"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Tuesday, 25 January 2011

ഒ.എന്‍.വി.ക്ക് പദ്മവിഭൂഷണ്‍, മടവൂരിനും തിരുമുല്‍പ്പാടിനും പദ്മഭൂഷണ്‍,ജയറാമിന് പത്മശ്രീ


                  ന്യൂഡല്‍ഹി: പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തിന്റെ പ്രിയകവി ഒ.എന്‍.വി. കുറുപ്പും വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിയും ഉള്‍പ്പെടെ 13 പേര്‍ പദ്മവിഭൂഷണിന് അര്‍ഹരായി. ഭാരതരത്‌നം ഈ വര്‍ഷം ആര്‍ക്കുമില്ല. കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായരും ആയുര്‍വേദാചാര്യന്‍ കെ. രാഘവന്‍ തിരുമുല്‍പ്പാടും മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടി.ജെ.എസ്. ജോര്‍ജും ഇന്‍ഫോസിസ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണനും ഉള്‍പ്പെടെ 31 പേര്‍ പദ്മഭൂഷണിന് അര്‍ഹരായി. സിനിമാ സംവിധായകന്‍ ഷാജി എന്‍. കരുണ്‍, നടന്‍ ജയറാം എന്നിവരുള്‍പ്പെടെ 84 പേര്‍ക്ക് പദ്മശ്രീ പുരസ്‌കാരമുണ്ട്.

കഴിഞ്ഞ സപ്തംബറില്‍ ജ്ഞാനപീഠം ലഭിച്ചതിനു തൊട്ടുപിറകെയാണ് പദ്മവിഭൂഷണ്‍ ഒ.എന്‍.വി.യെ തേടിയെത്തുന്നത്. 1998-ല്‍ അദ്ദേഹത്തിന് പദ്മശ്രീ ലഭിച്ചിരുന്നു. രാഘവന്‍ തിരുമുല്‍പ്പാടിന് മരണാനന്തര ബഹുമതിയായിട്ടാണ് പദ്മഭൂഷണ്‍ നല്കിയത്. തമിഴ്‌നാടാണ് പദ്മശ്രീ അവാര്‍ഡിന് ജയറാമിനെ ശുപാര്‍ശ ചെയ്തത്. മലയാളിയായ ടി.ജെ.എസ്. ജോര്‍ജിന്റെയും ഇന്‍ഫോസിസ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്റെയും പേരുകള്‍ നിര്‍ദേശിച്ചത് കര്‍ണാടകയാണ്.


പദ്മശ്രീ അവാര്‍ഡ് ലഭിച്ച മറ്റു മലയാളികള്‍ ഇവരാണ്: പ്രമുഖ മോഹിനിയാട്ടം കലാകാരി കലാമണ്ഡലം ക്ഷേമാവതി, ആര്‍ക്കിടെക്ട് ജി. ശങ്കര്‍, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ന്യൂറോസര്‍ജനും തിരുവനന്തപുരത്തെ അനന്തപുരി ആസ്​പത്രി ചെയര്‍മാനുമായ ഡോ. മാര്‍ത്താണ്ഡ പിള്ള, ചെണ്ടമേള വിദഗ്ധന്‍ പെരുവനം കുട്ടന്‍ മാരാര്‍, പ്രവാസി വ്യവസായി ഡോ. ആസാദ് മൂപ്പന്‍, ആദ്യത്തെ സ്ത്രീപക്ഷ പുസ്തക പ്രസാധകയും എഴുത്തുകാരിയുമായ ഋതു മേനോന്‍ (ഡല്‍ഹി).


അവാര്‍ഡുകള്‍ ലഭിച്ച മറ്റു പ്രമുഖര്‍:


