"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Saturday, 26 February 2011

കേരളത്തിന് 13 പുതിയ വണ്ടികള്‍


ന്യൂഡല്‍ഹി: യാത്ര, ചരക്കുകൂലി കൂട്ടാതെ തുടര്‍ച്ചയായി മൂന്നാംതവണ മന്ത്രി മമതാബാനര്‍ജി റെയില്‍വേ ബജറ്റ് അവതരിപ്പിച്ചു. ജനപക്ഷത്തുള്ളതെന്നാണ് 2011-12 വര്‍ഷത്തേക്കുള്ള ബജറ്റിനെ മമത വിശേഷിപ്പിക്കുന്നത്. നിയമസഭാതിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പശ്ചിമബംഗാളിനും കേരളത്തിനും അനുകൂലമായ പ്രഖ്യാപനങ്ങളേറെ. ഇത് പ്രതിപക്ഷത്തിന്റെ രൂക്ഷവിമര്‍ശത്തിനും ഇടയാക്കി.

ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലാദ്യമായി വരുമാനം ഒരു ലക്ഷം കോടിരൂപ കവിയുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. എന്നാല്‍ കടുത്ത പ്രതിസന്ധിയിലാണ് റെയില്‍വേയെന്ന് മമത ബജറ്റ്പ്രസംഗത്തില്‍ പറഞ്ഞു.

മന്‍മോഹന്‍സിങ്ങ് സര്‍ക്കാറിന്റെ കാലത്ത് തുടര്‍ച്ചയായി എട്ടാംതവണയാണ് നിരക്കുവര്‍ധനയില്ലാതെ റെയില്‍ബജറ്റ് അവതരിപ്പിക്കുന്നത്.

* ചരിത്രത്തിലെ ഉയര്‍ന്ന പദ്ധതിവിഹിതം; -57,630 കോടി

* വരുമാനം ഒരു ലക്ഷം കോടി കവിയും

* 56 പുതിയ എക്‌സ്​പ്രസ് തീവണ്ടികള്‍, മൂന്ന് ശതാബ്ദി വണ്ടികളും ഒമ്പത് തുരന്തോ ട്രെയിനുകളും.

* 1,300 കിലോമീറ്റര്‍ പുതിയ റെയില്‍പ്പാത. 867 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കും. 1,017 കിലോമീറ്റര്‍ ഗേജ് മാറ്റം.

* പുതിയ റെയില്‍പാതയ്ക്കായി 9,583 കോടി.

* പുതിയ സൂപ്പര്‍ എ.സി. ക്ലാസ് തുടങ്ങുന്നു

* 236 റെയില്‍വേസ്റ്റേഷനുകള്‍ പുതുതായി 'ആദര്‍ശ്' പദവിയിലേക്ക്

* യാത്രാവണ്ടികളുടെ വേഗം മണിക്കൂറില്‍ 160-200 കിലോമീറ്ററാക്കുന്നതിനെക്കുറിച്ച് സാധ്യതാപഠനം.

* സമഗ്രസാമൂഹികവികസനത്തിനായി പ്രധാനമന്ത്രിയുടെ റെയില്‍ വികാസ് പദ്ധതി.

* ജയ്പുര്‍-ഡല്‍ഹി, അഹമ്മദാബാദ്-മുംബൈ റൂട്ടുകളില്‍ എ.സി. ഡബിള്‍ ഡക്കര്‍ ട്രെയിന്‍ സര്‍വീസ്.

* സ്വാമി വിവേകാനന്ദന്റെ സ്മരണാര്‍ഥം നാല് 'വിവേക് എക്‌സ്​പ്രസ്' വണ്ടികള്‍.

* രവീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്മവാര്‍ഷികം പ്രമാണിച്ച് നാല് 'കവിഗുരു എക്‌സ്​പ്രസ്' വണ്ടികള്‍.

* സംസ്ഥാനതലസ്ഥാനങ്ങളെയും പ്രധാന നഗരങ്ങളെയും ബന്ധിപ്പിച്ച് 10 'രാജ്യറാണി' എക്‌സ്​പ്രസ്സുകള്‍.

* വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ നാല് റൂട്ടുകളില്‍ 'ജന്മഭൂമി ഗൗരവ്' എക്‌സ്​പ്രസ്സുകള്‍.

* 33 വണ്ടികളുടെ യാത്രാലക്ഷ്യം ദീര്‍ഘിപ്പിച്ചു.

* 17 വണ്ടികളുടെ സര്‍വീസുകളുടെ എണ്ണം കൂട്ടി.

* പഌറ്റ്‌ഫോമില്‍ യാത്രക്കാര്‍ക്ക് ലഗേജ് കൊണ്ടുപോകാന്‍ ട്രോളി സൗകര്യം

* 107 പുതിയ റെയില്‍പ്പാതകളുടെ സര്‍വേ.

