"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Tuesday, 7 September 2010

ചന്ദ്രയാന്‍ രണ്ടില്‍ പരീക്ഷിക്കുന്നത് പുതിയ സാങ്കേതികത

ബാംഗ്ലൂര്‍: ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടില്‍ ഇന്ത്യ പരീക്ഷിക്കുന്നത് പുതിയ സാങ്കേതികതയും ആശയങ്ങളും. ചന്ദ്രയാന്‍ ഒന്നില്‍ വിദേശ പേ ലോഡുകള്‍ ഉള്‍പ്പെടുത്തിയതുപോലെ ഇത്തവണ അതുണ്ടാവില്ല. രണ്ട് ശാസ്ത്ര പരീക്ഷണ പേ ലോഡുകള്‍ ഉള്‍പ്പെടെ ഇന്ത്യയുടേതായ ഏഴ് പേ ലോഡുകളാണ് 2013-ല്‍ വിക്ഷേപിക്കുന്ന ചന്ദ്രയാന്‍ രണ്ടില്‍ ഉണ്ടാവുക. ചന്ദ്രയാന്‍ ഒന്നില്‍ നിന്നു ലഭിച്ച അനുഭവ സമ്പത്ത് മെച്ചപ്പെടുത്തി ഈ രംഗത്തെ പുതിയ സാങ്കേതികത തന്നെ പരീക്ഷിക്കുമെന്ന് ചന്ദ്രയാന്‍ രണ്ടിനായുള്ള വിദഗ്ധ കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. യു.ആര്‍. റാവു പറഞ്ഞു.

ഇത്തവണ ഇന്ത്യയുടെ പേ ലോഡുകള്‍ മതിയെന്നാണ് തീരുമാനം. എന്നാല്‍, ചന്ദ്രനെ വലംവെക്കുന്ന ഭ്രമണപഥത്തില്‍ നിന്ന് വിഘടിച്ച് ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങുന്ന ലാന്‍ഡര്‍ റഷ്യയുടെ സഹകരണത്തോടെയുള്ളതാണ്. ചന്ദ്രന്റെ ഉപരിതലത്തിലൂടെ സഞ്ചരിച്ച് പഠനം നടത്തുന്ന റോവര്‍ ഇന്ത്യ ആദ്യമായാണ് പരീക്ഷിക്കുന്നത്. എന്നാല്‍ അമേരിക്കയും റഷ്യയും ലാന്‍ഡറും റോവറും ഉപയോഗിച്ച് തുടക്കത്തില്‍ പരീക്ഷണം നടത്തിയ കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അതില്‍നിന്ന് ഏറെ മുന്നോട്ട് പോയുള്ള സാങ്കേതികതയാണ് ചന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡറിനും റോവറിനും ഉള്ളതെന്ന് പ്രൊഫ. റാവു ചൂണ്ടിക്കാട്ടി. ചൈനയ്ക്ക് ഇത്തരം പരീക്ഷണത്തിനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചന്ദ്രയാന്‍ രണ്ടിന്റെ ദൗത്യം വിജയമായാല്‍ ലാന്‍ഡര്‍, റോവര്‍ എന്നിവയുടെ കാര്യത്തില്‍ ഇന്ത്യ വാണിജ്യാടിസ്ഥാനത്തില്‍ മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. 15 വര്‍ഷത്തിനുള്ളില്‍ മനുഷ്യനെ

ചന്ദ്രനിലെത്തിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് മുതല്‍കൂട്ടായിരിക്കും ചന്ദ്രയാന്‍ രണ്ട്.
ചന്ദ്രയാന്‍ രണ്ടിന്റെ ഭാരം കുറയ്ക്കുകയെന്നതാണ് പ്രധാന വെല്ലുവിളിയെന്ന് പ്രൊഫ. ജി.ആര്‍ റാവു പറഞ്ഞു. ഇതിന്റെ ഭാഗമായാണ് വിദേശ പേ ലോഡുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

No comments:

Post a Comment