പദ്മവിഭൂഷണ്‍- നര്‍ത്തകിയും കലാ പ്രവര്‍ത്തകയുമായ കപില വാത്സ്യായന്‍, ഇന്ത്യയിലെ ആദ്യ വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റ് ഹോമി വ്യാരവാലാ, തെലുങ്ക് നടന്‍ എ. നാഗേശ്വര റാവു, പൊതുപ്രവര്‍ത്തകരായ പരാശരന്‍ കേശവ അയ്യങ്കാര്‍, ഡോ: എ.ആര്‍. കിദ്വായ്, സാമ്പത്തിക വിദഗ്ധന്‍ വിജയ് കേല്‍ക്കര്‍, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മോണ്ടേക് സിങ് അലുവാലിയ, ശാസ്ത്രജ്ഞന്‍ പല്ലേ രാമറാവു, എന്‍.ഡി.എ. സര്‍ക്കാറില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബ്രജേഷ് മിശ്ര, സാഹിത്യകാരന്‍ ഡോ: ശ്രീകാന്ത് മഹാപാത്ര, മുന്‍ ആസൂത്രണ കമ്മീഷനംഗം എല്‍.സി. ജെയിന്‍ (മരണാനന്തരം).

പദ്മഭൂഷണ്‍- സിനിമാ സംഗീതസംവിധായകന്‍ ഖയ്യാം, നടന്‍ ശശികപൂര്‍, നടി വഹീദാ റഹ്മാന്‍, ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം, ഐ.സി.ഐ.സി.ഐ. ബാങ്ക് ചെയര്‍മാന്‍ ചന്ദാ കൊച്ചാര്‍, ഐ.ടി.സി. ചെയര്‍മാന്‍ വൈ. സി. ദേവേശ്വര്‍, റെഡ്ഡി ലാബ്‌സിലെ ഡോ: കെ. അഞ്ജിറെഡ്ഡി, വ്യവസായി ജി.വി.കെ. റെഡ്ഡി, മണിപ്പാല്‍ സര്‍വകലാശാലാ ചാന്‍സലര്‍ ഡോ: രാംദാസ് മാധവ പൈ തുടങ്ങിയവര്‍.

പദ്മശ്രീ- സിനിമാസംവിധായകന്‍ ഗിരീഷ് കാസറവള്ളി, നടിമാരായ കജോള്‍, തബു, നടന്‍ ഇര്‍ഫാന്‍ ഖാന്‍, ഭരതനാട്യം നര്‍ത്തകി എം.കെ. സരോജ, ഗായിക ഉഷാ ഉതുപ്പ്, കായിക താരങ്ങളായ കുഞ്ച റാണി ദേവി (ഭാരോദ്വഹനം), സുശീല്‍ കുമാര്‍ (ഗുസ്തി), വി.വി.എസ്. ലക്ഷ്മണ്‍ (ക്രിക്കറ്റ്), ഗഗന്‍ നാരംഗ് (ഷൂട്ടിങ്), കൃഷ്ണ പുനിയ (ഡിസ്‌കസ് ത്രോ), ഹര്‍ഭജന്‍ സിങ് (പര്‍വതാരോഹണം) തുടങ്ങിയവര്‍. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പദ്മ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Monday, 24 January 2011

ഭീംസേന്‍ ജോഷി

പുണെ: ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഭീം സേന്‍ ജോഷി എന്ന 'രാഗം' ഇനിയില്ല. ആലാപന സൗകുമാര്യത്തിലൂടെ ഹിന്ദുസ്ഥാനി സംഗീതത്തെ ജനകീയമാക്കിയ ആ മഹാപ്രതിഭ പുണെയിലെ സ്വകാര്യാസ്​പത്രിയില്‍ തിങ്കളാഴ്ച രാവിലെ അന്തരിച്ചു. 89 വയസ്സായിരുന്നു.

സംഗീതമികവിന് ഭാരതരത്‌നം ഉള്‍പ്പെടെയുള്ള ബഹുമതികളിലൂടെ രാജ്യം അദ്ദേഹത്തെ ആദരിച്ചു. ദൂരദര്‍ശനിലൂടെ പ്രശസ്തമായ 'മിലേ സുര്‍ മേരാ തുമാരാ...' എന്ന ദേശഭക്തിഗാനംവഴി ഹിന്ദുസ്ഥാനി സംഗീതത്തിലെ ആ കുലപതി സാധാരണക്കാരുടെയും ഹൃദയം കീഴടക്കി.


