"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Sunday, 8 August 2010

'ആദിത്യ'യുമായി ഐ.എസ്.ആര്‍.ഒ.



ബാംഗ്ലൂര്‍: ചാന്ദ്രപര്യവേക്ഷണം വിജയമായതിനു പിന്നാലെ ഇന്ത്യ സൂര്യനെ നിരീക്ഷിക്കാനും പഠിക്കാനുമൊരുങ്ങുന്നു. ബഹിരാകാശത്തുനിന്ന് സൂര്യനെ വിശദമായി നോക്കിക്കാണുവാന്‍ സൂര്യപര്യവേക്ഷണ ഉപഗ്രഹമായ 'ആദിത്യ' ഐ.എസ്.ആര്‍.ഒ. വിക്ഷേപിക്കും.

സൂര്യന്റെ ഉപരിതലത്തിലുള്ള കൊറോണയുടെ വിശദാംശങ്ങള്‍ പഠിക്കുവാനായാണ് 'ആദിത്യ' വിക്ഷേപിക്കുന്നത്. പരമാവധി 100 കിലോഗ്രാം മാത്രം വരുന്ന ഈ ഉപഗ്രഹം ഭൂമിയില്‍നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് വിക്ഷേപിക്കുക. അവിടെ നിന്നുകൊണ്ട് സൂര്യനെ സസൂക്ഷ്മം നിരീക്ഷിച്ച് ഈ കൊച്ചുപഗ്രഹം ഭൂമിയിലേക്ക് വിവരങ്ങള്‍ കൈമാറും.

കൊറോണയിലെ ഉയര്‍ന്ന താപം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളും അതുമൂലം ഭൂമിയിലെ കാന്തികപ്രഭാവത്തിനുണ്ടാകുന്ന മാറ്റങ്ങളും പഠിക്കുകയാണ് 'ആദിത്യ' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐ.എസ്.ആര്‍.ഒ.യുടെ സ്‌പേസ് സയന്‍സസ് ഓഫീസ് പ്രോഗ്രാം ഡയറക്ടര്‍ ഡോ.ഇ. ശ്രീധരന്‍ വിശദീകരിക്കുന്നു. സൂര്യനെ നിരീക്ഷിക്കാനുള്ള 'സോളാര്‍ കൊറോണോഗ്രാഫ്' എന്ന ഉപകരണമായിരിക്കും ഈ ഉപഗ്രഹത്തിലെ പ്രധാന പേ ലോഡ്; കൂടാതെ വിവരങ്ങള്‍ ഭൂമിയിലേക്ക് കൈമാറുവാനുള്ള സംവിധാനങ്ങളും.

സന്തോഷ് ട്രോഫി ബംഗാളിന്‌




      കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ബംഗാള്‍ ചാമ്പ്യന്മാരായി. പഞ്ചാബിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജപ്പെടുത്തിയാണ് 11 വര്‍ഷത്തിന് ശേഷം ബംഗാള്‍ വീണ്ടും ചാമ്പ്യന്മാരാകുന്നത്. 65 സന്തോഷ് ട്രോഫികളില്‍ ഇത് മുപ്പതാം തവണയാണ് ബംഗാള്‍ ചാമ്പ്യന്മാരാകുന്നത്. മലയാളി താരം ഡെന്‍സണ്‍ ദേവദാസാണ് ബംഗാളിന്റെ രണ്ട് ഗോളുകളും നേടിയത്.

മുപ്പതാം മിനിട്ടില്‍ ബല്‍വന്ത് സിങിലൂടെ പഞ്ചാബാണ് ആദ്യ ഗോള്‍ നേടിയത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ തന്നെ ബംഗാളിന് വേണ്ടി ഡെന്‍സണ്‍ ദേവദാസ് സമനില ഗോള്‍ നേടി. പിന്നീട് 78 ആം മിനിട്ടില്‍ ഡെന്‍സനിലൂടെ തന്നെ ബംഗാള്‍ വിജയഗോളും നേടി. 1996 തുടങ്ങി നാലുതവണ തുടര്‍ച്ചയായി ചാമ്പ്യന്മാരായ ബംഗാളിന് 1999 നുശേഷം ഇതേവരെ ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്മാരാകാന്‍ സാധിച്ചിരുന്നില്ല.

