"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Sunday, 31 October 2010

ഡോ.എം.ലീലാവതിയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം


                       കൊച്ചി: ഇത്തവണത്തെ എഴുത്തച്ഛന്‍പുരസ്‌കാരം ഡോ.എം.ലീലാവതിയ്ക്ക്. സാംസ്‌കാരിക മന്ത്രി എം.എ.ബേബി ലീലാവതി ടീച്ചറുടെ വീട്ടിലെത്തി പുരസ്‌കാര വിവരം അറിയിച്ചു. ഒ.എന്‍.വികുറുപ്പ് അധ്യക്ഷനും സുഗതകുമാരി, പി.വത്സല, എം.എന്‍.കാരശേരി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരം ലീലാവതിയ്ക്ക് നല്‍കാന്‍ തീരുമാനിച്ചത്.

മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. സാഹിത്യവിമര്‍ശക, എഴുത്തുകാരി, പ്രഭാഷക, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തമായ വ്യക്തിത്വമാണ് എം.ലീലാവതി.


1927 സപ്തംബര്‍ 16 ന് ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയില്‍ ജനിച്ചു. കുന്നംകുളം ഹൈസ്‌ക്കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് സര്‍വകലാശാല, കേരള സര്‍വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1949 മുതല്‍ പാലക്കട് ഗവ.വിക്ടോറിയ കോളേജ്, മഹാരാജാസ് കോളജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് തുടങ്ങിയ കലാലയങ്ങളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചു.


തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് 1983 ല്‍ വിരമിച്ചു. കുറച്ചുകാലം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ്ങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. പത്മശ്രീ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.


ലീലാവതിയ്ക്ക് ലഭിച്ച മറ്റ് പുരസ്‌കാരങ്ങള്‍

ഓടക്കുഴല്‍ അവാര്‍ഡ്
സോവിയറ്റ്‌ലാന്റ് നെഹ്‌റു അവാര്‍ഡ്
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

പ്രധാന കൃതികള്‍

കവിതയും ശാസ്ത്രവും
കണ്ണീരും മഴവില്ലും
നവരംഗം
വിശ്വോത്തരമായ വിപ്ലവേതിഹാസം
ജിയുടെ കാവ്യജീവിതം
മലയാള കവിതാസാഹിത്യ ചരിത്രം
അമൃതമശ്‌നുതേ
കവിതാധ്വനി
സത്യം ശിവം സുന്ദരം
ശൃഗാരാവിഷ്‌കരണം സി വി കൃതികളില്‍
ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍ - ഒരു പഠനം
ഉണ്ണിക്കുട്ടന്റെ ലോകം

Thursday, 28 October 2010

മേളകളുടെ മേളയാകാന്‍ ഗ്വാങ്ഷു

         പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണംകൊണ്ട് മാത്രമേ ഒളിമ്പിക്‌സ് ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ കായിക മേളയാവുന്നുള്ളൂ. കായിക ഇനങ്ങളുടെയും നടക്കുന്ന മല്‍സരങ്ങളുടെയും സമ്മാനിക്കപ്പെടുന്ന മെഡലുകളുടെയും പങ്കെടുക്കുന്ന കായിക താരങ്ങളുടെയും എണ്ണം പരിഗണിക്കുമ്പോള്‍ ഒളിമ്പിക്‌സിനെക്കാള്‍ വലിയ മേളയാണ് ഏഷ്യന്‍ ഗെയിംസ് . നവംബര്‍ 12 മുതല്‍ 27 വരെ ചൈനയിലെ ഗ്വാങ്ഷുവില്‍ നടക്കുന്ന പതിനാറാമത് ഏഷ്യന്‍ ഗെയിംസ് ഈ വസ്തുതയ്ക്ക് അടിവരയിടുന്ന മേളയാവും.

2008-ലെ ബെയ്ജിങ് ഒളിമ്പിക്‌സില്‍ 28 കായിക ഇനങ്ങളിലായി 302 സ്വര്‍ണമെഡലുകള്‍ക്ക് വേണ്ടി 11,028 കായികതാരങ്ങളാണ് മല്‍സരിച്ചത്. അതിനും രണ്ടുവര്‍ഷം മുമ്പ് ദോഹയില്‍ നടന്ന പതിനഞ്ചാമത് ഏഷ്യന്‍ ഗെയിംസില്‍ 39 ഇനങ്ങളിലായി 428 സ്വര്‍ണ മെഡലുകള്‍ക്കുവേണ്ടി 13,000 കായികതാരങ്ങള്‍ കളത്തിലിറങ്ങി. ഗ്വാങ്ഷുവില്‍ 42 ഇനങ്ങളിലായി 476 സ്വര്‍ണ മെഡലുകള്‍ക്കായാണ് മത്സരം. പങ്കെടുക്കുന്ന കായികതാരങ്ങളുടെ എണ്ണം 15,000 കടക്കുമെന്നാണ് കരുതുന്നത്. ക്രിക്കറ്റും ചെസ്സും ബില്യാര്‍ഡ്‌സും ബൗളിങ്ങും സോഫ്റ്റ് ടെന്നീസും സോഫ്റ്റ്‌ബോളും കരാട്ടെയും വള്ളംകളിയും ഡാന്‍സും ഉള്‍പ്പെടെ കേട്ടുകേള്‍വിയുള്ള സകല സ്‌പോര്‍ട്‌സും ഗ്വാങ്ഷുവില്‍ മല്‍സര ഇനമാണ്. വാട്ടര്‍ പോളോയെ സ്വിമ്മിങ്ങില്‍ നിന്നും സ്‌നൂക്കറിനെയും കാരംബോളിനെയും ബില്യാര്‍ഡ് സ്‌പോര്‍ട്‌സില്‍ നിന്നും സോഫ്റ്റ് ടെന്നീസിനെ ടെന്നീസില്‍ നിന്നും ബീച്ച് വോളിയെ വോളിബോളില്‍ നിന്നും മാറ്റി വേറെ ഇനങ്ങളായി പരിഗണിച്ചാല്‍ കായിക ഇനങ്ങളുടെ എണ്ണം അമ്പത് കടക്കും.

ചെസ്സ് തന്നെ മൂന്നു വിധമാണ്.- നമ്മുടെ സാദാ ചെസ്സും പിന്നെ വെയ്ക്വി, ഷാന്‍ക്വി എന്നീ ഇനങ്ങളും. ഒന്നായി പരിഗണിക്കപ്പെട്ടിരിക്കുന്ന മൂന്നിനങ്ങളിലും കൂടി ഒന്‍പത് സ്വര്‍ണ മെഡലുകള്‍. ചൈനയുടെ പരമ്പരാഗതയിനമായ ഡ്രാഗണ്‍ ബോട്ട് റെയ്‌സാണ് ഗെയിംസില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്ന ഇനങ്ങളിലൊന്ന്. ഇതിലുമുണ്ട് ആറ് സ്വര്‍ണ മെഡലുകള്‍. ഡാന്‍സും മല്‍സര ഇനമാണ്. ഡാന്‍സ് സ്‌പോര്‍ട്‌സ് എന്നാണ് പേര്. ഇതില്‍ 10 സ്വര്‍ണമെഡല്‍. ഇത്രയധികം സ്‌പോര്‍ട്‌സിനങ്ങള്‍ക്ക് ആവശ്യമായ വേദികളും സ്റ്റേഡിയങ്ങളും ഒരുക്കുക എന്നത് തന്നെ കഠിന ദൗത്യമായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ ഈസ്റ്റേഡിയങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ചൈനയിലെ മൂന്നാമത്തെ വലിയ നഗരമായ ഗ്വാങ്ഷുവിലെ മിക്ക സ്റ്റേഡിയങ്ങളും പുതുതായി പണിതതാണ്.

ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്‌പോര്‍ട്‌സ് ഇനങ്ങളുടെ പട്ടിക വായിച്ച് ആ ഇനങ്ങള്‍ എന്താണെന്ന് പഠിച്ചുവരുമ്പോഴേക്ക് ഗെയിംസ് അവസാനിച്ചിരിക്കും, തീര്‍ച്ച. എല്ലായിനങ്ങളിലും മല്‍സരിക്കുന്ന ഒരേയൊരു രാജ്യമേയുള്ളൂ. ചൈന. തങ്ങള്‍ക്ക് പരിചിതമല്ലാത്ത ഗെയ്മുകളില്‍ പോലും യോജിച്ച കായികതാരങ്ങളെ കണ്ടെത്തി മികച്ച പരിശീലകരെ വിദേശത്തുനിന്ന് കൊണ്ടുവന്ന് വിദഗ്ധ പരിശീലനം നല്‍കുകയാണ് അവര്‍ ചെയ്തത്. 2008-ലെ ബെയ്ജിങ് ഒളിമ്പിക്‌സില്‍ അമേരിക്കയെ പിന്തള്ളി ചാമ്പ്യന്‍മാരായ ചൈന തങ്ങളുടെ കായിക മേധാവിത്വം ഒരിക്കല്‍ കൂടി ലോകത്തിന് മുമ്പാകെ തെളിയിക്കാനുള്ള അവസരമായാണ് ഗ്വാങ്ഷു ഗെയിംസിനെ കാണുന്നത്. ലോകത്തെ ഏറ്റവും വലിയ വന്‍കരയുടെ കായിക മേളയില്‍ മൊത്തം സമ്മാനിക്കപ്പെടുന്ന 476 സ്വര്‍ണമെഡലുകളില്‍ 200 എണ്ണമെങ്കിലും സ്വന്തമാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഇപ്പോഴത്തെ നിലയില്‍ അതിനപ്പുറത്തേക്ക് അവര്‍ പോയാലും അദ്ഭുതപ്പെടാനില്ല.