കര്‍ണാടകത്തിലെ ധാര്‍വാഡ് ജില്ലയില്‍ ബ്രാഹ്മണ കുടുംബത്തില്‍, അധ്യാപകനായ ഗുരു രാജ് ജോഷിയുടെ മകനായി 1922 ഫിബ്രവരി നാലിനാണ് ജോഷിയുടെ ജനനം. തന്റെ ഗുരു സവായ് ഗന്ധര്‍വയുടെ 60-ാം ജന്മദിനം പ്രമാണിച്ച് '47-ല്‍ പുണെയില്‍ നടന്ന സംഗീതോത്സവത്തില്‍ കച്ചേരി അവതരിപ്പിച്ചതാണ് അദ്ദേഹത്തിന്റെ പ്രശസ്തിയിലേക്കുള്ള യാത്രയുടെ തുടക്കം.ഖാന്‍ സാഹിബ് അബ്ദുള്‍കരീം ഖാന്റെ 'കിരാന ഘറാന'യുടെ പ്രയോക്താവായിരുന്നു അദ്ദേഹം.


ഘനഗംഭീര ശബ്ദവും പാടുമ്പോഴുള്ള കൃത്യമായ ശ്വാസനിയന്ത്രണവും സംഗീതത്തില്‍ ആഴത്തിലുള്ള അവഗാഹവും അദ്ദേഹത്തെ ഹിന്ദുസ്ഥാനി സംഗീതലോകത്തെ ഇതിഹാസമാക്കി മാറ്റി. സംഗീതജ്ഞരെയും സാധാരണക്കാരെയും ഒരുപോലെ അദ്ഭുതസ്തബ്ധരാക്കി, അദ്ദേഹം.


ചലച്ചിത്രലോകത്തും അദ്ദേഹം തന്റെ ശബ്ദസാന്നിധ്യം അറിയിച്ചു. താന്‍സന്റെ ജീവിതത്തെ അധികരിച്ചെടുത്ത ബംഗാളി സിനിമയില്‍ ധ്രുപദ് സംഗീതം ആലപിച്ചു. ഫുല ദേശ്പാണ്ഡെയുടെ മറാത്തി ചലച്ചിത്രം 'ഗുല്‍ച്ച ഗണപതി'യില്‍ പിന്നണി ഗായകനായി. 'ബസന്ത് ബഹര്‍', 'ഭൈരവി' എന്നീ ഹിന്ദി സിനിമകളിലും പാടിയിട്ടുണ്ട്.മറാഠി ഭക്തിസംഗീതത്തിന്റെ പാരമ്പര്യവഴികളെ തൊട്ടറിഞ്ഞ 'സന്ത് വാണി' ആലാപനത്തിലൂടെ മഹാരാഷ്ട്രയിലും കര്‍ണാടകയിലും അദ്ദേഹം ജനകീയനായി.


പദ്മശ്രീ (1972), സംഗീതനാടക അക്കാദമി പുരസ്‌കാരം (1975), പദ്മഭൂഷണ്‍ (1985), മധ്യപ്രദേശ് സര്‍ക്കാറിന്റെ താന്‍സന്‍ സമ്മാന്‍ (1992), കേരള സര്‍ക്കാറിന്റെ സ്വാതി സംഗീത പുരസ്‌കാരം (2002), ഭാരതരത്‌നം (2008) എന്നിവ നേടിയിട്ടുണ്ട്.


1999-ല്‍ ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയയ്ക്കും 2005-ല്‍ സുഷുമ്‌ന ശസ്ത്രക്രിയയ്ക്കും വിധേയനായ ജോഷി, 2007-ലാണ് അവസാനമായി വേദിയിലെത്തിയത്. ഗുരുസ്മരണയ്ക്കായി അദ്ദേഹംതന്നെ തുടങ്ങിവെച്ച 'സ്വാമി ഗന്ധര്‍വ' സംഗീതോത്സവത്തിലായിരുന്നു അത്.

ആദ്യ ഭാര്യ സുനന്ദ കാത്തി മരിച്ചതിനെത്തുടര്‍ന്ന് വത്സല മുധോല്‍ക്കറിനെ വിവാഹം കഴിച്ചു. സംഗീതജ്ഞന്‍ ശ്രീനിവാസുള്‍പ്പെടെ ഏഴ് മക്കളുണ്ട്.

Thursday, 20 January 2011

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിലവില്‍ വന്നു


ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള മൊബൈല്‍ നമ്പര്‍ മാറ്റാതെ സേവനദാതാവിനെ മാറ്റാനുള്ള സൗകര്യം രാജ്യമൊട്ടാകെ നിലവില്‍ വന്നു. 'ട്രായ്' നിര്‍ദേശ പ്രകാരമാണ് മൊബൈല്‍ കമ്പനികള്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം നടപ്പാക്കുന്നത്.

സേവനദാതാവിനെ മാറാന്‍ 'port space മൊബൈല്‍ നമ്പര്‍' എന്ന സന്ദേശം 1900ലേക്കാണ് അയക്കേണ്ടത്. തിരികെ ലഭിക്കുന്ന എട്ട് അക്ക 'യുണീക്ക് പോര്‍ട്ടിങ് കോഡ്' നമ്പര്‍ പോര്‍ട്ടിങ് ഫോമില്‍ രേഖപ്പെടുത്തി മൊബൈല്‍ കണക്ഷനുള്ള അപേക്ഷ സഹിതം തൊട്ടടുത്തുള്ള കസ്റ്റമര്‍ സര്‍വീസ് സെന്‍ററിലോ ഏജന്‍സിയിലോ നല്കണം. ഡല്‍ഹിയിലുള്ള 'ട്രായ്' മൊബൈല്‍ ക്ലിയറിങ് ഹൗസില്‍ നിന്നാണ് കോഡ് നമ്പര്‍ നല്കുന്നത്. അപേക്ഷയോടൊപ്പം ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും നല്കണം.


നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ആദ്യം ലഭ്യമാക്കിയ ഹരിയാനയില്‍ സേവനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. നവംബര്‍ 24ന് സേവനമാരംഭിച്ചതിന് ശേഷം ഏകദേശം 1,40,000 പേര്‍ ഇതിനായി അപേക്ഷ നല്‍കി. ഇതില്‍ 50,000ത്തോളം അപേക്ഷകള്‍ തള്ളിയതോടെ സേവനം ലഭിച്ചവരുടെ എണ്ണം 80,000ത്തില്‍ എത്തി നില്‍ക്കുകയാണ്.


രാജ്യത്ത് എല്ലായിടത്തുമെത്തും നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനംസേവനം നിലവില്‍ വന്നത് യഥാര്‍തത്തില്‍ മൊബൈല്‍ സേവനദാതാക്കളെ വെട്ടിലാക്കിയിരിക്കുകയാണ്. ഉപഭോക്താക്കള്‍ ചോരുന്നത് തടയാനായി വിവിധ ഓഫറുകളും ഇവര്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇതൊന്നും നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം ഉപയോഗിക്കുന്നതില്‍ നിന്നും ഉപയോക്താക്കളെ വിട്ടു നിര്‍ത്തുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.


പുതിയ സേവനം നിലവില്‍ വരുന്നതോടെ രാജ്യത്തെ മൊബൈല്‍ സേവന ദാതാക്കള്‍ സേവനം മെച്ചപ്പെടുത്തുന്നതിനായി കടുത്ത മത്സരം നടത്തേണ്ടി വരും. നേരത്തേയുള്ള കണക്കനുസരിച്ച് 25 ശതമാനത്തോളം പേര്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഉപയോഗപ്പെടുത്തുമെന്നാണ് കണക്കാക്കിയിരുന്നത്.

Friday, 7 January 2011

സ്‌കൂള്‍ മീറ്റില്‍ പതിന്നാലാമതും കേരളം






               പുണെ: അത്‌ലറ്റിക്‌സിലെ അജയ്യശക്തിയാണെന്ന് അരയ്ക്കിട്ടുറപ്പിച്ച് കേരളം ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായ പതിന്നാലാം തവണയും കിരീടം പിടിച്ചെടുത്തു. പുണെയിലെ ബാലേവാടി ഛത്രപതി ശിവജി സ്റ്റേഡിയത്തില്‍ നടന്ന മേളയില്‍ 40 സ്വര്‍ണം കരസ്ഥമാക്കിയാണ് കേരളം ചാമ്പ്യന്മാരായത്. ഹരിയാണ 12 സ്വര്‍ണവുമായി രണ്ടാം സ്ഥാനത്തെത്തി. പാലക്കാട് പറളി സ്‌കൂളിന്റെ താരങ്ങള്‍ ഏഴ് സ്വര്‍ണം കരസ്ഥമാക്കി. നാലുദിവസത്തെ മീറ്റില്‍ ആകെ 12 ദേശീയ റെക്കോഡുകളാണ് പിറന്നത്. ഇതില്‍ നാലെണ്ണം കേരളത്തിന്റെ പേരില്‍ കുറിക്കപ്പെട്ടു.