ഗോവയ്‌ക്കെതിരായ സെമി ഫൈനലിലും ഡെന്‍സനാണ് ബംഗാളിനെ രക്ഷിച്ചത്. കൊല്‍ക്കത്ത ലീഗില്‍ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച കളിക്കാരനുമായിരുന്നു ചിരാഗ് യുണൈറ്റഡിന്റെ ക്യാപ്റ്റന്‍ കൂടിയായ കണ്ണൂര്‍ ബര്‍ണശ്ശേരിക്കാരന്‍.

ഓരോകളിക്കാരനും രണ്ടുലക്ഷം രൂപ വീതം, മലേഷ്യയില്‍ വിജയാഘോഷം തുടങ്ങിയവയാണ് വിജയികളായ ബംഗാളി ടീമിനെ കാത്തിരിക്കുന്നത്.

Saturday, 7 August 2010

ലക്ഷ്മണ് ഉജ്ജ്വല സെഞ്ചുറി: ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം



കൊളംബൊ: വി.വി.എസ് ലക്ഷ്മണ്‍ ഒരിക്കല്‍ കൂടി ഇന്ത്യയുടെ രക്ഷകനായി. പരാജയം തുറിച്ചുനോക്കിയ മത്സരത്തില്‍ ഉജ്ജ്വല സെഞ്ചുറിയുമായി ലക്ഷ്മണും അര്‍ധസെഞ്ചുറിയുമായി സച്ചിനും റെയ്‌നയും(41 നോട്ടൗട്ട്) ചേര്‍ന്ന് ടീമിനെ വിജയതീരത്തെത്തിക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് വിജയത്തോടെ ടെസ്റ്റ് പരമ്പര ഇന്ത്യ സമനിലയിലാക്കി. ശ്രീലങ്കന്‍ മണ്ണില്‍ ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് വിജയമാണിത്.


സമ്മര്‍ദഘട്ടത്തില്‍ ഉത്തരവാദിത്വത്തോടെ ബാറ്റ്‌ചെയ്യേണ്ടതെങ്ങനെയെന്ന് 103 റണ്‍സുമായി പുറത്താകാതെ നിന്ന ലക്ഷ്മണ്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. ശ്രീലങ്കന്‍ സ്​പിന്‍ ആക്രമണത്തെ ഫലപ്രദമായി ചെറുത്ത ലക്ഷ്മണ്‍ ടെസ്റ്റ് കരിയറിലെ പതിനാറാം സെഞ്ചുറിയാണ് പൂര്‍ത്തിയാക്കിയത്. സച്ചിനുമായി(54) ചേര്‍ന്ന് ലക്ഷ്മണ്‍ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ പടുത്തുയര്‍ത്തിയ 109 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. എന്നാല്‍ വിജയത്തിന് 81 റണ്‍സ് അകലെ സച്ചിനെ നഷ്ടമായിട്ടും റെയ്‌നയെ ഒപ്പം ചേര്‍ത്ത് ലക്ഷ്മണ്‍ ടീമിന് മികച്ച വിജയങ്ങളില്‍ ഒന്ന് സമ്മാനിച്ചു. ഒടുവില്‍ വെല്‍ഗേധരയെ സിക്‌സര്‍ പറത്തിയാണ് റെയ്‌ന വിജയം ആഘോഷിച്ചത്. 41 റണ്‍സുമായി പുറത്താകാതെ നിന്ന റെയ്‌ന തനിക്ക് ടെസ്റ്റും ഇണങ്ങുമെന്ന് തെളിയിച്ചു.