Sunday, 24 October 2010

ശമ്പളം 7.34 കോടി





             കൊച്ചി: രാജ്യത്തെ മുന്‍നിര എഫ്എംസിജി കമ്പനികളില്‍ ഏറ്റവുമധികം ശമ്പളം പറ്റുന്ന മേധാവി വൈ.സി.ദേവേശ്വര്‍. ഐടിസിയുടെ ചെയര്‍മാനായ ഇദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം 7.34 കോടി രൂപയാണ്. അതായത് പ്രതിമാസം 61.17 ലക്ഷം രൂപ.

63കാരനായ ദേവേശ്വര്‍ 1996 മുതല്‍ ഐടിസിയുടെ ചെയര്‍മാനാണ്. 1968ല്‍ ഐടിസിയില്‍ ചേര്‍ന്ന ഇദ്ദേഹം 1984 മുതല്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. 2012 ഫിബ്രവരിയില്‍ വിരമിക്കും.


എഫ്എംസിജി മേഖലയില്‍ മാത്രമല്ല വൈവിദ്യമാര്‍ന്ന മറ്റു പല മേഖലകളിലും സാന്നിധ്യമുള്ള കമ്പനിയാണ് ഇപ്പോള്‍ ഐടിസി. 4168 കോടി രൂപയാണ് കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റാദായം. വിപണി മൂല്യം 1,23,388 കോടി രൂപയും.


ശമ്പളത്തിന്റെ കാര്യത്തില്‍ തൊട്ടുപിന്നില്‍ നില്‍ക്കുന്നത് ഡാബര്‍ ഇന്ത്യയുടെ സിഇഒ സുനില്‍ ദുഗ്ഗാളാണ്. 5.72 കോടി രൂപയാണ് അദ്ദേഹത്തിന്റെ ശമ്പളം.


ഇവര്‍ക്ക് രണ്ടു പേര്‍ക്കും പിന്നാലെ, ബ്രിട്ടാനിയയുടെ മാനേജിങ് ഡയറക്ടര്‍ വിനീത ബാലി, ജിഎസ്‌കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയര്‍ മാനേജിങ് ഡയറക്ടര്‍ സുബൈര്‍ അഹമ്മദ് എന്നിവരാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ യൂണീലിവറിന്റെ മാനേജിങ് ഡയറക്ടര്‍ നിതിന്‍ പരാഞ്ച്‌പേ ശമ്പളത്തിന്റെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്താണ്.


ബ്രിട്ടാനിയ മേധാവി വിനീത ബാലിയുടെ ശമ്പളം 4.42 കോടി രൂപയാണ്. ജിഎസ്‌കെ (ഗ്ലോക്‌സോ സ്മിത്ത്‌ക്ലെയിന്‍) മേധാവി സുബൈര്‍ അഹമ്മദിന്റേത് 4.13 കോടിയും. സമ്പൂര്‍ണ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ മാനേജിങ് ഡയറക്ടര്‍ നിതിന്‍ പ്രതിവര്‍ഷം 3.19 കോടി രൂപയാണ് സ്വന്തമാക്കുന്നത്.

 

Friday, 22 October 2010

കവി എ അയ്യപ്പന്‍ അന്തരിച്ചു


              തിരുവനന്തപുരം: ബിംബങ്ങളിലൂടെ മലയാള കവിതയെ പ്രശോഭിപ്പിച്ച കവി എ അയ്യപ്പന്‍(61) അന്തരിച്ചു. തിരുവനന്തപുരത്ത് ജനറല്‍ ആസ്​പത്രിയിലായിരുന്നു അന്ത്യം. അനാഥനെങ്കിലും സനാഥനായി അലഞ്ഞുതീര്‍ത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. കറുപ്പ്, മാളമില്ലാത്ത പാമ്പ്, ബുദ്ധനും ആട്ടിന്‍കുട്ടിയും, ബലിക്കുറുപ്പുകള്‍, വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, കറുപ്പ്, ചിത്തരോഗ ആസ്​പത്രിയിലെ ദിനങ്ങള്‍, തെറ്റിയോടുന്ന സെക്കന്റ് സൂചി എന്നിവയാണ് പ്രധാന കൃതികള്‍.

1949 ഒക്‌ടോബര്‍ 27ന് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തായിരുന്നു ജനനം. ചെറുപ്പകാലത്ത് തന്നെ അച്ഛനും അമ്മയും മരിച്ചു. സഹോദരിയുടെ സംരക്ഷണയിലായിരുന്നു വളര്‍ന്നത്. 18 ാം വയസ്സില്‍ കവിത എഴുതിത്തുടങ്ങി. വിദ്യാഭ്യാസത്തിന് ശേഷം അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി.

2010 ലെ ആശാന്‍ പുരസ്‌കാരമാണ് ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന് ലഭിച്ച അംഗീകാരം. ആശാന്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന് വെള്ളിയാഴ്ച ചെന്നൈയിലേക്ക് പുറപ്പെടാനിരിക്കെയാണ് മരണം സംഭവിച്ചത്. അയ്യപ്പേട്ടന് അവാര്‍ഡുണ്ട് എന്നാരെങ്കിലും അറിയിച്ചാല്‍ എത്രകാശ് കിട്ടും എന്നാകും അയ്യപ്പന്റെ പതിവ് മറുപടി.

കവിതയെഴുത്ത് പോലെ തന്നെ അയ്യപ്പന്റെ ശീലമായിരുന്നു മദ്യപാനവും. പലപ്പോഴും ആരോഗ്യസ്ഥിതി മോശമായി ആസ്​പത്രിയില്‍ കഴിയേണ്ടി വന്നു. ഒന്നു രണ്ട് തവണ ഡോക്ടര്‍മാര്‍ പോലും ഇനി എഴുതാന്‍ അയ്യപ്പനുണ്ടാവില്ല എന്ന് വിധിയെഴുതി. അപ്പോഴെല്ലാം സകലരേയും അമ്പരപ്പിച്ചുകൊണ്ട് അയ്യപ്പന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ ഇത്തവണ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. മരണം അയ്യപ്പനെ വിളിച്ചു. അയ്യപ്പന്‍ കേട്ടു.

ബിംബങ്ങളുടെ ആഘോഷമാണ് അയ്യപ്പന്റെ കവിതകള്‍. അക്ഷരങ്ങളെ നക്ഷത്രങ്ങളാക്കി മാറ്റി നവീനമായ കാവ്യഭാഷ. ജീവിതാനുഭവങ്ങളുടെ വിഷം കവിതയാക്കി മാറ്റി. അതുകൊണ്ടാണ് കവിത ഒരു കോപ്പ വിഷമാണെന്ന് അയ്യന്‍ എഴുതിയത്. അലഞ്ഞെഴുതുന്നവന്റെ ജീവിത രചനകളാണ് ആ കവിതകള്‍.

'കാറപകടത്തില്‍ പെട്ടുമരിച്ച
വഴിയാത്രക്കാരന്റെ ചോരയില്‍ ചവുട്ടി
ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്റെ പോക്കറ്റില്‍ നിന്നും പിറന്ന
അഞ്ചുരൂപയിലായിരുന്നു എന്റെ കണ്‍
ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍
എന്റെ കുട്ടികള്‍; വിശപ്പ് എന്ന നോക്കുകുത്തികള്‍
ഇന്നത്താഴം ഇതുകൊണ്ടാവാം'

ഇങ്ങനെ എഴുതാന്‍ ഒരേയൊരു അയ്യപ്പന്‍ മാത്രമേ നമുക്കുണ്ടായിരുന്നുള്ളൂ.

തിരസ്‌കൃതനായ ജീവിച്ച അയ്യപ്പന്റെ മരണത്തിലും ആ വ്യത്യസ്തത നിലനിന്നു. മരണം കൂട്ടിക്കൊണ്ടുപോയിട്ടും ഒടുവില്‍ ആരാലും തിരിച്ചറിയപ്പെടാതെ ആസപത്രിയില്‍ മുറിയില്‍ ഏറെനേരം. വ്യാഴാഴ്ച രാത്രിയില്‍ തിരുവനന്തപുരത്ത് വഴിയരികില്‍ വീണുകിടക്കുകയായിരുന്ന അയ്യപ്പനെ രാത്രി വൈകിയാണ് ആസ്​പത്രിയിലെത്തിച്ചത്. അവിടെയെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അത്താഴമൂട്ടുമായ് അലയുന്ന ഞാന്‍ സ്വയം
ചുമക്കുന്ന ചുമടുമായി ഈവഴിയോരങ്ങള്‍ താണ്ടട്ടെ
മരിക്കാന്‍ മനസ്സില്ലാത്തവനായി...

എങ്കിലും പലപ്പോഴും തെന്നിമാറിയ മരണം ഒടുവില്‍ അയപ്പനെ വിളിച്ചു. അയ്യപ്പന്‍ യാത്രയായി. മരണത്തെപ്പേടിച്ച് മരുന്നും മദ്യവും ഒന്നിച്ച് അകത്താക്കി ഒടുവില്‍ മരണത്തിലേക്ക്. തെറ്റിയോടിയ ഒരു സെക്കന്റ് സൂചി അങ്ങനെ നിലച്ചു.

