"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Saturday, 31 July 2010

കടല്‍വെള്ളത്തില്‍നിന്ന് കുടിവെള്ളം; ചെന്നൈയുടെ ദാഹംതീര്‍ക്കാന്‍ നൂതനസങ്കേതം



ചെന്നൈ: ചെന്നൈയുടെ ദാഹം തീര്‍ക്കാന്‍ നൂതന സങ്കേതത്തില്‍ പ്രവര്‍ത്തിക്കുന്ന കടല്‍വെള്ള ജലശുദ്ധീകരണ പ്ലാന്റ്, ചെന്നൈയ്ക്ക് സമീപം മീഞ്ചൂരില്‍ ശനിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി എം. കരുണാനിധി ഉദ്ഘാടനം ചെയ്തു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഈ ജലശുദ്ധീകരണ പ്ലാന്റില്‍നിന്ന് പ്രതിദിനം 10 കോടി ലിറ്റര്‍ കടല്‍വെള്ളം നഗരത്തിന് നല്‍കും. ഇന്ത്യയില്‍ തന്നെ ഏറ്റവും ചെലവു കുറഞ്ഞ ശുദ്ധജലമായിരിക്കും പ്ലാന്റില്‍ നിന്ന് ലഭിക്കുക. ഉത്ഘാടന ചടങ്ങില്‍ ഉപമുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പങ്കെടുത്തു.

600 കോടി രൂപ ചെലവിലാണ് പ്ലാന്റ് പൂര്‍ത്തിയാക്കിയത്. പ്ലാന്‍റില്‍നിന്നുള്ള വെള്ളം നഗരത്തിലെ 20 ലക്ഷം കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാകും. മീഞ്ചൂരില്‍നിന്നു ചെന്നൈയിലേക്ക് വെള്ളമെത്തിക്കാന്‍ 38 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ്‌ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തീരത്തുനിന്ന് 635 മീറ്റര്‍ ഉള്ളിലേക്ക് മാറി സ്ഥാപിച്ച പ്രത്യേക പൈപ്പ്‌ലൈന്‍ വഴിയാണ് മീഞ്ചൂരിലെ ശുദ്ധീകരണ പ്ലാന്‍റിലേക്ക് കടല്‍വെള്ളം എത്തിക്കുന്നത്.

'റിവേഴ്‌സ് ഒസ്‌മോസിസ് സങ്കേത'മാണ് കടല്‍വെള്ളം ശുദ്ധീകരിക്കാന്‍ മീഞ്ചൂരിലെ പ്ലാന്റില്‍ പ്രയോജനപ്പെടുത്തുന്നത്. ഉന്നത മര്‍ദത്തില്‍ വെള്ളം ശുദ്ധീകരിക്കുന്ന സങ്കേതമാണിത്. കടല്‍വെള്ളം ശുദ്ധീകരിക്കാനുപയോഗിക്കുന്ന മറ്റ് പ്ലാന്റുകളില്‍ സാധാരണഗതിയില്‍ വെള്ളം തിളപ്പിക്കേണ്ടി വരാറുണ്ട്. എന്നാല്‍, ഈ പ്ലാന്റില്‍ അതിന്റെ ആവശ്യമില്ല. അതിനാല്‍, വലിയ തോതില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാനും ശുദ്ധീകരണ ചെലവ് കുറയ്ക്കാനും സാധിക്കുന്നു.

അതിനാല്‍, തടാകങ്ങളില്‍ നിന്നും മറ്റും വെള്ളം പമ്പു ചെയ്ത് നഗരങ്ങളില്‍ വിതരണം ചെയ്യുന്ന സംവിധാനത്തോട് പോലും ചെലവിന്റെ കാര്യത്തില്‍ മത്സരിക്കാന്‍ ഈ പ്ലാന്റിനാകുമെന്ന് അതിന്റെ ചുമതലക്കാര്‍ പറയുന്നു. ഈ പ്ലാന്റില്‍ ആയിരം ലിറ്റര്‍ കടല്‍വെള്ളം സുദ്ധീകരിച്ച് കുടിവെള്ളമുണ്ടാക്കാന്‍ ഏതാണ്ട് 50 രൂപയില്‍ താഴയേ വരൂ. ഇന്ത്യയിലെ മറ്റ് തീരദേശ നഗരങ്ങള്‍ക്കും ഇത്തരം പ്ലാന്റുകള്‍ അനുയോജ്യമായേക്കാം.

