ ആരംഭിക്കുന്നത് വെള്ളിയാഴ്ചയാണ്.

ഒമ്പത് ഗ്രൂപ്പുകളിലായി 51 ടീമുകളാണ് യോഗ്യതാ റൗണ്ടില്‍ മത്സരിക്കുന്നത്; ആറ് ഗ്രൂപ്പുകളില്‍ ആറ് ടീമുകള്‍ വീതവും മൂന്ന് ഗ്രൂപ്പുകളില്‍ അഞ്ച് ടീമുകള്‍ വീതവും. ഗ്രൂപ്പ് ജേതാക്കള്‍ നേരിട്ട് യോഗ്യത നേടും. രണ്ടാം സ്ഥാനത്തെത്തുന്ന ടീമുകളില്‍ മികച്ച അഞ്ച് ടീമുകള്‍ക്കും യോഗ്യത കിട്ടും. ശേഷിക്കുന്ന നാല് ടീമുകള്‍ പ്ലേ ഓഫ് കളിച്ച് അതില്‍നിന്ന് രണ്ടു ടീമുകള്‍ക്കും യോഗ്യത ലഭിക്കും. 16 ടീമുകളാണ് ഫൈനല്‍ റൗണ്ടിലുണ്ടാവുക.

ഗ്രൂപ്പ് എ: ജര്‍മനി, തുര്‍ക്കി, ഓസ്ട്രിയ, ബെല്‍ജിയം, കസാഖ്‌സ്താന്‍, അസര്‍ബെയ്ജാന്‍.
ഗ്രൂപ്പ് ബി: റഷ്യ, സ്ലോവാക്യ, അയര്‍ലന്‍ഡ് റിപ്പബ്ലിക്, മാസിഡോണിയ, അര്‍മീനിയ, അന്‍ഡോറ,
ഗ്രൂപ്പ് സി: ഇറ്റലി, സെര്‍ബിയ, എസ്‌തോണിയ, ഉത്തര അയര്‍ലന്‍ഡ്, സ്ലോവേനിയ, ഫറോ ദ്വീപ്.
ഗ്രൂപ്പ് ഡി: ഫ്രാന്‍സ്, റുമാനിയ, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന, ബെലാറസ്, അല്‍ബേനിയ, ലക്‌സംബര്‍ഗ്.
ഗ്രൂപ്പ് ഇ: ഹോളണ്ട്, സ്വീഡന്‍, ഫിന്‍ലന്‍ഡ്, ഹംഗറി, മോള്‍ഡോവ, സാന്‍ മാറിനോ.
ഗ്രൂപ്പ് എഫ്: ക്രൊയേഷ്യ, ഗ്രീസ്, ഇസ്രായേല്‍, ലാത്വിയ, ജോര്‍ജിയ, മാള്‍ട്ട.
ഗ്രൂപ്പ് ജി: ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ്, ബള്‍ഗേറിയ, വെയ്ല്‍സ്, മോണ്ടിനെഗ്രോ.
ഗ്രൂപ്പ് എച്ച്: പോര്‍ച്ചുഗല്‍, ഡെന്മാര്‍ക്ക്, നോര്‍വെ, സൈപ്രസ്, ഐസ്‌ലന്‍ഡ്.
ഗ്രൂപ്പ് ഐ: സ്‌പെയിന്‍, ചെക്ക് റിപ്പബ്ലിക്, സ്‌കോട്ട്‌ലന്‍ഡ്, ലിത്വാനിയ, ലിച്ചെന്‍സ്റ്റെയ്ന്‍.

വെള്ളിയാഴ്ചത്തെ പ്രധാന പോരാട്ടങ്ങളില്‍, ജര്‍മനി ബെല്‍ജിയത്തെയും ഇറ്റലി എസ്‌തോണിയയെയും ഫ്രാന്‍സ് ബലാറസിനെയും ഹോളണ്ട് സാന്‍മാറിനോയെയും സ്വീഡന്‍ ഹംഗറിയെയും ഇംഗ്ലണ്ട് ബള്‍ഗേറിയയെയും പോര്‍ച്ചുഗല്‍ സൈപ്രസിനെയും സ്‌പെയിന്‍ ലിച്ചന്‍സ്റ്റെയ്‌നെയും നേരിടും.

വുവുസെലയ്ക്ക് വിലക്ക്

ജനീവ: യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കിടെ ഗാലറിയില്‍ വുവുസെല ഉപയോഗിക്കുന്നത് യുവേഫ നിരോധിച്ചു. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിന്റെ മുഖമുദ്രകളിലൊന്നായി മാറിയ ഈ കുഴല്‍വാദ്യം കളിക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നതായി വ്യാപക പരാതിയുയര്‍ന്നിരുന്നു. യൂറോപ്പിന്റെ ഫുട്‌ബോള്‍ സംസ്‌കാരവും പവിത്രതയും നിലനിര്‍ത്തുന്നതിനാണ് വുവുസെല ഉപയോഗം നിരോധിച്ചതെന്ന് യുവേഫ വ്യക്തമാക്കി. യൂറോപ്പ ലീഗ്, ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്കും വിലക്ക് ബാധകമാണ്.

No comments:

Post a Comment