Wednesday, 20 October 2010

ലോകത്തെ ഏറ്റവും വലിയ കടല്‍പ്പാലം കുവൈത്തില്‍



35 കി.മീ. ദൈര്‍ഘ്യം.
100 കോടി ദിനാര്‍.
നിര്‍മാണം അഞ്ചു വര്‍ഷംകൊണ്ട്.

                          കുവൈത്ത്: ലോകത്തെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലത്തിന് കുവൈത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ഒരു ബില്യന്‍ കുവൈത്ത് ദിനാര്‍ ചെലവ് വരുന്ന പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം അഞ്ചു വര്‍ഷംകൊണ്ട് പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി. അണ്ടര്‍ സെക്രട്ടറി ഹുസൈന്‍ അല്‍-മന്‍സൂര്‍ അറിയിച്ചു. 35 കി.മീ. ദൈര്‍ഘ്യമുള്ള പാലത്തിന്റെ 30 കി.മീ. ദൂരവും കടലിന് മുകളിലൂടെയാണ്.

മുന്‍ അമീര്‍ ശൈഖ് ജാബിര്‍ അല്‍-അഹ്മദ് അല്‍-ജാബിര്‍ അല്‍-സബയുടെ നാമധേയത്തില്‍ നിര്‍മിക്കുന്ന കടല്‍പ്പാലം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ കടല്‍പ്പാലമായി മാറുമെന്നും അദ്ദേഹം അറിയിച്ചു.കുവൈത്തില്‍ നിര്‍മിക്കുന്ന വിസ്മയങ്ങളായ കുവൈത്ത് സിറ്റിയെയും സുബിയ്യ സില്‍ക് സിറ്റിയെയും ബന്ധിപ്പിക്കുന്നതാണ് ജാബിര്‍ കടല്‍പ്പാലം. മേഖലയിലെ ഏറ്റവും വലിയ സാമ്പത്തികകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന കുവൈത്തിന്റെ വികസനോന്മുഖമായ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിക്കുന്ന വിസ്മയ സിറ്റിയാണ് സുബിയ്യ സില്‍ക് സിറ്റി.


ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമുള്‍പ്പെടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങളുടെ പറുദീസയായി മാറുന്ന സില്‍ക് സിറ്റിയുമായി കുവൈത്ത് സിറ്റിയെ ബന്ധിപ്പിക്കുന്ന 'ജാബിര്‍' കടല്‍പ്പാലത്തിന്റെ രൂപകല്പന ഒരു വര്‍ഷത്തിനകം തയ്യാറാകും. തുടര്‍ന്നുള്ള നാലു വര്‍ഷങ്ങള്‍കൊണ്ട് കടല്‍പ്പാലം പൂര്‍ത്തിയാകും. 2016 ജൂണ്‍ മാസത്തോടെ കടല്‍പ്പാലം സഞ്ചാരയോഗ്യമാകുന്നതാണ്.


അതേസമയം ജാബിര്‍ കടല്‍പ്പാലത്തിന്റെ നിര്‍മാണ കരാറിനായി സൗദിഅറേബ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിന്‍ലാദന്‍ ഗ്രൂപ്പും കൊറിയന്‍ കമ്പനിയായ ഹുണ്ടായിയും മത്സരിക്കുന്നു. കുവൈത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ നിര്‍മിക്കുന്ന സില്‍ക് സിറ്റി, മേഖലയിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരകേന്ദ്രമായി മാറും.


ഇതുകൂടാതെ ബുബ്‌യാനില്‍ ആരംഭിച്ച വന്‍കിട കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ നിര്‍മാണവും ഇതോടൊപ്പം പുരോഗമിക്കുകയാണ്. സില്‍ക് സിറ്റിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സാമ്പത്തികകേന്ദ്രമായി കുവൈത്ത് മാറുന്നതോടൊപ്പം ഏകദേശം നാലരലക്ഷം പുതിയ തൊഴിലവസരങ്ങളും സംജാതമാകുമെന്നാണ് കണക്കുകൂട്ടല്‍.

Saturday, 16 October 2010

ലോകത്തെ ഏറ്റവും വലിയ തുരങ്കം സ്വിറ്റ്‌സര്‍ലന്‍ഡില്‍




                 സെഡ്രണ്‍: ലോകത്തിലെ ഏറ്റവും നീളമുള്ള തുരങ്കത്തിന്റെ നിര്‍മാണം സ്വിറ്റ്‌സര്‍ലന്‍ഡില്‍ പൂര്‍ത്തിയായി. ആല്‍പ്‌സ് പര്‍വതനിരയ്ക്ക് അപ്പുറവുമിപ്പുറവുമുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഗോഥാര്‍ഡ് തുരങ്കത്തിന് 57 കിലോമീറ്ററാണ് ദൈര്‍ഘ്യം.

യൂറോപ്പിലെ ചരക്കുഗതാഗതത്തിന്റെ മുഖച്ഛായ മാറ്റുന്ന തുരങ്കത്തിന്റെ നിര്‍മാണം പതിനഞ്ചു വര്‍ഷംകൊണ്ടാണ് പൂര്‍ത്തിയായത്. ഇരുപുറത്തുനിന്നും ആരംഭിച്ച ഖനനം വെള്ളിയാഴ്ച സെഡ്രണില്‍ കൂട്ടിമുട്ടി. യൂറോപ്പിന്റെ ഭരണനേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങ് ടെലിവിഷനുകള്‍ തത്സമയം സംപ്രേഷണം ചെയ്തു.

ആല്‍പ്‌സ് പര്‍വതത്തിന്റെ മുകള്‍ഭാഗത്തു നിന്ന് 2,000 മീറ്റര്‍ താഴേക്കൂടിയാണ് തുരങ്കം കടന്നുപോകുന്നത്. ഒമ്പതര മീറ്റര്‍ വീതിയുള്ള ഇതില്‍ പാളങ്ങള്‍ ഘടിപ്പിച്ച് 2017-ഓടെ തീവണ്ടി സര്‍വീസ് ആരംഭിക്കും. ഇറ്റലിയിലെ മിലാനില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലേക്ക് മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ പ്രതിദിനം 300 തീവണ്ടികള്‍ ഇതുവഴി കടന്നുപോകും. യാത്രാസമയത്തില്‍ അതോടെ വലിയ കുറവ് വരും.

ആല്‍പ്‌സ് പര്‍വതനിരകളെ കീറിമുറിച്ചുപോകുന്ന റോഡുകളിലൂടെയുള്ള ചരക്കുകടത്ത് ഈ മേഖലയുടെ പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്നുവെന്ന തിരിച്ചറിവാണ് റെയില്‍വേ തുരങ്ക നിര്‍മാണത്തിനു പിന്നില്‍. ചരക്കു കടത്ത് റെയില്‍ വഴിയാകുന്നതോടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വലിയൊരളവോളം പരിഹരിക്കപ്പെടുമെന്ന് കരുതുന്നു. 2,500 ജോലിക്കാരാണ് തുരങ്ക നിര്‍മാണത്തില്‍ പങ്കെടുത്തത്. 980 കോടി സ്വിസ് ഫ്രാങ്കാണ് (45,000 കോടി രൂപ) നിര്‍മാണച്ചെലവ്.

ജപ്പാനിലെ സെയ്ക്കാം റെയില്‍ തുരങ്കത്തെ പിന്തള്ളിയാണ് ഗോഥാര്‍ഡ് തുരങ്കം ദൈര്‍ഘ്യത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. 53.8 കിലോമീറ്ററാണ് സെയ്ക്കാമിന്റെ നീളം. ഇംഗ്ലണ്ടിനെയും ഫ്രാന്‍സിനെയും കടല്‍ വഴി ബന്ധിപ്പിക്കുന്ന ചാനല്‍ തുരങ്കത്തിന് 50 കിലോമീറ്ററാണ് ദൈര്‍ഘ്യം. സ്വിറ്റ്‌സര്‍ലന്‍ഡിലെ പുതിയ തുരങ്കത്തിനടുത്തുതന്നെ 37 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മറ്റൊരു തുരങ്കമുണ്ട്.

Thursday, 14 October 2010

കോപ്പിയാപ്പോ: തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്ത് ഒരു ചീളുപോലെ നീണ്ടു കിടക്കുന്ന കൊച്ചു രാജ്യം ലോകത്തിനു മാതൃകയായി വളര്‍ന്നു. അറ്റക്കാമ മരുഭൂമിയില്‍ തകര്‍ന്നടിഞ്ഞ ഖനിക്കുള്ളില്‍ 2,041 അടി താഴെ എഴുപതു ദിവസം മരണത്തെ മുന്നില്‍ക്കണ്ടു കിടന്ന 33 തൊഴിലാളികളും പുറത്തു കടന്നു. പറഞ്ഞതിലും നേരത്തേ, പ്രതീക്ഷിച്ചതിലും ഭംഗിയായി. ''ചിലി ഇനി ഒരിക്കലും പഴയതുപോലെയാകില്ല, ലോകത്തിനു മുഴുവന്‍ പ്രചോദനമാണു നമ്മള്‍''- അവസാന തൊഴിലാളി ലൂയിസ് ഉര്‍സുവയും ഫീനിക്‌സ് എന്ന രക്ഷാപേടകമേറി പുറത്തിറങ്ങിയപ്പോള്‍ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പിനേറ പറഞ്ഞു.

