"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Saturday, 14 August 2010

സ്ലൈഡ് ഡോട്ട് കോം ഇനി ഗൂഗിളിന് സ്വന്തം




ഫെയ്‌സ്ബുക്കും ഗൂഗിളും തമ്മിലുള്ള യുദ്ധത്തിന് നെറ്റിലൊരു ഓമനപ്പേരുണ്ട്. ഡബ്ല്യു. ഡബ്ല്യു. എഫ് അഥവാ വാര്‍ വിത്ത് ഫെയ്‌സ്ബുക്ക്. ബുദ്ധിയും തന്ത്രവുമുപയോഗിച്ചുള്ള യുദ്ധത്തില്‍ ഗൂഗിള്‍ ഇക്കഴിഞ്ഞ ആഗസ്ത് ആറിന് ഒരു ചുവടുകൂടെ മുന്നോട്ടുവച്ചു. ഓര്‍ക്കുട്ട്, ഫെയ്‌സ്ബുക്ക്, മൈസ്‌പേസ് തുടങ്ങിയ സൗഹൃദക്കൂട്ടങ്ങളില്‍ വമ്പന്‍ ഹിറ്റായ സേവനങ്ങള്‍ നല്‍കുന്ന സ്ലൈഡ് (www.slide.com) എന്ന കമ്പനിയെ ഏറ്റെടുത്തുകൊണ്ടായിരുന്നു അത്. 18.2 കോടി ഡോളര്‍ പ്രതിഫലവും ഒപ്പം 460 ലക്ഷം ഡോളറിന്റെ എംപ്ലോയി റിലേഷന്‍ ബോണസും നല്‍കിയാണ് കമ്പനിയെ ഗൂഗിള്‍ ഏറ്റെടുത്തത്.

പേപാല്‍ സ്ഥാപരിലൊരാളായ മാക്‌സ് ലെവ്ചിന്‍ അഞ്ചുവര്‍ഷം മുമ്പ് ഈ കമ്പനി സ്ഥാപിക്കുമ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഇത്ര ഹിറ്റാകുമെന്ന് കരുതിയിരുന്നില്ല. ഓര്‍ക്കുട്ടില്‍ ഇപയോഗിക്കുന്ന ഫോട്ടോ സ്ലൈഡ് ഷോ, ചിത്രങ്ങളെ അലങ്കരിക്കാനും തമാശകളൊപ്പിക്കാനും സഹായിക്കുന്ന ഫണ്‍ഫിക്‌സ്, യുട്യൂബ് വീഡിയോകള്‍ പ്രത്യേക സ്‌കിനിലൂടെ അവതരിപ്പിക്കുന്ന സ്‌കിന്‍ പിക്‌സ് തുടങ്ങിയ നേരത്തെ തന്നെ ഹിറ്റായിരുന്നു.

ഹൈഫൈവ്, മൈസ്‌പേസ്, ബീബോ, ഫ്രണ്ട്സ്റ്റര്‍ തുടങ്ങിയ സൗഹൃദക്കൂട്ടങ്ങളിലേക്കും നിരവധി ആപ്ലിക്കേഷനുകള്‍ സ്ലൈഡ്.കോം നല്‍കിയിരുന്നു. എന്നാല്‍ സ്ലൈഡിന് വളര്‍ന്നു പന്തലിക്കാന്‍ അവസരമൊരുക്കിയത് തേഡ്പാര്‍ട്ടി ആപ്ലിക്കേഷനുകളെ അനുവദിക്കാനുള്ള ഫെയ്‌സ്ബുക്കിന്റെ തീരുമാനമാണ്. പാണ്ട മുതല്‍ പൂച്ചക്കുട്ടിവരെയുള്ള വളര്‍ത്തുമൃഗങ്ങളെയുള്ളവയെ അവതരിപ്പിച്ച സൂപ്പര്‍ പോക്, ഫണ്‍സ്‌പേസ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഇന്ന് ഫെയ്‌സ്ബുക്കില്‍ ഹിറ്റാണ്. ഇതുതന്നെയാണ് ഗൂഗിളിനെ സ്ലൈഡ് ഡോട്ട് കോം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചതും.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്രേമികളുടെ പ്രതീതിയാഥാര്‍ഥ്യലോകത്ത് (virtual life) പുത്തന്‍ സംവിധാനങ്ങളുമായി ഗൂഗിള്‍ ടീം രംഗത്തെത്തുമെന്നാണ് ഗൂഗിള്‍ വാഗ്ദാനം ചെയതത്. പിക്കാസയും യൂടൂബൂമുള്‍പ്പടെയുള്ള സേവനങ്ങളും സ്ലൈഡും കൂടിച്ചേര്‍ന്ന് ഈ മേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍ ഇനി പ്രതീക്ഷിക്കാം.

