"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Friday, 7 January 2011

സ്‌കൂള്‍ മീറ്റില്‍ പതിന്നാലാമതും കേരളം






               പുണെ: അത്‌ലറ്റിക്‌സിലെ അജയ്യശക്തിയാണെന്ന് അരയ്ക്കിട്ടുറപ്പിച്ച് കേരളം ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായ പതിന്നാലാം തവണയും കിരീടം പിടിച്ചെടുത്തു. പുണെയിലെ ബാലേവാടി ഛത്രപതി ശിവജി സ്റ്റേഡിയത്തില്‍ നടന്ന മേളയില്‍ 40 സ്വര്‍ണം കരസ്ഥമാക്കിയാണ് കേരളം ചാമ്പ്യന്മാരായത്. ഹരിയാണ 12 സ്വര്‍ണവുമായി രണ്ടാം സ്ഥാനത്തെത്തി. പാലക്കാട് പറളി സ്‌കൂളിന്റെ താരങ്ങള്‍ ഏഴ് സ്വര്‍ണം കരസ്ഥമാക്കി. നാലുദിവസത്തെ മീറ്റില്‍ ആകെ 12 ദേശീയ റെക്കോഡുകളാണ് പിറന്നത്. ഇതില്‍ നാലെണ്ണം കേരളത്തിന്റെ പേരില്‍ കുറിക്കപ്പെട്ടു.

ട്രാക്കിലും ഫീല്‍ഡിലും സര്‍വാധിപത്യം തെളിയിക്കുന്ന പ്രകടനമായിരുന്നു കേരളത്തിന്റെത്. പാലക്കാട് പറളി സ്‌കൂളിലെ മാജിദ നൗറീന്‍ മൂന്നു വ്യക്തിഗത സ്വര്‍ണമുള്‍പ്പെടെ നാലിനങ്ങളില്‍ സ്വര്‍ണം സ്വന്തമാക്കി കേരളത്തിന്റെ അഭിമാനമുയര്‍ത്തി. പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പി.യു. ചിത്ര ദീര്‍ഘദൂര വിഭാഗത്തില്‍ മൂന്നു സ്വര്‍ണം കരസ്ഥമാക്കി ഭാവി വാഗ്ദാനമാണെന്ന് തെളിയിച്ചു. ഇരട്ട സ്വര്‍ണം നേടിയ പി. മെര്‍ലിന്‍, നയന ജയിംസ്, ലുക്മല്‍ ഹക്കിം, നീന എലിസബത്ത് ബേബി, കെ.കെ. വിദ്യ എന്നിവരുടെ പ്രകടനങ്ങളും കിരീടനേട്ടത്തില്‍ നിര്‍ണായകമായി.

പതിന്നാലാം കിരീടത്തിലേക്ക് കേരളത്തിന്റെ കുതിപ്പ് സ്വര്‍ണറിലേയോടെയായിരുന്നു. ഒന്നിനുപിറകെ ഒന്നായി സ്വര്‍ണം കേരളത്തിന്റെ ഖജനാവിലേക്ക് ഒഴുകിയെത്തി. അവസാന ദിവസം ഉച്ചയ്ക്കുശേഷം നടന്ന 12 ഇനങ്ങളില്‍ പതിനൊന്നിലും സ്വര്‍ണം നേടിയാണ് പുണെയില്‍ കേരളം രാജാക്കന്മാരായത്. ക്രോസ് കണ്‍ട്രിയുള്‍പ്പെടെ 40 സ്വര്‍ണവും 17 വെള്ളിയും 24 വെങ്കലവും. കഴിഞ്ഞതവണ അമൃത്‌സറില്‍ 28 സ്വര്‍ണത്തിലേക്ക് ചുരുങ്ങിപ്പോയ കേരളത്തിന്റെ കുതിപ്പായിരുന്നു പുണെയില്‍. എന്നാല്‍, സന്ധ്യയോടെ കേരള താരം പ്രായപരിശോധനയില്‍ പരാജയപ്പെട്ടതും രണ്ട് വെള്ളിമെഡലുകള്‍ നഷ്ടപ്പെട്ടതും കേരളത്തിന്റെ ആഹ്ലാദത്തില്‍ കല്ലുകടിയായി. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളത്തിന്റെ കുതിപ്പ്. 12 സ്വര്‍ണമുള്ള ഹരിയാണയാണ് രണ്ടാംസ്ഥാനത്ത്. കഴിഞ്ഞവര്‍ഷം അമൃത്‌സറില്‍ 28സ്വര്‍ണം നേടിയ കേരളം ഇക്കുറി മികച്ച കുതിപ്പാണ് നടത്തിയത്. എന്നാല്‍, പ്രായപരിശോധനയില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ റിജിന്‍ ജോസ് പരാജയപ്പെട്ടതും രണ്ട് വെള്ളിമെഡലുകള്‍ നഷ്ടപ്പെട്ടതും നാണക്കേടിനും വഴിവെച്ചു.