രണ്ടു ദിവസം പിന്നിടുമെന്നു കരുതിയിരുന്ന രക്ഷാ ദൗത്യം 22 മണിക്കൂറുകൊണ്ടാണ് പൂര്‍ണവിജയമായത്. വ്യാഴാഴ്ച രാവിലെ 9.05ന് അവസാനത്തെ തൊഴിലാളി ലൂയിസ് ഉര്‍സുവയും ഫീനിക്‌സ് എന്ന രക്ഷാപേടകമേറി പുറത്തു വന്നതോടെ, ടെലിവിഷന്‍ സ്‌ക്രീനിനുമുന്നില്‍ ശ്വാസം പിടിച്ചിരിക്കുകയായിരുന്ന നാട്ടുകാര്‍ ആഹ്ലാദനൃത്തം ചവിട്ടി. നിശ്ശബ്ദത ഭേദിച്ച് വാഹനങ്ങള്‍ ഹോണ്‍ മുഴക്കി തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞു. ഷാംപെയ്ന്‍ കുപ്പികള്‍ ചീറിത്തുറന്നു, ചിലി പതാകയുടെ നിറം പൂശിയ 33 ബലൂണുകള്‍ വാനിലുയര്‍ന്നു. അസാധാരണ രക്ഷാദൗത്യം വിജയത്തിലെത്തിച്ച ചിലിയെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും യു.എസ്. പ്രസിഡന്‍റ് ബരാക് ഒബാമയും ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ അനുമോദിച്ചു.


ബുധനാഴ്ച രാവിലെ ആദ്യതൊഴിലാളിയെ പുറത്തെത്തിക്കും മുമ്പു തന്നെ പ്രസിഡന്‍റ് പിനേറ രക്ഷാതുരങ്കത്തിനു മുകളിലെത്തിയിരുന്നു. രാവിലെ ഏഴേമുക്കാലിന് ഖനി വിദഗ്ധന്‍ മാനുവല്‍ ഗൊണ്‍സാലേസ് ഖനിക്കുള്ളിലേക്കിറങ്ങിയതോടെയാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ അന്തിമഘട്ടം തുടങ്ങിയത്. ഖനിയിലിറങ്ങിയ മാനുവല്‍ സ്ഥിതിഗതികള്‍ പഠിച്ച് പുറത്തു വന്ന് റിപ്പോര്‍ട്ടു ചെയ്യണമെന്നായിരുന്നു ധാരണ. പിന്നെ രണ്ടു നഴ്‌സുമാര്‍ ഇറങ്ങും. അവരാണ് ഓരോരുത്തരെയായി പുറത്തെത്തിക്കുക. പക്ഷേ, അതൊന്നും വേണ്ടിവന്നില്ല. മാനുവല്‍ ഇറങ്ങിയപ്പോള്‍ തന്നെ ഫ്‌ളോറന്‍ഷ്യോ അവാലോസ് എന്ന തൊഴിലാളി പേടകത്തില്‍ കയറാന്‍ തയ്യാറായി. ഒരാളെ പുറത്തെത്തിക്കാന്‍ ഒരു മണിക്കൂറിലേറെ വേണ്ടി വരുമെന്നായിരുന്നു ആദ്യ നിഗമനം, പക്ഷേ അതിന് 25 മിനിറ്റുപോലും വേണ്ടിവന്നില്ല. എല്ലാവരെയും കയറ്റി ടെലിവിഷന്‍ ക്യാമറയ്ക്കു മുന്നില്‍ വിജയ ചിഹ്നം കാണിച്ച് ഏറ്റവുമൊടുവിലാണ് മാനുവല്‍ തിരിച്ചു കയറിയത്. പ്രസിഡന്‍റ് പിനേറയും ഉന്നത നേതാക്കളും അതുവരെ അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.


കുടുസ്സുമുറിയിലെ ഈര്‍പ്പത്തിലും ഇരുട്ടിലും ഇത്രനാള്‍ കഴിഞ്ഞെങ്കിലും പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നും ആര്‍ക്കുമില്ല. ചിലര്‍ക്കു നിസ്സാര ചര്‍മരോഗമുണ്ട്. പലര്‍ക്കും പല്ലിനു കുഴപ്പം പറ്റിയിട്ടുണ്ട്, ഇരുട്ടില്‍ കഴിഞ്ഞതിനാല്‍ കണ്ണിനു കുഴപ്പമുണ്ട്. കൂട്ടത്തില്‍ പ്രായമേറിയ മറിയോ ഗോമസിന് ന്യൂമോണിയ വന്നതായി സ്ഥിരീകരിച്ചു. അതൊന്നും സാരമുള്ളതല്ല. പക്ഷേ, മരണത്തില്‍ നിന്നു ജീവിതത്തിലേക്കുള്ള പ്രയാണത്തിനിടെ അവരുടെ മനസ്സിനേറ്റ ആഘാതം മാറാന്‍ കാലമേറെയെടുക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കോപ്പിയാപ്പോ ആസ്​പത്രിയില്‍ പ്രവശേപ്പിച്ച തൊഴിലാളികള്‍ പലരും പരിശോധനയ്ക്കു ശേഷം ആസ്​പത്രി വിട്ടു. പക്ഷേ, പലരും ഉത്കണ്ഠയുടെ പിടിയിലാണ്. ഉറങ്ങാനേ പറ്റുന്നില്ല. ഖനിയുടെ ആഴങ്ങളിലേക്കിറങ്ങാന്‍ അവര്‍ക്കിനി പറ്റുമെന്നു തോന്നുന്നില്ല. വീര പരിവേഷത്തോടെ പുറത്തെത്തിയവരെക്കാത്തുനില്‍ക്കുന്ന മാധ്യമങ്ങളെ അവര്‍ക്കു നേരിടേണ്ടതുണ്ട്. അവിശ്വസനീയമായ ഈ കഥ കഥ സിനിമയാക്കാനും പുസ്തകമാക്കാനും മത്സരിക്കുന്ന വന്‍തോക്കുകളുമായി വിലപേശേണ്ടതുണ്ട്.


ആഗസ്ത് അഞ്ചിനാണ് സാന്‍ജോസ് ചെമ്പു- സ്വര്‍ണ ഖനിയിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് തൊഴിലാളികള്‍ അകത്തു കുടുങ്ങിപ്പോയത്. ഉള്ളിലെ സുരക്ഷാ അറയില്‍ അവരെല്ലാവരും ജീവനോടെയുണ്ടെന്നു മനസ്സിലായത് പതിനേഴു ദിവസത്തിനു ശേഷം. സമ്പത്തിലോ സാങ്കേതിക പുരോഗതിയിലോ എണ്ണംപറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലിടമില്ലെങ്കിലും എന്തു വിലകൊടുത്തും അവരെ രക്ഷിച്ചെടുക്കാന്‍ തന്നെ ചിലി ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ആ ഭഗീരഥ യത്‌നമാണിപ്പോള്‍ വിജയംവരിച്ചത്. ലോകമെങ്ങുമുള്ള ടെലിവിഷന്‍ ചാനലുകള്‍ ഈ ദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തു. പലരും പതിവു പരിപാടികള്‍ അതിനായി മാറ്റിവെച്ചു. ചിലിയുടെ സമ്പദ്‌വ്യവസ്ഥയുടെ 40 ശതമാനവും നല്‍കുന്നത് ഖനന മേഖലയാണ്. അതിന്റെ സുരക്ഷാ സ്ഥിതി പുനരവലോകനം ചെയ്യാന്‍ ഈ അപകടം വഴിയൊരുക്കും.

സ്വര്‍ണക്കൊടിയിറക്കം

 



ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് അസാധ്യമായി ഒന്നുമില്ല എന്ന് വിളംബരം ചെയ്തുകൊണ്ട് പത്തൊന്‍പതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശ്ശീല വീണു. ഇന്ത്യക്കാരന്റെ ആശയാഭിലാഷങ്ങളും സമ്പന്നമായ സാംസ്‌കാരിക വൈവിധ്യവും പ്രതിഫലിപ്പിച്ച പ്രൗഢഗംഭീരമായ സമാപനച്ചടങ്ങോടെയാണ് ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം ഗെയിംസിനോട് വിടചൊല്ലിയത്. 38 സ്വര്‍ണമടക്കം 101 മെഡലുകളോടെ ഗെയിംസില്‍ രണ്ടാംസ്ഥാനത്തെത്തി തികഞ്ഞ അഭിമാനത്തോടെയായിരുന്നു ഇന്ത്യയുടെ കായികതാരങ്ങള്‍ സമാപനച്ചടങ്ങിനെത്തിയത്. കുറ്റമറ്റരീതിയില്‍ ഗെയിംസ് സംഘടിപ്പിച്ച് ഒളിമ്പിക്‌സിന് ആതിഥ്യം വഹിക്കാനുള്ള ശേഷിയുണ്ടെന്ന ആത്മവിശ്വാസത്തോടെ സംഘാടകരും നിറഞ്ഞ മനസ്സോടെ അരലക്ഷത്തിലധികം കാണികളും അണിനിരന്നപ്പോള്‍ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ചിരിക്കുന്ന മുഖങ്ങളേ ഉണ്ടായിരുന്നുള്ളൂ. അവരെ സാക്ഷി നിര്‍ത്തി ഗെയിംസ് പതാക താഴെയിറക്കി. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അത് 2014-ല്‍ ഇരുപതാം കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥ്യം വഹിക്കുന്ന സ്‌കോട്ട്‌ലന്‍ഡ് നഗരമായ ഗ്ലാസ്‌ഗോയിലെ പ്രഭു റോബര്‍ട്ട് വിന്റര്‍ക്ക് കൈമാറി. അതിന് സാക്ഷികളായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിയും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു.