ബ്ലാക്‌ബെറി ഇന്ത്യയോട് കീഴടങ്ങി

ന്യൂഡല്‍ഹി: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ മെസഞ്ചര്‍ സേവനങ്ങളിലേക്ക് പ്രവേശനം സാധ്യമാക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തോട് ബ്ലാക്‌ബെറി നിര്‍മാണ കമ്പനിയായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) വഴങ്ങി. ബ്ലാക്‌ബെറി വഴി കൈമാറുന്ന ഇ-മെയിലടക്കമുള്ള സന്ദേശങ്ങള്‍ നിരീക്ഷിക്കാനുള്ള സങ്കേതം സര്‍ക്കാരിന് നല്‍കുമെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.

ബ്ലാക്‌ബെറിയിലൂടെ കൈമാറ്റം ചെയ്യുന്ന സന്ദേശങ്ങള്‍ വായിക്കാവുന്ന തരത്തില്‍ ലഭ്യമാക്കണമെന്ന് സര്‍ക്കാര്‍ റിസര്‍ച്ച് ഇന്‍ മോഷനോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ആഗസ്ത് 31 മുതല്‍ സേവനങ്ങള്‍ നിരോധിക്കുമെന്ന് സര്‍ക്കാര്‍ ബ്ലാക്‌ബെറിക്ക് മുന്നറിയിപ്പും നല്‍കി. വളരെ വേഗത്തില്‍ വളരുന്ന ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ ഇത് ബ്ലാക്‌ബെറിയുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരുന്നു.

എന്നാല്‍ കമ്പനി പ്രശ്‌ന പരിഹരത്തിനായുള്ള സങ്കേതം അടുത്ത ആഴ്ച നല്‍കുമെന്ന് ധാരണയായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതിന്റെ പ്രവര്‍ത്തനം പരിശോധിച്ചതിന് ശേഷം സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമെന്നാണ് അറിയുന്നത്.

ബ്ലാക്‌ബെറിയ്ക്ക് പിന്നാലെ, ഗൂഗിള്‍, സ്‌കൈപ്പ് തുടങ്ങിയ കമ്പനികളോടും പിടിമുറുക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇത്തരം സേവനങ്ങളിലൂടെ രാജ്യസുരക്ഷക്ക് ഭീഷണിയായേക്കാവുന്ന സന്ദേശങ്ങള്‍ പ്രവഹിക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ക്കശ നിലപാടെടുത്തത്.

സൗദി അറേബ്യ, യു.എ.ഇ, ലബനണ്‍ തുടങ്ങിയ രാജ്യങ്ങളും ബ്ലാക്‌ബെറിയ്‌ക്കെതിരെ സുരക്ഷാപ്രശ്‌നം ഉന്നയിച്ച് രംഗത്തുണ്ട്.

റിം വൈസ് പ്രസിഡന്റ് റോബര്‍ട്ട് ക്രോ ഉള്‍പ്പെടെ കമ്പനിയുടെ ഉന്നതതല സംഘം ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ളയുമായി ചര്‍ച്ച നടത്തിയിരുന്നു. ബ്ലാക്‌ബെറി ഫോണുകള്‍ നല്‍കുന്ന സുരക്ഷിതമായ ആശയവിനിമയ സങ്കേതം ബിസിനസ് രംഗത്തുള്ളവരാണ് ഏറെ ആശ്രയിക്കുന്നത്. ഗൂഗിള്‍, ആപ്പിള്‍, സാംസങ് പോലുളള കമ്പനികളുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ രംഗത്തെതിയതോടെ വന്‍ വെല്ലുവിളിയാണ് ബ്ലാക്‌ബെറി നേരിടുന്നത്. ഇതിനോടൊപ്പമാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള നിരോധനഭീഷണി.

മെസേജിങ് സര്‍വീസുകള്‍ സുതാര്യമാക്കുന്നതോടു കൂടി ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞേക്കാമെന്നു കമ്പനി ഭയപ്പെടുന്നുണ്ട്. ഇന്ത്യയുടെ ആവശ്യത്തിന് കമ്പനി വഴങ്ങിയതായുളള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ന്യൂയോര്‍ക്ക്, ടൊറന്റോ ഓഹരി വിപണികളില്‍ റിമ്മിന്റെ ഓഹരി വില രണ്ട് ശതമാനത്തോളം താഴ്ന്നു.

അതിനിടെ, ഇന്ത്യന്‍ സര്‍ക്കാരും ബ്ലാക്‌ബെറിയും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ മധ്യസ്ഥം വഹിക്കാന്‍ താത്പര്യമില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ബ്ലാക്‌ബെറി ഫോണ്‍ സംബന്ധിച്ചുളള പ്രശ്‌നങ്ങള്‍ കമ്പനി നേരിട്ടു തീര്‍ക്കട്ടെ എന്നതാണ് അമേരിക്കയുടെ നിലപാട്.

Friday, 13 August 2010

കുടുംബ-ആശ്രിതവിസകള്‍ തൊഴില്‍വിസയാക്കാന്‍ അനുമതി


കുവൈത്ത്: രാജ്യത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ, കുടുംബ-ആശ്രിത വിസ കൈവശമുള്ളവര്‍ക്ക് തൊഴില്‍ ലഭിച്ചാല്‍ വിസ മാറ്റിനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ആര്‍ട്ടിക്കിള്‍ 22-ല്‍ ഉള്‍പ്പെടുന്ന കുടുംബവിസക്കാര്‍ക്കും ആശ്രിതവിസക്കാര്‍ക്കുമാണ് ഈ സൗകര്യം അനുവദിച്ചിട്ടുള്ളതെന്ന് തൊഴില്‍ സാമൂഹ്യമന്ത്രാലയം സ്വകാര്യമേഖല വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മന്‍സൂര്‍ അല്‍ മന്‍സൂര്‍ വെളിപ്പെടുത്തി.

സ്വകാര്യമേഖലയില്‍ തൊഴില്‍ ലഭിച്ചവര്‍ സാമൂഹ്യ തൊഴില്‍മന്ത്രാലയത്തില്‍ നിന്നുള്ള അപേക്ഷ പൂരിപ്പിച്ച് അനുമതി ലഭിക്കുന്നതിനായി സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷ തൊഴില്‍ ലഭിച്ച സ്വകാര്യ കമ്പനിയിലാണ് നല്‍കേണ്ടതെന്നും അല്‍ മന്‍സൂര്‍ ആവശ്യപ്പെട്ടു.

സ്വകാര്യ കമ്പനിയിലെ തൊഴില്‍യോഗ്യത, പരിചയം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകള്‍ പരിഗണിക്കുക.
കൂടാതെ തൊഴില്‍ നല്‍കുന്ന സ്ഥാപനത്തിന് അനുവദിച്ചിട്ടുള്ള ലൈസന്‍സ് പ്രകാരം പുതിയതായി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള അംഗീകാരം ഉണ്ടായിരിക്കണം.

ഈ സൗകര്യം കുവൈത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമായിരിക്കുമെന്നും അല്‍ മന്‍സൂര്‍ വ്യക്തമാക്കി.

സ്വകാര്യ തൊഴില്‍മേഖലയില്‍ യോഗ്യതയും പരിചയസമ്പരുമായ തൊഴിലാളികളുടെ കൂടുതല്‍ ആവശ്യം കണക്കിലെടുത്തിട്ടാണ് കുടുംബവിസയിലോ ആശ്രിതവിസയിലോ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴില്‍ ലഭിച്ചാല്‍ സര്‍ക്കാറിന്റെ തീരുമാനപ്രകാരം തൊഴില്‍വിസയിലേക്ക് മാറ്റുന്നതിനുള്ള നടപടികളാരംഭിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് നിവസിക്കുന്ന വിദേശികളുടെ ഇഖാമയുടെ കാലാവധി അവസാനിക്കുന്നതിന് 90 ദിവസം കാലാവധി ശേഷിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതാണ്.