സുവര്‍ണദിനം

പാലക്കാട് പറളി സ്‌കൂളിലെ എം.ഡി. താരയാണ് അവസാനദിനം കേരളത്തിന്റെ സ്വര്‍ണക്കുതിപ്പിന് തുടക്കമിട്ടത്. ക്രോസ് കണ്‍ട്രിയിലായിരുന്നു ഈ നേട്ടം. 14 സ്വര്‍ണമാണ് അവസാന ദിവസം കേരളം സ്വന്തമാക്കിയത്. റിലേയില്‍ സബ്ജൂനിയര്‍ ആണ്‍കുട്ടികള്‍ക്കുമാത്രമാണ് സ്വര്‍ണം നേടാനാകാതെ പോയത്. സീനിയര്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്​പ്രിന്റ് റിലേയില്‍ പുതിയ ദേശീയ റെക്കോഡിട്ടു. ജിജിന്‍ വിജയന്‍(കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ്), ഒ.എസ്.സുജിത് (പെരുന്ന എന്‍.എസ്.എസ്.), ബിനീഷ് കെ.ഷാജി (കോതമംഗലം സെന്റ് ജോര്‍ജ്), സുജിത് കുട്ടന്‍ (തേവര എസ്.എച്ച്) എന്നിവരാണ് സീനിയര്‍ റിലേയില്‍ റെക്കോഡോടെ സ്വര്‍ണം (41.70 സെ.) നേടിയത്. കേരളത്തിന്റെ തന്നെ 2002ലെ 41.8 സെക്കന്‍ഡിന്റെ റെക്കോഡാണ് ഇവര്‍ പിന്നിട്ടത്. സീനിയര്‍ പെണ്‍കുട്ടികളില്‍, കെ.മഞ്ജു (കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍), എ.എസ്. ദിവ്യ (പാലക്കാട് പി.എം.ജി.), റിന്റു മാത്യു (സെന്റ് ജോര്‍ജ്), ജി. ലാവണ്യ (കല്ലടി) എന്നിവര്‍ 47.97 സെക്കന്‍ഡില്‍ ഓടിയെത്തി 2005-ലെ 48.05 സെക്കന്‍ഡിന്റെ റെക്കോഡ് പഴങ്കഥയാക്കി.
റിലേ കഴിഞ്ഞാല്‍ ജമ്പിനങ്ങളാണ് കേരളം ഇക്കുറി തൂത്തുവാരിയത്. ഒമ്പതിനങ്ങളില്‍ കേരളം സ്വര്‍ണം നേടി. അവസാന ദിവസം സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ മേഴ്‌സിക്കുട്ടന്‍ അക്കാദമിയിലെ ആല്‍ഗ വിന്നി ജയിംസാണ് (പെരുമ്പാവൂര് ആശ്രമം സ്‌കൂള്‍) കേരളത്തിന്റെ കുത്തക നിലനിര്‍ത്തിയത്. ആറുമീറ്ററാണ് ആല്‍ഗ താണ്ടിയത്. അഞ്ചുകിലോമീറ്റര്‍ നടത്തത്തില്‍ അഞ്ചാം ദേശീയ സ്വര്‍ണം തേടിയെത്തിയ മങ്കര സ്‌കൂളിലെ കെ.എം. മീഷ്മയെ പിന്തള്ളി പഞ്ചാബിന്റെ കുശ്ബീര്‍ കൗര്‍ (23:12.82 സെ.) സ്വര്‍ണം നേടിയതാണ് കേരളത്തിന് അവസാന ദിവസം നേരിട്ട തിരിച്ചടി. മീഷ്മയുടെ പേരിലുള്ള റെക്കോഡാണ് കുശ്ബീര്‍ തകര്‍ത്തത്. ജൂനിയര്‍ മൂന്ന് കിലോമീറ്റര്‍ നടത്തില്‍ പറളിയുടെ കെ.ടി.നീന കേരളത്തിന്റെ ക്ഷീണം തീര്‍ത്തു. 800 മീറ്ററില്‍ കല്ലടി സ്‌കൂളിലെ ലിജോമാണിയും (1:55.2 സെ.) ജൂനിയര്‍ പെണ്‍കുട്ടികളില്‍ ഉഷ സ്‌കൂളിലെ ജെസ്സി ജോസഫും (2:13.34 സെ.) സ്വര്‍ണം നേടി. സബ്ബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ 26.52 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് മാജിദ ട്രിപ്പിള്‍ തികച്ചത്.