ഡല്‍ഹിയുടെ പ്രകടനം ഗംഭീരമെന്ന ഗെയിംസ് ഫെഡറേഷന്‍ അധ്യക്ഷന്‍ മൈക്ക് ഫെന്നലിന്റെ പ്രഖ്യാപനം ഇന്ത്യയുടെ സംഘാടന മികവിനുള്ള അംഗീകാരവുമായി. രാജ്യത്തെ വിവിധ സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന ആയോധന കലാപ്രകടനങ്ങളോടെയാണ് ചടങ്ങ് ആരംഭിച്ചത്. അതില്‍ കേരളത്തിലെ കളരി അഭ്യാസികളുടെ പ്രകടനം ദൃശ്യഭംഗി കൊണ്ട് വേറിട്ടു നിന്നു.

Wednesday, 13 October 2010

ഹൊവാര്‍ഡ് ജേക്കബ്‌സണ് ബുക്കര്‍ സമ്മാനം




       ലണ്ടന്‍: ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം ബ്രിട്ടീഷ് എഴുത്തുകാരന്‍ ഹൊവാര്‍ഡ് ജേക്കബ്‌സണ്. 'ഫിംഗ്ലര്‍ ക്വസ്റ്റ്യന്‍' എന്ന ഹാസ്യരസപ്രധാനമായ നോവലാണ് ജേക്കബ്‌സണെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 50,000 പൗണ്ട്(3,527,900 രൂപ) ആണ് സമ്മാനത്തുക. അവസാനഘട്ടത്തില്‍ ആറ് പേരടങ്ങുന്ന ലിസ്റ്റില്‍ നിന്നാണ് ജേക്കബ്‌സണെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. 1998 ലും 2001 ലും ബുക്കര്‍ സമ്മാനം നേടിയ പീറ്റര്‍ കാരിയുടെ പേര് ഈ വര്‍ഷവും അവസാന ഘട്ടം വരെ പരിഗണനയിലുയുണ്ടായിരുന്നു.

1942 ല്‍ മാഞ്ചസ്റ്ററിലാണ് ജേക്കബ്‌സണിന്റെ ജനനം. കോമിക് നോവലുകളുടെ കര്‍ത്താവ് എന്നനിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. 42 വര്‍ഷത്തിനിടെ ബുക്കര്‍ സമ്മാനം നേടുന്ന ആദ്യ കോമിക് നോവലാണ് ഫിംഗ്ലര്‍ ക്വസ്റ്റ്യന്‍.

കമിങ് ഫ്രം ബിഹൈന്‍ഡ്, പീപ്പിങ് ടോം, റെഡ്ബാക്ക്, ദി വേരി മോഡല്‍ ഓഫ് എ മാന്‍, നോമോര്‍ മിസ്റ്റര്‍ നൈസ് ഗൈ, ദി മൈറ്റി വാല്‍സര്‍, ഹൂസ് സ്‌റ്റോറി നൗ, ദി മേക്കിങ് ഓഫ് ഹെന്‍റി, ദി ആക്ട് ഓഫ് ലൗ, സീരിയസ്‌ലി ഫണ്ണി തുടങ്ങിയവയാണ് ജേക്കബ്‌സണിന്റെ പ്രധാന കൃതികള്‍.

ജേക്കബ്‌സണിന്റെ 11 ാമത്തെ നോവലാണ് ബുക്കര്‍ സമ്മാനം നേടിയ ഫിംഗ്ലര്‍ ക്വസ്റ്റ്യന്‍. വില്യം ഗോള്‍ഡിങ്ങിനുശേഷം ബുക്കര്‍ നേടുന്ന ഏറ്റവും പ്രായംചെന്ന എഴുത്തുകാരനാണ് 68 കാരനായ അദ്ദേഹം. ഏഴാംവയസില്‍ മാഞ്ചസ്റ്റര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപകനാണ് ജേക്കബ്‌സണിലെ എഴുത്തുകാരനെ കണ്ടെത്തിയത്. വോള്‍വര്‍ഹാംപ്ടണ്‍ പോളിടെക്‌നിക്കില്‍ അധ്യാപകനായി ജോലിചെയ്യവെ 40 ാം വയസില്‍ ആദ്യപുസ്തകം പ്രസിദ്ധീകരിച്ചു.

Monday, 11 October 2010

സാമ്പത്തികശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു



സ്‌റ്റോക്ക്‌ഹോം: ഇത്തവണത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ സാമ്പത്തിക വിദഗ്ദ്ധനും മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറുമായ പീറ്റര്‍ ആര്‍തര്‍ ഡയമണ്ട്, നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഡെയ്ല്‍ ടി. മോര്‍ട്ടെന്‍സെന്‍, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പ്രഫസര്‍ ക്രിസ്റ്റഫര്‍ എ. പിസാരിഡെസ് എന്നിവരാണ് നൊബേലിന് അര്‍ഹരായത്.

വിപണി മൂല്യങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കാണ് ഇവര്‍ക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് സ്വീഡിഷ് അക്കാദമി അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മൂന്ന് സാമ്പത്തിക ഉപദേഷ്ടാക്കളില്‍ ഒരാളായി നേരത്തെ നാമനിര്‍ദേശം ചെയ്യപ്പെട്ടയാളാണ് പീറ്റര്‍ ഡയമണ്ട്.

Saturday, 9 October 2010

വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് വയലാര്‍ അവാര്‍ഡ്‌

തിരുവനന്തപുരം: ഇത്തവണത്തെ വയലാര്‍ അവാര്‍ഡ് കവി പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക്. ചാരുലത എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. 25,000 രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്പവുമാണ് പുരസ്‌കാരം. എം. തോമസ് മാത്യു, കെ.എസ്. രവികുമാര്‍, എസ്.വി. വേണുഗോപാലന്‍ നായര്‍ എന്നിവരുടെ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ നിശ്ചയിച്ചത്.

1939-ല്‍ തിരുവല്ലയിലെ ഇരിങ്ങോലിലാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി ജനിച്ചത്. ഏറെക്കാലം കോളേജ് അദ്ധ്യാപകനായിരുന്നു. സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങള്‍ ,ഭൂമിഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, അപരാജിത, ആരണ്യകം, ഉജ്ജയിനിയിലെ രാപ്പകലുകള്‍ എന്നിവയാണ് പ്രധാനകൃതികള്‍. വള്ളത്തോള്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ്, പി സ്മാരക കവിതാ പുരസ്‌കാരം ,ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം നല്കി ആദരിച്ചിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളില്‍ ഒന്നായ വയലാര്‍ അവാര്‍ഡ് 1977 ലാണ് ഏര്‍പ്പെടുത്തിയത്.

ലളിതാംബിക അന്തര്‍ജനം, പി കെ ബാലകൃഷ്ണന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, തകഴി, വൈലോപ്പിള്ളി, ഒ.എന്‍.വി, വിലാസിനി, സുഗതകുമാരി, എം.ടി, എന്‍.എന്‍. കക്കാട്, എന്‍. കൃഷ്ണപിള്ള, തിരുനെല്ലൂര്‍ കരുണാകരന്‍, സുകുമാര്‍ അഴീക്കോട്, സി രാധാകൃഷ്ണന്‍, ഒ.വി. വിജയന്‍, പ്രൊഫ. എം.കെ. സാനു, ആനന്ദ്, കെ. സുരേന്ദ്രന്‍, തിക്കോടിയന്‍, പെരുമ്പടവം ശ്രീധരന്‍, മാധവിക്കുട്ടി, എസ്. ഗുപ്തന്‍നായര്‍, കോവിലന്‍, എം.വി ദേവന്‍, ടി പത്മനാഭന്‍, അയ്യപ്പപ്പണിക്കര്‍, എം. മുകുന്ദന്‍, സാറ ജോസഫ്, സച്ചിദാന്ദന്‍, സേതു, ഡോ. എം. ലീലാവതി, എം.പി വീരേന്ദ്രകുമാര്‍, എം. തോമസ് മാത്യു തുടങ്ങിയവര്‍ക്കാണ് ഇതുവരെ വയലാര്‍ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.

Thursday, 7 October 2010

മരിയോ വര്‍ഗാസ് യോസയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍


സ്‌റ്റോക്ക്‌ഹോം: സാഹിത്യത്തിനുള്ള ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരം ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ മരിയോ വര്‍ഗാസ് യോസയ്ക്ക്. പെറുവിയന്‍ എഴുത്തുകാരനായ യോസ ഏറ്റവും മികച്ച ലാറ്റിനമേരിക്കയിലെ എഴുത്തുകാരിലൊരാളാണ് അറിയപ്പെടുന്നത്. ദ ടൈം ഓഫ് ദ ഹീറോ, ദ ഗ്രീന്‍ ഹൗസ്, കോണ്‍വര്‍സേഷന്‍ ഇന്‍ ദ കത്തീഡ്രല്‍ തുടങ്ങി നിരവധി രചനകള്‍ അദ്ദേഹത്തിന്റേതായുണ്ട്.

