"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Thursday, 23 September 2010

കൂട്ടുകാര്‍ ഒത്തുചേര്‍ന്നു; സഹപാഠിക്ക് വീടുവെക്കാന്‍ സ്ഥലം




അത്തോളി: കൂര പണിയാന്‍ അഞ്ച് സെന്റ് സ്ഥലം പോലും സ്വന്തമായി ഇല്ലാത്ത കൂട്ടുകാരിയുടെ കുടുംബത്തിന് സഹപാഠികളുടെ പ്രയത്‌നഫലമായി അഞ്ച് സെന്റ് ഭൂമി സ്വന്തമായി. അത്തോളി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വേളൂര്‍ നമ്പുകുടിമീത്തല്‍ റീനയുടെ കുടുംബത്തിന്റെ സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്. സ്‌കൂള്‍ എന്‍.എസ്.എസ്.യൂണിറ്റിന്റെ സേവന പ്രവര്‍ത്തനങ്ങളുടെ തണലിലാണ് ഇത്.

അത്തോളി ഗ്രാമപ്പഞ്ചായത്തിന്റെ സമൂഹ ഭവന നിര്‍മാണപദ്ധതി ലിസ്റ്റില്‍ റീനയുടെ കുടുംബം മൂന്നുതവണ ഉള്‍പ്പെട്ടിരുന്നുവെങ്കിലും സ്വന്തമായി സ്ഥലമില്ലെന്ന കാരണത്താല്‍ നഷ്ടമാവുകയായിരുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട റീനയുടെ അച്ഛന്‍ അരിയന്‍ മൂന്നു വര്‍ഷം മുമ്പ് പുഴയില്‍ മുങ്ങി മരിച്ചിരുന്നു. അമ്മ ദേവകിയും വികലാംഗയായ അനുജത്തി ബീനയ്ക്കും റീനയാണ് അത്താണി. അത്തോളി വി.എച്ച്.എസ്സിലെ എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ എം.ലീനയുടെ നേതൃത്വത്തില്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് 5,75,000 രൂപയാണ് സ്വരൂപിച്ചത്. മാധ്യമങ്ങളുടെ പിന്തുണയോടെ വിദേശ മലയാളികളില്‍നിന്നാണ് ഇതില്‍ നല്ലൊരു തുക സമാഹരിക്കാനായത്.


ഒന്നരലക്ഷം രൂപയ്ക്ക് അത്തോളി പഞ്ചായത്ത് ഓഫീസിനടുത്ത് വാങ്ങിയ അഞ്ചുസെന്റ് സ്ഥലത്തിന്റെ രേഖകള്‍ കൈരളി ചാനല്‍ കോഴിക്കോട് ബ്യൂറോ ചീഫ് ഇ.രാജേഷ് റീനയുടെ അമ്മയ്ക്ക് കൈമാറി. സമാഹരിച്ച തുകയില്‍ മൂന്നുലക്ഷം രൂപ റീനയുടെയും അനുജിത്തയുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപിക്കും. സ്ഥലം ലഭ്യമായതോടെ റീനയുടെ വീടിന് ഇ.എം.എസ്.ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുലക്ഷം രൂപ അത്തോളി ഗ്രാമപ്പഞ്ചായത്തും അനുവദിക്കും.


എന്‍.എസ്.എസ്.യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ.പ്രസിഡന്റ് ടി.പുഷ്പരാജ് അധ്യക്ഷതവഹിച്ചു. വി.എച്ച്.എസ്.സീനിയര്‍ അധ്യാപിക എം.ശെല്‍വമണി, സ്റ്റാഫ് സെക്രട്ടറി എസ്.അനില്‍കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ ബി.കെ.ഗോകുല്‍ദാസ്, എം.മൂസ, ഇ.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ എം.ലീന സ്വാഗതവും ഭവനനിര്‍മാണ കമ്മിറ്റി ട്രഷറര്‍ എം.ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment