"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Saturday 11 September 2010

പുതിയ ആശയങ്ങള്‍ക്കും കണ്ടുപിടിത്തങ്ങള്‍ക്കും 1000 കോടിയുടെ ദേശീയനിധി

ന്യൂഡല്‍ഹി: പുതിയ ആശയങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കാന്‍ ആയിരം കോടി രൂപയുടെ നിധി രൂപവത്കരിക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന ദേശീയ നൂതനാവിഷ്‌കാര സമിതി (നാഷണല്‍ ഇന്നൊവേഷന്‍ കൗണ്‍സില്‍) തീരുമാനിച്ചു. പുതുതായി ഉണ്ടാക്കിയ സമിതിയുടെ ആദ്യ യോഗത്തിനുശേഷം അധ്യക്ഷന്‍ സാം പിട്രോഡയാണ് ഇക്കാര്യം അറിയിച്ചത്.ഈ നിധി പിന്നീട് 5000 കോടിയാക്കി ഉയര്‍ത്താനും ആലോചനയുണ്ട്. കൂടുതലും സ്വകാര്യ മേഖലയില്‍നിന്നാണ് ദേശീയ നിധിയിലേക്ക് പണം വരികയെന്ന് പിട്രോഡ പറഞ്ഞു.

ജീവിതനിലവാരം മെച്ചപ്പെടുത്താനുതകുന്ന കണ്ടുപിടിത്തങ്ങള്‍ ഉള്‍പ്പെടുത്തി സമിതി പുതിയ വെബ്‌സൈറ്റ് തുടങ്ങി. ഗുണകരമെന്ന് തോന്നുന്ന പുത്തന്‍ ആശയങ്ങള്‍ ഈ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താം. 2020 വരെയുള്ള കാലത്തേക്ക് നൂതനാശയങ്ങള്‍ക്കും കണ്ടുപിടിത്തങ്ങള്‍ക്കുമായി സമിതി രൂപരേഖ തയ്യാറാക്കും. ആസൂത്രണക്കമ്മീഷന്‍ അംഗങ്ങളായ അരുണ്‍മൊയ്‌റ, കസ്തൂരിരംഗന്‍, നാസ്‌കോം ചീഫ് കിരണ്‍ കാര്‍ണിക്, ടാറ്റാ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സമിതിയില്‍ അംഗങ്ങളാണ്.

പുത്തന്‍ ആശയങ്ങള്‍ക്കുടമകളെ കണ്ടെത്താന്‍ ടെലിവിഷന്‍ റിയാലിറ്റി ഷോ തുടങ്ങണമെന്ന നിര്‍ദേശം സമിതിയുടെ ആദ്യയോഗത്തില്‍ ഉയര്‍ന്നെങ്കിലും അതുസംബന്ധിച്ച് അവസാന തീരുമാനമായിട്ടില്ല. പ്രമുഖ സിനിമാനിര്‍മാതാവും സമിതിയംഗവുമായ ശേഖര്‍ കപൂറാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.

No comments:

Post a Comment