എഴുത്തില്‍ പുലര്‍ത്തിയ ഭാവാത്മകതയും അദ്ദേഹത്തിന്റെ ശൈലി സാഹിത്യത്തിന് നല്‍കിയ പുതുമയും കണക്കിലെടുത്താണ് 74 കാരനായ യോസയ്ക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് സ്വീഡിഷ് അക്കാദമി അറിയിച്ചു. 30 ഓളം നോവലുകളും നിരവധി നാടകങ്ങളും ലേഖനങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. കൊളംബിയന്‍ നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസിന് നൊബേല്‍ പുരസ്‌കാരം ലഭിച്ചതിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തെക്കേ അമേരിക്കയെ പുരസ്‌കാരം തേടിയെത്തുന്നത്.

1982 ലാണ് മാര്‍കേസിന് പുരസ്‌കാരം ലഭിച്ചത്. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് കഴിഞ്ഞാല്‍ മലയാളികള്‍ക്ക് ഏറ്റവും അധികം ഇഷ്ടമുള്ള ലാറ്റിനമേരിക്കന്‍ എഴുത്തുകാരനായിരിക്കും യോസ. അധികാരം, ലൈംഗികത, ആത്മീയത എന്നിവയിലൂന്നിയ ആഖ്യാനശൈലിയാണ് മരിയോ വര്‍ഗാസ് യോസയുടെ രചനകളെ പ്രസക്തമാക്കുന്നത്.

ഭിന്ന സവിശേഷതകളുള്ള കഥാപാത്രങ്ങള്‍, വിചിത്രമായ ദേശങ്ങളും ഭൂപ്രകൃതിയും അടക്കം ലാറ്റിനമേരിക്കന്‍ മാജിക്കല്‍ റിയലിസത്തിന്റെ ശൈലീഭാവം തന്നെയാണ് മരിയോ വര്‍ഗാസ് യോസയ്ക്കുമുള്ളത്. അതേസമയം അദ്ദേഹം ആഖ്യാനത്തില്‍ പുതുമകള്‍ പരീക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മിക്കവാറും പുസ്തകങ്ങള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Tuesday, 5 October 2010

'അത്ഭുത ഗ്രാഫിനി'ന് ഭൗതിക നൊബേല്‍





                  സ്‌റ്റോക്‌ഹോം: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അത്ഭുത പദാര്‍ഥമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗ്രാഫിന്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞര്‍ക്ക് ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നൊബേല്‍. റഷ്യയില്‍ ജനിച്ച് ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ ജോലി നോക്കുന്ന ആന്ദ്രേ ഗെയിനി(51)ന്റെയും കോണ്‍സ്റ്റാന്‍റിന്‍ നൊവോസെലോവി(36)ന്റെയും കണ്ടെത്തല്‍ വിവരസാങ്കേതിക വിദ്യയുടെയും ഇലക്രേ്ടാണിക്‌സ് വ്യവസായത്തിന്റെയും മുഖഛായ മാറ്റുമെന്ന് നൊബേല്‍ സമിതി അഭിപ്രായപ്പെട്ടു.

ഒരു പരമാണുവിന്റെ കനം മാത്രമുള്ള കാര്‍ബണ്‍ പാളിയാണ് ഗ്രാഫിന്‍. ലോകത്തിതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കനം കുറഞ്ഞതും ഉറപ്പേറിയതുമായ പദാര്‍ഥം. വൈദ്യുതി കടത്തിവിടുന്ന, ചൂടിനെ ചെറുക്കുന്ന, സുതാര്യമായ ഈ നാനോ പാളി ഭാവിയില്‍ കമ്പ്യൂട്ടറിന്റെയും മൊബൈല്‍ഫോണിന്റെയും ടച്ച് സ്‌ക്രീന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാനാവുമെന്നാണ് കരുതുന്നു. അര്‍ധ ചാലക സിലിക്കണിനെ വൈകാതെ ഇതു പിന്തള്ളിയേക്കാം. സൗരവൈദ്യുത പാനലുകളുള്‍പ്പെടെ സമസ്ത മേഖലകളിലും ഗ്രാഫീന്‍ കടന്നുവരുമെന്നാണ് കരുതുന്നത്.

പരമാണുവിന്റെ കനം മാത്രമുള്ള സുതാര്യ കാര്‍ബണ്‍ പാളിയെന്ന ആശയം 1947ല്‍ത്തന്നെ സൈദ്ധാന്തികമായി അവതരിപ്പിക്കപ്പെട്ടിരുന്നു. അതു പ്രായോഗികമാണെന്ന ഗെയിനും നൊവോസെലോവും തെളിയിച്ചത് 2004ല്‍ ആണ്. പെന്‍സില്‍ മുനയിലുപയോഗിക്കുന്ന ഗ്രാഫൈറ്റില്‍ നിന്നെടുത്ത പരമാണുക്കളെ തേനീച്ചക്കൂടിന്റെ ആകൃതിയില്‍ നിരത്തിയാണവര്‍ ഗ്രാഫിന്‍ സൃഷ്ടിച്ചത്. ഇപ്പോഴും പരീക്ഷണശാലയിലൊതുങ്ങുന്ന ഗ്രാഫീന്‍ വന്‍തോതില്‍ രൂപപ്പെടുത്താനുള്ള സങ്കേതങ്ങള്‍ ഇനിയും ആവിഷ്‌കരിക്കേണ്ടതുണ്ട്.

ഡച്ച് പൗരത്വമുള്ള ഗെയിമും ബ്രിട്ടന്റെയും റഷ്യയുടെയും പൗരത്വമുള്ള നൊവോസെലോവും പ്രത്യക്ഷത്തില്‍ തമാശയായിത്തോന്നുന്ന പല കണ്ടുപിടിത്തങ്ങളും നടത്തി നൊബേലിന്റെ ഹാസ്യാനുകരണമായ ഇഗ് നൊബേല്‍ പുരസ്‌കാരം നേടിയവരാണ്. പല്ലിയുടെ കാലിന്റെ ഒട്ടിപ്പോ വിദ്യ പകര്‍ത്തുന്ന നാടയും കാന്തിക മണ്ഡലമുപയോഗിച്ച് തവളയെ വായുവില്‍ താങ്ങിനിര്‍ത്താനുള്ള വിദ്യയുമാവിഷ്‌കരിച്ചിട്ടുള്ള ഗവേഷകര്‍ നൊബേല്‍ സമ്മാന വാര്‍ത്തയെ ഞെട്ടലോടെയാണ് സ്വീകരിച്ചത്.

Monday, 4 October 2010

ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് - സ്വപ്നത്തുടക്കം




              ശൈത്യകാലത്തിനു മുമ്പുള്ള പ്രസന്നതയില്‍ ഡല്‍ഹിയുടെ ആകാശം പൂത്തു നിന്നു. കീഴെ 120 കോടി ഇന്ത്യക്കാരുടെ ആശാഭിലാഷങ്ങളുടെ വര്‍ണാഭമായ പ്രതിഫലനം. ജവാഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച രാത്രി രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യം പ്രതിഫലിപ്പിച്ചുകൊണ്ട് അരങ്ങേറിയ പ്രൗഢഗംഭീരമായ ചടങ്ങില്‍ ഇന്ത്യ ഇന്നേവരെ സാക്ഷ്യംവഹിച്ച ഏറ്റവും വലിയ മേളയ്ക്ക്, പത്തൊമ്പതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാരംഭമായി. രാഷ്ട്രശില്‍പ്പി പണ്ഡിറ്റ്ജിയുടെ നാമം കൊണ്ട് അനുഗൃഹീതമായ കൂറ്റന്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ജനസഞ്ചയത്തെ സാക്ഷി നിര്‍ത്തി രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ ഗെയിംസ് ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഇനി പതിനൊന്ന് ദിവസം അഞ്ചു വന്‍കരകളില്‍ നിന്നുള്ള 71 രാജ്യങ്ങളില്‍ നിന്നെത്തിയ കായികതാരങ്ങളുടെ ശക്തി പ്രകടനത്തിന് മഹാനഗരം വേദിയാവും.

ഇന്ത്യയുടെ ആത്മാവുള്‍ക്കൊള്ളുന്ന അഷ്ടാക്ഷരീമന്ത്രം- 'നാനാത്വത്തില്‍ ഏകത്വം'- അതു തന്നെയായിരുന്നു വിസ്മയക്കാഴ്ചകള്‍കൊണ്ടു സമ്പന്നമായ ഉദ്ഘാടനച്ചടങ്ങിന്റെ ജീവന്‍. ഭിന്നമതങ്ങളില്‍ വിശ്വസിക്കുന്ന, ഭിന്ന ഭാഷകള്‍ സംസാരിക്കുന്ന, വ്യത്യസ്ത ആശയങ്ങള്‍ക്കുടമകളായ മനുഷ്യര്‍ക്ക് തുല്യാവകാശത്തോടെ ജീവിക്കാന്‍ അധികാരമുള്ള രാജ്യമാണ് ഇന്ത്യയെന്ന് ലോകത്തിന് മുന്നിലുള്ള പ്രഖ്യാപനം കൂടിയായി അത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാരമ്പര്യകലാരൂപങ്ങളുടെ പ്രകടനത്തോടെയാണ് അരങ്ങുണര്‍ന്നത്. വേദിക്ക് ചുറ്റും സ്ഥാപിച്ചിരുന്ന കൂറ്റന്‍ പെരുമ്പറകള്‍ മുഴക്കിക്കൊണ്ട് മഹാമേളയുടെതുടക്കമറിയിച്ച നാഗാ കലാകാരന്‍മാര്‍ അരങ്ങൊഴിഞ്ഞപ്പോള്‍ പ്രകമ്പനം കൊള്ളിക്കുന്ന മേളപ്പെരുക്കവുമായി കേരളത്തില്‍ നിന്നുള്ള ചെണ്ട വാദ്യക്കാരെത്തി. സ്റ്റേഡിയത്തിന് മുകളില്‍ ഉയര്‍ത്തിക്കെട്ടിയ ലോകത്തെ ഏറ്റവും വലിയ ഹീലിയം ബലൂണിന്റെ ഉപരിതലത്തില്‍ ടി.വി. സ്‌ക്രീനിലെന്ന പോലെ ഈ ദൃശ്യങ്ങള്‍ പ്രതിഫലിച്ചു.

