"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Tuesday 19 July 2011

എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമില്‍ നാല് ഇന്ത്യക്കാര്‍




ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമില്‍ നാല് ഇന്ത്യന്‍താരങ്ങള്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യം 10000 റണ്‍സ് തികച്ച സുനില്‍ ഗാവസ്‌കര്‍, ഓള്‍റൗണ്ടറും മുന്‍ക്യാപ്റ്റനുമായ കപില്‍ദേവ്, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍തെണ്ടുല്‍ക്കര്‍, ഓപ്പണിങ്ങിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ് എന്നിവരാണ് ടീമിലിടം നേടിയ ഇന്ത്യന്‍താരങ്ങള്‍. ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങള്‍ രണ്ടായിരം തികയ്ക്കുന്നതിന്റെ ഭാഗമായാണ് എക്കാലത്തേയുമായ ടെസ്റ്റ് ടീമിനെ ഐ. സി.സി. തിരഞ്ഞെടുത്തത്. ഐ.സി.സി. യുടെ വെബ്‌സൈറ്റിലൂടെയും ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയും നടത്തിയ വോട്ടെടുപ്പില്‍, 60 താരങ്ങളില്‍നിന്നാണ് അന്തിമ ഇലവനെ പ്രഖ്യാപിച്ചത്.

രണ്ട് ഓപ്പണിങ് ബാറ്റ്‌സ്മാന്മാര്‍, മൂന്ന് മധ്യനിര ബാറ്റ്‌സ്മാന്മാര്‍, ഒരു ഓള്‍റൗണ്ടര്‍, ഒരു വിക്കറ്റ് കീപ്പര്‍, മൂന്ന് പേസ് ബൗളര്‍മാര്‍, ഒരു സ്പിന്നര്‍ എന്നിങ്ങനെ പതിനൊന്നുപേരുടെ ടീമിനെ കണ്ടെത്താനാണ് ഐ.സി. സി. ആവശ്യപ്പെട്ടിരുന്നത്. നാല് ഇന്ത്യന്‍താരങ്ങള്‍ ടീമിലെത്തിയപ്പോള്‍ എക്കാലത്തെയും മഹാനായ താരം ഡോണ്‍ ബ്രാഡ്മാന്‍, വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദം ഗില്‍ക്രിസ്റ്റ്, പേസ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്ത്, സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ എന്നീ ഓസ്‌ട്രേലിയക്കാരും ടീമിലിടം നേടി. മധ്യനിര ബാറ്റ്‌സ്മാന്‍ ബ്രയന്‍ ലാറയും പേസ് ബൗളര്‍ കര്‍ട്‌ലി അംബ്രോസുമാണ് വിന്‍ഡീസിന്റെ സംഭാവന. പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ വസീം അക്രവും ടീമിലെത്തി.
വീരേന്ദര്‍ സെവാഗും സുനില്‍ ഗാവസ്‌കറുമാണ് എക്കാലത്തെയും മികച്ച ടീമിന്റെ ഓപ്പണര്‍മാര്‍. ഡോണ്‍ ബ്രാഡ്മാന്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ബ്രയന്‍ലാറ എന്നിവരാണ് ടീമിലെ മധ്യനിര ബാറ്റ്‌സ്മാന്മാര്‍. ഓള്‍റൗണ്ടറായ കപില്‍ദേവിന് ശേഷം ഏഴാമനായാണ് ഗില്‍ക്രിസ്റ്റ് കളിക്കാനിറങ്ങുക. ഷെയ്ന്‍വോണ്‍, വസീം അക്രം, കര്‍ട്‌ലി അംബ്രോസ്, ഗ്ലെന്‍ മഗ്രാത്ത് എന്നിങ്ങനെയാണ് സ്‌പെഷലിസ്റ്റ് ബൗളര്‍മാരുടെ സ്ഥാനക്രമം.

ടെസ്റ്റ് ക്രിക്കറ്റിനുള്ള ജനപ്രീതി വെളിപ്പെടുത്തുന്നതാണ് ഓണ്‍ലൈന്‍ വോട്ടിങ്ങിലുണ്ടായ പ്രാതിനിധ്യമെന്ന് ഐ.സി.സി. ചീഫ് എക്‌സിക്യുട്ടീവ് ഹാറൂണ്‍ ലോര്‍ഗത്ത് പറഞ്ഞു. രണ്ടരലക്ഷത്തോളം പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ആരാധകരുടെ തിരഞ്ഞെടുപ്പാണെങ്കിലും, ഈ ടീമിനെച്ചൊല്ലി വിവാദങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്.
ശ്രീലങ്ക, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ പ്രമുഖ ടീമുകളില്‍നിന്ന് ഒരാള്‍പോലും എക്കാലത്തെയും മികച്ച ടീമിലെത്തിയിട്ടില്ലെന്നത് ചര്‍ച്ചാവിഷയമാകാനിരിക്കുന്നതേയുള്ളൂ. മുത്തയ്യ മുരളീധരനെയും റിച്ചാര്‍ഡ് ഹാഡ്‌ലിയെയും ഇയാന്‍ ബോതത്തെയും ഗ്രേയം പൊള്ളോക്കിനെയുംപോലുള്ള താരങ്ങള്‍ തിരഞ്ഞെടുക്കപ്പെടാതിരുന്നത് വരുംദിനങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയേക്കും.

No comments:

Post a Comment