"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Monday, 12 September 2011

സൗഹൃദ കൂട്ടായ്മയില്‍ ബ്ളോഗര്‍മാര്‍; കണക്ക് പാല്‍പായസമാക്കി മാത്സ് ബ്ളോഗ്


കണ്ണൂര്‍: കണക്കിനെക്കൊണ്ടു ഞാന്‍ തോറ്റു എന്നു പറഞ്ഞു പിന്മാറാതെ കണക്കിന്‍െറ കൈപിടിച്ചു മുന്നേറുന്നവരുടെ എണ്ണമേറുന്നു. വെറുതെ പറയുന്നതല്ല, ബ്ളോഗര്‍മാരുടെ ഇടയിലേക്കു കടന്നാലറിയാം എന്താണു കാരണമെന്ന്. ഭീകരരൂപിയായ കണക്കിന്‍െറ പല്ലും നഖവും പറിച്ചെടുത്ത്  കൊച്ചു പൂച്ചക്കുട്ടിയായി കൂടെ നടത്തുന്നത്  മാത്സ് ബ്ളോഗാണ്. കണക്കിനെ ജനപ്രിയ വിഷയമാക്കി മുന്നേറുന്ന മാത്സ് ബ്ളോഗ് സന്ദര്‍ശിച്ചവരുടെ എണ്ണം  ഇതുവരെ  34 ലക്ഷം കവിഞ്ഞു.
‘കണക്കിനെ പേടിക്കുകയേ വേണ്ട, പാല്‍പായസം പോലെ പകര്‍ന്നു നല്‍കേണ്ട ഒന്നാണത്...’ ബ്ളോഗിന്‍െറ ലളിതമായ വിജയ രഹസ്യം അതിന്‍െറ പ്രവര്‍ത്തകരിലൊരാളായ ജനാര്‍ദനന്‍ മാഷ് വെളിപ്പെടുത്തിയപ്പോള്‍ കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്ന സൈബര്‍ മീറ്റില്‍ നിറഞ്ഞ കൈയടികളുയര്‍ന്നു.
തുടക്കത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഗണിതം ലളിതമാക്കുക എന്നതായിരുന്നു ബ്ളോഗിന്‍െറ  പ്രധാന ലക്ഷ്യം. എന്നാല്‍, വിദ്യാര്‍ഥികള്‍ മാത്രമല്ല, അധ്യാപകരും പൊതു സമൂഹവും ബ്ളോഗിനെ സഹര്‍ഷം വരവേറ്റു. അതോടെ കണക്കിനപ്പുറത്തേക്ക് മാത്സ് ബ്ളോഗിന്‍െറ അതിരുകള്‍ വികസിച്ചു. ചരിത്രവും ഐ.ടിയും ബ്ളോഗിലെ വിഭവങ്ങളായി. വിദ്യാഭ്യാസ രംഗത്തെ പുതുചലനങ്ങള്‍ ഒരോന്നും ബ്ളോഗ് സന്ദര്‍ശിച്ചാല്‍ മനസിലാക്കാന്‍ സാധിക്കും. ഇതു കൂടാതെ ഗവണ്‍മെന്‍റ് ഓര്‍ഡറുകള്‍, സര്‍ക്കുലറുകര്‍, ടൈംടേബിളുകള്‍  എന്നിവ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ശരാശരി 15000 പേര്‍ ദിനംപ്രതി ബ്ളോഗ് സന്ദര്‍ശിക്കുന്നുണ്ട്.  എറണാകുളം ജില്ലയിലെ എടവനക്കാട്ടെ എച്ച്.ഐ.എച്ച്.എസ്.എസിലെ അധ്യാപകന്‍ വി. കെ. നിസാറും എസ്.ഡി.പി.വൈ. കെ.പി.എം.എച്ച്.എസിലെ കെ.ജി. ഹരികുമാറുമാണ് ബ്ളോഗ് തുടങ്ങിയത്.  ഇപ്പോള്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി 16 പേരോളം ബ്ളോഗിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. സൈബര്‍ലോകത്തിരുന്ന് കഥ പറഞ്ഞും കവിതയെഴുതിയും കൂട്ടുകാരായവരെല്ലാം ജവഹര്‍ ലൈബ്രറിയില്‍ നടന്ന ബ്ളോഗര്‍മാരുടെ കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തി.
ഇന്‍റര്‍നെറ്റിലൂടെ പരിചിതരാണെന്നങ്കിലും പലരും നേരിട്ടു കാണുന്നത് ആദ്യമായിട്ടായിരുന്നു. കണ്ണൂര്‍ ജില്ലയിലെ ബ്ളോഗ് എഴുത്തുകാരാണ് കൂട്ടായ്മക്ക് നേതൃത്വം നല്‍കിയത്.  കെ.പി. സുകുമാരന്‍, ശാന്താ കാവുമ്പായി, മുരളീമുകുന്ദന്‍, ജെ.എസ്. ബ്രൈറ്റ്, നൗഷാദ് അകമ്പാടം, ശരീഫ് കൊട്ടാരക്കര,ചിന്നമ്മ ടീച്ചര്‍, ടി. അനില്‍ കുമാര്‍, ബിജു കോട്ടിയ, ബിന്‍സി തുടങ്ങിയ സൈബര്‍ എഴുത്തുകാരടക്കം സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നായി എഴുപതോളം പേര്‍ മീറ്റില്‍  പങ്കെടുത്തു.