ട്രാക്കിലും ഫീല്‍ഡിലും സര്‍വാധിപത്യം തെളിയിക്കുന്ന പ്രകടനമായിരുന്നു കേരളത്തിന്റെത്. പാലക്കാട് പറളി സ്‌കൂളിലെ മാജിദ നൗറീന്‍ മൂന്നു വ്യക്തിഗത സ്വര്‍ണമുള്‍പ്പെടെ നാലിനങ്ങളില്‍ സ്വര്‍ണം സ്വന്തമാക്കി കേരളത്തിന്റെ അഭിമാനമുയര്‍ത്തി. പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പി.യു. ചിത്ര ദീര്‍ഘദൂര വിഭാഗത്തില്‍ മൂന്നു സ്വര്‍ണം കരസ്ഥമാക്കി ഭാവി വാഗ്ദാനമാണെന്ന് തെളിയിച്ചു. ഇരട്ട സ്വര്‍ണം നേടിയ പി. മെര്‍ലിന്‍, നയന ജയിംസ്, ലുക്മല്‍ ഹക്കിം, നീന എലിസബത്ത് ബേബി, കെ.കെ. വിദ്യ എന്നിവരുടെ പ്രകടനങ്ങളും കിരീടനേട്ടത്തില്‍ നിര്‍ണായകമായി.

പതിന്നാലാം കിരീടത്തിലേക്ക് കേരളത്തിന്റെ കുതിപ്പ് സ്വര്‍ണറിലേയോടെയായിരുന്നു. ഒന്നിനുപിറകെ ഒന്നായി സ്വര്‍ണം കേരളത്തിന്റെ ഖജനാവിലേക്ക് ഒഴുകിയെത്തി. അവസാന ദിവസം ഉച്ചയ്ക്കുശേഷം നടന്ന 12 ഇനങ്ങളില്‍ പതിനൊന്നിലും സ്വര്‍ണം നേടിയാണ് പുണെയില്‍ കേരളം രാജാക്കന്മാരായത്. ക്രോസ് കണ്‍ട്രിയുള്‍പ്പെടെ 40 സ്വര്‍ണവും 17 വെള്ളിയും 24 വെങ്കലവും. കഴിഞ്ഞതവണ അമൃത്‌സറില്‍ 28 സ്വര്‍ണത്തിലേക്ക് ചുരുങ്ങിപ്പോയ കേരളത്തിന്റെ കുതിപ്പായിരുന്നു പുണെയില്‍. എന്നാല്‍, സന്ധ്യയോടെ കേരള താരം പ്രായപരിശോധനയില്‍ പരാജയപ്പെട്ടതും രണ്ട് വെള്ളിമെഡലുകള്‍ നഷ്ടപ്പെട്ടതും കേരളത്തിന്റെ ആഹ്ലാദത്തില്‍ കല്ലുകടിയായി. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളത്തിന്റെ കുതിപ്പ്. 12 സ്വര്‍ണമുള്ള ഹരിയാണയാണ് രണ്ടാംസ്ഥാനത്ത്. കഴിഞ്ഞവര്‍ഷം അമൃത്‌സറില്‍ 28സ്വര്‍ണം നേടിയ കേരളം ഇക്കുറി മികച്ച കുതിപ്പാണ് നടത്തിയത്. എന്നാല്‍, പ്രായപരിശോധനയില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ റിജിന്‍ ജോസ് പരാജയപ്പെട്ടതും രണ്ട് വെള്ളിമെഡലുകള്‍ നഷ്ടപ്പെട്ടതും നാണക്കേടിനും വഴിവെച്ചു.