കലാവിരുന്നിനുശേഷമായിരുന്നു വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റ്. മുന്നില്‍ കഴിഞ്ഞ ഗെയിംസിന്റെ ആതിഥേയരായ ഓസ്‌ട്രേലിയയുടെ അറുനൂറിലധികം വരുന്ന സംഘം, അക്ഷരമാലാക്രമത്തില്‍ പിന്നാലെ 69 രാജ്യങ്ങള്‍. അയല്‍രാജ്യമായ പാകിസ്താന്റെ സംഘത്തെ കൂടുതല്‍ ശബ്ദത്തില്‍ ആരവം മുഴക്കിയാണ് സ്റ്റേഡിയം സ്വീകരിച്ചത്. ഏറ്റവും പിന്നിലായി ഇന്ത്യയുടെ കൂറ്റന്‍ സംഘം ഗ്രൗണ്ടിനകത്ത് പ്രവേശിച്ചപ്പോള്‍ ആവേശം അണപൊട്ടി. മുന്നില്‍ പതാകയുമായി ബെയ്ജിങ് ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പങ്കെടുത്ത ചടങ്ങില്‍ ചാള്‍സ് രാജകുമാരന്‍, കോമണ്‍വെല്‍ത്തിന്റെ അധിപ എലിസബത്ത് രാജ്ഞിയുടെ സന്ദേശം വായിച്ചു. അതിനു ശേഷമായിരുന്നു ഗെയിംസ് ആരംഭിച്ചതായി രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ പ്രഖ്യാപിച്ചത്. ബെയ്ജിങ് ഒളിമ്പിക്‌സിലെ മെഡല്‍ ജേതാവ് വിജേന്ദര്‍ കുമാര്‍, ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ മേരീകോം, 2006ലെ മെല്‍ബണ്‍ ഗെയിംസിലെ ഏറ്റവും മികച്ച കായികതാരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന ഷൂട്ടര്‍ സമരേഷ് ജങ് എന്നിവര്‍ കൈമാറിക്കൊണ്ടുവന്ന ബാറ്റണ്‍ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ ചാള്‍സിന് കൈമാറി. ഗെയിംസില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് വേണ്ടി അഭിനവ് ബിന്ദ്ര പ്രതിജ്ഞാവാചകം ചൊല്ലി.

.

Sunday, 3 October 2010

നോബല്‍ പ്രഖ്യാപനം ഇത്തവണ യൂടൂബില്‍ തത്സമയം



            ഇത്തവണത്തെ നോബല്‍ സീണണ്‍ തിങ്കളാഴ്ച (ഒക്ടോബര്‍ 4) ആരംഭിക്കുകയാണ്. നോബല്‍ പ്രഖ്യാപനത്തിന്റെ കാര്യത്തില്‍ ഇരുവരെയില്ലാത്ത ഒരു പ്രത്യേകത ഇത്തവണയുണ്ട്. ഗൂഗിളിന്റെ വീഡിയോ പങ്കിടല്‍ സൈറ്റായ യുടൂബില്‍ തത്സമയം നോബല്‍ പ്രഖ്യാപനം കാണാം എന്നതാണത്. അതിനായി നോബല്‍ പ്രൈസിന്റെ ഔദ്യോഗിക യുടൂബ് ചാനല്‍ രംഗത്തെത്തിക്കഴിഞ്ഞു. http://www.youtube.com/thenobelprize ആണ് വെബ്ബ് അഡ്രസ്സ്.

പ്രഖ്യാപനത്തിന്റെ തത്സമയദൃശ്യങ്ങള്‍ മാത്രമല്ല, നോബല്‍ കമ്മറ്റിയംഗങ്ങളുമായുള്ള പ്രത്യേക അഭിമുഖങ്ങളും യുടൂബ് ചാനലില്‍ ലഭ്യമാകും. 2010 ലെ നോബല്‍ ജേതാക്കളോട് യുടൂബ് പ്രക്ഷേകര്‍ക്ക് ചോദ്യങ്ങള്‍ ഉന്നയിക്കുകയും ആകാം.

ഹൈഡെഫിനിഷന്‍ വീഡിയോയുടെ തത്സമയ സംപ്രേക്ഷണമാണ് നോബല്‍ പ്രൈസ് യുടൂബ് ചാനല്‍ നടത്തുക. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, സമാധാനം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിലെ നോബല്‍ ജേതാക്കളോട് പ്രേക്ഷകര്‍ക്ക് ചോദ്യങ്ങള്‍ ഉന്നയിക്കാം. ഉത്തരങ്ങള്‍ ഡിസംബറില്‍ പോസ്റ്റ് ചെയ്യും. നോബല്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്.

'നോബല്‍ പുരസ്‌കാരം സംബന്ധിച്ച ഔദ്യോഗിക വാര്‍ത്തകള്‍ കാണാനുള്ള ഒരു അധിക പ്ലാറ്റ്‌ഫോം മാത്രമല്ല, യുടൂബ് പ്രേക്ഷകര്‍ക്ക് നോബല്‍ ജേതാക്കളുമായി ആശയവിനിമയം നടത്താനുള്ള അവസരം കൂടി നല്‍കുന്നതില്‍ സന്തോഷമുണ്ട്'-നോബല്‍ പുരസ്‌കാരത്തിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ Nobelprize.org ന്റെ ടെക്‌നോളജി മേധാവി ഹാന്‍സ് മെഹ്‌ലിന്‍ പറഞ്ഞു.

'വ്യക്തികള്‍ക്കും വിജ്ഞാനമേഖലകള്‍ക്കും മധ്യേയുള്ള തടസ്സങ്ങള്‍ തകര്‍ക്കുകയെന്നതാണ് ഞങ്ങളുടെ കാഴ്ച്ചപ്പാട്'-ഗൂഗിള്‍ ഗ്ലോബല്‍ പ്രോഡക്ട് മാനേജിങ് ഡയറക്ടര്‍ റിക്കാര്‍ഡ് സ്റ്റീബര്‍ പറഞ്ഞു. നോബല്‍ സമ്മാനാര്‍ഹമായ കണ്ടുപിടിത്തങ്ങള്‍ എല്ലാവര്‍ക്കും മനസിലാക്കാന്‍ കഴിയണം. മാത്രമല്ല, ചെറുപ്പക്കാരെ ശാസ്ത്രവിഷയങ്ങളില്‍ ജിജ്ഞാസുക്കളാക്കുകയും ചെയ്യാന്‍ കഴിയും, അദ്ദേഹം പറഞ്ഞു.

നോബല്‍ പുരസ്‌കാരത്തിന്റെ ലൈവ് വീഡിയോ സംപ്രേക്ഷണത്തിന് അഡോബി ഫ്ലഷ് പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നത്. അക്കാമയ് ( Akamai) ആണ് ലോകമെങ്ങും വീഡിയോ വിതരണം സാധ്യമാക്കുന്നത്.

ഒക്ടോബര്‍ നാലിന് വൈദ്യശാസ്ത്രം, അഞ്ചിന് ഭൗതികശാസ്ത്രം, ആറിന് രസതന്ത്രം, ഏഴിന് സാഹിത്യം, എട്ടിന് സമാധാനം, 11 ന് സാമ്പത്തിക ശാസ്ത്രം എന്നിങ്ങനെയാണ് നോബല്‍ പുരസ്‌കാരം പ്രഖ്യാപിക്കുക.

Friday, 1 October 2010

ഇനി 24/7 ഷോപ്പിങ്!



                   കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിയിരുന്ന കാലമൊക്കെ ഒത്തിരി മാറി. ഇന്ന് മറ്റ് കാര്യങ്ങള്‍ക്കെന്ന പോലെ ഷോപ്പിങ്ങിലും ഉപഭോക്താവിന് മുഖ്യം സൗകര്യമാണ്. ടെലി ഷോപ്പിങ് രംഗം വളരുന്നതിന് പ്രധാന കാരണവും ഇതുതന്നെ. ചാനലുകള്‍ ടെലി ഷോപ്പിങ് പരിപാടികള്‍ക്കായി മത്സരിക്കുകയാണ്.

വാര്‍ത്തകള്‍ക്കും എന്റര്‍ടെയ്ന്‍മെന്റിനും ചാനലുകള്‍ ഉളളതു പോലെ ടെലിഷോപ്പിങ്ങിന് മാത്രമായി ചാനലുകള്‍ വരികയാണ്. നെറ്റ്‌വര്‍ക്ക് 18 ഗ്രൂപ്പിന്റെ 'ഹോം ഷോപ്പ് 18'ന് പിന്നാലെ സ്റ്റാര്‍, സീ ടിവി, ഫ്യൂച്വര്‍ ഗ്രൂപ്പ് എന്നിവയൊക്കെ 24/7 ഷോപ്പിങ് ചാനല്‍ തുടങ്ങാന്‍ ഒരുങ്ങുകയാണ്.