അഞ്ചാം ദിനം 202 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് രാത്രി കാവല്‍ക്കാരന്‍ ഇഷാന്ത് ശര്‍മ്മയുടെ വിക്കറ്റ് തുടക്കത്തിലെ നഷ്ടമായി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ സച്ചിനും ലക്ഷ്മണും ഉത്തരവാദിത്വത്തോടെ മുന്നോട്ട് നയിച്ചു. രണ്ടീവിനെ സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ സച്ചിന്‍ വിക്കറ്റ് കീപ്പര്‍ക്ക് പിടികൊടുക്കുകയായിരുന്നു. അലക്ഷ്യമായ ഷോട്ടോടെയാണ് തുടങ്ങിയതെങ്കിലും റെയ്‌ന ക്രമേണ നിലയുറപ്പിച്ചു. ആറാം വിക്കറ്റില്‍ ലക്ഷ്മണ്‍-റെയ്‌ന കൂട്ടുകെട്ടില്‍ 87 റണ്‍സ് പിറന്നു.
(ശ്രീലങ്ക 425, 267 ഇന്ത്യ 436, 258-5)

Tuesday, 3 August 2010

ഫയര്‍ഫോക്‌സ് ഇനി മലയാളത്തിലും




കോഴിക്കോട്: ലോകത്തെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച സ്വതന്ത്ര വെബ്ബ് ബ്രൗസറായ മോസില്ല ഫയര്‍ഫോക്‌സ് മലയാളത്തിലും ലഭ്യമാകുന്നു. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് കൂട്ടായ്മയുടെ ഭാഗമായ 'ഫയര്‍ഫോക്‌സ് മലയാളം സംഘ'മാണ് ഈ നേട്ടത്തിന് പിന്നില്‍. മലയാളം കമ്പ്യൂട്ടിങിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട നാഴികക്കാല്ലുകളില്‍ ഒന്നായി ഇത് വിലയിരുത്തപ്പെടുന്നു.


ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതലാളുകളുപയോഗിക്കുന്ന വെബ്ബ്ബ്രൗസറാണ് ഫയര്‍ഫോക്‌സ്. ലോകത്ത് 30 ശതമാനം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഫയര്‍ഫോക്‌സ് ഉപയോഗിക്കുന്നു. ആ നിലയ്ക്ക് ഫയര്‍ഫോക്‌സ് മലയാളത്തില്‍ ലഭ്യമാകുന്നത്, മലയാളം കമ്പ്യൂട്ടിങ് രംഗത്തിന് വലിയ അനുഗ്രഹമാകും.


മോസില്ല ഫയര്‍ഫോക്‌സിന്റെ ഏറ്റവും പുതിയ 3.6.8 പതിപ്പ് പുറത്തിറങ്ങിയത് കഴിഞ്ഞ ജൂലായ് 23 നാണ്. ഫയര്‍ഫോക്‌സ് 3.1 പതിപ്പ് മുതല്‍ പരീക്ഷണാടിസ്ഥാനത്തിലായിരുന്ന മലയാളം ഫയര്‍ഫോക്‌സിന്, 3.6.8 പതിപ്പോടെ ഔദ്യോഗിക പിന്തുണ ലഭിച്ചതായി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് (എസ്.എം.സി) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


'എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ' എന്ന മുദ്രാവാക്യത്തോടെ 2001 ല്‍ സ്ഥാപിതമായ സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് എസ്.എം.സി. സ്വതന്ത്ര സോഫ്ട്‌വേറുകള്‍ അടിസ്ഥാനമാക്കി മലയാളം കമ്പ്യൂട്ടിങ് ജനങ്ങളിലെത്തിക്കാനാണ് ഈ കൂട്ടായ്മ ശ്രമിക്കുന്നത്. ഫയര്‍ഫോക്‌സ് മലയാളം സംഘത്തിലെ അനി പീറ്റര്‍, അനൂപന്‍, ഹരി വിഷ്ണു, ആഷിക് സലാഹുദ്ദീന്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പാണ് ഫയര്‍ഫോക്‌സ് മലയാളത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

Monday, 2 August 2010

Joby John is the winner

Idea Star Singer Season-  4



Preethi Warrier second runner up
Joby John received villa worth Rs.1 crore sponsored by Travancore Builders ,first runner-up Sreenath received Rs.10 lakhs of Gold sponsored by Josco , Second runner up Preethi Warrier got Rs. 5 lakhs and fourth & firth runners-up Anju Joseph and Vidhya Shankar. received Rs.2 lakhs and 1 lakhs respectively.
Joby John from Kozhikode was declared winner of Idea Star Singer Season 4 , Sreenath from Palakkadu is the first runner-up, Preethi Warrier from Mumbai was declared second runner-up & last but not the least, Anju Joseph from Kottayam and Vidya Shankar from Chennai secured the third & fourth runners-up spot respectively in the grand finale.