* 1,000 കിലോമീറ്റര്‍ റെയില്‍പ്പാത വൈദ്യുതീകരിക്കും.

* ഗ്രൂപ്പ്- സി, ഡി തസ്തികകളിലായി 1.75 ലക്ഷം ഒഴിവുകള്‍ നികത്തും. മാര്‍ച്ചോടെ 16,000 വിമുക്തഭടന്മാരെ റെയില്‍വേയില്‍ നിയമിക്കും.

* പതിനഞ്ച് പോളിടെക്‌നിക്കുകള്‍ തുടങ്ങും.

സുരക്ഷയ്ക്കായി


* തീവണ്ടികളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള പ്രത്യേക സംവിധാനം (എ.സി.ഡി.) പുതിയ എട്ട് റെയില്‍വേ സോണുകളിലേക്കുകൂടി.

* പുകമഞ്ഞില്‍ സുരക്ഷിത യാത്രയ്ക്കായി വണ്ടികളില്‍ ജി.പി.എസ്. അധിഷ്ഠിത സംവിധാനം ഏര്‍പ്പെടുത്തും.

* റോഡ് യാത്രികര്‍ കുറഞ്ഞ ഭാഗങ്ങളില്‍ ആളില്ലാ ലെവല്‍ക്രോസ് ഒഴിവാക്കും.

* 200 മേല്‍പ്പാലങ്ങളും 325 സബ്‌വേകളും പണിയും.

* സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സ്‌പെഷല്‍ പാക്കേജായി രണ്ടു തീവണ്ടികളും രണ്ടു പദ്ധതികളും.

* അഖിലേന്ത്യാതലത്തില്‍ ഒറ്റനമ്പറിലുള്ള ഹെല്‍പ്‌ലൈന്‍.

ഹരിത ഊര്‍ജവര്‍ഷം


* 2011-'12 'റെയില്‍ ഹരിതഊര്‍ജ വര്‍ഷ'മായി ആചരിക്കും.

* ഇതിന്റെ ഭാഗമായി സൗരോര്‍ജം, ജൈവഇന്ധനം തുടങ്ങിയവ കൂടുതലായി പ്രയോജനപ്പെടുത്തും.

* റെയില്‍വേ ഭവനങ്ങളിലേക്ക് 14 ലക്ഷം സി.എഫ്.എല്ലുകള്‍.

കേരളത്തിന് 13 പുതിയ വണ്ടികള്‍


* പതിമൂന്ന് പുതിയ തീവണ്ടികളും ആലപ്പുഴയില്‍ വാഗണ്‍ ഫാക്ടറി എന്ന വാഗ്ദാനവുമാണ് തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന കേരളത്തിനു മുന്നില്‍ മമതാ ബാനര്‍ജിയുടെ തുരുപ്പുചീട്ടുകള്‍.

* എന്നാല്‍, പാതയിരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, സംസ്ഥാനത്തിനകത്തെ റെയില്‍ ബന്ധമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ല. പാലക്കാട് കോച്ച് ഫാക്ടറിയും കടലാസില്‍ തുടരും.

* നാഗര്‍കോവില്‍-തിരുവനന്തപുരം തീവണ്ടി കൊച്ചുവേളി വരെ നീട്ടി

* ഷൊര്‍ണൂര്‍-എറണാകുളം റൂട്ടില്‍ ആഴ്ചയില്‍ ആറ് ദിവസം ഓടിയിരുന്ന പാസഞ്ചര്‍ ദിവസേനയാക്കി

* പാലക്കാട്-പൊള്ളാച്ചി ഗേജ്മാറ്റം ഈ വര്‍ഷം പൂര്‍ത്തിയാക്കും

* മാവേലിക്കര-ചെങ്ങന്നൂര്‍, കായംകുളം-ഹരിപ്പാട് പാതയിരട്ടിപ്പിക്കല്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും

* മധുര-കോട്ടയം, എരുമേലി-പുനലൂര്‍-തിരുവനന്തപുരം, മധുര-എറണാകുളം പാതയുടെ സര്‍വെ നടപടികള്‍ ഈ വര്‍ഷം

* നേമത്തും കോട്ടയത്തും പാസഞ്ചര്‍ ടെര്‍മിനലുകള്‍.

* കണ്ണൂര്‍ - മട്ടന്നൂര്‍, തലശ്ശേരി - മൈസൂര്‍ ലൈനുകളുടെ സര്‍വേ.

* ഹൈ സ്​പീഡ് പാസഞ്ചര്‍ കോറിഡോറുകളുടെ സാധ്യതാ പഠനത്തില്‍ ചെന്നൈ- ബാംഗ്ലൂര്‍ - കോയമ്പത്തൂര്‍ - എറണാകുളം റൂട്ടും.