ദക്ഷിണ കൊറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ ഏഷ്യയും സി.ജെ ഒ ഷോപ്പിങ്ങും സംയുക്തമായി തുടങ്ങുന്ന 'സ്റ്റാര്‍ സിജെ' തത്സമയ ഷോപ്പിങ് പരിപാടികളുമായി ആഗസ്‌തോടെ രംഗത്തെത്തുമെന്നാണ് കരുതുന്നത്.

നിലവില്‍ സ്റ്റാര്‍ ഉത്സവ് എന്ന ചാനലിലൂടെ ദിവസേന ആറ് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിപാടികളുമായി സ്റ്റാര്‍ ഉത്സവ് ടെലി ഷോപ്പിങ് രംഗത്ത് ശക്തമായി തന്നെയുണ്ട്. ഉത്സവില്‍ പ്രക്ഷേപണം ചെയ്യുന്ന തരത്തില്‍ തന്നെയാവും സ്റ്റാര്‍ സി.ജെയിലെയും പരിപാടികളെന്ന് സ്റ്റാര്‍ സി.ജെ നെറ്റ്‌വര്‍ക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാരിതോഷ് ജോഷി അറിയിച്ചു. കേബിള്‍, സാറ്റ്‌ലൈറ്റ്, ഡയറക്ട്-ടു-ഹോം എന്നീ പെയ്ഡ് ഇനങ്ങളില്‍ 12 ലക്ഷം കാഴ്ചക്കാരുളള രാജ്യത്ത് നിന്നും ചുരുങ്ങിയത് 10 കോടി ഉപഭോക്താക്കളെയെങ്കിലും ഇതിലൂടെ നേടാനാവുമെന്നാണ് സ്റ്റാര്‍ സിജെ നെറ്റവര്‍ക്ക്‌സിന്റെ പ്രതീക്ഷ.

ബിസിനസ് രംഗത്തെ പ്രമുഖരായ ഫ്യൂച്വര്‍ ഗ്രൂപ്പും ഷോപ്പിങ് പരിപാടികളുമായി ചാനല്‍ രംഗത്തേക്ക് കടക്കാനുളള ശ്രമത്തിലാണ്. മറ്റ് ചാനലുകളിലൂടെ ഷോപ്പിങ് പരിപാടികള്‍ അവതരിപ്പിക്കാനാണ് ഫ്യൂച്വര്‍ ഗ്രൂപ്പ് പദ്ധതിയിടുന്നത്. റീട്ടെയില്‍ രംഗത്തെ വമ്പന്‍ ബ്രാന്‍ഡുകളായ ബിഗ് ബസാര്‍, പാന്റലൂണ്‍ എന്നിവയൊക്കെ ഫ്യൂച്വര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇതും ചാനല്‍ തുടങ്ങുമ്പോള്‍ ഇവര്‍ക്ക് ഗുണകരമാകും.

ചാനല്‍ രംഗത്തെ പ്രമുഖരായ സീ ടിവി നെറ്റ്‌വര്‍ക്കും ഷോപ്പിങ് ചാനല്‍ തുടങ്ങുന്നതിന് പദ്ധതിയിടുന്നതായാണ് ഷോപ്പിങ് രംഗത്ത് നിന്ന് ലഭിക്കുന്ന സൂചന. നിലവില്‍ സ്‌കൈ ഷോപ്പിലൂടെ രംഗത്തുളള 'സീ' ഈ രംഗത്ത് സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനായാണ് പുതിയ ചാനലിന് കോപ്പുകൂട്ടുന്നത്.

ഹോം ഷോപ്പിങ് ചാനലുകളുകള്‍ക്ക് വിറ്റഴിക്കപ്പെടുന്ന ഉത്പന്നങ്ങളുടെ മേല്‍ ലഭിക്കുന്ന കമ്മീഷനാണ് ചാനല്‍ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. ഉത്പന്നങ്ങള്‍ക്ക് 10 മുതല്‍ 40 ശതമാനം വരെ കമ്മീഷന്‍ കൊടുക്കുന്ന കമ്പനികള്‍ നിലവിലുണ്ട്. ടെക്‌നോളജി ഉത്പന്നങ്ങളായ മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ ക്യാമറ, കമ്പ്യൂട്ടറുകള്‍ എന്നിവയുടെ വില്‍പനയിലൂടെ അത്ര വലിയ മാര്‍ജിന്‍ ലഭിക്കില്ലെങ്കിലും താരതമ്യേന വിപണന വേഗം കുറഞ്ഞ ഹെല്‍ത്ത് കെയര്‍ വിഭാഗത്തില്‍ പെടുന്ന സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ക്കും ജുവല്ലറി ഐറ്റങ്ങള്‍ക്കും മികച്ച മാര്‍ജിനാണ് ലഭിക്കുന്നത്.

സ്റ്റാര്‍ സി ജെ നിലവില്‍ വന്നതിന് ശേഷം 20,000ത്തോളം ഉപഭോക്താക്കള്‍ ഇതിലൂടെ ഷോപ്പിങ് നടത്തിയെന്നും വില്‍പനയില്‍ ഏകദേശം 40 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയതായും ചാനല്‍ വ്യക്തമാക്കി. എന്നാല്‍, നിലവില്‍ സിഎന്‍ബിസി നെറ്റ്‌വര്‍ക്ക് 18ന് കീഴിലുളള ഹോം ഷോപ്പ് 18 ചാനലാണ് ടെലിഷോപ്പിങ് മേഖലയില്‍ മുന്‍പന്തിയിലുളളത്. പ്രക്ഷേപണം തുടങ്ങി രണ്ടാം വര്‍ഷത്തിലെത്തുമ്പോള്‍ 300 കോടി രൂപയിലെത്തി നില്‍ക്കുകയാണ് വില്‍പന. മുന്‍ വര്‍ഷത്തില്‍ നിന്നും 100 ശതമാനത്തോളം വര്‍ധന.

മുകേഷ് അംബാനി ഇന്ത്യയിലെ അതിസമ്പന്നന്‍


ന്യൂഡല്‍ഹി: ഫോബ്‌സ് ഇന്ത്യ മാസിക പുറത്തിറക്കിയ ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത്. ഉരുക്കുവ്യാപാരിയായ ലക്ഷ്മി മിത്തലിന് രണ്ടാം സ്ഥാനവും വിപ്രോ ചെയര്‍മാന്‍ അസീം പ്രേംജിക്ക് മൂന്നാം സ്ഥാനവുമാണുള്ളത്. 2700 കോടി അമേരിക്കന്‍ ഡോളറാണ് മുകേഷ് അംബാനിയുടെ നിലവിലുള്ള ആസ്തി. ലക്ഷ്മി മിത്തലിന് 2610 കോടി ഡോളറും അസീം പ്രേംജിക്ക് 1760 കോടി ഡോളറുമാണ് ആസ്തിയായി ഉള്ളത്.

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ നൂറു പേരുടെ സമ്പാദ്യം 30,000 കോടി ഡോളറായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 27,600 കോടിയായിരുന്നു. രാജ്യത്തെ സാമ്പത്തികനില മെച്ചപ്പെട്ടതും ഓഹരിവിപണി ഉയര്‍ത്തുന്നതുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.


മുകേഷ് അംബാനിയുടെ സഹോദരന്‍ അനില്‍ അംബാനി പട്ടികയില്‍ ആറാം സ്ഥാനത്താണ്. നേരത്തേ മൂന്നാം സ്ഥാനത്തായിരുന്നു അനില്‍. 1,330 കോടി ഡോളറാണ് അനില്‍ അംബാനിയുടെ സമ്പാദ്യം. അസീം പ്രേംജിയുടെ സമ്പാദ്യം കഴിഞ്ഞ വര്‍ഷത്തെ 1,490 കോടിയില്‍നിന്ന് 1,760 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 52 ശതകോടീശ്വരന്മാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് 69 ആയി ഉയര്‍ന്നിട്ടുണ്ട്.


പട്ടികയില്‍ നാലാം സ്ഥാനത്ത് എസ്സാര്‍ എനര്‍ജീസിന്റെ ഉടമസ്ഥരായ ശശി-രവി സഹോദരങ്ങളും (1500 കോടി) അഞ്ചാം സ്ഥാനത്ത് ഒ.പി. ജിന്‍ഡാല്‍ ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ സാവിത്രി ജിന്‍ഡാലുമാണുള്ളത്. (1440 കോടി). അഞ്ച് സ്ത്രീകളാണ് ഇത്തവണ സമ്പന്നരുടെ പട്ടികയില്‍ ഇടം കണ്ടെത്തിയത്. ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനി ചെയര്‍പേഴ്‌സണ്‍ ഇന്ദു ജയിന്‍, തെര്‍മാക്‌സ് ഗ്രൂപ്പിലെ അനു അഗ, ബയോകോണ്‍ കമ്പനിയുടെ കിരണ്‍ മജുംദാര്‍ ഷാ, ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ശോഭന ഭാര്‍തിയ എന്നിവരാണിവര്‍.


ഗൗതം അദ്വാനി (1070 കോടി), ഡി.എല്‍.എഫിന്റെ കുശാല്‍പാല്‍ സിങ് (920 കോടി), ഭാരതി എയര്‍ടെലിന്റെ സുനില്‍ മിത്തല്‍ (860 കോടി), കെ.എം. ബിര്‍ള (850 കോടി) എന്നിവരാണ് പട്ടികയില്‍ സ്ഥാനം പിടിച്ച മറ്റുള്ളവര്‍.