എന്നാല്‍ ഇതില്‍ കൂടുതല്‍ കാലാവധിയുള്ള ഇഖാമ പുതുക്കാന്‍ അനുവദിക്കില്ല. കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുകയോ മറ്റൊരു കമ്പനിയിലേക്ക് വിസ മാറ്റുകയോ ചെയ്യേണ്ട സാഹചര്യത്തില്‍ 90 ദിവസത്തില്‍ കൂടുതല്‍ കാലാവധി ശേഷിക്കുന്ന ഇഖാമ മറ്റൊരു സ്‌പോണ്‍സറിലേക്ക് മാറ്റുകയോ പുതുക്കി നല്‍കുകയോ ചെയ്യാം.

ഇത്തരത്തില്‍ 90 ദിവസത്തില്‍ കൂടുതല്‍ കാലാവധിയുള്ള നിരവധി അപേക്ഷകള്‍ ലഭിച്ച സാഹചര്യത്തിലാണ് കുടിയേറ്റവിഭാഗം കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Thursday, 12 August 2010

വികാരനിര്‍ഭരമായ ചടങ്ങില്‍ താജ്മഹല്‍ ഹോട്ടല്‍ തുറന്നു


മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ ഭീകരര്‍ തകര്‍ത്ത താജ്മഹല്‍ ഹോട്ടലിലെ ഹെറിറ്റേജ് വിഭാഗം വ്യാഴാഴ്ച തുറന്നു. മാനേജ്‌മെന്‍റും ജീവനക്കാരും ഒത്തുകൂടിയ വികാരനിര്‍ഭരമായ ചടങ്ങില്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ, വൈസ് ചെയര്‍മാന്‍ ആര്‍.കെ. കൃഷ്ണകുമാര്‍, മാനേജിങ് ഡയറക്ടര്‍ റെയ്മണ്ട് ബിക്‌സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹോട്ടലിലെ ടവര്‍ വിഭാഗം ഭീകരാക്രമണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഹെറിറ്റേജ് വിഭാഗത്തിലെ ബോള്‍ റൂം, ഗോള്‍ഡണ്‍ ഡ്രാഗണ്‍, ഹാര്‍ബര്‍ ബാര്‍, വസാബി റസ്റ്റോറന്‍റ് തുടങ്ങിയവയും തുറക്കുകയുണ്ടായി. താമസക്കാര്‍ക്കുള്ള മുറികളാണ് വ്യാഴാഴ്ച ഔദ്യോഗികമായി തുറന്നത്. എന്നാല്‍, ഇതില്‍ അതിഥികള്‍ക്ക് പ്രവേശനം ഞായറാഴ്ച മുതലേ ആരംഭിക്കുകയുള്ളൂ.

''ശക്തമായ ഒരു സന്ദേശമാണ് നമ്മള്‍ ഇതിലൂടെ നല്‍കുന്നത്. നമ്മെ വേദനിപ്പിക്കാം, പക്ഷേ, എന്നന്നേക്കുമായി വീഴ്ത്താന്‍ കഴിയില്ല'' -രത്തന്‍ ടാറ്റയുടെ വാക്കുകള്‍ ഹെറിറ്റേജ് വിഭാഗത്തിന്റെ അകത്തളത്തില്‍ മുഴങ്ങിയപ്പോള്‍ ചുറ്റുമുള്ള കോണിപ്പടികളില്‍ തിങ്ങിനിറഞ്ഞു നിന്ന ജീവനക്കാര്‍ പുഷ്പവൃഷ്ടി നടത്തി ചടങ്ങിനെ വികാര നിര്‍ഭരമാക്കി.

വെടിയുണ്ടകള്‍കൊണ്ടും ഗ്രനേഡുകള്‍കൊണ്ടും തകര്‍ത്ത ഹെറിറ്റേജ് കെട്ടിടത്തിലെ മുറികള്‍ പഴയ പ്രൗഢി വീണ്ടെടുത്ത് തിളങ്ങിനിന്നു.

മറാത്ത, കോറല്‍, ഡച്ച്, ഡോള്‍ഫിന്‍ തുടങ്ങി പുതിയ സ്യൂട്ടുകള്‍ അതിഥികളെ വരവേല്‍ക്കാന്‍ ഒരുങ്ങിനില്‍ക്കുകയാണ്. ക്ലബ് റൂമുകള്‍, ലക്ഷ്വറി ഗ്രാന്‍റ് റൂമുകള്‍, പാലസ് ലോഞ്ച്, ആര്‍ട്ട് വാക്ക്... എല്ലാം അത്യാഢംബരത്തോടുകൂടിത്തന്നെ അലങ്കരിച്ചിരിക്കുന്നു.