* കേരളത്തില്‍ പണി തുടങ്ങുന്ന പുതിയ ലൈനുകള്‍ അങ്കമാലി - ശബരിമലയും തിരുനാവായ - ഗുരുവായൂരുമാണ്.

* അങ്കമാലി - ശബരിമല ലൈനിന് (116 കി.മി.) 550 കോടി രൂപ ചെലവ് വരുമെന്നാണ് പുതിയ എസ്റ്റേിമേറ്റ്. പുതിയ ബജറ്റില്‍ 83 കോടി രൂപ അനുവദിച്ചു. പണി പൂര്‍ത്തിയാക്കാന്‍ 379.6 കോടികൂടി വേണ്ടിവരും.

* തിരുനാവായ - ഗുരുവായൂര്‍ ലൈനിന് (35 കി.മീ) 6.66 കോടി. പണി പൂര്‍ത്തിയാക്കാന്‍ 96.8 കോടി കൂടി വേണ്ടി വരും.

പുതിയ തീവണ്ടികള്‍


ബിലാസ്​പുര്‍ - എറണാകുളം എക്‌സ്​പ്രസ്സ്(പ്രതിവാരം)
എറണാകുളം ബാംഗ്ലൂര്‍ എക്‌സ്​പ്രസ്സ്(പ്രതിവാരം)
മംഗലാപുരം - പാലക്കാട് ഇന്റര്‍സിറ്റി(പ്രതിദിനം)
എറണാകുളം- ആലപ്പുഴ - കൊല്ലം മെമു കൊല്ലം - നാഗര്‍കോവില്‍ മെമു
ഹൗറ - മംഗലാപുരം (പാലക്കാട് വഴി)
പോര്‍ബന്തര്‍- കൊച്ചുവേളി എക്‌സ്​പ്രസ്സ്(കൊങ്കണ്‍ വഴി-പ്രതിവാരം)
ചെന്നൈ- പുതുച്ചേരി - തിരുവനന്തപുരം സ്റ്റുഡന്റ്‌സ് എക്‌സ്​പ്രസ്സ്
ദിബ്രുഗഢ് - തിരുവനന്തപുരം - കന്യാകുമാരി വിവേക് എക്‌സ്​പ്രസ്സ്
ചെന്നൈ- തിരുവനന്തപുരം തുരന്തോ(ആഴ്ചയില്‍ രണ്ടുദിവസം)
നിലമ്പൂര്‍ - തിരുവനന്തപുരം ലിങ്ക് എക്‌സ്​പ്രസ്സ്(പ്രതിദിനം)
ഭവ്‌നഗര്‍- കൊച്ചുവേളി എക്‌സ്​പ്രസ്സ്(കൊങ്കണ്‍ വഴി-പ്രതിവാരം)
ഗോവ വാസ്‌കോ-മംഗലാപുരം-കോഴിക്കോട്-പാലക്കാട്-വേളാങ്കണ്ണി എക്‌സ്​പ്രസ്(പ്രതിവാരം)

Monday, 21 February 2011

ആറന്മുള പൊന്നമ്മ അന്തരിച്ചു




തിരുവനന്തപുരം: മലയാള സിനിമയിലെ അമ്മ ആറന്മുള്ള പൊന്നമ്മ (96) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച തിരുവനന്തപുരത്ത് നടക്കും. നടന്‍ സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ അമ്മൂമ്മയാണ് ആറന്‍മുള പൊന്നമ്മ. സുരേഷ് ഗോപിയുടെ വീട്ടിലായിരുന്നു താമസം. ഭര്‍ത്താവ് കൃഷ്ണപിള്ളയും മകന്‍ ഡോ. രാജശേഖരനും മകള്‍ രാജമ്മയും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഗൗരീശങ്കരം എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.

മേലേടത്ത് കേശവപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും അഞ്ച് മക്കളില്‍ ഒരാളായി പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലായിരുന്നു പൊന്നമ്മയുടെ ജനനം. പൊന്നമ്മയ്ക്ക് ഒമ്പത് വയസുള്ളപ്പോള്‍ പിതാവ് മരിച്ചു. ചെറുപ്പം മുതലേ കര്‍ണാടക സംഗീതം അഭ്യസിച്ച പൊന്നമ്മ. 14 ാം വയസില്‍ പാലായിലെ ഒരു പ്രൈമറി സ്‌കൂളില്‍ സംഗീതാധ്യാപികയായി .പിന്നീട് സ്വാതിതിരുന്നാള്‍ മ്യൂസിക് അക്കാദമിയില്‍ തുടര്‍ പഠനത്തിനുശേഷം തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ സംഗീതാധ്യാപികയായി. സ്‌കൂള്‍ പഠനകാലത്ത് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ സഹപാഠിയായിരുന്നു പൊന്നമ്മ.