സുവര്‍ണദിനം

പാലക്കാട് പറളി സ്‌കൂളിലെ എം.ഡി. താരയാണ് അവസാനദിനം കേരളത്തിന്റെ സ്വര്‍ണക്കുതിപ്പിന് തുടക്കമിട്ടത്. ക്രോസ് കണ്‍ട്രിയിലായിരുന്നു ഈ നേട്ടം. 14 സ്വര്‍ണമാണ് അവസാന ദിവസം കേരളം സ്വന്തമാക്കിയത്. റിലേയില്‍ സബ്ജൂനിയര്‍ ആണ്‍കുട്ടികള്‍ക്കുമാത്രമാണ് സ്വര്‍ണം നേടാനാകാതെ പോയത്. സീനിയര്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്​പ്രിന്റ് റിലേയില്‍ പുതിയ ദേശീയ റെക്കോഡിട്ടു. ജിജിന്‍ വിജയന്‍(കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ്), ഒ.എസ്.സുജിത് (പെരുന്ന എന്‍.എസ്.എസ്.), ബിനീഷ് കെ.ഷാജി (കോതമംഗലം സെന്റ് ജോര്‍ജ്), സുജിത് കുട്ടന്‍ (തേവര എസ്.എച്ച്) എന്നിവരാണ് സീനിയര്‍ റിലേയില്‍ റെക്കോഡോടെ സ്വര്‍ണം (41.70 സെ.) നേടിയത്. കേരളത്തിന്റെ തന്നെ 2002ലെ 41.8 സെക്കന്‍ഡിന്റെ റെക്കോഡാണ് ഇവര്‍ പിന്നിട്ടത്. സീനിയര്‍ പെണ്‍കുട്ടികളില്‍, കെ.മഞ്ജു (കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍), എ.എസ്. ദിവ്യ (പാലക്കാട് പി.എം.ജി.), റിന്റു മാത്യു (സെന്റ് ജോര്‍ജ്), ജി. ലാവണ്യ (കല്ലടി) എന്നിവര്‍ 47.97 സെക്കന്‍ഡില്‍ ഓടിയെത്തി 2005-ലെ 48.05 സെക്കന്‍ഡിന്റെ റെക്കോഡ് പഴങ്കഥയാക്കി.
റിലേ കഴിഞ്ഞാല്‍ ജമ്പിനങ്ങളാണ് കേരളം ഇക്കുറി തൂത്തുവാരിയത്. ഒമ്പതിനങ്ങളില്‍ കേരളം സ്വര്‍ണം നേടി. അവസാന ദിവസം സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ മേഴ്‌സിക്കുട്ടന്‍ അക്കാദമിയിലെ ആല്‍ഗ വിന്നി ജയിംസാണ് (പെരുമ്പാവൂര് ആശ്രമം സ്‌കൂള്‍) കേരളത്തിന്റെ കുത്തക നിലനിര്‍ത്തിയത്. ആറുമീറ്ററാണ് ആല്‍ഗ താണ്ടിയത്. അഞ്ചുകിലോമീറ്റര്‍ നടത്തത്തില്‍ അഞ്ചാം ദേശീയ സ്വര്‍ണം തേടിയെത്തിയ മങ്കര സ്‌കൂളിലെ കെ.എം. മീഷ്മയെ പിന്തള്ളി പഞ്ചാബിന്റെ കുശ്ബീര്‍ കൗര്‍ (23:12.82 സെ.) സ്വര്‍ണം നേടിയതാണ് കേരളത്തിന് അവസാന ദിവസം നേരിട്ട തിരിച്ചടി. മീഷ്മയുടെ പേരിലുള്ള റെക്കോഡാണ് കുശ്ബീര്‍ തകര്‍ത്തത്. ജൂനിയര്‍ മൂന്ന് കിലോമീറ്റര്‍ നടത്തില്‍ പറളിയുടെ കെ.ടി.നീന കേരളത്തിന്റെ ക്ഷീണം തീര്‍ത്തു. 800 മീറ്ററില്‍ കല്ലടി സ്‌കൂളിലെ ലിജോമാണിയും (1:55.2 സെ.) ജൂനിയര്‍ പെണ്‍കുട്ടികളില്‍ ഉഷ സ്‌കൂളിലെ ജെസ്സി ജോസഫും (2:13.34 സെ.) സ്വര്‍ണം നേടി. സബ്ബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ 26.52 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് മാജിദ ട്രിപ്പിള്‍ തികച്ചത്.

