"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Sunday, 29 January 2012

സ്‌കൂള്‍ മേഖലയെ നിയന്ത്രിക്കാന്‍ പുതിയ കേന്ദ്രനിയമം
Posted on: 29 Jan 2012
എം.കെ. അജിത്കുമാര്‍


* സംഭാവനയും തലവരിയും പാടില്ല
* ചട്ടം ലംഘിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും അഞ്ചു ലക്ഷം രൂപ പിഴയും
* 50 ലക്ഷം രൂപവരെ സിവില്‍ നഷ്ടപരിഹാരത്തിനും വ്യവസ്ഥ

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാഭ്യാസമേഖലയിലെ തട്ടിപ്പും ചട്ടങ്ങളുടെ ലംഘനവും തടയാന്‍ പുതിയ കേന്ദ്രനിയമം വരുന്നു. സ്വകാര്യ, അണ്‍-എയ്ഡഡ് സ്‌കൂളുകളുള്‍പ്പെടെ എല്ലാ പ്രൈമറി, സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസസ്ഥാപനങ്ങളും നിര്‍ദിഷ്ടനിയമത്തിന്റെ പരിധിയില്‍ വരും.

മാനവശേഷി മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര വിദ്യാഭ്യാസ ഉപദേശക ബോര്‍ഡിന്റെ (സി.എ.ബി.ഇ.) കീഴില്‍ ഇതിനായി രൂപവത്കരിച്ച പ്രത്യേക സമിതി കഴിഞ്ഞദിവസം ആദ്യയോഗം ചേര്‍ന്ന് നിയമനിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. മാനവശേഷി സഹമന്ത്രി പുരന്തേശ്വരി അധ്യക്ഷയായ സമിതിയില്‍ കര്‍ണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, മേഘാലയ എന്നിവിടങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാരുള്‍പ്പെടെ 23 പേര്‍ അംഗങ്ങളാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ദുഷ്പ്രവണതകള്‍ തടയാന്‍ ലക്ഷ്യമിടുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തെ കൊള്ളരുതായ്മകള്‍ പ്രത്യേക നിയമം വഴി തടയാനാണ് ഉദ്ദേശിക്കുന്നത്. വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് പലവിധത്തില്‍ സംഭാവന കൈപ്പറ്റുക, ശമ്പളവും ആനുകൂല്യങ്ങളും നല്‍കാതെ അധ്യാപകരെ ചൂഷണം ചെയ്യുക, ഉയര്‍ന്ന ഫീസ് ഈടാക്കുക മുതലായവ നിയന്ത്രിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ സ്‌കൂളുകളുടെ 38 ശതമാനം പ്രൈവറ്റ് എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയിലാണ്.

സ്‌കൂളുകളെല്ലാം അവര്‍ നല്‍കുന്ന സേവനങ്ങളും പാലിക്കേണ്ട ചട്ടങ്ങളും അതുപോലുള്ള സംഗതികളും പ്രോസ്‌സ്‌പെക്ടസിലും വെബ്‌സൈറ്റുകളിലും നിയമപ്രകാരം പരസ്യപ്പെടുത്തുകയും സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് നിര്‍ദിഷ്ട നിയമത്തിന്റെ കാതല്‍. സ്വയം പ്രഖ്യാപിക്കുന്ന ചട്ടങ്ങള്‍ ലംഘിച്ചാല്‍ അതിന് ശിക്ഷയും നഷ്ടപരിഹാരവും ഉറപ്പാക്കും. അതേസമയം, ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടല്‍ ഒഴിവാക്കാനും അധികാരദുരുപയോഗം തടയാനും നിയമത്തില്‍ വ്യവസ്ഥയുണ്ടാക്കും. ചട്ടങ്ങള്‍ ലംഘിച്ചാല്‍ സിവില്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും. ഇതിനുപുറമേ ക്രിമിനല്‍ നടപടി നേരിടുകയും വേണം. കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് പരമാവധി 50 ലക്ഷം രൂപവരെ സിവില്‍ നഷ്ടപരിഹാരമായി ഈടാക്കണമെന്ന നിര്‍ദേശം സി.എ.ബി.ഇ.യുടെ പ്രത്യേക സമിതി യോഗത്തില്‍ ഉയര്‍ന്നുവന്നു. സിവില്‍ നഷ്ടപരിഹാരം നല്‍കുന്ന കാര്യം തീരുമാനിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ ട്രൈബ്യൂണലുകള്‍ സ്ഥാപിക്കും.

ക്രിമിനല്‍ പ്രോസിക്യൂഷനുശേഷം ഒരുമാസം മുതല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷയും 50,000 രൂപ മുതല്‍ അഞ്ചുലക്ഷം രൂപ വരെയുള്ള പിഴയുമാണ് പരിഗണനയിലുള്ളത്. സ്‌കൂള്‍ മാനേജുമെന്റുകള്‍ക്കെതിരായ കുറ്റങ്ങള്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ടോ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ടോ ആണ് പരിഗണിക്കേണ്ടത്. തലവരിയോ സംഭാവനയോ ആവശ്യപ്പെടുന്ന കേസുകളില്‍ പോലീസിന് കോടതിയുടെ വാറന്റ് ഇല്ലാതെ തന്നെ കുറ്റക്കാരെ അറസ്റ്റ് ചെയ്യാം. തലവരി വാങ്ങലിന് ഇരയാവുന്ന രക്ഷിതാവിന് ക്രിമിനല്‍ക്കോടതിയെ നേരിട്ട് സമീപിക്കാം. സംഭാവന, തലവരി ഒഴികെയുള്ള കുറ്റങ്ങളുടെ കാര്യത്തില്‍, കേന്ദ്രമോ സംസ്ഥാന സര്‍ക്കാറുകളോ മറ്റ് അധികാരികളോ കൊടുക്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ കോടതിക്ക് തുടര്‍നടപടി സ്വീകരിക്കാന്‍ സാധിക്കൂ.
ദേശീയ വിദ്യാഭ്യാസനയവും സുപ്രീംകോടതിയുടെ ഉത്തരവുകളും മറ്റും നിലവിലുണ്ടെങ്കിലും സ്വകാര്യ മാനേജ്‌മെന്റുകള്‍ ക്രമവിരുദ്ധമായ നടപടികള്‍ കൈക്കൊള്ളുന്നതായി സമിതി വിലയിരുത്തി. സി.ബി.എസ്.ഇ.യുടെ അംഗീകാരം ലഭിക്കുന്ന സ്‌കൂളുകള്‍ 'അഫിലിയേഷന്‍ ബൈലോസ്' പാലിക്കണമെന്നാണ് വ്യവസ്ഥ. പക്ഷേ, ഭൂരിഭാഗം സ്‌കൂളുകളും അവ ലംഘിക്കുകയാണ്. അംഗീകാരം പിന്‍വലിക്കുക മാത്രമാണ് ഇതിനുള്ള പ്രതിവിധിയെങ്കിലും അത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കും. സി.ബി.എസ്.ഇ. ചട്ടങ്ങളുടെ ലംഘനം സംസ്ഥാന സര്‍ക്കാറുകള്‍ പരിശോധിക്കുന്നത് അധികാരപ്രശ്‌നങ്ങള്‍ക്ക് ഇടയാവുകയും ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലമെല്ലാം കണക്കിലെടുത്താണ് പുതിയ നിയമം ഉണ്ടാക്കുന്നത്.

No comments:

Post a Comment