ഗായകന്‍ യേശുദാസിന്റെ അച്ഛനായ അഗസ്റ്റിന്‍ ജോസഫിന്റെ നായികയായി 29 ാം വയസില്‍ ഭാഗ്യലക്ഷ്മി എന്ന നാടകത്തിലൂടെയാണ് പൊന്നമ്മ അഭിനയരംഗത്തേയ്ക്ക് വന്നത്. തുടര്‍ന്ന് അവര്‍ നാടകങ്ങളില്‍ സജീവമായി. 1950ല്‍ പുറത്തിറങ്ങിയ ശശിധരന്‍ എന്ന ചലച്ചിത്രത്തില്‍ മിസ് കുമാരിയുടെ അമ്മയായി അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് എത്തിയത്. അതേവര്‍ഷം തിക്കുറിശ്ശി നായകനായ അമ്മ എന്ന ചിത്രത്തിലും പൊന്നമ്മ അമ്മ വേഷം ചെയ്തു.


തുടര്‍ന്ന് പൊന്നമ്മയെ തേടിവന്നതെല്ലാം അമ്മ വേഷങ്ങളായിരുന്നു. അറുപത് വര്‍ഷങ്ങളോളം അഭിനയരംഗത്ത് ഉണ്ടായിരുന്ന ആറന്മുള പൊന്നമ്മ തിക്കുറിശ്ശി, പ്രേം നസീര്‍, സത്യന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടെയല്ലാം അമ്മയായി അഭിനയിച്ചിട്ടുണ്ട്. 1995 ല്‍ അടൂരിന്റെ കഥാപുരുഷന്‍ എന്ന സിനിമയിലെ അഭിനയത്തിന് സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും 2006ല്‍ സമഗ്ര സംഭാവനയ്ക്കുള്ള കേരള സര്‍ക്കാരിന്റെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരവും നിരവധി തവണ സംസ്ഥാന ബഹുമതിയും ലഭിച്ചിട്ടുണ്ട്.


ശശിധരന്‍ എന്ന ചിത്രത്തില്‍ തുടങ്ങി അഴിയാത്ത ബന്ധങ്ങള്‍, പത്താമുദയം, ഓപ്പോള്‍, തീക്കടല്‍, ഹൃദയം ഒരു ക്ഷേത്രം, വിരുതന്‍ ശങ്കു, കാവാലം ചുണ്ടന്‍, കണ്ടം ബെച്ച കോട്ട്, അമ്മ, സിന്ദൂരരേഖ, ആകാശദൂത്, അദൈ്വതം, ഒരു സായാഹ്നത്തിന്റെ സ്വപ്‌നം, അച്ചുവേട്ടന്റെ വീട്, രാരീരം, ജനാധിപത്യം, ലേലം, കഥാപുരുഷന്‍, പുതുക്കോട്ടയിലെ പുതുമണവാളന്‍ തുടങ്ങി നൂറുകണക്കിന് ചിത്രങ്ങളില്‍ വേഷമിട്ട ആറന്‍മുള പൊന്നമ്മ മൂന്ന് സിനിമാ തലമുറകള്‍ക്കൊപ്പം അമ്മ-അമ്മൂമ്മ വേഷങ്ങളില്‍ തിളങ്ങിയ നടിയാണ്.


Friday, 18 February 2011

അധ്യാപകര്‍ക്ക് രജിസ്‌ട്രേഷനും ലൈസന്‍സും വരുന്നു



തിരുവനന്തപുരം: മറ്റ് പ്രൊഫഷണലുകളിലെന്നപോലെ അധ്യാപകര്‍ക്കും രജിസ്‌ട്രേഷനും ലൈസന്‍സും ഏര്‍പ്പെടുത്തുന്നു. മെഡിക്കല്‍ കൗണ്‍സില്‍, ബാര്‍ കൗണ്‍സില്‍ എന്നിവയ്ക്കു സമാനമായി എന്‍. സി. ടി. ഇയുടെ നേതൃത്വത്തില്‍ അധ്യാപക യോഗ്യത നേടുന്നവര്‍ക്ക് രജിസ്‌ട്രേഷനുള്ള സംവിധാനം ഉണ്ടാക്കും. രജിസ്ട്രഷന്‍ ലഭിക്കുന്നവര്‍ക്കേ അധ്യാപക ജോലിയില്‍ പ്രവേശിക്കാന്‍ അവസരമുണ്ടാകൂ. ലൈസന്‍സ് ലഭിക്കുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും അധ്യാപക ജോലിയില്‍ പ്രവേശിക്കുകയും ചെയ്യാം.

കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ അധ്യാപകര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദേശക ചട്ടങ്ങളിലാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങളുള്ളത്. ഇതിന്മേല്‍ അഭിപ്രായമറിയിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അധ്യാപകര്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നത്. രജിസ്‌ട്രേഷനുള്ള സംവിധാനം സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തണമെന്നും വിവിധ സംസ്ഥാനങ്ങളിലുള്ളവയുടെ ഏകോപനമായിരിക്കണം ദേശീയതലത്തില്‍ വരേണ്ടതെന്നുമാണ് സംസ്ഥാനത്തിന്റെ അഭിപ്രായം. മറ്റ് പ്രൊഫഷണലുകളില്‍ ഈ മാതൃകയാണ് നിലനില്‍ക്കുന്നത്.


അധ്യാപകരാകുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത നേടിക്കഴിഞ്ഞാല്‍ ഇതിനുള്ള രാജിസ്‌ട്രേഷന്‍ നേടണം. അപേക്ഷകന്‍ നേടിയ വിദ്യാഭ്യാസ യോഗ്യത അംഗീകാരമുള്ളതാണോയെന്ന് രജിസ്‌ട്രേഷന്‍ സമയത്ത് പരിശോധിക്കും. സാധാരണ അതാത് വിദ്യാഭ്യാസ ഓഫീസുകളിലാണ് ഇവ പരിശോധിക്കുക.


രജിസ്ട്രഷന്‍ കിട്ടുന്ന സമയത്ത് അധ്യാപകര്‍ പ്രതിജ്ഞയും എടുക്കണം. അധ്യാപകവൃത്തിയുടെ അന്തസ്സും ആഭിമാനവും കാത്തുസൂക്ഷിക്കാന്‍ താന്‍ ശ്രമിക്കുമെന്നും പെരുമാറ്റച്ചട്ടം അനുസരിക്കുമെന്നുമാണ് പ്രതിജ്ഞ.


സ്വകാര്യ ട്യൂഷന്‍ എടുക്കുന്നതിനെ പെരുമാറ്റച്ചട്ടം വിലക്കുന്നു. അധ്യയന സമയത്തിന് മുമ്പും പിമ്പും ട്യൂഷന്‍ എടുക്കുന്നത് അധ്യാപകരുടെ പ്രകടനത്തെ ബാധിക്കും. കൂടാതെ ട്യൂഷന്‍ എടുക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനും ഇത് കാരണമാകും. കുട്ടികളെ ഭീഷണിപ്പെടുത്തുകയോ, ശാരീരികമായോ, മാനസ്സികമായോ ബുദ്ധിമുട്ടിക്കുകയോ ചെയ്യരുത്. അടിക്കുക, മണിക്കൂറുകളോളം മുട്ടേല്‍ നിര്‍ത്തുക, ശാരീരിക ക്ഷതമേല്പിക്കുക, ലൈംഗികമായി ചൂഷണം നടത്തുക, ഒറ്റക്ക് ക്ലാസ് മുറിയില്‍ പൂട്ടിയിടുക, മൈതാനത്ത് ഓടിക്കുക തുടങ്ങി നിരവധി ശിക്ഷാരീതികള്‍ രാജ്യത്ത് നിലവിലുണ്ട്. എന്നാല്‍ ഇത്തരം ശിക്ഷകള്‍ക്ക് കുട്ടികളെ വിധേയമാക്കരുത്.


കുട്ടികളില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ സമ്മാനങ്ങള്‍ വാങ്ങരുതെന്നും പെരുമാറ്റച്ചട്ടം വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ അധ്യാപകരോടുള്ള അടുപ്പംകൊണ്ട് ആശംസാ കാര്‍ഡ്, പൂവ് എന്നിവ ചില കുട്ടികള്‍ നല്‍കിയെന്ന് വരും. അവ വാങ്ങുന്നതില്‍ തെറ്റില്ല. ഇതിനപ്പുറം മറ്റ് സമ്മാനങ്ങള്‍ കൈപ്പറ്റരുത്. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുന്ന കുട്ടി ഇന്‍േറണല്‍ അസസ്‌മെന്റിലും മറ്റും കൂടുതല്‍ പരിഗണന പ്രതീക്ഷിക്കുന്നുണ്ടാകും. അധ്യാപകര്‍ തമ്മില്‍ ഗ്രൂപ്പ് തിരിഞ്ഞ് ചെളിവാരിയെറിയുന്നതും പരാതി നല്‍കുന്നതും വിലക്കുന്നു. ജൂനിയര്‍ അധ്യാപകര്‍ക്ക് എല്ലാ പ്രവൃത്തികളിലും മുതിര്‍ന്ന അംഗങ്ങള്‍ പങ്കാളിത്തം നല്‍കണം. കുട്ടികളുടെ ശാരീരികവും സാമൂഹ്യവും ബൗദ്ധികവും ധാര്‍മികവും ആത്മീയവുമായ വികാസത്തിന്റെ ഉത്തരവാദിത്വം അധ്യാപകര്‍ക്കാണ്. ജാതി, മതം, സാമ്പത്തികസ്ഥിതി, ഭാഷ, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനമില്ലാതെ കുട്ടികളോട് ഇടപെടാന്‍ അധ്യാപകര്‍ക്ക് കഴിയണം.