175 കോടി രൂപയാണ് ഈ പുതുക്കിപ്പണിയലിന് ചെലവായത്. ഇതിനുവേണ്ടി ഇന്‍ഷുറന്‍സ് കമ്പനികള്‍ 180 കോടി നല്കിക്കഴിഞ്ഞു.

നൂറുകണക്കിന് ആളുകള്‍ 21 മാസം രാപകലില്ലാതെ ജോലിചെയ്തതിന്റെ ഫലമാണ് ഈ കാണുന്നതെന്ന് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ റെയ്മണ്ട് ബിക്‌സണ്‍ പറഞ്ഞു. 59 മണിക്കൂര്‍കൊണ്ട് ഭീകരര്‍ നശിപ്പിച്ച പ്രൗഢിയെ അതിലും ഭംഗിയോടെ തിരിച്ചുകൊണ്ടുവരാന്‍ ഇന്ത്യയിലെയും വിദേശത്തെയും ഡിസൈനര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്തിയിരുന്നു. ഭീകരര്‍ താണ്ഡവമാടിയ ആറാം നില 5000 ചതുരശ്ര അടിയില്‍ മനോഹരമായ 'രവിശങ്കര്‍ ഡ്യൂപ്ലക്‌സ് സ്യൂട്ട്' ആയി രൂപാന്തരപ്പെട്ടു.

ലണ്ടനില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഇ-മോഷണം


ലണ്ടന്‍: ലോകത്ത് ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ശക്തമായ വൈറസ് ഉപയോഗിച്ച് ബ്രിട്ടനില്‍ വന്‍ കവര്‍ച്ച. കമ്പ്യൂട്ടര്‍ ഹാക്കര്‍മാര്‍ ഏതാണ്ട് 3000 ബാങ്ക് അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറി 6.75 ലക്ഷം പൗണ്ടാണ് കൊള്ളയടിച്ചത്.

വൈറസ് ബാധിത അക്കൗണ്ടുകള്‍ യഥാര്‍ഥ ബാങ്കിങ് സ്റ്റേറ്റ്‌മെന്റ് നല്‍കാത്തതിനാല്‍ കവര്‍ച്ച നടന്നതറിയാനും കഴിയില്ല. ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭീകരനായ ട്രോജന്‍ വൈറസെന്നാണ് ഇതിനെ ബ്രിട്ടണിലെ പ്രമുഖ പത്രമായ ഡെയിലി മെയില്‍ വിശേഷിപ്പിക്കുന്നത്.

ജൂലായ് അഞ്ച് മുതല്‍ ആഗസ്ത് നാല് വരെയുള്ള കാലയളവിലാണ് കവര്‍ച്ച നടന്നിട്ടുള്ളത്. എന്നാല്‍, ഇനിയും ഇത്തരത്തില്‍ കവര്‍ച്ച നടക്കാന്‍ സാധ്യതയുളളതായി സൈബര്‍ സുരക്ഷാ രംഗത്ത് വിദഗ്ധരായ എം86 മുന്നറിയിപ്പു നല്‍കുന്നു.

മൂന്ന് വര്‍ഷം മുമ്പ് രംഗപ്രവേശം ചെയ്ത സിയുസ് വി ത്രി എന്ന ട്രോജന്‍ വൈറസിന്റെ പരിഷ്‌കൃത രൂപമാണ് പുതിയ വൈറസ്. ബാങ്ക് അക്കൗണ്ടിലെ ബാലന്‍സ് ഇടയ്ക്കിടെ പരിശോധിക്കുക മാത്രമാണ് ഇതിനെ നേരിടാനുള്ള ഏക പോംവഴി. വൈറസ്, അക്കൗണ്ടുകളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പാസ്‌വേര്‍ഡ് അടക്കമുളള സ്വകാര്യ വിവരങ്ങള്‍ ഞൊടിയിടയില്‍ ചോര്‍ത്തിയെടുക്കും. പിന്നീട് ഉടമപോലുമറിയതെ പണം ട്രാന്‍സഫര്‍ ചെയ്യും. അതേസമയം, 800 പൗണ്ട് ബാക്കിവെക്കാനും വൈറസ് ശ്രദ്ധിയ്ക്കും.

