"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Tuesday, 25 January 2011

ഒ.എന്‍.വി.ക്ക് പദ്മവിഭൂഷണ്‍, മടവൂരിനും തിരുമുല്‍പ്പാടിനും പദ്മഭൂഷണ്‍,ജയറാമിന് പത്മശ്രീ


                  ന്യൂഡല്‍ഹി: പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തിന്റെ പ്രിയകവി ഒ.എന്‍.വി. കുറുപ്പും വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിയും ഉള്‍പ്പെടെ 13 പേര്‍ പദ്മവിഭൂഷണിന് അര്‍ഹരായി. ഭാരതരത്‌നം ഈ വര്‍ഷം ആര്‍ക്കുമില്ല. കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായരും ആയുര്‍വേദാചാര്യന്‍ കെ. രാഘവന്‍ തിരുമുല്‍പ്പാടും മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടി.ജെ.എസ്. ജോര്‍ജും ഇന്‍ഫോസിസ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണനും ഉള്‍പ്പെടെ 31 പേര്‍ പദ്മഭൂഷണിന് അര്‍ഹരായി. സിനിമാ സംവിധായകന്‍ ഷാജി എന്‍. കരുണ്‍, നടന്‍ ജയറാം എന്നിവരുള്‍പ്പെടെ 84 പേര്‍ക്ക് പദ്മശ്രീ പുരസ്‌കാരമുണ്ട്.

കഴിഞ്ഞ സപ്തംബറില്‍ ജ്ഞാനപീഠം ലഭിച്ചതിനു തൊട്ടുപിറകെയാണ് പദ്മവിഭൂഷണ്‍ ഒ.എന്‍.വി.യെ തേടിയെത്തുന്നത്. 1998-ല്‍ അദ്ദേഹത്തിന് പദ്മശ്രീ ലഭിച്ചിരുന്നു. രാഘവന്‍ തിരുമുല്‍പ്പാടിന് മരണാനന്തര ബഹുമതിയായിട്ടാണ് പദ്മഭൂഷണ്‍ നല്കിയത്. തമിഴ്‌നാടാണ് പദ്മശ്രീ അവാര്‍ഡിന് ജയറാമിനെ ശുപാര്‍ശ ചെയ്തത്. മലയാളിയായ ടി.ജെ.എസ്. ജോര്‍ജിന്റെയും ഇന്‍ഫോസിസ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്റെയും പേരുകള്‍ നിര്‍ദേശിച്ചത് കര്‍ണാടകയാണ്.


പദ്മശ്രീ അവാര്‍ഡ് ലഭിച്ച മറ്റു മലയാളികള്‍ ഇവരാണ്: പ്രമുഖ മോഹിനിയാട്ടം കലാകാരി കലാമണ്ഡലം ക്ഷേമാവതി, ആര്‍ക്കിടെക്ട് ജി. ശങ്കര്‍, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ന്യൂറോസര്‍ജനും തിരുവനന്തപുരത്തെ അനന്തപുരി ആസ്​പത്രി ചെയര്‍മാനുമായ ഡോ. മാര്‍ത്താണ്ഡ പിള്ള, ചെണ്ടമേള വിദഗ്ധന്‍ പെരുവനം കുട്ടന്‍ മാരാര്‍, പ്രവാസി വ്യവസായി ഡോ. ആസാദ് മൂപ്പന്‍, ആദ്യത്തെ സ്ത്രീപക്ഷ പുസ്തക പ്രസാധകയും എഴുത്തുകാരിയുമായ ഋതു മേനോന്‍ (ഡല്‍ഹി).


അവാര്‍ഡുകള്‍ ലഭിച്ച മറ്റു പ്രമുഖര്‍:


പദ്മവിഭൂഷണ്‍- നര്‍ത്തകിയും കലാ പ്രവര്‍ത്തകയുമായ കപില വാത്സ്യായന്‍, ഇന്ത്യയിലെ ആദ്യ വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റ് ഹോമി വ്യാരവാലാ, തെലുങ്ക് നടന്‍ എ. നാഗേശ്വര റാവു, പൊതുപ്രവര്‍ത്തകരായ പരാശരന്‍ കേശവ അയ്യങ്കാര്‍, ഡോ: എ.ആര്‍. കിദ്വായ്, സാമ്പത്തിക വിദഗ്ധന്‍ വിജയ് കേല്‍ക്കര്‍, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മോണ്ടേക് സിങ് അലുവാലിയ, ശാസ്ത്രജ്ഞന്‍ പല്ലേ രാമറാവു, എന്‍.ഡി.എ. സര്‍ക്കാറില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബ്രജേഷ് മിശ്ര, സാഹിത്യകാരന്‍ ഡോ: ശ്രീകാന്ത് മഹാപാത്ര, മുന്‍ ആസൂത്രണ കമ്മീഷനംഗം എല്‍.സി. ജെയിന്‍ (മരണാനന്തരം).

പദ്മഭൂഷണ്‍- സിനിമാ സംഗീതസംവിധായകന്‍ ഖയ്യാം, നടന്‍ ശശികപൂര്‍, നടി വഹീദാ റഹ്മാന്‍, ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം, ഐ.സി.ഐ.സി.ഐ. ബാങ്ക് ചെയര്‍മാന്‍ ചന്ദാ കൊച്ചാര്‍, ഐ.ടി.സി. ചെയര്‍മാന്‍ വൈ. സി. ദേവേശ്വര്‍, റെഡ്ഡി ലാബ്‌സിലെ ഡോ: കെ. അഞ്ജിറെഡ്ഡി, വ്യവസായി ജി.വി.കെ. റെഡ്ഡി, മണിപ്പാല്‍ സര്‍വകലാശാലാ ചാന്‍സലര്‍ ഡോ: രാംദാസ് മാധവ പൈ തുടങ്ങിയവര്‍.

പദ്മശ്രീ- സിനിമാസംവിധായകന്‍ ഗിരീഷ് കാസറവള്ളി, നടിമാരായ കജോള്‍, തബു, നടന്‍ ഇര്‍ഫാന്‍ ഖാന്‍, ഭരതനാട്യം നര്‍ത്തകി എം.കെ. സരോജ, ഗായിക ഉഷാ ഉതുപ്പ്, കായിക താരങ്ങളായ കുഞ്ച റാണി ദേവി (ഭാരോദ്വഹനം), സുശീല്‍ കുമാര്‍ (ഗുസ്തി), വി.വി.എസ്. ലക്ഷ്മണ്‍ (ക്രിക്കറ്റ്), ഗഗന്‍ നാരംഗ് (ഷൂട്ടിങ്), കൃഷ്ണ പുനിയ (ഡിസ്‌കസ് ത്രോ), ഹര്‍ഭജന്‍ സിങ് (പര്‍വതാരോഹണം) തുടങ്ങിയവര്‍. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പദ്മ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

No comments:

Post a Comment