പെരുമാറ്റച്ചട്ടം ലംഘിക്കുന്നവരുടെ അധ്യാപക ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള അച്ചടക്ക നടപടി സ്വീകരിക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ അതിനുള്ള അധികാരം ദേശീയ സമിതിക്കായിരിക്കും. ശുപാര്‍ശ സംസ്ഥാന കമ്മിറ്റി നല്‍കണം. പെരുമാറ്റച്ചട്ടത്തിന്മേലുള്ള സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്രത്തെ അറിയിക്കും. അതിനായി അധ്യാപക സംഘടനകളുമായുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

Friday, 4 February 2011

പോസ്റ്റല്‍ സ്റ്റാംപില്‍ ഇനി സ്വന്തം ഫോട്ടോ



ന്യൂഡല്‍ഹി: സ്വന്തം മുഖചിത്രം പോസ്റ്റല്‍ സ്റ്റാംപില്‍ കാണണമെന്നുണ്ടോ? ഇന്ത്യാ പോസ്റ്റ് അതിന് അവസരമൊരുക്കുന്നു. 'മൈ സ്റ്റംപ്' എന്ന പേരിലുള്ള ഈ പദ്ധതി ഫിബ്രവരി 12ന് ആരംഭിക്കും.

പോസ്റ്റല്‍ സേവനത്തെ കൂടുതല്‍ ജനപ്രിയമാക്കി കൊണ്ട് നഷ്ടപ്രതാപം വീണ്ടെടുക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. മൈ സ്റ്റാംപിലൂടെ കൂടുതല്‍ വ്യക്തിഗത സേവനം ലഭ്യമാക്കാന്‍ ഇന്ത്യാ പോസ്റ്റിനാകും. സ്വന്തം ചിത്രത്തോടെയുള്ള സ്റ്റാംപുകള്‍ കത്തുകളില്‍ ഒട്ടിക്കാന്‍ അവസരം വരുന്നതോടെ, സ്വകാര്യ കൊറിയര്‍ കമ്പനികളുടെ സേവനം വിട്ട്, ഒട്ടേറെ പേര്‍ പോസ്റ്റല്‍ സേവനം പ്രയോജനപ്പെടുത്താനെത്തുമെന്നാണ് പോസ്റ്റല്‍ വകുപ്പിന്റെ കണക്കുകൂട്ടല്‍.


കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഇന്ത്യാ പോസ്റ്റിന്റെ വരുമാനം കുത്തനെ ഇടിയുകയാണ്. പോസ്റ്റല്‍ സേവനം ഉപയോഗിക്കുന്ന വ്യക്തികളുടെ എണ്ണം നാള്‍ക്കുനാള്‍ കുറയുകയും ചെയ്യുന്നു. ഇപ്പോഴത്തെ കുട്ടികള്‍ പലരും സ്റ്റാംപ് ഉപയോഗിച്ചിട്ടുപോലുമില്ലെന്ന് പോസ്റ്റല്‍ വകുപ്പിലെ ഒരു ഉദ്യോഗസ്ഥ പറയുന്നു.


കുട്ടികളെ ആകര്‍ഷിക്കാനായുള്ള സ്റ്റാംപുകളും ഇന്ത്യാപോസ്റ്റ് പുറത്തിറക്കും. മൃഗങ്ങളുടേയും മറ്റും ചിത്രങ്ങളോടുകൂടിയ വര്‍ണാഭമായ സ്റ്റാംപുകളായിരിക്കും ഇവ.


വ്യക്തിഗത സ്റ്റംപുകള്‍ വിജയിച്ചാല്‍ കമ്പനികള്‍ക്ക് അവരുടെ ലോഗോ സ്റ്റാംപില്‍ ഉള്‍പ്പെടുത്താനുള്ള അവസരവുമൊരുക്കും. അതോടെ, റിലയന്‍സിന്റെയും ടാറ്റയുടെയും വിപ്രോയുടെയുമൊപ്പം ലോഗോയോടു കൂടിയ സ്റ്റാംപുകള്‍ വ്യാപകമാകും.


വ്യക്തിഗത സ്റ്റംപുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇംഗ്ലണ്ടും അമേരിക്കയുമൊക്കെ നടപ്പാക്കിയിട്ടുള്ള
താണ്.