വ്യക്തിഗത മികവ്

അഞ്ച് വ്യക്തിഗത ചാമ്പ്യന്മാരാണ് കേരളത്തിന് ഇത്തവണയുള്ളത്. സീനിയര്‍ വിഭാഗത്തില്‍ ആണ്‍കുട്ടികളില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ ലുക്മല്‍ ഹക്കിമും (400മീ, 400 മീ. ഹര്‍ഡില്‍സ് സ്വര്‍ണം) പെണ്‍കുട്ടികളില്‍ മുണ്ടൂര്‍ സ്‌കൂളിലെ പി.യു.ചിത്രയും (1500, 3000, 5000 സ്വര്‍ണം, ക്രോസ് കണ്‍ട്രി വെങ്കലം) വ്യക്തിഗത ചാമ്പ്യന്മാരായി. ജൂനിയര്‍ പെണ്‍കുട്ടികളില്‍ പറളി സ്‌കൂളിലെ പി. മെര്‍ലിനും (ഹൈജമ്പ്, 100 മീ. ഹര്‍ഡില്‍സ്) കുളത്തുവയല്‍ സെന്റ് ജോര്‍ജിലെ നയന ജയിംസും (ലോങ്ജമ്പ്, ട്രിപ്പിള്‍ ജമ്പ്) ചാമ്പ്യന്‍ പട്ടം പങ്കുവെച്ചപ്പോള്‍, സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ മൂന്ന് സ്വര്‍ണവുമായി പറളിയുടെ മാജിദനൗറിന്‍ (100, 200, 80 മീ.ഹര്‍ഡില്‍സ്). മാജിദയ്ക്ക് റിലേയിലും സ്വര്‍ണമുണ്ട്.

പറന്നുകയറിയത് പറളി

ദേശീയ സ്‌കൂള്‍ കായികമേളയിലെ വ്യക്തിഗത പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍, പാലക്കാട് ജില്ലയ്ക്കാണ് ആധിപത്യം. ചാമ്പ്യന്‍ ജില്ലയായ എറണാകുളത്തെ പാലക്കാടുനിന്നുള്ള പറളി, മുണ്ടൂര്‍, കല്ലടി സ്‌കൂളുകള്‍ പിന്തള്ളി. പറളിയാണ് ദേശീയ മീറ്റിലെ ചാമ്പ്യന്‍ സ്‌കൂള്‍. ക്രോസ് കണ്‍ട്രിയടക്കം ഏഴ് സ്വര്‍ണമാണ് പറളിയുടെ നേട്ടം. കേരളത്തിലെ ചാമ്പ്യന്‍പട്ടം തിരിച്ചുപിടിച്ച കോതമംഗലം സെന്റ് ജോര്‍ജാണ് രണ്ടാം സ്ഥാനത്ത്. അഞ്ചുസ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവും. ട്രിപ്പിള്‍ നേടിയ ചിത്രയുടെയും ഡബ്ള്‍ നേടിയ വിദ്യയുടെയും മികവില്‍ പാലക്കാട് മുണ്ടൂര്‍ സ്‌കൂള്‍ അഞ്ച് സ്വര്‍ണം കരസ്ഥമാക്കി. കോതമംഗലം മാര്‍ ബേസിലും പാലക്കാട് കല്ലടിയും മൂന്ന് സ്വര്‍ണം വീതം നേടി. പി.ടി. ഉഷയുടെയും മേഴ്‌സിക്കുട്ടന്റെയും അക്കാദമികള്‍ക്ക് രണ്ടുവീതം സ്വര്‍ണമുണ്ട്. നയന ജയിംസിന്റെ ഇരട്ട സ്വര്‍ണത്തോടെ ചക്കിട്ടപാറ ഗ്രാമീണ്‍ സ്‌പോര്‍ട്‌സ് അക്കാദമിയും രണ്ട് സ്വര്‍ണം നേടി.