ഉത്പാദനത്തിനാവശ്യമായ ചെലവ് ഇങ്ങനെയാണെങ്കിലും, ചെന്നൈ മെട്രോ വാട്ടര്‍ കോര്‍പ്പറേഷന്‍ ലിറ്ററിന് 4.8 രൂപാ നിരക്കിലാണ്, പ്ലാന്റ് നിര്‍മിച്ച ഐ.വി.ആര്‍.സി.എല്‍. ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് പ്രോജക്ട് ലിമിറ്റഡില്‍ നിന്ന് വെള്ളം വാങ്ങുക. ബി.ഒ.ടി.വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്‍റ് 25 വര്‍ഷത്തിനുശേഷം ചെന്നൈ മെട്രോ വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവേജ് ബോര്‍ഡിനു കൈമാറാനണ് പദ്ധതി.

പൊന്നേരി താലൂക്കിലെ മീഞ്ചൂരില്‍ 60 ഏക്കറോളം സ്ഥലത്താണ് പ്ലാന്‍റ് സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്ലാന്‍റ് പ്രവര്‍ത്തനം തുടങ്ങുമെന്ന് കരുതിയിരുന്നെങ്കിലും അത് നടന്നില്ല. നിലയം വിപുലീകരിക്കാന്‍ ഐ.വി.ആര്‍.സി.എല്ലിന് പദ്ധതിയുണ്ടെന്നും അടുത്ത 15 മാസത്തിനുള്ളില്‍ അതു സാധ്യമായേക്കുമെന്നും കമ്പനി മാനേജിങ് ഡയറക്ടര്‍ എസ്. രാമചന്ദ്രന്‍ വ്യക്തമാക്കി.

ചെന്നൈ നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെ 2004-ല്‍ എ.ഐ.എ.ഡി.എം.കെ.സര്‍ക്കാറാണ് പ്ലാന്‍റിന്റെ പദ്ധതി തയ്യാറാക്കിയത്.

Thursday, 29 July 2010

സച്ചിന് ഡബിള്‍ സെഞ്ച്വറി






കൊളംബൊ: സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഡബിള്‍ സെഞ്ച്വറിയുടെ മികവില്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. ചായക്ക് പിരിയുമ്പോള്‍ അഞ്ചിന് 589 റണ്‍സ് എന്ന സുരക്ഷിതമായ നിലയിലാണ് ഇന്ത്യ. ലങ്കയേക്കാള്‍ 53 റണ്‍സിന് മാത്രം പിറകില്‍.


202 റണ്‍സെടുത്ത സച്ചിനൊപ്പം 50 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോനിയാണ് ക്രീസില്‍ കൂട്ടിനുള്ളത്. 343 പന്തില്‍ നിന്നാണ് സച്ചിന്‍ തന്റെ അഞ്ചാമത്തെ ടെസ്റ്റ് ഡബിള്‍ സെഞ്ച്വറി നേടിയത്. ശ്രീലങ്കയ്‌ക്കെതിരായ സച്ചിന്റെ ആദ്യ ഡബിള്‍ സെഞ്ച്വറിയാണിത്. ലങ്കന്‍ മണ്ണിലെ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 201 റണ്‍സ് എന്ന വീരേന്ദര്‍ സെവാഗിന്റെ റെക്കോഡാണ് സച്ചിന്‍ മറികടന്നത്.


കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയ സുരേഷ് റെയ്‌നയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് ഇന്ന് നഷ്ടമായത്. 120 റണ്‍സെടുത്ത റെയ്‌നയെ മെന്‍ഡിസാണ് പുറത്താക്കിയത്. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന പന്ത്രണ്ടാം ബാറ്റ്‌സ്മാനാണ് റെയ്‌ന. അഞ്ചാം വിക്കറ്റില്‍ സച്ചിനൊപ്പം 256 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് റെയ്‌ന മടങ്ങിയത്. ലങ്കയ്ക്കുവേണ്ടി മെന്‍ഡിസ് മൂന്നും രണ്‍ധിവ് രണ്ടും വിക്കറ്റെടുത്തു.