Wednesday, 2 February 2011

പ്രായപരിധി ആറായി; വരും കൊല്ലം ഒന്നാം ക്ലാസില്‍ കുട്ടികള്‍ ഉണ്ടാകില്ല


തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ജൂണില്‍ തുടങ്ങുന്ന അടുത്ത അധ്യയന വര്‍ഷം കേരളത്തിലെ സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ കുട്ടികള്‍ ഉണ്ടാകില്ല. ഒന്നാം ക്ലാസില്‍ ചേരാന്‍ ആറ് വയസ്സ് വേണമെന്ന നിബന്ധന നടപ്പാകുന്നതോടെയാണ് അടുത്ത വര്‍ഷം ഒന്നാം ക്ലാസ് ഫലത്തില്‍ ഇല്ലാതാകുന്നത്. ഇതിന്റെ തുടര്‍ച്ചയായി അതിനടുത്ത വര്‍ഷം രണ്ടാം ക്ലാസില്‍ കുട്ടികളുണ്ടാകില്ല. അതിനടുത്ത വര്‍ഷം മൂന്നാം ക്ലാസിലും. ഒരു ബാച്ച് അപ്പാടെ ഇല്ലാതാകുന്നത് ആറ് വയസ്സുണ്ടെങ്കിലേ ഒന്നാം ക്ലാസില്‍ ചേരാന്‍ കഴിയൂവെന്ന നിബന്ധന നടപ്പാക്കുന്നതുകൊണ്ടാണ്.

അഞ്ചുവയസ്സുള്ള കുട്ടികളെ പ്രീപ്രൈമറിയില്‍ ചേര്‍ക്കാന്‍ അവസരമുണ്ടാക്കും.ഇതിനായി സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളില്‍ പ്രീപ്രൈമറി ക്ലാസുകള്‍ തുടങ്ങും.ഒന്നാം ക്ലാസിലെ അധ്യാപകരായിരിക്കും പ്രീപ്രൈമറിയില്‍ പഠിപ്പിക്കുക.ആദ്യം ആറ് മാസം ഒന്നാം ക്ലാസില്‍ ചേരുന്നതിന് ഇളവ് നല്‍കുന്നതിനാണ് സര്‍ക്കാര്‍ ഉദേശിച്ചത്.എന്നാല്‍ ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കേ വഴിതെളിക്കൂവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ആറ് വയസ്സാക്കാന്‍ തന്നെ തീരുമാനിച്ചത്.ദേശീയ തലത്തില്‍ ഒന്നാം ക്ലാസില്‍ ചേര്‍ക്കാന്‍ ആറ് വയസ്സാണെന്നതും ഇതിന് പ്രേരണയായി.


വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ലിഡാ ജേക്കബ് കമ്മിറ്റി,കെ. ഇ. ആര്‍. പരിഷ്‌കരണത്തിനായി നിയോഗിച്ച സി.പി.നായര്‍ കമ്മിറ്റി എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ ഏകീകരിക്കാന്‍ നിയോഗിച്ച സമിതിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചത്.ഫിബ്രവരി 15 ന് മുമ്പ് സമിതി ഒരു പ്രാവശ്യം കൂടി യോഗം ചേര്‍ന്ന് നിര്‍ദേശങ്ങള്‍ക്ക് അന്തിമ രൂപം നല്‍കും.


അധ്യാപക വിദ്യാര്‍ഥി അനുപാതം എല്‍.പി.യില്‍ 1:30 ഉം യു.പി.യില്‍ 1:35 ഉം ആയിരിക്കുമെന്നതാണ ് മറ്റൊരു പ്രധാന മാറ്റം.നിലവില്‍ ഇത് 1:45 ആണ്.മാത്രമല്ല രണ്ടാം ഡിവിഷന്‍ വേണമെങ്കില്‍ 51 വിദ്യാര്‍ഥികള്‍ വേണമായിരുന്നു.എന്നാല്‍ കെ. ഇ. ആര്‍. ഭേദഗതി ചെയ്ത് പുതിയ അനുപാതം നിലവില്‍ വരുത്തും.മാത്രമല്ല എല്‍.പിയില്‍ 31 കുട്ടികളും യു.പി.യില്‍ 36 കുട്ടികളുമുണ്ടെങ്കില്‍ രണ്ടാം ഡിവിഷന്‍ ഉണ്ടാകും.ഫലത്തില്‍ 15 വിദ്യാര്‍ഥികള്‍ എല്‍.പി.യിലും 18 കുട്ടികള്‍ യു.പി.യിലും ഒരു ക്ലാസിലുണ്ടാകുമെന്ന സ്ഥിതി വരും.അധ്യാപകരുടെ തൊഴില്‍ നഷ്ടത്തിന് ഇതൊരു വലിയ ആശ്വാസമാകും.