കേരളത്തിന്റെ മെഡല്‍നേട്ടക്കാര്‍

സ്വര്‍ണം: എം.ഡി.താര (ക്രോസ് കണ്‍ട്രി), കെ.ടി.നീന (ജൂനി. 3 കി.മി. നടത്തം), ആല്‍ഗ വിന്നി ജയിംസ് (സീനി.ലോങ്ജമ്പ്), ലിജോ മാണി (ജൂനി 800മീ.), ജെസ്സി ജോസഫ് (ജൂനി.800 മീ.), ലുക്മല്‍ ഹക്കിം (സീനി. 400 മീ.ഹര്‍ഡില്‍സ്), മാജിത നൗറിന്‍ (സബ്ജൂനി 200 മീ.), സീനി. ആണ്‍ 4-100 മീ. റിലേ (ജിജിന്‍ വിജയന്‍,ഒ.എസ്. സുജിത്, ബിനീഷ്‌കെ. ഷാജി, സുജിത് കുട്ടന്‍), സീനി. പെണ്‍ 4-100 മീ റിലേ (കെ.മഞ്ജു, എ.എസ്.ദിവ്യ, റിന്റു മാത്യു, ജി. ലാവണ്യ), ജൂനി. ആണ്‍ 4-100 മീ. റിലേ (എ.കെ.ഉനൈസ്, അബ്ദുസമദ്, ആര്‍.ഭരത്. എസ്.ലിഖിന്‍), ജൂനി. പെണ്‍ 4-100 മീ റിലേ (ടി.എസ്.ആര്യ, ഡോണ ഷിബു, സാന്ദ്ര സത്യന്‍, എ.പി.ഷില്‍ഡ), സബ്ജൂനി. പെണ്‍ 4-100 മീ.റിലേ (അലീന തോമസ്, ആതിര മുരുകേഷ്, അര്‍ച്ചന കെ.രാജു, മാജിത നൗറീന്‍), 4-400 മീ.റിലേ ആണ്‍ (അലക്‌സ് ഷാജി, വിഷ്ണു വി. സാബു, ജിതിന്‍ ബേബി, ലുക്മല്‍ ഹക്കിം), 4-400 മീ. റിലേ പെണ്‍ (അനില്‍ഡ തോമസ്, എം.വി.ഷീന, കെ.സിന്‍ഷ, അഞ്ജു വര്‍ഗീസ്). വെള്ളി: കെ.എം.മീഷ്മ (സീനി. 5 കി.മി.നടത്തം), എം.വി.ഷീന (സീനി. 400 മീ.ഹര്‍ഡില്‍സ്), കെ.സിന്‍ഷ (സീനിയര്‍ 800 മീ.), വിഷ്ണു വി. സാബു (സീനിയര്‍ 400 മീ.ഹര്‍ഡില്‍സ്), എ.ജി. രഘില്‍ (സബ്ജൂനി 200 മീ.). വെങ്കലം: തെരേസ ജോസഫ് (ജൂനി. 800 മീ.), പി.യു.ചിത്ര (ക്രോസ് കണ്‍ട്രി), ശില്‍പ ചാക്കോ (സീനി. ലോങ്ജമ്പ്), ഭാഗ്യലക്ഷ്മി (സീനി. ഹാമര്‍ത്രോ), പി.ജെ.ജോസ്മി (സീനി. 400 മീ. ഹര്‍ഡില്‍സ്), അര്‍ച്ചന കെ.രാജു (സബ്ജൂനി. 200 മീ .)

റിജിന് അയോഗ്യത: കേരളത്തിന് രണ്ടുമെഡലുകള്‍ നഷ്ടം
സബ്ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ റിജിന്‍ ജോസ് പ്രായപരിശോധനയില്‍ പരാജയപ്പെട്ടതോടെ, കേരളത്തിന് രണ്ടുമെഡലുകള്‍ നഷ്ടമാകും. ഹൈജമ്പില്‍ വെള്ളിനേടിയ റിജിന്‍, സബ്ജൂനിയര്‍ റിലേയിലും പങ്കെടുത്തിരുന്നു. ഈ രണ്ടിനങ്ങളിലെയും വെള്ളിമെഡലുകള്‍ കേരളത്തിന് നഷ്ടമായി. 14 വയസ്സില്‍താഴെയുള്ളവര്‍ക്കാണ് സബ്ബ്ജൂനിയര്‍ വിഭാഗത്തില്‍ മത്സരിക്കാനാവുക. ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷനാണ് പരിശോധന നടത്തിയത്. ഹൈജമ്പില്‍ സ്വര്‍ണം നേടിയ ഉത്തര്‍ പ്രദേശിന്റെ അനില്‍ കുമാര്‍ സാഹുവിനെ നേരത്തേതന്നെ അയോഗ്യനാക്കിയിരുന്നു. എക്‌സ്‌റേ പരിശോധനയാണ് നടത്തിയത്.

No comments:

Post a Comment