The grand finale of Idea Star Singer Season 4 was held live at Chandrasekharan Nair stadium , Thiruvananthapuram on Sunday. Several prominent persons from the film industry and socio- cultural spheres were present on the occasion.

Joby John received villa worth Rs.1 crore sponsored by Travancore Builders ,first runner-up Sreenath received Rs.10 lakhs of Gold sponsored by Josco , Second runner up Preethi Warrier got Rs. 5 lakhs and fourth & firth runners-up Anju Joseph and Vidhya Shankar. received Rs.2 lakhs and 1 lakhs respectively.

The winners were selected by eminent jury comprised South India’s most Popular play back singer S.P.balasubramaniam ,Playback singers K.S.Chithra and M.G.Sreekumar and music director Sarath.

Film Stars Kavya Madhavan, Gazal singer Anoop Jalotta, , Asianet Managing Director K.Madhavan, Idea COO Sreeramakrishna , Magician Gopinath and other leading celebrities from the world of film and music added a dash of glamour to the show.

Sunday, 1 August 2010

സംസ്ഥാനത്ത് പുതുതായി 140 സ്‌പെഷ്യലൈസ്ഡ് കമ്പ്യൂട്ടര്‍ സ്‌കൂളുകള്‍

തിരുവനന്തപുരം: ഐ.ടി. അറ്റ് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 140 സ്‌പെഷ്യലൈസ്ഡ് കമ്പ്യൂട്ടര്‍ സ്‌കൂളുകള്‍ തുടങ്ങുന്നു. സംസ്ഥാനത്തെ 140 അസംബ്ലി മണ്ഡലങ്ങളിലും ഓരോ സ്‌കൂള്‍ വീതമാണ് അനുവദിക്കുക. സെപ്തംബര്‍ മാസത്തോടെ പദ്ധതി നടപ്പക്കുമെന്ന് ഐ.ടി അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.


അഞ്ച് ക്ലാസ് റൂമുകളാണ് ഓരോ സ്‌കൂളിലും ഇതിനായി തയ്യാറാക്കുക. ലാപ് ടോപ്പുകളും മള്‍ട്ടിമീഡിയ പ്രൊജക്ടറുകളും അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളും ഈ തിരഞ്ഞെടുത്ത 140 സ്‌കൂളുകളില്‍ ഒരുക്കും. ഓരോ അസംബ്ലിമണ്ഡലത്തിലെയും സാധ്യതകള്‍ പരിശോധിച്ച് എം.എല്‍.എമാരോട് ഓരോ സ്‌കൂള്‍ വീതം ശുപാര്‍ശചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി എം.എ ബേബി ഇന്ന് നിര്‍ദേശം നല്‍കി. ആഗസ്ത് 15 നകം സ്‌കൂള്‍ ഏതാണെന്ന് തീരുമാനിച്ച് അറിയിക്കാനാണ് നിര്‍ദേശം.


ഓരോ സ്‌കൂളിലും ഒരു അധ്യാപകന് പ്രത്യേക സാങ്കേതിക പരിശീലനം നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായി ഡിജിറ്റര്‍ വിവരങ്ങള്‍ നിര്‍മ്മിച്ച് പൊതു ഡാറ്റാബേസുകളില്‍ അപ് ലോഡ് ചെയ്യാനുള്ള പരിശീലനവും നല്‍കും. വിവര വിനിമയ സാങ്കേതിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. സ്‌പെഷ്യലൈസ്ഡ് കമ്പ്യൂട്ടര്‍ സ്‌കൂളുകളെ പ്രത്യേക മാനേജ്‌മെന്റ് സോഫ്ട് വെയറിന്റെ സഹായത്തോടെ കൃത്യമായ ഇടവേളകളില്‍ വിലയിരുത്തുന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.