അഞ്ചാം ക്ലാസ് എല്‍.പിയിലേക്കും എട്ടാം ക്ലാസ് യു.പി.യിലേക്കും മാറ്റണമെന്ന കേന്ദ്ര നിയമത്തിലെ നിര്‍ദേശം അതേപടി നടപ്പാക്കില്ല.വിദ്യാര്‍ഥിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍.പി.യും മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ യു.പി.യും ഇല്ലെങ്കില്‍ അവിടെ മാത്രം ഘടനാമാറ്റം നടപ്പാക്കിയാല്‍ മതിയെന്നാണ് നിര്‍ദേശം.ഇതില്‍ സര്‍ക്കാര്‍ സ്‌കൂളിനും തുടര്‍ന്ന് കോര്‍പ്പറേറ്റ് മാനേജ്‌മെന്‍റ് സ്‌കൂളുകള്‍ക്കും മുന്‍ഗണന നല്‍കി അഞ്ചും എട്ടും ക്ലാസുകള്‍ അനുവദിക്കും.


ഒരു കാരണവശാലും ഇതിന്റെ പേരില്‍ അനംഗീകൃത സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കരുതെന്നാണ് ധാരണ.കേന്ദ്ര നിയമപ്രകാരം നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അനംഗീകൃത സ്‌കൂളുകള്‍ക്ക് അനുമതി നല്‍കേണ്ടതുണ്ട്.എന്നാല്‍ ഇത്തരം സ്‌കൂളുകളില്‍ 25 ശതമാനം കുട്ടികളെ മാത്രമെ സര്‍ക്കാര്‍ ഫീസ് നല്‍കി പഠിപ്പിക്കണമെന്ന് വ്യവസ്ഥയുള്ളൂ.ബാക്കി 75 ശതമാനം കുട്ടികളും സ്വന്തമായി ഫീസ് നല്‍കി പഠിക്കണമെന്ന വ്യവസ്ഥ മറികടക്കാനാണ് ദൂരപരിധിയുടെ ആനുകൂല്യം നല്‍കി അനംഗീകൃത സ്‌കൂളുകള്‍ അംഗീകരിക്കേണ്ടതില്ലെന്ന് സമിതി നിര്‍ദേശിച്ചത്.


അധ്യാപകര്‍ക്ക് അടുത്തവര്‍ഷം മുതല്‍ അഭിരുചി പരീക്ഷ നടപ്പാക്കും.ഹയര്‍ സെക്കന്‍ഡറിയിലെ സെറ്റിന്റെ മാതൃകയിലായിരിക്കും ഇത്.കൂടാതെ എന്‍. സി. ടി. ഇ. നിര്‍ദേശിച്ച മാനദണ്ഡവും ബാധകമാക്കും.ആറ്,ഏഴ്,എട്ട് ക്ലാസുകളില്‍ അധ്യാപകര്‍ക്ക് ബിരുദവും ബി.എഡും അഥവാ ടി.ടി.സി.യും വേണം.എല്‍.പി.യില്‍ പ്ലസ്ടുവും ടി.ടി.സി.യും വേണമെന്നതാണ് പുതിയ ചട്ടം.നിലവിലുള്ള അധ്യാപകരെ ഇതില്‍ നിന്നൊഴിവാക്കും.പുതിയ നിയമനത്തിനായിരിക്കും ഇത് ബാധകമാക്കുക.


സ്‌കൂള്‍ മാനേജ്‌മെന്‍റ് കമ്മിറ്റി പി.ടി.എയെക്കാള്‍ ശക്തമാക്കും.രക്ഷിതാവിന്റെ അധ്യക്ഷതയിലായിരിക്കും കമ്മിറ്റി.എന്നാല്‍ കേന്ദ്ര നിയമത്തില്‍ വ്യവസ്ഥ ചെയ്തതുപോലെ മാനേജ്‌മെന്‍റ് കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കില്ല. കേന്ദ്ര വിദ്യാഭ്യാസ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം ആവശ്യപ്പെട്ട് അനംഗീകൃത സ്‌കൂളുകള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.ഈ കേസ് ഫിബ്രവരി പകുതിക്കുശേഷം കോടതിയില്‍ എത്തും.അപ്പോഴേക്കും കേന്ദ്ര നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ക്കും കെ. ഇ. ആര്‍. നും ഭേദഗതി കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ ശ്രമം.


പൊതുവിദ്യാഭ്യാസ സെക്രട്ടറി പി.വനജയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരും അധ്യാപക സംഘടനാ പ്രതിനിധികളായ സി. ഉസ്മാന്‍(കെ.എസ്. ടി.എ), എന്‍ ശ്രീകുമാര്‍ (എ.കെ.എസ്.ടി.യു.),ജെ. ശശി(ജി.എസ്. ടി.യു.) എന്നിവരടങ്ങുന്ന സമിതിയാണ് പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുന്നത്.അനംഗീകൃതസ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കേണ്ടയെന്നതിലും അനുപാതം കുറയ്ക്കുന്ന കാര്യത്തിലും അധ്യാപക സംഘടനകള്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്.