വൈറസിനെ കണ്ടെത്തുന്നതില്‍ പരമ്പരാഗതമായ രീതി തുടരുന്ന നിലവിലെ ആന്റി വൈറസ് പ്രോഗ്രാമുകള്‍ക്ക് ഈ വിരുതനെ കണ്ടെത്താന്‍ കഴിയില്ലെന്ന് എം.86 വൈസ് പ്രസിഡന്റ് ബ്രാഡ്‌ലി അന്‍സ്റ്റിസ് പറഞ്ഞു.

എന്നാല്‍, ബ്രിട്ടനിലെ മുന്‍നിര ബാങ്കുകള്‍ ഇത്തരം വൈറസ് ആക്രമണം സ്ഥിരീകരിച്ചിട്ടില്ല. ഏതെങ്കിലും ഉപഭോക്താവിന് ഇത്തരത്തില്‍ പണം നഷ്ടമായാല്‍ തുക തിരിച്ചു നല്‍കുമെന്ന് എച്ച്.എസ്.ബി.സി ബാങ്ക് വ്യക്തമാക്കി.

ബ്രിട്ടനില്‍ ഒരു ലക്ഷത്തോളം കമ്പ്യൂട്ടറുകളില്‍ മറ്റ് ട്രോജനുകള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് എം86ന്റെ വിലയിരുത്തല്‍.

Wednesday, 11 August 2010

ഭാരതി എയര്‍ടെല്‍ വീണ്ടും വിദേശ കമ്പനിയെ ഏറ്റെടുക്കുന്നു


മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ വീണ്ടും വിദേശ ഏറ്റെടുക്കലിന്. ഇത്തവണ സീഷെല്‍സിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ടെലികോം സീഷെല്‍സിനെയാണ് ഭാരതി സ്വന്തമാക്കുന്നത്. ഇതോടെ കമ്പനിയുടെ ആഫ്രിക്കയിലെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടും.

ഏതാണ്ട് 280 കോടി രൂപയ്ക്കാണ് (6.2 കോടി ഡോളര്‍) ടെലികോം സീഷെല്‍സിന്റെ മുഴുവന്‍ ഓഹരിയും ഭാരതി സ്വന്തമാക്കുന്നത്. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഏറ്റെടുക്കലിന് അനുമതി നല്‍കി.

ഭാരതി ഈയിടെ കുവൈത്തിലെ സെയിന്‍ ഗ്രൂപ്പിന്റെ ആഫ്രിക്കയിലെ ആസ്തികള്‍ സ്വന്തമാക്കിയിരുന്നു. ഇതോടെ 15 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭാരതിക്ക് സാന്നിധ്യമുണ്ടായിരുന്നു. ടെലികോം സീഷെല്‍സ് കൂടി ഭാരതിയുടെ ഭാഗമാകുമ്പോള്‍ 16 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സാന്നിധ്യമാകും. ലോകമൊട്ടാകെ 19 രാജ്യങ്ങളിലും.

അതിനിടെ നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഭാരതി എയര്‍ടെല്ലിന്റെ അറ്റാദായത്തില്‍ വന്‍ ഇടിവുണ്ടായി. ഗ്രൂപ്പിന്റെ മൊത്തത്തിലെ അറ്റാദായം 2,474.50 കോടി രൂപയില്‍ നിന്ന് 1,681.60 കോടി രൂപയായാണ് താഴ്ന്നത്. അതേസമയം വരുമാനം 17.4 ശതമാനം ഉയര്‍ന്ന് 12,231 കോടി രൂപയായി.

ഇന്ത്യയില്‍ 3ജി, വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ലൈസന്‍സുകള്‍ ലഭിച്ച എയര്‍ടെല്‍ ഒരു സമ്പൂര്‍ണ ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡായി മാറുമെന്ന് ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു. ഇന്ത്യയില്‍ 21 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്.

