"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Monday, 29 August 2011

വയലാ വാസുദേവന്‍പിള്ള അന്തരിച്ചു



കൊച്ചി: മലയാള നാടകപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയ ഡോ.വയലാ വാസുദേവന്‍പിള്ള അന്തരിച്ചു. എറണാകുളത്ത് ഒരു സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി കുറച്ചുനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള നിരവധി ബഹുമതികള്‍ നേടിയിട്ടുള്ള വയലാ സ്‌കൂള്‍ ഓഫ് ഡ്രാമ ഡയറക്ടറായിരുന്നു.

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, സംസ്ഥാന സംഗീത നാടക അക്കാദമി പുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്. കേരള യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആന്റ് വിഷ്വല്‍ ആര്‍ട്‌സ് ഡയറക്ടറുമായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെ ചെറുതുരുത്തിയില്‍ നടക്കും. തൃശൂര്‍ അയ്യന്തോളിലായിരുന്നു താമസിച്ചിരുന്നത്. മൃതദേഹം ചൊവ്വാഴ്ച്ച രാവിലെ സംഗീത നാടക അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാകും സംസ്‌കാരം നടക്കുക.


ജി.ശങ്കരപ്പിള്ളയുടെ ശിഷ്യനായി നാടകരംഗത്തേക്ക് കടന്നുവന്ന വയലാ തനത് നാടകസങ്കല്‍പ്പങ്ങളേയും വിശ്വോത്തര നാടകധാരകളേയും ഒരുപോലെ സ്വാംശീകരിച്ച വ്യക്തിയായിരുന്നു. യൂറോപ്യന്‍ നാടകങ്ങളെക്കുറിച്ചും രംഗവേദിയെക്കുറിച്ചും നിരവധി പുസ്തകങ്ങള്‍ എഴുതുകയും നിരന്തരം പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു അദ്ദേഹം. ഏറെ കാലമായി നാടകവുമായി ബന്ധപ്പെട്ട് അക്കാദമിക് രംഗത്താണ് ഡോ.വയലാ വാസുദേവന്‍പിള്ളയുടെ പ്രവര്‍ത്തനം.

നാടക കളരികളിലൂടെ സജീവമായ ശേഷം 1984 ലാണ് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അസോസിയേറ്റ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. തിരുവനന്തപുരം മാര്‍ ഇവോനിയോസ് കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു. പിന്നീട് 1990 ല്‍ റോം യൂണിവേഴ്‌സിറ്റിയില്‍ ഒരു വര്‍ഷം നാടകപഠനത്തിനായി പോയി. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പോടെ പോസ്റ്റ് ഡോക്ട്രല്‍ ഫെലോഷിപ്പും നേടിയിട്ടുണ്ട്.

വിശ്വദര്‍ശനം, തുളസീവരം, രംഗഭാഷ, അഗ്നി, വരവേല്‍പ്പ്, കുചേലഗാഥ, സൂത്രധാരാ ഇതിലെ ഇതിലേ, കുഞ്ഞിച്ചിറകുകള്‍, സ്വര്‍ണക്കൊക്കുകള്‍ തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മൂന്ന് ദേശീയ പുരസ്‌കാരങ്ങളും ഒമ്പത് സംസ്ഥാന പുരസ്‌കാരങ്ങളും നേടി. ടോക്കിയോവിലെ മെയ്ജി സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു.
 
കടപ്പാട്  : മാതൃഭൂമി