മലയാള മനോരമ പത്രാധിപര്‍ കെ.എം മാത്യു അന്തരിച്ചു



കോട്ടയം: മലയാള മനോരമ പത്രാധിപര്‍ കെ.എം മാത്യു (93) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കോട്ടയത്തുള്ള വസതിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയത്ത് മലയാള മനോരമ ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചതിരിഞ്ഞ് നാല് മണിക്ക് കോട്ടയം പുത്തന്‍പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.


പരേതയായ അന്നമ്മ മാത്യുവാണ് ഭാര്യ. മക്കള്‍: മാമ്മന്‍ മാത്യു (എഡിറ്റര്‍), ഫിലിപ്പ് മാത്യു (മാനേജിങ് എഡിറ്റര്‍), ജേക്കബ് മാത്യു (എക്‌സിക്യൂട്ടീവ് എഡിറ്റര്‍), തങ്കം മാമ്മന്‍. 1954 ല്‍ അദ്ദേഹം മലയാള മനോരമയുടെ മാനേജിങ് എഡിറ്ററായി. 1973 മെയ് 14ന് കെ.എം ചെറിയാന്റെ പിന്‍ഗാമിയായി മനോരമയുടെ ചീഫ് എഡിറ്ററായി. മരണം വരെ ആ സ്ഥാനത്ത് തുടര്‍ന്നു.


1917 ല്‍ കെ.സി മാമന്‍ മാപ്പിളയുടേയും കുഞ്ഞാണ്ടമ്മയുടേയും മകനായി ആലപ്പുഴയിലായിരുന്നു ജനനം. കുട്ടനാട്ടെ കുപ്പപ്പുറത്തുള്ള സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആലപ്പുഴ ലിയോ തേര്‍ട്ടീന്ത്, കോട്ടയം എം.ഡി സെമിനാരി സ്‌കൂളുകളില്‍ തുടര്‍പഠനം. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി.


പി.ടി.ഐ, ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി, എ.ബി.സി, പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, റിസേര്‍ച്ച് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ ന്യൂസ് പേപ്പര്‍ ഡെവലപ്‌മെന്റ് എന്നിവയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.1967 ല്‍ പ്രസ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ട്രെസ്റ്റിയായി. സെന്‍ട്രല്‍ പ്രസ് അഡൈ്വസറി കമ്മിറ്റി, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, പത്രജീവനക്കാര്‍ക്കായുള്ള രണ്ടാം വേജ് ബോര്‍ഡ്, ഓര്‍ത്തഡോക്‌സ് സഭാ വര്‍ക്കിങ് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു.


1998 ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു. 1996ല്‍ ബി.ഡി ഗോയങ്ക അവാര്‍ഡ്. 1997 ല്‍ പ്രസ് അക്കാദമി അവാര്‍ഡ് എന്നിവയ്ക്കും അര്‍ഹനായിട്ടുണ്ട്. എട്ടാമത്തെ മോതിരം എന്ന പേരില്‍ ആത്മകഥ എഴുതിയിട്ടുണ്ട്. ഭാര്യയെക്കുറിച്ച് അന്നമ്മ എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. 1991 ല്‍ ഫൗണ്ടേഷന്‍ ഓഫ് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ പുരസ്‌കാരം, 1992 ല്‍ നാഷണല്‍ സിറ്റിസണ്‍സ് പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു.


കേവലം മൂന്നു ശതമാനം ജനങ്ങള്‍ മാത്രം സംസാരിക്കുന്ന ഭാഷയില്‍ ഇത്രയധികം പ്രചാരമുള്ള പത്രമായി മലയാള മനോരമയെ വളര്‍ത്തിയത് ഏവരും സ്‌നേഹപൂര്‍വ്വം മാത്തുക്കുട്ടിച്ചായന്‍ എന്ന് വിളിക്കുന്ന കെ.എം മാത്യുവിന്റെ ദീര്‍ഘവീക്ഷണവും അശ്രാന്തപരിശ്രമവുമായിരുന്നു.