Tuesday, 10 August 2010

നാലര വര്‍ഷംകൊണ്ട് മലയാളി 20,000 കോടിക്ക് കുടിച്ചു

തിരുവനന്തപുരം: മലയാളിയുടെ 'കുടിക്കമ്പം' ബിവറേജസ് കോര്‍പ്പറേഷന് സമ്മാനിച്ചത് 20,000 കോടിയോളം രൂപയുടെ വിറ്റുവരവ്. ജീവനക്കാരെ റൊട്ടേഷനില്‍ വിന്യസിച്ചും കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറന്നും കേരള ബിവറേജസ് കോര്‍പ്പറേഷന്‍ കൂടുതല്‍ പ്രൊഫഷണല്‍ ആയതോടെ നാല് വര്‍ഷവും നാല് മാസവുംകൊണ്ട് സര്‍ക്കാരിന് 81 ശതമാനം അധിക റവന്യൂവരുമാനം ഉണ്ടായി.

2006 മുതല്‍ 2010 ജൂലായ് വരെയുള്ള കാലയളവില്‍ മലയാളി അകത്താക്കിയത് 19,075.01 കോടി രൂപയുടെ മദ്യമാണ്. 14,874 കോടി രൂപയുടെ റവന്യൂവരുമാനമാണ് നാല് വര്‍ഷവും നാല് മാസവും കൊണ്ട് മദ്യപര്‍ സര്‍ക്കാരിന് സമ്മാനിച്ചത്. അതായത് 708.20 ലക്ഷം കെയ്‌സ് വിദേശമദ്യവും 291.43 ലക്ഷം കെയ്‌സ് ബിയറും കൂട്ടിച്ചേര്‍ത്ത് 10 കോടിയോളം കെയ്‌സ് മദ്യം കുടിച്ചുതീര്‍ത്തിരിക്കുന്നു.

യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തുള്ളതിനേക്കാള്‍ 6650 കോടി രൂപയുടെ അധികവരുമാനമാണ് മദ്യപരില്‍ നിന്ന് ഈ സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. അവശേഷിക്കുന്ന മാസങ്ങള്‍ കൂടി പിന്നിടുമ്പോള്‍ ഇത് പതിനായിരം കോടിയോളമെത്തും. യു.ഡി.എഫ്. സര്‍ക്കാരിനുള്ള മദ്യപാനികളുടെ 'വിഹിതം' ഇങ്ങനെയായിരുന്നു. അഞ്ചുവര്‍ഷം കൊണ്ട് 10,570.74 കോടി രൂപയുടെ വിറ്റുവരവാണ് ബിവറേജസ് കോര്‍പ്പറേഷന് അന്നുണ്ടായിരുന്നത്. ഇതില്‍ 8271.86 കോടി രൂപയുടെ റവന്യൂവരുമാനമാണ് യു.ഡി.എഫ്. സര്‍ക്കാരിന് ലഭിച്ചതും. 692.89 ലക്ഷം കെയ്‌സ് മദ്യമാണ് അന്ന് മലയാളികള്‍ കുടിച്ചുതീര്‍ത്തത്.

ഇടതുസര്‍ക്കാരിന്റെ കാലത്ത് മദ്യപാനികള്‍ക്ക് ഗുണവും അതോടൊപ്പം ചൂഷണവും നേരിടേണ്ടി വന്നു. വിദേശമദ്യക്കമ്പനികള്‍ക്ക് ഒരുതവണ മാത്രമാണ് വിലവര്‍ധനയ്ക്കുള്ള അനുവാദം നല്‍കിയതെന്നുള്ളതാണ് മദ്യപാനികള്‍ക്ക് ആശ്വാസം നല്‍കിയത്. അതേസമയം നടപ്പുസാമ്പത്തികവര്‍ഷത്തില്‍ അതായത് കഴിഞ്ഞ നാലുമാസമായി വിദേശമദ്യത്തിന് 10 ശതമാനം അധികം വില്‍പ്പന നികുതിയാണ് ചുമത്തിയിരിക്കുന്നത്. വിദേശമദ്യത്തെ ആശ്രയിക്കുന്നവരേറെയുള്ളതിനാല്‍ അധികവരുമാനം കിട്ടുകയും ചെയ്യും. അതേ സമയം ബിയറിന് 10 ശതമാനം തീരുവ കുറച്ച് മദ്യപരുടെ കണ്ണില്‍ പൊടിയിടുകയും ചെയ്തു.

ബിവറേജസ് കോര്‍പ്പറേഷന്‍ 52 പുതിയ ഔട്ട്‌ലെറ്റുകളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് തുറന്നത്.