വ്യക്തിഗത മികവ്

അഞ്ച് വ്യക്തിഗത ചാമ്പ്യന്മാരാണ് കേരളത്തിന് ഇത്തവണയുള്ളത്. സീനിയര്‍ വിഭാഗത്തില്‍ ആണ്‍കുട്ടികളില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ ലുക്മല്‍ ഹക്കിമും (400മീ, 400 മീ. ഹര്‍ഡില്‍സ് സ്വര്‍ണം) പെണ്‍കുട്ടികളില്‍ മുണ്ടൂര്‍ സ്‌കൂളിലെ പി.യു.ചിത്രയും (1500, 3000, 5000 സ്വര്‍ണം, ക്രോസ് കണ്‍ട്രി വെങ്കലം) വ്യക്തിഗത ചാമ്പ്യന്മാരായി. ജൂനിയര്‍ പെണ്‍കുട്ടികളില്‍ പറളി സ്‌കൂളിലെ പി. മെര്‍ലിനും (ഹൈജമ്പ്, 100 മീ. ഹര്‍ഡില്‍സ്) കുളത്തുവയല്‍ സെന്റ് ജോര്‍ജിലെ നയന ജയിംസും (ലോങ്ജമ്പ്, ട്രിപ്പിള്‍ ജമ്പ്) ചാമ്പ്യന്‍ പട്ടം പങ്കുവെച്ചപ്പോള്‍, സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ മൂന്ന് സ്വര്‍ണവുമായി പറളിയുടെ മാജിദനൗറിന്‍ (100, 200, 80 മീ.ഹര്‍ഡില്‍സ്). മാജിദയ്ക്ക് റിലേയിലും സ്വര്‍ണമുണ്ട്.

പറന്നുകയറിയത് പറളി

ദേശീയ സ്‌കൂള്‍ കായികമേളയിലെ വ്യക്തിഗത പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍, പാലക്കാട് ജില്ലയ്ക്കാണ് ആധിപത്യം. ചാമ്പ്യന്‍ ജില്ലയായ എറണാകുളത്തെ പാലക്കാടുനിന്നുള്ള പറളി, മുണ്ടൂര്‍, കല്ലടി സ്‌കൂളുകള്‍ പിന്തള്ളി. പറളിയാണ് ദേശീയ മീറ്റിലെ ചാമ്പ്യന്‍ സ്‌കൂള്‍. ക്രോസ് കണ്‍ട്രിയടക്കം ഏഴ് സ്വര്‍ണമാണ് പറളിയുടെ നേട്ടം. കേരളത്തിലെ ചാമ്പ്യന്‍പട്ടം തിരിച്ചുപിടിച്ച കോതമംഗലം സെന്റ് ജോര്‍ജാണ് രണ്ടാം സ്ഥാനത്ത്. അഞ്ചുസ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവും. ട്രിപ്പിള്‍ നേടിയ ചിത്രയുടെയും ഡബ്ള്‍ നേടിയ വിദ്യയുടെയും മികവില്‍ പാലക്കാട് മുണ്ടൂര്‍ സ്‌കൂള്‍ അഞ്ച് സ്വര്‍ണം കരസ്ഥമാക്കി. കോതമംഗലം മാര്‍ ബേസിലും പാലക്കാട് കല്ലടിയും മൂന്ന് സ്വര്‍ണം വീതം നേടി. പി.ടി. ഉഷയുടെയും മേഴ്‌സിക്കുട്ടന്റെയും അക്കാദമികള്‍ക്ക് രണ്ടുവീതം സ്വര്‍ണമുണ്ട്. നയന ജയിംസിന്റെ ഇരട്ട സ്വര്‍ണത്തോടെ ചക്കിട്ടപാറ ഗ്രാമീണ്‍ സ്‌പോര്‍ട്‌സ് അക്കാദമിയും രണ്ട് സ്വര്‍ണം നേടി.

