"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Monday 21 February 2011

ആറന്മുള പൊന്നമ്മ അന്തരിച്ചു




തിരുവനന്തപുരം: മലയാള സിനിമയിലെ അമ്മ ആറന്മുള്ള പൊന്നമ്മ (96) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച തിരുവനന്തപുരത്ത് നടക്കും. നടന്‍ സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ അമ്മൂമ്മയാണ് ആറന്‍മുള പൊന്നമ്മ. സുരേഷ് ഗോപിയുടെ വീട്ടിലായിരുന്നു താമസം. ഭര്‍ത്താവ് കൃഷ്ണപിള്ളയും മകന്‍ ഡോ. രാജശേഖരനും മകള്‍ രാജമ്മയും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഗൗരീശങ്കരം എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.

മേലേടത്ത് കേശവപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും അഞ്ച് മക്കളില്‍ ഒരാളായി പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലായിരുന്നു പൊന്നമ്മയുടെ ജനനം. പൊന്നമ്മയ്ക്ക് ഒമ്പത് വയസുള്ളപ്പോള്‍ പിതാവ് മരിച്ചു. ചെറുപ്പം മുതലേ കര്‍ണാടക സംഗീതം അഭ്യസിച്ച പൊന്നമ്മ. 14 ാം വയസില്‍ പാലായിലെ ഒരു പ്രൈമറി സ്‌കൂളില്‍ സംഗീതാധ്യാപികയായി .പിന്നീട് സ്വാതിതിരുന്നാള്‍ മ്യൂസിക് അക്കാദമിയില്‍ തുടര്‍ പഠനത്തിനുശേഷം തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ സംഗീതാധ്യാപികയായി. സ്‌കൂള്‍ പഠനകാലത്ത് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ സഹപാഠിയായിരുന്നു പൊന്നമ്മ.


ഗായകന്‍ യേശുദാസിന്റെ അച്ഛനായ അഗസ്റ്റിന്‍ ജോസഫിന്റെ നായികയായി 29 ാം വയസില്‍ ഭാഗ്യലക്ഷ്മി എന്ന നാടകത്തിലൂടെയാണ് പൊന്നമ്മ അഭിനയരംഗത്തേയ്ക്ക് വന്നത്. തുടര്‍ന്ന് അവര്‍ നാടകങ്ങളില്‍ സജീവമായി. 1950ല്‍ പുറത്തിറങ്ങിയ ശശിധരന്‍ എന്ന ചലച്ചിത്രത്തില്‍ മിസ് കുമാരിയുടെ അമ്മയായി അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് എത്തിയത്. അതേവര്‍ഷം തിക്കുറിശ്ശി നായകനായ അമ്മ എന്ന ചിത്രത്തിലും പൊന്നമ്മ അമ്മ വേഷം ചെയ്തു.


തുടര്‍ന്ന് പൊന്നമ്മയെ തേടിവന്നതെല്ലാം അമ്മ വേഷങ്ങളായിരുന്നു. അറുപത് വര്‍ഷങ്ങളോളം അഭിനയരംഗത്ത് ഉണ്ടായിരുന്ന ആറന്മുള പൊന്നമ്മ തിക്കുറിശ്ശി, പ്രേം നസീര്‍, സത്യന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടെയല്ലാം അമ്മയായി അഭിനയിച്ചിട്ടുണ്ട്. 1995 ല്‍ അടൂരിന്റെ കഥാപുരുഷന്‍ എന്ന സിനിമയിലെ അഭിനയത്തിന് സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും 2006ല്‍ സമഗ്ര സംഭാവനയ്ക്കുള്ള കേരള സര്‍ക്കാരിന്റെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരവും നിരവധി തവണ സംസ്ഥാന ബഹുമതിയും ലഭിച്ചിട്ടുണ്ട്.


ശശിധരന്‍ എന്ന ചിത്രത്തില്‍ തുടങ്ങി അഴിയാത്ത ബന്ധങ്ങള്‍, പത്താമുദയം, ഓപ്പോള്‍, തീക്കടല്‍, ഹൃദയം ഒരു ക്ഷേത്രം, വിരുതന്‍ ശങ്കു, കാവാലം ചുണ്ടന്‍, കണ്ടം ബെച്ച കോട്ട്, അമ്മ, സിന്ദൂരരേഖ, ആകാശദൂത്, അദൈ്വതം, ഒരു സായാഹ്നത്തിന്റെ സ്വപ്‌നം, അച്ചുവേട്ടന്റെ വീട്, രാരീരം, ജനാധിപത്യം, ലേലം, കഥാപുരുഷന്‍, പുതുക്കോട്ടയിലെ പുതുമണവാളന്‍ തുടങ്ങി നൂറുകണക്കിന് ചിത്രങ്ങളില്‍ വേഷമിട്ട ആറന്‍മുള പൊന്നമ്മ മൂന്ന് സിനിമാ തലമുറകള്‍ക്കൊപ്പം അമ്മ-അമ്മൂമ്മ വേഷങ്ങളില്‍ തിളങ്ങിയ നടിയാണ്.


No comments:

Post a Comment