"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Friday, 1 October 2010

ഇനി 24/7 ഷോപ്പിങ്!



                   കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിയിരുന്ന കാലമൊക്കെ ഒത്തിരി മാറി. ഇന്ന് മറ്റ് കാര്യങ്ങള്‍ക്കെന്ന പോലെ ഷോപ്പിങ്ങിലും ഉപഭോക്താവിന് മുഖ്യം സൗകര്യമാണ്. ടെലി ഷോപ്പിങ് രംഗം വളരുന്നതിന് പ്രധാന കാരണവും ഇതുതന്നെ. ചാനലുകള്‍ ടെലി ഷോപ്പിങ് പരിപാടികള്‍ക്കായി മത്സരിക്കുകയാണ്.

വാര്‍ത്തകള്‍ക്കും എന്റര്‍ടെയ്ന്‍മെന്റിനും ചാനലുകള്‍ ഉളളതു പോലെ ടെലിഷോപ്പിങ്ങിന് മാത്രമായി ചാനലുകള്‍ വരികയാണ്. നെറ്റ്‌വര്‍ക്ക് 18 ഗ്രൂപ്പിന്റെ 'ഹോം ഷോപ്പ് 18'ന് പിന്നാലെ സ്റ്റാര്‍, സീ ടിവി, ഫ്യൂച്വര്‍ ഗ്രൂപ്പ് എന്നിവയൊക്കെ 24/7 ഷോപ്പിങ് ചാനല്‍ തുടങ്ങാന്‍ ഒരുങ്ങുകയാണ്.

ദക്ഷിണ കൊറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ ഏഷ്യയും സി.ജെ ഒ ഷോപ്പിങ്ങും സംയുക്തമായി തുടങ്ങുന്ന 'സ്റ്റാര്‍ സിജെ' തത്സമയ ഷോപ്പിങ് പരിപാടികളുമായി ആഗസ്‌തോടെ രംഗത്തെത്തുമെന്നാണ് കരുതുന്നത്.

നിലവില്‍ സ്റ്റാര്‍ ഉത്സവ് എന്ന ചാനലിലൂടെ ദിവസേന ആറ് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിപാടികളുമായി സ്റ്റാര്‍ ഉത്സവ് ടെലി ഷോപ്പിങ് രംഗത്ത് ശക്തമായി തന്നെയുണ്ട്. ഉത്സവില്‍ പ്രക്ഷേപണം ചെയ്യുന്ന തരത്തില്‍ തന്നെയാവും സ്റ്റാര്‍ സി.ജെയിലെയും പരിപാടികളെന്ന് സ്റ്റാര്‍ സി.ജെ നെറ്റ്‌വര്‍ക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാരിതോഷ് ജോഷി അറിയിച്ചു. കേബിള്‍, സാറ്റ്‌ലൈറ്റ്, ഡയറക്ട്-ടു-ഹോം എന്നീ പെയ്ഡ് ഇനങ്ങളില്‍ 12 ലക്ഷം കാഴ്ചക്കാരുളള രാജ്യത്ത് നിന്നും ചുരുങ്ങിയത് 10 കോടി ഉപഭോക്താക്കളെയെങ്കിലും ഇതിലൂടെ നേടാനാവുമെന്നാണ് സ്റ്റാര്‍ സിജെ നെറ്റവര്‍ക്ക്‌സിന്റെ പ്രതീക്ഷ.

ബിസിനസ് രംഗത്തെ പ്രമുഖരായ ഫ്യൂച്വര്‍ ഗ്രൂപ്പും ഷോപ്പിങ് പരിപാടികളുമായി ചാനല്‍ രംഗത്തേക്ക് കടക്കാനുളള ശ്രമത്തിലാണ്. മറ്റ് ചാനലുകളിലൂടെ ഷോപ്പിങ് പരിപാടികള്‍ അവതരിപ്പിക്കാനാണ് ഫ്യൂച്വര്‍ ഗ്രൂപ്പ് പദ്ധതിയിടുന്നത്. റീട്ടെയില്‍ രംഗത്തെ വമ്പന്‍ ബ്രാന്‍ഡുകളായ ബിഗ് ബസാര്‍, പാന്റലൂണ്‍ എന്നിവയൊക്കെ ഫ്യൂച്വര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇതും ചാനല്‍ തുടങ്ങുമ്പോള്‍ ഇവര്‍ക്ക് ഗുണകരമാകും.

ചാനല്‍ രംഗത്തെ പ്രമുഖരായ സീ ടിവി നെറ്റ്‌വര്‍ക്കും ഷോപ്പിങ് ചാനല്‍ തുടങ്ങുന്നതിന് പദ്ധതിയിടുന്നതായാണ് ഷോപ്പിങ് രംഗത്ത് നിന്ന് ലഭിക്കുന്ന സൂചന. നിലവില്‍ സ്‌കൈ ഷോപ്പിലൂടെ രംഗത്തുളള 'സീ' ഈ രംഗത്ത് സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനായാണ് പുതിയ ചാനലിന് കോപ്പുകൂട്ടുന്നത്.

ഹോം ഷോപ്പിങ് ചാനലുകളുകള്‍ക്ക് വിറ്റഴിക്കപ്പെടുന്ന ഉത്പന്നങ്ങളുടെ മേല്‍ ലഭിക്കുന്ന കമ്മീഷനാണ് ചാനല്‍ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. ഉത്പന്നങ്ങള്‍ക്ക് 10 മുതല്‍ 40 ശതമാനം വരെ കമ്മീഷന്‍ കൊടുക്കുന്ന കമ്പനികള്‍ നിലവിലുണ്ട്. ടെക്‌നോളജി ഉത്പന്നങ്ങളായ മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ ക്യാമറ, കമ്പ്യൂട്ടറുകള്‍ എന്നിവയുടെ വില്‍പനയിലൂടെ അത്ര വലിയ മാര്‍ജിന്‍ ലഭിക്കില്ലെങ്കിലും താരതമ്യേന വിപണന വേഗം കുറഞ്ഞ ഹെല്‍ത്ത് കെയര്‍ വിഭാഗത്തില്‍ പെടുന്ന സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ക്കും ജുവല്ലറി ഐറ്റങ്ങള്‍ക്കും മികച്ച മാര്‍ജിനാണ് ലഭിക്കുന്നത്.

സ്റ്റാര്‍ സി ജെ നിലവില്‍ വന്നതിന് ശേഷം 20,000ത്തോളം ഉപഭോക്താക്കള്‍ ഇതിലൂടെ ഷോപ്പിങ് നടത്തിയെന്നും വില്‍പനയില്‍ ഏകദേശം 40 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയതായും ചാനല്‍ വ്യക്തമാക്കി. എന്നാല്‍, നിലവില്‍ സിഎന്‍ബിസി നെറ്റ്‌വര്‍ക്ക് 18ന് കീഴിലുളള ഹോം ഷോപ്പ് 18 ചാനലാണ് ടെലിഷോപ്പിങ് മേഖലയില്‍ മുന്‍പന്തിയിലുളളത്. പ്രക്ഷേപണം തുടങ്ങി രണ്ടാം വര്‍ഷത്തിലെത്തുമ്പോള്‍ 300 കോടി രൂപയിലെത്തി നില്‍ക്കുകയാണ് വില്‍പന. മുന്‍ വര്‍ഷത്തില്‍ നിന്നും 100 ശതമാനത്തോളം വര്‍ധന.

No comments:

Post a Comment