"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Friday 17 September 2010

റിവേഴ്‌സ് റിപോവില്‍ അരശതമാനവും റിപോവില്‍ കാല്‍ ശതമാനവും വര്‍ധന

മുംബൈ: റിസര്‍വ് ബാങ്ക് ഇദംപ്രഥമമായി ആരംഭിച്ച അര്‍ധപാദ പണവായ്പാനയ അവലോകനത്തില്‍ റിപോ നിരക്ക് 0.25 ശതമാനവും റിവേഴ്‌സ് റിപോ നിരക്ക് 0.50 ശതമാനവും ഉയര്‍ത്തി. ഇതോടെ ഇവ യഥാക്രമം ആറുശതമാനവും അഞ്ചുശതമാനവുമായി ഉയര്‍ത്തി. പണപ്പെരുപ്പം 8.5 ശതമാനത്തില്‍ തുടരുന്ന സാഹചര്യത്തില്‍ പണമൊഴുക്ക് നിയന്ത്രിക്കാനാണ് റിസര്‍വ് ബാങ്കിന്റെ നടപടിയെന്ന് ഗവര്‍ണര്‍ ഡോ. ഡി.സുബ്ബറാവു വിശദീകരിച്ചു.

ജൂലായിലെ പാദവാര്‍ഷിക പണവായ്പാനയ അവലോകനത്തില്‍ റിപോനിരക്ക് 0.25 ശതമാനവും റിവേഴ്‌സ് റിപോ നിരക്ക് 0.50 ശതമാനവും ഉയര്‍ത്തിയതിന് തുടര്‍ച്ചയായാണ് ഈ നടപടി. റിസര്‍വ് ബാങ്കില്‍ നിന്ന് ബാങ്കുകള്‍ കടമെടുക്കുമ്പോഴാണ് റിപോ നിരക്ക് ബാധകമാവുക. ബാങ്കുകളിലെ അധികധനം റിസര്‍വ്ബാങ്ക് സ്വീകരിക്കുമ്പോള്‍ റിവേഴ്‌സ് റിപോ നിരക്കില്‍ പലിശനല്‍കും. റിപോ-റിവേഴ്‌സ് റിപോ നിരക്കുകളിലെ വര്‍ധന ഉടന്‍ പ്രാബല്യത്തിലായി.

രാജ്യത്തെ പണപ്പെരുപ്പ നില ഇപ്പോഴും ആശങ്കയുയര്‍ത്തുന്നതാണെന്ന് റിസര്‍വ് ബാങ്ക് അഭിപ്രായപ്പെട്ടു. നടപ്പുവര്‍ഷം ആദ്യപാദത്തിലെ ശരാശരി പണപ്പെരുപ്പം പഴയ ഫോര്‍മുലയനുസരിച്ചും പുതിയ ഫോര്‍മുല വച്ച് കണക്കാക്കിയാലും ഇരട്ട അക്കത്തിലാണ്. പണപ്പെരുപ്പം ഏതാനും മാസങ്ങള്‍ കൂടി ഉയര്‍ന്നതലത്തില്‍ തുടരുമെന്ന് റിസര്‍വ് ബാങ്ക് വിലയിരുത്തി. ഭക്ഷ്യവില സുരക്ഷയാവട്ടെ പുതിയ ഫോര്‍മുലയില്‍ ആഗസ്തില്‍ 14 ശതമാനത്തിലേറെ വര്‍ധന കാണിച്ചു. ആഗസ്തിലെ പണപ്പെരുപ്പത്തില്‍ മൂന്നില്‍ രണ്ടുഭാഗവും സംഭാവന ചെയ്തത് ഭക്ഷ്യോല്പന്നങ്ങള്‍ അല്ലാത്തവയായിരുന്നു.

ഉയര്‍ന്ന പണപ്പെരുപ്പം മൂലം രാജ്യത്തെ യഥാര്‍ത്ഥ നിക്ഷേപ പലിശ നെഗറ്റീവ് ആയി തുടരുകയാണ്. നിക്ഷേപകര്‍ ലാഭകരമായ മറ്റു മേഖലകള്‍ തേടിപ്പോകുന്നതിനാല്‍ ബാങ്കുകളില്‍ നിക്ഷേപവര്‍ധന കുറയുന്നു. ബാങ്കുകളിലേക്ക് നിക്ഷേപം ആകര്‍ഷിക്കണമെങ്കില്‍ നിക്ഷേപ പലിശ ഉയര്‍ന്നുനില്‍ക്കണം. ബാങ്ക് വായ്പ ലഭ്യത വളര്‍ച്ചയ്ക്ക് വിഘാതമാവാതിരിക്കാന്‍ ഇതനുസരിച്ചുള്ള നടപടി വേണം.

ധനക്കമ്മി നിശ്ചിതലക്ഷ്യമായ 5.5 ശതമാനത്തിനപ്പുറം പോവാന്‍ ഇടയില്ലെന്ന് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടി. 3ജി, ബ്രോഡ്ബാന്‍ഡ് വയര്‍ലെസ് ലേലത്തില്‍ നിന്ന് ലഭിച്ച പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന വരുമാനവും മെച്ചപ്പെട്ട നികുതിയടവുമാണ് ഇതിന് കാരണങ്ങള്‍.

ആഗോള സമ്പദ്‌വ്യവസ്ഥയില്‍ തുടരുന്ന മാന്ദ്യം മൂലം കയറ്റുമതി വളര്‍ച്ചയ്ക്ക് പരിമിതികളുണ്ട്. അതേസമയം ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിലെ കുതിപ്പുമൂലം ഇറക്കുമതി വര്‍ധിക്കുകയാണ്. ഇതുമൂലം വ്യാപാരക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും ഉയരുന്നു.

ഇത്തവണ നല്ല മഴ ലഭിച്ചതുമൂലം റാബി വിളവെടുപ്പ് വര്‍ധിക്കും. ഏപ്രില്‍-ജൂലായ് കാലയളവില്‍ വ്യാവസായിക വളര്‍ച്ചാനിരക്ക് 11.4 ശതമാനമാണ്.

വികസിത രാജ്യങ്ങളില്‍ സാമ്പത്തികമാന്ദ്യത്തില്‍ നിന്നുള്ള തിരിച്ചുവരവിന് വേഗം കുറഞ്ഞിരിക്കുകയാണ്. 2010 ന്റെ രണ്ടാം പകുതിയില്‍ ഒന്നാംപകുതിയേക്കാള്‍ വളര്‍ച്ച കുറയുമെന്നാണ് സൂചനയെന്നും റിസര്‍വ് ബാങ്ക് വിലയിരുത്തി.

No comments:

Post a Comment