"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Sunday, 12 September 2010

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരുമ്പോള്‍

പെട്ടെന്നുണ്ടാകുന്ന അസുഖങ്ങള്‍ മൂലമോ അപകടങ്ങള്‍ മൂലമോ ഉണ്ടാവുന്ന ചെലവുകള്‍ പലപ്പോഴും നമുക്ക് താങ്ങാവുന്നതിനും അപ്പുറമായിരിക്കും. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് (ആരോഗ്യ ഇന്‍ഷുറന്‍സ്) പരിരക്ഷ എടുത്തിട്ടുണ്ടെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങളിലെ റിസ്‌ക് ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും.

അനുയോജ്യമായ പദ്ധതി തിരഞ്ഞെടുക്കാന്‍
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികള്‍ തിരഞ്ഞെടുക്കേണ്ടത് എങ്ങനെ എന്ന കാര്യത്തില്‍ പലരും അജ്ഞരാണ്. പദ്ധതികള്‍ തിരഞ്ഞെടുക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുകയാണിവിടെ:

1. കുടുംബത്തിലെ എത്ര അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കവര്‍ ആവശ്യമാണ് എന്ന് തീരുമാനിക്കുകയാണ് മുഖ്യം.

2. പദ്ധതിയില്‍ ചേരുന്നതിന് മുമ്പ് എത്ര തുകയുടെ കവറേജ് ആവശ്യമായി വരും എന്നും നിശ്ചയിക്കുക. നിങ്ങളുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി വരാവുന്ന ചെലവ് മുന്‍കൂട്ടി കണ്ട് കണക്കാക്കുകയാണ് വേണ്ടത്. നിങ്ങളുടെ തൊഴിലുടമയില്‍ നിന്ന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നുണ്ടെങ്കില്‍ അത് കൂടി കണക്കിലെടുക്കണം.

3. അത്യാഹിത ചെലവ് കവര്‍ ചെയ്യുന്നതടക്കം നിരവധി പോളിസികള്‍ നിലവിലുണ്ട്. നിങ്ങളുടെ ആവശ്യകത അനുസരിച്ച് വ്യക്തിഗത പോളിസിയാണോ ഫ്‌ളോട്ടര്‍ പോളിസിയാണോ ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസിയാണോ സ്‌പെഷ്യലൈസ്ഡ് പോളിസിയാണോ നല്ലതെന്ന് താരതമ്യം ചെയ്ത് തിരഞ്ഞെടുക്കുക.

4. പദ്ധതിയില്‍ ചേരുന്നതിന് മുമ്പ് ഏജന്റില്‍ നിന്ന് / ബ്രോക്കറില്‍ നിന്ന് പോളിസിയെക്കുറിച്ച് വ്യക്തമായി ചോദിച്ചു മനസ്സിലാക്കുക.


ചേരുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരാന്‍ പ്രീമിയം തുകയുടെ ചെക്ക് അല്ലെങ്കില്‍ ബാങ്ക് ഡ്രാഫ്റ്റ് എന്നീ രേഖകള്‍ മാത്രം മതി. 45 വയസിന് മുകളിലുള്ളവര്‍ക്ക് മെഡിക്കല്‍ ചെക്ക്-അപ്പ് ആവശ്യമായി വരും. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി തുക ക്ലെയിം ചെയ്യുന്ന അവസരങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡ്, മെഡിക്കല്‍ രേഖകള്‍, മരുന്നിനും പരിശോധനകള്‍ക്കും ചെലവായ തുകയുടെ ബില്ല് എന്നിവ സമര്‍പ്പിക്കേണ്ടി വരും.

എവിടെ നിന്നു വാങ്ങാം?
പോളിസി തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ഇന്‍ഷുറന്‍സ് ബ്രോക്കര്‍മാരെയോ ഏജന്റുമാരെയോ സമീപിക്കാം. ഏജന്റുമാര്‍ക്കും ബ്രോക്കര്‍മാര്‍ക്കും ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി(ഐ.ആര്‍.ഡി.എ)യുടെ അംഗീകാരമുണ്ടെന്ന് ഉറപ്പുവരുത്തുക. ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് നേരിട്ടും പോളിസി ലഭിക്കും.

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
അടയ്‌ക്കേണ്ട പ്രീമിയം തുക മാത്രം വിലയിരുത്തി ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നത് ഒട്ടും അഭികാമ്യമല്ല. മറ്റനേകം കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. നിങ്ങള്‍ ചികിത്സ തേടാന്‍ ആഗ്രഹിക്കുന്ന ആസ്​പത്രി, കാഷ്‌ലെസ് ചികിത്സയ്ക്കായുള്ള ഇന്‍ഷുറന്‍സ് കമ്പനിയുടെ പട്ടികയില്‍ വരുന്നുണ്ടോയെന്ന് പരിശോധിക്കണം. ഏതൊക്കെ അസുഖങ്ങള്‍ക്കും സര്‍ജറികള്‍ക്കും ഇന്‍ഷുറന്‍സ് കവര്‍ ലഭിക്കില്ല എന്ന കാര്യവും വ്യക്തമായി മനസ്സിലാക്കണം.

ചികിത്സയുമായി ബന്ധപ്പെട്ട ഏന്തൊക്കെ ചെലവുകള്‍ക്ക് കവറേജ് ലഭിക്കുമെന്നതും പ്രധാനമാണ്. ചില പോളിസികള്‍ ലാബ് ചെലവുകളും മരുന്നിനായുള്ള ചെലവുകളും പോളിസിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവില്ല. ആരോഗ്യ ചെലവുകള്‍ വളരെ കൂടാമെന്നതിനാല്‍ പല കമ്പനികളും ചെലവുകള്‍ക്ക് ഉയര്‍ന്ന പരിധിയും നിശ്ചയിച്ചിട്ടുണ്ടാവും. അതുപോലെ, തീവ്രവാദി ആക്രമണം, യുദ്ധം എന്നീ സാഹചര്യങ്ങളില്‍ വരുന്ന അപകടങ്ങള്‍ക്ക് മിക്ക കമ്പനികളും കവറേജ് നല്‍കാറില്ല.

പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ആസ്​പത്രികളില്‍ സൗജന്യ അഡ്മിഷന്‍, പോളിസിയില്‍ അനുവദിച്ചിട്ടുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. മാതാപിതാക്കള്‍ക്കായുള്ള ഇന്‍ഷുറന്‍സില്‍ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. പ്രമേഹം പോലുള്ള രോഗങ്ങള്‍ക്ക് കവറേജ് ലഭിക്കുമോ എന്നും ഉറപ്പാക്കണം.

No comments:

Post a Comment