കേരളത്തിന്റെ മെഡല്‍നേട്ടക്കാര്‍

സ്വര്‍ണം: എം.ഡി.താര (ക്രോസ് കണ്‍ട്രി), കെ.ടി.നീന (ജൂനി. 3 കി.മി. നടത്തം), ആല്‍ഗ വിന്നി ജയിംസ് (സീനി.ലോങ്ജമ്പ്), ലിജോ മാണി (ജൂനി 800മീ.), ജെസ്സി ജോസഫ് (ജൂനി.800 മീ.), ലുക്മല്‍ ഹക്കിം (സീനി. 400 മീ.ഹര്‍ഡില്‍സ്), മാജിത നൗറിന്‍ (സബ്ജൂനി 200 മീ.), സീനി. ആണ്‍ 4-100 മീ. റിലേ (ജിജിന്‍ വിജയന്‍,ഒ.എസ്. സുജിത്, ബിനീഷ്‌കെ. ഷാജി, സുജിത് കുട്ടന്‍), സീനി. പെണ്‍ 4-100 മീ റിലേ (കെ.മഞ്ജു, എ.എസ്.ദിവ്യ, റിന്റു മാത്യു, ജി. ലാവണ്യ), ജൂനി. ആണ്‍ 4-100 മീ. റിലേ (എ.കെ.ഉനൈസ്, അബ്ദുസമദ്, ആര്‍.ഭരത്. എസ്.ലിഖിന്‍), ജൂനി. പെണ്‍ 4-100 മീ റിലേ (ടി.എസ്.ആര്യ, ഡോണ ഷിബു, സാന്ദ്ര സത്യന്‍, എ.പി.ഷില്‍ഡ), സബ്ജൂനി. പെണ്‍ 4-100 മീ.റിലേ (അലീന തോമസ്, ആതിര മുരുകേഷ്, അര്‍ച്ചന കെ.രാജു, മാജിത നൗറീന്‍), 4-400 മീ.റിലേ ആണ്‍ (അലക്‌സ് ഷാജി, വിഷ്ണു വി. സാബു, ജിതിന്‍ ബേബി, ലുക്മല്‍ ഹക്കിം), 4-400 മീ. റിലേ പെണ്‍ (അനില്‍ഡ തോമസ്, എം.വി.ഷീന, കെ.സിന്‍ഷ, അഞ്ജു വര്‍ഗീസ്). വെള്ളി: കെ.എം.മീഷ്മ (സീനി. 5 കി.മി.നടത്തം), എം.വി.ഷീന (സീനി. 400 മീ.ഹര്‍ഡില്‍സ്), കെ.സിന്‍ഷ (സീനിയര്‍ 800 മീ.), വിഷ്ണു വി. സാബു (സീനിയര്‍ 400 മീ.ഹര്‍ഡില്‍സ്), എ.ജി. രഘില്‍ (സബ്ജൂനി 200 മീ.). വെങ്കലം: തെരേസ ജോസഫ് (ജൂനി. 800 മീ.), പി.യു.ചിത്ര (ക്രോസ് കണ്‍ട്രി), ശില്‍പ ചാക്കോ (സീനി. ലോങ്ജമ്പ്), ഭാഗ്യലക്ഷ്മി (സീനി. ഹാമര്‍ത്രോ), പി.ജെ.ജോസ്മി (സീനി. 400 മീ. ഹര്‍ഡില്‍സ്), അര്‍ച്ചന കെ.രാജു (സബ്ജൂനി. 200 മീ .)

റിജിന് അയോഗ്യത: കേരളത്തിന് രണ്ടുമെഡലുകള്‍ നഷ്ടം
സബ്ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ റിജിന്‍ ജോസ് പ്രായപരിശോധനയില്‍ പരാജയപ്പെട്ടതോടെ, കേരളത്തിന് രണ്ടുമെഡലുകള്‍ നഷ്ടമാകും. ഹൈജമ്പില്‍ വെള്ളിനേടിയ റിജിന്‍, സബ്ജൂനിയര്‍ റിലേയിലും പങ്കെടുത്തിരുന്നു. ഈ രണ്ടിനങ്ങളിലെയും വെള്ളിമെഡലുകള്‍ കേരളത്തിന് നഷ്ടമായി. 14 വയസ്സില്‍താഴെയുള്ളവര്‍ക്കാണ് സബ്ബ്ജൂനിയര്‍ വിഭാഗത്തില്‍ മത്സരിക്കാനാവുക. ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷനാണ് പരിശോധന നടത്തിയത്. ഹൈജമ്പില്‍ സ്വര്‍ണം നേടിയ ഉത്തര്‍ പ്രദേശിന്റെ അനില്‍ കുമാര്‍ സാഹുവിനെ നേരത്തേതന്നെ അയോഗ്യനാക്കിയിരുന്നു. എക്‌സ്‌റേ പരിശോധനയാണ് നടത്തിയത്.